നാല്: താബിഈങ്ങളുടെ വാക്കുകള്‍ കൊണ്ടുള്ള വിശദീകരണം:
സ്വഹാബികളില്‍ നിന്ന് ദീന് പഠിച്ചവരാണ് താബിഈങ്ങള്‍. അവരാണ് സ്വഹാബികളുടെ തഫ്സീര്‍ അടുത്ത തലമുറക്ക് കൈമാറിയത്. ഭാഷാപരമായ അറബികളുടെ പരിശുദ്ധി അവരുടെ കാലഘട്ടത്തില്‍ നശിച്ചു പോയിട്ടുമില്ലായിരുന്നു. നബി -ﷺ- സ്വഹാബികളുടെ തലമുറക്ക് ശേഷം പുകഴ്ത്തിപ്പറഞ്ഞ തലമുറയാണ് താബിഈങ്ങളുടെ തലമുറ.
ഖുര്‍ആന്‍ തഫ്സീറിന്റെ വിഷയത്തില്‍ താബിഈങ്ങളുടെ പങ്ക് വളരെ വലുതാണ്; അത് കൊണ്ട് തന്നെ മുഫസ്സിറുകള്‍ ധാരാളമായി അവരുടെ അഭിപ്രായങ്ങള്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ എടുത്തു കൊടുത്തിട്ടുണ്ട്.
ഖുര്‍ആന്‍ വിശദീകരണത്തില്‍ താബിഈങ്ങളുടെ വഴി സ്വഹാബികളുടെ മാര്‍ഗം തന്നെയാണ്. അതോടൊപ്പം, സ്വഹാബികളുടെ വാക്കുകളെ കൂടി തഫ്സീറിന്റെ കാര്യത്തില്‍ അവര്‍ അവലംബമാക്കിയിരുന്നെന്ന് മാത്രം.
താബിഈങ്ങള്‍ നബി-ﷺ-യുടെ ഹദീഥുകള്‍ തഫ്സീറിന്റെ കാര്യത്തില്‍ തെളിവായി പലപ്പോഴും പറയാറുണ്ട്. അവ സനദോട് കൂടി ഉദ്ധരിച്ചതാണെങ്കില്‍; അവയില്‍ സ്വഹീഹായവ സ്വീകരിക്കും. അല്ലാത്തവ, സ്വീകരിക്കില്ല. സനദില്ലാതെയാണ് നബി-ﷺ-യിലേക്ക് ചേര്‍ത്തു കൊണ്ട് അവര്‍ ഹദീഥ് പറഞ്ഞിട്ടുള്ളതെങ്കില്‍; അത് മുര്സല് എന്ന ഗണത്തിലാണ് പെടുക. മുര്സല് -ചില നിബന്ധനകള്‍ ഒത്തു വന്നില്ലെങ്കില്‍- ദുര്‍ബലമായ ഹദീഥുകളുടെ കൂട്ടത്തിലാണ് എണ്ണപ്പെടുക. അവ സ്വീകരിക്കപ്പെടുന്നതല്ല.
താബിഈങ്ങള്‍ ഏതെങ്കിലും ആയതിന്റെ തഫ്സീറിലോ മറ്റോ ഒരുമിച്ചാല്‍ -അവര്‍ക്കിടയില്‍ ഇജ്മാഅ് ഉണ്ടായാല്‍- അത് തെളിവാണ്. സ്വീകരിക്കല്‍ നിര്‍ബന്ധവുമാണ്. എന്നാല്‍, അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെങ്കില്‍ അവയില്‍ തെളിവുകള്‍ക്ക് മുന്‍തൂക്കം നല്‍കുകയാണ് വേണ്ടത്. അവരില്‍ ഒരാളുടെ വാക്കും മറ്റൊരാളുടെ വാക്കുകള്‍ക്ക് എതിരായി തെളിവല്ല.
താബിഈങ്ങള്‍ വേദക്കാരില്‍ നിന്ന് ഉദ്ധരിച്ച തഫ്സീറുകളുടെ വിധി സ്വഹാബികളുടെ വിഷയത്തില്‍ നാം മുന്‍പ് പറഞ്ഞതു പോലെ തന്നെ. അത് പൂര്‍ണമായും തള്ളുകയോ, പൂര്‍ണമായി സ്വീകരിക്കുകയോ ചെയ്യില്ല.