തൗഹീദും ശിര്‍കും; ചില ആമുഖങ്ങള്‍

എന്താണ് ഇബാദത്…?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

മനുഷ്യ സൃഷ്ടിപ്പിന്‍റെ ലക്ഷ്യം തന്നെ അല്ലാഹുവിന് ഇബാദത് ചെയ്യലാണെന്ന് നാം മനസ്സിലാക്കി. ഇബാദതുകള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ അവ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കേണ്ടതുണ്ട്. അപ്പോഴെല്ലാം ആവര്‍ത്തിച്ചു വന്ന പദമാണ് ഇബാദത്. എന്താണ് ഇബാദത് എന്ന ചോദ്യം ഈ വേളയില്‍ പ്രസക്തമാണ്.

العِبَادَةُ: اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الأَقْوَالِ وَالأَعْمَالِ الظَّاهِرَةِ وَالبَاطِنَةِ

ഇബാദത്ത് എന്നാല്‍: അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവര്‍ത്തികളെയും ഒരുമിപ്പിക്കുന്ന ഒരു പദമാണ്.

അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ എന്ന വാക്കില്‍ നിന്ന് ഏതൊരു പ്രവൃത്തിയും അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തികരവും ആകുമ്പോള്‍ മാത്രമാണ് ഇബാദത് ആവുക എന്ന് മനസ്സിലാക്കാം. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത ഒരു പ്രവൃത്തി -അതെത്ര പേര്‍ ചെയ്താലും, ആരെല്ലാം അനുകൂലിച്ചാലും- ഇബാദതാവുകയില്ല.

ആന്തരികം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുള്ളിലെ പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണത്തിന് അങ്ങേയറ്റത്തെ ഭയം, പ്രതീക്ഷ, സ്നേഹം, തവക്കുല്‍ പോലുള്ളവ. ഇവയെല്ലാം മനസ്സിന്‍റെ പ്രവര്‍ത്തനങ്ങളാണ്.

ബാഹ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശരീരാവയവങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ്. ഉദാഹരണമായി സ്വലാത് (നിസ്കാരം), നോമ്പ്, സകാത്ത്, ഹജ്ജ് പോലുള്ളവ.

വാക്കുകളും പ്രവര്‍ത്തനങ്ങളും എന്നത് മനുഷ്യന് ഇബാദത് ചെയ്യാന്‍ കഴിയുന്ന രണ്ട് മേഖലകളെ ഓര്‍മ്മപ്പെടുത്തലാണ്. വാക്കും പ്രവര്‍ത്തിയും ആന്തരികമായും ബാഹ്യമായും -ചിലപ്പോള്‍, രണ്ടും ഒരുമിച്ചു കൊണ്ടും- സംഭവിക്കും.

ചുരുക്കത്തില്‍ അല്ലാഹു നമ്മില്‍ നിന്ന് ഇഷ്ടപ്പെടുന്ന എല്ലാ വിശ്വാസങ്ങളും കര്‍മ്മങ്ങളും വാക്കുകളും ഇബാദതുകള്‍ തന്നെ. അപ്പോള്‍ അടുത്ത ചോദ്യം ഉയര്‍ന്നു വരും: ‘അല്ലാഹുവിന് ഏതെല്ലാം കാര്യങ്ങളാണ് ഇഷ്ടം എന്നെങ്ങനെ മനസ്സിലാക്കും?’

ഒരു പ്രവൃത്തി ഇബാദതാണോ എന്ന് മനസ്സിലാക്കാന്‍ പ്രധാനമായും നാല് വഴികള്‍ ഉണ്ട്. അവ താഴെ പറയാം:

ഒന്ന്: അല്ലാഹുവിന്റെ കല്‍പ്പനയില്‍ നിന്ന്.

ഉദാഹരണത്തിന് നിസ്കരിക്കണം എന്ന് അല്ലാഹു നമ്മോട് കല്‍പ്പിച്ചിട്ടുണ്ട്. അതില്‍ നിന്ന് നിസ്കാരം അല്ലാഹുവിന് ഇഷ്ടമുള്ള കര്‍മ്മമാണെന്നും, അതൊരു ഇബാദതാണെന്നും  മനസ്സിലാക്കാം.

രണ്ട്: ഒരു പ്രത്യേക പ്രവൃത്തി ചെയ്തവനെ അല്ലാഹു -تَعَالَى- പുകഴ്ത്തിയാല്‍.

ഉദാഹരണത്തിന് തഖ്-വയുള്ളവരെയും അല്ലാഹുവിനെ സ്മരിക്കുന്നവരെയും ഖുര്‍ആനില്‍ പലയിടങ്ങളില്‍ അല്ലാഹു പുകഴ്ത്തിയിട്ടുണ്ട്. അതില്‍ നിന്ന് തഖ്-വയും അല്ലാഹുവിനെ സ്മരിക്കലും ഇബാദതാണെന്ന് മനസ്സിലാക്കാം.

മൂന്ന്: അല്ലാഹുവിന് തൃപ്തികരമാണെന്ന് ദ്വനിപ്പിക്കുന്ന രൂപത്തില്‍ ചിലരെ കുറിച്ച് പ്രസ്താവിച്ചാല്‍.

ഉദാഹരണത്തിന് അസ്വ്ഹാബുല്‍ കഹ്ഫിന്റെ സംഭവം അല്ലാഹു ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്ലാഹുവിന് തൃപ്തിയുള്ള രൂപത്തിലാണ് അവന്‍ ഖുര്‍ആനില്‍ പറഞ്ഞത്. ഇത് അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന് ഇഷ്ടമുള്ളതാണെന്നും, അവ ഇബാദതുകള്‍ ആണെന്നും അറിയിക്കുന്നു.

നാല്: ഒരു പ്രവൃത്തിക്ക് നല്ല പ്രതിഫലം ലഭിക്കുമെന്ന് അല്ലാഹു -تَعَالَى- അറിയിച്ചാല്‍.

ഉദാഹരണത്തിന് സ്വദഖ നല്‍കുന്നവര്‍ക്ക് മഹത്തരമായ പ്രതിഫലം സ്വര്‍ഗത്തില്‍ അല്ലാഹു ഒരുക്കി വെക്കുമെന്ന് ഖുര്‍ആനിലും ഹദീസിലും കാണാം. അതില്‍ നിന്ന് സ്വദഖ ഇബാദതാണെന്ന് മനസ്സിലാക്കാം.

ഇങ്ങനെ ഇബാദതാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സമര്‍പ്പിക്കാന്‍ പാടില്ല. അതാണ്‌ ശിര്‍ക്. തൌഹീദിനെ നശിപ്പിക്കുന്ന, എല്ലാ കര്‍മ്മങ്ങളെയും തകര്‍ത്തു കളയുന്ന തിന്മയാണ് ശിര്‍ക് എന്ന് കഴിഞ്ഞ കുറിപ്പുകളില്‍ നാം മനസ്സിലാക്കിയിട്ടുണ്ട്.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: