ചില ചോദ്യങ്ങളും ഉത്തരങ്ങളും:

  • റമദാനിന്റെ പകലാണെന്ന കാര്യം മറന്നു കൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്റെ മേല്‍ കഫാറത് നിര്‍ബന്ധമാണോ?

റമദാനിന്റെ പകല്‍ ആണെന്ന കാര്യം ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു മറക്കുക എന്നത് വളരെ വിദൂരമായി മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ്. അഥവാ, അങ്ങനെ സംഭവിച്ചു എങ്കില്‍ അവരുടെ മേല്‍ നോമ്പ് നോറ്റ് വീട്ടലോ, കഫാറതോ നിര്‍ബന്ധമില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. കാരണം, മറന്നു കൊണ്ട് സംഭവിക്കുന്ന തെറ്റുകള്‍ അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു.

  • പൂര്‍ണമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും, ബാഹ്യകേളികളാല്‍ തന്നെ സ്ഖലനം സംഭവിച്ചു. എന്റെ മേല്‍ കഫാറത് നിര്‍ബന്ധമാകുമോ?

ഇത്തരം അവസ്ഥകളില്‍ അവന്റെ നോമ്പ് മുറിയുമെങ്കിലും, അയാളുടെ മേല്‍ കഫാറത് നിര്‍ബന്ധമാവുകയില്ല. കാരണം, പരസ്പരം ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കുന്ന തരത്തിലുള്ള ലൈംഗികബന്ധത്തിലാണ് നബി -ﷺ- മേല്‍ പറഞ്ഞ കഫാറത് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ അതിന് താഴെയുള്ള കാര്യങ്ങളില്‍ ഈ കഫാറത് ബാധകമാകുമെന്നതിന് തെളിവില്ല. അതിനാല്‍ അവന്‍ നോമ്പ് നോറ്റ് വീട്ടുകയും, അല്ലാഹുവിനോട് തൌബ തേടുകയും ചെയ്‌താല്‍ മതി; കഫാറത് നല്‍കേണ്ടതില്ല.

  • റമദാനിന്റെ പല പകലുകളില്‍ പല തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ധാരാളം നോമ്പുകള്‍ എനിക്ക് ഇപ്രകാരം നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നോമ്പുകള്‍ക്കെല്ലാം പകരമായി ഒരു തവണ കഫാറത് നല്‍കിയാല്‍ മതിയോ?

മതിയാകില്ല! ഓരോ ദിവസത്തിനും ഓരോ തവണ കഫാറത് നല്‍കണം. അഞ്ചു നോമ്പുകള്‍ ഈ രൂപത്തില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട് എങ്കില്‍ അഞ്ചു നോമ്പുകള്‍ക്കും പകരമായി താങ്കള്‍ കഫാറത് നല്‍കണം.

  • റമദാനിന്റെ ഒരു പകലില്‍ പല തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എത്ര തവണ കഫാറത് നല്‍കണം?

റമദാനിന്റെ ഒരു പകലില്‍ പല തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും അവന്‍ ഒരു തവണ കഫാറത് നല്‍കിയാല്‍ മതി. എന്നാല്‍, ഓരോ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും തെറ്റിന്റെ ഗൌരവവും മ്ലേഛതയും അധികരിപ്പിക്കും എന്നതോര്‍ക്കുക.

-ശ്രദ്ധിക്കുക!- കഫാറത് നല്‍കിയതിന് ശേഷം വീണ്ടും അതേ ദിവസം തന്നെ അവന്‍ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വീണ്ടും അവന്‍ കഫാറത് നല്‍കണം.

ഉദാഹരണത്തിന്; ഒരാള്‍ റമദാനിന്റെ പകലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; അതേ ദിവസം ഉടനെ തന്നെ അയാള്‍ കഫാറത് നല്‍കുകയും ചെയ്തു. അടിമയെ മോചിപ്പിക്കുകയോ, അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയോ ചെയ്തു. പിന്നീട് വീണ്ടും -മഗ്രിബ് ആകുന്നതിന് മുന്‍പ്- ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍; വീണ്ടും കഫാറത് നല്‍കണം.

എന്നാല്‍ മേലെ പറഞ്ഞത് പോലെ, കഫാറത് നല്‍കുന്നതിന് മുന്‍പാണ് അയാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ രണ്ടു തവണകള്‍ക്കും പകരമായി ഒരു തവണ കഫാറത് നല്‍കിയാല്‍ മതി.

  • റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടുന്നതിനിടയില്‍ പകല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്റെ മേല്‍ കഫാറത് ഉണ്ടോ?

ഇല്ല! താങ്കള്‍ അന്നേ ദിവസത്തെ നോമ്പ് മറ്റൊരു ദിവസം നോറ്റ് വീട്ടിയാല്‍ മതി. കാരണം, കഫാറത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഖുര്‍ആന്‍ അവതരിച്ച മാസമായ റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ അതിന്റെ മഹത്വം കെടുത്തിയതിനാണ്. ഈ ഗൌരവം മറ്റു ദിവസങ്ങളില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനില്ല.

എന്നാല്‍ മേല്‍ പറഞ്ഞത് നിര്‍ബന്ധ നോമ്പ് കാരണമില്ലാതെ ഒഴിവാക്കുന്നത് യാതൊരു തെറ്റും ഉള്ള കാര്യമല്ല എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കരുത്. അതിന് ഗൌരവമുണ്ട്. എന്നാല്‍ റമദാനിന്റെ പകലില്‍ സംഭവിക്കുന്നത്ര ഗൌരവമില്ലെന്ന് മാത്രം.

  • റമദാനിന്റെ പകലില്‍ നോമ്പ് മുറിച്ചാലുള്ള കഫാറത് മേലെ വിശദീകരിച്ചു കണ്ടു. എനിക്ക് രണ്ട് മാസം നോമ്പ് എടുക്കാനും, അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും കഴിയും. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്താല്‍ മതിയാകുമോ?

പറ്റില്ല. രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാന്‍ താങ്കള്‍ക്ക് കഴിയുമെങ്കില്‍ അത് തന്നെ ചെയ്യണം. അതിന് സാധ്യമല്ലെങ്കില്‍ മാത്രമേ അടുത്ത കഫാറതിലേക്ക് -അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നതിലേക്ക്- താങ്കള്‍ക്ക് പോകാന്‍ കഴിയൂ.

കാരണം, റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നതിനുള്ള കഫാറത് ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്നതല്ല. അല്ലാഹു -تَعَالَى- നിശ്ചയിച്ച ക്രമത്തില്‍ തന്നെ ചെയ്യേണ്ടതാണ്. ആദ്യത്തെ പടിയിലുള്ളത് സാധിക്കില്ലെങ്കില്‍ മാത്രമേ അടുത്തതിലേക്ക് പോകാന്‍ കഴിയൂ.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; കഫാറതായി രണ്ടു മാസം നോമ്പെടുത്തു. ഇനി നഷ്ടപ്പെട്ട നോമ്പ് കടം വീട്ടേണ്ടതു കൂടെയുണ്ടോ?

അതെ! കഫാറതായി രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് എടുത്തത് കൊണ്ട് മാത്രം നഷ്ടപ്പെട്ട നോമ്പിന്റെ കടം ഒഴിവാവുകയില്ല. അത് മറ്റേതെങ്കിലും ദിവസം എടുത്തു വീട്ടുക തന്നെ വേണം. അടിമയെ മോചിപ്പിച്ചാലും, അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം കൊടുത്താലും, കഫാറത് നല്‍കാന്‍ കഴിയാത്തതിനാല്‍ അല്ലാഹുവിനോട്‌ പശ്ചാത്താപം തേടുക മാത്രം ചെയ്തിട്ടുള്ളൂവെങ്കിലും; ഈ പറഞ്ഞത് ഒരു പോലെ തന്നെ. നഷ്ടപ്പെട്ട നോമ്പ് അവന്‍ എന്തായാലും നോറ്റ് വീട്ടണം.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; കഫാറതായി രണ്ടു മാസം നോമ്പെടുത്ത് തുടങ്ങി. എന്നാല്‍, ഈ ദിവസങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യേണ്ടി വന്നു; അപ്പോള്‍ നോമ്പ് മുറിക്കാമോ? അത് നോമ്പിന്റെ തുടര്‍ച്ചയെ ബാധിക്കുമോ?

ഇല്ല. മതപരമായി നോമ്പ് മുറിക്കാന്‍ അനുവാദം നല്‍കപ്പെട്ട എന്തു കാരണങ്ങളാലും നോമ്പ് മുറിക്കാം. ഉദാഹരണത്തിന്; യാത്ര, രോഗം പോലുള്ള കാര്യങ്ങള്‍. (നോമ്പ് മുറിക്കാന്‍ ഇളവ് നല്‍കപ്പെട്ടവര്‍ എന്ന ലേഖനം വായിക്കുക.) ഇത്തരം കാരണങ്ങള്‍ കൊണ്ട് നോമ്പ് മുറിച്ചാല്‍ അത് നോമ്പിന്റെ തുടര്‍ച്ചയെ ഇല്ലാതാക്കില്ല.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; കഫാറതായി രണ്ടു മാസം നോമ്പെടുത്ത് തുടങ്ങി. എന്നാല്‍, ഒരു ദിവസം മതപരമായ ഒഴിവുകഴിവ് ഒന്നുമില്ലാതെ നോമ്പ് മുറിക്കേണ്ടി വന്നു. ഇനി എന്താണ് ചെയ്യേണ്ടത്?

വീണ്ടും താങ്കള്‍ രണ്ടു മാസത്തെ നോമ്പ് ആരംഭിക്കണം. ഇത് വരെ നോറ്റ നോമ്പുകളുടെ തുടര്‍ച്ച മുറിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പെടുക്കണം എന്നത് റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള കഫാറതിന്റെ നിബന്ധനകളില്‍ പെട്ടതാണ്.

  • റമദാനിന്റെ പകലില്‍ യാത്രക്കാരനായിരുന്നത് കൊണ്ട് നോമ്പ് എടുത്തിട്ടില്ലായിരുന്നു. ഈ പകലില്‍ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ?

അതെ! യാത്രക്കാര്‍ക്ക് നോമ്പ് മുറിക്കാനുള്ള അനുവാദം ഉണ്ട്. ഭക്ഷണം കഴിച്ചോ, വെള്ളം കുടിച്ചോ ഒക്കെ അവര്‍ക്ക് നോമ്പ് ഒഴിവാക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇതേ നിയമം തന്നെയാണ്. അത് കൊണ്ട് അവനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റ് വീട്ടുക എന്നതല്ലാതെ മറ്റൊന്നും നിര്‍ബന്ധമില്ല. അവന്‍ കഫാറത് നല്‍കേണ്ടതില്ല. വല്ലാഹു അഅലം.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; കഫാറതായി രണ്ടു മാസം നോമ്പെടുത്ത് തുടങ്ങി. എന്നാല്‍, ഒരു ദിവസം മതപരമായ ഒഴിവുകഴിവ് ഒന്നുമില്ലാതെ നോമ്പ് മുറിക്കേണ്ടി വന്നു. ഇനി എന്താണ് ചെയ്യേണ്ടത്?

വീണ്ടും താങ്കള്‍ രണ്ടു മാസത്തെ നോമ്പ് ആരംഭിക്കണം. ഇത് വരെ നോറ്റ നോമ്പുകളുടെ തുടര്‍ച്ച മുറിഞ്ഞിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു മാസം നോമ്പെടുക്കണം എന്നത് കഫാറതിന്റെ നിബന്ധനകളില്‍ പെട്ടതാണ്.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു. എന്തു ചെയ്യണം?

റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് വളരെ ഗുരുതരമായ തിന്മയാണ്. അതിന്റെ ഗൌരവം ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.

അയാള്‍ നിങ്ങളുടെ ഉപദേശത്തിന് ചെവി കൊടുക്കാതിരിക്കുകയും, വീണ്ടും ശക്തമായി നിര്‍ബന്ധിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും എന്നാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് സംഭവിക്കുന്നതിന്റെ പാപഭാരമില്ല. നിങ്ങളുടെ നോമ്പ് -അയാളുമായി ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും- നിഷ്ഫലമായിട്ടില്ല എന്നതാണ് ശരി.

ഈ ദിവസത്തിന് പകരമായി നിങ്ങള്‍ നോമ്പ് എടുക്കുകയോ, കഫാറത് നല്‍കുകയോ ഒന്നും ചെയ്യേണ്ടതില്ല. കാരണം നിങ്ങള്‍ -മേലെ വിശദീകരിച്ചത് പോലെ- നിര്‍ബന്ധിതാവസ്ഥയില്‍ നോമ്പ് മുറിച്ചതാണ്.

എന്നാല്‍, റമദാനിന്റെ പകലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന ഗുരുതരമായ തെറ്റ് ചെയ്ത ഭര്‍ത്താവ് അതിന്റെ കഫാറത് നിര്‍വ്വഹിക്കുകയും, അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും ചെയ്യേണ്ടതാണ്.

  • സുന്നത് നോമ്പ് നോല്‍ക്കുന്നതിന് ഇടയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്തു ചെയ്യണം?

അയാളുടെ മേല്‍ നോമ്പ് നോറ്റ് വീട്ടലോ, കഫാറതോ ഒന്നും ബാധ്യതയില്ല. അയാള്‍ ഉദ്ദേശിക്കുന്നെങ്കില്‍ നോമ്പ് മറ്റൊരു ദിവസം വീണ്ടും നോല്‍ക്കാം. എന്നാല്‍ അതും അയാളുടെ മേല്‍ നിര്‍ബന്ധമില്ല.

  • നോമ്പിന്റെ പകലില്‍ ഭാര്യയെ ചുംബിച്ചപ്പോള്‍ മദിയ്യ് പുറത്തു വന്നു. എന്താണ് ചെയ്യണ്ടത്?

മദിയ്യ് പുറത്തു വന്നാല്‍ നോമ്പ് മുറിയില്ലെന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. അതിനാല്‍ മേല്‍ പറഞ്ഞ അവസ്ഥയില്‍ നോമ്പ് മുറിഞ്ഞിട്ടില്ല. എന്നാല്‍, മനിയ്യ്‌ പുറത്തു വന്നാലാകട്ടെ; നോമ്പ് മുറിയുകയും ചെയ്യും. അവന്‍ നഷ്ടപ്പെട്ട നോമ്പ് നോറ്റ് വീട്ടുകയും ചെയ്യേണ്ടതാണ്.

  • റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭാര്യയും ഭര്‍ത്താവും കഫാറത് നല്‍കണോ? അതല്ല; ഒരാള്‍ മാത്രം നല്‍കിയാല്‍ മതിയോ?

ഭര്‍ത്താവിന്റെ ശക്തമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭാര്യ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അത് അവരുടെ നോമ്പിനെ ബാധിക്കുകയില്ല എന്നു മേലെ വിശദീകരിച്ചു കഴിഞ്ഞല്ലോ? എന്നാല്‍ ഭാര്യയുടെ കൂടെ സമ്മതത്തോടെയാണ് റമദാനിന്റെ പകലില്‍ ലൈംഗികബന്ധം നടന്നത് എങ്കില്‍ അവളുടെ മേല്‍ കഫാറത് നിര്‍ബന്ധമാണോ അല്ലെ?

രണ്ട് അഭിപ്രായങ്ങള്‍ പണ്ഡിതന്മാര്‍ക്ക് ഉണ്ട്. വേണ്ടതില്ലെന്നും വേണമെന്നും പറഞ്ഞവരുണ്ട്. കൂടുതല്‍ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത് ഭാര്യയുടെ മേലും കഫാറത് നിര്‍ബന്ധമാകും എന്ന അഭിപ്രായമാണ്. വലിയൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായവും അത് തന്നെയാണ്.

കാരണം, ഇസ്‌ലാമിലെ നിയമങ്ങള്‍ പുരുഷന്മാര്‍ക്ക് ബാധകമാകുന്നത് പോലെ തന്നെ സ്ത്രീകള്‍ക്കും ബാധകമാണ്. അല്ലയെന്നുണ്ടെങ്കില്‍ അതിന് പ്രത്യേകം തെളിവ് വേണ്ടതുണ്ട്. അത് ഈ വിഷയത്തില്‍ വന്നിട്ടുമില്ല. അതിനാല്‍, ഭാര്യയും ഭര്‍ത്താവും കഫാറത് നല്‍കല്‍ നിര്‍ബന്ധമാണ്‌.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്‌ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

10 Comments

  • 60 ആളുകൾക്കുള്ള കഫാറത് ഭാര്യയും ഭർത്താവും വേറെ വേറെ നല്കണോ, അത് നൽകേണ്ടത് രണ്ടാളും കൂടി 120 ആളുകൾക്കാണോ എങ്ങനെയാണത്. ഒന്ന് വിശദീകരിക്കാമോ

  • ഒരാൾ വെള്ളം കുടിച്ചു നോമ്പ് മുറിച്ചു ഭാര്യറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ (അതിന് വേണ്ടിയാണു അവൻ നോമ്പ് മുറിച്ചത് )പ്രാഷ്ചിത്തം ഉണ്ടാവുമോ?

  • അതെ. ശരിയാകും. നോമ്പിന് നിയ്യത് വെക്കാൻ ശുദ്ധി വേണ്ടതില്ല.

  • 1.രാത്രി ജനാബത്കരനവുകയും ശുദ്ധിയാവാതെ നിയത്ത് വെച്ചാൽ നോമ്പ് സ്വീകരിക്കുമോ.

  • ചോദ്യം: തലമുടിയിലും താടിരോമത്തിലും എണ്ണ ഉണ്ടായിരിക്കെ വുളു എടുത്താൽ വുളു ശരിയാകുമോ? ഉത്തരം: വെള്ളം തടുത്തു നിർത്താത്ത രൂപത്തിലുള്ള വെളിച്ചണ്ണയോ മറ്റോ ആണെങ്കിൽ അത് വുദ്വുവിനെ ബാധിക്കുകയില്ല.

    ചോദ്യം: ഞാൻ ഗവണ്മെന്റ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകളുമായി സംസാരിക്കുന്നതിന്റെയും ഇടപഴകുന്നതിന്റെയും വിധി എന്താണ്? ഉത്തരം: അത്യാവശ്യത്തിന് സ്ത്രീകളുമായി സംസാരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അനാവശ്യമായുള്ള സംസാരങ്ങളോ, തെറ്റുകളിലേക്ക് നയിക്കുന്നതോ ആയ സംസാരങ്ങൾ പാടില്ല. അന്യസ്ത്രീകളുമായി ഇടപഴകുക എന്നതും ഒഴിവാക്കേണ്ടതാണ്. ഈ വിഷയത്തിൽ അൽ-അസ്വാല വെബ്സൈറ്റിൽ വന്ന ലേഖനങ്ങളും പ്രസംഗങ്ങളും കണ്ടെത്താൻ ശ്രമിക്കുക. വല്ലാഹു അഅ്ലം.

  • 1.തലമുടിയിലും താടിരോമത്തിലും എണ്ണ ഉണ്ടായിരിക്കെ വുളു എടുത്താൽ വുളു
    ശരിയാകുമോ?
    2.ഞാൻ ഗവണ്മെന്റ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകളുമായി സംസാരിക്കുന്നതിന്റെയും ഇടപഴകുന്നതിന്റെയും വിധി എന്താണ്?

  • വളരെ ഗുരുതരമായ തെറ്റാണ് അത്. ഇസ്ലാമികമായ വിലക്കുകള്‍ക്ക് പുറമെ അത്തരം കാര്യങ്ങള്‍ പിന്നീട് സ്റ്റോര്‍ ചെയ്യപ്പെടാനും മറ്റും കാരണമാകും എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.

  • ഐഎംഒ ,വാട്‌സ് ആപ് പോലെയുള്ള വിഡിയോ ചാറ്റിംഗ് വഴി ഭാര്യയുടെ ലൈന്ഗികത കാണുന്നതിന്റെ ഇസ്ലാമിക വിധി എന്ത്?

  • അതെ. അന്നത്തെ നോമ്പ് ഉണ്ടായിരിക്കും.

  • നോമ്പിനു നിയ്യത്ത് വെച്ച് ജനാബത്ത് കാരനായിരിക്കേ ഉറങ്ങിപ്പോയി. പിന്നെ അറിയുന്നത് സുര്യൻ ഉദിച്ച ശേഷമാണ്. അന്നത്തെ നോമ്പുണ്ടാകുമോ

Leave a Comment