നിഖാബിന്റെ ചർച്ച കുറച്ചു ദിവസങ്ങൾ ചൂടുപിടിച്ചപ്പോൾ ഈ വിഷയത്തിൽ നമ്മുടെ സമൂഹം വെച്ചു പുലർത്തുന്ന അശ്രദ്ധയും, അതിൽ സമുദായ നേതാക്കൾ വഹിക്കുന്ന പങ്കും വളരെ പ്രകടമായി പുറത്തു വരികയാണുണ്ടായത്. നിഖാബിന്റെ വിഷയത്തിൽ പണ്ഡിതന്മാർക്കുള്ള അഭിപ്രായവ്യത്യാസത്തെ കൂട്ടുപിടിച്ച് അതങ്ങനെ ധരിക്കണമെന്ന നിർബന്ധമില്ലെന്നും, നിഖാബും മറ്റും പ്രാകൃതമാണെന്ന് പറഞ്ഞു പോകുന്നവർക്ക് മുൻപിൽ ഒട്ടിച്ചു വെച്ച ചിരിയുമായി നിന്നും, ‘ധരിക്കേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം’, ‘എന്റെ വീട്ടുകാർ ധരിക്കാറില്ല’ എന്നൊക്കെ പറഞ്ഞ് പിടിച്ചു നിൽക്കുകയുമാണ് പലരും.

അതെ! നിഖാബിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. പണ്ഡിതന്മാരിൽ ചിലർ നിർബന്ധമായും നിഖാബ് ധരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. മറ്റു ചിലർ സുന്നത്താണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ അറിയാതെയോ അറിഞ്ഞിട്ടും ബോധപൂർവ്വം മറവി നടിച്ചോ വിട്ടു പോകുന്ന മൂന്ന് വിഷയങ്ങളുണ്ട്. നിഖാബ് വിരോധികളോട് പറയേണ്ടത് അതിനെ കുറിച്ചാണ്; അല്ലാതെ അഭിപ്രായവ്യത്യാസങ്ങളുടെ സാങ്കേതികതകളല്ല. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുകയും, നബി -ﷺ- യുടെ സുന്നത്ത് അംഗീകരിക്കുകയും, അവിടുത്തെ ഭാര്യമാരെ മാതൃകയാക്കണമെന്നും, സ്വഹാബി വനിതകളെ പിൻപറ്റണമെന്നും ആഗ്രഹിക്കുന്ന മുസ്‌ലിം സഹോദരിമാർക്കും, അതിലേക്ക് തങ്ങളുടെ സ്ത്രീകളെ നയിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്കും വേണ്ടി ആ മൂന്ന് വിഷയങ്ങൾ ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

ഒന്ന്: നിഖാബ് ഒരു പുതിയ സമ്പ്രദായമല്ല. മുസ്‌ലിം സ്ത്രീയുടെ ചരിത്രത്തോളം നിഖാബിന് പഴക്കമുണ്ട്.

നിഖാബ് ഇപ്പോൾ പുതുതായി കുറച്ചു പേർ കൊണ്ടു വന്ന പുത്തനാചാരമാണെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. മതം തന്നെ നിഷേധിക്കുന്ന, പഴയകാല മുസ്‌ലിംകൾ പവിത്രമായി കരുതിയിരുന്ന ദീനിന്റെ ചിഹ്നങ്ങളെ പരിഹസിക്കുകയും തള്ളിക്കളയുകയും, ഖുർആനിനോ ഹദീഥിനോ പോലും പവിത്രത കൽപ്പിക്കുകയും ചെയ്യാത്ത യുക്തന്മാരും എഴുത്തുകാരും സാഹിത്യകാരന്മാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. പഴയ കാല മുസ്‌ലിംകളുടെ സംസ്കാരത്തിൽ ഉറച്ചു നിൽക്കാനുള്ള ആ ‘പാവങ്ങളുടെ’ നിഷ്കളങ്കമായ ആഗ്രഹം വലിയൊരു തമാശ തന്നെ. അതവിടെ നിൽക്കട്ടെ.

നിഖാബ് മുസ്‌ലിംകളിലേക്ക് പുതുതായി കടന്നുവന്ന ഒരു കാര്യമാണോ? ഒരിക്കലുമല്ല. നബി -ﷺ- യുടെ ഭാര്യമാർ മുഖം മറച്ചിരുന്നു. സ്വഹാബി വനിതകൾ മുഖം മറച്ചിരുന്നു. പിൽക്കാലത്തുള്ള മുസ്‌ലിം സ്ത്രീകളെല്ലാം പൊതുവെ മുഖം മറച്ചല്ലാതെ വീടുകൾക്ക് പുറത്തിറങ്ങിയിരുന്നില്ല. പഴയകാല പണ്ഡിതന്മാരിൽ ചിലരുടെ ഉദ്ധരണികൾ ഇവിടെ നൽകാം. ബ്രാക്കറ്റിൽ അവർ മരണപ്പെട്ട ഹിജ്റ വർഷവുമുണ്ട്. ഹി 1440 ൽ ജീവിക്കുന്ന നമുക്ക് പഴയ മുസ്‌ലിംകളുടെ ചരിത്രം അവരുടെ ആ വാക്കുകളിൽ നിന്ന് ലഭിക്കും.

ഇമാം ജുവൈനി (478 ഹി) -رَحِمَهُ اللَّهُ- പറയുന്നു: “മുഖവും കൈകളും വെളിവാക്കൽ -ആവശ്യത്തിനല്ലെങ്കിൽ- നിഷിദ്ധമാണ് എന്ന അഭിപ്രായമാണ് ഇറാഖിലെ പണ്ഡിതന്മാർക്കുള്ളത്. അതാണ് എന്റെ അടുക്കലും പ്രബലമായ അഭിപ്രായം. ഭംഗി പ്രകടിപ്പിക്കലും, മുഖം വെളിവാക്കലും, നിഖാബ് ഉപേക്ഷിക്കലും പാടില്ലെന്നതിൽ മുസ്‌ലിംകൾ പൊതുവെ ഏകാഭിപ്രായക്കാരാണ് എന്നതും അതോടൊപ്പം പറയേണ്ടതുണ്ട്.” (നിഹായതുൽ മത്വാലിബ് ഫീ ദിറായതിൽ മദ്‌ഹബ്: 12/31)

ശാഫിഈ പണ്ഡിതനായ ഇബ്‌നു നൂറുദ്ദീൻ (825 ഹി) -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ ഖുർആൻ തഫ്സീറിൽ പറയുന്നു: “പണ്ടും ഇന്നുമെല്ലാം എല്ലാ നാടുകളിലും പ്രദേശങ്ങളിലും മുസ്‌ലിംകൾ ഇപ്രകാരമാണ് പ്രവർത്തിച്ചു പോന്നത്. വൃദ്ധകളായ സ്ത്രീകൾക്ക് മുഖവും മുൻകൈകളും മറക്കാൻ അനുവാദം നൽകുകയും, യുവതികൾക്ക് അതിൽ വിട്ടുവീഴ്ച്ച നൽകുകയും ചെയ്തിരുന്നില്ല.” (തയ്സീറുൽ ബയാൻ ലി അഹ്കാമിൽ ഖുർആൻ: 4/77)

ഹാഫിദ്വ് ഇബ്‌നു ഹജർ (852 ഹി) -رَحِمَهُ اللَّهُ- പറയുന്നു: “പണ്ടു കാലത്തും ഇപ്പോഴുമെല്ലാം സ്ത്രീകളുടെ പൊതുരീതിയായി തുടർന്നു കൊണ്ടിരിക്കുന്ന കാര്യമാണ് അന്യപുരുഷന്മാരിൽ നിന്ന് തങ്ങളുടെ മുഖം മറക്കുക എന്നത്.” (ഫത്‌ഹുൽ ബാരി: 9/324)

ഇതല്ലാതെയും അനേകം പണ്ഡിത ഉദ്ധരണികളും, ചരിത്ര സംഭവങ്ങളും വേറെയും ഈ പറഞ്ഞതിനെ ബലപ്പെടുത്തുന്നതായി ധാരാളം ചൂണ്ടിക്കാണിക്കാൻ കഴിയും. ഇപ്പോഴും ജീവിക്കുന്ന വൃദ്ധരായ സ്ത്രീകളിൽ ചിലർ കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ പാലിച്ചിരുന്ന മറയുടെയും സൂക്ഷ്മതയുടെയും കഥകൾ പറയുന്നത് വയസ്സുള്ളവരോടൊപ്പം കുറച്ച് നേരം ഇരുന്നാൽ വേറെയും കേൾക്കാൻ സാധിക്കും. അതിനൊപ്പം കേരളം വിട്ടങ്ങു പുറത്തു കടന്നാൽ അന്യസംസ്ഥാനങ്ങളിലെ മുസ്‌ലിം സ്ത്രീകൾ വ്യാപകമായി നിഖാബ് ഇപ്പോഴും ധരിക്കുന്നതിന്റെ ചിത്രം വേറെയും കാണാൻ കഴിയും. ഇന്ത്യക്ക് പുറത്ത് മുസ്‌ലിം നാടുകളിലും നിഖാബ് ഒരു പ്രാകൃത ആചാരമായല്ല കൊണ്ടു നടക്കപ്പെടുന്നത്. എന്തിനധികം! യൂറോപ്യൻ രാജ്യങ്ങളിലും മറ്റും വരെ മുസ്‌ലിംകളിൽ എത്രയോ പേർ നിഖാബ് സ്വീകരിച്ചിട്ടുള്ളവരാണ്. ചുരുക്കത്തിൽ, നിഖാബ് എന്നത് ഒരു പുതിയ കാര്യമല്ല. നിഖാബ് ഉപേക്ഷിക്കുക എന്നതാണ് പുതിയ കാര്യം എന്ന് ഈ പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാകും.

രണ്ട്: നിഖാബ് ധരിക്കുന്നത് പുണ്യാർഹമായ കാര്യമാണ് എന്നതിൽ അഭിപ്രായവ്യത്യാസമില്ല.

നിഖാബ് ധരിക്കുന്നവരെ തടയേണ്ടതില്ല എന്നും, അങ്ങനെ തടയുന്നത് ‘സാംസ്കാരിക ഫാഷിസമാണ്’ എന്നും, അതിനാൽ നിഖാബ് ധരിക്കുന്നത് നിരോധിക്കാൻ പാടില്ല എന്നും പറയുന്ന ചിലരുടെയെങ്കിലും സംസാരം അവസാനം ചെന്നെത്തുന്നത് നിഖാബ് ധരിക്കുന്നതിന് പ്രത്യേക പ്രതിഫലമില്ല എന്നതിലാണ്. എന്നാൽ നിഖാബ് ധരിക്കുന്നതിന് അല്ലാഹുവിങ്കൽ പ്രതിഫലമുണ്ട്. കാരണം നബി -ﷺ- യുടെ പത്നിമാരുടെ വേഷമായിരുന്നു അത്. സ്വഹാബി വനിതകൾ ധരിച്ചിരുന്ന വേഷമായിരുന്നു അത്. ഈയടുത്ത കാലഘട്ടം വരെ ലോകത്തുള്ള മുസ്‌ലിം സ്ത്രീകളിൽ ബഹുഭൂരിപക്ഷവും സ്വീകരിച്ചിരുന്ന വേഷമായിരുന്നു അത്. ഇവരെയെല്ലാം പിൻപറ്റുക എന്നത് പ്രതിഫലാർഹമാണെന്നതിൽ സംശയമില്ല. അല്ലാഹു പറയുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ

“മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി (ഇസ്‌ലാം സ്വീകരിക്കാൻ) മുന്നോട്ട് വന്നവരും, ഏറ്റവും നല്ല രൂപത്തിൽ അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു.” (തൗബ: 100)

ഈ ആയത്തിൽ മുഹാജിറുകളെയും അൻസ്വാറുകളെയും നല്ല രൂപത്തിൽ പിൻപറ്റിയവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹു നമ്മെ അറിയിക്കുന്നു. അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിക്കുന്ന ഏതൊരു മുസ്‌ലിം വനിതയും മുഹാജിറുകളും അൻസ്വാറുകളുമായ സ്ത്രീകളെ ഈ ഉദ്ദേശത്തോടെ പിൻപറ്റിയാൽ അവർക്ക് അതിൽ പ്രതിഫലമുണ്ട് എന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. അങ്ങനെ പിൻപറ്റുന്നതിൽ അവർ പുണ്യം പ്രതീക്ഷിച്ചു കൊണ്ട് തന്നെ ധരിച്ച നിഖാബും ഉൾപ്പെടും.

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿١١٥﴾

“സന്‍മാര്‍ഗം (ഇസ്‌ലാമാണ് എന്ന്) വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും അല്ലാഹുവിന്റെ ദൂതരുമായി എതിര്‍ത്ത് നില്‍ക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!” (നിസാഅ്: 115)

വിശ്വസിച്ചവരുടേതല്ലാത്ത മാർഗം പിൻപറ്റുന്നതിനെ അല്ലാഹു ഈ ആയത്തിൽ ആക്ഷേപിക്കുകയാണ്. നിഖാബ് ധരിക്കുന്നത് വാജിബാകട്ടെ സുന്നത്താകട്ടെ; പൊതുവെ മുസ്‌ലിം സ്ത്രീകൾ ധരിച്ചിരുന്ന വേഷവിധാനമാണ് നിഖാബ് എന്നത് മേലെ പറഞ്ഞതിൽ നിന്ന് മനസ്സിലാകും. അപ്പോൾ അവരോട് എതിരാവുകയും, ഒരു പുണ്യവുമില്ലാത്ത കാര്യമായി അതിനെ താഴ്ത്തി കെട്ടുകയും ചെയ്യുക എന്നത് മുസ്‌ലിംകളുടെ വഴിയോട് എതിരാകലാണ്. അതാകട്ടെ, അല്ലാഹു തൃപ്തിപ്പെടുന്ന മാർഗവുമല്ല.

ഇതിനെല്ലാം പുറമേ അല്ലാഹുവിന്റെ റസൂലിന്റെ പത്നിമാർ -നമ്മുടെ മാതാക്കളാണ് അവർ- അവരോട് സദൃശ്യരാകണമെന്ന് അവരെ സ്നേഹിക്കുന്ന ഏതൊരാളും ആഗ്രഹിക്കേണ്ടതല്ലേ? ശ്രേഷ്ഠതയുള്ളവരെ പിൻപറ്റാൻ നന്മകൾ ആഗ്രഹിക്കുന്ന ആരാണ് കൊതിക്കാത്തത്? ഒരർത്ഥമോ വിലയോ ഇല്ലാത്ത, നാട്ടിൽ പ്രത്യേകിച്ചൊരു നന്മയും പ്രചരിപ്പിക്കാത്ത, വസ്ത്രമുരിഞ്ഞാടുന്ന സ്ത്രീകളെ ഇഷ്ടപ്പെടുകയും ‘ആരാധിക്കുക’യും ചെയ്യുന്നവർ അവരുടെ വേഷങ്ങളിലും ഫേഷനുകളിലും ഇത്തരക്കാരെ പിൻപറ്റാൻ ശ്രമിക്കുന്നത് കാണാം; അപ്പോൾ -സഹോദരീ- സ്വർഗീയ സ്ത്രീകളുടെ നേതാക്കന്മാരായ അല്ലാഹുവിന്റെ റസൂലിന്റെ ഭാര്യമാരുടെ വേഷം നീയെങ്ങനെയാണ് ഉപേക്ഷിക്കുക?! മുസ്‌ലിംകളുടെ ഏറ്റവും ഉത്തമ മാതൃകകളായ സ്വഹാബീ വനിതകളെ എങ്ങനെയാണ് നീ അവഗണിക്കുക?!

അതിനെല്ലാം പുറമെ, നമ്മുടെ മാതാക്കളായ അവർ -നബിയുടെ -ﷺ- ഭാര്യമാർ- ധരിച്ചിരുന്ന വേഷം പ്രാചീനയും പ്രാകൃതവുമാണെന്ന് ഇസ്‌ലാമിന്റെ ശത്രുക്കൾ പ്രചരിപ്പിക്കുമ്പോൾ അവർക്കുള്ള മറുപടിയായി നിഖാബ് ധരിച്ചു കാണിക്കുകയല്ലേ നാം ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതാക്കളെക്കാൾ കടപ്പാട് അല്ലാഹുവിന്റെ റസൂലിനോടും അവിടുത്തെ ഭാര്യമാരോടും നമുക്കുണ്ടാവേണ്ടതല്ലേ?! എന്റെ ദീനിലും ഇസ്‌ലാമിന്റെ അടയാളങ്ങളിലുമാണ് ഞാൻ അഭിമാനം കൊള്ളുന്നത് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും, അല്ലാഹു നമുക്ക് നൽകിയ ഇസ്‌ലാമിന്റെ അനുഗ്രഹം പ്രകടമാക്കുകയും ചെയ്യേണ്ട വേളയല്ലേ ഇത്? ആധുനികതയുടെയും പുരോഗമനത്തിന്റെയും പേരിൽ നമ്മുടെ ശരീരത്തിലെ വസ്ത്രവും ഹൃദയത്തിലെ ലജ്ജയും ഉരിഞ്ഞു മാറ്റാൻ ശ്രമിക്കുന്ന ശത്രുക്കൾക്ക് മുന്നിൽ ഈ സന്ദർഭത്തിൽ യഥാർഥ സ്തീത്വം പ്രകടമാക്കുകയല്ലേ വേണ്ടത്?

ആ നിയ്യത്തോടെ നിന്റെ മുഖം നീ മറക്കുകയും, നിഖാബ് നീ സ്വീകരിക്കുകയും ചെയ്താൽ; സ്വഹാബി വനിതകൾ നിലനിർത്തിയ മഹത്തരമായ സുന്നത്ത് ആക്ഷേപിക്കപ്പെടുകയും അതിനെ ഇല്ലാതെയാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവയെ ജീവിപ്പിക്കാൻ നീ ശ്രമിച്ചാൽ; നിനക്ക് ഇരട്ടിയിരട്ടി പ്രതിഫലം വേറെയുമുണ്ട്; തീർച്ച.

«مَنْ أَحْيَا سُنَّةً مِنْ سُنَّتِي، فَعَمِلَ بِهَا النَّاسُ، كَانَ لَهُ مِثْلُ أَجْرِ مَنْ عَمِلَ بِهَا، لَا يَنْقُصُ مِنْ أُجُورِهِمْ شَيْئًا، وَمَنْ ابْتَدَعَ بِدْعَةً، فَعُمِلَ بِهَا، كَانَ عَلَيْهِ أَوْزَارُ مَنْ عَمِلَ بِهَا، لَا يَنْقُصُ مِنْ أَوْزَارِ مَنْ عَمِلَ بِهَا شَيْئًا»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്റെ ഏതെങ്കിലും ഒരു സുന്നത്ത് (ചര്യ) ജീവിപ്പിക്കുകയും, അങ്ങനെ ജനങ്ങൾ അത് പ്രാവർത്തികമാക്കുകയും ചെയ്താൽ; അവന് ആ സുന്നത്ത് പ്രവർത്തിക്കുന്നവരുടെയെല്ലാം പ്രതിഫലമുണ്ടായിരിക്കും. അവരുടെ പ്രതിഫലങ്ങളിൽ നിന്ന് ഒട്ടും കുറയാതെ തന്നെ.” (ഇബ്‌നുമാജ: 209, അൽബാനി സ്വഹീഹ് എന്ന് അഭിപ്രായപ്പെട്ടു)

ചുരുക്കത്തിൽ, കേവലമൊരു സുന്നത്തിന്റെ പ്രതിഫലമല്ല -ഇതു പോലൊരു കാലഘട്ടത്തിൽ- നിഖാബ് ധരിക്കുന്നതിനുള്ളത്. കാരണം നബി -ﷺ- യുടെ ഭാര്യമാരുടെ സുന്നത്തിനെ ജീവിപ്പിക്കുക എന്ന മഹത്തരമായ മറ്റൊരു നന്മ കൂടി അതിലുണ്ട്. ഇതിനെല്ലാം പുറമെ നിഖാബ് ധരിക്കുന്ന സഹോദരിമാർ നേരിടേണ്ടി വരുന്ന പരിഹാസങ്ങളും പരീക്ഷണങ്ങളും വേറെയും. അവക്കെല്ലാം അല്ലാഹു പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ ദീനിന്റെ പേരിൽ പരിഹസിക്കപ്പെടുകയും, (ദീൻ പിൻപറ്റിയതിന്റെ പേരിൽ നാടിന് പരിചയമില്ലാത്ത) അപരിചിതരായി മാറുകയും ചെയ്തവർക്ക് എണ്ണിക്കണക്കാക്കുവാൻ കഴിയാത്ത പ്രതിഫലങ്ങളുണ്ട്. അതിനാൽ സഹോദരീ! ചിലർ പറയുന്നത് പോലെ; കേവലമൊരു സുന്നത്തല്ല ഇക്കാലഘട്ടത്തിൽ നിഖാബ്. മറിച്ച്, ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തലും, പ്രതീകവുമാണതിന്ന് എന്ന കാര്യം നീ മറക്കാതിരിക്കുക.

ആ നിഖാബിന് പിന്നിൽ നിന്ന് തന്നെയാണ് നമ്മുടെ ഉമ്മ ആയിശ -رَضِيَ اللَّهُ عَنْهَا- ആയിരക്കണക്കിന് ഹദീഥുകൾ ഈ ഉമ്മത്തിന് പകർന്നു നൽകിയത്. നമ്മുടെ ദീനിന്റെ അടിസ്ഥാനങ്ങളിൽ പലതും ആ ഹദീഥുകളിൽ നിന്നാണ് നാം സ്വീകരിച്ചത്. ആ നിഖാബിന് പിറകിൽ നിന്ന് തന്നെയാണ് ദരിദ്രരുടെ മാതാവ് എന്നറിയപ്പെട്ട സൈനബ് -رَضِيَ اللَّهُ عَنْهَا- പാവങ്ങളുടെ പ്രയാസങ്ങൾ ദുരീകരിച്ചതും സഹായങ്ങളുടെ വാതിലുകൾ തുറന്നു കൊടുത്തതും. ആ നിഖാബിന് പിറകിൽ നിന്ന് തന്നെയാണ് ഉമ്മു സലമയും ഹഫ്സ്വയും ഫാത്വിമയും റുഖയ്യയും ഉമ്മു റൂമാനും -رَضِيَ اللَّهُ عَنْهُنَّ- മറ്റനേകം സ്വഹാബീ വനിതകളിലെ മഹാരഥകളും ഈ ദീനിന്റെ പിൻതറമുകൾക്ക് ജ്വലിക്കുന്ന ചരിത്രം ബാക്കിവെച്ചത്. എന്നാൽ ഈ ആധുനികന്മാരുടെ പാഠപുസ്തകങ്ങളിൽ തുറന്നിട്ട മുഖവും അഴിച്ചിട്ട മുടികളും തള്ളിനിൽക്കുന്ന ശരീരാവയവങ്ങളുമായി എത്ര സ്ത്രീകൾ അങ്ങനെ ചരിത്രത്തിന്റെ പേജുകളിൽ മായാതെ, മറയാതെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്?!

ചുരുക്കത്തിൽ, സഹോദരീ നിഖാബ് ധരിക്കുന്നതിൽ വലിയ പുണ്യമുണ്ട്. മുസ്‌ലിം സ്ത്രീയെന്ന നിലക്ക് അതുപേക്ഷിക്കുക നിനക്ക് -ഈ സാഹചര്യത്തിൽ പ്രത്യേകിച്ചും- യോജിച്ചതല്ല. അല്ലാഹു നിന്നെ സഹായിക്കട്ടെ!

മൂന്ന്: നിഖാബ് നിർബന്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത പല സാഹചര്യങ്ങളും ഉണ്ട്.

നിഖാബ് എപ്പോഴും എല്ലാവർക്കും സുന്നത്തല്ല. ഏതെങ്കിലും സ്ത്രീ അവളുടെ ഭംഗി പുരുഷന്മാരെ ആകർഷിക്കുന്നതാണെന്ന് ഭയക്കുകയോ, നാട്ടിൽ അതിക്രമികൾ വർദ്ധിച്ചതിനാൽ മുഖം തുറന്നിട്ടാൽ തനിക്കെതിരെ അക്രമം ഉണ്ടാകുമെന്ന് ഭയക്കുകയോ, മറ്റെന്തെങ്കിലും ഫിത്‌നകൾ ഭയക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ നിഖാബ് ധരിക്കുക എന്നത് ആ സാഹചര്യത്തിൽ നിർബന്ധമാണ്. അതാകട്ടെ, പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത കാര്യമാണ്. നിഖാബിന്റെ ചർച്ചയിൽ ഏറെക്കുറെ എല്ലാവരും വിസ്മരിക്കുന്ന കാര്യങ്ങളിലൊന്ന് കൂടിയാണിത്.

ഒരു സ്ത്രീ തനിക്ക് പുരുഷന്മാരെ ആകർഷിക്കാൻ മാത്രമുള്ള ഭംഗിയൊന്നുമില്ല എന്ന് സ്വയം മനസ്സിലാക്കുകയും, നിഖാബ് സുന്നത്ത് ആണ് എന്ന് വിചാരിക്കുകയും ചെയ്യുന്നതിനാൽ നിഖാബ് ധരിക്കാതിരിക്കുന്നുണ്ടെങ്കിൽ അവൾക്കങ്ങനെ ആകാം. (സ്ത്രീകളിൽ എത്ര പേരാണ് അങ്ങനെ സ്വയം ഭംഗിയില്ല എന്ന് ധരിക്കുന്നവരായുള്ളത്?!)  ഇനി അവൾ വിരൂപിയാണെങ്കിൽ പോലും നാട്ടിൽ ലൈംഗികാതിക്രമങ്ങൾ ഭയക്കുന്ന സ്ഥിതിവിശേഷമുണ്ടെങ്കിൽ അപ്പോഴും അവൾ നിഖാബ് ധരിച്ചു കൊണ്ടല്ലാതെ പുറത്തിറങ്ങരുത് എന്നതിലും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. നിഖാബ് സുന്നത്താണ് എന്ന് തെളിയിക്കുന്നതിനായി സുദീർഘമായ ലേഖനങ്ങൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്തവർ വിസ്മരിക്കുന്ന പ്രധാന പാഠങ്ങളിലൊന്നാണിത്.

ഹനഫീ പണ്ഡിതനായ ഇബ്‌നു ആബിദീൻ പറയുന്നു: “അന്യപുരുഷന്മാർ കാണുമെന്ന് ഭയപ്പെട്ടാൽ സ്ത്രീകൾ മുഖം മറക്കേണ്ടതാണ്. അവർ കാണുന്നത് കൊണ്ട് കുഴപ്പം സംഭവിക്കാൻ സാധ്യതയുണ്ട്. കാരണം മുഖം വെളിപ്പെട്ടാൽ ചിലപ്പോൾ തൃഷ്ണയോടെ അവളെ നോക്കുക എന്ന തെറ്റ് സംഭവിച്ചേക്കാം.” (ഹാഷിയതു ഇബ്നി ആബിദീൻ: 1/406)

മാലികി പണ്ഡിതനായ ശൈഖ് ഹത്ത്വാബ് പറയുന്നു: “അറിയുക! ഒരു സ്ത്രീയുടെ കാര്യത്തിൽ കുഴപ്പം ഭയപ്പെടുന്നെങ്കിൽ അവളുടെ മുഖവും കൈകളും മറക്കൽ അവളുടെ മേൽ നിർബന്ധമാണ്.” (മാലികി മദ്‌ഹബിലെ പ്രസിദ്ധ ഗ്രന്ഥം മവാഹിബുൽ ജലീൽ: 1/499)

ശാഫിഈ പണ്ഡിതനായ ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “പ്രായപൂർത്തിയായ പുരുഷൻ പ്രായമുള്ള അന്യസ്ത്രീയുടെ ഔറതിലേക്ക് നോക്കുക എന്നത് നിഷിദ്ധമാകുന്നു. അതു പോലെ തന്നെ അവളുടെ മുഖത്തേക്കും കൈകളിലേക്കും നോക്കുന്നതും കുഴപ്പം ഉണ്ടാകുമെന്ന് ഭയപ്പെടുന്നെങ്കിൽ നിഷിദ്ധമാകുന്നു. ഇനി കുഴപ്പം ഉണ്ടാകില്ലെന്ന് വന്നാൽ തന്നെയും നോക്കാൻ പാടില്ലെന്നതാണ് ശരിയായ അഭിപ്രായം.” (മിൻഹാജുത്ത്വാലിബീൻ: 204)

ഹമ്പലീ മദ്‌ഹബിന്റെ അഭിപ്രായം ഇമാം അഹ്മദിന്റെ വാക്കിൽ നിന്ന് തന്നെ വ്യക്തമാകും. അദ്ദേഹം പറഞ്ഞു: “സ്ത്രീ മുഴുവനായും മറക്കേണ്ട ഔറതാകുന്നു. അതിൽ അവളുടെ നഖം വരെ ഉൾപ്പെടും.” (അഹ്കാമുന്നിസാഅ്/രിവായതുൽ ഖല്ലാൽ: 32-33)

ശൈഖ് ബക്‌ർ അബൂ സൈദ് -رَحِمَهُ اللَّهُ- പറയുന്നു: “കുഴപ്പം ഉണ്ടായേക്കാം എന്ന് ഭയപ്പെടുകയോ, ദീൻ ദുർബലമായ അവസ്ഥയിലോ, കാലം മോശമായാലോ മുഖവും കൈകളും പുറത്ത് കാണിക്കുന്നത് അനുവദനീയമാണ് എന്ന് അഭിപ്രായപ്പെട്ട ആരും തന്നെ മുസ്‌ലിം പണ്ഡിതന്മാരിലില്ല. മറിച്ച്, അത്തരം സന്ദർഭങ്ങളിൽ മുഖം മറക്കൽ നിർബന്ധമാണ് എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമാണുള്ളത്.” (ഹിറാസതുൽ ഫദ്വീലഃ: 82)

കുഴപ്പം ഭയപ്പെട്ടാൽ നിഖാബ് നിർബന്ധമാണെന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായമെന്ന് മനസ്സിലായി. കുഴപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയ നോട്ടവും സ്പർശനവും മോശമായ ബന്ധങ്ങളുമെല്ലാമാണ്. അതിലേക്ക് നയിക്കുന്ന രൂപത്തിലല്ല നമ്മുടെ നാട്ടിലെ സ്ത്രീകൾ മുഖം വെളിവാക്കിയിട്ടിരിക്കുന്നത് എന്ന് ആർക്കാണ് പറയാൻ കഴിയുക? നിഖാബ് ഉപേക്ഷിച്ചിരിക്കുന്ന സ്ത്രീകളിൽ എത്രയോ പേർ യുവതികളാണ്. മുഖത്തെ നിഖാബ് ഒഴിവാക്കിയതിനെല്ലാം പുറമെ ഭംഗി വീണ്ടും എടുത്തു കാണിക്കാൻ മേക്കപ്പും പുരട്ടി പുറത്തിറങ്ങുന്ന യുവതികളോട് നിഖാബ് സുന്നത്താണെന്ന ‘മസ്അല’ പറയുന്നത് എന്തു മാത്രം വികൃതമല്ല! യുവത്വം നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വൃത്തികേടുകൾ അനേകം നടമാടുന്ന കോളേജുകളിൽ നിന്ന് വരുന്ന വിദ്യാർഥികൾ മാത്രമുള്ള സദസ്സുകളിൽ വരെ പലരും ‘നിഖാബ് സുന്നത്താണ്’ എന്ന അഭിപ്രായം പറഞ്ഞു കേൾപ്പിക്കുന്നത് എന്തു മാത്രം വലിയ അപരാധമാണ്?!

പെൺകുട്ടികളുടെ മുഖത്തിന്റെ ഒരു ചെറുഭാഗം ലഭിച്ചാൽ അതുപയോഗിച്ച് വൃത്തികെട്ട ഇമേജുകളും വീഡിയോകളും പടച്ചു വിടുന്ന നരമ്പു രോഗികൾ നാടുകളിൽ നിറഞ്ഞ്, അവരവരൂടെ വീടുകളിൽ വരെയുണ്ടോ എന്ന് ഭയന്നു കഴിയുന്ന ഇത്തരമൊരു കാലഘട്ടത്തിൽ നിഖാബ് വളരെ അനിവാര്യം തന്നെയാണ്. പെണ്ണിനോടുള്ള പ്രേമം പുകഴ്ത്തി പാടിപ്പാടി, ഇഷ്ടമല്ലെന്നൊരു പെണ്ണ് പറഞ്ഞാൽ അവളെ പരസ്യമായി കത്തിച്ചു കളയാൻ വരെ ധൈര്യംവരുന്ന മാനസിക രോഗികൾ വാഴുന്ന -അവരെ പിടികൂടിയ ശേഷം ചോറും കറിയും നൽകി തടിപ്പിച്ചു സുന്ദരന്മാരാക്കി പുറത്തു വിടുന്ന നാടുവാഴികൾ നിരങ്ങുന്ന ഈ നാട്ടിൽ- നിഖാബ് വാജിബിനുമപ്പുറം വാജിബാണ് (വാജിബ്=നിർബന്ധം). മുന്നിൽ വന്നു നിൽക്കുന്ന പ്രേമരോഗിയുടെ വികൃതമായ മുടിയും ചീഞ്ഞ ഫേഷനും കണ്ട്, ഇവന് സ്വയം ജീവിക്കാനുള്ള കെൽപ്പു തന്നെയില്ലല്ലോ എന്ന് മനസ്സിലാക്കി ‘എന്റെ മകളെ കെട്ടിച്ചുതരാൻ പറ്റില്ലെന്ന്’ പറയുന്ന രക്ഷിതാവിനെ വടിവാളിന് കൊത്തുന്ന ഭ്രാന്തന്മാർ നിറഞ്ഞ, -കൊല്ലപ്പെട്ട അച്ചനെ നോക്കി ‘ഇവനിത് കിട്ടേണ്ടത് തന്നെ; അങ്ങ് കെട്ടിച്ചു കൊടുത്തൂടായിരുന്നോ’ എന്ന് ന്യായം പറയുന്ന നാറുന്ന ബുദ്ധിയുള്ള യുക്തന്മാരുടെയും മാധ്യമപ്പരിഷകളുടെയും നാട്ടിൽ- നിഖാബ് മുസ്‌ലിം സ്ത്രീകൾ മാത്രമല്ല; സർവ്വ സ്ത്രീകളും ധരിക്കേണ്ട അവസ്ഥയാണുള്ളത്.

അവസാനവാക്ക്!

സഹോദരീ! അവർ പറയുന്നത് പുരുഷന്മാർ നിന്നെ അടിമയാക്കുകയും, നിന്റെ മുഖം നിർബന്ധിച്ച് മറപ്പിച്ചു നടത്തുകയുമാണെന്നാണ്. ഈ ഖുർആൻ അവതരിപ്പിച്ചത് പുരുഷനല്ല; പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച അല്ലാഹുവാണ്. പുരുഷന്മാരെ കുറിച്ച് സ്ത്രീകളെക്കാളും പുരുഷന്മാരെക്കാളും അറിയുന്നവനാണവൻ. ഈ നിയമമെങ്ങാനും പുരുഷനായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിൽ അവർ നിന്റെ മുഖം തുറന്നിടാനാകുമായിരുന്നില്ലേ പറയുക? നിന്റെ മുഖം കാണാനല്ലേ പുരുഷൻ ആഗ്രഹിക്കുന്നത്; അപ്പോഴെങ്ങനെയാണ് ഈ നിയമം പുരുഷന്റെ നിയമമാവുക?!

അല്ല! ഇത് അല്ലാഹുവിന്റെ നിയമമാകുന്നു. അവൻ നിന്റെ ശുദ്ധിയാണ് ഇഷ്ടപ്പെടുന്നത്. നിനക്കിഷ്ടമില്ലാത്ത ഒരുവന്റെയും കൈനഖം പോലും നിന്റെ മേൽ പതിക്കാതിരിക്കാനും, നിന്നെ ഉപയോഗിച്ച് വലിച്ചെറിയാൻ ഉദ്ദേശിക്കുന്നവരുടെ കയ്യിലേക്ക് നിന്നെ വിട്ടുനൽകാതിരിക്കാനുമാണ് അവൻ ഉദ്ദേശിക്കുന്നത്. നീ അവർക്ക് മുൻപിൽ അടിമകളെ പോലെ ആടിക്കുഴയാതിരിക്കാനും, അവർക്ക് പണമുണ്ടാക്കാൻ നിന്റെ മേനി ഉപയോഗപ്പെടുത്താതിരിക്കാനും, അങ്ങനെ നിന്റെ തൊലി ചുക്കിച്ചുളിഞ്ഞാൽ നിന്നെ വലിച്ചെറിയുന്നവർക്ക് വിട്ടുകൊടുക്കാതിരിക്കാനുമാണ് അവൻ ഉദ്ദേശിക്കുന്നത്. അവൻ നിനക്ക് ആദരവ് ലഭിക്കാനാണ് ആഗ്രഹിക്കുന്നത്.

നീ ജനിക്കുമ്പോൾ സന്തോഷിക്കുന്ന പിതാവിനെയാണ് അവന്റെ നിയമത്തിൽ കാണുക; നാല് പെൺമക്കളെ വളർത്തിയ നബി -ﷺ- യാണ് അവനയച്ച ദൂതൻ. പെൺമക്കളെ കുഴിച്ചു മൂടിയിരുന്ന സമൂഹത്തിന് മുൻപിൽ ഫാത്വിമയെ ചൂണ്ടി ‘അവളെന്റെ കരളിന്റെ കഷ്ണമാണ്’ എന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞ, മകൾ വരുമ്പോൾ അവളെ സ്വീകരിക്കാൻ എഴുന്നേറ്റു നിന്ന, ചേർത്തണച്ചു നിർത്തിയ, നെറ്റിയിൽ ചുംബനം നൽകിയ, മരണക്കിടക്കയിൽ വേദനയോടെ പ്രയാസപ്പെടുമ്പോഴും മകളുടെ മുഖം കണ്ട് ചിരിതൂകിയ മുഹമ്മദെന്ന പിതാവിന്റെ -ﷺ- മാതൃക!

നിന്നെ ചേർത്തു നിർത്തുന്ന ഭർത്താവിനെയാണ് ഇസ്‌ലാമിന്റെ ചരിത്രത്തിൽ കാണുക. വർഷങ്ങൾ കഴിഞ്ഞും, കൂടെ കഴിഞ്ഞ ഖദീജയെ മറക്കാതിരുന്ന, അവരുടെ ഓർമ്മകൾക്ക് മുൻപിൽ കണ്ണീരോടെ നിന്ന, ദേഷ്യം പിടിച്ച് അനുചരന് മുൻപിൽ പാത്രം താഴേക്കെറിഞ്ഞ ആയിശയുടെ കാലിന്നരികിലിരുന്ന് ചിതറിയ ഭക്ഷണവും പൊട്ടിയ പാത്രക്കഷ്ണങ്ങളും പെറുക്കിയെടുത്ത റസൂലിന്റെ വഴിയാണ് അവൻ ഇസ്‌ലാമിന്റെ വഴിയായി നിശ്ചയിച്ചത്. ‘ആരെയാണ് ഏറ്റവും ഇഷ്ടമെന്ന’ ചോദ്യത്തിന് മുൻപിൽ ‘ആയിശ’യെന്ന് പുഞ്ചിരിയോടെ മറുപടി നൽകിയ, അവരോടൊപ്പം ഓട്ടമത്സരം നടത്തിയ, തമാശകൾ പറഞ്ഞ, അവരുടെ ചിരികളിൽ ചിരിക്കുകയും, വിഷമങ്ങളിൽ ചേർത്തു പിടിക്കുകയും, അവരോട് കൂടിയാലോചിക്കുകയും ചെയ്തിരുന്ന നമ്മുടെ നബിയുടെ വഴി!

നിന്നെ ആദരിക്കുന്ന മക്കളെയാണ് ഇസ്‌ലാമിന്റെ പാഠപുസ്തകങ്ങൾ നിനക്ക് സമ്മാനിക്കുക! മാതാവായ നിന്നോടാണ് മനുഷ്യരിൽ ഏറ്റവും കടമയുള്ളത് എന്ന് മൂന്നു തവണ ആവർത്തിച്ചു മൊഴിഞ്ഞ റസൂലിന്റെ വാക്കുകൾ നിനക്കറിയില്ലേ?! വേദനക്ക് മേൽ വേദനയുമായി നീ പ്രസവിച്ചതിനെ കുറിച്ച് മക്കളെ ഓർമ്മപ്പെടുത്തുന്ന, അല്ലാഹുവിനോടുള്ള ബാധ്യത പറഞ്ഞയുടനെ നിന്നോടുള്ള ബാധ്യത സ്മരിക്കുന്ന ഖുർആനിലെ ആയത്തുകൾ നീ വായിച്ചിട്ടില്ലേ?! വാർദ്ധക്യം ബാധിച്ച നിലയിൽ നീ കൂടെയുണ്ടായിട്ടും സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയ ഹതഭാഗ്യരായ മക്കളെ ശപിച്ച നബി -ﷺ- യുടെ വാക്കുകൾ നീ കേട്ടിട്ടില്ലേ?!

എന്നാൽ നിന്നോട് അഴിച്ചിടാൻ പറയുന്നവർ, നിന്നെ വിൽപ്പനച്ചരക്കാക്കിയവർ എന്താണ് നിനക്ക് നൽകുക? ഇതു വരെ എന്താണവർക്ക് നൽകാൻ കഴിഞ്ഞത്?! അമ്മത്തൊട്ടിലുകളോ?! പീഢനമുറികളും ബലാത്സംഘവുമോ? മദ്യവും മയക്കുമരുന്നും മുതലെടുപ്പുകളുമോ? തൊലി വെളുത്തില്ലെങ്കിലെന്ന ആധിയും പേടിയുമോ? ഇത്ര മീറ്റർ നീളവും ഇത്ര സെൻ്റിമീറ്റർ തടിയും വേണമെന്ന അവരുണ്ടാക്കിയ സൗന്ദ്യര്യത്തിന്റെ അളവുകോലുകളോ?! അവർ വെച്ചു നീട്ടുന്ന സൗന്ദര്യകിരീടങ്ങളും ‘മിസ്’ പട്ടങ്ങളുമോ? വർഷങ്ങൾക്കുള്ളിൽ നിനക്ക് ലഭിക്കുന്ന ‘ഡൈവോഴ്സ് നോട്ടീസുകളും’ കോടതിവരാന്തകളിലെ നീണ്ട നിൽപ്പും നഷ്ടബോധങ്ങളുമോ?! അവസാനം ഏതോ വൃദ്ധസദനത്തിലെ തുരുമ്പെടുത്ത കട്ടിലുകളിൽ പിടഞ്ഞു തീരുന്ന അർത്ഥമില്ലാത്ത ജീവിതമോ?!

ചിന്തിക്കുക!

وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ﴿١٢٤﴾ قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾   قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا ۖ وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾ وَكَذَٰلِكَ نَجْزِي مَنْ أَسْرَفَ وَلَمْ يُؤْمِن بِآيَاتِ رَبِّهِ ۚ وَلَعَذَابُ الْآخِرَةِ أَشَدُّ وَأَبْقَىٰ ﴿١٢٧﴾

“എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്‌. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്‌? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെതന്നെയാകുന്നു. നിനക്ക് നമ്മുടെ ആയത്തുകൾ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും, തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്‌. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു.” (ത്വാഹ: 124-127)

سُبْحَانَ رَبِّكَ رَبِّ العِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى المُرْسَلِينَ وَالحَمْدُ لِلَّهِ رَبِّ العَالَمِينَ

كَتَبَهُ: الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِِمِينَ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment