ഇസ്‌ലാം ദീനിന്റെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ട ഒരു കാര്യം അത് ഒരോരുത്തര്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ അങ്ങേയറ്റത്തെ ശ്രദ്ധ വെച്ചു പുലര്‍ത്തിയിട്ടുണ്ട് എന്നതാണ്. ആദരിക്കപ്പെടേണ്ടവന്‍ ആദരിക്കപ്പെടണം. നിന്ദിക്കപ്പെടേണ്ടവന്‍ നിന്ദിക്കപ്പെടണം. മാതാവിനുള്ള സ്ഥാനമല്ല പിതാവിനുള്ളത്. പിതാവിനുള്ള സ്ഥാനമല്ല സഹോദരനുള്ളത്. സഹോദരനെ പരിഗണിക്കുന്ന പോലെയല്ല മകനെ ശ്രദ്ധിക്കേണ്ടത്. ഒരോരുത്തര്‍ക്കും അര്‍ഹമായ സ്ഥാനം; കുറവോ കൂടുതലോ അതിലില്ല.

ഭരണാധികാരികള്‍ ഇസ്‌ലാമിക സമൂഹത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന വിഭാഗമാണ്. അവര്‍ക്ക് നല്‍കേണ്ട സ്ഥാനവും പരിഗണനയും നല്‍കുന്നതില്‍ ഇസ്‌ലാം ഒരു അശ്രദ്ധയും പുലര്‍ത്തിയിട്ടില്ല. അല്ല! മറ്റൊരു മതത്തിലും കാണപ്പെടാത്ത രൂപത്തില്‍ ഈ ദീന്‍ ഭരണാധികാരികളെ പരിഗണിക്കുകയും അവരുടെ അവകാശം വകവെച്ചു കൊടുക്കാന്‍ ഭരണീയരോട് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഹാഫിദ്വ് അബൂആസ്വിം ഇസ്‌ലാമിക അഖീദ (വിശ്വാസം) വിശദീകരിക്കുന്ന തന്റെ ‘അസ്സുന്ന’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയത്തില്‍ ധാരാളം തെളിവുകള്‍ നല്‍കിയതായി കാണാം. അവയില്‍ ചിലത് താഴെ നല്‍കാം.

عَنْ مُعَاذِ بْنِ جَبَلٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «خَمْسٌ مَنْ فَعَلَ وَاحِدَةً مِنْهُنَّ كَانَ ضَامِنًا عَلَى اللَّهِ عَزَّ وَجَلَّ: مَنْ عَادَ مَرِيضًا، أَوْ خَرَجَ مَعَ جَنَازَةٍ، أَوْ خَرَجَ غَازِيًا، أَوْ دَخَلَ عَلَى إِمَامِهِ يُرِيدُ تَعْزِيرَهُ وَتَوْقِيرَهُ، أَوْ قَعَدَ فِي بَيْتِهِ فَسَلِمَ النَّاسُ مِنْهُ وَسَلِمَ مِنَ النَّاسِ»

മുആദ്വ് -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “അഞ്ചു കാര്യങ്ങള്‍; അവയില്‍ ഒന്ന് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന് അല്ലാഹുവിങ്കല്‍ ഉറപ്പായ വാഗ്ദാനം ഉണ്ട്. [1] ആരെങ്കിലും ഒരു രോഗിയെ സന്ദര്‍ശിക്കുകയോ, ഒരു ജനാസയോടൊപ്പം പോവുകയോ, പോരാളിയായി (യുദ്ധത്തിന്) പുറപ്പെടുകയോ, തന്റെ ഭരണാധികാരിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന ഉദ്ദേശത്തോടെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയോ, തന്റെ വീട്ടില്‍ ഇരിക്കുകയും; അങ്ങനെ ജനങ്ങള്‍ അവനില്‍ നിന്നും അവന്‍ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടുകയോ ചെയ്താല്‍ [2] (അവന് അല്ലാഹുവിങ്കല്‍ ഉറപ്പായ വാഗ്ദാനം ഉണ്ട്).” (അഹ്മദ്: 5/241)

عَنْ أَبِي بَكَرَةَ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ أَكْرَمَ سُلْطَانَ اللَّهِ فِي الدُّنْيَا، أَكْرَمَهُ اللَّهُ يَوْمَ الْقِيَامَةِ، وَمَنْ أَهَانَ سُلْطَانَ اللَّهِ فِي الدُّنْيَا، أَهَانَهُ اللَّهُ يَوْمَ الْقِيَامَةِ»

­അബൂ ബക്റ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ സുല്‍ത്വാനെ (ഇസ്‌ലാമിക ഭരണാധികാരി) ദുനിയാവില്‍ വെച്ച് ആദരിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ ആദരിക്കും. ആരെങ്കിലും അല്ലാഹുവിന്റെ സുല്‍ത്വാനെ ദുനിയാവില്‍ വെച്ച് നിന്ദിച്ചാല്‍ അല്ലാഹു അവനെ ഖിയാമത് നാളില്‍ നിന്ദിക്കും.” (അഹ്മദ്: 20433)

­­മേലെ നല്‍കിയ ഹദീസില്‍ ഭരണാധികാരിയെ ആദരിക്കുന്നവര്‍ക്കുള്ള ശ്രേഷ്ഠതയും, അവരെ നിന്ദിക്കുന്നവര്‍ക്കുള്ള ശിക്ഷയും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഏതൊരു മുസ്‌ലിമിനെയും ഭരണാധികാരിയുടെ വിഷയത്തില്‍ സൂക്ഷ്മതയുള്ളവനാക്കാന്‍ മാത്രം ഗൌരവമേറിയ വാക്കുകള്‍ അവയിലെല്ലാം കാണാവുന്നതാണ്. അപ്പോള്‍ ഇസ്‌ലാമിക ഭരണാധികാരികളെ പരസ്യമായി ജനങ്ങള്‍ക്ക് മുന്‍പില്‍ പരസ്യമായി നിന്ദിക്കുകയും അവരുടെ കുറ്റങ്ങളും കുറവുകളും എടുത്തു പറഞ്ഞും ഉയര്‍ത്തി കാണിച്ചും നടക്കുന്നവരുടെ കാര്യമെന്താണ്?

അല്ലാഹു നമ്മെയേവരെയും അന്ത്യനാളില്‍ നിന്ദിക്കപ്പെടുന്ന അവസ്ഥയില്‍ എത്തുന്നതില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ.

عَنْ مُعَاوِيَةَ بْنِ أَبِي سُفْيَانَ قَالَ: لَمَّا خَرَجَ أَبُو ذَرٍّ إِلَى الرَّبْدَةِ لَقِيَهُ رَكْبٌ مِنْ أَهْلِ العِرَاقِ، فَقَالُوا: يَا أَبَا ذَرٍّ! قَدْ بَلَغَنَا الذِّي صُنِعَ بِكَ، فَاعْقِدْ لِوَاءً يَأْتِيكَ رِجَالٌ مَا شِئْتَ، قَالَ: «مَهْلاً مَهْلاً يَا أَهْلَ الإِسْلَامِ، فَإِنِّي سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «سَيَكُونُ بَعْدِي سُلْطَانٌ فَأَعِزُّوهُ، مَنِ الْتَمَسَ ذُلَّهُ ثَغَرَ ثَغْرَةً فِي الإِسْلَامِ، وَلَمْ يُقْبَلْ مِنْهُ تَوْبَةً، حَتَّى يُعِيدَهَا كَمَا كَانَتْ»

­മുആവിയ ബ്നു അബീ സുഫിയാന്‍ -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “അബൂ ദര്‍ -ِرَضِيَ اللَّهُ عَنْهُ- റബദയിലേക്ക് പുറപ്പെട്ടപ്പോള്‍ ഇറാഖില്‍ നിന്നുള്ള ഒരു സംഘം അദ്ദേഹത്തെ (വഴിയില്‍ വെച്ച്) കണ്ടു മുട്ടി. അവര്‍ പറഞ്ഞു: “ഹേ അബൂ ദര്‍! താങ്കളോട് ചെയ്തത് ഞങ്ങള്‍ അറിഞ്ഞു. താങ്കളൊരു പതാക ഉയര്‍ത്തുക. താങ്കള്‍ ഉദ്ദേശിക്കുന്നത്ര ആളുകള്‍ താങ്കളുടെ പിന്നില്‍ അണി നിരക്കും.” അദ്ദേഹം (അബൂ ദര്‍) പറഞ്ഞു: “അവധാനത! അവധാനത! അല്ലയോ ഇസ്‌ലാമിന്റെ വക്താക്കളെ! നബി -ﷺ- പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “എനിക്കു ശേഷം സുല്‍ത്വാന്‍ ഉണ്ടാകും. അപ്പോള്‍ അദ്ദേഹത്തെ നിങ്ങള്‍ ആദരിക്കുക. ആരെങ്കിലും അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ ഇസ്‌ലാമില്‍ ഒരു വിടവ് ഉണ്ടാക്കിയിരിക്കുന്നു. (ആ വിടവ്) പഴയ അവസ്ഥയിലേക്ക് മറക്കുന്നത് വരെ അവന്റെ തൌബ സ്വീകരിക്കപ്പെടുകയില്ല.” (ദ്വിലാലുല്‍ ജന്നഃ: 1079)

എന്തു കൊണ്ട് ഭരണാധികാരികള്‍ ആദരിക്കപ്പെടണം?

ഭരണാധികാരികളെ ബഹുമാനിക്കണമെന്ന് കല്‍പ്പിക്കുകയും, അവരെ ആക്ഷേപിക്കുന്നത് വിലക്കുകയും ചെയ്യുന്ന ഹദീസുകള്‍ വായിക്കുകയും, ഈ വിഷയത്തില്‍ അഹ്ലുസ്സുന്നതിന്റെ പണ്ഡിതന്മാര്‍ വിശദീകരിച്ച നിയമങ്ങളിലൂടെ കണ്ണോടിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഈ നിയമങ്ങള്‍ക്ക് പിന്നിലുള്ള ചില മഹത്തരമായ ഹിക്മതുകള്‍ മനസ്സിലാകാതെ പോകില്ല.

ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ വളരെ വലിയ ഉപകാരങ്ങള്‍ ഭരണീയര്‍ക്ക് തന്നെ ലഭിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിലുള്ള ഇസ്‌ലാമിക നിയമങ്ങള്‍ ലംഘിക്കപ്പെട്ട നാടുകള്‍ പരിശോധിച്ചാല്‍ അവിടങ്ങളില്‍ ഏറ്റവും പ്രയാസം അനുഭവിക്കുന്നത് ഭരണീയര്‍ തന്നെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ആധുനിക മുസ്‌ലിം രാജ്യങ്ങളുടെ സങ്കടകരമായ അവസ്ഥകള്‍ ഈ പറഞ്ഞതിന് ഏറ്റവും വലിയ തെളിവാണ്.

അല്ലാഹു എല്ലാ മുസ്‌ലിംകളുടെയും പ്രയാസങ്ങള്‍ നീക്കി നല്‍കുകയും, അവരെ അല്ലാഹുവിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യട്ടെ.

قَالَ الامَامُ القَرَافِيُّ: قَاعِدَةُ ضَبْطِ المَصَالِحِ العَامَّةِ وَاجِبٌ وَلَا يَنْضَبِطُ إِلَّا بِعَظَمَةِ الأَئِمَّةِ فِي نَفْسِ الرَّعِيَّةِ، وَمَتَى اخْتَلَفَتْ عَلَيْهِمْ -أَوْ أُهِينُوا- تَعَذَّرَتْ المَصْلَحَةُ.

ഇമാം ഖറാഫി -رَحِمَهُ اللَّهُ- പറഞ്ഞു: “പൊതുവായ (ജനങ്ങള്‍ക്കെല്ലാം ഒരു പോലെ ലഭിക്കുന്ന) ഉപകാരങ്ങള്‍ ശരിയായ വിധം നിലനിര്‍ത്തല്‍ നിര്‍ബന്ധമാണ്‌. ഭരണാധികാരികളെ കുറിച്ച് ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആദരവും ബഹുമാനവും നിലനിന്നാലല്ലാതെ അവ ശരിയാംവണ്ണം സംരക്ഷിക്കപ്പെടുകയില്ല. അത് എപ്പോള്‍ ഇല്ലാതാകുകയും, ഭരണാധികാരികള്‍ നിന്ദിക്കപ്പെടുകയും ചെയ്‌താല്‍ അതോടെ (എത്രയോ പൊതുവായ) ഉപകാരങ്ങള്‍ ഇല്ലാതെയാകും.” (അദ്ദഖീറ: 13/234)

ശൈഖ് മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍-ഉസൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഭരണാധികാരികളോടുള്ള ഇടപാടുകളില്‍ സലഫുകളുടെ രീതിശാസ്ത്രം മനസ്സിലാക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഭരണാധികാരികള്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ ജനങ്ങളെ ഇളക്കി വിടാനുള്ള മാര്‍ഗമായി സ്വീകരിക്കുന്നതും, ഭരണാധികാരികളില്‍ നിന്ന് ജനങ്ങളുടെ ഹൃദയങ്ങളെ അകറ്റുന്നതും തനിച്ച കുഴപ്പമുണ്ടാക്കലാണ്. ജനങ്ങള്‍ക്ക് ഇടയില്‍ ഫിത്‌-ന ഉണ്ടാകാനുള്ള അടിസ്ഥാനപരമായ കാരണങ്ങളില്‍ ഒന്നുമാണത്.

ഭരണാധികാരികള്‍ക്കെതിരെ (ദേഷ്യവും വെറുപ്പും) ജനങ്ങളുടെ മനസ്സില്‍ നിറക്കുക എന്നത് അനേകം തിന്മകളും ഫിത്‌-നയും (കുഴപ്പം) അരാജകത്വവും നിര്‍മ്മിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ക്കെതിരെ മനസ്സുകളില്‍ വെറുപ്പ് നിറക്കുക എന്നതും അവരുടെ സ്ഥാനം കുറച്ചു കാണിക്കലാണ്. അതാകട്ടെ; അവര്‍ ചുമക്കുന്ന മതത്തിന്റെ സ്ഥാനം കുറക്കലുമാണ്.

അതു കൊണ്ട് ആരെങ്കിലും പണ്ഡിതന്മാരുടെയും ഭരണാധികാരികളുടെയും സ്ഥാനം കുറക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്‍ മതത്തെയും (നാട്ടില്‍ നിലനില്‍ക്കുന്ന) സമാധാനത്തെയും തകര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കാരണം ഇങ്ങനെ ചെയ്‌താല്‍ പിന്നെ പണ്ഡിതന്മാര്‍ സംസാരിച്ചാല്‍ ജനങ്ങള്‍ അവരുടെ വാക്ക് വിശ്വസിക്കാതെയാകും. ഭരണാധികാരികള്‍ സംസാരിച്ചാലാകട്ടെ; അവരുടെ വാക്കുകളെ ജനങ്ങള്‍ ധിക്കരിക്കാനും കാരണമാകും. അതോടെ (നാട്ടില്‍) തിന്മയും കുഴപ്പവും ആരംഭിക്കുകയും ചെയ്യും.

അതിനാല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമായിട്ടുള്ളത് സലഫുകള്‍ അധികാരമുള്ളവരോട് എപ്രകാരമാണ് പെരുമാറിയത് എന്ന കാര്യം പഠിക്കലാണ്‌. ഓരോ വ്യക്തിയും സ്വന്തത്തെ (ശരിയില്‍) പിടിച്ചു നിര്‍ത്താനും, (തന്റെ പ്രവര്‍ത്തനങ്ങളുടെ) പര്യവസാനം എന്തായിരിക്കുമെന്ന് അറിയാനും ശ്രമിക്കലും നിര്‍ബന്ധമാണ്‌.

ഭരണാധികാരികള്‍ക്കെതിരെ പ്രശ്നങ്ങള്‍ ഇളക്കി വിടുന്നവന്‍ ഇസ്‌ലാമിന്റെ ശത്രുക്കളെയാണ് സഹായിക്കുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അതിനാല്‍ വിപ്ലവത്തിലോ (ആളുകളെ) ഇളക്കി വിടുന്നതിലോ അല്ല കാര്യം. മറിച്ച് ഹിക്മത് (യുക്തി) പാലിക്കുന്നതിലാണ്.” (ഹുഖൂഖുര്‍ റാഈ വര്‍റഇയ്യ)

قَالَ سَهْلُ بْنُ عَبْدِ اللَّهِ التَّسْتُرِيُّ: «لَا يَزَالُ النَّاسُ بِخَيْرٍ مَا عَظَّمُوا السُّلْطَانَ وَالعُلَمَاءَ، فَإِنْ عَظَّمُوا هَذَيْنِ: أَصْلَحَ اللَّهُ دُنْيَاهُمْ وَأُخْرَاهُمْ، وَإِنْ اسْتَخَفُّوا بِهَذَيْنِ: أَفْسَدُوا دُنْيَاهُمْ وَأُخْرَاهُمْ»

അബ്ദുല്ലാഹ് അത്തസ്തുരി -رَحِمَهُ اللَّهُ- പറഞ്ഞു: “ഭരണാധികാരികളെയും പണ്ഡിതന്മാരെയും ആദരിക്കുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും. ഈ രണ്ടു കൂട്ടരെയും അവര്‍ ബഹുമാനിച്ചാല്‍ അല്ലാഹു അവരുടെ ദുനിയാവും ആഖിറവും നന്നാക്കി നല്‍കും. അവ രണ്ടും അവര്‍ നിന്ദ്യമായി കണ്ടാല്‍ തങ്ങളുടെ ദുനിയാവും ആഖിറവും അവര്‍ നശിപ്പിച്ചിരിക്കുന്നു.” (തഫ്സീറുല്‍ ഖുര്‍ത്വുബി: 5/260-261)

അല്ലാഹു ശൈഖിന്റെ മേല്‍ കാരുണ്യം ചൊരിയട്ടെ! എത്ര മഹത്തരമായ കാര്യമാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങള്‍ ഇതിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ എത്രയോ സുന്ദരമായ ജീവിതം ദുനിയാവിലും ആഖിറതിലും അല്ലാഹു അവര്‍ക്ക് നല്കുമായിരുന്നു. എന്നാല്‍ ദീനിനെ കുറിച്ച് വിവരമോ ദുനിയാവിലെ മര്യാദകളെ കുറിച്ച് അല്‍പമെങ്കിലും വിവരമോ ഇല്ലാത്തവര്‍ എന്തെല്ലാം പ്രശ്നങ്ങളാണ് സമൂഹത്തിന് സൃഷ്ടിക്കുന്നത്?! അവരുടെ വിഡ്ഢിത്തങ്ങള്‍ക്ക് വിലയായി എത്രയെത്ര സാധാരണക്കരുടെ രക്തവും സമ്പാദ്യവും അഭിമാനവുമാണ് നഷ്ടപ്പെടുകയും പിച്ചിച്ചീന്തി എറിയപ്പെടുകയും ചെയ്തത്?!

ഈ വിഷയം കൂടുതല്‍ മനസ്സിലാകാന്‍ ഹമ്പലി പണ്ഡിതനായ അബുല്‍ വഫാ ഇബ്‌നു അഖീല്‍ -رَحِمَهُ اللَّهُ- യുടെ ചരിത്രത്തില്‍ നിന്നൊരു സംഭവം എടുത്തു കൊടുക്കുന്നത് സഹായകമായേക്കും. ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- ഈ സംഭവം അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘ബദാഇഉല്‍ ഫവാഇദി’ല്‍ എടുത്തു കൊടുത്തിട്ടുണ്ട്.

ഇബ്‌നു അഖീല്‍ ഒരിക്കല്‍ സുല്‍ത്വാന് ഹസ്തദാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ -ഭരണാധികാരിയുടെ- കൈ ചുംബിച്ചു. ഈ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹം ആക്ഷേപിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം തിരിച്ചു ചോദിച്ചു: ഞാന്‍ എന്റെ പിതാവിന്റെ കൈ ചുംബിച്ചിരുന്നെങ്കില്‍ അതൊരു തെറ്റായി പരിഗണിക്കപ്പെടുമായിരുന്നോ; അതല്ല ശരിയായ പ്രവൃത്തി തന്നെ എന്നു വിശേഷിപ്പിക്കപ്പെടുമായിരുന്നോ? ജനങ്ങള്‍ പറഞ്ഞു: “അതെ! (അതൊരു ശരിയായ പ്രവൃത്തിയാകുമായിരുന്നു.” അപ്പോള്‍ അദ്ദേഹം പറഞ്ഞു: “പിതാവ് തന്റെ മക്കളെ മാത്രം പ്രത്യേകമായി വളര്‍ത്തി കൊണ്ടു വരികയേ ചെയ്യുന്നുള്ളൂ. എന്നാല്‍ ഭരണാധികാരി ലോകത്തെ മുഴുവന്‍ വളര്‍ത്തി കൊണ്ടു വരികയാണ് ചെയ്യുന്നത്. അദ്ദേഹമാണ് കൂടുതല്‍ ആദരിക്കപ്പെടാന്‍ അര്‍ഹന്‍.” (ബദാഇഉല്‍ ഫവാഇദ്: 3/176)

സുബ്ഹാനല്ലാഹ്!

ഇന്ന് ഭരണാധികാരികളോടൊപ്പം ഇരിക്കുന്ന പണ്ഡിതന്മാരുടെ ചിത്രം പ്രചരിപ്പിച്ചു അതിനടിയില്‍ ഒരു സാധാരണക്കാരനായ മുസ്‌ലിമിനെ കുറിച്ച് പോലും പറയാന്‍ അറക്കുന്ന വാക്കുകള്‍ എഴുതി വിടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ മുന്‍ഗാമികളായ പണ്ഡിതന്മാരുടെ ഇത്തരം ഉദ്ധരണികള്‍ വായിക്കുകയും പാഠം ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നെങ്കില്‍! അവര്‍ മനസ്സിലാക്കിയിരിക്കുന്നത് ഭരണാധികാരിയെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പുകയും, വായില്‍ തോന്നിയ ചീത്ത വാക്കുകളെല്ലാം പറയുകയും, സാധിക്കുമെങ്കില്‍ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത് വിട്ടാലേ അയാളൊരു ധൈര്യവാനായ പണ്ഡിതനാകൂ എന്നാണെന്ന് തോന്നുന്നു!

പലപ്പോഴും അവനവന്റെ ജോലിയുടെ കാര്യങ്ങളില്‍ ഇടപഴകേണ്ടി വന്നാല്‍ പോലും എത്ര സൂക്ഷ്മതയിലാണ് ജനങ്ങള്‍ പെരുമാറുന്നത്. അവനവന്റെ മുതലാളിയുടെ മുന്നില്‍ എത്ര ഭവ്യതയോടെയാണ് അവന്‍ നില്‍ക്കുന്നത്; അയാള്‍ ചിലപ്പോള്‍ എത്രയോ അതിക്രമങ്ങളും പരസ്യമായ തിന്മകളും ചെയ്യുന്നുണ്ടാകും. ഓരോ മാസവും കൈ നീട്ടി വാങ്ങുന്ന തുച്ഛം ശമ്പളത്തിന് വേണ്ടി അതൊക്കെ കണ്ടില്ലെന്നു നടിക്കാനും, മുതലാളിയെ ബഹുമാനിക്കാനും അവനറിയാം.

എന്നാല്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയും, അവരുടെ ദീനിന്റെയും ദുനിയാവിന്റെയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണാധികാരികളോട് അല്ലാഹു കല്‍പ്പിച്ച പ്രകാരം ആദരവോടെ നിലകൊള്ളുകയും ചെയ്യുന്ന ദീന്‍ പഠിച്ച പണ്ഡിതന്മാര്‍ അവന് ഭീരുക്കളും ചതിയന്മാരും സ്വാര്‍ത്ഥരും. എന്നാല്‍ ഇതേ വ്യക്തി അവന്റെ കേവലം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി എത്ര ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ഇത്തരം ഇരട്ടമുഖമുള്ള മുനാഫിഖുകളുടെ ഫിത്‌നയില്‍ നിന്ന് അല്ലാഹു -تَعَالَى- മുസ്‌ലിംകളെ രക്ഷിക്കട്ടെ.


[1] അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുമെന്നതാണ് ഉറപ്പായ വാഗ്ദാനം.

[2] അഞ്ചാമത് പറയപ്പെട്ട ഈ സ്വഭാവം ഫിത്‌-നയുടെ കാലഘട്ടത്തില്‍ പാലിക്കപ്പെടേണ്ടതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment