വുദുവിന്റെ ശര്‍ത്വുകളെ കുറിച്ചാണ് കഴിഞ്ഞ ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തിയത്‌. വുദു എടുക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളായിരുന്നു അതില്‍ പരാമര്‍ശിക്കപ്പെട്ടത്. ഇത്തവണ വുദുവില്‍ നിര്‍ബന്ധമാകുന്ന കാര്യങ്ങളെ -വാജിബാതുകളെ- കുറിച്ചാണ് വിശദീകരിക്കുന്നത്. ഇവ വുദു എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

ഈ വിഷയത്തിലുള്ള അടിസ്ഥാനം ഖുര്‍ആനിലെ സൂറ. മാഇദയിലെ ആറാമത്തെ ആയത്താണ്. വുദുവെടുക്കേണ്ടത് എങ്ങനെയാണെന്ന് ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു.

അല്ലാഹു -تَعَالَى- പറഞ്ഞു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ

“മുഅമിനീങ്ങളെ, നിങ്ങള്‍ നിസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി വരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക.” (മാഇദ: 6)

ഈ ആയത്തില്‍ വ്യക്തമായും സൂചനകളായും വുദുവിന്റെ വാജിബുകള്‍ ഏതെല്ലാമാണെന്ന് വന്നിട്ടുണ്ട്. അവ താഴെ നല്‍കാം.

ഒന്ന്: മുഖം കഴുകല്‍.

ആയത്തിന്റെ തുടക്കത്തിലും മുഖം കഴുകണമെന്നാണ് വന്നിട്ടുള്ളത്. മുഖം കഴുകുക എന്നതില്‍ വായില്‍ വെള്ളം കയറ്റി കൊപ്ലിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും ഉള്‍പ്പെടും.

ആദ്യം വായില്‍ വെള്ളം കയറ്റി കൊപ്ലിക്കുകയാണ് വേണ്ടത്. പിന്നീട് മൂക്കില്‍ വെള്ളം കയറ്റി പുറത്തേക്ക് ചീറ്റണം. ഇവ രണ്ടും ശക്തമായി ചെയ്യുക എന്നത് സുന്നത്താണ്.

മൂക്കില്‍ വെള്ളം നന്നായി കയറ്റണമെന്ന് ഹദീസിലും വന്നിട്ടുണ്ട്. പക്ഷേ, നോമ്പുകാരനാണെങ്കില്‍ മൂക്കില്‍ വെള്ളം കയറ്റുന്നത് ശക്തിയോടെ ചെയ്യേണ്ടതില്ല. കാരണം, ചിലപ്പോള്‍ മൂക്കില്‍ വെള്ളം കയറുകയും, അത് വായിലൂടെ ഇറങ്ങി പോവുകയും ചെയ്തേക്കാം.

വായും മൂക്കും കഴുകുന്നതിന്‌ ഒരു കോരല്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയാകും. വായിലേക് വെള്ളം കൊണ്ടു പോയതിനു ശേഷം കയ്യില്‍ ബാക്കിയുള്ള വെള്ളം മൂക്കിലേക്ക് കയറ്റുകയാണ് ചെയ്യേണ്ടത്.

വായിലും മൂക്കിലും വെള്ളം കയറ്റുന്നതിനു വലതു കയ്യും, മൂക്കില്‍ നിന്ന് വെള്ളം ചീറ്റിക്കളയുമ്പോള്‍ ഇടതു കയ്യും ഉപയോഗിക്കുന്നത് സുന്നത്താണ്. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുന്നതും സുന്നത്താണ്.

ഇവ രണ്ടും ചെയ്തതിന് ശേഷം -വായില്‍ വെള്ളം കൊപ്ലിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും കഴിഞ്ഞതിന് ശേഷം- പിന്നീട് മുഖം കഴുകുക. മുഖത്തിന്റെ നീളം മുടി മുളക്കുന്ന മൂര്‍ദ്ധാവ് മുതല്‍ കീഴ്ത്താടി വരെയാണ്; വീതിയാകട്ടെ രണ്ടു ചെവിക്കുറ്റികള്‍ക്കിടയിലും.

ചിലര്‍ മുഖം കഴുകുന്നതിന്റെ ഭാഗമായി കഴുത്തും പിരടിയും അടക്കം കഴുകാറുണ്ട്. അത് ഹദീസില്‍ വന്നതിന് വിരുദ്ധമാണ്.

NB: എന്തു കൊണ്ടാണ് കൈപ്പത്തി കഴുകണമെന്ന കാര്യം ആദ്യം പറയാതെ വിട്ടതെന്ന് ചിലര്‍ക്ക് സംശയമുണ്ടായേക്കാം. വുദുവിന്റെ തുടക്കത്തില്‍ കൈപ്പത്തി കഴുകുക എന്നത് സുന്നത്താണ്; വാജിബല്ല.

രണ്ട്: കൈകള്‍ മുട്ടു വരെ കഴുകല്‍.

ആയത്തില്‍ രണ്ടാമത് പരാമര്‍ശിക്കപ്പെട്ടത് കൈകള്‍ മുട്ടു വരെ കഴുകണമെന്നാണ്. ആദ്യം വലതു കൈ കഴുകുകയും, ശേഷം ഇടതു കൈ കഴുകുകയുമാണ് വേണ്ടത്; സുന്നത്ത് അപ്രകാരമാണ്. മൂന്നു തവണ കൈകള്‍ കഴുകുകയെന്നതും സുന്നത്താണ്.

കൈകള്‍ കഴുകാന്‍ ആരംഭിക്കേണ്ടത് കൈപ്പത്തി മുതലാണ്‌. പലരും ആദ്യത്തില്‍ കൈപ്പത്തി കഴുകിയിട്ടുണ്ട് എന്നതിനാല്‍ കൈ കഴുകുമ്പോള്‍ അത് ഉള്‍പ്പെടുത്താറില്ല. അപ്രകാരം ചെയ്യുന്നത് ശരിയല്ല. മറിച്ച് കൈപ്പത്തി വീണ്ടും കഴുകേണ്ടതുണ്ട്; കാരണം ആദ്യത്തെ തവണ കൈപ്പത്തി കഴുകിയത് സുന്നത്തായി കൊണ്ടാണ്. സുന്നത്ത് വാജിബിന് പകരം നില്‍ക്കുകയില്ല.

കൈപ്പത്തി മുതല്‍ മുട്ടടക്കം കൈ കഴുകേണ്ടതുണ്ട്. പലരുടെയും മുട്ടിന്റെ ഭാഗം ചിലപ്പോള്‍ നനയാതെ പോകാറുണ്ട്. ഇത്തരം അശ്രദ്ധ ശരിയല്ല. അത്തരക്കാരുടെ വുദു ശരിയായിട്ടുമില്ല. എന്നാല്‍ മുട്ടില്‍ നിന്ന് കയറ്റി കക്ഷം വരെ കഴുകുന്ന ചിലരുമുണ്ട്; അതാകട്ടെ അതിരു കവിച്ചിലുമാണ്.

കൈ കഴുകുമ്പോള്‍ സാധാരണയായി കണ്ടു വരുന്ന തെറ്റുകളില്‍ മറ്റൊന്നാണ് പൈപ്പിന് താഴെ കൈ ചരിച്ചു വെച്ചു കൊണ്ട് കയ്യിന് മീതെ വെള്ളം ഒഴിച്ചു വിടുക എന്നത്. ഖുര്‍ആനില്‍ കൈ ‘കഴുകാനാണ്’ കല്‍പ്പിച്ചിരിക്കുന്നത്. അല്ലാതെ, കയ്യിന്റെ മുകളിലൂടെ വെള്ളം ഒഴിക്കണമെന്നല്ല.

മൂന്ന്: തല തടവല്‍.

തല തടവുക എന്നതാണ് മൂന്നാമത്തെ വാജിബ്. ‘തലയില്‍ പെട്ടതാണ് ചെവികള്‍’ എന്ന ആശയത്തില്‍ നബി-ﷺ-യുടെ ഹദീസ് വന്നിട്ടുണ്ട്. തല തടവുക എന്നതില്‍ ചെവി കൂടി ഉള്‍പ്പെടും എന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.

തല തടവുക എന്നാണ്‌ ഖുര്‍ആനിലെ കല്‍പ്പന. നബി-ﷺ-യുടെ ഹദീസുകളില്‍ വന്നിട്ടുള്ള രൂപവും തടവലാണ്; കഴുകലല്ല.

തല തടവേണ്ടതിന്റെ രൂപം എളുപ്പമുള്ളതാണ്. രണ്ടു കൈപ്പത്തികളും വെള്ളം കൊണ്ട് നനച്ചതിനു ശേഷം, മൂര്‍ദ്ധാവു മുതല്‍ പിരടി വരെ നനവുള്ള കൈ കൊണ്ട് തടവുക. പിരടി വരെ എത്തിക്കഴിഞ്ഞാല്‍ അതേ പോലെ തന്നെ -കൈ തലയില്‍ നിന്ന് എടുക്കുകയോ, രണ്ടാമത് വെള്ളം നനക്കുകയോ ചെയ്യാതെ- തുടങ്ങിയിടത്തേക്ക് തന്നെ കൈ മടക്കി കൊണ്ടു പോവുക.

സ്ത്രീകള്‍ക്കും ഇത്ര തന്നെ മതിയാകും. പുരുഷന്മാരെക്കാള്‍ കൂടുതല്‍ മുടിയുള്ളവരായിരിക്കും സ്ത്രീകള്‍. എങ്കിലും അവര്‍ തങ്ങളുടെ മുടി മുഴുവനായി തടവേണ്ടതില്ല. പിരടി വരെ തന്നെ അവര്‍ക്കും മതിയാകും. കയ്യിന്റെ ഉള്‍ഭാഗം കൊണ്ടാണ് തടവേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത് കയ്യില്‍ കൂടുതല്‍ വെളുപ്പുള്ള ഭാഗം.

തല തടവിക്കഴിഞ്ഞതിന് ശേഷം കയ്യില്‍ ബാക്കിയുള്ള നനവു കൊണ്ട് തന്നെ രണ്ടു ചെവികളും തടവുക. ആവശ്യമെങ്കില്‍ ചെവി തടവുന്നതിന് വേറെ വെള്ളം എടുക്കാം. വലതു ചെവി വലതു കൈ കൊണ്ടും, ഇടതു ചെവി ഇടതു കൈ കൊണ്ടും തടവുക. ചെവിയുടെ ഉള്‍ഭാഗവും പുറം ഭാഗവും തടവാന്‍ ശ്രദ്ധിക്കണം.

നാല്: കാലുകള്‍ കഴുകുക.

കാലുകളുടെ അടി ഭാഗവും മേല്‍ ഭാഗവും കഴുകണം. കൈ വിരലുകള്‍ കൊണ്ട് കാല്‍ വിരലുകള്‍ക്കിടയില്‍ വിടവുണ്ടാക്കി കഴുകുക എന്നത് സുന്നത്താണ്. കാലിന്റെ മടമ്പും താഴ്ഭാഗവുമെല്ലാം കൃത്യമായി നനയുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം.

ഒരു ദിര്‍ഹമിന്റെ വലുപ്പത്തോളം കാല്‍ നനഞ്ഞിട്ടില്ലാത്ത വ്യക്തിയെ സൂചിപ്പിച്ചു കൊണ്ട് ‘നരകത്തില്‍ നിന്നുള്ള മടമ്പ് കാലുകള്‍ക്ക് നാശം’ എന്നു പറഞ്ഞ നബി-ﷺ-യുടെ വാക്ക് ഓരോരുത്തരും ഓര്‍ക്കട്ടെ.

കൈകള്‍ കഴുകുന്ന വിഷയത്തില്‍ പറഞ്ഞതു പോലെ, കാലുകള്‍ കഴുകുന്ന കാര്യത്തിലും പലരും അശ്രദ്ധ കാണിക്കാറുണ്ട്. ചില പൈപ്പിന് നേരെ കാല്‍ പിടിച്ചു കൊടുക്കുകയോ, കാലില്‍ കോപ്പ കൊണ്ട് വെള്ളം കോരിയൊഴിക്കുകയോ മാത്രം ചെയ്തു കൊണ്ട് അവസാനിപ്പിക്കാറുണ്ട്. ഈ ചെയ്യുന്നതൊന്നും ‘കഴുകുക’ എന്ന പരിധിയില്‍ പെടില്ലെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ.

അഞ്ച്: ക്രമം പാലിക്കുക.

മേലെ നാം നല്‍കിയ ക്രമത്തില്‍ തന്നെ വുടുവെടുക്കണം. ഈ ക്രമം തെറ്റിച്ചാല്‍ വുദു ശരിയാവില്ല. ഉദാഹരണത്തിന് ഒരാള്‍ മുഖം കഴുകുന്നതിന്‌ മുന്‍പ് കൈ കഴുകിയാല്‍ അവന്റെ വുദു ശരിയായിട്ടില്ല.

ബോധപൂര്‍വ്വമാണ്‌ ആരെങ്കിലും ക്രമം തെറ്റിച്ചതെങ്കില്‍ അവന്‍ തെറ്റുകാരനാണ്. അവന് അറിവില്ലെങ്കില്‍ പഠിപ്പിച്ചു നല്‍കണം. ആരെങ്കിലും മറന്നു കൊണ്ട് ക്രമം തെറ്റിക്കുകയും, പിന്നീട് അയാള്‍ക്ക് ഓര്‍മ്മ വരുകയും ചെയ്തിട്ടില്ലെങ്കില്‍; അയാള്‍ ഒന്നും ചെയ്യേണ്ടതില്ല. കാരണം മറവി സംഭവിച്ചയാള്‍ തെറ്റ് ചെയ്തതായി അറിഞ്ഞിട്ടേയില്ല.

ആരെങ്കിലും വുദുവിന്റെ ക്രമം തെറ്റിക്കുകയും, വുദുവില്‍ നിന്ന് വിരമിക്കുകയോ, ധാരാളം സമയത്തിന്റെ ഇടവേള ഉണ്ടാവുകയോ ചെയ്യുന്നതിന് മുന്‍പ് അത് ഓര്‍ത്താല്‍; എവിടെ മുതലാണോ അയാള്‍ക്ക് വുദു തെറ്റിയത് അവിടെ മുതല്‍ വീണ്ടും വുദു എടുക്കണം.

ഉദാഹരണത്തിന്; ഒരാള്‍ മുഖം കഴുകിയതിനു ശേഷം കൈകള്‍ കഴുകാതെ തല തടവുകയും, കാല്‍ കഴുകുകയും ചെയ്തു. ഉടനെ തന്നെയോ, വല്ലാതെ വൈകാതെയോ അയാള്‍ക്ക് തനിക്ക് സംഭവിച്ച അബദ്ധം ഓര്‍മ്മ വരികയും ചെയ്തു. എങ്കില്‍ അയാള്‍ കൈകള്‍ കഴുകുക എന്നത് മുതല്‍ വീണ്ടും ആവര്‍ത്തിക്കണം. മുഖം കഴുകലും, അതിന് മുന്‍പുള്ള കാര്യങ്ങളും വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല.

ആറ്: തുടര്‍ച്ചയുണ്ടാവുക.

തുടര്‍ച്ചയുണ്ടാവുക എന്നത് കൊണ്ടുള്ള ഉദ്ദേശം വുദുവിന്റെ അവയവങ്ങള്‍ കഴുകുന്നതിന് ഇടയില്‍ വളരെ ദൈര്‍ഘ്യമുള്ള ഇടവേളകള്‍ ഉണ്ടാകാതിരിക്കുക എന്നാണു. അതായത്; തൊട്ടു മുന്‍പുള്ള അവയവം കഴുകിയതിന്റെ നനവ് ഉണങ്ങുന്നത് വരെ വുദുവില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പാടില്ല.

ഉദാഹരണത്തിന്; ഒരാള്‍ വുദുവിന്റെ ഭാഗമായി മുഖം കഴുകിയതിനു ശേഷം മറ്റാരോടെങ്കിലും സംസാരിച്ചു നിന്നു എന്നു കരുതുക. സംസാരം കഴിഞ്ഞ് കൈ കഴുകാന്‍ ആരംഭിച്ചപ്പോഴേക്ക് അയാളുടെ മുഖത്തുള്ള നനവ് നഷ്ടപ്പെട്ടിരിക്കുന്നു. ഇതോടെ അയാളുടെ വുദുവിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടിരിക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലെന്നാണ് മേല്‍ പറഞ്ഞതിന്റെ ഉദ്ദേശം.

എന്നാല്‍ ശക്തമായ കാറ്റോ ചൂടോ ഉള്ളതിനാല്‍ വളരെ പെട്ടെന്ന് വുദുവിന്റെ നനവ് ഉണങ്ങി പോകുകയാണെങ്കില്‍; മേല്‍ പറഞ്ഞ കാര്യം പരിഗണിക്കേണ്ടതില്ല. എന്നാല്‍, അവന്‍ വുദുവിന്റെ അവയവങ്ങള്‍ കഴുകുന്നതിന്‌ ഇടയില്‍ വളരെ ദൈര്‍ഘ്യം നിശ്ചയിക്കുകയുമരുത്.

വല്ലാഹു അഅലം.

ചില ഓര്‍മ്മപ്പെടുത്തലുകള്‍:

‘എന്തിനാണ് വുദുവിന്റെ വാജിബുകള്‍, സുന്നത്തുകള്‍, ശര്‍ത്വുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു പഠിപ്പിക്കുന്നത്? വുദു എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പഠിപ്പിച്ചാല്‍ പോരെ?’ എന്ന് ചിലര്‍ ചോദിച്ചേക്കാം.

അവര്‍ക്ക് മറുപടിയായി പറയട്ടെ; ഇപ്രകാരം പഠിക്കുന്നതില്‍ പല ഉപകാരങ്ങള്‍ ഉണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ താഴെ പറയാം:

  1. വെള്ളം വളരെ കുറച്ച് മാത്രമുള്ള സന്ദര്‍ഭത്തില്‍ വാജിബുകള്‍ മാത്രം നിര്‍വ്വഹിച്ചു വുദു പൂര്ത്തീകരിക്കാം.

ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ചിലര്‍ അവരുടെ കയ്യില്‍ വളരെ കുറച്ച് വെള്ളമേ വുദു എടുക്കാന്‍ ഉള്ളൂ എങ്കില്‍ ഇത് വുദുവെടുക്കാന്‍ മതിയാകില്ല എന്ന ധാരണയില്‍ തയമ്മും ചെയ്യും. അത് അനുവദനീയമല്ല.

കാരണം വാജിബുകള്‍ മാത്രം നിര്‍വ്വഹിച്ചു കൊണ്ട് വുദു എടുക്കുകയാണെങ്കില്‍ അതിന് വളരെ കുറച്ചു മാത്രം വെള്ളം മതിയാകും. വായിലും മൂക്കിലും ഒരു തവണ വെള്ളം കയറ്റുക, മുഖം ഒരു തവണ കഴുക, കൈകള്‍ ഒരു തവണ കഴുകുക, തലയും ചെവിയും തടവുക, കാല്‍ കഴുകുക, ക്രമം പാലിച്ചും തുടര്‍ച്ചയായും ചെയ്യുക; ഇതോടെ വാജിബായ വുദു കഴിഞ്ഞു.

ഇത് കൊണ്ട് നിസ്കാരം നിര്‍വ്വചിക്കാന്‍ സാധിക്കും. ഇത്ര മാത്രം ചെയ്യാനുള്ള വെള്ളം -പ്രയാസമില്ലാതെ- അവന്റെ കയ്യില്‍ ഉണ്ടെങ്കില്‍ വുദു എടുക്കല്‍ അവന് നിര്‍ബന്ധമാണ്‌. അത്തരം സന്ദര്‍ഭത്തില്‍ തയമ്മും ചെയ്യുക എന്നത് അനുവദനീയമല്ല. തിരക്കുള്ള സന്ദര്‍ഭത്തിലും ഇപ്രകാരം തന്നെ വുദു എടുക്കാം. വെള്ളം കഴിഞ്ഞു പോകുമോ എന്നു ഭയക്കുന്ന സന്ദര്‍ഭങ്ങളും യോജിച്ച ഉദാഹരണം തന്നെ.

  1. മറവിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പഠിക്കാന്‍ എളുപ്പം.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ മറന്നാല്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വാജിബും സുന്നത്തുമെല്ലാം വേര്‍തിരിച്ചു പഠിച്ചാല്‍ അവ മനസ്സിലാക്കാനും പ്രാവര്‍ത്തികമാക്കാനും എളുപ്പമുണ്ടായിരിക്കും. മറവിയുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ സാന്ദര്‍ഭികമായി താഴെ സൂചിപ്പിക്കട്ടെ:

ആര്‍ക്കെങ്കിലും വുദുവിന്റെ മേല്‍ പറഞ്ഞ വാജിബുകളില്‍ ഏതെങ്കിലും നഷ്ടപ്പെടുത്തിയതായി പിന്നീട് ഓര്‍മ്മ വന്നാല്‍ അവന്‍ വുദു വീണ്ടും മടക്കി ചെയ്യണം. നിസ്കാരത്തിന് ഇടയിലാണ് ഓര്‍മ്മ വന്നതെങ്കില്‍ നിസ്കാരം മുറിക്കുകയും, ശരിയായി വുദു എടുത്തതിന് ശേഷം വീണ്ടും നിസ്കരിക്കുകയും ചെയ്യണം.

നിസ്കാരം കഴിഞ്ഞതിന് ശേഷമാണ് ഓര്‍മ്മ വന്നതെങ്കില്‍ വീണ്ടും വുദു എടുത്തതിന് ശേഷം നിസ്കാരം മടക്കി നിസ്കരിക്കണം. ഒന്നോ രണ്ടോ നിസ്കാരങ്ങള്‍ കഴിഞ്ഞാണ് ഓര്‍മ്മ വന്നതെങ്കില്‍ ഏത് നിസ്കാരമാണോ തെറ്റായ വുദു കൊണ്ട് എടുത്തത്; ആ നിസ്കാരങ്ങള്‍ വീണ്ടും നിര്‍വ്വഹിക്കണം.

ഒന്നിലധികം നിസ്കാരങ്ങള്‍ ഉണ്ടെങ്കില്‍ അവ കൃത്യമായ ക്രമത്തില്‍ വീണ്ടും നിസ്കരിക്കണം. ഉദാഹരണത്തിന്; ഒരാള്‍ തെറ്റായി വുദു എടുക്കുകയും, പിന്നീട് ദ്വുഹര്‍, അസ്വര്‍, മഗ്രിബ് എന്നിങ്ങനെ മൂന്ന് നിസ്കാരങ്ങള്‍ ആ വുദുവില്‍ നിസ്കരിക്കുകയും, ഇശാഇന് ശേഷമാണ് അയാള്‍ക്ക് അത് ഓര്‍മ്മ വരുകയും ചെയ്തതെങ്കില്‍, അയാള്‍ ആദ്യം ദ്വുഹര്‍, പിന്നീട് അസ്വര്‍, പിന്നീട് മഗ്രിബ് എന്നിങ്ങനെ ശരിയായ വുദു എടുത്തതിന് ശേഷം നിസ്കരിച്ചു വീട്ടണം.

വുദുവിന്റെ വാജിബാതുകളുമായി ബന്ധപ്പെട്ട ചില നിയമങ്ങളാണ് മേലെ നല്‍കിയത്. കൂടുതല്‍ മനസ്സിലാക്കാന്‍ അല്ലാഹു തൌഫീഖ് നല്‍കട്ടെ.

ആമീന്‍!

[ലേഖനത്തിന്റെ ചുരുക്കം പോസ്റ്ററുകളില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക]

وَصَلَّى اللَّهُ وَبَارَكَ عَلَى نَبِيِّنَا مُحَمَدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

كَتَبَهُ: الفَقِيرُ إِلَى عَفْوِ رَبِّهِ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment