രണ്ട്: സുന്നത്ത് കൊണ്ടുള്ള വിശദീകരണം.
നബി-ﷺ-യുടെ വാക്കുകളെയും പ്രവര്‍ത്തിക്കളെയും അംഗീകാരങ്ങളെയുമാണ് സുന്നത്ത് എന്ന് വിശേഷിപ്പിക്കുന്നത്. ഈ മൂന്ന് മാര്‍ഗങ്ങളിലൂടെയും നബി -ﷺ- ഖുര്‍ആനിനെ വിശദീകരിച്ചിട്ടുണ്ട്. അതിന് ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുമുണ്ട്.
നബി-ﷺ-യുടെ വിശദീകരണമില്ലാതെ ഖുര്‍ആന്‍ മനസ്സിലാക്കുക എന്നത് സാധ്യമേയല്ല. ഖുര്‍ആനിന് വിശദീകരണം ആവശ്യമേയില്ലായിരുന്നെങ്കില്‍ 23 വര്‍ഷക്കാലത്തെ നബി-ﷺ-യുടെ ജീവിതത്തിന്റെയോ, അവിടുത്തെ മാര്‍ഗദര്‍ശനത്തിന്റെയോ ആവശ്യം തന്നെയുണ്ടാകുമായിരുന്നില്ല. ഖുര്‍ആന്‍ ഒരു ഏടിലാക്കി എത്തിച്ചു കൊടുത്തതിന് ശേഷം നിങ്ങള്‍ക്ക് മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു കൊള്ളൂ എന്ന് പറയേണ്ട ആവശ്യമേ ഉണ്ടാകുമായിരുന്നുള്ളൂ.
ഖുര്‍ആന്‍ വിശദീകരണത്തിന് ഹദീഥിന്റെ ആവശ്യമില്ലെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ ഖുര്‍ആനിന്റെ കല്‍പ്പനകളെ തന്നെയാണ് നിഷേധിക്കുന്നത്. അല്ലാഹു-تَعَالَى-യാണ് ഖുര്‍ആന്‍ വിശദീകരിച്ചു നല്‍കണമെന്ന് നബി-ﷺ-യോട് കല്‍പ്പിച്ചത്. നമ്മെക്കാള്‍ അറബിയില്‍ പരിജ്ഞാനവും, ബുദ്ധിപരമായ കഴിവും, ഓര്‍മ്മശക്തിയും, അല്ലാഹുവിനെ ഭയവുമുണ്ടായിരുന്ന ഒരു സമൂഹത്തിന് പോലും നബി-ﷺ-യുടെ വിശദീകരണം ആവശ്യമായി വന്നെങ്കില്‍ നമുക്കെന്തു മാത്രം അതാവശ്യമായിരിക്കണം?!
“നിനക്ക് നാം ഈ ദിക്ര്‍ (ഉല്‍ബോധനം) അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (നഹ്ല്‍: 44)
ജനങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വിശദീകരിച്ചു നല്‍കുന്നതിന് വേണ്ടിയാണ് ഖുര്‍ആന്‍ നിനക്ക് നാം അവതരിപ്പിച്ച് തന്നിരിക്കുന്നതെന്ന അല്ലാഹുവിന്റെ ഈ വചനത്തില്‍ നിന്ന് ഖുര്‍ആന്‍ വിശദീകരണത്തില്‍ സുന്നത്തിനുള്ള പങ്ക് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
മാത്രമല്ല, നബി-ﷺ-യുടെ വാക്കുകള്‍ വഹ്–യിന്റെ അടിസ്ഥാനത്തിലാണെന്ന് അല്ലാഹു -تَعَالَى- തന്നെയാണ് അറിയിച്ചത്. അവന്‍ പറഞ്ഞു:
“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്–യ് (ബോധനം) ആയി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (നജ്മ്: 4)
ചുരുക്കത്തില്‍, പ്രമാണമെന്ന നിലക്ക് പരിഗണിക്കുമ്പോള്‍ ഖുര്‍ആനും സുന്നത്തും ഒരേ പദവിയിലാണ് നിലകൊള്ളുന്നത്. ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിച്ചിരിക്കേണ്ട അടിസ്ഥാനങ്ങളില്‍ പരമ പ്രധാനമാണ് ഹദീഥുകള്‍.
ഖുര്‍ആനിനെ നബി -ﷺ- വിശദീകരിച്ചതിന് പല ഉദാഹരണങ്ങളുണ്ട്. വ്യത്യസ്ത രൂപങ്ങള്‍ അവിടുന്ന് അതിനായി സ്വീകരിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ നബി -ﷺ- ആയത്തുകള്‍ പാരായണം ചെയ്തു കൊണ്ട് അതിന്റെ അര്‍ഥവും വിശദീകരണവും പറഞ്ഞു കൊടുക്കാറുണ്ട്.
അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു ഒരു അടിമയെ സ്നേഹിച്ചാല്‍ അവന്‍ ജിബ്രീലിനെ വിളിച്ചു കൊണ്ട് പറയും: ‘ഹേ ജിബ്രീല്‍! ഞാന്‍ ഇന്ന അടിമയെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ നീയും അവനെ സ്നേഹിക്കുക.” അപ്പോള്‍ ജിബ്രീല്‍ ആകാശലോകത്ത് ഇക്കാര്യം വിളിച്ചു പറയും. അങ്ങനെ ഭൂമിയില്‍ ഈ മനുഷ്യന്റെ മേല്‍ സ്നേഹം വന്നിറങ്ങും. അല്ലാഹുവിന്റെ ആയത്ത് ഇതിനെ കുറിച്ചാണ് പറയുന്നത്:
“ഈമാന്‍ സ്വീകരിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് റഹ്മാനായ (റബ്ബ്) സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്; തീര്‍ച്ച.” (മര്‍യം: 96) (തിര്‍മിദി: 3161)
അല്ലാഹു -تَعَالَى- മുഅ്മിനീങ്ങള്‍ക്ക് സ്നേഹം ഉണ്ടാക്കി കൊടുക്കും എന്നതിനെ നബി -ﷺ- തന്റെ വാക്കുകള്‍ കൊണ്ട് വിശദീകരിച്ചതാണ് നാം മേലെ കണ്ടത്.
ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി നബി -ﷺ- ഖുര്‍ആന്‍ വിശദീകരിച്ചു നല്‍കും. ‘ദ്വുല്‍മ്’ എന്ന പദം നബി -ﷺ- വിശദീകരിച്ച ഹദീഥ് മുന്‍പ് കഴിഞ്ഞു പോയിട്ടുണ്ട്. സ്വഹാബികള്‍ക്ക് ആയത്തിന്റെ വിശദീകരണം മനസ്സിലാകാതെ വന്നപ്പോഴാണ് നബി -ﷺ- പ്രസ്തുത വിശദീകരണം നല്‍കിയത്.
ചിലപ്പോല്‍ നബി -ﷺ- അവിടുത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഖുര്‍ആന്‍ വിശദീകരിച്ചു നല്‍കും. നബി-ﷺ-യുടെ വഫാതിനെ കുറിച്ചുള്ള സൂചനകളുമായി അവതരിച്ച സൂറ. നസ്വ്–റിന്റെ ആയത്തുകള്‍ ഈ പറഞ്ഞതിനൊരു ഉദാഹരണമാണ്. പ്രസ്തുത സൂറതിന്റെ അവസാനത്തില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:
“നീ നിന്റെ റബ്ബിന് ഹംദ് (അല്‍ഹംദുലില്ലാഹ്) പറയുന്നതോടൊപ്പം തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലുക. അവനോട് നീ ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടുകയും ചെയ്യുക.” (നസ്വ്–ര്‍: 3)
ഈ ആയത്ത് അവതരിച്ചതിന് ശേഷം -ആഇഷ -ِرَضِيَ اللَّهُ عَنْهَا- പറഞ്ഞതു പോലെ- നബി -ﷺ- അവിടുത്തെ നിസ്കാരങ്ങളില്‍ റുകൂഇലും സുജൂദിലും ഇപ്രകാരം പ്രാര്‍ഥിക്കാന്‍ തുടങ്ങി.
“നിനക്കുള്ള ഹംദിനോടൊപ്പം ഞാന്‍ നിനക്ക് തസ്ബീഹ് ചൊല്ലുന്നു. അല്ലാഹുവേ! നീ എനിക്ക് പൊറുത്തു തരേണമേ!”
ആയത്തിലെ പദങ്ങളോട് തീര്‍ത്തും യോജിച്ചു നില്‍ക്കുന്ന രൂപത്തിലുള്ള പ്രാര്‍ഥനയാണ് നബി -ﷺ- നിസ്കാരത്തില്‍ ചൊല്ലിയത്. അവിടുന്ന് തന്റെ പ്രവര്‍ത്തിയിലൂടെ ഈ ആയത്തിന്റെ വിശദീകരണം പഠിപ്പിച്ചു നല്‍കുകയായിരുന്നു.
ഖുര്‍ആനിന്റെ തഫ്സീര്‍ മനസ്സിലാക്കി നല്‍കുന്നതില്‍ നബി-ﷺ-യുടെ ഹദീഥുകള്‍ വഹിക്കുന്ന പങ്ക് മതവിജ്ഞാനവുമായി നേരിയ ബന്ധമെങ്കിലുമുള്ള ആര്‍ക്കും തള്ളിക്കളയുക സാധ്യമല്ല. അത് നിഷേധിക്കുന്നവന്‍ ഒന്നല്ലെങ്കില്‍ ദീനിനെ കുറിച്ച് ഒന്നും അറിയാത്ത വിഡ്ഢിയാണ്; അല്ലെങ്കില്‍ ഇസ്‌ലാമിനെയും മുസ്‌ലിമീങ്ങളെയും വഞ്ചിക്കാനുദ്ദേശിക്കുന്ന കപടനാണ്.