എന്താണ് ഇസ്തിആദ?
ശരണം തേടുക, രക്ഷ ചോദിക്കുക എന്നെല്ലാമാണ് സാധാരണയായി ഇസ്തിആദതിന് അര്‍ഥം പറയാറുള്ളത്. കേവലം ഈ ഒരു അര്‍ഥം കൊണ്ട് ഇസ്തിആദതിന്റെ ആശയങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാകില്ല എന്നതില്‍ സംശയമില്ല. അതിനാല്‍ എന്താണ് ഇസ്തിആദ എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
നീ ഭയക്കുന്ന എന്തെങ്കിലും ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി, അത് തടുക്കാന്‍ കഴിയുന്ന ഒരാളിലേക്ക് അഭയം തേടലാണ് ‘ഇസ്തിആദ’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
‘അഊദു ബില്ലാഹി മിനശ്ശ്വൈത്വാനിര് റജീം’ എന്നാല്‍ അര്‍ഥം റജീമായ ശ്വൈത്വാനില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു എന്നാണ്. ഈ പ്രാര്‍ഥനയില്‍ വന്നിട്ടുള്ള മറ്റു അറബി പദങ്ങളുടെ വിശദീകരണം വഴിയെ പറയാം. ഇപ്പോള്‍ ‘അഊദു’ എന്ന വാക്കിനെ കുറിച്ച് വിശദീകരിക്കാം.
‘ഞാന്‍ ശരണം തേടുന്നു’ എന്നാണ് ‘അഊദു’ എന്നതിന്റെ അര്‍ഥം. കേവലം രക്ഷ തേടല്‍ എന്ന ഒരു പദത്തില്‍ നിന്ന് മാത്രം അത് ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ മനസ്സിലായി കൊള്ളണമെന്നില്ല. അതിനാല്‍ കുറച്ച് വിശദീകരിക്കട്ടെ.
‘അഊദു’ എന്നു നീ പറയുമ്പോള്‍ നിന്റെ മനസ്സില്‍ പിശാച് നിന്നെ വഴി തെറ്റിക്കുമോ എന്ന ഭയമുണ്ട്. നിന്റെ ദീനിന്റെ കാര്യത്തില്‍ പിശാച് നിന്നെ തെറ്റിച്ചേക്കാം എന്ന് നീ ഭയക്കുന്നു. നിന്റെ ദുനിയാവില് അവന് പിഴച്ച തീരുമാനങ്ങള്‍ എടുപ്പിച്ചേക്കാം എന്ന് നീ ഭയക്കുന്നു.
അല്ലാഹു കല്‍പ്പിച്ച ഏതെങ്കിലും കല്പ്പനയില് നിന്ന് അവന് നിന്നെ അകറ്റിയേക്കാം എന്ന് നിനക്ക് പേടിയുണ്ട്. അവന് നിഷിദ്ധമാക്കിയ കാര്യങ്ങളില്‍ പിശാച് നിന്നെ പെടുത്തിയേക്കാം എന്ന ആശങ്ക നിന്നെ അലട്ടുന്നുണ്ട്.
ഈ ഭയപ്പാടുകള്‍ക്കിടയില്‍ നിനക്ക് സമാധാനം നല്‍കുന്നത് അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസമാണ്. അവന് എന്തിനും കഴിവുള്ളവനും പിശാചിന്റെ ഉപദ്രവങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും നിന്നെ രക്ഷിക്കാന്‍ കഴിവുള്ളവനുമാണ് എന്ന് നീ ഉറച്ചു വിശ്വസിക്കുന്നു. അവന് മാത്രമേ നിന്നെ പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ കഴിയൂ എന്ന് നിനക്ക് ദ്രുഢബോധ്യമുണ്ട്.
ഈ വിശ്വാസത്തോടൊപ്പം അല്ലാഹുവില്‍ നീ നിന്റെ കാര്യങ്ങള്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. പിശാചിനെ നേരിടുന്നതില്‍ നിന്റെ കഴിവുകേടും അശക്തിയും നീ അംഗീകരിക്കുകയും നിന്റെ കുറവും ന്യൂനതകളും അല്ലാഹുവിനോട് നീ ഏറ്റു പറയുകയും ചെയ്യുന്നു.
ശൈഖ് അബ്ദു റസാഖ് അല്‍-ബദ്ര് -حَفِظَهُ اللَّهُ- പറഞ്ഞു: “നീ ഭയക്കുന്ന ഒന്നില്‍ നിന്ന്, അതിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിന്നെ സംരക്ഷിക്കുകയും നിനക്ക് അഭയം നല്‍കുകയും ചെയ്യുന്നവനിലേക്ക് ഓടിയണയലാണ് ഇസ്തിആദതിന്റെ യാഥാര്‍ത്ഥ്യം. ഇസ്തിആദ ചെയ്തവന് അല്ലാഹുവിലേക്ക് -അവന്റെ റബ്ബും മാലികുമായവനിലേക്ക്- ഓടിയണയുകയും രക്ഷപ്പെട്ടോടുകയും ചെയ്തിരിക്കുന്നു.
അവന് സ്വന്തത്തെ തന്റെ റബ്ബിന് മുന്പില് ഏല്‍പ്പിച്ചിരിക്കുന്നു. അവനില്‍ ഭരമേല്‍പ്പിക്കുകയും അവന്റെ സംരക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തിരിക്കുന്നു.” (ഫിഖ്ഹുല്‍ അദ്ഇയ്യ: 3/14)
ചുരുക്കത്തില്‍ ഇസ്തിആദതില് മൂന്ന് കാര്യങ്ങള്‍ ഉണ്ട്.
ഒന്ന്: പിശാചിന്റെ ഉപദ്രവത്തില്‍ നിന്നുള്ള ഭയം.
രണ്ട്: അല്ലാഹുവിന് മാത്രമേ നിന്നെ സഹായിക്കാന്‍ കഴിയൂ എന്ന ഉറച്ച വിശ്വാസം.
മൂന്ന്: പിശാചിനെ നേരിടുന്നതില്‍ നീ ആശക്തനാനെന്ന ഏറ്റു പറച്ചില്. വല്ലാഹു അഅലം.