അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും. അതിൽ രണ്ടാമത്തെ അടിസ്ഥാനം ഉലൂഹിയ്യതിലെ ഏകത്വമാണ്.
അല്ലാഹു മാത്രമാണ് ഏകഇലാഹ് എന്ന് അംഗീകരിക്കലാണ് ഉലൂഹിയ്യതിലെ തൗഹീദ് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇലാഹ് എന്ന നാമവുമായാണ് ‘ഉലൂഹിയ്യഃ’ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്റെ ഏകത്വം ഉദ്ഘോഷിക്കുന്ന ശഹാദത് കലിമയിൽ -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്കിൽ- പരാമർശിക്കപ്പെട്ട നാമമാണത്.
ആരാധിക്കപ്പെടുന്നവനാണ് ഇലാഹ് എന്ന് അറബിയിൽ പറയുക; അല്ലാഹു മാത്രമേ ആരാധിക്കപ്പെടാൻ അർഹതയുള്ളവനായി ഉള്ളൂ എന്ന വിശ്വാസമാണ് ‘എന്റെ ഇലാഹ് അല്ലാഹു മാത്രമാണ്’ എന്ന് പറയുന്നതിലൂടെ ഒരാൾ പ്രഖ്യാപിക്കുന്നത്. അത് തന്നെയാണ് ഉലൂഹിയ്യതിലെ തൗഹീദിന്റെ ഉദ്ദേശവും.
ഈ വിശ്വാസം ഹൃദയത്തിൽ ഉറക്കുന്നതോടെ അവന്റെ സർവ്വ ഇബാദതുകളും (ആരാധനകൾ) അല്ലാഹുവിന് മാത്രം സമർപ്പിക്കുന്നവനായി അവൻ പരിവർത്തിപ്പിക്കപ്പെടും. അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധന നൽകുക എന്നതിനേക്കാൾ വെറുപ്പുള്ള മറ്റൊരു തിന്മയും അവന്റെ മുന്നിൽ ഉണ്ടായിരിക്കുകയില്ല.
അല്ലാഹുവിന് നൽകുന്ന ആരാധനകളാകട്ടെ, പല തരത്തിലുണ്ട്.
– ഹൃദയം കൊണ്ട് പ്രവർത്തിക്കേണ്ട ആരാധനകളുണ്ട്; അങ്ങേയറ്റത്തെ സ്നേഹവും പ്രതീക്ഷയും ഭയവും ഭരമേൽപ്പിക്കലും പശ്ചാത്താപവും മനസ്സിനുള്ളിലെ അങ്ങേയറ്റത്തെ വിനയവും താഴ്മയും, അതിൽ നിന്നുണ്ടാകുന്ന സഹായതേട്ടവുമെല്ലാം ഹൃദയത്തിന്റെ ആരാധനകളാണ്.
– നാവു കൊണ്ടുള്ള ആരാധനകളുമുണ്ട്; ഖുർആൻ പാരായണവും ദിക്റുകളും നന്മ കൽപ്പിക്കലും തിന്മവിരോധിക്കലും പ്രാർത്ഥനയും സഹായതേട്ടവുമെല്ലാം നാവിൽ നിറയുന്ന ഇബാദതുകളാണ്.
– ശരീരാവയവങ്ങൾ കൊണ്ടുള്ള ആരാധനകളുമുണ്ട്; നിസ്കാരവും നോമ്പും സകാത്തും ഹജ്ജും സ്വദഖയും നേർച്ചയും ബലിയർപ്പണവും ചില ഉദാഹരണങ്ങൾ.
ഇവയെല്ലാം ഒരാൾ അല്ലാഹുവിന് മാത്രം നൽകുകയും, സൃഷ്ടികളിൽ ഒരാൾക്കും അതിൽ നിന്നൊരു ചെറിയ പങ്കുപോലും അവൻ നൽകാതിരിക്കുകയും ചെയ്യുന്നെങ്കിൽ തൗഹീദിന്റെ രണ്ടാമത്തെ ഭാഗം -ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനവിശ്വാസം- അവൻ പൂർത്തീകരിച്ചു കഴിഞ്ഞു.
തൗഹീദ് എന്നത് കൊണ്ട് പൊതുവെ ഉദ്ദേശിക്കപ്പെടുന്നത് നാം ഈ വിശദീകരിച്ച ‘ഉലൂഹിയ്യതിലെ’ തൗഹീദാണ്. ഖുർആനിൽ ആദ്യം കൽപ്പിക്കപ്പെട്ടതും ഏറ്റവുമധികം വിശദീകരിക്കപ്പെട്ടതും, നബിമാർ തങ്ങളുടെ സമൂഹത്തെ പ്രഥമമായി ഉണർത്തിയതും അവരോട് കൽപ്പിച്ചതും, ഇസ്‌ലാമിൽ പ്രവേശിക്കാൻ ആദ്യം അംഗീകരിക്കേണ്ടതും ഉച്ചരിക്കേണ്ടതും ഈ തൗഹീദാണ്. ഈമാനിന്റെ ഏറ്റവുമുയർന്ന ശാഖയായ, ഇസ്‌ലാമിലെ ഒന്നാമത്തെ സാക്ഷ്യവചനമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ ഉദ്ദേശവും ഇത് തന്നെ.
നിത്യവും ഓരോ മുസ്‌ലിമും അല്ലാഹുവുമായി കരാർ ചെയ്യുന്നത് ഈ തൗഹീദ് -ആരാധനകളിൽ അല്ലാഹുവിനെ ഏകനാക്കാം എന്ന കാര്യം- ഞാൻ പാലിച്ചു കൊള്ളാം എന്നാണ്. സൂറ. ഫാതിഹയിലെ മദ്ധ്യത്തിലുള്ള ആയത് നോക്കൂ!
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾
“നിന്നെ മാത്രം ഞങ്ങള്‍ ഞങ്ങള്‍ ഇബാദത് ചെയ്യുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ഫാതിഹ: 5)
അല്ലാഹു മാത്രമാണ് ഇലാഹാകാൻ അർഹതയുള്ളവനുള്ളൂ എന്ന തൗഹീദിന്റെ പ്രഥമഭാഗം വിശദീകരിക്കുന്ന ആയത്തുകൾ ഖുർആനിൽ എമ്പാടുമുണ്ട്. ചിലത് വായിക്കുക.
إِنَّنِي أَنَا اللَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾
“തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ഇലാഹ് (ആരാധ്യന്‍) ഇല്ല. അതിനാല്‍ എന്നെ നീ ഇബാദത് ചെയ്യുകയും, എന്നെ ഓര്‍മിക്കുന്നതിനായി നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.” (ത്വാഹ: 14)
وَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ ۖ لَّا إِلَـٰهَ إِلَّا هُوَ الرَّحْمَـٰنُ الرَّحِيمُ ﴿١٦٣﴾
“നിങ്ങളുടെ ഇലാഹ് ഏക ഇലാഹ് മാത്രമാകുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. അവന്‍ റഹ്മാനും (വിശാലമായ കാരുണ്യം ഉള്ളവന്‍) റഹീമും (അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവന്‍) ആകുന്നു.” (ബഖറ: 163)
هُوَ الْحَيُّ لَا إِلَـٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٦٥﴾
“അവനാകുന്നു ഹയ്യ് (എന്നെന്നും ജീവിച്ചിരിക്കുന്നവന്‍). അവനല്ലാതെ യാതൊരു ഇലാഹുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ത്ഥിക്കുക. റബ്ബുല്‍ ആലമീനായ (ലോകങ്ങളുടെ രക്ഷിതാവായ) അല്ലാഹുവിന്ന് സ്തുതി.” (ഗാഫിര്‍: 65)