കുട്ടികള്‍ക്ക് പേരിടുമ്പോള്‍

പിതാവ് മരണപ്പെട്ടു; കുട്ടിയെ ഉമ്മയിലേക്ക് ചേര്‍ത്തി പറയാമോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

കുട്ടിയെ ചേര്‍ത്തി പറയേണ്ടത് പിതാവിലേക്കാണ്. വളര്‍ത്തു പിതാവിലേക്കോ ഉമ്മയിലേക്കോ ഭര്‍ത്താവിലേക്കോ ഭാര്യയിലേക്കോ ഒന്നുമല്ല ഒരാളുടെയും പേര് ചേര്‍ത്തേണ്ടത്. ഇത് ഇസ്ലാമില്‍ സ്ഥിരപ്പെട്ട നിയമങ്ങളില്‍ ഒന്നാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّـهِ ۚ

“നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌.” (അഹ്സാബ്: 5)

മാത്രമല്ല, ഖിയാമത് നാളില്‍ ഓരോ മനുഷ്യനും അവന്റെ പിതാവിലെക്ക് ചേര്‍ത്ത് കൊണ്ടാണ് വിളിക്കപ്പെടുക എന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

عَنِ ابْنِ عُمَرَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا جَمَعَ اللَّهُ الْأَوَّلِينَ وَالْآخِرِينَ يَوْمَ الْقِيَامَةِ، يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ، فَقِيلَ: هَذِهِ غَدْرَةُ فُلَانِ بْنِ فُلَانٍ»

നബി -ﷺ- പറഞ്ഞു: “അല്ലാഹു -تَعَالَى- ആദ്യ കാലക്കാരെയും അവസാനകാലക്കാരെയും ഖിയാമത് നാളില്‍ ഒരുമിച്ചു കൂട്ടിയാല്‍; എല്ലാ വഞ്ചകര്‍ക്കും (അവരെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍) ഒരു പതാക നാട്ടപ്പെടും. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഇത് ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണ്.” (മുസ്ലിം: 1735)

പിതാവിലെക്ക് ചേര്‍ത്തി പറയുക എന്നതില്‍ മതപരവും ഭൌതികവുമായ അനേകം ഉപകാരങ്ങളും ഉണ്ട്. പൊതുവെ പിതാവായിരിക്കും ജനങ്ങള്‍ക്കിടയിലും അങ്ങാടിയിലും പുറം നാടുകളിലുമൊക്കെ അറിയപ്പെട്ടവനായിരിക്കുക. അതു കൊണ്ട് കുട്ടി സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പിതാവിന്റെ പേരിലാണ് അറിയപ്പെടാന്‍ എളുപ്പമുണ്ടാകുക. അത് അവന് ബന്ധങ്ങള്‍ ഉണ്ടാക്കുവാനും, സഹായങ്ങളും സഹകരണങ്ങളും നേടിയെടുക്കാനും എളുപ്പം നല്കകയും ചെയ്യും. (അവലംബം: തസ്മിയതുല്‍ മൌലൂദ്/ബക്ര്‍ അബൂ സയദ്)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: