ചോദ്യം: ബിദ്അത്തുകാരില്‍ നിന്ന് താക്കീത് ജനങ്ങളെ ചെയ്യുമ്പോള്‍ അവരുടെ നന്മകള് കൂടി പറയേണ്ടതുണ്ടോ?
ഉത്തരം: നീ അവരുടെ നന്മകള് പറഞ്ഞാല്‍ അതിന്റെ അര്‍ഥം നീ അവരെ പിന്‍പറ്റാന്‍ ജനങ്ങളെ ക്ഷണിക്കുന്നു എന്നാണ്. നീ അവരുടെ നന്മകള് പറയേണ്ടതില്ല.
അവരുടെ തെറ്റുകള്‍ മാത്രം നീ പറഞ്ഞാല്‍ മതി. അവരുടെ നന്മകള് എടുത്തു പറയല്‍ നിന്റെ മേല്‍ ബാധ്യതയല്ല. അവര്‍ അവരുടെ തെറ്റുകളില്‍ നിന്ന് തൗബ ചെയ്യുന്നതിന് വേണ്ടി അവരുടെ തെറ്റുകള്‍ മാത്രമേ നീ പറയേണ്ടതുള്ളൂ. ഈ ബിദ്അതുകാരനില്‍ നിന്ന് മറ്റുള്ളവര്‍ സൂക്ഷ്മത പാലിക്കണമെങ്കില്‍ ഇപ്രകാരം ചെയ്യണം.
മാത്രമല്ല, ഇത്തരക്കാരുടെ തിന്മ ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോകാന്‍ കാരണമായേക്കാവുന്ന കുഫ്റോ ശിര്ക്കോ പോലുള്ള തിന്മകളാണെങ്കില്‍ അവരുടെ നന്മകളെയെല്ലാം അത് നശിപ്പിക്കുകയും ചെയ്തേക്കാം. ചിലപ്പോള്‍ അവരുടെ തിന്മകള് അവരുടെ പക്കലുള്ള നന്മകളെക്കാള് കൂടുതലുണ്ടായെന്നും വരാം. ചിലപ്പോള്‍, അവരുടെ പക്കലുണ്ടെന്ന് നീ കരുതുന്ന നന്മകള് നന്മകളേ ആയെന്ന് വരില്ല; അത് അല്ലാഹുവിങ്കല്‍ തിന്മകളായിരിക്കാം.
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 10)
അടിക്കുറിപ്പില്‍ വന്നത്:
ബിദ്അത്തുകാരുടെ നന്മകള് എടുത്തു പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം. കാരണം നീ അവന്റെ തിന്മകള് പറഞ്ഞുവെങ്കിലും നന്മകള് പറഞ്ഞതോടെ ജനങ്ങള്‍ അതിലേക്ക് മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. അതിനാല്‍ തന്നെ, ബിദ്അത്തുകാരുടെ നന്മകള് എടുത്തു പറയുക എന്നത് സലഫുകളുടെ രീതിയില്‍ പെട്ടതായിരുന്നില്ല.
ഹുസൈന് അല്‍-കറാബീസി എന്ന വ്യക്തിയെ ബിദ്അത്തുകാരന് എന്ന് ആക്ഷേപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നന്മകള് ഇമാം അഹ്മദ് ഒരിക്കലും എടുത്തു പറഞ്ഞില്ല. അയാള്‍ ‘ബിദ്അത്തുകാരനാണ്’ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, അയാളില്‍ നിന്നും അയാളോടൊപ്പം ഇരിക്കുന്നതില്‍ നിന്നും ഇമാം അഹ്മദ് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.
ഇമാം അബൂ സുര്‍അഃ! അദ്ദേഹത്തോട് ഹാരിഥ് അല്‍-മുഹാസിബിയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “അയാളുടെ പുസ്തകങ്ങള്‍ നീ സൂക്ഷിക്കണം! അത് ബിദ്അതിന്റെയും വഴികേടിന്റെയും ഗ്രന്ഥങ്ങളാണ്. നീ സലഫുകളുടെ അഥര്‍ പിന്‍പറ്റുക.”
മേല്‍ പറഞ്ഞ കറാബീസിയും മുഹാസിബിയുമൊക്കെ വിജ്ഞാന സാഗരങ്ങളായിരുന്നു എന്നത് നീ മറക്കരുത്. അവര്‍ ബിദ്അത്തുകാര്‍ക്കെതിരെ മറുപടി പറയുകയും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യത്തെയാള്‍ -കറാബീസി- ഖുര്‍ആനിലെ വാക്കുകള്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറഞ്ഞതിലൂടെയും, രണ്ടാമത്തെയാള്‍ ഇല്‍മുല്‍ കലാമില്‍ (ഫല്സഫ/തത്വശാസ്ത്രം) നിന്ന് ചിലത് എടുക്കുകയും, ബിദ്അത്തുകാര്‍ക്ക് സുന്നത്ത് കൊണ്ട് മറുപടി പറയാതെ ഇല്‍മുല്‍ കലാം കൊണ്ട് തന്നെ മറുപടി പറഞ്ഞതിനാലുമാണ് അഹ്ലുസ്സുന്നയുടെ മാര്‍ഗത്തില്‍ നിന്ന് പുറത്തു പോയത്.
ശൈഖുല്‍ ഇസ്ലാമിന്റെ ഗ്രന്ഥങ്ങളും ഈ വിഷയത്തില്‍ വലിയ മാതൃകയാണ്. എത്രയോ ബിദ്അത്തുകാര്‍ക്കുള്ള മറുപടികളും ഖണ്ഡനങ്ങളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍. അഹ്ലുല്‍ കലാമിനെതിരിലും ജഹ്മിയ്യാക്കള്ക്കെതിരിലും മുഅ്തസിലതിനും അശ്അരിയ്യതിനുമെതിരിലുമൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ട്. പക്ഷേ, അതിലൊന്നും അദ്ദേഹം അവരുടെ നന്മകള് കൂടി എടുത്തു പറഞ്ഞിട്ടില്ല.
അഖ്നാഈ, ബക്രി പോലുള്ള എത്രയോ വ്യക്തികള്‍ക്ക് പേരെടുത്ത് അദ്ദേഹം മറുപടി എഴുതിയിട്ടുണ്ട്. അവരെ അദ്ദേഹം പുകഴ്ത്തി പറഞ്ഞില്ല. അവര്‍ക്കെല്ലാം ചില നന്മകളുണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഖണ്ഡനത്തിന്റെ വേളയില്‍ അവ എടുത്ത് പറയേണ്ടതില്ല.
റാഫിഉബ്നു അഷ്രസ് -رحمه الله- പറഞ്ഞു: “ബിദ്അത്തുകാരനും ഫാസിഖിനും (തിന്മകള് ചെയ്യുന്നവന്) ഉള്ള ശിക്ഷയില്‍ പെട്ടതാണ് അവരുടെ നന്മകള് പറയാതിരിക്കുക എന്നത്.” (ശര്‍ഹു ഇലലിത്തിര്മിദി: 1/353)