മുസ്‌ലിംകളിൽ ഏതെങ്കിലും ഒരു വ്യക്തിയോ, ഒന്നിലധികം പേരോ ഹിലാൽ കാണുകയും അത് ജനങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ എന്തു ചെയ്യണം എന്ന് ചിലർ ചോദിക്കുന്നു. ഈ വിഷയത്തിൽ പ്രമുഖരായ ചില സലഫി പണ്ഡിതന്മാർ പറഞ്ഞ അഭിപ്രായങ്ങൾ താഴെ നൽകാം.

ഒരാൾ മാസപ്പിറവി ദർശിച്ചത് ജനങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അത് മാസപ്പിറവിയായി പരിഗണിക്കപ്പെടുമോ?

ഈ വിഷയത്തിൽ ശൈഖുൽ ഇസ്‌ലാമിന്റെ അഭിപ്രായം ആദ്യം നൽകാം. ഒരു നാട്ടിലുള്ള ചിലർ ദുൽ ഹിജ്ജയുടെ ഹിലാൽ കാണുകയും ജനങ്ങൾ അവരുടെ കാഴ്ച്ച സ്വീകരിക്കാതിരിക്കുകയും ചെയ്താൽ, ദുൽ ഹിജ്ജ ഒമ്പതിന്റെ നോമ്പ് (അറഫാ നോമ്പ്) എപ്പോൾ നോൽക്കണം എന്ന ചോദ്യത്തിന് ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ -رَحِمَهُ اللَّهُ- നൽകിയ മറുപടിയിലെ പ്രസക്ത ഭാഗം ഇപ്രകാരമാണ്. അദ്ദേഹം പറഞ്ഞു: “ജനങ്ങൾക്കിടയിൽ ദുൽഹിജ്ജ ഒമ്പതായി പരിഗണിക്കപ്പെടുന്ന ദിവസം ഏതാണോ അന്ന് അവർ നോമ്പ് നോൽക്കട്ടെ; അവർ കണ്ടതിന്റെ അടിസ്ഥാനത്തിൽ അന്ന് യഥാർഥത്തിൽ ദുൽ ഹിജ്ജ പത്താണെങ്കിലും (അവർ നോമ്പ് നോൽക്കേണ്ടത് ജനങ്ങൾ ഒമ്പതായി പരിഗണിക്കുന്ന ദിവസമാണ്).

صَوْمُكُمْ يَوْمَ تَصُومُونَ وَفِطْرُكُمْ يَوْمَ تُفْطِرُونَ وَأَضْحَاكُمْ يَوْمَ تُضَحُّونَ

(അതിനുള്ള തെളിവ്) അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം (ചെയ്ത ഹദീഥാണ്. അതിൽ) നബി -ﷺ- പറഞ്ഞു: “നിങ്ങൾ നോമ്പ് നോൽക്കുന്ന ദിവസമാണ് നോമ്പ്. നിങ്ങൾ പെരുന്നാളാക്കുന്ന ദിവസമാണ് പെരുന്നാൾ. നിങ്ങൾ ബലിപെരുന്നാളായി പരിഗണിക്കുന്ന ദിവസമാണ് ബലിപെരുന്നാൾ.” …

മാസപ്പിറവി ആകാശത്ത് ദൃശ്യമാവുകയും, ജനങ്ങൾ അത് അറിയാതെ പോവുകയും, അവർ അത് മാസപ്പിറവിയായി സ്വീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ അത് മാസപ്പിറവിയാണെന്ന് പറയുക സാധ്യമല്ല… ഈ വിഷയത്തിൽ ജനങ്ങൾക്ക് ധാരാളമായി അബദ്ധം പിണയാറുണ്ട്. മാസപ്പിറവി ആകാശത്ത് ദൃശ്യമായാൽ ജനങ്ങൾക്ക് അത് പ്രകടമായാലും ഇല്ലെങ്കിലും ജനങ്ങൾ മാസപ്പിറവിയായി അതിനെ സ്വീകരിച്ചാലും ഇല്ലെങ്കിലും അതോടെ മാസം ആരംഭിച്ചു എന്നാണ് അവർ ധരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. മാസപ്പിറവി ജനങ്ങൾക്ക് പ്രകടമാവുകയും, അവർ അത് പരിഗണിക്കുകയും ചെയ്യുക എന്നത് വളരെ നിർബന്ധമാണ്…” (മജ്മൂഉൽ ഫതാവ: 25/202-203)

ശൈഖ് അബ്ദുൽ റഹ്മാൻ ബ്നു നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- യോട് ചിലർ ചോദിച്ചു: ‘ഒരാൾ ഒറ്റക്ക് ശവ്വാൽ മാസപ്പിറവി കണ്ടാൽ നോമ്പ് മുറിക്കരുതെന്ന് ചിലർ പറയുന്നു; ഈ അഭിപ്രായം ശരിയാണോ?’ അദ്ദേഹത്തിന്റെ മറുപടി: “അതെ. ആ അഭിപ്രായം ശരിയാണ്. കാരണം മാസപ്പിറവി സ്ഥിരപ്പെടുകയും, ജനങ്ങൾക്കിടയിൽ പ്രസിദ്ധമായി തീരുകയും ചെയ്തുവോ എന്നതാണ് പരിഗണിക്കേണ്ടത്. അതു കൊണ്ടാണ് അറബിയിൽ മാസത്തിന് പ്രസിദ്ധമായിത്തീരുക എന്നർഥം വരുന്ന പദത്തിൽ നിന്നുള്ള ‘ശഹ്‌ർ’ എന്ന പേര് നൽകപ്പെട്ടത്. കാരണാം മാസം ജനങ്ങൾക്കിടയിൽ പ്രസിദ്ധവും പ്രകടവുമായി സ്ഥിരപ്പെടണം. അതിനാൽ ഒരാൾ മാസപ്പിറവി കണ്ടു എന്ന് അയാൾക്ക് ഉറപ്പു വന്നാലും, അവന്റെ ഒറ്റക്കുള്ള കാഴ്ച്ച ഇസ്‌ലാമിക നിയമങ്ങളിൽ പരിഗണനീയമല്ല… അതിനാൽ അവന് നോമ്പ് മുറിക്കുക എന്നത് അനുവദനീയമല്ല. മറിച്ച്, അവൻ ഒറ്റക്ക് പെരുന്നാൾ മാസപ്പിറവി കണ്ടിട്ടുണ്ടെങ്കിലും ജനങ്ങളോടൊപ്പം തന്നെ അവൻ നോമ്പ് നോൽക്കുകയാണ് വേണ്ടത്.” (അൽ-ഫതാവാ അസ്സഅ്ദിയ്യ: 216)

സഊദി ഗ്രാൻ്റ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ലാഹ് ആലുശ്ശൈഖ് (ഹഫിദഹുല്ലാഹ്); അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: “നിങ്ങൾ നോമ്പ് നോൽക്കുന്ന ദിവസമാണ് നോമ്പ്. നിങ്ങൾ പെരുന്നാളാക്കുന്ന ദിവസമാണ് പെരുന്നാൾ. നിങ്ങൾ ബലിപെരുന്നാളായി പരിഗണിക്കുന്ന ദിവസമാണ് ബലിപെരുന്നാൾ” എന്ന ഹദീഥിന്റെ ഉദ്ദേശമെന്താണ്?

ശൈഖിന്റെ മറുപടി: “അതിന്റെ അർഥം വളരെ വ്യക്തമാണ്. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നീ മാത്രം നോമ്പ് നോൽക്കരുത്. നീ റമദാൻ മാസപ്പിറവി കാണുകയും, ജനങ്ങൾ നിന്നെ സത്യപ്പെടുത്തിയില്ലെന്നും വിചാരിക്കുക. എങ്കിൽ നീ നിന്റെ വാക്ക് സ്വീകരിക്കരുത്. കാരണം ജനങ്ങൾ മാസപ്പിറവിയായി സ്വീകരിക്കുന്നതാണ് ശരിയായ മാസപ്പിറവി. (ഇതേ പോലെ) നീ ഒറ്റക്ക് ശവ്വാൽ മാസപ്പിറവി കണ്ടാലും നോമ്പ് ഒഴിവാക്കരുത്. മറിച്ച് ജനങ്ങളെ പിൻപറ്റുകയും, നിന്റെ അഭിപ്രായം ഉപേക്ഷിക്കുകയും ചെയ്യുക.” (ശൈഖിന്റെ വെബ്സൈറ്റിൽ നിന്ന്)

ഇതേ അഭിപ്രായം തന്നെയാണ് ശൈഖ് ഇബ്‌നു ബാസ്, ശൈഖ് അൽബാനി, ശൈഖ് സുലൈമാൻ അൽ-റുഹൈലി തുടങ്ങിയവരുടെ അഭിപ്രായവും ഇത് തന്നെയാണ്./

സത്യസന്ധരായ ഒന്നിലധികം പേർ മാസപ്പിറവി ദർശിച്ചു എന്നറിയിക്കുകയും, ജനങ്ങൾ അത് സ്വീകരിക്കാതെ വരികയും ചെയ്താലോ?

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- തന്നെ പറയുന്നു: “ഒരാൾ ഏകനായി ശവ്വാൽ മാസപ്പിറവി ദർശിക്കുകയോ, അതല്ലെങ്കിൽ അയാൾക്ക് സത്യസന്ധരാണ് എന്നറിവുള്ള ചിലർ മാസപ്പിറവി കണ്ടതായി അയാളെ അറിയിക്കുകയോ ചെയ്താൽ അയാൾ എന്തു ചെയ്യണം? … ഈ അവസ്ഥയിലുള്ളയാൾ പരസ്യമായി നോമ്പ് ഒഴിവാക്കാൻ പാടില്ലെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമാണുള്ളത്… രഹസ്യമായി നോമ്പ് ഒഴിവാക്കാമോ എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. അതിൽ ഏറ്റവും ശരിയായ അഭിപ്രായം നോമ്പ് രഹസ്യമായും ഒഴിവാക്കരുതെന്നാണ്…

ഇത് കൂടുതൽ മനസ്സിലാക്കി തരുന്ന മറ്റൊരു കാര്യം ദുൽ ഹിജ്ജയിൽ ഇതു പോലെ സംഭവിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. ഒരാൾ ഒറ്റക്ക് ദുൽഹിജ്ജയിലെ മാസപ്പിറവി കണ്ടുവെന്ന് കരുതുക. എന്നാൽ ജനങ്ങൾ അത് സ്വീകരിച്ചിട്ടില്ലെങ്കിൽ അയാൾക്ക് ജനങ്ങൾക്ക് അറഫയിൽ നിൽക്കുന്നതിന് മുൻപ് ദുൽ ഹിജ്ജ എട്ടിന് അറഫയിൽ നിൽക്കാമോ? ഒരിക്കലുമില്ല. (അതു പോലെ തന്നെയാണ് റമദാനിലും).” (മജ്മൂഉൽ ഫതാവാ: 25/204-206)

ഖാദ്വി വ്യക്തിവിരോധം കൊണ്ടോ മറ്റോ സത്യസന്ധമായ സാക്ഷ്യം സ്വീകരിക്കാതിരുന്നതാണെങ്കിൽ എന്തു ചെയ്യണം?

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “ഹിലാൽ തീരുമാനിക്കാൻ ഏൽപ്പിക്കപ്പെട്ട ഇമാം (ഖാദ്വി) സത്യസന്ധരായ വ്യക്തികളുടെ സാക്ഷ്യം തള്ളുകയോ, അല്ലെങ്കിൽ അവരെ കുറിച്ച് അന്വേഷിക്കുന്നതിൽ അലസത വരുത്തുകയോ, അതുമല്ലെങ്കിൽ പരസ്പരമുള്ള ശത്രുതയുടെ പേരിൽ അയാളുടെ സാക്ഷ്യം തള്ളുകയോ, മറ്റെന്തിലും മതപരമായി ന്യായീകരിക്കപ്പെടാൻ കഴിയാത്ത കാരണങ്ങളാൽ തള്ളുകയോ, അതല്ലെങ്കിൽ കണക്കന്മാരുടെ അഭിപ്രായത്തിൽ കാണാത്ത ദിവസമാണ് എന്നതിനാൽ ഇയാളെ സ്വീകരിക്കാതിരിക്കുകയോ ചെയ്താൽ എന്താണ് ചെയ്യേണ്ടതെന്ന് ചിലർ ചോദിച്ചേക്കാം.

മാസപ്പിറവി ജനങ്ങൾക്കിടയിൽ പ്രകടമാവുകയും, പ്രസിദ്ധമാവുകയും ചെയ്തിട്ടില്ലെങ്കിൽ ഹിലാൽ സ്ഥിരീകരിക്കുന്നതിൽ ഗവേഷണം നടത്തുന്ന വ്യക്തിക്ക് (ഖാദ്വിക്ക്) ശരി പറ്റിയെന്നതോ തെറ്റു പറ്റിയെന്നതോ അയാൾ അലസത കാണിച്ചുവെന്നതോ ഒന്നും ഈ വിഷയത്തിൽ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല. (മറിച്ച്, മാസപ്പിറവി പ്രകടമാവുകയും ജനങ്ങൾക്കിടയിൽ അത് പ്രസിദ്ധമാവുകയും ചെയ്യുക തന്നെ വേണം).” (മജ്മൂഉൽ ഫതാവാ: 25/206)

മാസപ്പിറവി നിശ്ചയിക്കുന്നരെ തൃപ്തിയില്ലെങ്കിൽ എന്തു ചെയ്യണം…?!

ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ (ഹഫിദഹുല്ലാഹ്) യോട് ചോദിക്കപ്പെട്ടു: “ഞങ്ങൾ സഊദി അറേബ്യയോടൊപ്പമാണ് നോമ്പ് നോൽക്കുന്നത്. കാരണം ഞങ്ങളുടെ നാട്ടിൽ ഹിലാലിന്റെ കാര്യങ്ങൾ നിർണ്ണയിക്കുന്ന സമിതിയിൽ ഞങ്ങൾ വിശ്വാസമില്ല. എന്താണ് ചെയ്യേണ്ടത്? ശൈഖിന്റെ മറുപടി: “ഓരോ മുസ്‌ലിമും അവരവരുടെ നാട്ടിലുള്ള മുസ്‌ലിംകളോടൊപ്പമാണ് നോമ്പ് നോൽക്കേണ്ടത്. അവനൊരിക്കലും അവന്റെ നാട്ടിലെ മുസ്‌ലിംകളിൽ നിന്ന് വേറിട്ടു നിൽക്കരുത്. അവൻ അവരോടൊപ്പം തന്നെ നോമ്പ് നോൽക്കട്ടെ.” (ശൈഖിന്റെ വെബ്സൈറ്റിൽ നിന്ന്)

സകരിയ്യ സ്വലാഹി (وَفَّقَهُ اللَّهُ تَعَالَى)

നിയാഫ് ബിന്‍ ഖാലിദ് (وَفَّقَهُ اللَّهُ تَعَالَى)

അബ്ദുല്‍ മുഹ്സിന്‍ ഐദീദ് (وَفَّقَهُ اللَّهُ تَعَالَى)

وَاللَّهُ أَعْلَمُ وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • പൂച്ചയെ വിൽക്കുന്നതും വാങ്ങുന്നതും ഹറാമാണ്. എന്നാൽ പൂച്ച തുടങ്ങിയ ഇതര ജീവികളെ ഇണചേർത്ത് പണം വാങ്ങാമോ?

  • മാസം എന്നത് അല്ലെങ്കിൽ തിയ്യതി എന്നത് നോമ്പും പെരുന്നാളും ആചരിക്കാനുള്ള ഒരു ഏർപാടാണെന്ന് മാത്രം മനസിലാക്കിയ നിഷ്കളങ്കരുടെ ചോദ്യങ്ങളും ഉത്തരങ്ങളും ആണിത്. നമ്മുടെ ദൈനന്ദിന ജീവിതത്തിലെ എല്ലാ ജീവിത വ്യാപാരങ്ങളും സാമൂഹിക ഇടപാടുകളും ( നിക്കാഹ് , സമ്മേളനം , കരാറുകൾ , സകാത്ത് കണക്ക് കൂട്ടൽ etc…) തീരുമാനിക്കേണ്ടതും ഈ മാസങ്ങളുടെ അടിസ്ഥാനത്തിലാണ് . അതിനൊക്കെ ഇവിടെ ക്രിസ്ത്യാനിക്കലണ്ടറുണ്ടല്ലോ എന്നാണ് മറു ചോദ്യമെങ്കിൽ അത് അപകടകരമായ മറ്റൊരു നിഷ്കളങ്കത മാത്രം.

Leave a Comment