നാല്: റസൂലുകളില്‍ ഉള്ള വിശ്വാസം.
മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠരായ ചിലരെ അല്ലാഹു തിരഞ്ഞെടുക്കുകയും, അവര്‍ക്ക് അവന്‍ തന്റെ സന്ദേശം എത്തിച്ചു നല്‍കുകയും, അത് ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അവരോടു കല്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഓരോ മുസ്‌ലിമും വിശ്വസിക്കണം. ചരിത്രത്തില്‍ ധാരാളം റസൂലുകള്‍ (ദൂതന്മാര്‍) വന്നിട്ടുണ്ട്. നൂഹ്, ഇബ്രാഹീം, ദാവൂദ്, സുലൈമാന്‍, ലൂത്വ്, യൂസുഫ്, മൂസ -عَلَيْهِمُ السَّلَامُ-… അവരില്‍ ചിലര്‍ മാത്രം.
മര്‍യമിന്റെ മകന്‍ ഈസ -عَلَيْهِ السَّلَامُ- യും റസൂലുകളില്‍ പെട്ട മനുഷ്യനാണ്. അദ്ദേഹം മാന്യനായ റസൂലാണ് എന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. റസൂലുകളില്‍ വളരെ ശ്രേഷ്ഠരായവരില്‍ ഒരാളാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം നബിയായിരുന്നെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണം.
ആരെങ്കിലും ഈസ -عَلَيْهِ السَّلَامُ- യോട് വെറുപ്പോ ദേഷ്യമോ പ്രകടിപ്പിച്ചാല്‍ അവന് ഇസ്‌ലാമില്‍ യാതൊരു പങ്കുമില്ല. മറിച്ച്, അദ്ദേഹത്തെ അല്ലാഹു -تَعَالَى- പിതാവില്ലാതെയാണ് സൃഷ്ടിച്ചത്. ഇത് സത്യപ്പെടുത്താന്‍ മുസ്‌ലിമിന് യാതൊരു പ്രയാസവുമില്ല. ഒരു പിതാവില്ലാതെ, മാതാവില്‍ നിന്ന് മാത്രമായി ഈസയെ പടക്കാന്‍ അല്ലാഹുവിന് കഴിവും ശക്തിയുമുണ്ട്. മനുഷ്യ പിതാവായ ആദമിനെ ഒരു പിതാവോ മാതാവോ ഇല്ലാതെ പടച്ചവനത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
ഈ പറഞ്ഞതില്‍ നിന്ന് ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിന്റെ മകനോ, അല്ലാഹു തന്നെയോ അല്ല എന്ന് മനസ്സിലാകും. എങ്ങനെയാണ് അദ്ദേഹം ലോകസ്രഷ്ടാവായ അല്ലാഹു ആവുക? പത്തു മാസത്തോളം പ്രപഞ്ചത്തിലെ ചെറിയൊരു ഗ്രഹമായ ഭൂമിയില്‍ വസിക്കുന്ന, വളരെ നിസ്സാരയായ ഒരു സൃഷ്ടിയുടെ ഗര്‍ഭപാത്രത്തില്‍ പത്തു മാസം ഇരുട്ടില്‍ കഴിഞ്ഞാണ് അദ്ദേഹം പുറത്തു വന്നത്.
ദൈവം ഗര്‍ഭപാത്രത്തിന്റെ ഇരുട്ടില്‍ കഴിയുകയോ?!
മനുഷ്യ സ്ത്രീയുടെ മുലപ്പാല്‍ കുടിക്കുകയോ?
കരയുകയും ഭക്ഷിക്കുകയും മൂത്രമൊഴിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്ന ദൈവമോ?
വിഡ്ഢികള്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന് ആകാശ ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹു എത്രയോ പരിശുദ്ധന്‍!
ഈസ -عَلَيْهِ السَّلَامُ- നബിയും റസൂലും ആയിരുന്നെന്നു പറഞ്ഞല്ലോ? അദ്ദേഹം തനിക്ക് ശേഷം വരാനിരിക്കുന്ന ഒരു നബിയെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചു കൊണ്ടാണ് ജനങ്ങളിലേക്ക് വന്നത്.
ഈസ -عَلَيْهِ السَّلَامُ- സന്തോഷവാര്‍ത്ത അറിയിച്ച ആ നബിയാണ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് -ﷺ-. അദ്ദേഹത്തോടെ അല്ലാഹുവിന്റെ ദൂതന്മാരുടെ ചങ്ങല അവസാനിച്ചു. അവിടുത്തേക്ക് ശേഷം ഇനി നബിയില്ല.
ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയോഗിക്കപ്പെട്ട ഈ നബിയില്‍ -മുഹമ്മദ് നബി -ﷺ- യില്‍- വിശ്വസിക്കുക എന്നത് അദ്ദേഹത്തിനു ശേഷം അന്ത്യനാള്‍ വരെയുള്ള മനുഷ്യന്മാരുടെ മേല്‍ നിര്‍ബന്ധമാണ്. മുഹമ്മദ് -ﷺ- നബിയാണെന്ന് വിശ്വസിക്കുകയും, അവിടുത്തെ അനുസരിക്കുകയും, അവിടുത്തെ കല്‍പ്പനകള്‍ നിറവേറ്റുകയും, വിലക്കുകളില്‍ നിന്നും വിരോധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം.
മുഹമ്മദ് നബി -ﷺ- യുടെ ചരിത്രം വായിക്കുകയും മനസ്സിലാക്കുകയും ചെയ്ത ഏതൊരാളും അവിടുത്തെ വ്യക്തിത്വം മഹത്തരമായിരുന്നു എന്ന് അംഗീകരിക്കാതിരുന്നിട്ടില്ല. അവിടുത്തേക്ക് മുന്‍പോ ശേഷമോ മറ്റാരിലും കാണപ്പെട്ടിട്ടില്ലാത്ത വിധം, അനേകം നല്ല സ്വഭാവഗുണങ്ങളും, മഹത്തരമായ വിശേഷണങ്ങളും നബി -ﷺ- യില്‍ ഒരുമിച്ചിരുന്നു. നബി -ﷺ- യുടെ ചരിത്രത്തെ കുറിച്ച് ഒരു ചെറിയ വായനയെങ്കിലും നടത്തിയാല്‍ ഞാനീ പറയുന്നത് സത്യമാണെന്ന് നിനക്കും ബോധ്യപ്പെടാതിരിക്കില്ല.
അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണ് എന്ന് അറിയിക്കുന്ന അനേകം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. അവ മനസ്സിലാക്കുന്ന ഒരാള്‍ക്കും മുഹമ്മദ് -ﷺ- അല്ലാഹുവിന്റെ ദൂതനല്ല എന്ന് സ്ഥാപിക്കാന്‍ കഴിയില്ല.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين