അഞ്ച്: അറബി ഭാഷ കൊണ്ടുള്ള വിശദീകരണം:

ഖുര്‍ആന്‍ അറബിയിലാണ് ഇറങ്ങിയത്. അറബികളുടെ ഭാഷയാണത്. അതിലെ നിയമങ്ങളും അടിസ്ഥാനങ്ങളും അറബിയില്‍ അവതരിച്ച ഖുര്‍ആനിന്റെ വിശദീകരണത്തിലും പരിഗണിക്കേണ്ടതുണ്ട്.

സ്വഹാബികളും താബിഈങ്ങളുമെല്ലാം ഭാഷയുടെ സഹായം തഫ്സീറിന്റെ വിഷയത്തില്‍ തേടിയിരുന്നു. അറബി കവിതകളും, അറബികളുടെ ഭാഷാ രീതികളുമെല്ലാം തഫ്സീറിന്റെ സന്ദര്‍ഭത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് തെളിവായി അവര്‍ ഉദ്ധരിക്കാറുണ്ട്. ഖുര്‍ത്വുബിയുടെ തഫ്സീറില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാം.

അറബി ഭാഷ നിയമങ്ങള്‍ ഖുര്‍ആന്‍ വിശദീകരണത്തില്‍ അവലംബമായി സ്വീകരിക്കാമെന്നതില്‍ സ്വഹാബികള്‍ക്ക് ഇജ്മാഉണ്ടെന്ന് വരെ ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. എന്തിനധികം! അറബി ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍ ഖുര്‍ആന്‍ വിശദീകരണത്തിന് മുതിരുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും, അതില്‍ നിന്ന് താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

malik

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “അറബി ഭാഷ അറിയാത്ത ആരെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍ അവനെ പില്‍ക്കാലക്കാര്‍ക്ക് പാഠമാകുന്ന രൂപത്തില്‍ നാം ശിക്ഷിക്കാതിരിക്കില്ല.” (അല്‍-ബസീത്വ്: വാഹിദി: 1/219)

ഖുര്‍ആന്‍ വിശദീകരണത്തില്‍ ഭാഷയെ അവലംബമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍ കൂടിയുണ്ട്. അവയില്‍ ചിലത് താഴെ നല്‍കാം.

1.    അറബി ഭാഷാ പ്രയോഗങ്ങള്‍ക്ക് അനുയോജ്യമായ രൂപങ്ങളേ തഫ്സീറില്‍ സ്വീകരിക്കാന്‍ പാടുള്ളൂ.

അറബി ഭാഷയെന്നത് കൊണ്ട് നാം ഉദ്ദേശിക്കുന്നത് ഖുര്‍ആന്‍ ഇറങ്ങിയ കാലഘട്ടത്തിലെ ഭാഷയാണ്. പില്‍ക്കാലഘട്ടത്തില്‍ അറബി ഭാഷയിലുണ്ടായ ആധുനിക അര്‍ഥ പ്രയോഗങ്ങളും രീതികളും 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിച്ച ഖുര്‍ആനിന്റെ വിശദീകരണത്തില്‍ ഉപയോഗിക്കുന്നത് തനിച്ച അബദ്ധമാണ്.

പുതിയ രീതികള്‍ വെട്ടിത്തുറക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ ‘പുനര്‍വായന’ നടത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ആധുനിക ‘മത’ യുക്തിവാദികളെ പ്രത്യേകം ഓര്‍മ്മപ്പെടുത്തേണ്ട കാര്യമാണിത്. തങ്ങളുടേതായ വായനകള്‍ക്ക് ഖുര്‍ആനിലെ വാക്കുകളെ വളച്ചൊടിച്ചും സ്ഥാനം മാറ്റിയും വിശദീകരിക്കുന്നത് യഹൂദ-നസ്വ്റാനികളുടെ വഴിയാണ്.

2.    അറബി ഭാഷയില്‍ പൊതുവെ അറിയപ്പെട്ട അര്‍ഥമാണ് സ്വീകരിക്കേണ്ടത്.

ഭാഷയില്‍ പദങ്ങള്‍ക്ക് രണ്ടര്‍ഥങ്ങള്‍ ഉണ്ടായേക്കാം. പ്രയോഗങ്ങള്‍ക്ക് വ്യത്യസ്ത വിശദീകരണ സാധ്യതകള്‍ കണ്ടേക്കാം. അവയില്‍ പൊതുവെ സ്വീകരിക്കപ്പെട്ടതും, അറബികള്‍ക്കിടയില്‍ അറിയപ്പെട്ടതുമേതാണോ; അതാണ് തഫ്സീറില്‍ അവലംബിക്കപ്പെടുക.

വളരെ വിരളമായി ഉപയോഗിക്കപ്പെടുന്നതോ, ഒറ്റപ്പെട്ടതോ ആയ അര്‍ഥ സാധ്യതകളും വിശദീകരണങ്ങളും ഖുര്‍ആനിന്റെ തഫ്സീറില്‍ സ്വീകരിക്കരുത്.

3.    ഭാഷാപരമായ വിശദീകരണങ്ങള്‍ നല്‍കുമ്പോള്‍ സാഹചര്യം പരിഗണിക്കുക.

ഓരോ സാഹചര്യങ്ങളിലും പദങ്ങള്‍ക്ക് വ്യത്യസ്ത അര്‍ഥങ്ങളുണ്ടാകും. അവ പരിഗണിക്കാതെ നമുക്ക് അറിയുന്ന ഒരേ അര്‍ഥം തന്നെ എല്ലായിടത്തും നല്‍കിയാല്‍ ആയതിന്റെ വിശദീകരണം മനസ്സിലായെന്ന് വരില്ല.

കേവലം കുറേ അറബി പദങ്ങള്‍ പഠിച്ചതിന് ശേഷം ഖുര്‍ആന്‍ വിശദീകരിക്കാന്‍ തുനിയുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഖുര്‍ആനിലെ വാക്കുകള്‍ ഓരോന്നായി പ്രത്യേകം എടുത്ത് അര്‍ഥം വിശദീകരിക്കുന്ന -അറബിയില്‍ തന്നെയുള്ള- ഒരു ഗ്രന്ഥമാണ് റാഗിബ് അല്‍-അസ്വ്ഫഹാനിയുടെ ‘മുഫ്റദാതുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥം. അദ്ദേഹം ഓരോ വാക്കുകള്‍ക്കും അര്‍ഥം നല്‍കുമ്പോള്‍ അത് വരുന്ന സാഹചര്യങ്ങളെ കുറിച്ചും, അപ്പോഴെല്ലാം വാക്കുകള്‍ക്കുണ്ടാകുന്ന അര്‍ഥ വ്യത്യാസങ്ങളെ കുറിച്ചും പ്രത്യേകം ഓര്‍മ്മപ്പെടുത്തും. ഇത് ഖുര്‍ആന്‍ വിശദീകരിക്കാന്‍ തുനിയുന്നവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.

4.    മതപരമായ അര്‍ഥത്തിന് മുന്‍ഗണന നല്‍കുക.

ചില വാക്കുകള്‍ക്ക് ഭാഷയില്‍ ഒരര്‍ഥവും മതപരമായ സാങ്കേതിക പദം എന്ന നിലക്ക് മറ്റൊരു അര്‍ഥവുമുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുവെ മതപരമായ അര്‍ഥത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍, ഭാഷാപരമായ അര്‍ഥം തന്നെയാണ് അവിടെ ഉദ്ദേശിക്കപ്പെടുന്നത് എന്ന് മറ്റെന്തെങ്കിലും സൂചനകളിലൂടെ മനസ്സിലായാല്‍ അപ്രകാരവും ചെയ്യണം.

ഉദാഹരണത്തിന് ‘സ്വലാത്’ എന്ന പദം. ഈ പദം ഭാഷയില്‍ പ്രാര്‍ഥന എന്ന അര്‍ഥത്തിലാണ് ഉള്ളത്. എന്നാല്‍, മതപരമായി ‘നിസ്കാരം’ എന്ന ഇബാദതിനാണ് പൊതുവെ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. നേരത്തെ പറഞ്ഞതു പോലെ, പൊതുവെ നിസ്കാരം എന്ന അര്‍ഥത്തിലാണ് ഈ പദം ഖുര്‍ആനില്‍ വന്നിട്ടുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ പ്രാര്‍ഥന എന്ന ഉദ്ദേശത്തിലും വന്നിട്ടുണ്ട്. ഖുര്‍ആനിന് അര്‍ഥം പറയുകയും, വിശദീകരണം നല്‍കുകയും ചെയ്യുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment