അഖീഖയുടെ മൃഗത്തെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മേലെ പറയുകയുണ്ടായി. അറുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ്; അഖീഖ അറുക്കാന്‍ ഉപയോഗിക്കുന്ന കത്തിക്ക് മൂര്‍ച്ച കൂട്ടുക എന്നതും, അറുക്കാന്‍ പോകുന്ന മൃഗത്തിനു ആശ്വാസം നല്‍കുക എന്നതും. അഖീഖയിലെന്നല്ല, ഏതു അറവുകളിലും ശ്രദ്ധിക്കേണ്ട നിയമമാണിതെല്ലാം.

അതോടൊപ്പം അഖീഖയുടെ മൃഗത്തെ അറുക്കുമ്പോള്‍ അതിന്റെ എല്ല് പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ചിലര്‍ പറഞ്ഞതായി കാണാം. ഹസനും ഹുസൈനും -رَضِيَ اللَّهُ عَنْهُمْ- വേണ്ടി ഫാത്വിമ -رَضِيَ اللَّهُ عَنْهَا- അഖീഖ അറുത്ത വേളയില്‍ നബി -ﷺ- ഇപ്രകാരം പറഞ്ഞതായി ചില ഹദീസുകളില്‍ കാണാം. “അതിലെ (അഖീഖയിലെ) എല്ല് നിങ്ങള്‍ പൊട്ടിക്കരുത്.” (മറാസീല്‍/അബൂ ദാവൂദ്: 197) ഈ ഹദീസ് മുര്‍സലാണ്; ദുര്‍ബലമായ ഹദീസുകളില്‍ എണ്ണപ്പെടുന്നവയാണ്.

എങ്കിലും സ്വഹാബികളായ ജാബിര്‍ ബ്നു അബ്ദില്ലാഹ്, ആഇഷ -رَضِيَ اللَّهُ عَنْهَا-, താബിഈങ്ങളില്‍ പെട്ട അത്വാഅ -رَحِمَهُ اللَّهُ- തുടങ്ങിയവരില്‍ നിന്ന് ഇക്കാര്യം നല്ലതാണ് എന്ന് അറിയിക്കുന്ന ചില വാക്കുകള്‍ വന്നിട്ടുണ്ട്. അവ പരിഗണിച്ചു കൊണ്ട് എല്ലുകള്‍ പൊട്ടിക്കാതെ അറുക്കാന്‍ കഴിയുമെങ്കില്‍ അതാണ്‌ നല്ലത്. അതിന് കഴിയില്ലെങ്കില്‍ -അങ്ങനെ അറുക്കുന്നത് പ്രയാസമുണ്ടാക്കുമെങ്കില്‍- അത് ഒഴിവാക്കുന്നതില്‍ ഒരു തെറ്റുമില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment