നായ പാത്രത്തിൽ തലയിടുകയും, അതിന്റെ നാവ് കൊണ്ട് നക്കിത്തുടക്കുകയും ചെയ്താൽ ആ പാത്രം ശുദ്ധീകരിക്കണമെങ്കിൽ -നിർബന്ധമായും- ഏഴു തവണ വെള്ളം കൊണ്ട് കഴുകണം; ഏഴു തവണകളിലൊന്ന് മണ്ണ് കൊണ്ടായിരിക്കുകയും വേണം. ഹമ്പലീ, ശാഫിഈ മദ്‌ഹബുകളിലെ അഭിപ്രായം ഇപ്രകാരമാണ്. [1]
പാത്രത്തിൽ ഏഴു തവണ വെള്ളമൊഴിക്കുകയും, ഓരോ തവണയും പാത്രം തേച്ചു കഴുകുകയും, അതിലെ വെള്ളം പുറത്തേക്ക് ഒഴിക്കുകയും ചെയ്യണം. ഇതിൽ ഒരു തവണ മണ്ണ് കലർത്തിയ വെള്ളം കൊണ്ടോ, അതല്ലെങ്കിൽ വെള്ളമില്ലാതെ മണ്ണ് മാത്രം കൊണ്ടോ തേച്ച് കഴുകണം. ആദ്യത്തെ തവണ മണ്ണ് കലർത്തിയ വെള്ളം കൊണ്ട് കഴുകുന്നതാണ് ഏറ്റവും നല്ലത് എന്ന് അഭിപ്രായപ്പെട്ട ധാരാളം പണ്ഡിതന്മാരുണ്ട്. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥാണ് പ്രസ്തുത അഭിപ്രായത്തിനുള്ള തെളിവ്.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «طَهُورُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيهِ الْكَلْبُ، أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُولَاهُنَّ بِالتُّرَابِ»
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നായ നിങ്ങളിലാരുടെയെങ്കിലും പാത്രത്തിൽ തലയിട്ടാൽ അത് ശുദ്ധീകരിക്കേണ്ടത് ഏഴു തവണ ആ പാത്രം കഴുകിക്കൊണ്ടാണ്. അതിൽ ആദ്യത്തെ തവണ മണ്ണു കൊണ്ടായിരിക്കണം.” (മുസ്‌ലിം: 279)
ഏഴു തവണ വെള്ളം കൊണ്ട് കഴുകുകയും എട്ടാമത്തെ തവണ മണ്ണു കൊണ്ട് കഴുകുകയുമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. അബ്ദുല്ലാഹി ബ്നു മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥാണ് പ്രസ്തുത വീക്ഷണക്കാരുടെ തെളിവ്.
عَنِ ابْنِ الْمُغَفَّلِ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا وَلَغَ الْكَلْبُ فِي الْإِنَاءِ فَاغْسِلُوهُ سَبْعَ مَرَّاتٍ، وَعَفِّرُوهُ الثَّامِنَةَ فِي التُّرَابِ»
ഇബ്‌നുൽ മുഗഫ്ഫൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നായ പാത്രത്തിൽ തലയിട്ടാൽ അത് ഏഴു തവണ കഴുകുക. എട്ടാമത്തെ തവണ മണ്ണിൽ ഉരക്കുകയും ചെയ്യുക.” (മുസ്‌ലിം: 280)
[1] الشافعية: الأم (1/ 5، 6)، الوسيط (1/ 309، 338)، المجموع (2/ 585)، روضة الطالبين (1/ 32)، مغني المحتاج (1/ 78).
الحنابلة: الفروع (1/ 235)، الكافي لابن قدامة (1/ 89)، المحرر (1/ 87)، الإنصاف (1/ 310)، رؤوس المسائل (1/ 89).