bismi-hamd

ഖുര്‍ആന്‍ വിശദീകരിക്കുന്നതിന് ആറു വഴികളുണ്ട്. താഴെ പറയുന്നവയാണ് അവ.

1- ഖുര്‍ആന്‍ കൊണ്ട് വിശദീകരിക്കുക.

2- നബി-ﷺ-യുടെ സുന്നത്ത് കൊണ്ട് വിശദീകരിക്കുക.

3- സ്വഹാബികളുടെ വാക്കുകള്‍ കൊണ്ട് വിശദീകരിക്കുക.

4- താബിഈങ്ങളുടെ വാക്കുകള്‍ കൊണ്ട് വിശദീകരിക്കുക.

5- അറബിഭാഷയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുക.

6- ബുദ്ധി കൊണ്ടും ഇജ്തിഹാദിനാലും വിശദീകരിക്കുക.

മേല്‍ പറഞ്ഞ ആറു രീതികളും പ്രത്യേകം വിശദീകരിക്കേണ്ടതുണ്ട്. അവയോരോന്നായി വായിക്കാം.

ഒന്ന്: ഖുര്‍ആന്‍ കൊണ്ടുള്ള വിശദീകരണം.

തഫ്സീറിന്റെ രീതികളില്‍ ഏറ്റവും മഹത്തരമായ വഴിയാണിത്. അല്ലാഹുവിന്റെ സംസാരം വിശദീകരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത് അവന് തന്നെയാണല്ലോ? കാരണം, അവന്റെ വാക്കുകളുടെ ഉദ്ദേശമെന്താണെന്ന് മറ്റാരെക്കാളും അറിയുക അവന് തന്നെയാണ്.

നബി -ﷺ- ഈ രീതി ഖുര്‍ആന്‍ വിശദീകരിക്കവെ സ്വീകരിച്ചിട്ടുണ്ട്. ഒരുദാഹരണം നോക്കൂ:

anam_82

“ഈമാന്‍ സ്വീകരിക്കുകയും, അതിന് ശേഷം തങ്ങളുടെ ഈമാനില്‍ യാതൊരു ‘ദ്വുല്‍മും’ കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്” എന്ന ആശയമുള്ള ആയത്ത് അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് വളരെ പ്രയാസം അനുഭവപ്പെട്ടു. ‘ദ്വുല്‍മ്’ എന്നാല്‍ എല്ലാ തിന്മകളുമാണെന്ന് അവര്‍ മനസ്സിലാക്കി.

മുസ്‌ലിമായതിന് ശേഷം എന്തെങ്കിലുമൊരു തിന്മ ചെയ്യാത്തവര്‍ ആരാണുള്ളത്?! അവര്‍ നബി-ﷺ-യുടെ അടുക്കല്‍ വേവലാതിയുമായെത്തി. അവിടുന്ന് മേല്‍ പറഞ്ഞ ആയത്തിലെ ‘ദ്വുല്‍മി’ന്റെ അര്‍ഥം വിശദീകരിച്ചു നല്കി. ഖുര്‍ആനിലെ സൂറ. ലുഖ്മാനിലെ ആയത്താണ് അതിനവിടുന്ന് കൂട്ടുപിടിച്ചത്.

luqman_13

“തീര്‍ച്ചയായും ശിര്‍ക്കാകുന്നു ഏറ്റവും വലിയ ‘ദ്വുല്‍മ്’ എന്ന ലുഖ്മാന്‍ നബി -عَلَيْهِ الصَّلَاةُ وَالسَّلَامُ- യുടെ വാക്ക് അവിടുന്ന് അവര്‍ക്ക് കേള്‍പ്പിച്ചു നല്‍കി.

അവര്‍ക്ക് സമാധാനമായി. ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത് എല്ലാ തിന്മകളുമല്ല; മറിച്ച് ശിര്‍ക്കാണെന്ന് അവര്‍ക്ക് അതിലൂടെ മനസ്സിലായി. ഈമാന്‍ സ്വീകരിച്ചതിന് ശേഷം ശിര്‍ക്ക് ചെയ്തവര്‍ക്കാണ് പരിപൂര്‍ണമായ നിര്‍ഭയത്വം നഷ്ടപ്പെടുക എന്നവര്‍ക്ക് ബോധ്യമായി. ഇത് ആയതുകളെ ആയതുകള്‍ കൊണ്ട് തന്നെ വ്യാഖ്യാനിക്കുന്നതിന് ഒരു ഉദാഹരണമാണ്.

മറ്റൊരു ഉദാഹരണം കൂടെ വായിക്കാം.

yunus_62

“ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്റെ ഔലിയാക്കള്‍ ആരോ; അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.” (യൂനുസ്: 62)

അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ഭയമോ സങ്കടമോ ഇല്ലെന്ന് മേലെ നല്‍കിയ ആയത്തില്‍ അല്ലാഹു -تَعَالَى- അറിയിച്ചു. ആരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍?! തൊട്ടടുത്ത ആയതില്‍ അതിന്റെ വിശദീകരണമുണ്ട്.

yunus_63

“ഈമാന്‍ സ്വീകരിച്ചവരും, തഖ്വയുള്ളവരുമാണവര്‍.” (യൂനുസ്: 63)

ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ട് വിശദീകരിക്കുക എന്ന വഴി തിരഞ്ഞെടുത്ത മുഫസ്സിറുകളില്‍ പ്രമുഖനാണ് ഇമാം മുഹമ്മദ് അല്‍-അമീന്‍ അശ്ശന്‍ഖീത്വി -رَحِمَهُ اللَّهُ-. ഇബ്‌നു കഥീര്‍ -رَحِمَهُ اللَّهُ- യുടെ തഫ്സീറിലും പലപ്പോഴും ഈ രീതി കടന്നു വരുന്നത് കാണാം. ആയത്തുകള്‍ വിശദീകരിക്കവെ സമാനമായ ആശയമുള്ള മറ്റു ആയത്തുകള്‍ ധാരാളമായി ചിലപ്പോള്‍ അദ്ദേഹം എടുത്തു കൊടുക്കാറുണ്ട്.

എന്നാല്‍, ഈ പറഞ്ഞതിന്റെ ഒന്നും അര്‍ഥം ഖുര്‍ആനിലെ ഏതെങ്കിലും ആയതുകള്‍ എടുത്ത് ഇതിന്റെ വിശദീകരണം മറ്റേതെങ്കിലും ആയത്താണെന്ന് ഓരോരുത്തര്‍ക്കും തോന്നിയത് പോലെ പറയാമെന്നല്ല. കാരണം, ഒന്നാമത്തെ ആയത്തിന്റെ വിശദീകരണമാണ് രണ്ടാമത്തെ ആയത്ത് എന്ന വിലയിരുത്തല്‍ ചിലപ്പോള്‍ ഏതെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാതാവിന്റെ കേവലം അഭിപ്രായം മാത്രമായിരിക്കാം. അത് ചിലപ്പോള്‍ ശരിയായേക്കാം; ചിലപ്പോള്‍ അബദ്ധവുമായേക്കാം.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment