ഇസ്തിആദ; പദാര്‍ത്ഥങ്ങള്‍

ഇസ്തിആദത്തിന്റെ പദാര്‍ത്ഥങ്ങളും അവയുടെ വിവക്ഷയും പഠിക്കല്‍ വളരെ ആവശ്യമാണ്. അപ്പോള്‍ മാത്രമേ ഇസ്തിആദ ചൊല്ലുമ്പോള്‍ മനസ്സാന്നിധ്യം ഉണ്ടാവുകയുള്ളൂ. മാത്രമല്ല, അല്ലാഹുവിങ്കല്‍ പ്രാര്‍ത്ഥന സ്വീകാര്യമാകണമെങ്കിലും അര്‍ഥം അറിയല്‍ അനിവാര്യമാണ്.

‘അഊദു’ എന്ന പദത്തിന്റെ അര്‍ഥം മുന്‍പ് വിശദീകരിച്ചതിനാല്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല. മറ്റു പദങ്ങളുടെ അര്‍ഥങ്ങള്‍ താഴെ നല്‍കാം.

ശ്വയ്ത്വാന്‍ (الشَّيْطَانُ) :

അകന്നു പോയി എന്ന അര്‍ഥം വരുന്ന ‘ശ്വത്വന’ എന്ന പദത്തില്‍ നിന്നാണ് ‘ശ്വയ്ത്വാന്‍’ വന്നിട്ടുള്ളത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത്. (അല്ലാഹുവില്‍ നിന്ന്) അങ്ങേയറ്റം അകന്നവന്‍ എന്നായിരിക്കും അപ്പോള്‍ ഈ പദത്തിന്റെ അര്‍ഥം.

ജിന്നുകളിലും മനുഷ്യരിലും മറ്റു മൃഗങ്ങളിലും പെട്ട ധിക്കാരിയും അതിക്രമിയും അല്ലാഹുവിനെ അനുസരിക്കാത്തവനുമായ എല്ലാവരും ഈ പദത്തില്‍ ഉള്‍പ്പെടും.

ജിന്നുകളിലും മനുഷ്യരിലും ശ്വൈത്വാന്മാര്‍ ഉണ്ട് എന്നത് ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ട കാര്യമാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:

الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

“മനുഷ്യരിലും ജിന്നുകളിലും പെട്ട, മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.” (നാസ്: 4-5)

കറുത്ത നായയെ കുറിച്ച് നബി -ﷺ- ശ്വൈത്വാന്‍ എന്ന് വിശേഷിപ്പിച്ചത് ഹദീസുകളിലും പ്രസിദ്ധമാണ്. (മുസ്‌ലിം: 510)

റജീം (الرَّجِيمُ) :

എറിയപ്പെട്ടത് എന്നര്‍ത്ഥം. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാപ്പെടുകയും, ഉന്നതരായ മലക്കുകളുടെ സഹവാസത്തില്‍ നിന്ന് എറിയപ്പെടുകയും ചെയ്തവന്‍ എന്നാണ് ഉദ്ദേശം. ഈ അര്‍ത്ഥത്തില്‍ ഖുര്‍ആനില്‍ തന്നെ ഈ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٣٤﴾ وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ ﴿٣٥﴾

“അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു. തീര്‍ച്ചയായും ന്യായവിധിയുടെ നാള്‍ വരെയും നിന്റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്‌.” (ഹിജ്ര്‍: 34-35)

അതോടൊപ്പം ഉല്‍ക്കകളാലും വാല്‍നക്ഷത്രങ്ങളാലും എറിയപ്പെടുന്നവന്‍ എന്ന അര്‍ത്ഥവും ഈ പദത്തിന്റെ ഉദ്ദേശത്തില്‍ ഉള്‍പ്പെടും. ആകാശ ലോകത്തെ വര്‍ത്തമാനങ്ങള്‍ കട്ടു കേള്‍ക്കാന്‍ ശ്രമിക്കുന്നവരെ മലക്കുകള്‍ എറിഞ്ഞോടിക്കും എന്ന കാര്യം ഖുര്‍ആനിലെ എത്രയോ ആയതുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ﴿١٦﴾ وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ ﴿١٧﴾ إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ ﴿١٨﴾

“ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു. ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌.” (ഹിജ്ര്‍: 16-18)

ഹംസ് (الهَمْزُ) :

പിശാചിന്റെ ശക്തമായ ഞെരുക്കലും, ഭ്രാന്തിലേക്കും അപസ്മാരത്തിലേക്കും എത്തിക്കുന്ന പിശാച് ബാധയുമാണ് ‘ഹംസ്’ എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. പിശാച് മനസ്സുകളില്‍ നടത്തുന്ന വസ്വാവാസാകാം ഉദ്ദേശം എന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്.

നഫ്ഖ് (النَّفْخُ) :

ഭാഷാര്‍ത്ഥം ഊതുക എന്നാണ്. ഇവിടെ ഉദ്ദേശം അഹങ്കാരമാണ്. പിശാച് അവന്റെ മനസ്സില്‍ വസ്വാസ് ഇട്ടു കൊടുക്കുകയും, അവന് താന്‍ വലിയ മേന്മയുള്ളവനും മറ്റുള്ളവരെല്ലാം തനിക്ക് താഴെയുമാണെന്ന ചിന്ത ഉണ്ടാക്കുന്നതിനാലാണ് ഇപ്രകാരം വിശദീകരിക്കപ്പെട്ടത്.

നഫ്ഥ് (النَّفْثُ) :

മോശമായ കവിതകളാണ് ഉദ്ദേശം എന്നു പറയപ്പെട്ടിട്ടുണ്ട്. സിഹ്റാണ് ഉദ്ദേശം എന്നു പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment