മത് ന്‍
وَالشِّرْكُ أَعْظَمُ ذَنْبٍ عُصِيَ اللَّهُ بِهِ.
كَمَا قَالَ -تَعَالَى-: (إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ) المائدة: ٧٢
وَالشِّرْكُ: أَنْ يَجْعَلَ لِلَّهِ نِداًّ يَدْعُوهُ، أَوْ يَرْجُوهُ، أَوْ يَخَافُهُ، أَوْ يَتَوَكَّلُ عَلَيْهِ، أَوْ يَرْغَبُ إِلَيْهِ مِنْ دُونِ اللَّهِ، وَغَيْرُ ذَلِكَ مِنْ أَنْوَاعِ العِبَادَاتِ.
അര്‍ഥം:
അല്ലാഹു ധിക്കരിക്കപ്പെട്ട തിന്മകളില്‍ ഏറ്റവും ഗൗരവമുള്ള തിന്മയാണ് ശിര്‍ക്ക്.
അല്ലാഹു -تعالى- പറഞ്ഞത് പോലെ:
(( إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ))
“ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്താല്‍ തീര്‍ച്ചയായും സ്വര്‍ഗം അവന്റെ മേല്‍ അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു; അവന്റെ സങ്കേതം നരകമത്രെ.” (അല്‍-മാഇദ: 72)
അല്ലാഹുവിന് തുല്യനായി ഒരാളെ നിശ്ചയിച്ച് അവനോട് ദുആഅ് ചെയ്യുകയോ, അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയോ, അവനെ (അങ്ങേയറ്റം) ഭയക്കുകയോ, അവനില്‍ തവക്കുല്‍ ചെയ്യുകയോ, അല്ലാഹുവിന് പുറമെ അവനോട് വിനയാന്വിതനായി അപേക്ഷിക്കുകയോ, അതല്ലെങ്കില്‍ ഇബാദതിന്റെ മറ്റേതെങ്കിലും ഇനങ്ങള്‍ അയാള്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യുന്നതിനാണ് ശിര്‍ക്ക് എന്ന് പറയുക.
ശര്‍ഹ്
ഏറ്റവും വലിയ നിര്‍ബന്ധ ബാധ്യത എന്താണെന്നതിനെ കുറിച്ച് പഠിച്ചു കഴിഞ്ഞു. അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന തൗഹീദാണത്. ഇനി ഏറ്റവും വലിയ തിന്മയെന്താണെന്നും മനസ്സിലാക്കണം. ശിര്‍ക്കാണ് ഏറ്റവും വലിയ തിന്മ.ശിര്‍ക്കിനെ കുറിച്ച് പഠിക്കുന്നതിന് മുന്‍പ്:
ചിലര്‍ ചോദിക്കാറുണ്ട്: എന്തിനാണ് തിന്മകളെ കുറിച്ച് പഠിപ്പിക്കുന്നത്? അതില്‍ നിന്ന് താക്കീത് ചെയ്യുന്നത്? നന്മ അറിയിച്ചു നല്‍കുമ്പോള്‍ സ്വാഭാവികമായി തിന്മകള്‍ ഇല്ലാതാകില്ലേ; പ്രകാശം പരക്കുമ്പോള്‍ ഇരുട്ട് ഇല്ലാതാകുന്നത് പോലെ? എന്നാല്‍ കാര്യം അവര്‍ കരുതുന്നത് പോലെയല്ല. തിന്മകളെ കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. കാരണം; ഹിദായത്തില്‍ (സന്മാര്‍ഗം) ഉറച്ചു നില്‍ക്കണമെങ്കില്‍ ദ്വലാലത്തിന്റെ (ദുര്‍മാര്‍ഗം) വഴികള്‍ എന്താണെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. നന്മ മാത്രം പഠിച്ചവനെക്കാള്‍ സത്യത്തിന്റെ വഴിയില്‍ സ്ഥിരതയും ദൃഢതയുമുണ്ടാവുക അസത്യത്തിന്റെ വഴികളെ കുറിച്ച് കൂടി വ്യക്തമായ ബോധ്യമുള്ളവനായിരിക്കും. അതോടൊപ്പം, തൗഹീദ് മാത്രം അറിഞ്ഞത് കൊണ്ട് മതിയാവുകയുമില്ല. തൗഹീദിന്റെ നേര്‍വിപരീതമായ ശിര്‍ക്കും അറിയേണ്ടതുണ്ട്. കാരണം ശിര്‍ക്കില്‍ അകപ്പെട്ടു പോകുമോ എന്ന ഭയം അവന് അപ്പോഴാണ് ഉണ്ടാവുക. ഈ ഭയമാകട്ടെ നബിമാര്‍ക്കും ഔലിയാക്കന്മാര്‍ക്കുമൊക്കെ ഉണ്ടായിരുന്നതുമാണ്. അതോടെല്ലാമൊപ്പം, രോഗം അനുഭവിച്ചവനല്ലാതെ ആരോഗ്യത്തിന്റെ വില തിരിച്ചറിയുകയില്ലെന്നതു പോലെ, ഇരുട്ടില്‍ അകപ്പെട്ടവനല്ലാതെ വെളിച്ചത്തിന്റെ വില ബോധ്യമാവില്ലെന്നതു പോലെ, ദാഹം രുചിച്ചവനല്ലാതെ വെള്ളത്തിന്റെ മൂല്യം മനസ്സിലാവില്ലെന്നതു പോലെ; തൗഹീദിന്റെ വിലയും ശ്രേഷ്ഠതയും തിരിച്ചറിയുക ശിര്‍ക്ക് എന്താണെന്ന് അറിഞ്ഞവനും, ജാഹിലിയ്യത്തിന്റെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെട്ടവനും മാത്രമാണ്. അപ്പോഴാണ് ശിര്‍ക്കിനെ വെടിയാനും, തന്റെ തൗഹീദിനെ സുരക്ഷിതമാക്കാനും അവന് സാധിക്കുകയുള്ളു. ഫിത്നയുടെ കാലഘട്ടത്തില്‍ എപ്രകാരം നിലകൊള്ളണമെന്നതിന് മുസ്‌ലിംകള്‍ക്ക് വളരെ വിലപ്പെട്ട ഉപദേശങ്ങളും ഹദീഥുകളായും മറ്റും പകര്‍ന്നു നല്‍കിയ സ്വഹാബിയാണ് ഹുദൈഫ -رضي الله عنه-. തന്റെ പഠനരീതിയെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ: قال حُذَيْفَةُ بْنُ اليَمَانِ: «كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ –ﷺ- عَنِ الخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي» “ജനങ്ങള്‍ നബി-ﷺ-യോട് നന്മയെ കുറിച്ചായിരുന്നു കൂടുതല്‍ ചോദിച്ചിരുന്നത്; എന്നാല്‍ ഞാന്‍ അവിടുത്തോട് തിന്മകളെ കുറിച്ചായിരുന്നു കൂടുതല്‍ അന്വേഷിച്ചത്; അവ (തിന്മകള്‍) എന്നെ പിടികൂടുമോ എന്ന ഭയം കാരണ(മായിരുന്നു ഞാന്‍ അപ്രകാരം ചെയ്തത്).” (ബുഖാരി: 3606, മുസ്‌ലിം: 1847) വഴികേടിന്റെ മാര്‍ഗങ്ങളെ തുറന്നു കാട്ടുന്നു എന്നത് ഖുര്‍ആനിന്റെ പ്രത്യേകതയായി അല്ലാഹു -تعالى- വിശേഷിപ്പിച്ചിട്ടുണ്ട്. അല്ലാഹു -تعالى- പറഞ്ഞു: (( وَكَذَلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ )) “അപ്രകാരം നാം തെളിവുകള്‍ വിശദീകരിച്ച് തരുന്നു. കുറ്റവാളികളുടെ മാര്‍ഗം വ്യക്തമായി വേര്‍തിരിഞ്ഞ് കാണുവാന്‍ വേണ്ടിയാകുന്നു അത്.” (അന്‍ആം: 55) അധര്‍മ്മകാരികളുടെ വഴി വേറിട്ടു നില്‍ക്കുകയും വ്യക്തമാവുകയും ചെയ്താല്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കാനും, അകലം പാലിക്കാനും സാധിക്കും. അവ (സത്യത്തിന്റെ വഴിയോട്) സാദൃശ്യമാക്കപ്പെട്ട അവസ്ഥയിലും കൂടിക്കലര്‍ന്നുമാണെങ്കില്‍ ഈ മഹത്തരമായ ലക്ഷ്യം (തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കല്‍) നേടിയെടുക്കാന്‍ സാധിക്കുകയില്ല. (തഫ്സീറുസ്സഅ്ദി: 258) ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നുല്‍ ഖയ്യിം -رحمه الله- പറഞ്ഞു: “അല്ലാഹു -تعالى- വിശുദ്ധ ഖുര്‍ആനില്‍ മുഅമിനീങ്ങളുടെ (സത്യവിശ്വാസികള്‍) വഴിയും മുജ്രിമീങ്ങളുടെ (അതിക്രമകാരികള്‍) വഴിയും വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. അവരുടെയും ഇവരുടെയും പര്യവസാനം എവിടെ ആയിരിക്കുമെന്നതും, പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നതും, (രണ്ടു വിഭാഗത്തിന്റെയും) കൂട്ടാളികള്‍ ആരെല്ലാമാണെന്നതും, അവരുടെ നാശവും ഇവര്‍ക്ക് ലഭിച്ച സൗഭാഗ്യവും, അവര്‍ നശിക്കാനുണ്ടായ കാരണവും, ഇവര്‍ വിജയിക്കാനുണ്ടായ കാരണവും വിശദമാക്കിയിരിക്കുന്നു. രണ്ട് വഴികളും വ്യക്തമാക്കുകയും, അവയുടെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു… മുഅ്മിനീങ്ങളുടെയും മുജ്രിമീങ്ങളുടെയും വഴികള്‍ വ്യക്തമായി വേര്‍തിരിച്ചറിഞ്ഞവരാണ് അല്ലാഹുവിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ ദീനിലും ഏറ്റവും വിവരമുള്ളവര്‍. അവര്‍ക്ക് മുന്നില്‍ രണ്ട് വഴികളും വ്യക്തമായിരിക്കുന്നു. തന്റെ ലക്ഷ്യത്തിലേക്കെത്തുന്ന വഴി ഏതാണെന്നും, തന്നെ നാശത്തിലേക്ക് എത്തിക്കുന്ന വഴി ഏതാണെന്നും അവര്‍ക്ക് മനസ്സിലായിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും അറിവുള്ളവരും, ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരും, അവരോട് ഏറ്റവുമധികം നസ്വീഹത്ത് (ഗുണകാംക്ഷ) ഉള്ളവരും അവരാണ്. സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടികളാണവര്‍. തങ്ങള്‍ക്ക് ശേഷം അന്ത്യനാള്‍ വരെ വരാനിരിക്കുന്ന സമൂഹത്തിന് മുന്നില്‍ സ്വഹാബികള്‍ വേറിട്ട് നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. അവര്‍ വഴികേടിന്റെയും കുഫ്റിന്റെയും ശിര്‍ക്കിന്റെയും നാശത്തിന്റെയും മാര്‍ഗങ്ങളിലുമാണ് ജനിച്ചു വളര്‍ന്നത്. അത് കൊണ്ട് തിന്മയുടെ വഴികള്‍ അവര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു. പിന്നീട് നബി -ﷺ- നിയോഗിക്കപ്പെടുകയും, അവരെ അതില്‍ നിന്നെല്ലാം പുറത്ത് കൊണ്ടു വരികയും, സന്മാര്‍ഗത്തിന്റെ വഴിയിലേക്ക് നയിക്കുകയും ചെയ്തു… കടുത്ത അന്ധകാരത്തില്‍ നിന്ന് പരിപൂര്‍ണമായ വെളിച്ചത്തിലേക്ക് അവര്‍ പ്രവേശിച്ചു. ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് അവര്‍ പുറപ്പെട്ടു. തങ്ങള്‍ക്ക് ലഭിച്ച ഹിദായത്തിന്റെ വില അത് കൊണ്ട് തന്നെ അവര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ജീവിച്ചിരുന്ന അവസ്ഥയുടെ നീചത്വം അവര്‍ക്ക് ബോധ്യമായി… തങ്ങള്‍ എത്തിപ്പെട്ട മാര്‍ഗത്തിനോടുള്ള സ്നേഹവും ആഗ്രഹവും അവര്‍ക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. തങ്ങള്‍ ഉപേക്ഷിച്ചു പോന്ന വഴിയോടുള്ള വെറുപ്പും അകല്‍ച്ചയും അവരില്‍ അധികരിച്ചു കൊണ്ടിരുന്നു. തൗഹീദിനോടും ഈമാനിനോടും ഇസ്‌ലാമിനോടും ഏറ്റവും ഇഷ്ടമുള്ളവര്‍ അവരായിരുന്നു. അതിനെതിരായ വഴികളോട് ജനങ്ങളില്‍ ഏറ്റവും വെറുപ്പ് അവര്‍ക്കായിരുന്നു. എന്നാല്‍ സ്വഹാബികള്‍ക്ക് ശേഷം വന്നവരാകട്ടെ, ഇസ്‌ലാമില്‍ തന്നെ വളര്‍ന്നു വന്നവര്‍ അവരിലുണ്ടായിരുന്നു. ഇസ്‌ലാമിന് വിരുദ്ധമായ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരായിരുന്നു അവരില്‍ ചിലര്‍. സത്യവിശ്വാസികളുടെ മാര്‍ഗത്തെ കുറിച്ച് സൂക്ഷ്മമായ ചില അറിവുകള്‍ അവര്‍ക്ക് മുന്നില്‍ അവ്യക്തമായി. രണ്ട് വഴികളെ കുറിച്ചോ, രണ്ടിലേതെങ്കിലും ഒന്നിനെ കുറിച്ചോ ഉള്ള അറിവില്‍ കുറവുണ്ടാകുമ്പോഴാണ് അവ്യക്തതയുണ്ടാവുക. അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബ്നുല്‍ ഖത്താബ് -رضي الله عنه- പറഞ്ഞത് പോലെ: قَالَ عُمَرُ بْنُ الخَطَّابِ: «يُوشِكُ أَنْ تُنْقَضَ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ» “ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്‌ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്‌ലാമിന്റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.” ഇന്ന് മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിശ്വാസപരവും, വൈജ്ഞാനികവും, കര്‍മ്മശാസ്ത്രപരവുമായ അനേകം അബദ്ധങ്ങള്‍ യഥാര്‍ഥത്തില്‍ മുജ്രിമീങ്ങളുടെയും കാഫിറുകളുടെയും (അമുസ്‌ലിം) നബി യുടെ ശത്രുക്കളുടെയും വഴിയില്‍ പെട്ടതാണ്. അവ ഇസ്‌ലാമില്‍ കടത്തിക്കൂട്ടുകയും, അതിലേക്ക് ക്ഷണിക്കുകയും, അതിന് എതിരാകുന്നവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തുകയും ചെയ്യുന്നവര്‍ക്ക് ഇത് മുജ്രിമീങ്ങളുടെ വഴിയാണെന്ന അറിവില്ല. (ബദാഇഉല്‍ ഫവാഇദ്: 107-109) ചുരുക്കത്തില്‍, തൗഹീദ് പഠിക്കുന്നത് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ശിര്‍ക്കിനെ കുറിച്ചുള്ള പഠനവും. ശിര്‍ക്ക് ഏറ്റവും ഗൗരവമുള്ള തിന്മ അല്ലാഹു നിഷിദ്ധമാക്കിയ തിന്മകളില്‍ വെച്ചേറ്റവും ഗൗരവമുള്ള തിന്മ ശിര്‍ക്കാണ്. അല്ലാഹു -تعالى- പറഞ്ഞു: (( وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَابُنَيَّ لَا تُشْرِكْ بِاللَّهِ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ )) “ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (ലുഖ്മാന്‍: 13) അല്ലാഹു -تعالى- പറഞ്ഞു: (( إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا )) “(ആരെങ്കിലും) അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്താല്‍ അവന്‍ വളരെ വഴിദൂരം വഴിപിഴച്ചു പോയിരിക്കുന്നു.” (നിസാഅ്: 48) ഏഴു വന്‍പാപങ്ങളില്‍ ഒന്നാമതാണ് നബി -ﷺ- ശിര്‍ക്കിനെ എണ്ണിയത്. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ، وَمَا هُنَّ؟»، قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ التِّي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا …» അബൂ ഹുറൈറ -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ഏഴ് നാശകരങ്ങളായ പാപങ്ങളെ വെടിയുക.” സ്വഹാബികള്‍ ചോദിച്ചു: “ഏതെല്ലാമാണ് അവ, അല്ലാഹുവിന്റെ റസൂലേ?” നബി -ﷺ- പറഞ്ഞു: “അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യുക; സിഹ്ര്‍, (ഇസ്‌ലാമിലെ) ഹഖിന്റെ അവകാശത്തിന്റെ പേരിലല്ലാതെ അല്ലാഹു നിഷിദ്ധമാക്കിയ ആത്മാവിനെ കൊലപ്പെടുത്തല്‍; പലിശ ഭക്ഷിക്കല്‍…” (ബുഖാരി: 2766, 5764, 6857, മുസ്‌ലിം: 89) എന്തെല്ലാം പീഢനങ്ങള്‍ സഹിക്കേണ്ടി വന്നാലും ഒരിക്കലും ശിര്‍ക്ക് ചെയ്യരുത് എന്ന് നബി -ﷺ- ഓര്‍മ്മപ്പെടുത്തി. عَنْ أَبِي الدَّرْدَاءِ، قَالَ: أَوْصَانِي خَلِيلِي -ﷺ- أَنْ: «لَا تُشْرِكْ بِاللَّهِ شَيْئًا، وَإِنْ قُطِّعْتَ وَحُرِّقْتَ …» അബുദ്ദര്‍ദാഅ് പറഞ്ഞു: “എന്റെ കൂട്ടുകാരനായ (നബി -ﷺ-) എനിക്ക് വസ്വിയ്യത്ത് (ഉപദേശം) നല്‍കി: ‘നീ അല്ലാഹുവില്‍ ഒരിക്കലും പങ്കു ചേര്‍ക്കരുത് (ശിര്‍ക്ക് ചെയ്യരുത്); നിന്റെ (ശരീരം) കഷ്ണങ്ങളാക്കപ്പെട്ടാലും, നിന്നെ കത്തിച്ചു കളഞ്ഞാലും.” (ഇബ്‌നു മാജ: 4034, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി.) ശിര്‍ക്കല്ലാത്ത മറ്റെന്തു തിന്മയും അല്ലാഹു -അവനുദ്ദേശിച്ചാല്‍- പൊറുത്തു കൊടുത്തേക്കാം. എന്നാല്‍ ഒരാള്‍ ശിര്‍ക്ക് ചെയ്യുകയും, തൗബ ചെയ്യാതെ മരിച്ചു പോവുകയും ചെയ്താല്‍ അവന് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ല. അല്ലാഹു -تعالى- പറഞ്ഞു: (( إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدِ افْتَرَى إِثْمًا عَظِيمًا )) “തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് (ശിര്‍ക്ക്) അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ (ശിര്‍ക്ക് ചെയ്തുവോ) അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.” (നിസാഅ്: 116) അല്ലാഹു -تعالى- പറഞ്ഞു: (( إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ وَمَنْ يُشْرِكْ بِاللَّهِ فَقَدْ ضَلَّ ضَلَالًا بَعِيدًا )) “തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് (ശിര്‍ക്ക്) അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.” (നിസാഅ്: 116) عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ =ﷺ- قَالَ: «الظُّلْمُ ثَلَاثَةٌ، فَظُلْمٌ لَا يَغْفِرُهُ اللَّهُ، وَظُلْمٌ يَغْفِرُهُ اللَّهُ، وَظُلْمٌ لَا يَتْرُكْهُ اللَّهُ: فَأَمَّا الظُّلْمُ الذِّي لَا يَغْفِرُهُ اللَّهُ فَالشِّرْكُ، وَقَالَ «إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ»، وَأَمَّا الظُّلْمُ الذِّي يَغْفِرُهُ اللَّهُ فَظُلْمُ العِبَادِ لِأَنْفُسِهِمْ فِيمَا بَيْنَهُمْ وَبَيْنَ رَبِّهِمْ، وَأَمَّا الظُّلْمُ الذِّي لَا يَتْرُكْهُ فَظُلْمُ العِبَادِ بَعْضُهُمْ بَعْضًا، حَتَّى يُدَيِّنُ لِبَعْضِهِمْ مِنْ بَعْضٍ» അനസു ബ്നു മാലിക് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “അതിക്രമം മൂന്നു തരമാണ്. (ഒന്ന്:) അല്ലാഹു പൊറുത്തു കൊടുക്കാത്ത അതിക്രമം. (രണ്ട്:) അല്ലാഹു പൊറുത്തു കൊടുക്കുന്ന അതിക്രമം. (മൂന്ന്:) അല്ലാഹു വിട്ടു കൊടുക്കാത്ത അതിക്രമം. അല്ലാഹു പൊറുത്തു കൊടുക്കാത്ത അതിക്രമം ശിര്‍ക്കാണ്. അവന്‍ പറഞ്ഞു: «إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ» ‘തീര്‍ച്ചയായും ശിര്‍ക്ക് വളരെ ഗൗരവമുള്ള തിന്മ തന്നെയാണ്.’ അല്ലാഹു പൊറുത്തു കൊടുക്കുന്നവ അടിമകള്‍ സ്വന്തങ്ങളോട് ചെയ്യുന്ന -അവര്‍ക്കും അവരുടെ റബ്ബിനും ഇടയിലുള്ള- അതിക്രമങ്ങളാണ്. എന്നാല്‍, അല്ലാഹു ഒരിക്കലും വിട്ടു കൊടുക്കാത്ത തിന്മയാണ് അടിമകള്‍ പരസ്പരം ചെയ്യുന്ന അതിക്രമങ്ങള്‍. അവ പരസ്പരം കടം തീര്‍ക്കുന്നതു വരെ.” (സ്വഹീഹ: 1927) ശിര്‍ക്കിലൂടെ മനുഷ്യന് സംഭവിക്കുന്ന വഴിപിഴവിനെ അല്ലാഹു -تعالى- ഉപമിച്ചത് ഇപ്രകാരമാണ്. (( وَمَنْ يُشْرِكْ بِاللَّهِ فَكَأَنَّمَا خَرَّ مِنَ السَّمَاءِ فَتَخْطَفُهُ الطَّيْرُ أَوْ تَهْوِي بِهِ الرِّيحُ فِي مَكَانٍ سَحِيقٍ )) “അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.” (ഹജ്ജ്: 31) ഇഹലോകത്തുള്ളത് മുഴുവന്‍ പശ്ചാത്താപമായി നല്‍കിയാലും അല്ലാഹു അവനില്‍ ശിര്‍ക്ക് ചെയ്തു എന്ന തിന്മ പൊറുത്തു കൊടുക്കയില്ല. عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ -ﷺ- قَالَ: «يَقُولُ اللَّهُ تَعَالَى لِأَهْوَنِ أَهْلِ النَّارِ عَذَابًا يَوْمَ القِيَامَةِ: لَوْ أَنَّ لَكَ مَا فِي الأَرْضِ مِنْ شَيْءٍ أَكُنْتَ تَفْتَدِي بِهِ؟ فَيَقُولُ: نَعَمْ، فَيَقُولُ: أَرَدْتُ مِنْكَ أَهْوَنَ مِنْ هَذَا، وَأَنْتَ فِي صُلْبِ آدَمَ: أَنْ لاَ تُشْرِكَ بِي شَيْئًا، فَأَبَيْتَ إِلَّا أَنْ تُشْرِكَ بِي» അനസ് ബ്നു മാലിക് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “അന്ത്യനാളില്‍ നരകക്കാരില്‍ ഏറ്റവും ചെറിയ ശിക്ഷ അനുഭവിക്കുന്ന വ്യക്തിയോട് അല്ലാഹു ചോദിക്കും: ‘ഭൂമിയില്‍ എന്തെങ്കിലും ഒരു കാര്യം നീ ഉടമപ്പെടുത്തിയിട്ടുണ്ടെങ്കില്‍ (നരകത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി) അത് പ്രായശ്ചിത്തമായി നല്‍കാന്‍ നീ തയ്യാറാകുമോ?” അപ്പോള്‍ അയാള്‍ പറയും: “അതെ.” അല്ലാഹു പറയും: “നീ ആദമിന്റെ മുതുകിലായിരിക്കെ -എന്നില്‍ ഒന്നിനെയും നീ പങ്കു ചേര്‍ക്കരുത് എന്ന- അതിനെക്കാള്‍ നിസ്സാരമായ കാര്യമാണ് ഞാന്‍ നിന്നോട് ആവശ്യപ്പെട്ടത്. പക്ഷേ നീ ശിര്‍ക്ക് ചെയ്തു കൊണ്ട് വിസമ്മതം പ്രകടിപ്പിച്ചു.” (ബുഖാരി: 2856, മുസ്‌ലിം: 30) എന്നാല്‍ അവന് നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് മാത്രമല്ല; അനന്തമായി -ശ്വാശ്വതമായി- നരകത്തിന്റെ പ്രയാസങ്ങളില്‍ തന്നെ -മരണമോ ജീവിതമോ ഇല്ലാതെ- അവന്‍ കഴിച്ചു കൂട്ടേണ്ടി വരും.
ശിര്‍ക്ക് എന്താണെന്ന് വളരെ മനോഹരമായി ശൈഖ് വിശദീകരിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: وَالشِّرْكُ أَنْ يَجْعَلَ لِلَّهِ نِداًّ … “അല്ലാഹുവിന് തുല്യനായി ഒരാളെ നിശ്ചയി … ക്കുന്നതാണ് ശിര്‍ക്ക്.” ശിര്‍ക്കിന്റെ നിര്‍വ്വചനം മേലെ പറഞ്ഞ വാക്ക് മാത്രമാണ്. ആ നിര്‍വ്വചനം വിശദീകരിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ് ദുആ, തവക്കുല്‍, ഭയം, പ്രതീക്ഷ എന്നീ ചില ഇബാദതുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുക എന്ന വാക്കിലൂടെ അദ്ദേഹം നല്‍കിയത്. മേല്‍ പറഞ്ഞ വാക്ക് അദ്ദേഹം പൂര്‍ണമായും സ്വീകരിച്ചിരിക്കുന്നത് അല്ലാഹുവിന്റെ റസൂല്‍-ﷺ-യുടെ ഹദീഥില്‍ നിന്നാണ്. عَنْ عَبْدِ اللَّهِ قَالَ: سَأَلْتُ النَّبِيَّ -ﷺ-: «أَيُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ؟ قَالَ: «أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ» അബ്ദുല്ലാഹ് -رضي الله عنه- നിവേദനം: ഞാന്‍ നബി-ﷺ-യോട് ചോദിച്ചു: “ഏത് തിന്മയാണ് ഏറ്റവും ഗൗരവമുള്ളത്?” നബി -ﷺ- പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.” ഏറ്റവും വലിയ തിന്മ ശിര്‍ക്കാണെന്ന കാര്യം മറ്റു തെളിവുകളാല്‍ സ്ഥിരപ്പെട്ടതാണ്. ‘ഏറ്റവും ഗൗരവമുള്ള തിന്മയേത്?’ എന്ന ചോദ്യത്തിന് ‘ശിര്‍ക്ക്’ എന്ന് ഒറ്റ വാക്കില്‍ നബി -ﷺ- മറുപടി പറഞ്ഞില്ല. മറിച്ച് അവിടുന്ന് പറഞ്ഞു: “നിന്നെ സൃഷ്ടിച്ചവന്‍ അല്ലാഹുവാണെന്നിരിക്കെ, നീ അവന് പങ്കാളിയെ നിശ്ചയിക്കലാണ്.” (ബുഖാരി: 4477, മുസ്‌ലിം: 86) നബി -ﷺ- യുടെ ഈ വാക്ക് ഖുര്‍ആനിലെ ആദ്യത്തെ കല്‍പ്പനയും, ആദ്യത്തെ വിലക്കും ഉള്‍ക്കൊള്ളുന്ന ആയത്തിന്റെ ആശയം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു. (( فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ )) “അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.” (ബഖറ: 22) ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിന് സമന്മാരെ നിശ്ചയിക്കലാണെന്ന് മേല്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം. ഈ അര്‍ഥം മുശ്രിക്കുകള്‍ പരലോകത്ത് നടത്തുന്ന വിലാപത്തിലും കാണാം. (( وَقِيلَ لَهُمْ أَيْنَ مَا كُنْتُمْ تَعْبُدُونَ (92) مِنْ دُونِ اللَّهِ هَلْ يَنْصُرُونَكُمْ أَوْ يَنْتَصِرُونَ (93) فَكُبْكِبُوا فِيهَا هُمْ وَالْغَاوُونَ (94) وَجُنُودُ إِبْلِيسَ أَجْمَعُونَ (95) قَالُوا وَهُمْ فِيهَا يَخْتَصِمُونَ (96) تَاللَّهِ إِنْ كُنَّا لَفِي ضَلَالٍ مُبِينٍ (97) إِذْ نُسَوِّيكُمْ بِرَبِّ الْعَالَمِينَ )) “അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി? അല്ലാഹുവിനു പുറമെ. അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ? അവിടെ വെച്ച് അന്യോന്യം വഴക്ക് കൂടിക്കൊണ്ടിരിക്കെ അവര്‍ പറയും: അല്ലാഹുവാണ സത്യം! ഞങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. നിങ്ങള്‍ക്ക് ഞങ്ങള്‍ ലോകങ്ങളുടെ റബ്ബിനോട് തുല്യത കല്‍പിക്കുന്ന സമയത്ത്.” (ശുഅറാഅ്: 92-98) അല്ലാഹുവിന് മാത്രം പ്രത്യേകമായ, അവന് മാത്രം അര്‍ഹമായ ഏതെങ്കിലുമൊരു കാര്യത്തില്‍ അവനല്ലാത്ത അവന്റെ സൃഷ്ടികള്‍ക്ക് ആരെങ്കിലും പങ്ക് നല്‍കിയാല്‍ അവന്‍ അല്ലാഹുവിന് സമന്മാരെ നിശ്ചയിച്ചിരിക്കുന്നു. ഈ പറഞ്ഞതില്‍ നിന്ന് നമ്മുടെ നാട്ടിലുള്ള, ഇസ്‌ലാമിലേക്ക് തങ്ങളെ ചേര്‍ത്തി പറയുന്ന ചിലര്‍ അകപ്പെട്ടിട്ടുള്ളത് വലിയ ശിര്‍ക്കിലാണെന്ന് മനസ്സിലാക്കാം. മക്കയിലെ മുശ്രിക്കുകളും അവര്‍ക്ക് മുന്‍പുള്ളവരും ഏതൊരു ശിര്‍ക്കിലാണോ അതില്‍ തന്നെയാണ് ഇവിടെയുള്ളവരും അകപ്പെട്ടിരിക്കുന്നത്. അല്ലാഹു-تعالى-ക്ക് മാത്രം അവകാശപ്പെട്ട ഇബാദതുകള്‍ അവനും അവനോടൊപ്പം മറ്റു ചിലര്‍ക്കും നല്‍കിയവരായിരുന്നു അവര്‍. ഇതിലൂടെ അല്ലാഹുവിന്റെ അവകാശത്തില്‍ അവര്‍ പങ്കു ചേര്‍ത്തു; അതവരെ ശിര്‍ക്കില്‍ അകപ്പെടുത്തുകയും, ഇസ്‌ലാമിന്റെ വലയത്തില്‍ നിന്നു പുറത്തു നിര്‍ത്തുകയും ചെയ്തു. ഇന്നുള്ളവര്‍ അല്ലാഹുവിന് മാത്രം അര്‍ഹമായ പ്രാര്‍ഥനകളും നേര്‍ച്ചകളും സഹായതേട്ടങ്ങളും അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു. അല്ലാഹുവിനെ ഭയക്കേണ്ടത് പോലെ അവര്‍ ഔലിയാക്കന്മാരെയും അമ്പിയാക്കന്മാരെയും അവരുടെ ഖബറുകളെയും ഭയക്കുന്നു. അല്ലാഹുവിനെ സ്നേഹിക്കേണ്ടത് പോലെ അവന്റെ സൃഷ്ടികളില്‍ പെട്ടവരെ സ്നേഹിക്കുന്നു. നബിമാരിലും വലിയ്യുമാരിലും -ജീവനില്ലാത്ത ഉറുക്കിലും ഏലസ്സിലും വരെ- ഭരമേല്‍പ്പിക്കുകയും, അതില്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഇത് ഇസ്‌ലാമില്‍ നിന്ന് ഒരുവനെ പുറന്തള്ളുന്ന കൊടിയ ശിര്‍ക്കാണെന്നതില്‍ യാതൊരു സംശയവുമില്ല.
ശിര്‍ക്കിന്റെ ചരിത്രം വളരെ പുരാതനമാണ്. പക്ഷേ ഒരിക്കലും ലോകചരിത്രത്തോളം പഴക്കം അതിനില്ല. കാരണം മനുഷ്യ സമൂഹത്തിന്റെ പിതാവായ ആദം -عليه السلام- തൗഹീദ് ഉള്ളവരായിരുന്നു. അദ്ദേഹത്തിന് ശേഷമുള്ള പത്തോളം തലമുറകളും അതേ വഴിയില്‍ തന്നെ നിലകൊണ്ടു. പിന്നീടാണ് ശിര്‍ക്ക് ഉണ്ടായത്. അല്ലാഹു -تعالى- പറഞ്ഞു: (( كَانَ النَّاسُ أُمَّةً وَاحِدَةً )) “മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു.” (ബഖറ: 213) അല്ലാഹു -تعالى- പറഞ്ഞു: (( وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا )) “മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചു.” (യൂനുസ്: 19) ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു അബ്ബാസ് -تعالى- പറഞ്ഞു: ” ആദം-عليه السلام-ക്കും നൂഹ്ക്കും-عليه السلام- ഇടയില്‍ പത്തു തലമുറകള്‍ ഉണ്ടായിരുന്നു. അവരെല്ലാം സത്യദീനിലായിരുന്നു. പിന്നീടവര്‍ ഭിന്നിച്ചു. അപ്പോള്‍ അല്ലാഹു അവരിലേക്ക് സന്തോഷ വാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായി കൊണ്ട് നബിമാരെ നിയോഗിച്ചു.” (ഹാകിം: 2/442) ശിര്‍ക്ക് പിന്നീടുണ്ടായതാണ്. ആദ്യം അതുണ്ടായിരുന്നില്ല. ജനങ്ങളെല്ലാം ഇസ്‌ലാമാകുന്ന ഏകമതത്തിലുമായിരുന്നു. ശിര്‍ക്ക് അവരിലേക്ക് വന്നതിന്റെ രൂപവും ഇബ്‌നു അബ്ബാസ് -رضي الله عنهما- തന്നെ വിശദീകരിച്ചിട്ടുണ്ട്. (( وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا )) “അവര്‍ (നൂഹിന്റെ സമൂഹത്തിലെ നിഷേധികള്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്.” (നൂഹ്: 23) ഉപരിസൂചിത ആയത് വിശദീകരിക്കവെ ഇബ്‌നു അബ്ബാസ് -رضي الله عنهما- പറഞ്ഞു: عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا-: «أَسْمَاءُ رِجَالٍ صَالِحِينَ مِنْ قَوْمِ نُوحٍ، فَلَمَّا هَلَكُوا أَوْحَى الشَّيْطَانُ إِلَى قَوْمِهِمْ، أَنِ انْصِبُوا إِلَى مَجَالِسِهِمُ الَّتِي كَانُوا يَجْلِسُونَ أَنْصَابًا وَسَمُّوهَا بِأَسْمَائِهِمْ، فَفَعَلُوا، فَلَمْ تُعْبَدْ، حَتَّى إِذَا هَلَكَ أُولَئِكَ وَتَنَسَّخَ العِلْمُ عُبِدَتْ» “ഇവയെല്ലാം നൂഹ്യു-عليه السلام-ടെ സമൂഹത്തിലെ സച്ചരിതരായ ചിലരുടെ പേരുകളാണ്. അവര്‍ നശിച്ചപ്പോള്‍ അവരുടെ ഇരിപ്പിടങ്ങളില്‍ ചില നാട്ടക്കുറികള്‍ സ്ഥാപിക്കാന്‍ ശ്വൈയ്ത്വാന്‍ അവര്‍ക്ക് തോന്നിപ്പിച്ചു. അവക്കവര്‍ അവരുടെ പേരുകളും നല്‍കി. അന്ന് അവയൊന്നും ആരാധിക്കപ്പെട്ടില്ല. അങ്ങനെ അവര്‍ മരണപ്പെട്ടപ്പോള്‍ അവയെ കുറിച്ചുള്ള വിവരവും നശിച്ചു പോയി. അങ്ങനെ അവ ആരാധിക്കപ്പെട്ടു.” ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ നിലപാട് മേല്‍ പറഞ്ഞതാണ്. എന്നാല്‍ പലപ്പോഴും പാഠപുസ്തകങ്ങളിലും വിദ്യാലയങ്ങളിലും പഠിപ്പിക്കപ്പെടുന്നത് ഇതിന്റെ നേര്‍ വിപരീതമാണ്. ചിലപ്പോഴെല്ലാം പൂര്‍ണമായ നിരീശ്വരത്വവും ബഹുദൈവത്വവുമാണ് മനുഷ്യ സമൂഹത്തിന്റെ ആരംഭത്തിലുണ്ടായിരുന്നതെന്നാണ് പാഠപുസ്തകങ്ങളും അവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ‘ബുദ്ധിരാക്ഷസന്മാരും’ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത്. ‘ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് ആദിമമനുഷ്യര്‍ വിശ്വസിച്ചിരുന്നില്ലെന്നും, പിന്നീട് കടല്‍ക്ഷോഭങ്ങളും പ്രളയവും വരള്‍ച്ചയും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ സൂര്യനെയും ചന്ദ്രനെയും കടലിനെയുമെല്ലാം ആരാധിക്കാന്‍ തുടങ്ങിയെന്നും, പില്‍ക്കാലത്ത് അവയുടെ പേരുകളില്‍ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചെന്നും, പിന്നീട് ഈ ദൈവങ്ങളെല്ലാം ഒരൊറ്റ ദൈവമാണെന്ന ചിന്താഗതി ഉടലെടുത്തുവെന്നു’മാണ് ഇവരുടെ കണ്ടുപിടുത്തം. ഈ വാദം ഖുര്‍ആനിനും ഹദീഥിനും എതിരാണെന്ന് മേലെ നല്‍കിയ തെളിവുകള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. ചില ഊഹങ്ങളും അനുമാനങ്ങളുമല്ലാതെ മറ്റൊന്നും അവരുടെ പക്കലില്ല. (( وَإِنْ تُطِعْ أَكْثَرَ مَنْ فِي الْأَرْضِ يُضِلُّوكَ عَنْ سَبِيلِ اللَّهِ إِنْ يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ )) “ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം: 116) (( قُلْ هَلْ عِنْدَكُمْ مِنْ عِلْمٍ فَتُخْرِجُوهُ لَنَا إِنْ تَتَّبِعُونَ إِلَّا الظَّنَّ وَإِنْ أَنْتُمْ إِلَّا تَخْرُصُونَ )) “പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിജ്ഞാനവും ഉണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.” (അന്‍ആം: 148) ചുരുക്കത്തില്‍, ഇത്തരം പിഴച്ച ചിന്താഗതികള്‍ കുട്ടികളിലേക്ക് കുത്തിവെക്കുന്നവരുടെ കുതന്ത്രങ്ങളില്‍ നിന്ന് നമ്മുടെ മക്കളെ സൂക്ഷിക്കാനും, അവര്‍ക്ക് യാഥാര്‍ഥ്യം പഠിപ്പിച്ചു നല്‍കാനുമുള്ള ബാധ്യത നമുക്കുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനുമാണ് ഇത്രയും എഴുതിയത്.
ശിര്‍ക്ക് പ്രധാനമായും രണ്ട് ഇനങ്ങളാണ്: ഒന്ന്: വലിയ ശിര്‍ക്ക്. (الشِّرْكُ الأَكْبَرُ) അല്ലാഹുവിന് മാത്രം അര്‍ഹമായവയില്‍ അവന് പങ്കുകാരെ നിശ്ചയിക്കലും, അവന് മാത്രം അര്‍ഹമായ വിശേഷണങ്ങള്‍ സൃഷ്ടിജാലങ്ങളില്‍ ആര്‍ക്കെങ്കിലും ഉണ്ടെന്നുമുള്ള വിശ്വാസമാണ് ശിര്‍ക്കുന്‍ അക്ബര്‍ -അഥവാ; വലിയ ശിര്‍ക്ക്-. ഇതില്‍ നിന്ന് താക്കീത് ചെയ്യുവാനാണ് നബിമാരെല്ലാം വന്നത്. അവരുടെ സമൂഹങ്ങള്‍ ഈ ശിര്‍ക്കില്‍ അകപ്പെട്ടതിനാലാണ് ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു പോയത്. രണ്ട്: ചെറിയ ശിര്‍ക്ക്. (الشِّرْكُ الأَصْغَرُ) ശിര്‍ക്കുന്‍ അസ്വ്ഗര്‍ എന്താണെന്ന് നബി -ﷺ- മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. عَنْ مَحْمُودِ بْنِ لَبِيدٍ، أَنَّ رَسُولَ اللهِ -ﷺ- قَالَ: «إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمُ الشِّرْكُ الْأَصْغَرُ» قَالُوا: وَمَا الشِّرْكُ الْأَصْغَرُ يَا رَسُولَ اللَّهِ؟ قَالَ: «الرِّيَاءُ، يَقُولُ اللَّهُ عَزَّ وَجَلَّ لَهُمْ يَوْمَ الْقِيَامَةِ: إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اذْهَبُوا إِلَى الَّذِينَ كُنْتُمْ تُرَاءُونَ فِي الدُّنْيَا فَانْظُرُوا هَلْ تَجِدُونَ عِنْدَهُمْ جَزَاءً» മഹ്മൂദ് ബ്നു ലബീദ് നിവേദനം: നബി -ﷺ- പറഞ്ഞു: “തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ മേല്‍ ഏറ്റവും ഭയക്കുന്നത് ശിര്‍ക്കുന്‍ അസ്വ്ഗര്‍ ആണ്.” സ്വഹാബികള്‍ ചോദിച്ചു: “എന്താണ് ശിര്‍ക്കുന്‍ അസ്വ്ഗര്‍, അല്ലാഹുവിന്റെ റസൂലേ?” നബി -ﷺ- പറഞ്ഞു: “ലോകമാന്യം. അത്തരക്കാരോട് ഖിയാമത് നാളില്‍ ജനങ്ങള്‍ക്കെല്ലാം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം ലഭിച്ചു കഴിഞ്ഞാല്‍ അല്ലാഹു പറയും: ‘ദുനിയാവില്‍ നിങ്ങള്‍ ആരെയാണോ (നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍) കാണിച്ചിരുന്നത് അവരുടെ അടുക്കല്‍ പോവുക. എന്തെങ്കിലും പ്രതിഫലം അവരുടെ അടുക്കല്‍ ലഭിക്കുമോ എന്ന് നിങ്ങള്‍ നോക്കുക.” (അഹമദ്: 23521) عَنْ أَبِي سَعِيدٍ، قَالَ: خَرَجَ عَلَيْنَا رَسُولُ اللَّهِ -ﷺ- وَنَحْنُ نَتَذَاكَرُ الْمَسِيحَ الدَّجَّالَ، فَقَالَ: «أَلَا أُخْبِرُكُمْ بِمَا هُوَ أَخْوَفُ عَلَيْكُمْ عِنْدِي مِنَ الْمَسِيحِ الدَّجَّالِ؟» قَالَ: قُلْنَا: بَلَى، فَقَالَ: «الشِّرْكُ الْخَفِيُّ، أَنْ يَقُومَ الرَّجُلُ يُصَلِّي، فَيُزَيِّنُ صَلَاتَهُ، لِمَا يَرَى مِنْ نَظَرِ رَجُلٍ» അബൂ സഈദ് അല്‍-ഖുദ്രി -رضي الله عنه- നിവേദനം: ഞങ്ങള്‍ മസീഹുദ്ദജ്ജാലിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കവെ അല്ലാഹുവിന്റെ റസൂല്‍ -ﷺ- ഞങ്ങള്‍ക്കരികിലേക്ക് വന്നു. അവിടുന്ന് പറഞ്ഞു: “മസീഹുദ്ദജ്ജാലിനെക്കാള്‍ നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഭയക്കുന്നത് എന്തിനെയാണെന്ന് അറിയിച്ചു തരട്ടെയോ?” ഞങ്ങള്‍ പറഞ്ഞു: “അതെ.” നബി -ﷺ- പറഞ്ഞു: “ശിര്‍ക്കുല്‍ ഖഫിയ്യ് (ഗോപ്യമായ ശിര്‍ക്ക്). ഒരാള്‍ നിന്ന് നിസ്കരിക്കാന്‍ ആരംഭിക്കുമ്പോള്‍ മറ്റൊരാള്‍ നോക്കുന്നുണ്ട് എന്നതിനാല്‍ അയാള്‍ തന്റെ നിസ്കാരം ഭംഗി കൂട്ടലാണത്.” (ഇബ്‌നു മാജ: 4204) ചെറിയ ശിര്‍ക്ക് എന്ന പേരില്‍ നിന്ന് ഈ ശിര്‍ക്ക് ഗൗരവം തീരെ കുറഞ്ഞ ശിര്‍ക്കാണെന്നാണ് ആരും വിചാരിക്കരുത്. വ്യഭിചാരം, മോഷണം, പലിശ പോലുള്ള വന്‍പാപങ്ങളെക്കാള്‍ അപകടകരമാണ് ചെറിയ ശിര്‍ക്ക്. عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: «لِأَنْ أَحْلِفَ بِاللَّهِ كَاذِباً أَحَبُّ إِلَيَّ مِنْ أَنْ أَحْلِفَ بِغَيْرِهِ صَادِقاً» അബ്ദുല്ലാഹിബ്നു മസ്ഊദ് -رضي الله عنه- പറഞ്ഞു: “അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുന്നതാണ് അല്ലാഹുവല്ലാത്തവരുടെ പേരില്‍ സത്യവാനായി കൊണ്ട് ശപഥം ചെയ്യുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം.” അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്യുക എന്നത് വന്‍പാപങ്ങളില്‍ പെട്ട കാര്യമാണ്. അല്ലാഹുവല്ലാത്തവരുടെ പേരില്‍ സത്യം ചെയ്യുക എന്നതാകട്ടെ, ചെറിയ ശിര്‍ക്കില്‍ ഉള്‍പ്പെടുന്ന കാര്യവും. ഒരു വന്‍പാപം ചെയ്യുന്നതാണ് ശിര്‍ക്ക് ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം എന്നാണ് ഇബ്‌നു മസ്ഊദ് തന്റെ ഈ വാക്കുകളിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.
1- വലിയ ശിര്‍ക്ക് ചെയ്തവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുകയും, കാഫിറായി പരിഗണിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ചെറിയ ശിര്‍ക്ക് ചെയ്തവന്‍ ഇസ്‌ലാമിന്റെ വലയത്തില്‍ നിന്ന് പുറത്തു പോവുകയില്ല; പക്ഷേ അവന്റെ ഇസ്‌ലാമിലും ഈമാനിലും കുറവ് സംഭവിച്ചിരിക്കുന്നു. 2- വലിയ ശിര്‍ക്ക് ചെയ്തവന്‍ ശാശ്വത നരകവാസിയാണ്. ഒരിക്കലും അവന് നരകത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ല. ചെറിയ ശിര്‍ക്ക് ചെയ്തവനാകട്ടെ, ശാശ്വത നരകവാസം ഉണ്ടാകുന്നതല്ല; തൗഹീദിന്റെയും ഇസ്‌ലാമിന്റെയും മറ്റു അടിസ്ഥാനങ്ങള്‍ അവനില്‍ ബാക്കിയുണ്ടെങ്കില്‍ -ഈ തിന്മക്കുള്ള ശിക്ഷ ലഭിച്ചു കഴിഞ്ഞതിന് ശേഷം- അവന് സ്വര്‍ഗപ്രവേശം ലഭിക്കുന്നതാണ്. 3- വലിയ ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുകയില്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു; ഈ വിഷയത്തിലുള്ള തെളിവുകള്‍ ഖണ്ഡിതവുമാണ്. എന്നാല്‍ ചെറിയ ശിര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് അഭിപ്രായപ്പെട്ടവരും, അല്ലാത്തവരുമുണ്ട്. 4- വലിയ ശിര്‍ക്ക് ചെയ്തവന്‍ കാഫിറാകുമെന്നും ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുമെന്നും പറഞ്ഞു. അത്തരക്കാരുടെ രക്തവും സമ്പാദ്യവും -യുദ്ധത്തില്‍- മുസ്‌ലിംകള്‍ക്ക് അനുവദനീയമാണ്. എന്നാല്‍ ചെറിയ ശിര്‍ക്ക് ചെയ്തവന്റെ കാര്യത്തില്‍ ഇപ്രകാരമില്ല; ഒരു മുസ്‌ലിമിനോടുള്ള ബാധ്യതകള്‍ അവന്റെ കാര്യത്തില്‍ ഇല്ലാതെയാവുകയില്ല. 5- വലിയ ശിര്‍ക് ചെയ്തവന്റെ ബാക്കിയെല്ലാ സല്‍കര്‍മ്മങ്ങളും -അവ എന്തു മാത്രമുണ്ടെങ്കിലും- നിഷ്ഫലമാകും. എന്നാല്‍ ചെറിയ ശിര്‍ക്ക് എല്ലാ പ്രവര്‍ത്തനങ്ങളെയും നിഷ്ഫലമാക്കില്ല. മറിച്ച്, ഏതൊരു പ്രവൃത്തിയിലാണോ അത് കൂടിക്കലര്‍ന്നിരിക്കുന്നത് അതിനെ മാത്രമാണ് ചെറിയ ശിര്‍ക്ക് നശിപ്പിക്കുക. 6- വലിയ ശിര്‍ക്ക് ചെയ്തവന് വേണ്ടി ഇസ്തിഗ്ഫാര്‍ -പശ്ചാത്താപം തേടല്‍- അനുവദനീയമല്ല; അവര്‍ ഒരാളുടെ പിതാവോ മാതാവോ മക്കളോ മറ്റാരെങ്കിലുമോ ആണെങ്കിലും. എന്നാല്‍ ചെറിയ ശിര്‍ക്ക് ചെയ്തവന് വേണ്ടി പാപമോചനം തേടാം. 7- വലിയ ശിര്‍ക്ക് ചെയ്തവന്റെ സ്വത്ത് മരണശേഷം മുസ്‌ലിംകള്‍ അനന്തരമായി എടുക്കുക പാടില്ല. മുസ്‌ലിമിന്റെ സ്വത്ത് അവര്‍ക്കും നല്‍കാന്‍ പാടില്ല. ചെറിയ ശിര്‍ക്ക് ചെയ്തവരുടെ കാര്യത്തില്‍ ഈ നിയമം ബാധകമല്ല.
സൂറ. മാഇദയിലെ 72 ാമത്തെ ആയത്തില്‍ നിന്നൊരു ഭാഗമാണ് ശൈഖ് മുഹമ്മദ് ശിര്‍ക്കിന്റെ ഗൗരവം വ്യക്തമാക്കുന്നതിനായി നല്‍കിയത്. ഈ പ്രത്യേക ഭാഗം ഈസ -عليه السلام- ഇസ്രാഈല്യുരോട് പറഞ്ഞതാണെന്നും, അല്ല, അല്ലാഹുവിന്റെ വാക്കാണതെന്നും രണ്ട് അഭിപ്രായം മുഫസ്സിറുകള്‍ക്ക് ഉണ്ട്. ആയത്ത് പൂര്‍ണമായി താഴെ വായിക്കാം. (( لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ وَقَالَ الْمَسِيحُ يَابَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ )) “മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ‘ഇസ്രായീല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവില്‍ വല്ലവനും ശിര്‍ക്ക് ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല’ എന്നാണ്.” (മാഇദ: 72) ശിര്‍ക്ക് ചെയ്തവര്‍ക്ക് നരകം നിഷിദ്ധമാണെന്ന കാര്യം ഖുര്‍ആനിലും ഹദീഥിലുമെല്ലാം ഖണ്ഡിതമായി സ്ഥിരപ്പെട്ടതാണ്. അല്ലാഹു -تعالى- പറഞ്ഞു: (( إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُولَئِكَ هُمْ شَرُّ الْبَرِيَّةِ )) “തീര്‍ച്ചയായും വേദക്കാരിലും മുശ്രിക്കുകളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ മോശപ്പെട്ടവര്‍.” (ബയ്യിന: 6) സ്വര്‍ഗമോ അതിലെ സുഖസൗകര്യങ്ങളില്‍ നിന്ന് എന്തെങ്കിലുമോ ശിര്‍ക്ക് ചെയ്തവര്‍ക്ക് ഒരിക്കലും ലഭിക്കുകയില്ല. അല്ലാഹു -تعالى- പറഞ്ഞു: (( وَنَادَى أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّهُ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ )) “നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞു തരണേ! അവര്‍ പറയും: കാഫിറുകള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.” (അഅ്റാഫ്: 50) എങ്ങനെ അവന്റെ നരകജീവിതം ശാശ്വതമല്ലാതിരിക്കും?! അവന്‍ ചെയ്തു വന്ന നന്മകളെ മുഴുവന്‍ ശിര്‍ക്ക് നശിപ്പിച്ചു കളയും -അത് പര്‍വ്വതസമാനമുണ്ടെങ്കിലും-. അല്ലാഹു -تعالى- പറഞ്ഞു: (( وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ )) “തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.” (സുമര്‍: 65) നബി-ﷺ-യെ അഭിസംബോധന ചെയ്തു കൊണ്ടാണ് ഈ ആയത്തില്‍ അല്ലാഹു ശിര്‍ക്കില്‍ നിന്ന് താക്കീത് ചെയ്തത്. അവിടുന്ന് ശിര്‍ക്ക് ഒരിക്കലും ചെയ്യില്ല; മനുഷ്യന് സാധ്യമായ എല്ലാ നന്മകളുടെയും പൂര്‍ണത അവിടുന്നില്‍ സമ്മേളിച്ചിരുന്നു. എന്നിട്ടും അല്ലാഹു ഇപ്രകാരം താക്കീത് ചെയ്യുന്നെങ്കില്‍, പാപികളായ നമ്മുടെ സ്ഥിതിവിശേഷമെന്ത്? ചിന്തിക്കുക! അനേകം നബിമാരുടെ പേരുകള്‍ പരാമര്‍ശിച്ചതിന് ശേഷം അല്ലാഹു -تعالى- പറഞ്ഞു: (( وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ )) “അവര്‍ ( അല്ലാഹുവോട് ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.” (അന്‍ആം: 88) എന്നാല്‍ ശിര്‍ക്കില്‍ താഴെയുള്ള എന്തു തിന്മകള്‍ ചെയ്താലും -വന്‍പാപങ്ങളോ ചെറുപാപങ്ങളോ ആകട്ടെ- അല്ലാഹു ഉദ്ദേശിച്ചാല്‍ അവയെല്ലാം അവന്‍ പൊറുത്തു കൊടുക്കും; ഇല്ലെങ്കില്‍ അവനെ ശിക്ഷിക്കും. എന്നാല്‍ അതൊരിക്കലും ശാശ്വതമായിരിക്കില്ല; കാലാകാലം നിലനില്‍ക്കുന്നതുമായിരിക്കില്ല. عَنْ عَبْدِ اللَّهِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ النَّارَ» وَقُلْتُ أَنَا: «مَنْ مَاتَ لاَ يُشْرِكُ بِاللَّهِ شَيْئًا دَخَلَ الجَنَّةَ» അബ്ദുല്ലാഹി ബ്നു മസ്ഊദ് -رضي الله عنه- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്കു ചെയ്തു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു.” ഞാന്‍ (ഇബ്‌നു മസ്ഊദ്) പറയുന്നു: “ആരെങ്കിലും അല്ലാഹുവില്‍ ശിര്‍ക്ക് ചെയ്യാതെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (ബുഖാരി: 1238) അല്ലാഹു -تعالى- യോട് മനുഷ്യര്‍ക്കുള്ള ബാധ്യതകളില്‍ പരമപ്രധാനമാണ് തൗഹീദ് പാലിച്ചു കൊണ്ടും, ശിര്‍ക്കില്‍ നിന്ന് അകന്നു കൊണ്ടും ജീവിക്കുക എന്നത്. അത് പാലിച്ചവര്‍ക്ക് സ്വര്‍ഗം നിര്‍ബന്ധമാണ്; എന്നെങ്കിലുമൊരിക്കല്‍ അവര്‍ അതില്‍ പ്രവേശിക്കാതിരിക്കില്ല. عَنْ مُعَاذٍ، قَالَ: كُنْتُ رِدْفَ النَّبِيِّ -ﷺ- عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ: «يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ، وَمَا حَقُّ العِبَادِ عَلَى اللَّهِ؟»، قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ، قَالَ: «فَإِنَّ حَقَّ اللَّهِ عَلَى العِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ العِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا» മുആദു ബ്നു ജബല്‍ പറഞ്ഞു: “ഞാന്‍ നബി-ﷺ-യുടെ പിറകില്‍ ഉഫൈര്‍ എന്ന് പേരുള്ള ഒരു കഴുതപ്പുറത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അവിടുന്ന് എന്നോട് പറഞ്ഞു: “ഹേ മുആദ്! അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്നും, അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) തന്റെ മേലുള്ള അവകാശം എന്താണെന്നും നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “അല്ലാഹുവിനും റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.” അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവന് മാത്രം അവര്‍ ഇബാദത് ചെയ്യുക എന്നതും, അവനില്‍ ശിര്‍ക്ക് ചെയ്യാതിരിക്കുക എന്നതുമാണ്. അടിമകള്‍ക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്‍കിയ) അവകാശമാകട്ടെ, ശിര്‍ക്ക് ചെയ്യാത്തവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ്.” (ബുഖാരി: 128, മുസ്‌ലിം: 30) മേല്‍ പറഞ്ഞ തെളിവുകളില്‍ നിന്ന് ശിര്‍ക്ക് അല്ലാഹു -تعالى- ഒരിക്കലും പൊറുക്കില്ലെന്നും, അത് ചെയ്തവന്‍ ശാശ്വത നരകവാസിയായിരിക്കുമെന്നും, അവന് ഒരിക്കലും സ്വര്‍ഗപ്രവേശം സാധ്യമല്ലെന്നും മനസ്സിലാക്കാന്‍ കഴിയും. വല്ലാഹു -സുബ്ഹാനഹു വ തആലാ- അഅ്ലം.