1- എന്താണ് സകാതുല്‍ ഫിത്വര്‍?
നോമ്പുകാരന് റമദാനിലെ തന്റെ നോമ്പ് അവസാനിപ്പിക്കുമ്പോള്‍ തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും ശുദ്ധീകരണമായി നല്കുന്ന സ്വദഖയാണ് സകാതുല്‍ ഫിതര്.
സകാത് എന്നാല്‍ വര്‍ദ്ധനവ്, ശുദ്ധി, ബറകത് എന്നൊക്കെയാണ് അര്‍ഥം. ഫിത്വര്‍ എന്നാല്‍ നോമ്പ് തുറക്കുന്നതിനുമാണ് പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്നത് കൊണ്ടാണ് സകാതുല്‍ ഫിത്വര്‍ എന്ന പേര് ഇതിന് നല്കപ്പെട്ടത്.
2- സകാതുല്‍ ഫിത്വറിന്റെ വിധി എന്താണ്?
സകാതുല്‍ ഫിത്വര്‍ റമദാന് നോമ്പ് അവസാനിപ്പിച്ച, സാമ്പത്തികമായി കഴിവുള്ള എല്ലാ മുസ്ലിമീങ്ങളുടെ മേലും നിര്‍ബന്ധമാണ്.
عَنْ عَبْدِ اللهِ بْنِ عُمَرَ: «أَنَّ رَسُولَ اللهِ –ﷺ- فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى كُلِّ نَفْسٍ مِنَ الْمُسْلِمِينَ.
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “എല്ലാ മുസ്ലിംകളുടെ മേലും നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)
ഫിത്വര്‍ സകാത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര് ഏകാഭിപ്രായത്തിലാണ് എന്ന് ഇമാം ഇബ്നുല്‍ മുന്ദിര് -رَحِمَهُ اللَّهُ- യും രേഖപ്പെടുത്തിയിട്ടുണ്ട്.
3- സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാമാണ്?
സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകുന്നതിന് മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അവ താഴെ പറയാം.
ഒന്ന്: മുസ്ലിമായിരിക്കുക.
മുസ്ലിമീങ്ങള്‍ ആണ് സകാതുല്‍ ഫിത്വര്‍ നല്‍കേണ്ടത്. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ, സ്വതന്ത്രനെന്നോ അടിമയെന്നോ, വലിയവരെന്നോ ചെറിയവരെന്നോ ഉള്ള വ്യത്യാസമില്ല.
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “എല്ലാ മുസ്ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)
രണ്ട്: ധന്യതയുണ്ടായിരിക്കുക.
ധന്യതയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവനും കുടുംബത്തിനും ആവശ്യമായ ഭക്ഷണവും, അടിസ്ഥാന പരമായ ആവശ്യങ്ങളും കഴിച്ച് ഒരു സ്വാഇലധികം ഭക്ഷണം അവന്റെ പക്കല്‍ ഉണ്ടാവുക എന്നതാണ്. അത് ഉണ്ടായാല്‍ അവന്റെ മേല്‍ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകും.
മൂന്ന്: സകാതുല്‍ ഫിത്വറിന്റെ സമയത്തിലേക്ക് പ്രവേശിക്കുക.
റമദാനിന്റെ അവസാന ദിവസം സൂര്യന് അസ്തമിക്കുക എന്നതാണ് സകാതുല്‍ ഫിത്വറിന്റെ സമയം പ്രവേശിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
4- സകാതുല്‍ ഫിത്വര്‍ നിശ്ചയിക്കപ്പെട്ടതിന് പിന്നിലുള്ള യുക്തി എന്താണ്?
ഇസ്ലാമില്‍ ഏതൊരു നിയമവും നിശ്ചയിക്കപ്പെട്ടിരിക്കുന്നത് മഹത്തരമായ ചില യുക്തികള്‍ അവക്ക് പിന്നില്‍ ഉണ്ടായി കൊണ്ടു തന്നെയാണ്. സകാതുല്‍ ഫിത്വറും അപ്രകാരം തന്നെ. ഫിത്വര്‍ സകാതിന്റെ പിന്നിലുള്ള പ്രധാനപ്പെട്ട ചില ലക്ഷ്യങ്ങള്‍ താഴെ പറയാം.
ഒന്ന്: നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് സകാതുല്‍ ഫിത്വര്‍. തന്റെ നോമ്പ് കൂടുതല്‍ ശുദ്ധമായി എന്ന് അറിയുന്നത് നോമ്പുകാരന് പെരുന്നാളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു.
രണ്ട്: ദരിദ്രര്‍ക്ക് ആശ്വാസവും എളുപ്പവും സകാതുല്‍ ഫിത്വറിലൂടെ ലഭിക്കുന്നു. പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ സകാതുല്‍ ഫിത്വര്‍ സംജാതമാക്കുന്നു.
മൂന്ന്: ശരീരത്തിന്റെ സകാതാണ് സകാതുല്‍ ഫിത്വര്‍. ഒരു വര്‍ഷം കൂടെ ജീവിക്കാന്‍ അല്ലാഹു അവസരം നല്‍കിയെന്നതിലുള്ള സന്തോഷം ഓരോ മുസ്ലിമും സകാതുല്‍ ഫിത്വറിലൂടെ പ്രകടിപ്പിക്കുന്നു.
നാല്: നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ സകാതുല്‍ ഫിത്വറിലൂടെ സാധിക്കുന്നു.
ഇതിനെല്ലാം പുറമെ അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, ബുദ്ധിമാന്മാരുടെ ചിന്തകള്‍ക്കും അപ്പുറമുള്ള അനേകം രഹസ്യങ്ങള്‍ ഈ സദഖക്ക് പിന്നില്‍ തീര്‍ച്ചയായും ഉണ്ട്. വല്ലാഹു അഅലം.
5- യതീമിന് സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകുമോ?
അതെ! ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു:
عَنْ عَبْدِ اللهِ بْنِ عُمَرَ: «أَنَّ رَسُولَ اللَّهِ –ﷺ- فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى كُلِّ نَفْسٍ مِنَ الْمُسْلِمِينَ حُرٍّ، أَوْ عَبْدٍ، أَوْ رَجُلٍ، أَوِ امْرَأَةٍ، صَغِيرٍ أَوْ كَبِيرٍ»
“എല്ലാ മുസ്ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)
ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “മൊത്തത്തില്‍ എല്ലാ മുസ്ലിമീങ്ങളുടെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാണ് എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം… യതീമിന്റെ മേലും സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകും. അവന്റെ രക്ഷാധികാരിയാണ് അത് നല്‍കേണ്ടത്.” (മുഗ്നി: 4/283)
6- എപ്പോഴാണ് സകാതുല്‍ ഫിത്വര്‍ നല്‍കേണ്ട സമയം?
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: «… وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ»
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ജനങ്ങള്‍ (പെരുന്നാള്‍) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുന്പ സകാതുല്‍ ഫിത്വര്‍ നല്കാന് നബി -ﷺ- കല്പ്പിച്ചു.” (ബുഖാരി: 1503, മുസ്ലിം: 984)
«وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ»
മറ്റൊരു നിവേദനത്തില്‍ ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞതായി കാണാം: “അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്കാറുണ്ടായിരുന്നു.” (ബുഖാരി: 1511, മുസ്ലിം: 984)
7- ഫിത്വര്‍ സകാത് നല്കാന് ഏറ്റവും ശ്രേഷ്ഠമായ സമയം ഏതാണ്?
ഫിത്വര്‍ സകാത് പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കൊടുക്കുക എന്നത് അനുവദനീയമാണ്. അതിന് മുന്‍പോ പെരുന്നാള്‍ നിസ്കാരത്തിന് ശേഷമോ സകാതുല്‍ ഫിത്വര്‍ നല്‍കുന്നത് അനുവദനീയമല്ല. എന്നാല്‍ ഫിത്വര്‍ സകാത് നല്കാന് ഏറ്റവും ശ്രേഷ്ടമായ സമയം പെരുന്നാള്‍ നിസ്കാരം ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് -പെരുന്നാള്‍ ദിവസത്തില്‍ തന്നെ- ആണ്.
കാരണം ദരിദ്രര്‍ക്ക് പെരുന്നാള്‍ ദിവസത്തില്‍ ആ സദഖ ഉപയോഗപ്പെടുത്താന്‍ അതാണ് കൂടുതല്‍ സഹായകരമാവുക. അന്നേ ദിവസം ദരിദ്രര്‍ക്ക് ആരോടും ചോദിക്കാത്ത അവസ്ഥയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ അവസരമൊരുക്കുക എന്നത് കൂടിയാണല്ലോ സകാതുല്‍ ഫിത്വറിന്റെ ഉദ്ദേശങ്ങളില്‍ ഒന്ന്?
8- പെരുന്നാള്‍ നിസ്കാരത്തിന് ശേഷം സകാതുല്‍ ഫിത്വര്‍ നല്‍കാമോ?
പെരുന്നാള്‍ നിസ്കാരത്തിന് ശേഷം സകാതുല്‍ ഫിത്വര്‍ നല്‍കുന്നത് അനുവദനീയമല്ല.
عَنِ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ –ﷺ- زَكَاةَ الْفِطْرِ، مَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِىَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِىَ صَدَقَةٌ مِنَ الصَّدَقَاتِ.
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “ആരെങ്കിലും സകാതുല്‍ ഫിത്വര്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് നല്കിയാല് അത് സ്വീകരിക്കപ്പെട്ട സദഖയാണ് (സകാതുല്‍ ഫിത്വര്‍ ആണ്). ആരെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന് ശേഷമാണ് അത് നല്കുന്നതെങ്കില് അത് ദാനധര്മ്മങ്ങളില് പെട്ട ഒരു ദാനം മാത്രമാകുന്നു.” (അബൂദാവൂദ്: 1609, ഇബ്നു മാജ: 1827, അല്‍ബാനി സ്വഹീഹ് എന്നു വിലയിരുത്തി.)
9- പെരുന്നാളിന് ഒരാഴ്ച മുന്‍പ് ഫിത്വര്‍ സകാത് നല്‍കാമോ?
സകാതുല്‍ ഫിത്വര്‍ നല്‍കേണ്ട അവസാന സമയം പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പാണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്കിടയില് യോജിപ്പുണ്ട്. എന്നാല്‍ ഫിത്വര്‍ സകാത് കൊടുക്കാനുള്ള ആദ്യ സമയം ഏതാണ് എന്നതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രധാനമായും രണ്ട് അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്.
ഒന്ന്: പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുക്കാം. മാലികി-ഹമ്പലി മദ്ഹബുകളുടെ അഭിപ്രായം ഇതാണ്. മൂന്ന് ദിവസം എന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിന് തെളിവ് ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീസാണ്.
അദ്ദേഹം പറഞ്ഞതായി കാണാം: “അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്കാറുണ്ടായിരുന്നു.” (ബുഖാരി: 1511, മുസ്ലിം: 984)
രണ്ട്: റമദാന് മാസം ആരംഭിച്ചത് മുതല്‍ നല്‍കാം. ഹനഫി-ശാഫിഇ മദ്ഹബുകളുടെ അഭിപ്രായം ഇതാണ്. സകാതുല്‍ ഫിത്വര്‍ നോമ്പും നോമ്പുതുറയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അതില്‍ ഏത് ആരംഭിച്ചാലും അതു മുതല്‍ തന്നെ ഫിത്വര്‍ സകാത് നല്‍കാം എന്നതാണ് ഈ അഭിപ്രായത്തിനുള്ള കാരണമായി പറയപ്പെട്ടത്.
ശരിയായി മനസ്സിലാകുന്നത് ആദ്യത്തെ അഭിപ്രായമാണ്. ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീസ് അത് അറിയിക്കുന്നു. അതോടൊപ്പം സകാതുല്‍ ഫിത്വര്‍ -ഫിത്വര്‍ എന്നാല്‍ നോമ്പ് തുറ- എന്ന പേരും അതിലേക്ക് തന്നെയാണ് സൂചന നല്‍കുന്നത്. കാരണം നോമ്പ് തുറ പൂര്‍ണ്ണമാകുന്നത് പെരുന്നാളോട് കൂടെയാണല്ലോ?
ചുരുക്കത്തില്‍; ഫിത്വര്‍ സകാത് പെരുന്നാളിന് ഒരാഴ്ച മുന്‍പ് നല്കല് അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ നല്‍കിയിട്ടുണ്ട് എങ്കില്‍ അവന് വീണ്ടും ഫിത്വര്‍ സകാത് നല്‍കണം.
വല്ലാഹു അഅലം.
10- പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഫിത്വര്‍ സകാത് നല്കാന് കഴിഞ്ഞില്ല; എന്തു ചെയ്യണം?
“ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കപ്പെട്ട കാര്യമാണ്.
عَنْ عَبْدِ اللهِ بْنِ عُمَرَ: «أَنَّ رَسُولَ اللَّهِ –ﷺ- فَرَضَ زَكَاةَ الْفِطْرِ مِنْ رَمَضَانَ عَلَى كُلِّ نَفْسٍ مِنَ الْمُسْلِمِينَ حُرٍّ، أَوْ عَبْدٍ، أَوْ رَجُلٍ، أَوِ امْرَأَةٍ، صَغِيرٍ أَوْ كَبِيرٍ»
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “എല്ലാ മുസ്ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)
പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് നിനക്ക് ഫിത്വര്‍ സകാത് നല്കാന് കഴിഞ്ഞില്ലെങ്കില്‍ അതിന് ശേഷം നീ നല്‍കുക. കാരണം മതപരമായ ഒരു ഇബാദത് അതിന്റെ സമയത്ത് എന്തെങ്കിലും ഒഴിവുകഴിവ് കാരണത്താല്‍ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ സമയം കഴിഞ്ഞാല്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്.” (അവലംബം: മജ്മൂഉല്‍ ഫതാവാ/ഇബ്നു ഉസൈമീന്‍: 20/271)
ഇനി യാതൊരു ഒഴിവുകഴിവുമില്ലാതെ -അലസതയോ മടിയോ പിശുക്കോ മറ്റോ കാരണത്താലാണ്- ആരെങ്കിലും ഫിത്വര്‍ സകാത് അതിന്റെ സമയത്ത് നല്‍കാതെ പിന്തിപ്പിച്ചതെങ്കില് അവന് അല്ലാഹുവിലേക്ക് ആത്മാര്‍ത്ഥമായി തൗബ ചെയ്തു മടങ്ങേണ്ടതുണ്ട്. അതോടൊപ്പം അവന്റെ മേല്‍ ബാധ്യതയായ ഫിത്വര്‍ സകാത് അതിന്റെ അവകാശികള്‍ക്ക് അവന് എത്തിച്ചു നല്‍കുകയും ചെയ്യണം. പെരുന്നാളിന് ശേഷമാണ് അത് നല്‍കുന്നത് എന്നതിനാല്‍ ഫിത്വര്‍ സകാതിന്റെ പരിധിയില്‍ ഈ ദാനം പെടില്ല; മറിച്ച് ഒരു സദഖയുടെ പ്രതിഫലമാണ് അതിന് ഉണ്ടായിരിക്കുക. (ലജ്നതുദ്ദാഇമ: 9/386)
11- സകാതുല്‍ ഫിത്വര്‍ നല്‍കേണ്ടതിന്റെ കണക്ക് എത്രയാണ്?
ഓരോ നാട്ടിലെയും ജനങ്ങള്‍ പൊതുവായി ഭക്ഷിക്കുന്ന ധാന്യം ഒരു സ്വാഅ നല്‍കുകയാണ് വേണ്ടത്.
عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، قَالَ: «فَرَضَ رَسُولُ اللَّهِ -ﷺ- زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ»
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “നബി -ﷺ- റമദാനില്‍ ഒരു സ്വാഅ ഈത്തപ്പഴമോ ഗോതമ്പോ സകാതുല്‍ ഫിത്വറായി നല്‍കുന്നത് നിര്‍ബന്ധമാക്കി…”
عَنْ أَبِي سَعِيدٍ الخُدْرِيَّ قَالَ: «كُنَّا نُخْرِجُ زَكَاةَ الفِطْرِ صَاعًا مِنْ طَعَامٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ أَقِطٍ، أَوْ صَاعًا مِنْ زَبِيبٍ»
അബൂ സഈദ് അല്‍-ഖുദ്രി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞങ്ങള്‍ സകാതുല്‍ ഫിത്വര്‍ ഒരു സാഅ് ഭക്ഷണമോ, ഒരു സാഅ് ഗോതമ്പോ ഒരു സാഅ് ഈത്തപ്പഴമോ ഒരു സാഅ് വെണ്ണയോ ഒരു സാഅ് ഉണക്കമുന്തിരിയോ നല്കാറുണ്ടായിരുന്നു.”
12- എത്രയാണ് ഒരു സാഅ്?
നബി -ﷺ- യുടെ സ്വാഅ എന്നാല്‍ നാല് മുദ്ദാണ്. ഒരു മുദ്ദ് എന്നാല്‍ ഒത്ത വീതിയും നീളവുമുള്ള കൈകുമ്പിള്‍ നിറയെയാണ്. വളരെ വലിയ കൈയ്യോ, വളരെ ചെറുതോ ആയ കൈയ്യല്ലാത്ത മദ്ധ്യമ നിലവാരത്തിലുള്ള കൈയ്യാണ് പരിഗണിക്കപ്പെടുക. ഏതാണ്ട് മൂന്ന് കിലോയാണ് ഒരു സാഇന്റെ തൂക്കം കണക്കാക്കപ്പെട്ടിട്ടുള്ളത്. അപ്പോള്‍ സകാതുല്‍ ഫിത്വര്‍ ആയി നല്കാന് അനുവാദമുള്ള ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഏതെങ്കിലും മൂന്ന് കിലോയോളം നല്കിയാല് അയാളുടെ ഫിത്വര്‍ സകാതായി. (അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/204-205)
13- സകാതുല്‍ ഫിത്വര്‍ ആര്‍ക്കാണ് നല്‍കേണ്ടത്?
ഫിത്വര്‍ സകാത് ആര്‍ക്കാണ് നല്‍കേണ്ടത് എന്നതില്‍ രണ്ട് അഭിപ്രായമുണ്ട്.
ഒന്ന്: സകാത് അവകാശപ്പെട്ട ആര്‍ക്കും ഫിത്വര്‍ സകാതും നല്‍കാം. ദരിദ്രര്‍ക്ക് നല്‍കുന്നത് പോലെ തന്നെ അടിമകള്‍ക്കും ഇസ്ലാമിനോട് അടുപ്പം കാണിക്കുന്നവര്‍ക്കും അത് നല്‍കാം.
രണ്ട്: കഫാറതായി നല്കപ്പെടുന്ന ദാനം അവകാശപ്പെട്ട ദരിദ്രര്‍ക്ക് മാത്രമേ ഫിത്വര്‍ സകാത് നല്കാന് പാടുള്ളൂ. ഉദാഹരണത്തിന് സത്യം ചെയ്ത ശേഷം ലംഘിച്ചാല്‍ നല്കുന്ന കഫാറത്; അത് ദരിദ്രര്‍ക്ക് മാത്രമാണ് നല്‍കേണ്ടത്. സകാത് അവകാശമുള്ള എല്ലാവര്ക്കും അതില്‍ അവകാശമില്ല. അതു പോലെ തന്നെയാണ് സകാതുല്‍ ഫിത്വറും.
ഈ അഭിപ്രായത്തിനാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ, ഇബ്നുല്‍ ഖയ്യിം, ശൈഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീന്‍ -رَحِمَهُ اللَّهُ- തുടങ്ങിയവരെല്ലാം മുന്‍ഗണന നല്‍കിയിട്ടുള്ളത്.
ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- സകാതുല്‍ ഫിത്വര്‍ ദരിദ്രര്‍ക്ക് പ്രത്യേകമായി നല്‍കുകയാണ് ചെയ്തിരുന്നത്. സകാത്തിന് അവകാശമുള്ള എട്ടു വിഭാഗക്കാര്‍ക്കും അവിടുന്നു അത് വീതിച്ചു നല്‍കിയിരുന്നില്ല. അങ്ങനെ ചെയ്യാന്‍ അവിടുന്ന് കല്പ്പിക്കുകയുമുണ്ടായില്ല. സ്വഹാബികളില്‍ ആരെങ്കിലുമോ, അവര്‍ക്ക് ശേഷം വന്നവരോ അപ്രകാരം ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ദരിദ്രര്‍ക്ക് മാത്രമേ സകാതുല്‍ ഫിത്വര്‍ നല്കാന് പാടുള്ളൂ എന്ന അഭിപ്രായമാണ് നമ്മുടെ പക്കല്‍ ഏറ്റവും ശക്തമായിട്ടുള്ളത്.” (സാദുല്‍ മആദ്: 2/22)
14- ഫിത്വര്‍ സകാത്ത് പണമായി നല്‍കാമോ?
ഇബ്നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “സകാതുല്‍ ഫിത്വര്‍ പണമായി നല്‍കുന്നത് ശരിയാവുകയില്ല. കാരണം പ്രമാണത്തില്‍ വ്യക്തമായ വന്ന നിര്‍ദേശത്തില്‍ നിന്നുള്ള തെറ്റലാണ് അത്.” (അല്‍-കാഫി: 2/176) സ്വഹാബികള്‍ എല്ലാവരും ഇപ്രകാരം തന്നെയാണ് ചെയ്തിരുന്നത്. അവരാരും -പണം അവരുടെ പക്കല്‍ ഉണ്ടായിരുന്നിട്ട് കൂടി- ഫിത്വര്‍ സകാത് പണമായി നല്‍കിയിരുന്നില്ല. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും, മാലികി-ശാഫിഈ- ഹമ്പലി മദ്ഹബുകളുടെ അഭിപ്രായവും ഇപ്രകാരം തന്നെ. അതിനാല്‍ സകാതുല്‍ ഫിത്വര്‍ ഭക്ഷണമായി തന്നെ നല്കല് നിര്‍ബന്ധമാണ്.
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “ഫിത്വര്‍ സകാത് ഒരു ഇബാദതാണ് എന്നതില്‍ എല്ലാ മുസ്ലിംകളും യോജിച്ചിട്ടുണ്ട്. ഇബാദതുകളില്‍ ഉള്ള അടിസ്ഥാനം അവ പ്രമാണബദ്ധമായിരിക്കണം എന്നതാണ്. അല്ലാഹു -تَعَالَى- നിശ്ചയിച്ച രൂപത്തിലല്ലാതെ അവന് ഇബാദത് ചെയ്യാന്‍ ഒരാള്‍ക്കും അനുവാദമില്ല.” (മജ്മൂഉ ഫതാവ ഇബ്നി ബാസ്: 14/208)
15- ആരുടെയെല്ലാം സകാതുല്‍ ഫിത്വര്‍ നല്കാന് ഒരാള്‍ ബാധ്യസ്ഥനാകും?
ഒരാള്‍ക്ക് ഒരു രാത്രിയും പകലും ആവശ്യമായ ഭക്ഷണവും, തന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വേണ്ടതും കഴിച്ച് സമ്പാദ്യം ഉണ്ടെങ്കില്‍ അയാളുടെ മേല്‍ ഫിത്വര്‍ സകാത് നിര്‍ബന്ധമാകും. അയാള്‍ സ്വന്തത്തിനും, അയാളുടെ ചിലവില്‍ ജീവിക്കുന്നവര്‍ക്കും മേല്‍ ബാധ്യതയായിട്ടുള്ള ഫിത്വര്‍ സകാതാണ് നല്‍കേണ്ടത്. ചുരുക്കത്തില്‍ തന്റെ കീഴില്‍ ജീവിക്കുന്ന ഭാര്യ, മക്കള്‍ തുടങ്ങിയവരുടെ ഫിത്വര്‍ സകാത് ഒരാള്‍ നല്‍കേണ്ടി വരും.
16- ഒരാള്‍ക്ക് തന്റെ കുടുംബത്തിന് മുഴുവനുമുള്ള ഫിത്വര്‍ സകാത് നല്‍കാനുള്ള സമ്പാദ്യം ഇല്ലെങ്കില്‍ എന്തു ചെയ്യണം?
കുടുംബത്തില്‍ ഉള്ള എല്ലാവര്ക്കും മേല്‍ ബാധ്യതയാകുന്ന ഫിത്വര്‍ സകാത് നല്കാന് ഒരാള്‍ക്ക് കഴിവില്ലെങ്കില്‍ അയാള്‍ സ്വന്തം ബാധ്യത ആദ്യം തീര്‍ക്കട്ടെ. അതിന് ശേഷം അയാളോട് ഏറ്റവും അടുത്ത് നില്ക്കുന്നവരുടെ മേലുള്ള ബാധ്യതകളും തീര്‍ക്കട്ടെ.
«ابْدَأْ بِنَفْسِكَ فَتَصَدَّقْ عَلَيْهَا، فَإِنْ فَضَلَ شَيْءٌ فَلِأَهْلِكَ، فَإِنْ فَضَلَ عَنْ أَهْلِكَ شَيْءٌ فَلِذِي قَرَابَتِكَ، فَإِنْ فَضَلَ عَنْ ذِي قَرَابَتِكَ شَيْءٌ فَهَكَذَا وَهَكَذَا» يَقُولُ: فَبَيْنَ يَدَيْكَ وَعَنْ يَمِينِكَ وَعَنْ شِمَالِكَ.
ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നീ സ്വന്തത്തെ കൊണ്ട് ആരംഭിക്കുക; ആദ്യം സ്വന്തത്തിനുള്ള സദഖ നല്‍കുക. പിന്നീട് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ നിന്റെ വീട്ടുകാരുടെ മേല്‍. പിന്നീടും ബാക്കിയുണ്ടെങ്കില്‍ നിന്റെ കുടുംബക്കാരുടെ മേല്‍. പിന്നീടും ബാക്കിയുണ്ടെങ്കില്‍ പിന്നെ അങ്ങും ഇങ്ങുമെല്ലാം സദഖ നല്‍കുക.” (മുസ്ലിം: 997)
ആദ്യം സ്വന്തം മേലുള്ള ബാധ്യത, പിന്നെ ഭാര്യ, അടിമകള്‍, ഉമ്മ, ഉപ്പ, മക്കള്‍ എന്നിങ്ങനെയാണ് ഈ പറഞ്ഞ കാര്യം ക്രമപ്പെടുത്തേണ്ടത്. അതിന് ശേഷം അനന്തരാവകാശത്തില്‍ ഏറ്റവും അടുത്തുള്ളവരെ പരിഗണിക്കുക. (മനാറുസ്സബീല്‍: 1/258)
17- ഫിത്വര്‍ സകാത് എവിടെയാണ് നല്‍കേണ്ടത്?
ഈ വിഷയത്തിലുള്ള അടിസ്ഥാനം നബി -ﷺ- യുടെ വാക്കാണ്. അവിടുന്നു മുആദ് -رَضِيَ اللَّهُ عَنْهُ- യോട് പറഞ്ഞു:
«فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ»
“(യമനിലെ വേദക്കാര്‍ ഇസ്ലാം സ്വീകരിക്കുകയും, നിസ്കാരം തുടങ്ങുകയും ചെയ്താല്‍) അവരെ അറിയിക്കുക: അവരിലെ ധനികരില്‍ നിന്ന് എടുക്കപ്പെടുകയും ദരിദ്രരിലേക്ക് നല്കപ്പെടുകയും ചെയ്യുന്ന ദാനം അല്ലാഹു അവരുടെ മേല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1395, മുസ്ലിം: 19)
ഈ ഹദീസില്‍ നിന്ന് സ്വന്തം നാട്ടില്‍ ദാനം നല്‍കലാണ് സദഖയുടെ വിഷയത്തിലുള്ള അടിസ്ഥാനം എന്ന് മനസ്സിലാക്കാം. കാരണം അവരില്‍ നിന്ന് എടുത്ത് അവരില്‍ തന്നെ നല്കപ്പെടും എന്നാണ് നബി -ﷺ- ഈ ഹദീസില്‍ പറഞ്ഞത്.
ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞു: “സകാത് നല്കുന്നവന്റെ നാട്ടിലുള്ള ദരിദ്രര്‍ക്ക് കൊടുക്കലും, പുറംനാടുകളിലേക്ക് അത് കൊണ്ടു പോകാതിരിക്കലുമാണ് സുന്നത്ത്. തന്റെ നാട്ടിലുള്ള ദരിദ്രരുടെ ആവശ്യം നിര്‍വ്വഹിക്കലും അവര്‍ക്ക് ധന്യത നല്‍കലും അതിലൂടെ മാത്രമേ സംഭവിക്കൂ.” (മജ്മൂഉ ഫതാവ: 14/213)
18- ഫിത്വര്‍ സകാത്ത് സ്വന്തം നാട്ടിന് പുറത്തുള്ളവര്‍ക്ക് നല്‍കുന്നതിന്റെ വിധി എന്താണ്?
എന്നാല്‍ സ്വന്തം നാട്ടിന് പുറത്തുള്ള ദരിദ്രര്‍ക്ക് ഒരാള്‍ ഫിത്വര്‍ സകാത്ത് നല്കിയാല് അത് സ്വീകാര്യം തന്നെയാണ്. ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- ഈ വിഷയം ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു: “അതില്‍ തെറ്റില്ല. പണ്ഡിതന്മാര്ക്ക് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അങ്ങനെ നല്‍കുന്നത് ശരിയാകും എന്ന അഭിപ്രായം തന്നെയാണ് ശരിയായി മനസ്സിലാകുന്നത്. ഇന്ഷാ അല്ലാഹ്. എന്നാല്‍ നിന്റെ നാട്ടിലുള്ള ദരിദ്രര്‍ക്ക് തന്നെ നല്‍കലാണ് കൂടുതല്‍ ശ്രേഷ്ടവും സൂക്ഷ്മവും.” (മജ്മൂഉല്‍ ഫതാവ: 14/214)
19- എന്റെ നാട്ടില്‍ ദരിദ്രര്‍ ഇല്ല; എന്റെ ഫിത്വര്‍ സകാത് എങ്ങനെ നല്‍കും?
ഒരാളുടെ നാട്ടില്‍ ദരിദ്രരായ ആരും ഇല്ലെങ്കില്‍ അയാള്‍ക്ക് തന്റെ ചുറ്റുമുള്ള നാടുകളില്‍ ദരിദ്രരായ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയും അവിടെയുള്ള ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ഫിത്വര്‍ സകാത് നല്കുകയുമാകാം. അതിന്റെ പേരില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ നിനക്ക് യാത്ര ചെയ്യുകയുമാകാം. എന്നാല്‍ പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ അവന് ശ്രദ്ധിക്കേണ്ടതുണ്ട്. (അവലംബം: ഫതാവാ നൂറുന്‍ അലദ്ദര്‍ബ്: 2/1209)
20- ഫിത്വര്‍ സകാത് നല്കാന് മറന്നു പോയി; എന്തു ചെയ്യണം?
പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പ് ഫിത്വര്‍ സകാത് നല്‍കുക എന്നതാണ് നബി -ﷺ- യുടെ സുന്നത്ത്. അല്ല! അപ്രകാരമാണ് അവിടുന്നു ഫിത്വര്‍ സകാത് നല്കാന് കല്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ ആരെങ്കിലും മറവി കാരണത്താല്‍ ഫിത്വര്‍ സകാത്ത് നല്കാന് വിട്ടു പോയാല്‍ അവന് ഓര്‍മ്മ വരുമ്പോള്‍ അത് നല്കട്ടെ. അങ്ങനെ ഒരാള്‍ -പെരുന്നാള്‍ നിസ്കാരത്തിന് ശേഷം- നല്കിയാലും അയാളുടെ ഫിത്വര്‍ സകാത് ശരിയാകും. ഇന്ഷാ അല്ലാഹ്.
അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ
“ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ.” (ബഖറ: 286)
(അവലംബം: മജ്മൂഉ ഫതാവ/ഇബ്നു ബാസ്: 14/217)
21- ഈത്തപ്പഴം പൊതുഭക്ഷണം അല്ലാത്ത നാട്ടില്‍ ഈത്തപ്പഴം സകാതായി നല്‍കാമോ?
