അല്ലാഹു നമുക്ക് നല്കിയ അപാരമായ ഒട്ടേറെ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് ഈ ഉമ്മത്തിലെ പണ്ഡിതന്മാര്. മുസ്ലിം സമൂഹത്തെ ശരിയായ ദിശയിലേക്ക് കൊണ്ടു പോകുന്നതില്‍ അവര്‍ വഹിച്ച പങ്ക് ഇസ്ലാമിക ചരിത്രത്തെ സംബന്ധിച്ച് സാമാന്യധാരണയുള്ള ഒരാളും തന്നെ നിഷേധിക്കുകയില്ല. ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ നബി-ﷺ-യുടെ ഹദീഥുകളിലെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കി നല്‍കുന്നതിലും, അവയിലെ പതിരുകള്‍ ജനസമൂഹത്തിന് മുന്നില്‍ വിശദമാക്കി നല്‍കുന്നതിലും അവര്‍ ചെയ്ത പരിശ്രമവും ഒരു മതവിദ്യാര്ഥിക്ക് അപരിചിതമായേക്കില്ല.
ഹദീഥ് വിജ്ഞാനീയ രംഗത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന മഹാപണ്ഡിതന്മാരുടെ സേവനം ഭുവനപ്രസിദ്ധമാണ്. പ്രസിദ്ധ പണ്ഡിതനായിരുന്ന മുഹദ്ദിഥ് നദീര്‍ ഹുസൈന്, അദ്ദേഹത്തിന്റെ ശിഷ്യന്മാരായ അബ്ദുറഹ്മാന് അല്‍-മുബാറക്ഫൂരി, അഹ്മദുല്ലാഹ് അദ്ദഹ്ലവി പോലുള്ള പണ്ഡിതന്മാരില് നിന്ന് വിജ്ഞാനം നേടുന്നതിനായി അറബ് രാജ്യങ്ങളില്‍ നിന്ന് വരെ പണ്ഡിതന്മാര് വന്നിട്ടുണ്ട്.
ഇവര്‍ക്ക് ശേഷം സുന്നത്തിനെ സേവിക്കുകയും, ഹദീഥ് വിജ്ഞാനീയത്തെ ഒരു പരിധി വരെ സാധാരണ ജനങ്ങള്‍ക്ക് പോലും പ്രാപ്യമാക്കി നല്‍കുകയും, മതവിദ്യാര്‍ഥികളെ ഹദീഥിന്റെ രംഗത്തേക്ക് കൈപിടിച്ചു നടത്തുകയും ചെയ്ത ഈ നൂറ്റാണ്ടിന്റെ പരിഷ്കര്‍ത്താവും, മുഹദ്ദിഥുമായ ശൈഖ് മുഹമ്മദ് നാസിറുദ്ദീനുല്‍ അല്‍ബാനി -رَحِمَهُ اللَّهُ- ഹദീഥ് വിജ്ഞാനീയത്തെ ലോകമുസ്ലിംകള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കി. ഇസ്ലാമിക ഗ്രന്ഥശാലകളില്‍ ഉറങ്ങിക്കിടന്നിരുന്ന പുസ്തകശേഖരങ്ങളെ പുനര്‍പരിശോധനക്ക് വിധേയമാക്കുകയും, സനദോടെ (നിവേദകപരമ്പര) ഉദ്ദരിക്കപ്പെട്ട ഓരോ നിവേദനങ്ങളെയും സൂക്ഷ്മപരിശോധനനടത്തി സ്വഹീഹും ദഈഫും വേര്‍തിരിക്കുന്ന തഹ്ഖീഖിന്റെ ലോകം മതവിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയതില്‍ ആ മഹാനായ പണ്ഡിതനുള്ള പരിശ്രമം ഒരാളും തന്നെ നിഷേധിക്കുകയില്ല.
ശൈഖ് അല്‍ബാനി-رَحِمَهُ اللَّهُ-യുടെ ഈ നവോത്ഥാന മുന്നേറ്റത്തിന്റെ അലയൊലികള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും വലിയ ചലനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. നമ്മുടെ കേരളത്തിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താലും, ബഹുമാന്യരായ ചില പണ്ഡിതന്മാരുടെ പരിശ്രമത്താലും അതിന്റെ ചില ഓളങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഹദീഥുകളും അഥറുകളുമായുള്ള ബന്ധം കുറച്ചൊക്കെ അറബി അറിയുന്ന എല്ലാവരിലും തന്നെ ഇന്ന് കാണാന്‍ സാധിക്കുന്നു. ഖത്തീബ് മിമ്പറില്‍ നിന്ന് ‘ഖാല റസൂലുല്ലാഹ്’ എന്ന് പറഞ്ഞ് ഉദ്ദരിക്കുന്ന ഹദീഥുകള്‍ വല്ലാതെ അപരിചിതമാണെങ്കില്‍ ഇത് ഏതു ഗ്രന്ഥത്തില്‍ ഉദ്ദരിക്കപ്പെട്ടതാണ്, ബുഖാരിയിലും മുസ്ലിമിലുമല്ലെങ്കില് അത് സ്വഹീഹാണോ എന്നിത്യാദി ചോദ്യങ്ങള്‍ എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കുന്ന ചെറുപ്പക്കാര്‍ വരെ ചോദിക്കാനാരംഭിച്ചു. ചിലപ്പോഴെല്ലാം ഖത്തീബ് പറഞ്ഞ ഹദീഥ് ദുര്‍ബലമാണെന്ന് ഇന്നയാള് പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറയുന്നിടം വരെ സാധാരണക്കാര്‍ക്കിടയില്‍ ഹദീഥുകളുമായുള്ള ബന്ധം വര്‍ദ്ധിച്ചു. അല്‍ഹംദുലില്ലാഹ്.
എന്നാല്‍ ഹദീഥുകളിലെ സ്വഹീഹും ദഈഫും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയും, സ്വഹീഹുകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രധാനപ്പെട്ട ഭാഗം ധാരാളക്കണക്കിന് മതനിഷ്ഠ വെച്ചു പുലര്‍ത്തുന്ന സഹോദരന്മാരിലും ഇനിയും ഒന്നു കൂടി ഉറപ്പിക്കപ്പെടേണ്ടതുണ്ട് എന്ന് മേല്‍ പറഞ്ഞതെല്ലാം സമ്മതിക്കുമ്പോഴും നാം ഓര്‍മ്മിക്കേണ്ടതുണ്ട്. ദഈഫായ ഹദീഥുകള്‍ അതിന്റെ ദുര്‍ബലത ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ലാതെ ഉദ്ദരിക്കരുത് എന്ന ഓര്‍മ്മ ഇനിയും ഊട്ടിയുറപ്പിക്കപ്പെടേണ്ടതുണ്ട്.
ബ്ലോഗെഴുത്ത്, ഈമെയിലുകള്‍, ഫെയ്സ്ബുക്ക് പോലുള്ള ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പങ്കുവെക്കാനുള്ള വഴികള്‍ ധാരാളം ഉണ്ടായതോടെ മതപ്രബോധനത്തിനുള്ള ഒരെളുപ്പ വഴിയായി പലരും ഇത്തരം സൗകര്യങ്ങളെ കാണാന്‍ ആരംഭിച്ചു. ഒരു മൗസ് ക്ലിക്കിലൂടെ ധാരാളക്കണക്കിനാളുകള്ക്ക് ഒരു നന്മ എത്തിക്കാമെന്ന നല്ല ഉദ്ദേശമാണ് ഇത്തരം പരിശ്രമങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് ആരും നിഷേധിക്കുന്നില്ല. പക്ഷേ, മതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ അവയില്‍ സൂക്ഷിക്കേണ്ടതുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം.
നബി-ﷺ-യുടെ ഹദീഥുകള്‍ പ്രചരിപ്പിക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. ‘എന്നില്‍ നിന്ന് ഒരായത്തെങ്കിലും എത്തിച്ചു നല്‍കുക’, ‘എന്റെ ഒരു ഹദീഥ് കേള്‍ക്കുകയും, അത് കാണാതെ പഠിക്കുകയും മറ്റൊരാള്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യുന്നവന്റെ മുഖം അല്ലാഹു പ്രകാശപൂരിതമാക്കട്ടെ’, ‘ആരെങ്കിലും ഒരു നന്മ അറിയിച്ച് നല്കിയാല് അത് പ്രവര്‍ത്തിക്കുന്നവന്റെ പ്രതിഫലം അറിയിച്ചവനുമുണ്ട്’ എന്നിങ്ങനെ ആ വിഷയത്തില്‍ അനേകം ഹദീഥുകള്‍ തന്നെ വന്നിട്ടുണ്ട്.
മേല്‍ ഹദീഥുകളില്‍ നബി -ﷺ- വാഗ്ദാനം ചെയ്തിട്ടുള്ള പ്രതിഫലം എത്ര മാത്രം മഹത്തരമാണെന്ന് നോക്കൂ. ‘ഷെയര്‍’ ചെയ്യുന്നത് സ്വഹീഹാണോ ദഈഫാണോ എന്ന ഒരു അന്വേഷണം പോലും നടത്താതെ, കേവലം ചൂണ്ടു വിരല്‍ കൊണ്ട് ഒരു ക്ലിക്ക് നടത്തിയാല്‍ ഈ പ്രതിഫലമെല്ലാം ലഭിക്കുമെന്ന് കരുതുന്നത് എന്തു മാത്രം വിഢിത്തരമാണ്?!
ഏതൊരു വിവരം നിങ്ങള്‍ക്ക് ലഭിച്ചാലും അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്ന് അല്ലാഹു നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
«يَاأَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ»
“സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.” (ഹുജുറാത്: 6)
സലഫുകള്‍ ഹദീഥുകള്‍ കേട്ടുകഴിഞ്ഞാല്‍ അതിന്റെ സ്രോതസ്സ് ഉറപ്പു വരുത്തുന്നതിന് വേണ്ടി ദീര്‍ഘദൂര യാത്രകള്‍ വരെ നടത്തിയവരായിരുന്നു.
عَنْ أَبِي العَالِيَةِ قَالَ: «كُنَّا نَسْمَعُ الرِّوَايَةَ عَنْ أَصْحَابِ رَسُولِ اللَّهِ –ﷺ- فِي البَصَرَةِ، فَلَمْ نَرْضَ حَتَّى رَكِبْنَا إِلَى المَدِينَةِ فَسَمِعْنَاهَا مِنْ أَفْوَاهِهِمْ»
അബുല്‍ ആലിയ -رَحِمَهُ اللَّهُ- പറയുന്നത് നോക്കൂ: “നബി-ﷺ-യുടെ സ്വഹാബിമാരില്‍ നിന്നുള്ള നിവേദനങ്ങള്‍ ബസറയില്‍ നിന്ന് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ മദീനയിലേക്ക് യാത്ര ചെയ്ത് അവരുടെ നാവുകളില്‍ നിന്ന് അത് കേട്ടാലല്ലാതെ ഞങ്ങള്‍ തൃപ്തരാവില്ലായിരുന്നു.” (ഖത്തീബുല്‍ ബഗ്ദാദിയുടെ അല്‍-കിഫായ ഫീ ഇല്‍മിരിവായ:402)
ഇതായിരുന്നു സലഫുകളുടെ സൂക്ഷമതയെങ്കില്‍, ഇന്നുള്ള അവസ്ഥയെന്താണ്?! ‘ഫെയ്സ്ബുക്ക് ഷെയറുകള്‍’ എന്ന പേരിലും, ട്വീറ്റുകള്‍ എന്ന പേരിലുമൊക്കെ ജനങ്ങള്‍ മതത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന പല ഹദീഥുകളുടെയും, മറ്റ് മതവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും അവസ്ഥ വളരെ ദയനീയമാണ്. ഇസ്ലാമിന് യോജിക്കാത്ത വീഡിയോകളും ഫോട്ടോകളും തമാശകളും ധാരാളക്കണക്കിന് പ്രചരിപ്പിക്കുന്ന ഒരാള്‍ക്ക് എപ്പോഴെങ്കിലും ഈമാന്‍ കുറച്ച് കൂടിയ സന്ദര്‍ഭത്തില്‍ ഇസ്ലാമുമായി ബന്ധമുണ്ടെന്ന് തോന്നിക്കപ്പെടുന്ന എന്തും ഷെയര്‍ ചെയ്യുന്നത് കാണാം; അതിന് പിന്നെ ലൈക്കും ഷെയറുമായി പിന്നാലെ കൂടാന്‍ അനേകമാളുകള്‍. ഇത് ഒരു മുസ്ലിമിന് -വിശിഷ്യ ഒരു സലഫിക്ക്- ഒട്ടും യോജിച്ചതല്ല.
മതം നേര്‍ക്ക് നേര് സ്വീകരിക്കുമ്പോള്‍ പോലും സൂക്ഷ്മത പാലിക്കണമെന്നാണ് സലഫുകള്‍ ഓര്‍മ്മപ്പെടുത്തിയത്. അപ്പോള്‍ ഇന്ന് നിലനില്‍ക്കുന്ന ‘വിര്‍ച്വല്‍’ ലോകത്ത് എന്തു മാത്രം സൂക്ഷ്മത ഓരോരുത്തരും പാലിക്കേണ്ടതുണ്ടായിരിക്കും?!
قَالَ الإِمَامُ ابْنُ سِيرِين: «إِنَّ هَذَا العِلْمَ دِينٌ، فَانْظُرُوا عَمَّنْ تَأْخُذُونَ دِينَكُمْ»
ഇമാം ഇബ്നു സീരീന് -رَحِمَهُ اللَّهُ- പറയുന്നു: “നിശ്ചയം! ഈ വിജ്ഞാനം നിങ്ങളുടെ മതമാണ്. അത് ആരില്‍ നിന്നാണ് എടുക്കുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിക്കണം.”
അനേകം സ്വഹാബികള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍, ഉഥ്മാന്-ِرَضِيَ اللَّهُ عَنْهُ-യുടെ വധമാകുന്ന ഫിത്ന ഉണ്ടായതിന് ശേഷമാണ് ഹദീഥുകളുടെ നിവേദകപരമ്പര ഞങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതെന്ന് സലഫുകള്‍ അറിയിച്ചിട്ടുണ്ട്.
قَالَ الإِمَامُ ابْنُ سِيرِين: «لَمْ يَكُونُوا يَسْأَلُونَ عَنِ الإِسْنَادِ، فَلَمَّا وَقَعَتِ الفِتْنَةُ قَالُوا : سَمُّوا لَنَا رِجَالَكُمْ، فَيُنْظَرُ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ حَدِيثُهُمْ، وَيُنْظَرُ إِلَى أَهْلِ البِدَعِ فَلَا يُؤْخَذُ حَدِيثُهُمْ»
ഇബ്നു സീരീന് -رَحِمَهُ اللَّهُ- പറയുന്നു: “അവര്‍ (സലഫുകള്‍) സനദ് ചോദിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഫിത്ന ഉണ്ടായപ്പോള്‍ ‘നിങ്ങളുടെ (ഹദീഥിന്റെ നിവേദകപരമ്പരയിലെ) നിവേദകരുടെ പേര് പറയൂ’ എന്ന് അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ശേഷം അഹ്ലുസ്സുന്നയുടെ വക്താക്കളാണെങ്കില്‍ അവരുടെ ഹദീഥുകള്‍ സ്വീകരിക്കുകയും, ബിദ്അത്തിന്റെ വക്താക്കളുടെ ഹദീഥുകളാണെങ്കില്‍ അവരുടെ ഹദീഥ് തള്ളുകയും ചെയ്യും.” (മുഖദ്ദിമതു മുസ്ലിം:1/8.)
സ്വഹാബികള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ അവസ്ഥയാണിത്. എന്നാല്‍ ഇന്ന് സോഷ്യല്‍ വെബ്സൈറ്റുകളിലും മറ്റുമുള്ള പ്രൊഫൈലുകള്‍ തന്നെ വ്യാജമാണോ അല്ലേ എന്ന ഉറപ്പില്ലാതിരിക്കെ ജനങ്ങള്‍ വളരെ നിസ്സാരഭാവത്തോടെ ‘മതപ്രബോധനത്തില്‍’ ഏര്‍പ്പെട്ടിരിക്കുകയാണ്. പ്രചരിപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഉറപ്പില്ലാതെ പ്രചരിപ്പിച്ചു എന്ന തെറ്റിനോടൊപ്പം, പ്രചരിപ്പിക്കപ്പെടുന്ന ഹദീഥുകള്‍ ദുര്‍ബലം കൂടിയാണെങ്കില്‍ എത്ര വലിയ അബദ്ധങ്ങളാണ് ഒരു ക്ലിക്കില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് ചിന്തിച്ചു നോക്കൂ. ഒരു കാര്യം സ്വഹീഹാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പാടുള്ളൂ എന്നിരിക്കെ, ദുര്‍ബലമാണോ സ്വീകാര്യമാണോ എന്ന ഉറപ്പില്ലാതെ അത് മറ്റുള്ളവര്‍ക്കിടയില്‍ വ്യാപകമാക്കുന്നതിന്റെ ഗൗരവം എന്തു മാത്രം വലുതാണ്!
താന്‍ പ്രചരിപ്പിക്കുന്ന ഹദീഥുകളും അവയുടെ നിവേദകരും സത്യസന്ധവും സത്യസന്ധരുമാണെന്ന് മനസ്സിലാക്കുക എന്നത് നിര്‍ബന്ധമാണ്.
قَالَ الإِمَامُ مُسْلِمٌ : «… الْوَاجِبُ عَلَى كُلِّ أَحَدٍ عَرَفَ التَّمْيِيزَ بَيْنَ صَحِيحِ الرِّوَايَاتِ وَسَقِيمِهَا، وَثِقَاتِ النَّاقِلِينَ لَهَا مِنَ الْمُتَّهَمِينَ، أَنْ لَا يَرْوِيَ مِنْهَا إِلَّا مَا عَرَفَ صِحَّةَ مَخَارِجِهِ، وَالسِّتَارَةَ فِي نَاقِلِيهِ، وَأَنْ يَتَّقِيَ مِنْهَا مَا كَانَ مِنْهَا عَنْ أَهْلِ التُّهَمِ وَالْمُعَانِدِينَ مِنْ أَهْلِ الْبِدَعِ»
ഇമാം മുസ്ലിം -رَحِمَهُ اللَّهُ- പറയുന്നു: “ഉദ്ധരിക്കപ്പെടുന്ന (ഹദീഥുകളില്‍) ദുര്‍ബലവും സ്വീകാര്യവും തമ്മിലും, (ഹദീഥുകള്‍) ഉദ്ദരിക്കുന്ന നിവേദകന്മാരില് സത്യസന്ധരും ആക്ഷേപാര്‍ഹരും തമ്മിലും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിവുള്ള എല്ലാവരുടെയും മേല്‍, താന്‍ നിവേദനം ചെയ്യുന്ന (ഹദീഥിന്റെ) ഉത്ഭവം എവിടെ നിന്നാണെന്ന് അറിയുകയും, അത് നിവേദനം ചെയ്യുന്ന നിവേദകന്മാരെ സംബന്ധിച്ചുള്ള അവ്യക്തത നീങ്ങുകയും ചെയ്ത ശേഷമല്ലാതെ അത് പ്രചരിപ്പിക്കരുത് എന്നത് നിര്‍ബന്ധമാണ്. ആക്ഷേപാര്‍ഹരും ബിദ്അത്തിന്റെ വക്താക്കളില്‍ പെട്ട ശത്രുക്കളും (തന്റെ നിവേദനത്തില്‍ ഉള്‍പ്പെടുന്നതില്‍) നിന്ന് അയാള്‍ സൂക്ഷിക്കണം.” (മുഖദ്ദിമതു മുസ്ലിം:1/8)
ഇപ്രകാരം പ്രാധാന്യമാണ് സലഫുകള്‍ ഹദീഥിന്റെ വിഷയത്തില്‍ പുലര്‍ത്തിയിരുന്നതെങ്കില്‍ ഒരു ഉറപ്പുമില്ലാതെ ‘ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു’, ‘പലരും പറയുന്നത് കേട്ടിട്ടുണ്ട്’, ‘അങ്ങനെയാണത്രെ’ എന്നിങ്ങനെ ഖാല-ഖീലകള്‍ മതവിഷയങ്ങളില്‍ വരെ കൊണ്ടു നടക്കുന്ന അനേകം പേരെ ഇക്കാലത്ത് കാണാം. നബി -ﷺ- അവരെ ആക്ഷേപിച്ചു കൊണ്ട് പറഞ്ഞു:
عَنْ أَبِي عَبْدِ اللَّهِ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ «بِئْسَ مَطِيَّةُ الرَّجُلِ زَعَمُوا»
“ഇപ്രകാരം പറയപ്പെട്ടിരിക്കുന്നു എന്ന വാക്ക് ഒരു മനുഷ്യന് എത്ര മോശം വാഹനമാണ്.” (അബൂദാവൂദ്: 4972, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا، وَيَكْرَهُ لَكُمْ ثَلَاثًا، فَيَرْضَى لَكُمْ: أَنْ تَعْبُدُوهُ، وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا، وَيَكْرَهُ لَكُمْ: قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةِ الْمَالِ»
നബി -ﷺ- പറഞ്ഞു: “അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന് നിങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ‘ഖാല-ഖീലകളും’, ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന് നിങ്ങളില്‍ വെറുത്തിരിക്കുന്നു.” (മുസ്ലിം:1715.)
ഖാല-ഖീലകള്‍ എന്നാല്‍ നാം മുന്‍പ് ഓര്‍മ്മപ്പെടുത്തിയത് പോലെ വ്യക്തമായ സ്രോതസ്സ് അറിഞ്ഞിട്ടില്ലാത്ത വാര്‍ത്തകളും, അടിസ്ഥാനമില്ലാത്ത നിവേദനങ്ങളുമാണ്. ‘ഖാല-ഖീലകള്‍’ എന്നതില്‍ അടിസ്ഥാനമില്ലാത്ത എല്ലാ വാര്‍ത്തകളും ഉള്‍പ്പെടും. വാര്‍ത്തകളില്‍ ഏറ്റവും ശ്രേഷ്ഠമായ അല്ലാഹുവിന്റെ വാക്കുകളെ വിശദീകരിക്കുന്ന നബി-ﷺ-യുടെ ഹദീഥുകളുടെ കാര്യത്തിലാണ് മേല്‍ പറഞ്ഞ ‘ഖാല-ഖീലകള്‍’ കടന്നു വരുന്നതെങ്കില്‍ അതിന്റെ ഗൗരവം എത്ര മാത്രമാണെന്ന് ചിന്തിച്ചു നോക്കുക.
ഹദീഥുകള്‍ സ്വഹീഹാണോ ദഈഫാണോ എന്ന സംശയത്തോടെ നിവേദനം ചെയ്യുന്നത് പോലും നബി -ﷺ- വിലക്കിയിട്ടുണ്ട്.
عَنْ سَمُرَةَ بْنِ جُنْدَبٍ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: «مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ»
അവിടുന്ന് പറഞ്ഞു: “ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന് രണ്ട് കള്ളന്മാരില് ഒരുവനാണ്.” (മുസ്ലിം തന്റെ മുഖദ്ദിമയില്‍:1/9.)
ഹദീഥ് കെട്ടിയുണ്ടാക്കിയവനെയും, അത് കളവാണെന്ന സംശയത്തോടെ പ്രചരിപ്പിക്കുന്നവനെയും നബി -ﷺ- രണ്ട് കള്ളന്മാര് എന്നാണ് വിശേഷിപ്പിച്ചത്. ഹദീഥ് കെട്ടിച്ചമച്ചവനോളമോ, അതിനോട് അടുത്തോ അത് പ്രചരിപ്പിക്കുന്നവനും പാപഭാരമുണ്ടെന്നാണ് നബി-ﷺ-യുടെ ഹദീഥിന്റെ ബാഹ്യാര്‍ഥം വ്യക്തമാക്കുന്നത്.
عَنْ عَلِيٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ- : «لَا تَكْذِبُوا عَلَيَّ، فَإِنَّهُ مَنْ يَكْذِبْ عَلَيَّ يَلِجِ النَّارَ»
നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ കളവ് പറയരുത്. നിശ്ചയം! എന്റെ മേല്‍ കളവ് പറയുന്നവന് നരകത്തില്‍ പ്രവേശിക്കും.” (മുസ്ലിം മുഖദ്ദിമയില്‍:1/9)
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ»
നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്റെ മേല്‍ ബോധപൂര്‍വ്വം കളവ് കെട്ടിച്ചമച്ചാല്‍, അവന് നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ.” (മുഖദ്ദിമതു മുസ്ലിം:1/10.)
നൂറില്‍ പരം സ്വഹാബികള്‍ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്ന് ചില പണ്ഡിതന്മാര് പറഞ്ഞിട്ടുണ്ട്. അറുപത്തിരണ്ട് സ്വഹാബികള്‍ ഇത് നിവേദനം ചെയ്തിട്ടുണ്ടെന്ന് ഇമാം ഇബ്നുസ്സ്വലാഹ് പറഞ്ഞിരിക്കുന്നു. ഇമാം നവവിയുടെ അഭിപ്രായപ്രകാരം ഇരുനൂറിന്റെ അടുത്ത് സ്വഹാബികള്‍ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. എഴുപതില്‍ പരം സ്വഹാബികള്‍ ഈ ഹദീഥ് ഉദ്ദരിച്ചത് പൂര്‍ണമായും പദം യോജിച്ച് കൊണ്ടാണെന്ന് ഇമാം അല്‍-ഇറാഖി പറഞ്ഞിട്ടുണ്ട്. ഈ ഹദീഥ് മുതവാതിറാണ്. (ഇമാം സുയൂത്വിയുടെ തദ്രീബുറാവി)
നബി-ﷺ-യില്‍ നിന്ന് ഞാന്‍ കേട്ട ധാരാളം ഹദീഥുകള്‍ നിങ്ങളോട് പറയുന്നതില്‍ നിന്ന് എന്നെ തടയുന്നത് “എന്റെ മേല്‍ ബോധപൂര്‍വ്വം കളവ് പറയുന്നവന് നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ” എന്ന നബി-ﷺ-യുടെ ഹദീഥാണ് എന്ന് അനസ് ബ്നു മാലിക്ക് -ِرَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു. (മുഖദ്ദിമതുമുസ്ലിം:1/10)
عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، قَالَ: قُلْنَا لِزَيْدِ بْنِ أَرْقَمَ: حَدِّثْنَا عَنْ رَسُولِ اللَّهِ -ﷺ-، قَالَ: «كَبِرْنَا وَنَسِينَا، وَالْحَدِيثُ عَنْ رَسُولِ اللَّهِ –ﷺ- شَدِيدٌ»
സയ്ദ് ബ്നു അര്‍ഖം എന്ന മഹാനായ സ്വഹാബിയോട് നബി-ﷺ-യില്‍ നിന്നുള്ള ഹദീഥുകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ക്ക് പ്രായമായി, (പലതും) മറക്കുകയും ചെയ്തു. നബി-ﷺ-യില്‍ നിന്നുള്ള ഹദീഥ് (നിവേദനം ചെയ്യലാകട്ടെ) വളരെ ഗൗരവമുള്ള കാര്യമാണ്.” (ഇബ്നു മാജ:25, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
ബോധപൂര്‍വ്വം കളവ് പറയുന്നവരായി സ്വഹാബികളില്‍ ഒരാള്‍ പോലുമില്ലാതിരുന്നിട്ടും, പ്രവാചകന്-ﷺ-യുടെ ഗൗരവമേറിയ താക്കീത് സംശയമുള്ളതോ ചെറിയ ഓര്‍മ്മ മാത്രമുള്ളതോ ആയ ഹദീഥുകള്‍ ഉദ്ദരിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. പക്ഷേ, ജനങ്ങളെ ‘അത്ഭുതപ്പെടുത്തുകയോ വിസ്മയിപ്പിക്കുകയോ’ ചെയ്യുന്ന ‘ഹദീഥുകള്‍’ കേട്ടുകഴിഞ്ഞാല്‍ അത് ദുര്‍ബലമോ സ്വീകാര്യമോ ആണെന്ന പരിശോധന നടത്താതെ തങ്ങളുടെ പ്രസംഗങ്ങളില്‍ ഉള്‍പ്പെടുത്തുന്ന പ്രാസംഗികരും മറ്റു മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സാധരണക്കാരും വര്‍ദ്ധിക്കുകയാണ്.
സത്യനിഷേധികളും വേദക്കാരും നടത്തുന്ന പത്രങ്ങളില്‍ മഹദ്വചനങ്ങള്‍ എന്ന പേരില്‍ കൊടുക്കുന്ന കോളങ്ങളിലും മറ്റും നബിവചനം എന്ന പേരില്‍ അച്ചടിച്ചു വിടുന്ന പലതും യാതൊരു അന്വേഷണവും കൂടാതെ പ്രചരിപ്പിക്കാന്‍ വരെ പലര്‍ക്കും പേടിയില്ലാതായിരിക്കുന്നു.
സ്വഹീഹായ ഹദീഥ് മാത്രം ഉദ്ദരിക്കുന്നതില്‍ തീര്‍ത്തും ശ്രദ്ധ ചെലുത്താത്ത കേവല പ്രാസംഗികരുടെയോ, ചരിത്രകാരന്മാരുടെയോ, ഹദീഥിന്റെ അറബി മൂലം പറയാതെ മലയാള ആശയം മാത്രം പറയുന്നതില്‍ ഒതുക്കുന്ന ഖത്തീബുമാരുടെയോ പ്രസംഗങ്ങളിലും എഴുത്തുകളിലും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ സ്വഹീഹാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ പ്രചരിപ്പിക്കുവാന്‍ പാടുള്ളൂ.
തസ്കിയ്യത്ത് പ്രഭാഷണം നടത്തി ജനങ്ങളെ കോരിതരിപ്പിക്കുന്നവരും, വിസ്മയിപ്പിക്കുന്ന പ്രഭാഷണ ശൈലിയുള്ളവരും പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുക എന്നത് ശരിയല്ല. പലപ്പോഴും ഇത്തരം ‘കഥാ’പ്രസംഗികരിലും പ്രസംഗശൈലി മാത്രം ശ്രദ്ധിക്കുന്നവരിലും തസ്കിയ്യത്ത് സ്പെഷ്യലിസ്റ്റുകളില്‍ നിന്നും നാം കേള്‍ക്കുന്ന പല ഹദീഥുകളും പണ്ഡിതന്മാര് ദുര്‍ബലതയുണ്ടെന്ന് വ്യക്തമായിവയാണെന്ന് അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഒരാളുടെ മതപരമായ ‘ബാഹ്യരൂപങ്ങള്‍’ ശരിയാണെന്നത് കൊണ്ട് അയാള്‍ ഹദീഥുകള്‍ ഉദ്ദരിക്കുന്നതില്‍ സൂക്ഷ്മതയുള്ളവനായിക്കൊള്ളണമെന്നില്ല. കള്ളഹദീഥുകള്‍ സ്വഹീഹാണെന്ന രൂപത്തില്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കപ്പെട്ടതിന്റെ പിന്നിലെ പ്രധാനകാരണം ഇത്തരം സൂക്ഷ്മതയില്ലാത്ത പ്രാസംഗികരും കഥാകാരന്മാരുമാണ്. സലഫുകളില്‍ ചിലര്‍ പറഞ്ഞ വാക്കുകള്‍ നോക്കൂ.
عَنْ يَحْيَى بْنِ سَعِيدٍ الْقَطَّانِ قَالَ: «لَمْ نَرَ الصَّالِحِينَ فِي شَيْءٍ أَكْذَبَ مِنْهُمْ فِي الْحَدِيثِ» … قَالَ مُسْلِمٌ: « يَقُولُ: يَجْرِي الْكَذِبُ عَلَى لِسَانِهِمْ، وَلَا يَتَعَمَّدُونَ الْكَذِبَ»
യഹ്യ ബ്നു സഈദ് അല്‍-ഖത്താന്‍ -رَحِمَهُ اللَّهُ- പറയുന്നു: “ഹദീഥിന്റെ വിഷയത്തിലാണ് സല്‍സ്വഭാവികളെ നാം കൂടുതല്‍ കളവ് പറയുന്നവരായി കണ്ടിട്ടുള്ളത്.” ഇമാം മുസ്ലിം പറയുന്നു: “അവരുടെ നാവുകളില്‍ -ബോധപൂര്‍വ്വം കെട്ടിച്ചമച്ചിട്ടല്ലെങ്കിലും- കളവ് സഞ്ചരിച്ചു കൊണ്ടിരിക്കും.” (മുഖദ്ദിമതു മുസ്ലിം:1/17.)
മതപ്രഭാഷണ സദസ്സുകള്‍ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന വേദികളില്‍ നിന്ന് പറയപ്പെടുന്ന കഥകളും ഹദീഥുകളെന്ന പേരില്‍ പറയപ്പെടുന്നവയും തൊണ്ട തൊടാതെ വിഴുങ്ങുകയും, മറ്റുള്ളവര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ബോധപൂര്‍വ്വമല്ലെങ്കില്‍ കൂടി കളവുകളില്‍ ഉള്‍പ്പെട്ടേക്കാം. ചില തെളിവുകള്‍ ശ്രദ്ധിക്കുക.
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ»
നബി -ﷺ- പറഞ്ഞിരിക്കുന്നു: “കേള്‍ക്കുന്നതെല്ലാം പറയുന്നത് മാത്രം മതി ഒരാളുടെ (വാക്കുകള്‍) കളവാകാന്.” (മുഖദ്ദിമതുമുസ്ലിം: 1/10)
قَالَ مَالِكٌ: «اعْلَمْ أَنَّهُ لَيْسَ يَسْلَمُ رَجُلٌ حَدَّثَ بِكُلِّ مَا سَمِعَ، وَلَا يَكُونُ إِمَامًا أَبَدًا وَهُوَ يُحَدِّثُ بِكُلِّ مَا سَمِعَ»
ഇമാം മാലിക്ക് -رَحِمَهُ اللَّهُ- പറഞ്ഞു: “അറിയുക! കേള്‍ക്കുന്നതെല്ലാം പറയുന്നെങ്കില്‍ ഒരാള്‍ (തിന്മകളില് നിന്നും കളവുകളില്‍ നിന്നും) സുരക്ഷിതനാവില്ല. കേള്‍ക്കുന്നതെല്ലാം പറയുന്ന ഒരാള്‍ ഒരിക്കലും ഇമാമാവുകയുമില്ല.” (മുഖദ്ദിമതു മുസ്ലിം: 1/11)
പ്രാസംഗികര്‍ ഹദീഥ് പറയുന്നതില്‍ ചെറിയ അബദ്ധങ്ങള്‍ സംഭവിക്കുന്നവരാണെങ്കില്‍ മാത്രം അവരുടെ പ്രസംഗം കേള്‍ക്കാന്‍ ഇമാം അഹ്മദ് -رَحِمَهُ اللَّهُ- അനുവാദം നല്‍കിയതായി കാണാം. ജനങ്ങളെ രസിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയും, പറയുന്ന വിഷയങ്ങളുടെ സത്യസന്ധത പരിശോധിക്കാതിരിക്കുകയും ചെയ്യുന്ന ‘കഥാപ്രസംഗികരെ’ സ്വഹാബികളില്‍ ധാരാളം പേര് മസ്ജിദില്‍ നിന്ന് ആട്ടിപ്പുറത്താക്കിയ സംഭവങ്ങള്‍ കാണുവാന്‍ സാധിക്കും. കാരണം ഇത്തരക്കാര്‍ ഹദീഥുകളുടെ വിഷയത്തില്‍ പലപ്പോഴും തീര്‍ത്തും അലസത കാണിക്കാറുള്ളവരാണ് എന്നത് തന്നെ.
മസ്ജിദില്‍ ഇപ്രകാരം കഥകള്‍ കേള്‍പ്പിച്ച് പ്രസംഗിച്ചു കൊണ്ടിരുന്ന ഒരാളോട് അലി -ِرَضِيَ اللَّهُ عَنْهُ- ചോദിച്ചു: “നിനക്ക് നാസിഖും മന്സൂഖും അറിയുമോ?” അയാള്‍ ഇല്ലെന്ന് പറഞ്ഞു. അലി -ِرَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നീ സ്വയം നശിക്കുകയും, മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.”
അബ്ദുല്ലാഹിബ്നു ഉമര്‍ -ِرَضِيَ اللَّهُ عَنْهُمَا- പള്ളിയില്‍ നിന്ന് ചില സമയങ്ങളില്‍ പുറത്തിറങ്ങുകയും, “ഈ കഥപറച്ചിലുകാര്‍ കാരണമാണ് ഞാന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അവരില്ലായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ തന്നെ ഇരുന്നേനേ!” എന്ന് പറയുകയും ചെയ്യുമായിരുന്നു. (താരീഖുല്‍ ഖുസ്സാസ്-മുഹമ്മദ് ബ്നു ലുത്ഫി: 48-53)
കള്ളഹദീഥുകള്‍ പറയുന്നത് അധികരിപ്പിക്കുന്നവര്‍ ക്രമേണ കള്ളന്മാരെന്ന് മുദ്രകുത്തപ്പെടുകയും, മതവിഷയങ്ങളില്‍ പരിഗണനീയരല്ലെന്ന് വിധിക്കപ്പെടുകയും ചെയ്തിരുന്നു സലഫുകളുടെ കാലത്ത്.
قَالَ إِيَاسُ بْنُ مُعَاوِيَةَ: «إِيَّاكَ وَالشَّنَاعَةَ فِي الْحَدِيثِ، فَإِنَّهُ قَلَّمَا حَمَلَهَا أَحَدٌ إِلَّا ذَلَّ فِي نَفْسِهِ، وَكُذِّبَ فِي حَدِيثِهِ»
ഇയാസ് ബ്നു മുആവിയ പറയുന്നു: “ഹദീഥിലുള്ള മ്ലേഛത നീ സൂക്ഷിക്കണം. അത്തരം ഹദീഥുകള്‍ വഹിച്ചവരില്‍ വളരെ കുറച്ചു പേരല്ലാതെ സ്വയം അപമാനിതരാവുകയും, തന്റെ ഹദീഥുകള്‍ തള്ളപ്പെടാതെയുമിരുന്നിട്ടില്ല.” (മുഖദ്ദിമതു മുസ്ലിം: 1/11)
ഹദീഥ് നിവേദന ശാസ്ത്ര പ്രകാരം ദുര്‍ബലതയുള്ള ഹദീഥുകള്‍ ധാരാളമായി ഉദ്ദരിക്കുകയും, ദുര്‍ബലരില്‍ നിന്നുള്ള നിവേദനം വര്‍ദ്ധിപ്പിക്കുകയും ചെയ്താല്‍ അപ്രകാരം പ്രവര്‍ത്തിച്ച നിവേദകനെയും ഹദീഥ് നിവേദകരിലെ ദുര്ബലന്മാരില് ഉള്‍പ്പെടുത്തും. ഇയാസ് ബ്നു മുആവിയയുടെ വാക്ക് അതിലേക്കാണ് സൂചന നല്‍കുന്നത്.
ഹദീഥുകളില്‍ ഉദ്ദരിക്കുന്നതില്‍ ഒരു ശ്രദ്ധയും കാണിക്കാത്ത പലരെയും പ്രാസംഗികരില്‍ കാണുവാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്ക് രസിക്കുന്നുണ്ടോ എന്നതിനപ്പുറം പറയുന്ന ഹദീഥുകള്‍ സ്വഹീഹാണോ എന്നത് അവര്‍ക്ക് വിഷയമേയല്ല. അത്തരക്കാര്‍ ഈ സ്വഭാവത്തില്‍ തുടര്‍ന്നു പോവുകയാണെങ്കില്‍ അവരുടെ പ്രഭാഷണങ്ങള്‍ ഒഴിവാക്കുകയും, പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യാന്‍ സലഫികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
മതവിദ്യാര്ഥികളായ ആളുകള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഹദീഥുകള്‍ നിവേദനം ചെയ്യുകയും അതിന്റെ സനദുകള്‍ പരിശോധിക്കുകയും ചെയ്യുന്ന രീതി ഇന്ന് മുന്‍കാലത്തെ പോലെ നിലവിലില്ലെങ്കിലും അതിന്റെ ചില ഭാഗങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്.
ഉദാഹരണത്തിന് മതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരാളില്‍ നിന്ന് കേട്ടുകഴിഞ്ഞാല്‍ അത് ആരില്‍ നിന്നാണ് അയാള്‍ കേട്ടത് എന്ന് ചോദിച്ചറിയുകയും, സാധിക്കുമെങ്കില്‍ അയാളുമായി ബന്ധപ്പെട്ട് ആ വിഷയത്തിന്റെ ശരിയായ സ്രോതസ്സ് ഏതെന്ന് മനസ്സിലാക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുക എന്ന ഭാഗം. സനദുകള്‍ (നിവേദകപരമ്പര) ഇത്തരം ചോദ്യങ്ങളില്‍ നിന്നാണ് ഉണ്ടായത് തന്നെ.
സനദ് എന്നത് ഈ മതത്തിന്റെ പ്രത്യേകതയും, ഈ മതത്തെ നിലനിര്‍ത്തുന്ന അടിസ്ഥാനവുമായാണ് സലഫുകള്‍ നമ്മെ പരിചയപ്പെടുത്തിയത്. നബി-ﷺ-യുടെ ഹദീഥുകള്‍ സംരക്ഷിക്കപ്പെട്ടതിന്റെ പ്രധാന കാരണം സനദുകളാണ്. ഈ രീതി ഇല്ലായിരുന്നെങ്കില്‍ മതത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് അബ്ദുല്ലാഹിബ്നു അല്‍-മുബാറക്ക് -رَحِمَهُ اللَّهُ- വിശദീകരിക്കുന്നത് നോക്കൂ:
عَنْ عَبْدِ اللَّهِ بْنِ الْمُبَارَكِ قَالَ: «الْإِسْنَادُ مِنَ الدِّينِ، وَلَوْلَا الْإِسْنَادُ لَقَالَ مَنْ شَاءَ مَا شَاءَ»
“സനദ് മതത്തില്‍ പെട്ടതാണ്, സനദ് ഇല്ലായിരുന്നെങ്കില്‍ ഇഷ്ടമുള്ളവന് ഇഷ്ടമുള്ളത് പറഞ്ഞേനേ.” (മുഖദ്ദിമതു മുസ്ലിം: 1/15)
عَنْ عَبْدِ اللهِ قَالَ: «بَيْنَنَا وَبَيْنَ الْقَوْمِ الْقَوَائِمُ» يَعْنِي الْإِسْنَادَ.
അബ്ദുല്ലാഹിബ്നു മസ്ഊദ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “നമുക്കും (ബിദ്അത്തിന്റെ) വക്താക്കള്ക്കുമിടയില് ഒരു ചാട്ടവാറുണ്ട്.” അതായത് സനദ് ഉണ്ട്. (മുഖദ്ദിമതു മുസ്ലിം:1/15)
താന്‍ ഒരാളോട് പറയുന്ന ഹദീഥുകള്‍ ഏത് ഗ്രന്ഥത്തിലാണ് താന്‍ വായിച്ചതെന്ന് ഓര്‍മ്മയില്‍ വെക്കാന്‍ പരമാവധി ശ്രമിക്കണം. മറ്റാരില്‍ നിന്നുമാണ് കേട്ടതെങ്കില്‍ അത് ഞാന്‍ ഇന്നയാളില്‍ നിന്ന് കേട്ടതാണ് എന്ന് പറയുന്നത് ആ ഹദീഥിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ കൂടുതല്‍ ഉപകാരപ്രദമായിരിക്കും. ഇന്നത്തെ കാലത്ത് ഹദീഥിന്റെ അറബി മൂലത്തിന്റെ ഏതെങ്കിലുമൊരു ഭാഗം അറിയുമെങ്കില്‍ ഹദീഥ് അന്വേഷിക്കാന്‍ എളുപ്പമാണെങ്കിലും, ഹദീഥിന്റെ ആശയം മലയാളത്തില്‍ കേള്‍ക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് ബുദ്ധിമുട്ടായിരിക്കും.
ചില മതവിദ്യാര്ഥികളോട് ഈ ഹദീഥ് നീ എവിടെ നിന്ന് കേട്ടു എന്ന് ചോദിച്ചാല്‍ “ഏതോ പരിപാടിക്ക് പോയപ്പോള്‍ എന്റെ ക്ലാസ് കേട്ട ഒരാള്‍ എന്നോട് പറഞ്ഞു തന്നതാണ്, എനിക്ക് അയാളുടെ പേരോ മറ്റോ അറിയില്ല, കണ്ടിട്ട് നല്ല തഖ്വയുണ്ട്, നല്ല താടി വെച്ച ആളായിരുന്നു” എന്നിങ്ങനെ ഒരു സൂക്ഷ്മതയുമില്ലാതെ മറുപടി പറയുന്ന പലരെയും കണ്ടിട്ടുണ്ട്. ഇത് ഒരു സാധാരണക്കാരന് പോലും യോജിച്ചതല്ല; പിന്നെ മതവിദ്യാര്‍ഥിയുടെ കാര്യം പറയേണ്ടതുണ്ടോ?
തനിക്ക് വ്യക്തമായ ബോധ്യവും അറിവും ഇല്ലാത്ത ഇത്തരക്കാരില്‍ നിന്ന് മതവിഷയങ്ങളോ, ഹദീഥുകളോ ഉദ്ദരിക്കുന്നത് സ്വഹാബികളടക്കമുള്ളവര്‍ വിലക്കിയിട്ടുണ്ട്. മതരംഗത്തുള്ള സൂക്ഷ്മതയില്ലായ്മയാണ് അതെന്നതിന് പുറമേ മറ്റൊരു കാരണം കൂടി അവര്‍ പറഞ്ഞതായി കാണാം.
عَنْ عَبْدُ اللَّهِ: «إِنَّ الشَّيْطَانَ لَيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ، وَلَا أَدْرِي مَا اسْمُهُ يُحَدِّثُ»
അബ്ദുല്ലാഹിബ്നു മസ്ഊദ് -ِرَضِيَ اللَّهُ عَنْهُ- വിന്റെ വാക്കുകള്‍ നോക്കുക: “പിശാച് മനുഷ്യ രൂപത്തില്‍ ഒരു സമൂഹത്തിന്റെ അരികില്‍ ചെല്ലുകയും, അവരോട് കള്ള ഹദീഥുകള്‍പറഞ്ഞു കൊടുക്കുകയും ചെയ്യും. (പറഞ്ഞതെല്ലാം കേട്ട ശേഷം) ജനങ്ങള്‍ പിരിഞ്ഞു പോകും. പിന്നീട് അവരില്‍ ഒരാള്‍ പറയും: “ഞാന്‍ ഒരാള്‍ ഹദീഥ് പറയുന്നത് കേട്ടു, എനിക്ക് അയാളുടെ മുഖം അറിയാം, പേരറിയില്ല.” (മുഖദ്ദിമതു മുസ്ലിം: 1/12)
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: «إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً، أَوْثَقَهَا سُلَيْمَانُ، يُوشِكُ أَنْ تَخْرُجَ، فَتَقْرَأَ عَلَى النَّاسِ قُرْآنًا»
അംറുബ്നുല്‍ ആസ്വ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “സുലൈമാന്‍ നബി — ബന്ധിച്ച ചില പിശാചുക്കള്‍ കടലില്‍ ബന്ധനസ്ഥരായുണ്ട്. അവര്‍ പുറപ്പെടാന്‍ സമയമായിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുന്നതായിരിക്കും.” (മുഖദ്ദിമതു മുസ്ലിം:1/12)
വിശ്വസ്തരും മതവുമായി ബന്ധപ്പെട്ട അടിസ്ഥാനങ്ങള്‍ മനസ്സിലാക്കിയവരുമായവരില് നിന്ന് കേള്‍ക്കുന്ന ഹദീഥുകള്‍ മാത്രമേ പരിഗണിക്കേണ്ടതുള്ളൂ. ‘ഖാല റസൂലുല്ലാഹ്’ എന്ന് പറഞ്ഞതിന് ശേഷം ആരെന്ത് പറഞ്ഞാലും അതെല്ലാം സത്യമായിക്കൊള്ളണമെന്നില്ല. ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- യുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍ നോക്കൂ.
عَنْ طَاوُسٍ، قَالَ: جَاءَ هَذَا إِلَى ابْنِ عَبَّاسٍ – يَعْنِي بُشَيْرَ بْنَ كَعْبٍ – فَجَعَلَ يُحَدِّثُهُ، فَقَالَ لَهُ ابْنُ عَبَّاسٍ: عُدْ لِحَدِيثِ كَذَا وَكَذَا، فَعَادَ لَهُ، ثُمَّ حَدَّثَهُ، فَقَالَ لَهُ: عُدْ لِحَدِيثِ كَذَا وَكَذَا، فَعَادَ لَهُ، فَقَالَ لَهُ: مَا أَدْرِي أَعَرَفْتَ حَدِيثِي كُلَّهُ، وَأَنْكَرْتَ هَذَا؟ أَمْ أَنْكَرْتَ حَدِيثِي كُلَّهُ، وَعَرَفْتَ هَذَا؟ فَقَالَ لَهُ ابْنُ عَبَّاسٍ: «إِنَّا كُنَّا نُحَدِّثُ عَنْ رَسُولِ اللَّهِ =ﷺ- إِذْ لَمْ يَكُنْ يُكْذَبُ عَلَيْهِ، فَلَمَّا رَكِبَ النَّاسُ الصَّعْبَ وَالذَّلُولَ، تَرَكْنَا الْحَدِيثَ عَنْهُ»
ത്വാവൂസ് -رَحِمَهُ اللَّهُ- പറയുന്നു: “ഇബ്നു അബ്ബാസ്-ِرَضِيَ اللَّهُ عَنْهُمَا-വിന്റെ അരികില്‍ വന്ന് ബുഷൈര്‍ ബ്നു കഅ്ബ് എന്ന വ്യക്തി ഹദീഥുകള്‍ പറയാന്‍ ആരംഭിച്ചു. അപ്പോള്‍ ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- അയാളോട് പറഞ്ഞു: “നിന്റെ ഇന്നയിന്ന ഹദീഥുകള്‍ ആവര്‍ത്തിക്കുക.” അപ്പോള്‍ അയാള്‍ ആ ഹദീഥുകള്‍ ആവര്‍ത്തിച്ചു. ശേഷം വീണ്ടും അയാള്‍ ഹദീഥുകള്‍ ഉദ്ദരിക്കാന്‍ ആരംഭിച്ചു.
അപ്പോള്‍ ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- വീണ്ടും അയാളോട് ചില ഹദീഥുകള്‍ ആവര്‍ത്തിക്കാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ വീണ്ടും ആ ഹദീഥുകള്‍ ആവര്‍ത്തിച്ചു. ശേഷം (ബുഷൈര്‍) ചോദിച്ചു: “താങ്കള്‍ എന്റെ എല്ലാ ഹദീഥുകളും സ്വീകരിക്കുകയും, (ആവര്‍ത്തിക്കാന്‍) പറഞ്ഞ ഹദീഥുകള്‍ തള്ളുകയുമാണോ, അതല്ല എന്റെ എല്ലാ ഹദീഥുകള്‍ തള്ളുകയും, (ആവര്‍ത്തിക്കാന്‍ പറഞ്ഞവ) മാത്രം സ്വീകരിക്കുകയുമാണോ ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.”
അപ്പോള്‍ ഇബ്നു അബ്ബാസ് അയാളോട് പറഞ്ഞു: “നബി-ﷺ-യുടെ മേല്‍ കളവ് പറയപ്പെടാതിരുന്ന കാലഘട്ടത്തില്‍ ഞങ്ങള്‍ അവിടുത്തെ ഹദീഥുകള്‍ ഉദ്ദരിക്കാറുണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഉയരവും താഴ്ച്ചയും താണ്ടിയപ്പോള്‍ അവിടുത്തെ ഹദീഥുകള്‍ ഉദ്ദരിക്കുന്നത് ഞങ്ങള്‍ നിര്‍ത്തി .” (മുഖദ്ദിമതു മുസ്ലിം:1/12)
عَنْ مُجَاهِدٍ، قَالَ: جَاءَ بُشَيْرٌ الْعَدَوِيُّ إِلَى ابْنِ عَبَّاسٍ، فَجَعَلَ يُحَدِّثُ، وَيَقُولُ: قَالَ رَسُولُ اللَّهِ -ﷺ-، قَالَ رَسُولُ اللَّهِ -ﷺ-، فَجَعَلَ ابْنُ عَبَّاسٍ لَا يَأْذَنُ لِحَدِيثِهِ، وَلَا يَنْظُرُ إِلَيْهِ، فَقَالَ: يَا ابْنَ عَبَّاسٍ، مَالِي لَا أَرَاكَ تَسْمَعُ لِحَدِيثِي، أُحَدِّثُكَ عَنْ رَسُولِ اللَّهِ -ﷺ-، وَلَا تَسْمَعُ، فَقَالَ ابْنُ عَبَّاسٍ: «إِنَّا كُنَّا مَرَّةً إِذَا سَمِعْنَا رَجُلًا يَقُولُ: قَالَ رَسُولُ اللَّهِ -ﷺ-، ابْتَدَرَتْهُ أَبْصَارُنَا، وَأَصْغَيْنَا إِلَيْهِ بِآذَانِنَا، فَلَمَّا رَكِبَ النَّاسُ الصَّعْبَ، وَالذَّلُولَ، لَمْ نَأْخُذْ مِنَ النَّاسِ إِلَّا مَا نَعْرِفُ»
മുജാഹിദ് -رَحِمَهُ اللَّهُ- പറയുന്നു: ബുഷൈര്‍ അല്‍-അദവി എന്ന വ്യക്തി ഇബ്നു അബ്ബാസ്-ِرَضِيَ اللَّهُ عَنْهُ-വിന്റെ അരികില്‍ വന്ന് ഹദീഥുകള്‍ ഉദ്ദരിക്കാന്‍ ആരംഭിച്ചു. നബി -ﷺ- പറഞ്ഞു, നബി -ﷺ- പറഞ്ഞു എന്നിങ്ങനെ അയാള്‍ പറയുന്നുണ്ട്. പക്ഷേ ഇബ്നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- അയാള്‍ക്ക് ചെവി കൊടുക്കുകയോ, അയാളെ ശ്രദ്ധിക്കുകയോ ചെയ്തില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: “ഹേ! ഇബ്നു അബ്ബാസ്. താങ്കള്‍ എന്റെ ഹദീഥുകള്‍ ശ്രദ്ധിക്കുന്നേയില്ലല്ലോ? ഞാന്‍ താങ്കളോട് നബി-ﷺ-യുടെ ഹദീഥുകള്‍ ഉദ്ദരിക്കുകയും താങ്കള്‍ കേള്ക്കാതിരിക്കുകയുമാണോ?”
അപ്പോള്‍ ഇബനു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- പറഞ്ഞു എന്ന് ആരെങ്കിലും പറയുന്നത് കേട്ടാല്‍ ഞങ്ങളുടെ കണ്ണുകള്‍ ധൃതിവെക്കുകയും, ഞങ്ങളുടെ ചെവികള്‍ അദ്ദേഹത്തിലേക്ക് ശ്രദ്ധകൊടുക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ ഉയരവും താഴ്ച്ചയും താണ്ടാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് അറിയുന്നതല്ലാതെ ഞങ്ങള്‍ എടുക്കാതെയായി.” (മുഖദ്ദിമതു മുസ്ലിം:1/13)
നബി-ﷺ-യുടെ ഹദീഥ് പറയുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ ഗൗരവമാണിത്. അവിടുത്തേക്ക് ഒരു കാര്യം ചേര്‍ത്തിപ്പറയുന്നതിന് മുന്‍പ് കഴിവിന്റെ പരമാവധി അന്വേഷിക്കുവാനും സൂക്ഷ്മത പുലര്‍ത്താനും എല്ലാവരും തയ്യാറാകണം.
ഹദീഥുകളുമായി ബന്ധപ്പെട്ട് പുലര്‍ത്തേണ്ട ഈ സൂക്ഷ്മത മറ്റു വാര്‍ത്തകളുടെ കാര്യത്തിലും പാലിക്കേണ്ടതുണ്ട്. വ്യക്തികളെ കുറിച്ചും മറ്റുമുള്ള വാര്‍ത്തകള്‍ -ആക്ഷേപങ്ങളോ പ്രശംസകളോ ആകട്ടെ- സൂക്ഷ്മതയോടെയല്ലാതെ കൈകാര്യം ചെയ്യാന്‍ പാടില്ല.
ഹാഫിദ് ഇബ്നു ഹജറിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ: “വാക്കുകളോ പ്രവൃത്തികളോ വ്യക്തികളോ ആകട്ടെ, സംഭവങ്ങള്‍ രേഖപ്പെടുത്തി വെക്കുന്നവര്‍ ഏതൊരു കാര്യം നിവേദനം ചെയ്യുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. തനിക്ക് ഉറപ്പുള്ള കാര്യമല്ലാതെ അവന് ഉറപ്പുണ്ടെന്നു പറയരുത്. നാട്ടില്‍ പ്രചാരമുണ്ടെന്നത് കൊണ്ടു മാത്രം വാക്കുകള്‍ സത്യമാകുമെന്ന് ധരിക്കാനും പാടില്ല.
അവന് പ്രചരിപ്പിക്കാനുദ്ദേശിക്കുന്ന വാര്‍ത്ത പണ്ഡിതന്മാരോ മറ്റോ ആയവരെ ആക്ഷേപിക്കുന്നതും അഹവേളിക്കുന്നതുമാണെങ്കില് പ്രത്യേകിച്ചും ഇക്കാര്യം ശ്രദ്ധിക്കണം. അല്ലാഹു രഹസ്യമാക്കി വെച്ച (ഒരാളുടെ രഹസ്യജീവിതത്തിലെ) തിന്മകള് പുറത്തു പറയുന്ന കാര്യത്തിലാണെങ്കിലും ഇപ്രകാരം ശ്രദ്ധിക്കേണ്ടതുണ്ട്; അത് നാടൊട്ടാകെ പ്രചരിപ്പിക്കുന്നതില്‍ അയാള്‍ അതിരു കവിയാന്‍ പാടില്ല. (സാധിക്കുമെങ്കില്‍) അവന് സൂചന കൊണ്ടൊതുക്കട്ടെ. കാരണം ചിലപ്പോള്‍ അവന്റെ അടുക്കല്‍ നിന്ന് (സംസാരത്തില്‍) അബദ്ധം സംഭവിച്ചേക്കാം.
അതിനാല്‍ ഓരോ മുസ്ലിമും ജനങ്ങളുടെ സ്ഥാനങ്ങളും വ്യത്യസ്ത അവസ്ഥകളും അവര്‍ക്ക് അനുയോജ്യമായ പദവികളും എന്താണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അധമനെ ഉയര്‍ത്താനോ, സ്ഥാനമുള്ളവനെ ഇകഴ്ത്താനോ അവന്റെ പ്രചാരണങ്ങള്‍ കാരണമാകരുത്.” (അവലംബം: ഖിസ്വസ്വുന്‍ ലാ തഥ്ബുത്: 2/17)
വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ഈ സൂക്ഷ്മതയില്‍ നിന്നും, അതില്‍ പാലിക്കുന്ന ശ്രദ്ധയില്‍ നിന്നുമെല്ലാമാണ് ഒരാളുടെ സുന്നത്തിനോടുള്ള അടുപ്പവും, സലഫിയ്യത്തിലുള്ള തിരിച്ചറിവും വ്യക്തമാവുക.
ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “ജനങ്ങള്‍ പരസ്പരം (ഒരു ശ്രദ്ധയുമില്ലാതെ) വാര്‍ത്തകള്‍ സ്വീകരിക്കുക എന്നത് വളരെ അപകടകരമായ അബദ്ധങ്ങളില്‍ പെട്ടതാണ്. പിന്നീട് (ഈ പ്രചരിക്കപ്പെടുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍) കേള്വിക്കാരന് ചിലരെ സ്നേഹിക്കുകയും, മറ്റു ചിലരെ വെറുക്കുകയുമൊക്കെ ചെയ്തേക്കാം. ചിലരെ ആക്ഷേപിക്കുകയും വേറെ ചിലരെ പുക്ഴ്ത്തുകയും ചെയ്തേക്കാം.
എത്ര തവണയാണ് ഇത്തരം അബദ്ധങ്ങള്‍ സംഭവിച്ചവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടി വന്നിട്ടുള്ളത്. എത്രയെത്ര വാര്‍ത്തകളാണ് -ഒരാടിസ്ഥാനവുമില്ലാതെ- ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചത്. മറ്റു ചില വാര്‍ത്തകള്‍ സത്യവുമായി വളരെ അകന്ന ബന്ധമുണ്ടാവുമെങ്കിലും -അതില്‍ പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടതും കള്ളം കെട്ടിച്ചമക്കപ്പെട്ടതുമായിരിക്കും-.
അതിനാല്‍, വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ പാലിക്കാത്ത, ദേഹേഛയെ (ഹവയെ) പിന്‍പറ്റുന്നവരുടെ പക്കല്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തകളില്‍ സ്ഥിരീകരണം വരുത്തുകയും, തിരക്കു കൂട്ടാതിരിക്കുകയും ചെയ്യുകയെന്നത് ബുദ്ധിയുള്ള എല്ലാവരുടെയും മേല്‍ നിര്‍ബന്ധമാണ്. അത്തരം (മര്യാദകള്‍ ഒരാള്‍ പാലിക്കുന്നുണ്ടോ എന്നതില്‍ നിന്നാണ്) ഒരാളുടെ ദീനും, അയാളുടെ ബുദ്ധിവൈഭവവും മനസ്സിലാക്കാന്‍ സാധിക്കുക.” (അവലംബം: ഖിസ്വസുന്‍ ലാ തഥ്ബുത്: 2/17-18)
ചുരുക്കത്തില്‍, മതവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പരിശോധിക്കുന്നതിലുള്ള ഈ ഉമ്മത്തിന്റെ ശ്രേഷ്ഠത നിലനിര്‍ത്താന്‍ നാം തയ്യാറാവേണ്ടതുണ്ട്. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ-رَحِمَهُ اللَّهُ-യുടെ ഒരുദ്ധരണി നല്‍കിക്കൊണ്ട് അവസാനിപ്പിക്കട്ടെ.
قَالَ شَيْخُ الإِسْلَامِ ابْنُ تَيْمِيَّةَ: «وَعِلْمُ الْإِسْنَادِ وَالرِّوَايَةِ مِمَّا خَصَّ اللَّهُ بِهِ أُمَّةَ مُحَمَّدٍ –ﷺ- وَجَعَلَهُ سُلَّمًا إلَى الدِّرَايَةِ، فَأَهْلُ الْكِتَابِ لَا إسْنَادَ لَهُمْ يَأْثُرُونَ بِهِ الْمَنْقُولَاتِ ، وَهَكَذَا الْمُبْتَدِعُونَ مِنْ هَذِهِ الْأُمَّةِ أَهْلُ الضَّلَالَاتِ، وَإِنَّمَا الْإِسْنَادُ لِمَنْ أَعْظَمَ اللَّهُ عَلَيْهِ الْمِنَّةَ أَهْلُ الْإِسْلَامِ وَالسُّنَّةِ» (مجموع الفتاوى:1/9)
“സനദ് (നിവേദകപരമ്പര), നിവേദനം (രിവായഃ) എന്നീ വിജ്ഞാനങ്ങള്‍ മുഹമ്മദ് നബി-ﷺ-യുടെ ഉമ്മത്തിന് അല്ലാഹു പ്രത്യേകമായി നല്‍കിയതാണ്. മതവിജ്ഞാനത്തിലേക്ക് എത്തിപ്പെടാനുള്ള കോണിയായാണ് അല്ലാഹു അതിനെ നിശ്ചയിച്ചിട്ടുള്ളത്. ഉദ്ധരിക്കപ്പെടുന്ന വിവരങ്ങളെ തിരഞ്ഞെടുക്കാനുള്ള നിവേദകപരമ്പരയെന്നത് വേദക്കാര്‍ക്ക് ഇല്ലേയില്ല. അതു തന്നെയാണ് ഈ ഉമ്മത്തില്‍ പെട്ട വഴികേടിന്റെ വക്താക്കളായ ബിദ്അത്തിന്റെ കക്ഷികളുടെയും അവസ്ഥ. ഇസ്ലാമും സുന്നത്തുമാകുന്ന മഹത്തരമായ അനുഗ്രഹം അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് സനദുള്ളത്.” (മജ്മൂഉല്‍ ഫതാവ:1/9.)
سُبْحَانَ رَبِّكَ رَبِّ العِزَّةِ عَمَّا يَصِفُونَ، وَسَلَامٌ عَلَى المُرْسَلِينَ، وَالحَمْدُ لِلَّهِ رَبِّ العَالَمِينَ.
كَتَبَهُ: أَبُو تُرَاب عَبْد المُحْسِن بْنُ سَيِّد عَلِي عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-