മന്‍ഹജ്

ഈ ഉമ്മത്തിനെ നശിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുക?!

bismi-hamdഇസ്ലാമിക പ്രബോധനത്തിന്റെ തുടക്കം തീര്‍ത്തും രഹസ്യമായിട്ടായിരുന്നു. ഉറക്കെ ഒന്ന് ശബ്ദിക്കാന്‍ പോലും ആദ്യകാല മുസ്ലിംകള്‍ക്ക് കഴിയില്ലായിരുന്നു. നബി-ﷺ-ക്ക് വഹ്യ് ലഭിച്ച് തുടങ്ങിയതിന് ശേഷം രഹസ്യപ്രബോധനം ഏതാണ്ട് മൂന്നു വര്‍ഷത്തോളം തുടര്‍ന്നിട്ടുണ്ട്.

പിന്നീട് ഏഴു വര്‍ഷങ്ങള്‍ മക്കയില്‍ നബി-ﷺ-യും സ്വഹാബതും പരസ്യപ്രബോധനത്തില്‍ ഏര്‍പ്പെട്ടു. അനേകം പീഢനങ്ങളും പ്രയാസങ്ങളും അതിന്റെ പേരില്‍ അവര്‍ നേരിട്ടു. ബഹിഷ്കരണങ്ങളും പരിഹാസങ്ങളും അക്രമണങ്ങളും വധശ്രമങ്ങളും വരെ തുടര്‍ച്ചയായി നടന്നു.

സ്വന്തം നാട്ടില്‍ അപരിചതരെ പോലെ അവര്‍ ജീവിച്ചു. നടന്നു പോകുമ്പോള്‍ വഴിയരികില്‍ നില്‍ക്കുന്നവര്‍ അവരെ തുറിച്ചു നോക്കി. പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടപ്പോള്‍ ചിലര്‍ അവരുടെ കഴുത്തുകളില്‍ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍ കൊണ്ടിട്ടു. കുടുംബത്തിലും സ്വന്തം വീട്ടിലും പരിഹാസങ്ങളും മര്‍ദ്ധനങ്ങളും ഏറ്റു അവരില്‍ പലരും.

അവസാനം, ഉപദ്രവങ്ങളുടെ കാഠിന്യം വര്‍ദ്ധിക്കുകയും പ്രബോധനത്തിന്റെ വഴികള്‍ മുടങ്ങുകയും, ഇസ്ലാമിക ജീവിതം നയിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തപ്പോള്‍ അവര്‍ തങ്ങളുടെ ജന്മനാടായ മക്ക വിട്ട് -അല്ലാഹുവിന്റെ ഭവനമായ കഅ്ബയുടെ നാട്ടില്‍ നിന്ന്- മദീനയിലേക്ക് പാലായനം ചെയ്തു.

പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനിടയില്‍ യുദ്ധങ്ങളനേകം കഴിഞ്ഞു. സന്ധി സംഭാഷണങ്ങളും കരാറുകളും പലത് നടന്നു. പലരും ഇസ്ലാമിന്റെ വിശാലതയിലേക്ക് വന്നു. കുഫ്റിന്റെയും ശിര്‍ക്കിന്റെയും ഇടുങ്ങിയ ലോകത്തെ അവരെല്ലാം വെറുത്തു. മുസ്ലിംകള്‍; അവര്‍ക്കൊരു രാജ്യമുണ്ടായി. ശക്തിയും പ്രതാപവും തിരിച്ചു വന്നു.

ഒളിച്ചും പതുങ്ങിയും രക്ഷപ്പെട്ടോടിയ, ഉപേക്ഷിച്ചു പോന്ന തങ്ങളുടെ നാട്ടിലേക്ക് അവര്‍ തിരിച്ചു വന്നു. അവരെ ആട്ടിയോടിച്ചവര്‍ തലകുനിച്ചു. നിശബ്ദരായി. അല്ലാഹു അവന്റെ വാഗ്ദാനം പാലിച്ചു.

വിജയം! പ്രതാപം! അതിന് അങ്ങേയറ്റത്തെ മധുരമുണ്ട്. അതിന്റെ ഓര്‍മ്മകള്‍ക്ക് പോലും അത്ഭുതപ്പെടുത്തുന്ന സ്വാധീനങ്ങളുണ്ട്!

നബി-ﷺ-യുടെ അനുയായികള്‍!

കിസ്റയുടെയും കൈസറിന്റെയും കോട്ടകളെ അവര്‍ വിറപ്പിച്ചു. അല്ല! അവയെല്ലാം അവര്‍ക്ക് മുന്നില്‍ തകര്‍ന്നു വീണു. ശിര്‍ക്കിന്റെയും കുഫ്റിന്റെയും നേതാക്കന്മാര്‍ പേടിച്ചു വിറച്ചു. ജനങ്ങളുടെ മേല്‍ ചുമത്തിയ ചങ്ങലക്കെട്ടുകള്‍ ഓരോന്നോരോന്നായി പൊട്ടിത്തകര്‍ന്നു. ഇസ്ലാമിന്റെ സ്വാതന്ത്ര്യത്തിലേക്ക് ലോകം ഓടിയണഞ്ഞു. കുഫ്റിന്റെ അന്ധകാരങ്ങള്‍ ഇസ്ലാമിന്റെ നിറഞ്ഞ പ്രകാശത്തിന് മുന്നില്‍ വഴിമാറിക്കൊടുത്തു.

കാലം കുറേ കഴിഞ്ഞു. വിജയത്തിന്റെ മധുരം ഗ്രന്ഥങ്ങളില്‍ മാത്രമായി. ഇന്നലെകളില്‍ ലോകത്തെ അലങ്കരിച്ച നേതാക്കള്‍ ഇന്ന് ഗ്രന്ഥങ്ങളിലെ പേജുകളെ അലങ്കരിച്ച് -ഏതോ ലൈബ്രറികളിലെ പൊടിപിടിച്ച മൂലകളില്‍, വെളിച്ചം കാണാതെ- കിടക്കുന്നു.

ഇന്നിതാ -നമ്മള്‍!- അവരുടെ അനുയായികള്‍. വിജയപ്രതീക്ഷകള്‍ പോലും രുചിക്കാന്‍ കഴിയാതെ, പരാജയത്തിന്റെയും അപമാനത്തിന്റെയും കയ്പ്പുനീര്‍ കുടിച്ച് ജീവിച്ചു കൊണ്ടിരിക്കുന്നു. അപമാനവും വേദനകളും നമുക്കിന്ന് ശീലമായിരിക്കുന്നു.

കാഫിറിന്റെ എച്ചില്‍ കൂനകള്‍ക്ക് കൈ നീട്ടുന്ന യാചകരായി നാമിതാ നില്‍ക്കുന്നു. അവന്റെ കമ്പനികളിലെ പേപ്പര്‍കെട്ടുകള്‍ നീക്കുന്ന യന്ത്രങ്ങളായി പലരും മാറിയിരിക്കുന്നു. ഖുര്‍ആനിന്റെ മധുരമോ ഇസ്ലാമിന്റെ പ്രതാപമോ തൗഹീദിന്റെ പ്രകാശമോ അവനിലില്ല.

എങ്ങനെ നമ്മളിങ്ങനെയായി?

ആരാണ് നമ്മെ തകര്‍ത്തത്?

നമ്മുടെ പരാജയകാരണം എന്തായിരുന്നു?

കാഫിറുകള്‍; അവരുടെ മിസൈലുകളും വെടിയുണ്ടകളുമാണോ നമ്മെ തകര്‍ത്തത്?!

അതവര്‍ക്ക് മുന്‍പും ഉണ്ടായിരുന്നില്ലേ?

സാമ്രാജ്യങ്ങള്‍ അവരുടെ കാല്‍ച്ചുവട്ടില്‍ കിടന്ന് ഞെരിഞ്ഞമരുമ്പോള്‍ അവ മോചിപ്പിച്ചത് നമ്മള്‍ -ദരിദ്രരും ആട്ടിടയന്മാരുമായിരുന്ന നമ്മള്‍- തന്നെയല്ലേ?!

ലക്ഷങ്ങളുടെ സൈന്യങ്ങളെ നാം തകര്‍ത്തത് ആയിരങ്ങളും പതിനായിരങ്ങളും കൊണ്ടല്ലേ?!

തിളങ്ങുന്ന വാളുകള്‍ക്കും മൂര്‍ച്ചയുള്ള കുന്തങ്ങള്‍ക്കും മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ കയ്യിലുണ്ടായിരുന്നത് പൊട്ടിയ വാളും ഉറപ്പില്ലാത്ത പരിചയുമായിരുന്നില്ലേ?

കുതിരപ്പടയാളികളും ആനപ്പടയുമെല്ലാം ആര്‍ത്തലച്ചു വരുമ്പോള്‍ നാം ചവിട്ടി നിന്നത് നഗ്നപാദങ്ങള്‍ക്കു മുകളിലായിരുന്നില്ലേ?!

അന്നൊന്നും നമുക്ക് പരാജയം പിണഞ്ഞില്ല! അവിടെയൊന്നും നമ്മള്‍ തലതാഴ്ത്തേണ്ടി വന്നില്ല!

എന്നാല്‍ ഇന്ന്! -ഇന്നാല്ലില്ലാഹി- എന്തു വേദനയാണ് ഇന്നിന്?!

ആരാണ് നമ്മെ തോല്‍പ്പിച്ചത്?

നമ്മെ സഹായിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«يَاأَيُّهَا الَّذِينَ آمَنُوا إِنْ تَنْصُرُوا اللَّهَ يَنْصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ»

“ഹേ മുഅ്മിനീങ്ങളേ! നിങ്ങള്‍ അല്ലാഹുവിനെ സഹായിച്ചാല്‍ അല്ലാഹു നിങ്ങളെ സഹായിക്കുകയും, നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും.” (മുഹമ്മദ്: 7)

ഉള്ളില്‍ നിന്ന് ചതിക്കുന്ന, പിന്നില്‍ നിന്ന് കുത്തി വീഴ്ത്താന്‍ കാത്തിരിക്കുന്ന മുനാഫിഖുകള്‍ -കപടന്മാര്‍- അവരില്‍ നിന്നു വരെ നമുക്ക് സംരക്ഷണമുണ്ടെന്നാണ് അല്ലാഹു -تَعَالَى- അറിയിച്ചത്.

«وَإِنْ تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا»

“നിങ്ങള്‍ ക്ഷമിക്കുകയും തഖ്വ -സൂക്ഷ്മത- ഉള്ളവരാവുകയുമാണെങ്കില്‍ അവരുടെ തന്ത്രങ്ങള്‍ നിങ്ങള്‍ക്ക് യാതൊരു ഉപദ്രവവും ഏല്‍പ്പിക്കുകയില്ല.” (ആലു ഇംറാന്‍: 120)

ലോകത്തിന്റെ നേതാക്കള്‍ നമ്മളാണെന്നാണല്ലോ അല്ലാഹു അറിയിച്ചത്; അവന്‍ പറഞ്ഞു:

«وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ»

“നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങളാണ് ഏറ്റവും ഉന്നതര്‍; നിങ്ങള്‍ മുഅ്മിനീങ്ങളാണെങ്കില്‍.” (ആലു ഇംറാന്‍: 139)

അവന്‍ പറഞ്ഞു:

«كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ»

“ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.” (ആലു ഇംറാന്‍: 110)

ലോകത്തെ ഭരിക്കാന്‍ നമ്മെ ഏല്‍പ്പിക്കാമെന്നാണ് അവന്റെ വാഗ്ദാനം.

«وَعَدَ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِنْ قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُمْ مِنْ بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا وَمَنْ كَفَرَ بَعْدَ ذَلِكَ فَأُولَئِكَ هُمُ الْفَاسِقُونَ»

“നിങ്ങളില്‍ നിന്ന് ഈമാന്‍ സ്വീകരിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട് നല്‍കിയ അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.” (നൂര്‍: 55)

ഇവയെല്ലാം ഖുര്‍ആനിലെ ആയത്തുകളാണ്. നമ്മുടെ മഹത്വവും ശ്രേഷ്ഠതയുമാണ് അവയിലെല്ലാമുള്ളത്?!

പിന്നെന്തു സംഭവിച്ചു?!

അല്ലാഹുവിന്റെ വാഗ്ദാനം അവന്‍ പാലിക്കാതിരിക്കുമോ?

ഇല്ല! -വല്ലാഹി- അവനതു പാലിക്കുക തന്നെ ചെയ്യും. വാഗ്ദാനം ലംഘിക്കുന്നവനല്ല നമ്മുടെ റബ്ബ്!

എന്തു സംഭവിച്ചു എന്നതിനുള്ള ഉത്തരം മേലെയുള്ള ആയത്തുകളില്‍ തന്നെയുണ്ട്. അവന്റെ സഹായം അവന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് ചില നിബന്ധനകളോടെയാണ്. ആ നിബന്ധനകള്‍ ഒരായത്തില്‍ പോലും അവന്‍ വിട്ടുകളഞ്ഞിട്ടില്ല. അതില്‍ നമ്മള്‍ -നാം; മുസ്ലിംകള്‍- പിഴവു വരുത്തിയിരിക്കുന്നു.

അതെ! നമ്മെ തകര്‍ത്തത് നാം തന്നെയാണ്; മറ്റാരുമല്ല. നമ്മുടെ വേദനകള്‍ക്ക് കാരണം നാം തന്നെയാണ്; വേറെയാരുമല്ല.

നമ്മുടെ പിഴവുകള്‍ വലുതായിരിക്കുന്നു; ശരികളാകട്ടെ -തുലോം തുഛവും-. പിഴവുകള്‍ പലതും പൊറുക്കുന്നവനാണ് നമ്മുടെ റബ്ബ്; അവയുടെ പേരില്‍ ഈ ദുനിയാവില്‍ അവന്‍ നമ്മെ പിടികൂടില്ലായിരുന്നു.

എന്നാല്‍ നമ്മുടെ പിഴവുകള്‍ ഭീമമായിരിക്കുന്നു. അബദ്ധങ്ങള്‍ക്ക് ഇടവേളകള്‍ നശിച്ചിരിക്കുന്നു. വെറും ഒന്നോ രണ്ടോ ശരികളും പിടിച്ച് -ആയിരക്കണക്കിന് അബദ്ധങ്ങള്‍ക്ക് മുന്നില്‍ നിന്ന്- നാം ചോദിക്കുന്നു:

ഇതെങ്ങനെ സംഭവിച്ചു?

അല്ലാഹു നിനക്കുത്തരം നല്‍കും.

«أَوَلَمَّا أَصَابَتْكُمْ مُصِيبَةٌ قَدْ أَصَبْتُمْ مِثْلَيْهَا قُلْتُمْ أَنَّى هَذَا قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ»

“നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? ( നബിയേ, ) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 165)

ഉഹുദ് യുദ്ധത്തിന്റെ വിഷയത്തിലാണ് മേല്‍ പറഞ്ഞ ആയത്ത് അവതരിച്ചത്. മുസ്ലിംകള്‍ എഴുപത് മുശ്രിക്കുകളെ വധിക്കുകയും അത്ര തന്നെ ആളുകളെ തടവുകാരാക്കുകയും ചെയ്തെങ്കിലും അവരില്‍ നിന്ന് എഴുപത് പേരും വധിക്കപ്പെട്ടു.

യുദ്ധ വേളയില്‍ മലമുകളില്‍ നില്‍ക്കുന്നതിന് വേണ്ടി നബി -ﷺ- ഒരു വിഭാഗം സ്വഹാബികളെ ഏല്‍പ്പിച്ചിരുന്നു. അവിടുത്തെ കല്‍പ്പന വരുന്നതു വരെ അവിടെ നിന്ന് മാറരുതെന്നും അവരോട് കല്‍പ്പിച്ചിരുന്നു. എന്നാല്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായത് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ താഴേക്ക് ഇറങ്ങി വന്നു. നബി-ﷺ-യുടെ കല്‍പ്പന ധിക്കരിച്ചതിന്റെ ഫലമാണ് നിങ്ങള്‍ക്ക് സംഭവിച്ച പ്രയാസമെന്നാണ് അല്ലാഹു -تعالى- ഈ ആയത്തില്‍ അറിയിച്ചതെന്ന് സലഫുകളില്‍ ഒരു വിഭാഗം പറഞ്ഞിട്ടുണ്ട്. (തഫ്സീര്‍ ഇബ്നി കഥീര്‍: 2/159)

നോക്കൂ! മലമുകളില്‍ നിന്ന് താഴേക്കിറങ്ങരുതെന്ന -യുദ്ധവുമായി മാത്രം ബന്ധപ്പെട്ട- റസൂലുല്ലയുടെ -ﷺ- ഒരു കല്‍പ്പന ധിക്കരിച്ചതിന്റെ ഫലം എഴുപത് ജീവനുകളായിരുന്നെങ്കില്‍; ഇന്ന് കുരുതി കഴിക്കപ്പെടുന്ന അനേകായിരം മുസ്ലിം ജീവനുകളുടെ കാരണക്കാരും ആരാണെന്ന് നിനക്ക് മനസ്സിലാക്കാന്‍ കഴിയും.

അല്ലാഹു -تعالى- പറഞ്ഞു:

«وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ»

“നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.” (ശൂറ: 30)

മുസ്ലിംകള്‍ അനുഭവിക്കുന്ന ഈ അപമാനത്തിന്റെ കാരണം വിശ്വാസപരമായി നമ്മെ പിടികൂടിയിട്ടുള്ള ജീര്‍ണതയും, ഭിന്നിപ്പും ചിദ്രതയുമല്ലാതെ മറ്റൊന്നുമല്ല. ഇത് മാറാതെ എന്തു മാത്രം യുദ്ധക്കോപുകള്‍ കൂട്ടിയിട്ടും കാര്യമില്ല. വിജയം മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം അകലെ തന്നെ നില്‍ക്കും.

മുന്‍ഗാമികളും നമ്മളും വേര്‍തിരിയുന്നത് ഈ പോയിന്‍റിലാണ്. ബദ്റിന്റെ രണാങ്കണത്തിലേക്ക് പുറപ്പെടുമ്പോള്‍ അവരുടെ ഹൃദയാന്തരാളങ്ങളില്‍ ജ്വലിച്ചു നിന്നിരുന്ന തൗഹീദിന്റെ വെളിച്ചം നമ്മുടെ ഹൃദയങ്ങളിലും നിലനിന്നിരുന്നെങ്കില്‍ ഈ പരാജയം നാം അനുഭവിക്കേണ്ടി വരുമായിരുന്നില്ല.

മുസ്ലിം ഉമ്മത്തിന്റെ വേദനകളെ കുറിച്ച് വാതോരാതെ സംസാരിക്കുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്യുന്നവനറിയുന്നില്ലേ അവന്‍ കൂടെ ഉള്‍പ്പെടുന്ന ഈ സമൂഹമാണ് -നമ്മള്‍ തന്നെയാണ്- ഈ അപമാനത്തിന് കാരണമെന്ന്?!

‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ്’ എന്ന കലിമതു തൗഹീദിന്റെ അര്‍ഥം പോലും തിരിച്ചറിഞ്ഞിട്ടില്ലാത്ത, നിസ്കാരത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെ അര്‍ഥമോ ആശയമോ വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടില്ലാത്ത, അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും പോലും അറിഞ്ഞിട്ടില്ലാത്ത, ജാഹിലിയ്യത്തിന്റെ പല സംസ്കാരങ്ങളെയും മുതുകിലേറ്റിയിട്ടുള്ള നമുക്കെങ്ങനെ ‘ഇസ്ലാമിന് വാഗ്ദാനം ചെയ്യപ്പെട്ട’ വിജയം അവകാശപ്പെടാന്‍ കഴിയും?!

നബി -ﷺ- യുടെ ഹദീഥ് നീ മനസ്സിരുത്തി വായിക്കുക.

عَنْ زَيْنَبَ بِنْتِ جَحْشٍ، رَضِيَ اللَّهُ عَنْهُنَّ أَنَّ النَّبِيَّ -ﷺ- دَخَلَ عَلَيْهَا فَزِعًا يَقُولُ: «لاَ إِلَهَ إِلَّا اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ، فُتِحَ اليَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ» وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا، قَالَتْ زَيْنَبُ بِنْتُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ: أَنَهْلِكُ وَفِينَا الصَّالِحُونَ؟ قَالَ: «نَعَمْ إِذَا كَثُرَ الخَبَثُ»

സയ്നബ് -رضي الله عنها- പറഞ്ഞു: ഒരിക്കല്‍ നബി -ﷺ- എന്റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു. “അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം!” തന്റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: “യഅ്ജൂജ് മഅ്ജൂജിന്റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.” ഞാന്‍ (സയ്നബ്) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?!” നബി -ﷺ- പറഞ്ഞു: “അതെ! അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍.” (ബുഖാരി: 3346, മുസ്ലിം: 2880)

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا» فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ «بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِى قُلُوبِكُمُ الْوَهَنَ» فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ «حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ»

അവിടുന്ന് പറഞ്ഞു: “(കുഫ്റന്‍) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു; ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)” അവിടുന്ന് പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍.അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹ്ന്‍’ ഇടുകയും ചെയ്യും.” ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! എന്താണ് ‘വഹ്ന്‍’?” നബി -ﷺ- പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.” (അബൂ ദാവൂദ്: 4297)

ദുനിയാവിനോടുള്ള ഇഷ്ടം; അതെന്തു മാത്രമാണ് നമ്മെ പിടികൂടിയിട്ടുള്ളത്. എസി റൂമുകളും വില പിടിപ്പുള്ള കാറുകളും പ്രൗഢി തെളിയിക്കുന്ന വസ്ത്രങ്ങളും -അവസാനം- വലിയൊരു വീടുമാണ് സ്വപ്നങ്ങളിലുള്ളത്. ഊണും ഉറക്കവും അതിന് വേണ്ടിയാണ്. ഓട്ടവും വിശ്രമവും ആ ചിന്തയിലാണ്.

മരണമാകട്ടെ; അതിനെ വെറുക്കാനല്ലാതെ നമുക്ക് കഴിയുന്നില്ല. അതിനെ കുറിച്ചുള്ള ചിന്തകള്‍ പോലും നമുക്കിഷ്ടമല്ല. മരണവീടുകള്‍ പോലും നമ്മെ മരണത്തെയല്ല ഓര്‍മ്മിപ്പിക്കുന്നത്; ബാക്കി വെച്ച ഫയലുകളെയും ചെയ്തു തീര്‍ക്കാനുള്ള ജോലികളെയും മാത്രമാണ്.

നബി -ﷺ- പറഞ്ഞതെത്ര സത്യം! ഈ രണ്ട് മാരകമായ രോഗങ്ങള്‍ നമ്മെ വരിഞ്ഞു മുറുക്കിയപ്പോള്‍ നമ്മുടെ പ്രതാപം എടുത്തു നീക്കപ്പെട്ടു. ശത്രുക്കള്‍ക്ക് നമ്മെ പരാജയപ്പെടുത്തുക എന്നത് ഏറെ എളുപ്പമുള്ളതായി.

ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ എന്തുണ്ട് പരിഹാരം?!

നബി -ﷺ- യുടെ ഹദീഥുകളില്‍ അതിനുള്ള ഉത്തരമുണ്ട്.

عَنِ ابْنِ عُمَرَ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ»

അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ ‘ഈനത്’ (പലിശയുടെ രൂപങ്ങളിലൊന്ന്) കച്ചവടം നടത്തുകയും, കന്നുകാലികളുടെ വാലു പിടിക്കുകയും (വെറും കൃഷിയില്‍ മാത്രമൊതുങ്ങിയാല്‍ എന്നുദ്ദേശം), കൃഷിയില്‍ നിങ്ങള്‍ തൃപ്തരാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍; അല്ലാഹു നിങ്ങളുടെ മേല്‍ അപമാനം വരുത്തി വെക്കും. നിങ്ങളുടെ ദീനിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹു അത് നിങ്ങളുടെ മേല്‍ നിന്ന് എടുത്തുമാറ്റില്ല.” (അബൂദാവൂദ്: 3464)

അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോവുകയല്ലാതെ മറ്റൊരു മാര്‍ഗം മുസ്ലിം ഉമ്മത്തിന്റെ മുന്നിലില്ല.

വിശ്വാസത്തിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവങ്ങളിലും ഇടപാടുകളിലുമെന്ന് വേണ്ട; എല്ലാ മേഖലകളിലും ഇസ്ലാമിന് മുന്‍ഗണന നല്‍കുകയും, ഐഹികജീവിതത്തിന്റെ ചങ്ങലക്കെട്ടുകള്‍ തന്നെ വരിഞ്ഞു മുറുക്കുന്നതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്താലല്ലാതെ ഈ ഉമ്മത്തിന് രക്ഷയില്ല; ഈ അപമാനത്തില്‍ നിന്ന് മോചനവുമില്ല.

അല്ലാഹു നമ്മെ ദീനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും, പ്രതാപത്തിന്റെ വഴികള്‍ നമുക്കായി തുറന്നു തരികയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: