ചോദ്യം: ഈ കാലഘട്ടത്തില്‍ ധാരാളമായി ഇസ്ലാമിക സംഘടനകളെ കുറിച്ച് കേള്‍ക്കുന്നു. ഇങ്ങനെ പേര് സ്വീകരിക്കുന്നത് ശരിയാണോ? ഇത്തരം സംഘടനകളോടൊപ്പം -അവരില്‍ ബിദ്അത്തുകള്‍ ഇല്ലെങ്കില്‍- പ്രവര്‍ത്തിക്കാനും, അവരോടൊപ്പം പങ്കു ചേരാനും പാടുണ്ടോ?
ഉത്തരം: എങ്ങനെയാണ് പ്രവത്തിക്കേണ്ടത് എന്നതിനെ കുറിച്ച് നബി -ﷺ- നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഏതൊരു കാര്യത്തെ കുറിച്ചും അവിടുന്ന് വിശദീകരിക്കാതെ വിട്ടിട്ടില്ല. അല്ലാഹുവില്‍ നിന്ന് അകറ്റുന്ന കാര്യങ്ങളെ കുറിച്ചും അതു പോലെ തന്നെ. അതില്‍ പെട്ടതാണ് ഈ വിഷയവും.
നബി -ﷺ- പറഞ്ഞു:
«فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافاً كَثِيراً»
“എനിക്ക് ശേഷം ജീവിക്കുന്നവര്‍ ധാരാളം അഭിപ്രായവ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും.”
എന്നാല്‍ ഈ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സ എന്താണ്?
അവിടുന്ന് പറഞ്ഞു:
«فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»
“നിങ്ങള്‍ എന്റെ സുന്നത്തിനെയും ഖുലഫാഉ റാഷിദുകളുടെ സുന്നത്തിനെയും പിന്‍പറ്റുക. അവ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിക്കുക. എന്നാല്‍ പുത്തനാചാരങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (അബൂദാവൂദ്: 4607, തിര്‍മിദി: 2676, ഇബ്നു മാജ: 34)
ഇത്തരം സംഘടനകളില്‍ റസൂലിന്റെയും സ്വഹാബതിന്റെയും -പ്രത്യേകിച്ച് ഖുലഫാഉകളുടെയും, ശ്രേഷ്ഠമായ മൂന്ന് തലമുറകളുടെയും- മാര്‍ഗം പിന്തുടരുന്നവര്; അവരോടൊപ്പമാണ് നമ്മള്. അവരിലേക്ക് നമ്മള് സ്വയം ചേര്ത്തിപ്പറയുകയും, അവരോടൊപ്പം നാം പ്രവര്‍ത്തിക്കുകയും ചെയ്യും.
എന്നാല്‍ നബി -ﷺ- യുടെ മാര്‍ഗത്തോട് എതിരായവര്‍; അവരെ നാം അകറ്റി നിര്‍ത്തുന്നു. അവര്‍ ‘ഇസ്ലാമിക സംഘടന’ എന്ന് സ്വയം പേര് നല്കിയാലും (അവരോട് നാം ചേരില്ല). കാരണം പേരുകളെയല്ല പരിഗണിക്കേണ്ടത്; മറിച്ച് യാഥാര്‍ഥ്യങ്ങളെയാണ്. കാരണം ചിലപ്പോള്‍ പേരുകള്‍ വളരെ വലുതും മനോഹരവുമൊക്കെയായിരിക്കും; എന്നാല്‍ പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമായിരിക്കും അവ.
നബി -ﷺ- പറഞ്ഞു:
«افْتَرَقَتِ اليَهُودُ عَلَى إِحْدَى وَسَبْعِينَ فِرْقَةً، وَافْتَرَقَتِ النَّصَارَى عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً، وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلَاثٍ وَسَبْعِينَ فِرْقَةً، كُلُّهَا فِي النَّارِ إِلَّا وَاحِدَةً» قُلْنَا: مَنْ هِيَ يَا رَسُولَ اللَّهِ؟ قَالَ: «مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ اليَوْمَ وَأَصْحَابِي»
“യഹൂദര്‍ എഴുപതി ഒന്ന് കക്ഷികളായി ഭിന്നിച്ചു. നസ്വാറാക്കള്‍ എഴുപത് രണ്ട് കക്ഷികളായി ഭിന്നിച്ചു. എന്റെ സമൂഹം എഴുപതി മൂന്ന് കക്ഷികളായി ഭിന്നിക്കും. അവയെല്ലാം നരകത്തിലാണ്; ഒന്നൊഴികെ.”
ഞങ്ങള്‍ -സ്വഹാബികള്‍- ചോദിച്ചു: “അവരാരാണ്, അല്ലാഹുവിന്റെ റസൂലേ!?”
നബി -ﷺ- പറഞ്ഞു: “ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു മാര്‍ഗത്തിലാണോ, അതില്‍ നിലകൊള്ളുന്നവരാണവര്‍.” (തിര്‍മിദി: 2641, ഹാകിം: 1/129)
അതിനാല്‍ സത്യത്തിന്റെ വഴി വ്യക്തമാണ്. നബി -ﷺ- മേല്‍ കണ്ട ഹദീഥില്‍ പറഞ്ഞ അടയാളമുള്ളത് ആര്‍ക്കാണോ അവരോടൊപ്പമാണ് നമ്മളും. അവരാണ് ശരിയായ ഇസ്ലാമിക സംഘടന.
എന്നാല്‍, ഈ മന്‍ഹജിനോട് (മാര്‍ഗത്തോട് എതിരാവുകയും, മറ്റേതെങ്കിലും വഴി സ്വീകരിക്കുകയും ചെയ്തവര്‍; അവരില്‍ പെട്ടവരല്ല നമ്മള്. നാം അവരിലേക്ക് ചേര്‍ത്തി പറയുകയില്ല. അവര്‍ നമ്മളിലേക്കും ചേര്‍ത്തിപ്പറയേണ്ടതില്ല. ഇത്തരക്കാരെ ‘ജമാഅഃ’ (സംഘം) എന്ന് വിളിക്കാനും പാടില്ല. മറിച്ച് അവര്‍ ‘ഫിര്ഖതുക’ (പിഴച്ച കക്ഷികള്‍) മാത്രമാണ്.
കാരണം, ‘ജമാഅ’ സത്യത്തിന്റെ മേലല്ലാതെ നിലകൊള്ളുകയില്ല. അതിന്റെ മേലാണ് ജനങ്ങള്‍ ഒരുമിച്ചു കൂടുക. എന്നാല്‍, അസത്യം; അത്
ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയ്യുക. ഒരുമിപ്പിക്കില്ല.
അല്ലാഹു -تعالى- പറഞ്ഞു:
فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ فَسَيَكْفِيكَهُمُ اللَّـهُ ۚ وَهُوَ السَّمِيعُ الْعَلِيمُ ﴿١٣٧﴾
“നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവര്‍ ഭിന്നിപ്പില്‍ മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന് എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ.” (ബഖറ: 137)
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 4)