ഓരോ നാട്ടിലെയും പൊതുഭക്ഷണമാണ് സകാതായി നല്‍കേണ്ടത്. ഈത്തപ്പഴം പൊതുവെ ഭക്ഷണമായി ഉപയോഗിക്കാത്ത നാട്ടില്‍ അത് ഫിത്വര്‍ സകാതായി നല്‍കുന്നത് അതിനാല്‍ തന്നെ ശരിയാവുകയില്ല. അബൂ സഈദ് അല്‍-ഖുദ്രിയുടെ ഹദീസാണ് അതിനുള്ള തെളിവ്. അദ്ദേഹം പറഞ്ഞു:
عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ، قَالَ: «كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ -ﷺ- يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ»، وَقَالَ أَبُو سَعِيدٍ: «وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ»
“ഞങ്ങള്‍ നബി -ﷺ- യുടെ കാലത്ത് ഒരു സ്വാഅ ഭക്ഷണമാണ് നല്‍കിയിരുന്നത്. ഞങ്ങളുടെ ഭക്ഷണം ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമായിരുന്നു.” (ബുഖാരി: 1510, മുസ്ലിം: 985)
സ്വഹാബികള്‍ മേല്‍ പറഞ്ഞ ഭക്ഷണങ്ങള്‍ ഫിത്വര്‍ സകാത്തായി നല്കാന് കാരണം അതവരുടെ ഭക്ഷണമായിരുന്നു എന്നത് കൊണ്ടായിരുന്നു.
ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “ഫിത്വര്‍ സകാത് ഓരോ നാട്ടിലെയും പൊതുഭക്ഷണമായിരിക്കണം എന്നതാണ് നമ്മുടെ പക്കല്‍ ശരിയായ അഭിപ്രായം. ഇമാം മാലികിന്റെ അഭിപ്രായവും അത് തന്നെ.”
22- ഒരു സാഇല്‍ കൂടുതല്‍ ഫിത്വര്‍ സകാത് നല്‍കുന്നതിന്റെ വിധിയെന്താണ്?
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- ഇപ്രകാരം ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “അത് അനുവദനീയമാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുക്കലും -ഇമാം ശാഫി, അഹ്മദ് പോലുള്ളവരുടെ അടുക്കലെല്ലാം- അത് വെറുക്കപ്പെട്ട കാര്യമേയല്ല. ഇമാം മാലിക് അത് മക്റൂഹ് ആണെന്ന് അഭിപ്രായപ്പെട്ടിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഫിത്വര്‍ സകാത് ഒരു സാഇല്‍ കുറയുക എന്നത് ഒരിക്കലും അനുവദനീയമാവില്ല എന്നതില്‍ പണ്ഡിതന്മാര്ക്കിടയില് യോജിപ്പുണ്ട്.” (മജ്മൂഉല്‍ ഫതാവ/ഇബ്നു തൈമിയ്യ: 25/70)
23- ഫിത്വര്‍ സകാത്ത് ഒരാള്‍ക്ക് മാത്രമായി കൊടുക്കാമോ?
ഒരാളുടെ മേൽ അഞ്ച് ആളുകളുടെ ഫിത്വർ സകാത് നിർബന്ധമുണ്ട് എന്ന് വിചാരിക്കുക. എങ്കിൽ അയാൾക്ക് ആ അഞ്ചു പേരുടെയും ഫിത്വർ സകാത്ത് ഏതെങ്കിലും ഒരു ദരിദ്രന് മാത്രമായി നൽകാവുന്നതാണ്. “സകാതുൽ ഫിത്വർ ഒരാൾക്ക് പകരം ഒരു സ്വാഅ് നൽകണം എന്നു മാത്രമേ ക്ലിപ്തപ്പെടുത്തപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇത്ര പേർക്ക് ഇത്രയേ കൊടുക്കാവൂ എന്ന് നിർണ്ണിതമായ ഒരു കണക്ക് ഇല്ല. അതിനാൽ ഒരു സ്വാഅ് ഫിത്വർ സകാത് വ്യത്യസ്ത ആളുകൾക്ക് വീതിച്ചു നൽകുകയോ, അതല്ലെങ്കിൽ ഒന്നിലധികം ഫിത്വർ സകാത്ത് ഒരാൾക്ക് മാത്രമായി നൽകുകയോ ചെയ്യാം.” (ശർഹുൽ മുംതിഅ്: 15/161, ലജ്നതുദ്ദാഇമ: 1204)
24- ഫിത്വര്‍ സകാത് സ്വയം കൊടുക്കുന്നതാണോ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതാണോ കൂടുതല്‍ ശ്രേഷ്ഠം?
ഫിത്വര്‍ സകാത്ത് സ്വയം ദരിദ്രര്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. കാരണം ദരിദ്രര്‍ക്ക് വേണ്ടി പരിശ്രമിക്കുക എന്നതും, അവര്‍ക്ക് വേണ്ടി നടക്കുകയും ക്ഷീണിക്കുകയും ചെയ്യുക എന്നതുമൊക്കെ അതിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന ഇബാദതുകളാണ്. ദരിദ്രര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടു കാണുവാനും മനസ്സിലാക്കാനും, അല്ലാഹു നിനക്ക് നല്കിയ ധന്യതയുടെ വില മനസ്സിലാക്കാനും, അതിനുള്ള നന്ദി വര്‍ദ്ധിപ്പിക്കാനുമെല്ലാം ഈ പ്രവര്‍ത്തനം കാരണമാവുകയും ചെയ്തേക്കാം. എന്നാല്‍ ഒരാള്‍ക്ക് തന്റെ ഫിത്വര്‍ സകാത്ത് വിശ്വസ്തനായ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുക എന്നത് അനുവദനീയമാണ്.
25- ഫിത്വര്‍ സകാത് കൊടുക്കാന്‍ ഒരാളെ ഏല്‍പ്പിച്ചു; അദ്ദേഹം അത് വൈകിപ്പിച്ചാല്‍ എന്തു ചെയ്യണം?
ഫിത്വര്‍ സകാത്ത് കൊടുത്തേല്‍പ്പിക്കുമ്പോള്‍ ഈ കാര്യത്തില്‍ വിശ്വസ്തരും ഉത്തരവാദിത്തമുള്ളവരുമായവരുടെ പക്കലേ ഏല്‍പ്പിക്കാന്‍ പാടുള്ളൂ. അവര്‍ ഫിത്വര്‍ സകാതിന്റെ നിയമങ്ങളെ കുറിച്ച് അറിവുള്ളവരും, കൃത്യ സമയത്ത് അത് ദരിദ്രരിലേക്ക് എത്തിക്കുവാനും, കാര്യങ്ങളില്‍ അലംഭാവം കാണിക്കാത്തവരുമാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം ഗുണങ്ങളെല്ലാം ഉണ്ട് എന്ന പ്രതീക്ഷയില്‍ ആരുടെയെങ്കിലും പക്കല്‍ നമ്മുടെ ഫിത്വര്‍ സകാതിന്റെ ഓഹരി നല്‍കുകയും അയാള്‍ അതില്‍ വീഴ്ച വരുത്തുകയും ചെയ്താല്‍ ഫിത്വര്‍ സകാത് നല്‍കിയവരുടെ മേല്‍ തെറ്റില്ല. കാരണം അവര്‍ അവരുടെ മേലുള്ള ബാധ്യത നിര്‍വ്വഹിച്ചു കഴിഞ്ഞിട്ടുണ്ട്. അവരില്‍ നിന്ന് അക്കാര്യം ഏറ്റെടുത്തവരുടെ മേലാണ് അതില്‍ അലസത കാണിച്ചതിനുള്ള തെറ്റ് ഉണ്ടായിരിക്കുക.
26- ഫിത്വര്‍ സകാത്ത് എന്റെ കുടുംബത്തിലെ ദരിദ്രര്‍ക്ക് നല്‍കാമോ?
ഫിത്വര്‍ സകാത്ത് കുടുംബത്തില്‍ പെട്ട ദരിദ്രര്‍ക്ക് നല്‍കുന്നത് അനുവദനീയമാണ്. അല്ല! ഇത്തരം ദാനധര്‍മ്മങ്ങള്‍ കുടുംബബന്ധമില്ലാത്തവര്‍ക്ക് നല്കുന്നതിനെക്കാള് ശ്രേഷ്ഠം ബന്ധമുള്ളവര്‍ക്ക് നല്‍കുന്നതാണ്. കാരണം അതില്‍ ദാനവും കുടുംബബന്ധം ചേര്‍ക്കലും ഉണ്ട്. എന്നാല്‍ ഈ പറഞ്ഞത് ഒരു നിബന്ധനയോട് കൂടെയാണ്. ഇങ്ങനെ ദാനം നല്കപ്പെടുന്ന കുടുംബക്കാര് സകാത് നല്കുന്ന വ്യക്തിയുടെ മേല്‍ ചിലവ് ബാധ്യതയുള്ളവരില്‍ പെട്ടവരാകരുത്. അത് -ഒരു നിലക്ക്- സ്വന്തം സ്വത്ത് സംരക്ഷിക്കാനുള്ള തന്ത്രമായാണ് മാറുക.ചുരുക്കത്തില്‍ കുടുംബത്തിലുള്ളവര്‍ക്ക് -മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ചു കൊണ്ടാണെങ്കില്‍ ഫിത്വര്‍ സകാത്ത് നല്‍കാവുന്നതാണ്.
എന്നാല്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തട്ടെ: കുടുംബത്തില്‍ പെട്ടവര്‍ ഭക്ഷണത്തിനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കും അര്‍ഹരാണ് എന്ന് അറിഞ്ഞതിന് ശേഷവും അവരെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാതെ റമദാനിന്റെ അവസാനത്തില്‍ ഒരു സ്വാഅ ഭക്ഷണവുമായി അവരുടെ അടുക്കല്‍ ചെല്ലുക എന്നത് ഒരു മുസ്ലിമിന് യോജിച്ച കാര്യമല്ല. മറിച്ച്, റമദാനിന്റെ ആരംഭം മുതല്‍ -അല്ല! കഴിയുമെങ്കില്‍ അതിന് മുന്‍പ് മുതല്‍ തന്നെ- അവരെ സഹായിക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവന് മുന്നിട്ടിറങ്ങേണ്ടതുണ്ട്.
27- പെരുന്നാള്‍ രാത്രിയില്‍ മരണപ്പെട്ട വ്യക്തിയുടെ മേല്‍ സകാതുല്‍ ഫിത്വര്‍ നല്‍കണോ?
റമദാനിന്റെ അവസാന ദിവസം സൂര്യന് അസ്തമിക്കുക എന്നതാണ് സകാതുല്‍ ഫിത്വറിന്റെ സമയം. ഈ സമയത്തില്‍ ജീവിച്ചിരുന്നവരുടെ മേല്‍ മാത്രമാണ് സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാവുക. ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി റമദാന് പൂര്‍ത്തീകരിക്കുകയും, പെരുന്നാളിന്റെ രാത്രിയിലേക്ക് പ്രവേശിക്കുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ അയാള്‍ സകാതുല്‍ ഫിത്വര്‍ നല്‍കണം. എന്നാല്‍ അതിന് മുന്‍പ് -റമദാന് പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ്- അയാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അയാളുടെ മേല്‍ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാവുകയില്ല. (ഫിഖ്ഹുല്‍ ഇബാദാത്/ഇബ്നു ഉസൈമീന്‍: 211)
28- ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത് നല്‍കേണ്ടതുണ്ടോ?
ഗര്‍ഭസ്ഥ ശിശുവിന് ഫിത്വര്‍ സകാത് നല്കല് നിര്‍ബന്ധമില്ല. എന്നാല്‍ ഉസ്മാന് -رَضِيَ اللَّهُ عَنْهُ- അപ്രകാരം ചെയ്തിട്ടുണ്ട് എന്ന കാരണത്താല്‍ ചിലര്‍ അത് പ്രോത്സാഹിപ്പിക്കപ്പെടാവുന്ന മുസ്തഹബ്ബായ കാര്യമാണ് എന്ന് പറഞ്ഞിട്ടുണ്ട്. (ലജ്നതുദ്ദാഇമ: 9/366)
29- പ്രവാസികള്‍ എവിടെയാണ് ഫിത്വര്‍ സകാത് നല്‍കേണ്ടത്?
സമ്പാദ്യം ഏതു നാട്ടിലാണോ; ആ നാട്ടിലാണ് സകാത് നല്‍കേണ്ടത്. എന്നാല്‍ ഒരാള്‍ക്ക് സ്വന്തം നാട്ടില്‍ സകാത് നല്കുന്നതില് കൂടുതലായി വല്ല നന്മയും ഉണ്ട് എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ അയാള്‍ക്ക് തന്റെ നാട്ടില്‍ സകാത് നല്‍കാവുന്നതാണ്. ഉദാഹരണത്തിന്, കുടുംബക്കാര്‍ക്ക് സകാത് കൊടുക്കുക എന്നത്. അതില്‍ കുടുംബബന്ധം ചേര്‍ക്കലും സകാത് നല്‍കലും ഒരുമിക്കുന്നുണ്ട്. വല്ലാഹു അഅലം.
30- കാഫിറായ രക്ഷിതാക്കള്‍ക്ക് കീഴില്‍ ജീവിക്കുന്ന മകന് ഫിത്വര്‍ സകാത് നല്‍കണോ?
മകന്റെ പക്കല്‍ ഫിത്വര്‍ സകാത് നല്‍കാനുള്ള സമ്പാദ്യം ഉണ്ടെങ്കില്‍ അയാള്‍ സ്വന്തത്തിനു വേണ്ടിയുള്ള ഫിത്വര്‍ സകാത് നല്‍കണം. എന്നാല്‍ മുസ്ലിമല്ലാത്ത തന്റെ രക്ഷിതാക്കള്‍ക്കോ മറ്റു കുടുംബാംഗങ്ങള്‍ക്കോ വേണ്ടി അയാള്‍ സകാത് നല്‍കേണ്ടതില്ല.
31- ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്‍കാമോ?
ഫിത്വര്‍ സകാത് കാഫിറുകള്‍ക്ക് നല്കാന് പാടില്ല. കാരണം നബി -ﷺ- യോ സ്വഹാബികളോ അങ്ങനെ നല്‍കിയിട്ടില്ല. എന്നാല്‍ അവരോടു മറ്റു നന്മകള് ചെയ്യാവുന്നത്. ഫിത്വര്‍ സകാത് എന്ന ഉദ്ദേശമില്ലാതെ അവര്‍ക്ക് സദഖ നല്‍കുകയും, അവരെ സഹായിക്കുകയും ചെയ്യാവുന്നതാണ്.
32- നാട്ടിലെ പൊതുഭക്ഷണം ധാന്യങ്ങളല്ലെങ്കിൽ എന്തു ചെയ്യണം?
ചില നാടുകളിൽ പൊതുഭക്ഷണമായി ജനങ്ങൾ കഴിക്കുന്നത് അരിയോ ഈത്തപ്പഴമോ ആയിക്കൊള്ളണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ആ നാട്ടിലെ ഭക്ഷണമായി പൊതുവെ ജനങ്ങൾ സ്വീകരിച്ചതെന്തോ, അതാണ് ഫിത്വർ സകാത്തായി നൽകേണ്ടത്.
عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ، قَالَ: «كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ -ﷺ- يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ»، وَقَالَ أَبُو سَعِيدٍ: «وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ»
“ഞങ്ങള്‍ നബി -ﷺ- യുടെ കാലത്ത് ഒരു സ്വാഅ ഭക്ഷണമാണ് നല്‍കിയിരുന്നത്. ഞങ്ങളുടെ ഭക്ഷണം ഗോതമ്പും ഉണക്കമുന്തിരിയും വെണ്ണയും ഈത്തപ്പഴവുമായിരുന്നു.” (ബുഖാരി: 1510, മുസ്ലിം: 985)
ഈ ഹദീഥ് എടുത്തു നൽകിയതിന് ശേഷം ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “മദീനക്കാരുടെ പൊതുഭക്ഷണം ഇതായിരുന്നു. എന്നാൽ ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ ഇതല്ല പൊതുഭക്ഷണമെങ്കിൽ അവർ അവരുടെ നാട്ടിലുള്ള ഭക്ഷണം ഒരു സ്വാഅ് നൽകുക എന്നതാണ് അവരുടെ മേൽ നിർബന്ധമായിട്ടുള്ളത്. ഉദാഹരണത്തിന് ചോളമോ, അരിയോ അത്തിയോ മറ്റേതെങ്കിലും ധാന്യമോ പൊതുഭക്ഷണമായി സ്വീകരിച്ചിട്ടുള്ള നാടുകൾ.
ഇനി ഏതെങ്കിലും നാട്ടിൽ ധാന്യമല്ല പൊതുഭക്ഷണമെങ്കിൽ -ഉദാഹരണത്തിന് പാലോ മാംസമോ മത്സ്യമോ മറ്റോ ആണെങ്കിൽ- അവർ അവരവരുടെ നാട്ടിലെ പൊതുഭക്ഷണത്തിൽ നിന്നാണ് ഫിത്വർ സകാത്ത് നൽകേണ്ടത്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം അതാകുന്നു. അത് തന്നെയാണ് യഥാർത്ഥത്തിൽ ശരിയും. കാരണം പെരുന്നാൾ ദിവസം ദരിദ്രരുടെ ആവശ്യം നിർവ്വഹിച്ചു നൽകുകയും, അവരുടെ നാട്ടുകാർ പൊതുവെ ഭക്ഷിക്കുന്നത് അവർക്ക് നൽകി സഹായിക്കലുമാണ് സകാതുൽ ഫിത്വറിന്റെ ഉദ്ദേശം.” (ഇഅ്ലാമുൽ മുവക്ഖിഈൻ: 3/12)
33- സകാത്തുൽ ഫിത്വർ പണമായിട്ടല്ലാതെ വേണ്ടെന്ന് ദരിദ്രർ ശാഠ്യം പിടിച്ചാൽ…?
ഓരോ നാട്ടിലെയും ജനങ്ങൾ പൊതുവെ ഭക്ഷണമായി സ്വീകരിച്ചിട്ടുള്ളതെന്തോ, അതാണ് സകാത്തുൽ ഫിത്വറായി നൽകേണ്ടത്. ആരെങ്കിലും ഭക്ഷണമായി ഫിത്വർ സകാത്ത് നൽകാതെ, പണമായി ഫിത്വർ സകാത്ത് നൽകിയാൽ അത് ശരിയാവുകയോ സ്വീകാര്യമാവുകയോ ഇല്ല എന്നതാണ് ശരിയായ അഭിപ്രായം. എന്നാൽ ഏതെങ്കിലും നാട്ടിൽ ദരിദ്രർ ഭക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കുകയും, പണമായിട്ടല്ലാതെ വേണ്ടെന്ന് ശാഠ്യം പിടിക്കുകയും ചെയ്യുന്നെങ്കിൽ ആ സന്ദർഭത്തിൽ -അപ്പോൾ മാത്രം- ഫിത്വർ സകാത്ത് പണമായി നൽകാവുന്നതാണ്. നാട്ടിലെ പൊതുവെ ഭക്ഷിക്കുന്ന, മദ്ധ്യമനിലവാരത്തിലുള്ള ഭക്ഷണം ഒരു സ്വാഇന് എത്ര വരുമെന്ന് കണക്കുകൂട്ടുകയും, അതിന് തുല്ല്യമായ തുക നൽകുകയും ചെയ്യാവുന്നതാണ്. വല്ലാഹു അഅ്ലം. (അവലംബം: ഫതാവാ നൂറുൻ അലദ്ദർബ്)
كَتَبَهُ أَخُوكُمْ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ
غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ
مُعْتَمِدًا عَلَى فَتَاوَى العُلَمَاءِ وَالمَشَايِخِ
مِثْلَ الشَّيْخِ ابْنِ بَازٍ وَابْنِ عُثَيْمِينَ وَغَيْرِهِمَا
غَفَرَ اللَّهُ لِمَنْ مَاتَ مِنْهُمْ، وَحَفِظَ الأَحْيَاءَ
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا مَزِيدًا
خزاك الله حيرا