ചോദ്യം: അഹ്ലുസ്സുന്ന വല്‍ ജമാഅയുടെ മാര്‍ഗത്തിന് എതിരായവരില്‍ നിന്ന് ജനങ്ങളെ താക്കീത് ചെയ്യുന്നതില്‍ തെറ്റുണ്ടോ?
ഉത്തരം: പൊതുവെ മന്‍ഹജിനോട് എതിരായവരില്‍ നിന്ന് നാം ജനങ്ങളെ താക്കീത് ചെയ്യും. അഹ്ലുസ്സുന്നയുടെ വഴിയില്‍ ഉറച്ചു നിലകൊള്ളണമെന്നും, അതിന് വിരുദ്ധമായവ വെടിയണമെന്നും നാം പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. മന്‍ഹജിന് വിരുദ്ധമായത് ചെറുതോ വലുതോ ആയ വിഷയങ്ങളാകട്ടെ; അവ നാം സംസാരിക്കും. കാരണം നാം അതിനെ കുറിച്ച് നിശബ്ദമായിരുന്നാല്‍ കാലക്രമേണ അത് വളരെ ശക്തി പ്രാപിക്കുകയും വലുതാവുകയും ചെയ്തേക്കാം.
അതിനാല്‍ അഹ്ലുസ്സുന്നയുടെ വഴിയില്‍ നിന്ന് എതിരായവ കാര്യങ്ങളെ താക്കീത് ചെയ്യണം. ചെറുതും വലുതുമായ വിഷയങ്ങളില്‍ അഹ്ലുസ്സുന്നയുടെ മാര്‍ഗമാണ് മുറുകെ പിടിക്കേണ്ടത്.
(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 9)
ഈ ഫത്വയുടെ അടിക്കുറിപ്പിലുള്ള ഭാഗം:
സലഫുകളുടെ മാതൃകയില്‍ പെട്ടതാണിത്. അവര്‍ തിന്മകള്‍ക്കെതിരെ നിശബ്ദരായിരുന്നില്ല; മറിച്ച് തിന്മക്കെതിരെ നിശബ്ദരായിരുന്നവരെയും അവര്‍ താക്കീത് ചെയ്തിരുന്നു.
മുഹമ്മദ് ബ്നു ബന്‍ദാര്‍ അല്‍-ജര്‍ജാനി -رحمه الله- ഒരിക്കല്‍ ഇമാം അഹ്മദിനോട് പറഞ്ഞു: “വ്യക്തികളെ ആക്ഷേപിച്ചു കൊണ്ട് അയാള്‍ ഇത്തരക്കാരനാണ്, ഇന്നയാള്‍ അത്തരക്കാരനാണ് എന്നിങ്ങനെ പറയുന്നത് എനിക്ക് വളരെ പ്രയാസമുണ്ടാക്കുന്നു.” അപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞു: “നിങ്ങളും ഞാനുമൊക്കെ നിശബ്ദരായിരുന്നാല്‍ പിന്നെ അറിവില്ലാത്തവര്‍ക്ക് എങ്ങനെയാണ് ശരിയും തെറ്റും വേര്‍തിരിച്ചറിയാന്‍ കഴിയുക?!” (മജ്മൂഉല്‍ ഫതാവ: 28/231)
ഇമാം അഹ്മദിനോട് -رحمه الله- ഒരിക്കല്‍ ഹുസൈന്‍ അല്‍-കറാബിസിയെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “അയാള്‍ ബിദ്അത്തുകാരനാണ്.” മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഹുസൈന്‍ അല്‍-കറാബിസിയെ സൂക്ഷിക്കുക! അവനെ സൂക്ഷിക്കുക. അവനോട് നീ സംസാരിക്കരുത്. അവനോട് സംസാരിക്കുന്നവരോടും സംസാരിക്കരുത്.” അദ്ദേഹം നാലോ അഞ്ചോ തവണ അത് ആവര്‍ത്തിച്ചു പറഞ്ഞു. (താരീഖു ബഗ്ദാദ്: 8/65)
എന്തിനധികം!
ബിദ്അത്തുകാരെ ആക്ഷേപിച്ചു സംസാരിക്കുക എന്നത് നിസ്കാരത്തെക്കാളും നോമ്പിനെക്കാളും ഇഅ്തികാഫിനെക്കാളുമൊക്കെ ശ്രേഷ്ഠമായാണ് സലഫുകള്‍ മനസ്സിലാക്കിയിരുന്നത്.
ഒരിക്കല്‍ ഇമാം അഹ്മ്ദിനോട് ചിലര്‍ ചോദിച്ചു: “ഒരു മനുഷ്യന്‍ നിസ്കരിക്കുകയും നോമ്പ് നോല്‍ക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്യുന്നതാണോ, അതല്ല ബിദ്അത്തുകാരെ എതിര്‍ത്ത് സംസാരിക്കുന്നതാണോ താങ്കള്‍ക്ക് ഇഷ്ടം?” അദ്ദേഹം പറഞ്ഞു: “അവന്‍ നിസ്കരിക്കുകയും നോമ്പ് നോല്‍ക്കുകയും ഇഅ്തികാഫ് ഇരിക്കുകയും ചെയ്താല്‍ അത് അവന്റെ സ്വന്തത്തിന് വേണ്ടി മാത്രമാണ്. എന്നാല്‍ അവന്‍ ബിദ്അത്തുകാര്‍ക്കെതിരെ സംസാരിച്ചാല്‍ അത് മുസ്‌ലിമീങ്ങള്‍ക്ക് മൊത്തത്തില്‍ ഉപകാരപ്പെടും. അതാണ് കൂടുതല്‍ ശ്രേഷ്ഠം.” (മജ്മൂഉല്‍ ഫതാവ: 28/231)