ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഹലോകത്തിന്റെ കാര്യം തീര്‍ത്തും വിലയില്ലാത്തതാണ്. അതിലെ ഏറ്റവും വലുത് (യഥാര്‍ഥത്തില്‍ വളരെ) ചെറുതാണ്. ഐഹിക ലോകത്തില്‍ (നേടാവുന്നതിന്റെ) അങ്ങേയറ്റം അധികാരവും സമ്പത്തുമാണ്.

അധികാരമുള്ളവന്‍ അങ്ങേയറ്റം പോയാല്‍ ഫിര്‍ഔനിനെ പോലെയാകും; അവനെയാകട്ടെ അല്ലാഹു കടലില്‍ മുക്കിക്കൊന്നു കൊണ്ട് പകരം വീട്ടി.

സമ്പത്തുള്ളവന്‍ അങ്ങേയറ്റം പോയാല്‍ ഖാറൂനിനെ പോലെയാകും; അന്ത്യനാള്‍ വരെ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുന്ന രൂപത്തില്‍ അല്ലാഹു അവനെ ഭൂമിയിലേക്ക് താഴ്ത്തി.”

(മജ്മൂഉല്‍ ഫതാവ: 28/615-616)

ഇവ രണ്ടുമല്ലാതെ നമ്മളില്‍ പലരും ഇന്നും തേടിക്കൊണ്ടിരിക്കുന്നത് മറ്റെന്താണ്…?! പക്ഷേ ഇവ രണ്ടും നേടിയവരില്‍ ഏറ്റവും മുന്നിലെത്തിയ രണ്ടു പേരുടെ പര്യവസാനമാണ് അല്ലാഹു -تَعَالَى- നമ്മെ അറിയിച്ചത്. ഒന്ന് ഫിര്‍ഔനും മറ്റൊന്ന് ഖാറൂനും. രണ്ടു പേരുടെയും പര്യവസാനം എത്ര നിന്ദ്യമായിരുന്നു!

ഇന്നും എത്രയോ (ചോട്ടാ) ഫിര്‍ഔനുമാരെയും ഖാറൂനുമാരെയും നമുക്ക് കാണാന്‍ കഴിയുന്നു. സമ്പത്തും അധികാരവും അവരെ എന്തു മാത്രമാണ് മാറ്റിമറിച്ചിരിക്കുന്നത്?! അവരുടെ പെരുമാറ്റത്തിലും സ്വഭാവ ഗുണങ്ങളിലും എത്ര മോശമായ സ്ഥിതി വിശേഷമാണ് അവ ഉണ്ടാക്കി തീര്‍ത്തിരിക്കുന്നത്?!

ഇന്നലെ വരെ സമ്പത്തില്ലാതിരുന്നപ്പോള്‍; പണം കണ്ടെത്താന്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കവെ; അവര്‍ എത്രയോ നല്ല സല്‍സ്വഭാവികളായിരുന്നു. ആളുകളോട് ചിരിക്കാനും കുശലം പറയാനുമെല്ലാം അവന് സമയമുണ്ടായിരുന്നു. ഉള്ളതില്‍ നിന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കാനും അവരുടെ വേദനകള്‍ ഓര്‍ക്കാനും അവന് കഴിഞ്ഞിരുന്നു.

എന്നാല്‍ പണവും സമ്പത്തില്‍ കയ്യില്‍ വന്നപ്പോള്‍ അവനാകെ മാറിയിരിക്കുന്നു! ബാങ്ക് ബേലന്‍സുകള്‍ കുന്നു കൂടുമ്പോഴും അവന് പറയാനുള്ളത് ആവശ്യത്തിന് ‘പൈസ’യില്ലാത്തതിന്റെ പരിവേദനങ്ങളാണ്. ഇന്നലെ വരെ ആഡംബരമായി കണ്ടിരുന്ന പലതും ഇന്നവന് ഒഴിച്ചു കൂടാന്‍ പറ്റാത്ത അനിവാര്യതകളും ആവശ്യങ്ങളുമായി മാറി. കരുണയുടെയും സഹാനുഭൂതിയുടെയും ഉറവകള്‍ അവന്റെ മനസ്സില്‍ നിന്ന് വറ്റിപ്പോയിരിക്കുന്നു. തന്റെ മുന്നില്‍ പ്രയാസപ്പെടുന്നവരെല്ലാം തന്റെ പണം തട്ടിയെടുക്കാന്‍ അഭിനയിക്കുന്നവരാണെന്നാണ് അവന്റെ പക്ഷം!

അധികാരത്തിന്റെ കഥയും വ്യത്യസ്തമല്ല. ‘ജനങ്ങളിലൊരുവനായി’, ‘ജനങ്ങളോടൊപ്പം’ നിന്നവന് അധികാരത്തിന്റെ പടവുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ താഴോട്ടു നോക്കാനേ കഴിയുന്നില്ല. ജനങ്ങളോടുള്ള തന്റെ ബാധ്യതകളെ കുറിച്ചല്ല; അവര്‍ക്ക് തന്നോടുണ്ടാകേണ്ട താഴ്മയെ കുറിച്ചും ബഹുമാനത്തെ കുറിച്ചുമാണ് അവന്റെ മനസ്സ് വ്യാകുലമായിരിക്കുന്നത്. ഈ പടികളില്‍ തന്റെ പിന്നില്‍ കയറി വരുന്നവരെ എങ്ങനെയെല്ലാം തള്ളിത്താഴെയിടാമെന്നും, കുത്തിമലര്‍ത്താമെന്നുമാണ് അവന്റെ ചിന്ത. കുടിലതയും വക്രമനസ്സും ഉള്ളവര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടതാണ് അധികാരത്തിന്റെ ഇടനാഴികള്‍ എന്ന് സാധാരണ മനുഷ്യര്‍ വരെ ചിന്തിക്കുന്നത്ര മാത്രം അധികാര വര്‍ഗം ദുഷിച്ചിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ അധികാരവും സമ്പത്തുമെല്ലാം അല്ലാഹു നല്‍കിയ ചില അനുഗ്രഹങ്ങള്‍ മാത്രമാണെന്നും, അവക്ക് അല്ലാഹുവിനോട് നന്ദി കാണിക്കുകയും, സൃഷ്ടികളോടുള്ള ബാധ്യത അവയിലെല്ലാം നിറവേറ്റുകയും ചെയ്യുകയാണ് താന്‍ വേണ്ടതെന്ന ഓര്‍മ്മ അവനുണ്ടായിരുന്നെങ്കില്‍! ഈ രണ്ട് ഗുണങ്ങള്‍; -സമ്പത്തും അധികാരവും-; വളരെ വേഗം അവ തന്റെ ഹൃദയത്തെ മാറ്റിമറിക്കും എന്നവന്‍ ചിന്തിച്ചിരുന്നെങ്കില്‍! എന്നാല്‍ അത്തരക്കാര്‍ എത്ര തുച്ഛം.

അല്ലാഹു അവരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment