വ്യത്യസ്ത വിശ്വാസങ്ങളുടെയും ചിന്തകളുടെയും നാടാണ് ഇന്ത്യ. അനേകം മതങ്ങള്‍. ചിന്താധാരകള്‍. വിശ്വാസങ്ങളും ആചാരങ്ങളും. ഇവക്കിടയില്‍ സത്യം കണ്ടെത്തുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രയാസം തന്നെ. ഇതു കൊണ്ടെല്ലാം പലരും തങ്ങള്‍ ജനിച്ചു വന്ന ആചാരങ്ങളിലും വിശ്വാസങ്ങളിലും തന്നെ മരണം വരെ തുടര്‍ന്നു പോകാമെന്ന തീരുമാനം എടുക്കുന്നു. ഏതിലാണ് സത്യമെന്നറിയാനോ മനസ്സിലാക്കാനോ പലരും ശ്രമിക്കാറില്ല. അധിക പേര്‍ക്കും അതില്‍ താല്‍പര്യവുമില്ല.

സത്യം കണ്ടെത്തുക എന്നത് പ്രയാസമുള്ളതായി അനുഭവപ്പെട്ടതു കൊണ്ടായിരിക്കണം; ചിലര്‍ -പ്രത്യേകിച്ച് ഇന്ത്യയിലുള്ള ചിലര്‍- തങ്ങളുടെതായി ഒരു വാദം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക സവിശേഷതയായാണ് ഈ വാദം പലപ്പോഴും വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഏറെ പുകഴ്ത്തപ്പെടേണ്ട ഭാരതീയ സംസ്കാരമായാണ് ബുദ്ധിജീവികള്‍ പോലും ഇതിനെ വിശേഷിപ്പിക്കാറുള്ളത്.

മറ്റൊന്നിനെ കുറിച്ചുമല്ല പറഞ്ഞു വരുന്നത്. സര്‍വ്വമതസത്യ വാദത്തെ കുറിച്ചു തന്നെ. ഇന്ത്യയില്‍ ഏറെ പുകഴ്ത്തപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന പലരും ഈ വാദം വ്യക്തമായി ഉന്നയിച്ചിട്ടുള്ളവരും, അതിന്റെ വക്താക്കളായി അറിയപ്പെട്ടവരുമാണ്. ഇന്നും ഈ ചിന്ത -സനാതന ധര്‍മ്മമെന്ന പേരിലും, ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയെന്ന പേരിലും- വ്യാപകമായി പ്രചരിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു.

ഇവരുടെ വാദത്തിന്റെ ചുരുക്കം ഇപ്രകാരമാണ്: എല്ലാ മതങ്ങളും സത്യം തന്നെ. എല്ലാത്തിനെയും ബഹുമാനിക്കണം. എല്ലാ പുഴകളും ഒരു സമുദ്രത്തിലേക്കാണ് ഒഴുകുന്നത് എന്ന പോലെ എല്ലാ വിശ്വാസങ്ങളും ഒരു ലക്ഷ്യത്തിലേക്ക് തന്നെയാണ് എത്തിക്കുക. ഒരു ശക്തിയിലേക്ക്‌ എത്തിക്കുന്ന വ്യത്യസ്ത വഴികള്‍ മാത്രമാണ് എല്ലാ ചിന്തകളും വിശ്വാസങ്ങളും.

ഇങ്ങനെ പറയുന്നവര്‍ നമ്മുടെ നാട്ടില്‍ ഏറെ പുകഴ്ത്തപ്പെടാറുണ്ട്. അവര്‍ മഹാചിന്തകരായും സഹിഷ്ണുതയുടെ കാവല്‍ക്കാരായും വിശേഷിപ്പിക്കപ്പെടാറുണ്ട്. തന്റേത് മാത്രമാണ് ശരിയെന്നു വിശ്വസിക്കുന്നവരാണ് സര്‍വ്വ കുഴപ്പങ്ങള്‍ക്കും തീവ്രവാദങ്ങള്‍ക്കും കാരണക്കാരെന്നും ഇത്തരക്കാര്‍ പറഞ്ഞു വെക്കാറുണ്ട്. സര്‍വ്വ മതങ്ങളെയും ആദരിക്കാനും അംഗീകരിക്കാനും കഴിയുമ്പോള്‍ മാത്രമേ സമാധാനവും ശാന്തിയും പുലരൂ എന്നവര്‍ ധരിച്ചിരിക്കുന്നു.

എന്നാല്‍, ഒന്നു ചിന്തിച്ചു നോക്കിയാല്‍ ഈ വാദം -എല്ലാം ശരിയാണെന്ന ആശയം- സത്യത്തില്‍ നിന്നുള്ള ഭീരുത്വം നിറഞ്ഞ ഒളിച്ചോട്ടമാണ് എന്നു മനസ്സിലാകും. തന്റെ വിശ്വാസവും ചിന്താഗതികളും തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ് എന്നു തിരിച്ചറിഞ്ഞ ഒരാളില്‍ നിന്നു മാത്രമേ ഈ വാക്കുകള്‍ പുറത്തു വരികയുള്ളൂ. ചിന്തിക്കുന്ന, ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഈ പറയുന്നതില്‍ സത്യമില്ല എന്ന് മനസ്സിലാകും.

ആലോചിച്ചു നോക്കുക!

എങ്ങനെയാണ് എല്ലാം സത്യമാവുക?

ഭൂമിയില്‍ എത്രയോ വസ്തുക്കളും വിഷയങ്ങളുമില്ലേ? അവയെല്ലാം എങ്ങനെയാണ് ഒരു പോലെയാവുക?

വ്യഭിചാരത്തെയും ബലാല്‍സംഗത്തെയും വിവാഹത്തെയും നീ ഒരു പോലെയാണോ കാണുന്നത്?

അന്യന്റെ സമ്പാദ്യം തട്ടിപ്പറിച്ചെടുക്കുന്നതും പ്രയാസപ്പെട്ടും വിയര്‍പ്പൊഴിക്കിയും ജോലി ചെയ്യുന്നതും ഒരു പോലെയാകുമോ?

സത്യസന്ധതയും നീതിയും ശ്രേഷ്ഠമാണെന്ന് നമുക്കറിയാം. അതു പോലെ തന്നെയാണോ കളവും അനീതിയും അതിക്രമവുമെല്ലാം?

മേല്‍ പറഞ്ഞതൊന്നും ഒരു പോലെയല്ലെങ്കില്‍; വ്യത്യസ്ത നിയമങ്ങളും കല്‍പ്പനകളും ഉള്‍ക്കൊള്ളുന്ന മതങ്ങളും ആദര്‍ശങ്ങളും എങ്ങനെ ഒരു പോലെയാകും?

ആരാധനകള്‍ക്ക് അര്‍ഹനായ ഒരേയൊരു സ്രഷ്ടാവ് മാത്രമേ ഉള്ളുവെന്നു പ്രഖ്യാപിക്കുന്ന ഇസ്‌ലാമും, ദൈവം മൂന്നുണ്ടെന്നു വാദിക്കുന്ന ക്രൈസ്തവതയും, മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ടെന്നു ജല്‍പ്പിക്കുന്ന ഹൈന്ദവതയും, കാണുന്നതെല്ലാം ദൈവമാണെന്ന് വിശ്വസിക്കുന്ന അദ്വൈതവും, പിശാചാണ് ദൈവമെന്നു പറയുന്ന സാതാനിസവും, ദൈവമേ ഇല്ലെന്നു പ്രചരിപ്പിക്കുന്ന നിരീശ്വരത്വവും എങ്ങനെ ഒന്നാകും?

മരണത്തിന് ശേഷം പുനരുഥാനമുണ്ടെന്നും, അവിടെ നന്മ തിന്മകള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്ന സ്വര്‍ഗ നരകങ്ങള്‍ ഉണ്ടെന്നും ഇസ്‌ലാം ഉറപ്പിച്ചു പറയുന്നു. പരലോകമുണ്ടെങ്കിലും യേശുവില്‍ വിശ്വസിച്ചവന്‍ -നന്മ ചെയ്താലും തിന്മ ചെയ്താലും- സ്വര്‍ഗത്തില്‍ പോകുമെന്ന് ക്രൈസ്തവത പറയുന്നു. എന്നാല്‍ പരലോകമെന്ന ഒന്നേ ഇല്ലെന്നും, മനുഷ്യര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നിലവാരമനുസരിച്ച് പട്ടിയോ പൂച്ചയോ കഴുതയോ ഒക്കെ ആയി പുനര്‍ജനിക്കുകയാണെന്നും ഹൈന്ദവ വിശ്വാസികള്‍ പറയുന്നു. മരണ ശേഷം യാതൊന്നും സംഭവിക്കാനില്ലെന്നും, എല്ലാം അതോടെ അവസാനിക്കുമെന്നും ആധുനികരും പറയുന്നു. ഈ പറഞ്ഞതെല്ലാം ഒരുമിച്ചു സത്യമാകുമോ?

മുഹമ്മദ്‌ നബി -ﷺ- അന്തിമ പ്രവാചകനാണെന്നും അദ്ദേഹത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണെന്നും ശഠിക്കുന്ന ഇസ്‌ലാമിക വിശ്വാസവും, മുഹമ്മദ്‌ നബിയെ കള്ളനെന്നു മുദ്ര കുത്തുന്ന ക്രൈസ്തവ-യഹൂദ വിശ്വാസങ്ങളും, അദ്ദേഹം ദൈവത്തിന്റെ അവതാരമായിരുന്നെന്നു വിശ്വസിക്കുന്ന അദ്വൈതവാദികളായ സൂഫികളും, മുഹമ്മദ്‌ -ﷺ- കേവലമൊരു സാംസ്കാരിക നായകന്‍ മാത്രമായിരുന്നെന്ന ആധുനിക വ്യാഖ്യാനവും എങ്ങനെ ഒരുമിക്കും?

മദ്യം കുടിക്കരുതെന്നും, തിന്മകളുടെ മാതാവാണ് മദ്യമെന്നും ശക്തമായി കല്‍പ്പിക്കുന്ന ഇസ്‌ലാമിക നിയമങ്ങളും, പച്ചവെള്ളം വീഞ്ഞാക്കി നല്‍കിയതാണ് യേശുവിന്റെ മഹത്തായ പ്രവൃത്തിയെന്നു വിശ്വസിക്കുന്ന ക്രൈസ്തവതയും, മദ്യം ഒഴിച്ചു കൂടാനാകാത്ത തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി കാണുന്ന ഹൈന്ദവ വിശ്വാസവും ഒരു പോലെയാകുമോ?

ഇതു പോലെ മറ്റേതു വിഷയങ്ങളിലും വ്യത്യസ്തകള്‍ വ്യക്തമായി കാണാം. മതങ്ങള്‍ക്കിടയില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന അന്തരങ്ങളും അകല്‍ച്ചകളും കാണാം.ഇവയൊന്നും പരിഗണിക്കുകയോ പഠിക്കുകയോ ചെയ്യാതെ എല്ലാത്തിനെയും ഒരേ ആലയില്‍ കെട്ടുന്നത് -നേരത്തെ പറഞ്ഞതു പോലെ- തന്റെ വിശ്വാസവും ആചാരവും സത്യമല്ലെന്ന ഉറച്ച ബോധ്യത്തില്‍ നിന്ന് മാത്രമാണ്.

പലരാലും ഏറെ പുകഴ്ത്തപ്പെടുന്ന, ഈ നാടിന്റെ പ്രത്യേകതയെന്നു പലരും വാഴ്ത്തി പറയുന്ന, ‘ധര്‍മ്മമെന്നും’ ‘സഹിഷ്ണുതയെന്നും’ ‘സനാതന സംസ്കാരമെന്നും’ വിശേഷിപ്പിക്കപ്പെട്ട ഈ ചിന്താഗതിയെ കുറിച്ചുള്ള ചെറിയ ഒരു പഠനമാണിത്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment