ചോദ്യം: ഞാന്‍ ദീന്‍ പാലിച്ചു ജീവിക്കുന്ന സ്ത്രീയാണ്. സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ വിവാഹാലോചന എനിക്ക് വന്നിട്ടുണ്ട്. ഈ കല്ല്യാണത്തോട് യോജിക്കാമോ?


ഉത്തരം: സ്ത്രീയുടെ അവസ്ഥകള്‍ക്ക് യോജിച്ച ഒരു പുരുഷന്‍ വിവാഹം ആലോചിച്ചാല്‍ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നാണ് അടിസ്ഥാനം. അത് തടയാന്‍ പാടില്ല.

നബി -ﷺ- യുടെ ഹദീസ് ഇപ്രകാരം വന്നിട്ടുണ്ട്.

«إِذَا جَاءَكُمْ مَنْ تَرْضَوْنَ دِينَهُ وَخُلُقَهُ فَأَنْكِحُوهُ»

“ദീനിലും സ്വഭാവത്തിലും നിങ്ങള്‍ക്ക് തൃപ്തിയുള്ള ആരെങ്കിലും (വിവാഹം അന്വേഷിച്ചു കൊണ്ട്) നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവര്‍ക്ക് നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കുക.”

എന്നാല്‍ മതപരമായി ഒരാള്‍ കുഴപ്പമില്ലാത്തവനാണ് എന്ന് പറയാന്‍ കഴിയുക അയാള്‍ മറ്റു വ്യക്തികളെ ബാധിക്കുന്ന തിന്മകള്‍ സ്ഥിരമായി ചെയ്യുന്നവന്‍ ആകാതിരിക്കുമ്പോഴാണ്. മറ്റു വ്യക്തികളെ കൂടി ബാധിക്കുന്ന തിന്മക്ക് ഉദാഹരണമാണ് പുകവലി. അത് ഒരാള്‍ സ്ഥിരമായി ചെയ്യുന്നെങ്കില്‍ അയാളുടെ ദീനിന് അത് കോട്ടം സംഭവിപ്പിചിരിക്കുന്നു.

കാരണം പുകവലി നിഷിദ്ധമാണ്. അത് തുടര്‍ന്നു കൊണ്ടു പോവുക എന്നതാകട്ടെ; അതും ഒരു തിന്മയാണ്. അല്ല! ഒരു തവണ ചെയ്യുക എന്നത് പോലും തിന്മയാണ്. അത് സ്ഥിരമായി ചെയ്യുക എന്നത് വന്‍പാപങ്ങളില്‍ പെട്ടതുമാണ്.

ചുരുക്കത്തില്‍, ഭാര്യയെ കൂടി ബാധിക്കുന്ന ഏതെങ്കിലും തിന്മ സ്ഥിരമായി ചെയ്യുന്ന ഒരാള്‍ വിവാഹം അന്വേഷിച്ചാല്‍ അയാളെ വിവാഹം കഴിക്കാതിരിക്കലാണ് കൂടുതല്‍ നല്ലത്. ഇത്തരം തിന്മകള്‍ ഇല്ലാത്ത മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ എളുപ്പമുണ്ടാക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.

എന്നാല്‍, മറ്റുള്ളവരെ ബാധിക്കാത്ത തിന്മകള്‍ ഉള്ള വ്യക്തിയാണെങ്കില്‍ അയാളെ വിവാഹം കഴിക്കുന്നത് ഇത് പോലെ ഗുരുതരമല്ല. ഉദാഹരണത്തിന്; ഒരാള്‍ വളരെ അധികം പരദൂഷണം പറയുന്ന വ്യക്തിയാണെന്ന് കരുതുക. പരദൂഷണം പറയുക എന്നത് മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ഒരു തിന്മയല്ല. ഭാര്യ ഇല്ലാത്ത വേളയില്‍ അവളെ കുറിച്ച് കുറ്റം പറയുമെന്നല്ലാതെ അത് കൊണ്ട് വേറെ കുഴപ്പമില്ല. അവളുടെ മുന്നില്‍ വെച്ച്, അവളെ കൂടി ബാധിക്കുന്ന രൂപത്തില്‍ ചെയ്യുന്ന തെറ്റുകളെക്കാള്‍ ഗൌരവം കുറവാണ് ഇതിന്.

ചുരുക്കത്തില്‍, ദീനും നല്ല സ്വഭാവവും ഉള്ളവരെ കല്ല്യാണം കഴിക്കണമെന്ന് നാം ഈ സഹോദരിയെ ഉപദേശിക്കുകയാണ്. കാരണം, ദീനുള്ളവര്‍ അവളെ ഭാര്യയായി നിലനിര്‍ത്തുകയാണെങ്കില്‍ അത് നല്ല രൂപത്തില്‍ ആയിരിക്കും. അവളെ ഉപേക്ഷിക്കുകയാണെങ്കില്‍ അതും നല്ല രൂപത്തിലായിരിക്കും.

എന്നാല്‍ മേലെ പറഞ്ഞതിന്റെ ഒന്നും അര്‍ഥം; ഒരു തെറ്റും ചെയ്യാത്ത ആരെയെങ്കിലും കല്ല്യാണം കഴിക്കണം എന്നല്ല. അത് സാധിക്കുകയുമില്ല. മറിച്ച്, പരമാവധി അടുപ്പിക്കുകയും ശ്രമിക്കുകയും ചെയ്യുക.

(നൂറുന്‍ അലദ്ദര്‍ബ്: 4989 (10/29-31)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment