അഥര്‍

قَالَ الإِمَامُ مَالِكُ بْنُ أَنَسٍ: «إِنَّ أَقْوَاماً ابْتَغَوُا العِبَادَةَ وَأَضَاعُوا العِلْمَ، فَخَرَجُوا عَلَى أُمَّةِ مُحَمَّدٍ -ﷺ- بِأَسْيَافِهِمْ، وَلَوِ ابْتَغَوُا العِلْمَ لَحَجَزَهُمْ عَنْ ذَلِكَ»

അര്‍ഥം

ഇമാം മാലിക് ബ്നു അനസ് (رَحِمَهُ اللَّهُ) പറഞ്ഞു: “ചിലര്‍ മതവിജ്ഞാനം അന്വേഷിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് ഇബാദതുകള്‍ ചെയ്യാന്‍ ശ്രമിച്ചു. പില്‍ക്കാലത്ത് മുഹമ്മദ് നബി-ﷺ-യുടെ ഉമ്മത്തിനെതിരെ വാളുമായി അവര്‍ ഇറങ്ങിത്തിരിച്ചു; അവര്‍ അറിവ് നേടിയിരുന്നെങ്കില്‍ അതില്‍ നിന്ന് വിജ്ഞാനം അവരെ തടയുമായിരുന്നു.”

(മിഫ്താഹു ദാരിസ്സആദ – ഇബ്‌നുല്‍ ഖയ്യിം: 1/392)

വിശദീകരണം

അല്ലാഹുവിന്റെ ദീനിൽ അറിവ് നേടേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഇമാം മാലികിന്റെ വളരെ മനോഹരമായ വാക്കുകളില്‍ ഒന്നാണിത്. ഇസ്‌ലാമിക സമൂഹത്തിലുണ്ടാകുന്ന കുഴപ്പങ്ങളുടെയും രക്തചൊരിച്ചിലുകളുടെയും പ്രധാന കാരണം ദീനിന്റെ വിഷയങ്ങളിലുള്ള അജ്ഞതയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിന് വേണ്ടിയാണല്ലോ എന്നെ പടച്ചിരിക്കുന്നത് എന്ന ചിന്തയില്‍ ദീനുമായി ബന്ധപ്പെട്ട യാതൊരു വിജ്ഞാനവും തേടാതെ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ ശ്രമിക്കുന്നവര്‍ സ്വന്തത്തിനും മുസ്‌ലിം ഉമ്മത്തിനും അപകടമുണ്ടാക്കി വെക്കാനുള്ള സാധ്യത വളരെയധികമാണ്.

നിസ്കാരത്തിന്റെ ശ്വര്‍ത്വുകളോ (നിസ്കാരം ശരിയാകാനുള്ള നിബന്ധനകൾ) റുക്നുകളോ (നിസ്കാരത്തിന് ഉള്ളിലെ അടിസ്ഥാനപ്രവർത്തനങ്ങൾ) പോലും അറിയാത്തവര്‍ ചിലപ്പോൾ വേണ്ടപ്പോഴും അല്ലാത്തപ്പോഴുമെല്ലാം നിസ്കരിക്കുന്നുണ്ടായിരിക്കും! തന്റെ നിസ്കാരത്തിലുടനീളം ചൊല്ലിക്കൊണ്ടിരിക്കുന്ന ദിക്റുകളുടെയോ ദുആകളുടെയോ പകുതി പോലും അര്‍ഥം അവന് അറിയുന്നുണ്ടാകില്ല. പലപ്പോഴും അവന്റെ നിസ്കാരത്തില്‍ ബഹുഭൂരിപക്ഷവും നബി -ﷺ- യുടെ സുന്നത്തിന് കടകവിരുദ്ധമായ കാര്യങ്ങളും, ചിലപ്പോഴെല്ലാം അവിടുന്ന് വിരോധിച്ച പ്രവര്‍ത്തനങ്ങളുമായിരിക്കും.

ഇത്തരം നിസ്കാരം നാളെ പരലോകത്ത് അവന് ഉപദ്രവം ചെയ്തേക്കാം എന്നതിനോടൊപ്പം, പലപ്പോഴും മറ്റു പല മുസ്‌ലിംകളെയും വഴികേടിലെത്തിക്കുന്നതിനും അവന്‍ കാരണക്കാരനായേക്കാം. അവന്റെ നിസ്കാരങ്ങളുടെ ആധിക്യം കാണുന്ന ഒരു സാധാരണക്കാരന്‍ അവന്റെ പ്രവര്‍ത്തനങ്ങളെ അനുകരിക്കുകയും അങ്ങനെ അയാളുടെ പാപഭാരം കൂടി തുടങ്ങി വെച്ചവന്‍ ചുമക്കേണ്ട അവസ്ഥയുമുണ്ടായേക്കാം. ചിലപ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി മുന്നോട്ടു പോവുകയും ജനങ്ങള്‍ അവനൊരു പണ്ഡിതനാണെന്ന് തെറ്റിദ്ധരിക്കുകയും അവനോട് ചോദ്യങ്ങള്‍ ചോദിക്കുകയുമൊക്കെ ചെയ്തേക്കാം!

നാട്ടില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സ്വൂഫീ ത്വരീഖത്തുകളുടെയും തബ്ലീഗേ ജമാഅത് പോലുള്ള കക്ഷികളുടെയും പ്രചാരത്തിന് കാരണമാകുന്നത് ഈ രൂപത്തിലുള്ള അജ്ഞതയാണ്. മതവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ നേടുകയോ, വിശ്വാസപരമായ കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കുകയോ, ഇബാദതുകളുടെ ശരിയായ രൂപങ്ങൾ അറിയുകയോ ചെയ്യുന്നതിന് വളരെ കുറഞ്ഞ പ്രാധാന്യം മാത്രമേ ഇത്തരക്കാർ കൽപ്പിക്കാറുള്ളൂ.

‘മതവിജ്ഞാനം തേടുന്നതിന് മുന്‍പ് ഇബാദത്തുകളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവര്‍ പിന്നീട് മുസ്‌ലിംകള്‍ക്ക് നേരെ തങ്ങളുടെ വാളൂരുകയാണുണ്ടായത്’ എന്ന ഇമാമവർകളുടെ വാക്ക് ഇസ്‌ലാമിലെ ആദ്യത്തെ പിഴച്ച കക്ഷിയായ ഖവാരിജുകളെ ഉദ്ദേശിച്ചു കൊണ്ടാണ്. അല്ലാഹുവിന്റെ ദീന്‍ യാതൊരു കുറവും വരുത്താതെ സ്ഥാപിക്കണമെന്ന ആഗ്രഹവുമായി നാടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് ‘ഇസ്‌ലാമിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാനായി’ ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നു ഖവാരിജുകൾ. എന്നാൽ മുസ്‌ലിം ഭരണാധികാരികളെയും, സാധാരണക്കാരും നിരപരാധികളുമായ എത്രയോ മനുഷ്യരുടെയും ജീവനെടുത്തു കൊണ്ടാണ് അവർ മുന്നോട്ടു പോയത്.

അതിന് അവരെ പ്രേരിപ്പിച്ചത് അറിവില്ലായ്മയല്ലാതെ മറ്റൊന്നുമായിരുന്നില്ല. തങ്ങള്‍ ചെയ്യുന്നത് ഖുര്‍ആനിനും ഹദീഥിനും യോജിച്ച പ്രവര്‍ത്തനമാണെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍ അവ രണ്ടും -ഖുര്‍ആനും ഹദീഥും- അവരില്‍ നിന്ന് ബഹുദൂരം അകലെയായിരുന്നു. ഇന്ന് ജിഹാദീ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജമാഅതുല്‍ ഹിജ്റതി വത്തക്ഫീറിനെയും സലഫിയ്യത്തുല്‍ ജിഹാദിയ്യയെയും അല്‍-ഖാഇദയെയും ദാഇഷിനെയുമെല്ലാം പരിശോധിച്ചാല്‍ അവരുടെ അനുയായികളില്‍ ഇമാം മാലികിന്റെ ഈ വിശേഷണം പുലര്‍ന്നു കാണാന്‍ കഴിയും.

അഖീദയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളില്‍ പോലും യാതൊരു വിവരവും നേടിയിട്ടല്ലാത്ത ‘കുട്ടികളുടെ’ സംഘങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമുണ്ടാക്കി വെച്ചിരിക്കുന്ന ഉപദ്രവം ചെറുതല്ല. അതിന് കാരണം ഇമാം മാലിക് പറഞ്ഞതല്ലാതെ മറ്റെന്താണ്?! അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദെന്ന പേരില്‍ ഇറങ്ങി പുറപ്പെടുന്നതിന് മുന്‍പ് മതവുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളെങ്കിലും മനസ്സിലാക്കുക എന്നതിന് അവര്‍ പ്രാധാന്യം നല്‍കിയിരുന്നെങ്കില്‍ ഈ പിഴവ് സംഭവിക്കില്ലായിരുന്നു.

പഠനത്തിന് മുന്‍പ് ദഅ്വത്തിനെന്ന പേരില്‍ പാമരജനങ്ങളെ തെരുവിലേക്കിറക്കി വിടുന്ന സംഘടനകള്‍ക്കും, അതില്‍ പെട്ടു പോയിട്ടുള്ള സാധാരണക്കാര്‍ക്കും മേലെ നല്‍കിയ അഥറില്‍ പാഠമുണ്ട്. ഇസ്‌ലാമിക പ്രബോധനത്തിന് ഇറങ്ങിപ്പുറപ്പെട്ടവരാണ് തങ്ങളെന്ന ധാരണയില്‍ ചിലപ്പോള്‍ ഇസ്‌ലാമിന് കടകവിരുദ്ധമായ കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞും പഠിപ്പിച്ചും നല്‍കുകയും, അങ്ങനെ ഇസ്‌ലാമിന്റെ സുന്ദരമുഖത്ത് കരിവാരി തേക്കുകയും ചെയ്യുന്ന ഇത്തരം പ്രബോധക സംഘങ്ങള്‍ അവരുടെ അണികളെ മതം പഠിപ്പിച്ചതിനും മനസ്സിലാക്കി നല്‍കിയതിനും ശേഷം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

അല്ലാഹു നമുക്കേവര്‍ക്കും ഇസ്‌ലാമിനെ കുറിച്ചുള്ള ശരിയായ അറിവും, അതനുസരിച്ചുള്ള പ്രവര്‍ത്തനവും, അതിലേക്ക് ക്ഷണിക്കാനും, ഈ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനുള്ള തൌഫീഖും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

وَاللَّهُ المُسْتَعَانُ، وَعَلَيْهِ التُّكْلَانُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • നാട്ടില്‍ പ്രചുരപ്രചാരം നേടിക്കൊണ്ടിരിക്കുന്ന സ്വൂഫീ ത്വരീഖത്തുകളുടെയും തബ്ലീഗേ ജമാഅത് പോലുള്ള കക്ഷികളുടെയും പ്രചാരത്തിന് കാരണമാകുന്നത് ഈ രൂപത്തിലുള്ള അജ്ഞതയാണ്.
    ഇവരാണോ ലോകത്ത് “”ഉമ്മത്തിനെതിരെ വാളുമായി അവര്‍ ഇറങ്ങിത്തിരിച്ചു;””

Leave a Comment