പെരുന്നാളില്‍ തക്ബീര്‍ ചൊല്ലണമെന്നത് ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- നമ്മോട് കല്‍പ്പിച്ച കാര്യമാണ്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്.)” (ബഖറ: 185)
എന്നാല്‍ ഈ പറയപ്പെട്ട തക്ബീറിന്റെ രൂപം നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന ഹദീസുകളില്‍ ഇല്ലെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാല്‍ തക്ബീര്‍ ഉള്‍ക്കൊള്ളുന്ന, സലഫുകളില്‍ നിന്ന് വന്ന ഏതു രൂപവും തക്ബീറില്‍ ചൊല്ലാവുന്നതാണ്.
ഈ വിഷയത്തില്‍ വന്ന ഹദീസുകളുടെ കൂട്ടത്തില്‍ ഏറ്റവും ബലപ്പെട്ടത് സല്മാന് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീസാണ്. അദ്ദേഹം പറഞ്ഞു:
«كَبِّرُوا اللهَ: اللهُ أَكْبَرُ اللهُ أَكْبَرُ، اللهُ أَكْبَرُ كَبِيرًا»
“നിങ്ങള്‍ അല്ലാഹുവിന് തക്ബീര്‍ പറയുക. അല്ലാഹു അക്ബറല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍ കബീറാ.” (ഫദാഇലുല്‍ ഔഖാത്/ബയ്ഹഖി: 227, ഇബ്നു ഹജര്‍ ഈ ഹദീസിന്റെ സനദ് സ്വഹീഹാണ് എന്നു പറഞ്ഞിട്ടുണ്ട്.)
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- തക്ബീര്‍ ചൊല്ലിയിരുന്നത് ഇപ്രകാരമായിരുന്നു:
«اللهُ أَكْبَرُ اللهُ أَكْبَرُ، اللهُ أَكْبَرُ وَللهِ الحَمْدُ، اللهُ أَكْبَرُ وَأَجَلُّ، اللهُ أَكْبَرُ عَلَى مَا هَدَانَا»
“അല്ലാഹു അക്ബറല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍ വ ലില്ലാഹില്‍ ഹംദ്. അല്ലാഹു അക്ബറു വ അജല്ല്! അല്ലാഹു അക്ബറു അലാ മാ ഹദാനാ.” (സുനനുല്‍ കുബ്റ: 6280)
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- ചൊല്ലിയിരുന്നത് ഇപ്രകാരമായിരുന്നു:
«اللهُ أَكْبَرُ اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ، وَاللهُ أَكْبَرُ اللهُ أَكْبَرُ وَللهِ الحَمْدُ»
“അല്ലാഹു അക്ബറല്ലാഹു അക്ബര്‍! ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍! അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.” (ത്വബ്റാനി: 9538, മുസ്വന്നഫ് ഇബ്നു അബീ ശൈബ” 5633)
എന്നാല്‍ സലഫുകളില്‍ നിന്ന് സ്ഥിരപ്പെടാത്തതോ, പില്‍ക്കാലത്തുള്ളവര്‍ പടച്ചുണ്ടാക്കിയതോ ആയ തക്ബീറിന്റെ രൂപങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഹാഫിദ് ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “തക്ബീറില്‍ ഇക്കാലത്ത് ഒരടിസ്ഥാനവുമില്ലാത്ത പല വര്‍ദ്ധനവുകളും പടച്ചുണ്ടാക്കപ്പെട്ടിരിക്കുന്നു.” (ഫത്ഹുല്‍ബാരി: 2/462)