ആറ്: ബുദ്ധി കൊണ്ടും ഇജ്തിഹാദിനാലും വിശദീകരിക്കുക:

സ്വഹാബികള്‍ അടക്കമുള്ള സലഫുകള്‍ ഖുര്‍ആന്‍ വിശദീകരണത്തില്‍ ഈ മാര്‍ഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതായത്, ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കുന്നതിന് തങ്ങളുടെ ബുദ്ധി ഉപയോഗപ്പെടുത്തുകയും, ഇസ്‌ലാമിക മര്യാദകള്‍ക്ക് ഉള്ളില്‍ നിന്നു കൊണ്ട് ഗവേഷണം നടത്തുകയും ചെയ്യല്‍.

അനന്തരാവകാശവുമായി ബന്ധപ്പെട്ട് കലാലതിന്റെ നിയമം വിശദീകരിക്കവെ അബൂബക്ര്‍ അസ്സിദ്ധീഖ് -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞ വാക്കുകളില്‍ നിന്ന് അക്കാര്യം മനസ്സിലാകും. അദ്ദേഹം ആ വിഷയത്തില്‍ താന്‍ മനസ്സിലാക്കിയത് വിശദീകരിച്ചു കൊണ്ട് പറഞ്ഞു:

abubakr

“എന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ ഞാന്‍ പറയുന്നത്. അത് ശരിയാണെങ്കില്‍ അല്ലാഹുവില്‍ നിന്നാണ്. അത് അബദ്ധമാണെങ്കില്‍ എന്നില്‍ നിന്നും, ശ്വൈത്വാനില്‍ നിന്നുമാണ്.” (തഫ്സീറുത്ത്വബരി: 4/284)

എന്നാല്‍ മുന്‍പ് സൂചിപ്പിച്ചതു പോലെ, ഖുര്‍ആനിന്റെ വിശദീകരണത്തില്‍ ബുദ്ധി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. സ്വഹാബികളും സലഫുകളും പാലിച്ച നിയമങ്ങള്‍ ഈ വിഷയത്തില്‍ ധാരാളമുണ്ട് താനും. അവ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലും, സാഹചര്യത്തെളിവുകള്‍ പരിഗണിച്ചും മറ്റുമായിരിക്കും. ഇത്തരം ഗവേഷണവും അഭിപ്രായങ്ങളും മാത്രമാണ് സ്വീകരിക്കപ്പെടുക. അവയാണ് അനുവദിക്കപ്പെട്ടിട്ടുള്ളതും.

എന്നാല്‍, ഓരോരുത്തരും തങ്ങള്‍ക്ക് തോന്നുന്നത് പോലെ, അജ്ഞതയുടെയും കേവല ഊഹത്തിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആനില്‍ അഭിപ്രായം പറയുന്നുണ്ടെങ്കിലോ?! അത് തീര്‍ത്തും ആക്ഷേപാര്‍ഹവും സലഫുകള്‍ ശക്തമായി നിരോധിച്ചതുമാണ്.

മേല്‍ പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. ഖുര്‍ആനില്‍ അഭിപ്രായങ്ങള്‍ പറയുന്നത് ചിലപ്പോള്‍ പ്രോത്സാഹിക്കപ്പെടേണ്ടതും, മറ്റു ചിലപ്പോള്‍ ആക്ഷേപാര്‍ഹവുമാണ്. ‘റഅ്യുന്‍ മഹ്മൂദ്’ (رَأْيٌ مَحْمُودٌ), ‘റഅ്യുന്‍ മദ്മൂം’ (رَأْيٌ مَذْمُومٌ) എന്നിങ്ങനെ പണ്ഡിതന്മാര്‍ അതിനെ വേര്‍തിരിച്ചിട്ടുമുണ്ട്.

തന്നിഷ്ടങ്ങള്‍ക്കനുസരിച്ചും, നിയമങ്ങളും അടിസ്ഥാനങ്ങളും പരിഗണിക്കാതെയും ഖുര്‍ആനില്‍ ബുദ്ധിപരമായ തഫ്സീര്‍ പറയുന്നതിന്റെ സലഫുകള്‍ ശക്തമായി വിലക്കിയിട്ടുണ്ട്.

ഉബൈദുല്ലാഹി ബ്നു ഉമര്‍ പറഞ്ഞു: “തഫ്സീറിന്റെ കാര്യത്തില്‍ സംസാരിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നവരായാണ് മദീനയിലെ പണ്ഡിതന്മാരെ ഞാന്‍ കണ്ടിട്ടുള്ളത്.” (ത്വബരി: 1/38)

എന്തിനധികം! സലഫുകളില്‍ ചിലര്‍ മുന്‍ഗാമികളില്‍ നിന്ന് വന്നതല്ലാത്ത ഒരു തഫ്സീറും പറയില്ലെന്ന് ശാഠ്യം കാണിച്ചിരുന്നു. നബി-ﷺ-യില്‍ നിന്നോ, സ്വഹാബികളും താബിഈങ്ങളുമാകുന്ന സലഫുകളില്‍ നിന്നോ വന്നിട്ടില്ലാത്ത ഒന്നും അവര്‍ പറയാറില്ലായിരുന്നു.

ത്വാബിഈങ്ങളില്‍ പ്രമുഖനായ സഈദ് ബ്നുല്‍ മുസയ്യിബ് അവരിലൊരാളാണ്. ഖുര്‍ആന്‍ തഫ്സീര്‍ ഗ്രന്ഥങ്ങള്‍ എഴുതിയ ചില പണ്ഡിതന്മാരും ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. അബ്ദു റസാഖ്, ഇബ്‌നു അബീ ഹാതിം, സുഫ്യാനു ബ്നു ഉയയ്നഃ പോലുള്ള ചിലരുടെ തഫ്സീറുകള്‍ അപ്രകാരമാണ് എഴുതപ്പെട്ടിട്ടുള്ളത്. അവരുടേതായ ഒരു സംസാരവും അതില്‍ കാണില്ല; മുന്‍ഗാമികളുടെ തഫ്സീര്‍ എടുത്തു കൊടുക്കുക എന്നതല്ലാതെ.

ഇമാം അഹ്മദിനെ പോലുള്ള ചിലര്‍ ഇതു കൊണ്ടെല്ലാം തന്നെ ഖുര്‍ആനിന് വിശദീകരണം എഴുതുന്നതിനെ വിലക്കിയിരുന്നു. അല്ലാഹുവിന്റെ സംസാരം ദുര്‍വ്യാഖ്യാനിക്കാനുള്ള വഴി അതിലൂടെ തുറക്കപ്പെടുമോ എന്ന ഭയമായിരുന്നു അവരെ കൊണ്ട് അപ്രകാരം പറയിപ്പിച്ചത്.

ചുരുക്കത്തില്‍, ഖുര്‍ആനില്‍ അഭിപ്രായം പറയുക എന്നത് വളരെ സൂക്ഷിക്കേണ്ട വിഷയമാണ്. കാരണം അല്ലാഹുവിന്റെ സംസാരത്തെയാണ് നീ വിശദീകരിക്കുന്നത്. അല്ലാഹു ഇന്നതാണ് ഉദ്ദേശിക്കുന്നതെന്നാണ് നീ ജനങ്ങളോട് പറയുന്നത്. ജനങ്ങള്‍ക്കും അല്ലാഹുവിനും ഇടയിലുള്ള മദ്ധ്യസ്ഥനാണ് ഇക്കാര്യത്തില്‍ നീ. അതില്‍ വളരെ സൂക്ഷ്മത പുലര്‍ത്തുക എന്നത് അനിവാര്യമാണ്.

ചുരുക്കം:

ഖുര്‍ആന്‍ വിശദീകരണത്തില്‍ പാലിച്ചിരിക്കേണ്ട അടിസ്ഥാന വഴികളെ കുറിച്ചും, സ്വീകരിച്ചിരിക്കേണ്ട രീതിശാസ്ത്രത്തെ കുറിച്ചുമാണ് ഈ ലേഖനത്തില്‍ നാം വിശദീകരിച്ചത്. ഖുര്‍ആനും, ഹദീഥും, സ്വഹാബികളും താബിഈങ്ങളും അടക്കമുള്ള സലഫുകളുടെ വാക്കുകളും, അറബി ഭാഷയും, ഇജ്തിഹാദുമാണ് ആ വഴികള്‍. ഈ മാര്‍ഗരേഖകള്‍ പാലിച്ചു കൊണ്ടെഴുതപ്പെട്ട തഫ്സീറുകള്‍ ശരിയായ മാര്‍ഗത്തിലും, അവ സ്വീകാര്യവുമാണ്. അല്ലാത്തവ, തള്ളപ്പെടേണ്ടതും ആക്ഷേപിക്കപ്പെട്ട തഫ്സീറില്‍ ഉള്‍പ്പെടുത്തേണ്ടതുമാകുന്നു.

അവലംബം:

ഫുസ്വൂലുന്‍ ഫീ ഉസ്വൂലിത്തഫ്സീര്‍-മുസാഇദ് അത്ത്വയ്യാര്‍.

ഉസ്വൂലുന്‍ ഫിത്തഫ്സീര്‍-ഇബ്‌നു ഉഥൈമീന്‍.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment