ഐ എസ് ഐ എസിനെ കുറിച്ച് മദീനയിലെ മുഹദ്ദിസും, പ്രമുഖ പണ്ഡിതനും, അനേകം ഗ്രന്തങ്ങളുടെ രചയിതാവുമായ ശൈഖ് അബ്ദുല്‍ മുഹ്സിന്‍ അല്‍ അബ്ബാദ് -حَفِظَهُ اللَّهُ تَعَالَى- പറഞ്ഞു: “സിറിയയിലെ (ശീഈ) ഭരണകൂടവുമായി അവിടെയുള്ള മുസ്‌ലിംകള്‍ നടത്തിക്കൊണ്ടിരുന്ന കലാപവേളയില്‍ ആ നാട്ടില്‍ പ്രവേശിച്ച ഇവര്‍ (ദാഇഷികള്‍) അന്ന് മുതല്‍ അവിടെയുള്ള ഭരണകൂടത്തോട് പോരാടിക്കൊണ്ടിരിക്കുന്ന ആഹ്ലുസ്സുന്നയുടെ വക്താക്കള്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നു. കത്തി കൊണ്ട് കൊല്ലുക എന്ന -മനുഷ്യരെ കൊലപ്പെടുത്താനുള്ള വഴികളില്‍ ഏറ്റവും മോശവും, നീചവുമായ രീതിയാണ്- അവര്‍ തങ്ങളുടെ തടവുകാരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്ന കാര്യം പ്രസിദ്ധമായിരിക്കുന്നു. കഴിഞ്ഞ റമദാന്‍ മാസത്തിന്റെ ആദ്യത്തില്‍ ‘ദാഇശ്’ എന്ന പേര് മാറ്റി ‘അല്‍ ഖിലാഫതുറാഷിദ’ എന്ന പേരാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്.
അബൂ ബകര്‍ അല്‍ ബഗ്ദാദി എന്നു പേരുള്ള അവരുടെ തലവന്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്: “ഞാന്‍ നിങ്ങളുടെ മേല്‍ അധികാരം നല്‍കപ്പെട്ടവനാണ്; ഞാന്‍ നിങ്ങളെക്കാള്‍ നല്ലവനല്ല.” അവന്‍ ആ പറഞ്ഞതെന്തായാലും ശരി തന്നെ! കാരണം ഇത്തരം കൊലപാതകങ്ങളും മറ്റും ഇവന്റെ കല്‍പ്പന പ്രകാരമോ, അറിവോടെയോ ആണ് നടമാടുന്നതെങ്കില്‍ അവന്‍ തന്നെയാണ് അവരുടെ കൂട്ടത്തില്‍ ഏറ്റവും അധര്‍മ്മിയായിട്ടുള്ളത്.
ഈ വാക്കുകള്‍ ആദ്യം പറഞ്ഞത് നബി-ﷺ-ക്ക് ശേഷം മുസ്‌ലിംകളുടെ ആദ്യത്തെ ഖലീഫയായ അബൂ ബകര്‍ അസ്സിദ്ധീഖ് ആയിരുന്നു. അദ്ദേഹം ഈ ഉമ്മത്തിലെ ഏറ്റവും നല്ല മനുഷ്യനായിരിക്കെ, നബി-ﷺ-യുടെ സാക്ഷ്യം ഉണ്ടായിരിക്കെ -വിനയം കൊണ്ടായിരുന്നു- അപ്രകാരം പറഞ്ഞത്.
വിഷമകരമായ കാര്യം -കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പൊട്ടിപ്പുറപ്പെട്ട ഈ ഫിത്‌നക്ക്, ഈ കള്ളഖിലാഫത്തിന്- പരിശുദ്ധ ഹറമുകള്‍ സ്ഥിതി ചെയ്യുന്ന സഊദിയിലെ ചില യുവാക്കള്‍ക്കിടയിലും സ്വീകാര്യത ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ്. ദാഹിച്ചിരിക്കുന്നവന്‍ മരീചിക കാണുമ്പോള്‍ സന്തോഷിക്കുന്ന പോലെയായിരിക്കുന്നു അവരുടെ സന്തോഷം. പേര് പോലും വ്യകതമല്ലാത്ത -അബൂ ബകര്‍ എന്ന കുന്‍യതു മാത്രമുള്ള- ‘ഖലീഫക്ക്’ ചിലര്‍ ഇപ്പോള്‍ തന്നെ ബയ്അത്ത് നല്‍കിയിരിക്കുന്നു!
തക്ഫീറും (മുസ്‌ലിമീങ്ങളെ കാഫിറുകള്‍ എന്ന് മുദ്രകുത്തുക) ന്യായമല്ലാത്ത കൊലപാതകങ്ങളും മുഖമുദ്രയാക്കിയിട്ടുള്ള ഒരു സമൂഹത്തില്‍ നിന്ന് എങ്ങനെയാണ് നന്മ പ്രതീക്ഷിക്കാന്‍ സാധിക്കുക എന്ന് അവര്‍ ചിന്തിക്കട്ടെ!
സ്വന്തത്തെ നിയന്ത്രിക്കുകയും, എല്ലാ കുരകള്‍ക്കും പിന്നില്‍ പോവുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുകയും ചെയ്യട്ടെ! അല്ലാഹുവിന്റെ കിതാബിലേക്കും സുന്നത്തിലേക്കും, മുസ്‌ലിം ഉമ്മത്തിനോടു നസ്വീഹത്ത് വെച്ച് പുലര്‍ത്തുന്ന ഉലമാക്കളിലേക്കും മടങ്ങുക എന്നതില്‍ മാത്രമാണ് സുരക്ഷയുള്ളത് എന്ന് അവര്‍ മനസ്സിലാക്കട്ടെ.”