ഈദുല്‍ ഫിത്വറിന്റെ ദിവസം മുസ്വല്ലയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് എന്തെങ്കിലും -പ്രത്യേകിച്ച് ഈത്തപ്പഴം- കഴിക്കുന്നത് സുന്നത്താണ്. അതും ഒറ്റയായി കഴിക്കുന്നതില്‍ മറ്റൊരു സുന്നത്ത് കൂടി ലഭിക്കും.

عَنْ أَنَسِ بْنِ مَالِكٍ، قَالَ: «كَانَ رَسُولُ اللَّهِ -ﷺ- لاَ يَغْدُو يَوْمَ الفِطْرِ حَتَّى يَأْكُلَ تَمَرَاتٍ»

അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിന് കുറച്ച് ഈത്തപ്പഴങ്ങള്‍ കഴിച്ചതിന് ശേഷമല്ലാതെ പുറപ്പെടാറില്ലായിരുന്നു. അവിടുന്ന് അവ (ഈത്തപ്പഴം) ഒറ്റയായാണ് കഴിച്ചിരുന്നത്.” (ബുഖാരി: 953)

ഒറ്റയായി കഴിക്കുക എന്നതിന്റെ ഉദ്ദേശം ഒറ്റ എണ്ണത്തില്‍ അവസാനിപ്പിക്കുക എന്നതാണ്. ഉദാഹരണത്തിന് ഒരു ഈത്തപ്പഴമോ, മൂന്നെണ്ണമോ, അഞ്ചെണ്ണമോ കഴിക്കുക. എന്നാല്‍ ഈദുല്‍ അദ്വ്-ഹയില്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഒന്നും കഴിക്കാതിരിക്കുന്നതാണ് സുന്നത്ത്.

عَنْ بُرَيْدَةَ قَالَ: «كَانَ النَّبِيُّ –ﷺ- يَوْمَ الْفِطْرِ لَا يَخْرُجُ حَتَّى يَطْعَمَ، وَيَوْمَ النَّحْرِ لَا يَطْعَمُ حَتَّى يَرْجِعَ»

ബുറൈദ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിനു ഭക്ഷണം കഴിക്കാതെ പുറപ്പെടിലായിരുന്നു. എന്നാല്‍ ഈദുല്‍ അദ്വ്-ഹക്ക് (പെരുന്നാള്‍) നിസ്കരിക്കുന്നത് വരെ ഒന്നും കഴിക്കാറില്ലായിരുന്നു.” (തിര്‍മിദി: 542)

നബി -ﷺ- ഇപ്രകാരം ചെയ്തതിന് പിന്നില്‍ മഹത്തായ ഒരു യുക്തിയുണ്ട് എന്ന് പണ്ഡിതന്മാരില്‍ ചിലര്‍ പറഞ്ഞതായി കാണാം. ഈദുല്‍ ഫിത്വര്‍ റമദാന്‍ കഴിഞ്ഞതിന് ശേഷമാണ്. പെരുന്നാള്‍ നിസ്കാരം കഴിയുന്നത് വരെ നോമ്പ് പിടിച്ചു നിര്‍ത്തേണ്ടതുണ്ട് എന്ന് ആരും തെറ്റിദ്ധരിക്കാതിരിക്കുന്നതിന് വേണ്ടിയാണ് അവിടുന്ന് ഈദുല്‍ ഫിത്വറില്‍ ഭക്ഷണം കഴിച്ച ശേഷം പുറപ്പെട്ടത്. മാത്രവുമല്ല, പെരുന്നാള്‍ ദിവസം നോമ്പ് ഒഴിവാക്കുക എന്നത് നിര്‍ബന്ധമായതിനാല്‍ നബി -ﷺ- ആ കല്‍പ്പന നിറവേറ്റാന്‍ ധൃതി കൂട്ടുകയാണ് ഉണ്ടായത്. അതു കൊണ്ടാണ് അവിടുന്നു വളരെ കുറച്ച് മാത്രം ഭക്ഷിച്ചത്.  എന്നാല്‍ ഈദുല്‍ അദ്വ്-ഹയുടെ ദിനത്തില്‍ ഉദ്വ്-ഹിയ്യത്തിന്റെ ഭക്ഷണം ആദ്യത്തെ ഭക്ഷണമാക്കാന്‍ നബി -ﷺ- ആഗ്രഹിച്ചു. അതു കൊണ്ടാണ് അവിടുന്ന് അന്നേ ദിവസം ഭക്ഷണം വൈകിപ്പിച്ചത്.

എന്താകട്ടെ ഈ പറഞ്ഞതിന്റെ കാരണം, നബി -ﷺ- യുടെ ഈ പ്രവൃത്തി പിന്‍പറ്റുന്നതില്‍ തന്നെ പുണ്യമുണ്ട്. കാരണം നബി -ﷺ- യെ പിന്‍പറ്റുക എന്നത് തന്നെ മഹത്തരമായ ഇബാദതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment