ഈ വിഷയത്തില്‍ വന്ന ഹദീസുകളും അഥറുകളും നല്‍കിയതിന് ശേഷം സഊദിയിലെ പണ്ഡിതസഭ, ലജ്നതുദ്ദാഇമ നല്കിയ ഫത്-വയുടെ ചുരുക്കം ഇവിടെ നല്‍കാം.ലജ്ന പറഞ്ഞു: “മേലെ നല്കിയ ഹദീസുകളുടെയും അഥറുകളുടെയും അടിസ്ഥാനത്തിലും, ഈ തെളിവുകള്‍ ഗ്രഹിച്ച പണ്ഡിതന്മാര് വിശദീകരിച്ച നിയമങ്ങളുടെയും വെളിച്ചത്തില്‍ താഴെ പറയുന്ന മതവിധികള്‍ ഈ വിഷയത്തില്‍ ബാധകമാകും.
1- ആരെങ്കിലും ഈദ് നിസ്കാരത്തില്‍ സന്നിഹിതരായാല്‍ അവര്‍ക്ക് ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ ഇളവുണ്ട്. അവന് ദ്വുഹര്‍ നിസ്കാര സമയമായാല്‍ ദ്വുഹ്ര്‍ നിസ്കരിച്ചാല്‍ മതി. എന്നാല്‍ അവന് നന്മ ചെയ്യാന്‍ ഉറച്ച മനസ്സുമായി മുന്നിടുകയും, ജനങ്ങളോടൊപ്പം ജുമുഅയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അതാണ് ശ്രേഷ്ഠം.
2- പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് മേലെ പറഞ്ഞ ഇളവ് ബാധകമല്ല. അയാളുടെ മേല്‍ ജുമുഅ നിര്‍ബന്ധം തന്നെ. അതിനാല്‍ അയാള്‍ ജുമുഅയുടെ സമയമായാല്‍ മസ്ജിദിലേക്ക് പുറപ്പെടണം. ജൂമുഅ നിസ്കരിക്കാന്‍ ആവശ്യമായ ആളുകള്‍ മസ്ജിദില്‍ ഇല്ലെങ്കില്‍ അവന് ദ്വുഹ്ര്‍ നിസ്കരിക്കട്ടെ.
3- ജുമുഅ നടക്കുന്ന മസ്ജിദിലെ ഇമാം അന്നേ ദിവസം മസ്ജിദില്‍ വരുകയും ജുമുഅ നിസ്കാരം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. ജുമുഅയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ വേണ്ടിയാണ് അത്. എന്നാല്‍ ജുമുഅക്ക് ആവശ്യമായ എണ്ണം ആളുകള്‍ വന്നില്ലെങ്കില്‍ അന്ന് ദ്വുഹ്ര്‍ നിസ്കരിക്കേണ്ടതാണ്.
4- ജുമുഅ നടക്കുന്ന മസ്ജിദുകളില്‍ അല്ലാതെ അന്നേ ദിവസം അദാന്‍ കൊടുക്കരുത്. ദ്വുഹ്ര്‍ നിസ്കാരം മാത്രമാണ് നടക്കുന്നതെങ്കില്‍ അവിടെ അദാന്‍ കൊടുക്കരുത്.
5- പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തവരുടെ മേല്‍ അന്നേ ദിവസം ജുമുഅയും ദ്വുഹ്ര്‍ നിസ്കാരവും നിര്‍ബന്ധമില്ല എന്ന അഭിപ്രായം ശരിയല്ല. ഈ അഭിപ്രായം സുന്നത്തിന് എതിരാണ് എന്നതിനാലും, നിര്‍ബന്ധമായ ഒരു കര്‍മ്മം ഒരു തെളിവും ഇല്ലാതെ ഒഴിവാക്കാന്‍ കാരണമാകും എന്നതിനാലും പണ്ഡിതന്മാര് ഈ അഭിപ്രായത്തെ അകറ്റി നിര്‍ത്തുകയും, അത് തെറ്റാണെന്നും വളരെ വിചിത്രമാണ് എന്നും വിശദീകരിച്ചിട്ടുണ്ട്. ഈ അഭിപ്രായം പറഞ്ഞവര്‍ക്ക് ചിലപ്പോള്‍ ഈ വിഷയത്തില്‍ വന്ന ഹദീസുകളും അഥറുകളും എത്തിയിട്ടില്ലായിരിക്കാം. വല്ലാഹു അഅലം.” (ഫതാവ ലജ്നതിദ്ദാഇമ: 7/119 ആശയസംഗ്രഹം)