ഗ്രന്ഥങ്ങള്‍

അഭിപ്രായ വ്യത്യാസങ്ങളില്‍…- അബ്ദു റഹ്മാന്‍ ബിന്‍ നാസ്വിര്‍ അല്‍-ബര്‍റാക്ക്

[എന്തിനാണ് അല്ലാഹു നമ്മെ പടച്ചത്?]

അല്ലാഹു -تَعَالَى- പറഞ്ഞു:

تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١﴾ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ﴿٢﴾

“ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ അസീസും ഗഫൂറും ആകുന്നു.” (അല്‍-മുല്‍ക് : 1,2)

അല്ലാഹു -تَعَالَى- പറഞ്ഞു:

إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾

“തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി.” (അല്‍-കഹ്ഫ്: 7)

അല്ലാഹു -تَعَالَى- പറഞ്ഞു:

وَهُوَ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى الْمَاءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۗ

“ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്.” (ഹൂദ് :7)

എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചതിന് പിന്നിലുള്ള അല്ലാഹുവിന്റെ യുക്തി അടിമകളെ പരീക്ഷിക്കുക എന്നതാണെന്ന് ഈ ആയത്തുകള്‍ അറിയിക്കുന്നു. സല്‍കര്‍മ്മികളെ ദുഷ്കര്‍മ്മികളില്‍ നിന്ന് വേര്‍തിരിക്കുകയും, ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് ആരാണെന്ന് വ്യക്തമാകുന്നതിനും വേണ്ടിയാണ് ഈ സൃഷ്ടിപ്പ്.

അതിനാല്‍ ഈ ജീവിതം പരീക്ഷണത്തിന്റെ വേദിയാണ്. ഈ ജീവിതയാത്ര ആരംഭിച്ചതു പോലും പരീക്ഷണത്തോടെയാണ്. ഇബ്ലീസിനെ കൊണ്ട് ആദം-عَلَيْهِ السَّلَامُ-യെ പരീക്ഷിച്ചതു മുതല്‍ അത് ആരംഭിച്ചിട്ടുണ്ട്.

അഹങ്കാരവും അസൂയയും കാരണത്താല്‍ ആദമിന് സുജൂദ് ചെയ്യാന്‍ ഇബ്ലീസ് വിസമ്മതിക്കുകയും, മനുഷ്യരുടെ ആദിമ പിതാവിനെയും മാതാവിനെയും അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, ഒരു മരത്തില്‍ നിന്ന് ഭക്ഷിക്കുന്നത് അവരോട് വിലക്കുകയും, ഇബ്ലീസിനെ കൊണ്ട് അവരെ രണ്ട് പേരെയും അല്ലാഹു പരീക്ഷിക്കുകയും, ഇബ്ലീസ് അവരെ വഞ്ചിക്കുകയും, ആ മരത്തില്‍ നിന്ന് ഭക്ഷിക്കുന്നത് അലങ്കാരമാക്കി അവര്‍ക്ക് തോന്നിപ്പിക്കുകയും ചെയ്തതു മുതല്‍ ഈ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞു:

فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢﴾ قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾ قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤﴾

“അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി.

അവര്‍ ഇരുവരെയും വിളിച്ച് അവരുടെ റബ്ബ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും ശ്വൈത്വാന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?

അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ ജീവിതസൗകര്യങ്ങളുമുണ്ട്.” (അല്‍-അഅ്റാഫ് :22-24)

ആദമിനെയും അദ്ദേഹത്തിന്റെ ഇണയെയും ഇബ്ലീസിനെയും അല്ലാഹു ഭൂമിയിലേക്ക് അയച്ചു. അവിടന്നങ്ങോട്ട് ഭൂമിയിലെ പരീക്ഷണങ്ങളുടെ യാത്ര ആരംഭിച്ചു.

അല്ലാഹു അവന്റെ അടിമകളെ അവര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ കൊണ്ട് പരീക്ഷിക്കും. നന്മ കൊണ്ടും തിന്മ കൊണ്ടും അവരെ പരീക്ഷിക്കും. അവരില്‍ പെട്ട ചിലരെ കൊണ്ട് മറ്റു ചിലരെ പരീക്ഷിക്കും. അല്ലാഹുവിന്റെ ശത്രുക്കളെ കൊണ്ട് അവന്റെ ഔലിയാക്കളെ അവന്‍ പരീക്ഷിക്കും. അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് അവന്റെ ഔലിയാക്കള്‍ പരീക്ഷണമായിരിക്കും.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَكَذَ‌ٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوا أَهَـٰؤُلَاءِ مَنَّ اللَّهُ عَلَيْهِم مِّن بَيْنِنَا ۗ أَلَيْسَ اللَّهُ بِأَعْلَمَ بِالشَّاكِرِينَ ﴿٥٣﴾

“അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ എന്ന് അവര്‍ പറയുവാന്‍ വേണ്ടിയത്രെ അത്. നന്ദി കാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?” (അല്‍-അന്‍ആം: 53)

അല്ലാഹു അവന്റെ വിധികളും വിലക്കുകളും അവതരിപ്പിച്ചിട്ടുള്ള അവന്റെ മതനിയമങ്ങള്‍ കൊണ്ടും അവരെ പരീക്ഷിക്കും.

ഈ പരീക്ഷണത്തിന്റെ പാതയിലൂടെ ആദം-عَلَيْهِ السَّلَامُ-യും അദ്ദേഹത്തിന്റെ സന്തതികളും സഞ്ചരിച്ചു. അവരുടെ യാത്ര അവസാനിക്കുമ്പോള്‍ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള സന്മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുന്നവരും, അവന്റെ ഏകത്വം (തൗഹീദ്) അംഗീകരിക്കുന്നവരുമായിരുന്നു അവര്‍.

[ഭിന്നിപ്പിന്റെ ആരംഭം]

ഇപ്രകാരം (പരീക്ഷണത്തില്‍ വിജയികളായി) പത്തു തലമുറകള്‍ കഴിഞ്ഞു പോയി; അവരെല്ലാം തൗഹീദുള്ളവരായിരുന്നു. താഴെ നല്‍കിയ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- ഇപ്രകാരമാണ് പറഞ്ഞത്.

كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٢١٣﴾

“മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ ഈമാനുള്ളവര്‍ക്ക് സ്വര്‍ഗത്തെ കുറിച്ച്) സന്തോഷവാര്‍ത്ത അിറയിക്കുവാനും, (കാഫിറുകള്‍ക്ക് നരകത്തെ കുറിച്ച്) താക്കീത് നല്‍കുവാനുമായി അല്ലാഹു റസൂലുകളെ നിയോഗിച്ചു. (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ വേദഗ്രന്ഥവും അവന്‍ അയച്ചുകൊടുത്തു.

എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ അനുമതിപ്രകാരം ഈമാന്‍ സ്വീകരിച്ചവര്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.” (അല്‍-ബഖറ: 213)

ഇബ്നു അബ്ബാസ് ഈ ആയത്തിന്റെ വിശദീകരണത്തില്‍ പറഞ്ഞു: “ആദം-عَلَيْهِ السَّلَامُ-ക്കും നൂഹ്-عَلَيْهِ السَّلَامُ-ക്കും ഇടയില്‍ പത്ത് തലമുറകളുടെ വിടവുണ്ടായിരുന്നു. അവരെല്ലാവരും സത്യമതത്തിലായിരുന്നു. പിന്നീട് അവര്‍ ഭിന്നിക്കുകയാണുണ്ടായത്. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും, താക്കീത് ചെയ്യുന്നവരുമായി റസൂലുകളെ അയച്ചു.”

അങ്ങനെ (അവര്‍ ഭിന്നിച്ചപ്പോള്‍) അല്ലാഹു -تَعَالَى- നൂഹ് നബി-عَلَيْهِ السَّلَامُ-യെ അദ്ദേഹത്തിന്റെ സമൂഹത്തെ താക്കീത് ചെയ്യുന്നതിന് വേണ്ടിയും, അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ച് ഭയപ്പെടുത്തുന്നതിനുമായി അയച്ചു. തൊള്ളായിരത്തി അന്‍പത് വര്‍ഷം അവര്‍ക്കിടയില്‍ നൂഹ് നബി -عَلَيْهِ السَّلَامُ- കഴിച്ചു കൂട്ടി. അല്ലാഹു ഉദ്ദേശിച്ച അവന്റെ ചില ദാസന്മാര്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ ﴿٣٦﴾

“നിന്റെ ജനതയില്‍ നിന്ന് ഈമാന്‍ സ്വീകരിച്ചവരല്ലാതെ ഇനിയാരും മുഅ്മിനാവുകയില്ല; അതിനാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത് എന്ന് നൂഹിന് സന്ദേശം നല്‍കപ്പെട്ടു.” (ഹൂദ് :36)

[അടിസ്ഥാനപരമായ ഭിന്നിപ്പ്]

അവിടന്നങ്ങോട്ട് ചരിത്രത്തില്‍ ജനങ്ങള്‍ രണ്ടു വിഭാഗം ആളുകളായി വേര്‍തിരിഞ്ഞു.

1 – സത്യവിശ്വാസികള്‍ (മുഅ്മിനുകള്‍).

2 – സത്യനിഷേധികള്‍/അമുസ്ലിംകള്‍ (കാഫിറുകള്‍).

(ഈ ഭിന്നത പരിഹരിക്കുന്നതിനായി) റസൂലുകള്‍ അയക്കപ്പെട്ടപ്പോഴെല്ലാം ജനങ്ങള്‍ അവരുടെ ക്ഷണത്തോട് സ്വീകരിച്ച സമീപനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു കക്ഷികളായി.

1 – നബിമാരുടെ പ്രബോധനത്തിന് ഉത്തരം നല്‍കിയ മുഅ്മിനുകള്‍.

2 – നബിമാരുടെ പ്രബോധനത്തിന് എതിര് പറഞ്ഞ കാഫിറുകള്‍.

അല്ലാഹുവിലേക്കുള്ള പ്രബോധനത്തിന്റെ യാത്രയും ചരിത്രവും എക്കാലവും ഇപ്രകാരം തന്നെയാണ് തുടര്‍ന്നു പോന്നത്.

അല്ലാഹു -تَعَالَى- പറഞ്ഞു:

ثُمَّ أَنشَأْنَا مِن بَعْدِهِمْ قُرُونًا آخَرِينَ ﴿٤٢﴾ مَا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ ﴿٤٣﴾ ثُمَّ أَرْسَلْنَا رُسُلَنَا تَتْرَىٰ ۖ كُلَّ مَا جَاءَ أُمَّةً رَّسُولُهَا كَذَّبُوهُ ۚ فَأَتْبَعْنَا بَعْضَهُم بَعْضًا وَجَعَلْنَاهُمْ أَحَادِيثَ ۚ فَبُعْدًا لِّقَوْمٍ لَّا يُؤْمِنُونَ ﴿٤٤﴾

“പിന്നെ അവര്‍ക്ക് ശേഷം വേറെ തലമുറകളെ നാം വളര്‍ത്തിയെടുത്തു. ഒരു സമുദായവും അതിന്റെ അവധി വിട്ട് മുന്നോട്ട് പോകുകയോ പിന്നോട്ട് പോകുകയോ ഇല്ല. പിന്നെ നാം നമ്മുടെ റസൂലുകളെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്റെ അടുക്കലും അവരിലേക്കുള്ള റസൂല്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ ഒന്നിനു പുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത (കാഫിറുകളായ) ജനങ്ങള്‍ക്ക് നാശം!” (മുഅ്മിനൂന്‍: 42-44)

ജനങ്ങള്‍ എപ്പോഴും രണ്ടാലൊരു വിഭാഗമാണ്;

ഒന്നല്ലെങ്കില്‍ മുഅ്മിന്‍; അല്ലെങ്കില്‍ കാഫിര്‍.

ഒന്നല്ലെങ്കില്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍; അല്ലെങ്കില്‍ അവനെ ധിക്കരിക്കുന്നവന്‍.

ഒന്നല്ലെങ്കില്‍ നന്മകള്‍ ചെയ്യുന്നവന്‍; അല്ലെങ്കില്‍ തിന്മകളുടെ വക്താവ്.

ഈ രണ്ട് കക്ഷികളും ഇഹലോകത്തും പരലോകത്തും ഇപ്രകാരം തന്നെയായിരിക്കും.

ഈമാനിന്റെയും കുഫ്റിന്റെയും ഇടയിലുള്ള; അനുസരണത്തിന്റെയും ധിക്കാരത്തിന്റെയും ഇടയിലുള്ള; സൂക്ഷ്മതയുടെയും (തഖ്വ) തെമ്മാടിത്തത്തിന്റെയും (ഫുജൂര്‍) ഇടയിലുള്ള ഈ ഭിന്നത ഗൗരവകരമായ ഭിന്നതയാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٢﴾

“അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ കാഫിറുണ്ട് (അമുസ്ലിം). നിങ്ങളുടെ കൂട്ടത്തില്‍ മുഅ്മിനുമുണ്ട്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു.” (അത്തഗാബുന്‍ :2)

(ഈ ഭിന്നിപ്പ്) അല്ലാഹുവിന്റെ നിശ്ചയവും, അവന്റെ തീരുമാനവുമാണ്. അതിന്റെ പിന്നില്‍ അവന് വളരെ വലിയ ഉദ്ദേശമുണ്ട്. ഈ ഭിന്നതയുടെ പേരിലാണ് പരസ്പരമുള്ള ശത്രുതയും യുദ്ധയും വേറിട്ട് നില്‍ക്കലും ഉണ്ടാകുന്നത്.

കാരണം ഇത് അടിസ്ഥാനപരമായ ഭിന്നതയാണ്; ഈമാനിന്റെയും കുഫ്റിന്റെയും പേരിലുള്ള ഭിന്നതയാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَوْ شَاءَ اللَّهُ مَا اقْتَتَلَ الَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ وَلَـٰكِنِ اخْتَلَفُوا فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ ۚ وَلَوْ شَاءَ اللَّهُ مَا اقْتَتَلُوا وَلَـٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ ﴿٢٥٣﴾

“അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ (റസൂലുകളുടെ) ശേഷം വന്നവര്‍ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും (അന്യോന്യം) പോരടിക്കുമായിരുന്നില്ല. എന്നാല്‍ അവര്‍ ഭിന്നിച്ചു. അങ്ങനെ അവരില്‍ ഈമാന്‍ സ്വീകരിച്ചവരും കുഫ്ര്‍ സ്വീകരിച്ചവരും ഉണ്ടായി. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് പ്രവര്‍ത്തിക്കുന്നു.” (അല്‍-ബഖറ :253)

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

3 Comments

    • ഇന്‍ഷാ അല്ലാഹ്. ശ്രമിക്കാം. ഇപ്പോള്‍ സൈറ്റില്‍ ലഭ്യമായ ലേഖനങ്ങള്‍:

      * അല്ലാഹുവിന്‍റെ നാമങ്ങള്‍ പഠിക്കേണ്ടത് എങ്ങനെ? http://alaswala.com/asma-how-to-learn/

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ:

%d bloggers like this: