മൂന്ന്: സ്വഹാബികളുടെ വാക്കുകള്‍ കൊണ്ടുള്ള വിശദീകരണം:

നബി-ﷺ-യെ കണ്ടുമുട്ടുകയും, ഇസ്‌ലാമില്‍ വിശ്വസിക്കുകയും, മുഅ്മിനായി തന്നെ മരണപ്പെടുകയും ചെയ്തവരാണ് സ്വഹാബികള്‍. അവര്‍ക്ക് ഇസ്‌ലാമില്‍ വളരെ മഹത്തരമായ സ്ഥാനമുണ്ട്. അവരുടെ വാക്കുകളെ മുസ്‌ലിം സമൂഹത്തിലെ ചില പണ്ഡിതന്മാര്‍ തെളിവുകളായി പരിഗണിക്കുക വരെ ചെയ്തിട്ടുണ്ട്.

വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണത്തില്‍ സ്വഹാബികളുടെ വാക്കുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. അവര്‍ക്ക് ശേഷം വന്ന ആരെക്കാളും ഖുര്‍ആനിന്റെ വിഷയത്തില്‍ അഭിപ്രായം പറയാന്‍ അവകാശമുള്ളത് സ്വഹാബികള്‍ക്കാണ്. കാരണം;

1- നബി-ﷺ-യുടെ മേല്‍ ഖുര്‍ആന്‍ അവതരിക്കുന്നതിന് സാക്ഷികളായവരാണ് സ്വഹാബികള്‍. ഏതു സാഹചര്യങ്ങളിലും സന്ദര്‍ഭങ്ങളിലുമാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് എന്ന് മറ്റാരെക്കാളും അറിവുള്ളത് സ്വഹാബികള്‍ക്കാണ്.

2- അതോടൊപ്പം, അവരുടെ ഭാഷാശൈലിയിലും സംസാര രീതിയിലുമാണ് ഖുര്‍ആന്‍ അവതരിച്ചത്. പില്‍ക്കാലക്കാരായ അറബികള്‍ക്ക് ഈ തനിമ ക്രമേണയായി നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

3- ഖുര്‍ആനിന്റെ അഭിസംബോധകരായ സമൂഹത്തെ -അറബികളെയും യഹൂദ-നസ്വ്റാനികളെയും- നേരിട്ട് അറിയുകയും, അവരെ ഏതെല്ലാം വിഷയങ്ങളിലാണ് അല്ലാഹു -تَعَالَى- ആക്ഷേപിച്ചത് എന്നും അവര്‍ക്ക് വ്യക്തമായി അറിയാം. മറ്റുള്ളവര്‍ക്കുള്ളതിനെക്കാള്‍ വ്യക്തമായ വിവരം അവര്‍ക്ക് ഇക്കാര്യങ്ങളിലുണ്ട്.

4- എല്ലാറ്റിനും മുകളില്‍, പില്‍ക്കാലക്കാരെക്കാള്‍ നിഷ്കളങ്കമായ ഹൃദയവും, ഉദ്ദേശ ശുദ്ധിയും അവര്‍ക്കുണ്ടായിരുന്നു. ഇസ്‌ലാമിനെ അതിന്റെ പ്രാരംഭദശയില്‍ -പ്രതിസന്ധികളും പരീക്ഷണങ്ങളും ശക്തമായി അലട്ടിയിരുന്ന വേളയില്‍- ഹൃദയത്തോട് ചേര്‍ത്തവരാണ് സ്വഹാബികള്‍. അവര്‍ക്ക് ഈ മതത്തോടുള്ള ഗുണകാംക്ഷ പില്‍ക്കാലക്കാരില്‍ പൊതുവെ ഉണ്ടായിട്ടില്ല.

സ്വഹാബികള്‍ ഖുര്‍ആനിന് തഫ്സീര്‍ പറഞ്ഞ സംഭവങ്ങള്‍ ധാരാളമുണ്ട്. തഫ്സീറിന്റെ ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ എമ്പാടും ഇക്കാര്യം കാണാന്‍ സാധിക്കും. അവരുടെ തഫ്സീറിന്റെ പ്രധാന അവലംബങ്ങള്‍ അഞ്ചു കാര്യങ്ങളായിരുന്നു. ഖുര്‍ആന്‍, ഹദീഥ്, അറബി ഭാഷ, അഹ്ലുല്‍ കിതാബ് (യഹൂദ-നസ്വ്റാനികളാകുന്ന വേദക്കാര്‍), ഇജ്തിഹാദ് എന്നിവയാണവ.

ഇവയോരോന്നും പ്രത്യേകം വിശദീകരിക്കുന്നത് ലേഖന ദൈര്‍ഘ്യം അധികരിപ്പിക്കുമെന്ന് ഭയക്കുന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. എങ്കിലും വേദക്കാരുടെ വാക്കുകള്‍ എപ്രകാരമാണ് സ്വഹാബികള്‍ തഫ്സീറിന് അവലംബമാക്കിയത് എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

സ്വഹാബികള്‍ വേദക്കാര്‍ നിവേദനം ചെയ്തിരുന്ന കഥകളെയും ചരിത്രങ്ങളെയും ഖുര്‍ആന്‍ തഫ്സീറിന്റെ കാര്യത്തില്‍ ചിലപ്പോള്‍ അവലംബമാക്കാറുണ്ടായിരുന്നു. ഖുര്‍ആന്‍ വിശദീകരിക്കുമ്പോള്‍ ചിലപ്പോള്‍ അത്തരം നിവേദനങ്ങള്‍ അവര്‍ ഉദ്ധരിക്കാറുമുണ്ടായിരുന്നു.

എന്നാല്‍ ഇതിന്റെ അര്‍ഥം -ആ പറയുന്നതെല്ലാം- അവര്‍ പൂര്‍ണമായി അംഗീകരിക്കുകയും സത്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നല്ല. കഅ്ബുല്‍ അഹ്ബാര്‍, അബുല്‍ ജില്‍ദ് പോലുള്ള തൗറാതില്‍ വിവരമുണ്ടായിരുന്ന ചിലരോട് ഇബ്‌നു അബ്ബാസിനെ പോലുള്ള സ്വഹാബികള്‍ ചോദ്യങ്ങള്‍ ചോദിച്ചത് ത്വബരിയുടെയും മറ്റും തഫ്സീറില്‍ സ്ഥിരപ്പെട്ടിട്ടുമുണ്ട്. തഫ്സീറില്‍ ഇത്തരം ‘ഇസ്രാഈലിയ്യാതു’കളുടെ വിധിയെന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതുണ്ട്. അത് മറ്റൊരു അവസരത്തിലാകാം. ഇന്‍ഷാ അല്ലാഹ്.

‘ഇജ്തിഹാദ്’ തഫ്സീറിന്റെ അവലംബമായിരുന്നു എന്നതിന്റെ അര്‍ഥം അവര്‍ ഖുര്‍ആനില്‍ വൈജ്ഞാനികമായ മര്യാദകള്‍ പാലിച്ചു കൊണ്ട് ഗവേഷണം നടത്താറുണ്ടായിരുന്നു എന്നാണ്.

സ്വഹാബികളുടെ തഫ്സീര്‍ -സ്ഥിരപ്പെട്ട സനദോടെ വന്നിട്ടുള്ളവ- പല രൂപത്തിലുണ്ട്. അവക്കോരോന്നിനും വ്യത്യസ്തമായ വിധികളുമാണുള്ളത്.

1- പൂര്‍ണമായും സ്വീകരിക്കപ്പെടേണ്ടത്.

സബബുന്നുസൂല്‍ (ആയതുകള്‍ അവതരിക്കപ്പെട്ട സാഹചര്യങ്ങള്‍), ഗയ്ബിയ്യായ (സൃഷ്ടികള്‍ക്ക് മറഞ്ഞ കാര്യങ്ങള്‍) വിഷയങ്ങള്‍ പോലുള്ളവ ഉദാഹരണം. ഇത്തരം കാര്യങ്ങള്‍ സ്വഹാബികള്‍ പറഞ്ഞാല്‍ അത് നബി -ﷺ- പറഞ്ഞതു പോലെ തന്നെയാണ്. കാരണം, ഖുര്‍ആന്‍ ഏത് സന്ദര്‍ഭത്തിലാണ് അവതരിച്ചത്, പരലോകത്ത് ഇന്നയിന്ന കാര്യങ്ങള്‍ സംഭവിക്കും എന്നത് പോലുള്ളവ ബുദ്ധി കൊണ്ട് ആലോചിച്ച് കണ്ടെത്താവുന്ന വിഷയമല്ല.

എന്നാല്‍, ചില പണ്ഡിതന്മാര്‍ വേദക്കാരില്‍ നിന്ന് നിവേദനം ചെയ്യുന്ന സ്വഹാബികളാണെങ്കില്‍ അവരുടെ വാക്കുകളെ ഇപ്രകാരം പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. കാരണം, അവര്‍ ചിലപ്പോള്‍ അത് വേദക്കാരില്‍ നിന്ന് സ്വീകരിച്ചതായേക്കാം.

സ്വഹാബികളില്‍ ആരെങ്കിലും ഒരാള്‍ ‘ഇജ്തിഹാദ്’ ചെയ്യുകയും, അത് മറ്റു സ്വഹാബികളെല്ലാം അംഗീകരിക്കുകയും ചെയ്താല്‍ അത്തരം ഗവേഷണങ്ങളും പൂര്‍ണമായി സ്വീകരിക്കപ്പെടേണ്ടതാണ്. കാരണം, സ്വഹാബികളുടെ ഇജ്മാഅ് (ഒരു പ്രത്യേക വിഷയത്തിലുള്ള യോജിപ്പ്) തെളിവാണ്.

സ്വഹാബികള്‍ അറബി ഭാഷാ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഖുര്‍ആനിന് നല്‍കിയ തഫ്സീറുകളും ഇതു പോലെ തന്നെ. കാരണം, ഖുര്‍ആനിന്റെ ഭാഷ മറ്റാരെക്കാളും അറിയാവുന്നത് അവര്‍ക്കാണ്. അതിനാല്‍ ആരെക്കാളും മുന്‍ഗണന ഇക്കാര്യത്തിലും അവര്‍ക്കാണുള്ളത്.

2- തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലാത്തവ.

അഹ്ലുല്‍ കിതാബുകാരുടെ ഗ്രന്ഥങ്ങളുടെ വിധിയാണിത്. ഖുര്‍ആനിനോ സുന്നത്തിനോ എതിരായി വന്നിട്ടില്ലാത്ത, വേദക്കാരുടെ ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ള വിഷയങ്ങള്‍ -ചരിത്രം, കഥകള്‍, ഉപമകള്‍ പോലുള്ളവ- കളവാക്കാനോ സത്യപ്പെടുത്താനോ പോകേണ്ടതില്ല. അവരുടെ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി സ്വഹാബികള്‍ ഖുര്‍ആനിന് നല്‍കിയ തഫ്സീറുകളുടെയും വിധി ഇത് തന്നെയാണ്.

3- പരിശോധന നടത്തേണ്ടവ.

സ്വഹാബികള്‍ ഖുര്‍ആനിന്റെ വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങളില്‍ അവര്‍ക്കിടയില്‍ യോജിപ്പ് വന്നവയുടെ വിധി മുന്‍പ് പറഞ്ഞു കഴിഞ്ഞു. എന്നാല്‍, അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വന്നു കഴിഞ്ഞാല്‍ തെളിവുകളോട് കൂടുതല്‍ യോജിക്കുന്നതെന്ന് മനസ്സിലാകുന്ന അഭിപ്രായം സ്വീകരിക്കുകയാണ് വേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്വഹാബിയുടെ വാക്ക് മറ്റൊരു സ്വഹാബിയുടെ വാക്കിനെതിരെ തെളിവല്ല. രണ്ട് പേര്‍ക്കും തുല്യ പരിഗണന തന്നെയാണുള്ളത്.

എന്നാല്‍, ഏതെങ്കിലും ഒരു സ്വഹാബി തഫ്സീറില്‍ ഒരു അഭിപ്രായം പറയുകയും, അതിനെ ആരും എതിര്‍ത്തതായി സ്ഥിരപ്പെടാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അത് സ്വീകരിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച്, പില്‍ക്കാരക്കാരായ താബിഈങ്ങളും മറ്റും അത് സ്വീകരിച്ചിട്ടുണ്ടെങ്കില്‍.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment