മൂന്ന്: കിതാബുകളിലുള്ള വിശ്വാസം.

അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് മേല്‍ ചില ഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സംസാരമാണ് അതിലുള്ളത്. മനുഷ്യരുടെ സന്മാര്‍ഗമാണ് അവയില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന് ഇഷ്ടമുള്ളത് എന്തെല്ലാമാണെന്നും, അവന് വെറുപ്പുണ്ടാക്കുന്നത് ഏതെല്ലാമാണെന്നും നിനക്കതില്‍ വായിക്കാന്‍ കഴിയും.

അല്ലാഹുവിന്റെ നബിമാര്‍ക്ക് ഈ സംസാരം എത്തിച്ചു നല്‍കുന്നത് മലകുകളില്‍ ഏറ്റവും ശ്രേഷ്ഠനായ ജിബ്രീല്‍ -عَلَيْهِ السَّلَامُ- യാണെന്ന് നേരത്തെ പറയുകയുണ്ടായി. തങ്ങള്‍ക്ക് ലഭിച്ച സന്ദേശം നബിമാര്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കും.

അല്ലാഹു അവതരിപ്പിച്ച ഗ്രന്ഥങ്ങള്‍ ധാരാളമുണ്ട്. മൂസ -عَلَيْهِ السَّلَامُ- യുടെ മേല്‍ അവതരിക്കപ്പെട്ട ഗ്രന്ഥമാണ് തൌറാത്ത്. സബൂര്‍ അവതരിക്കപ്പെട്ടത് ദാവൂദ് -عَلَيْهِ السَّلَامُ- ക്കാണ്. ഇഞ്ചീല്‍ ഈസ -عَلَيْهِ السَّلَامُ- യുടെ മേലും. മുഹമ്മദ്‌ നബി -ﷺ- യുടെ മേല്‍ അവതരിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍.

ഖുര്‍ആന്‍ ഒഴികെയുള്ള മേല്‍ പറഞ്ഞ ഗ്രന്ഥങ്ങളെല്ലാം മനുഷ്യരുടെ കൈകടത്തുലുകള്‍ക്ക് വിധേയമായിട്ടുണ്ട്. അതിനാല്‍ അവയെല്ലാം തന്നെ ഇപ്പോള്‍ അപ്രസക്തമാണ്. എന്നാല്‍ ഖുര്‍ആന്‍ മനുഷ്യരുടെ കൈകടത്തലുകളില്‍ നിന്ന് സുരക്ഷിതമായി നിലകൊണ്ടിരിക്കുന്നു.

മുന്‍കഴിഞ്ഞ വേദങ്ങളെയെല്ലാം അത് ദുര്‍ബലമാക്കിയിരിക്കുന്നു. മുഹമ്മദ്‌ നബി -ﷺ- യുടെ നിയോഗത്തിന് ശേഷം പ്രാവര്‍ത്തികമാക്കപ്പെടേണ്ട ഏക ഗ്രന്ഥം ഖുര്‍ആന്‍ മാത്രമാണ്.

എന്നാല്‍ കഴിഞ്ഞ വേദഗ്രന്ഥങ്ങളില്‍ ഉണ്ടായിരുന്ന ഏതെങ്കിലും നന്മകള്‍ നഷ്ടപ്പെട്ടു പോകുമെന്ന് നീ ഭയക്കേണ്ടതില്ല; അതില്‍ ഉണ്ടായിരുന്ന എല്ലാ നന്മകളും ഖുര്‍ആനില്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ല! അവയില്‍ ഇല്ലാത്ത പല നന്മകളും കൂടുതല്‍ വിശദീകരണങ്ങളും വ്യക്തതയും ഖുര്‍ആനില്‍ ഉണ്ട്.

ഇസ്‌ലാം സത്യമതമാണ് എന്നതിനുള്ള തെളിവുകളില്‍ ഏറ്റവും പ്രബലമായ തെളിവാണ് ഖുര്‍ആനെന്നു നീ മനസ്സിലാക്കണം. ആയിരത്തി നാനൂറില്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ -ഇന്നും; ഈ ആധുനിക കാലഘട്ടത്തിലും- ഒരു തെറ്റോ അബദ്ധമോ, എന്തെങ്കിലുമൊരു വൈരുദ്ധ്യമോ -ഏതെങ്കിലുമൊരു വാക്കിലെങ്കിലും- ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഈ ആധുനിക പുരോഗമന കാലഘട്ടത്തില്‍ പുതുതായി മറനീക്കപ്പെട്ട എത്രയോ പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്ന് അറിയുമ്പോള്‍ നിന്റെ വിസ്മയം എന്തു മാത്രമായിരിക്കും?!

അതിനെല്ലാം പുറമേ; ഇത്രയും കാലം പിന്നിട്ടതിന് ശേഷവും ഖുര്‍ആനില്‍ എന്തെങ്കിലുമൊന്നു് കൂട്ടിച്ചേര്‍ക്കപ്പെടുകയോ, എന്തെങ്കിലും എടുത്തു കളയപ്പെടുകയോ ചെയ്തിട്ടില്ല.

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍!

ഇതില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ മാത്രം -നൂറോ അതില്‍ താഴെയോ വര്‍ഷങ്ങള്‍ പോലും പഴക്കമുള്ള- ഗ്രന്ഥങ്ങള്‍ വരെ മാറ്റങ്ങളും തിരുത്തലുകളുമായി പുതിയ എഡിഷനുകളും അവയുടെ തിരുത്തലുകളുമായി പിന്നീടും പിന്നീടും ഇറങ്ങി കൊണ്ടിരിക്കുന്നു.

അങ്ങേ പടിഞ്ഞാറു വായിക്കുന്ന ഖുര്‍ആനും, ഇങ്ങേ കിഴക്ക് വായിക്കുന്ന ഖുര്‍ആനും തമ്മില്‍ ഒരു വ്യത്യാസവും -ഒരക്ഷരത്തില്‍ പോലും- നിനക്ക് കാണാന്‍ കഴിയില്ല. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഖുര്‍ആനും ഇന്ന് പ്രിന്റ്‌ ചെയ്യപ്പെട്ട ഖുര്‍ആനും തമ്മില്‍ ഇതു പോലെ തന്നെ!

എന്നാല്‍; ഖുര്‍ആന്‍! അതിലൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് നിന്റെ സൃഷ്ടാവായ അല്ലാഹുവില്‍ നിന്ന് നിനക്കുള്ള സന്ദേശമല്ലെങ്കില്‍; അവന്റെ ദൃഷ്ടാന്തമല്ലെങ്കില്‍; പിന്നെ മറ്റെന്താണ്?

ഖുര്‍ആനിനെ കുറിച്ച് ഏറെ പറയാനുണ്ട്. അതിന് സമാനമായി മറ്റൊരു ഗ്രന്ഥവും നിലകൊള്ളുന്നില്ല. അത് മനസ്സില്‍ സ്വാധീനം ചെലുത്തുന്നതു പോലെ മറ്റൊന്നിനും നിന്റെ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല. കഴിയുമെങ്കില്‍ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ആരുടെയെങ്കിലും പാരായണം നീ കണ്ടെത്താന്‍ ശ്രമിക്കുക.

ഏകാന്തതയില്‍ -അര്‍ഥം മനസ്സിലായില്ലെങ്കില്‍ കൂടി- നീ അതിന് ശ്രദ്ധ കൊടുത്തു നോക്കൂ. നിന്റെ ഹൃദയം നിശ്ചലമാക്കി കേട്ടു നോക്കൂ. എത്ര മനോഹരം! അതിന്റെ അര്‍ഥം അതിനെക്കാള്‍ ഭംഗിയുള്ളതാണ്. നീ പഠിച്ചു നോക്കൂ!

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment