ചിന്തിക്കുക!

നാം ബുദ്ധിയുള്ളവരാണ്. ചിന്തിക്കാനും കാര്യങ്ങള്‍ വേര്‍തിരിച്ചെടുക്കാനും കഴിയുന്നവര്‍. പൊള്ളുന്ന തീയും തണുപ്പു നല്‍കുന്ന വെള്ളവും ഒരു പോലെയല്ലെന്നു ചെറുപ്രായം മുതല്‍ നമുക്കറിയാം. ഭയമുണ്ടാക്കുന്നതില്‍ നിന്ന് ഓടി രക്ഷപ്പെടാനും കരയാനും ചെറു പ്രായത്തില്‍ നാം പഠിച്ചിട്ടുണ്ട്.

ഏതു കാര്യത്തിലും നന്മയുണ്ട്. തിന്മയുമുണ്ട്.

ശരിയും തെറ്റുമുണ്ട്.

യോജിച്ചതും അനുയോജ്യമല്ലാത്തതുമുണ്ട്.

രണ്ടും ഒരിക്കലും സമമാകില്ല.

ഖുര്‍ആനിലെ ചില ആയതുകളില്‍ വന്ന ചോദ്യങ്ങള്‍ നോക്കുക!

قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ ﴿٥٠﴾

“പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്‌?” (അന്‍ആം: 50)

قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ أَمْ هَلْ تَسْتَوِي الظُّلُمَاتُ وَالنُّورُ ۗ

“പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ?” (റഅ്ദ്: 16)

مَثَلُ الْفَرِيقَيْنِ كَالْأَعْمَىٰ وَالْأَصَمِّ وَالْبَصِيرِ وَالسَّمِيعِ ۚ هَلْ يَسْتَوِيَانِ مَثَلًا ۚ أَفَلَا تَذَكَّرُونَ ﴿٢٤﴾

“ഈ രണ്ട് വിഭാഗങ്ങളുടെയും (മുസ്‌ലിമീങ്ങളുടെയും അല്ലാത്തവരുടെയും) ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേള്‍വിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവര്‍ ഇരുവരും ഉപമയില്‍ തുല്യരാകുമോ? അപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുനോക്കുന്നില്ലേ?” (ഹൂദ്‌: 24)

قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَةُ الْخَبِيثِ ۚ فَاتَّقُوا اللَّـهَ يَا أُولِي الْأَلْبَابِ لَعَلَّكُمْ تُفْلِحُونَ ﴿١٠٠﴾

“(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചത് ധാരാളമുണ്ടെന്നത് നിന്നെ അത്ഭുതപ്പെടുത്തിയാലും. അതിനാല്‍ ബുദ്ധിയുള്ളവരേ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിക്കുന്നതിന്.” (മാഇദ: 100)

وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ﴿١٩﴾ وَلَا الظُّلُمَاتُ وَلَا النُّورُ ﴿٢٠﴾ وَلَا الظِّلُّ وَلَا الْحَرُورُ ﴿٢١﴾ وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ

“അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല. ഇരുളുകളും വെളിച്ചവും (സമമാവുകയില്ല.) തണലും ചൂടുള്ള വെയിലും (സമമാവുകയില്ല.) ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാകുകയില്ല.” (ഫാത്വിര്‍: 19-22)

മേല്‍ പറഞ്ഞ ചോദ്യങ്ങളെ കുറിച്ച് നീ ആഴത്തില്‍ ചിന്തിക്കുക. അവയുടെ ഉത്തരം വളരെ ലളിതമാണ്. 

പ്രപഞ്ചത്തില്‍ എല്ലാം വ്യത്യസ്ത ഗുണങ്ങളും സ്വഭാവങ്ങളും ഉള്ളവയാണ്. എല്ലാം നല്ലതോ അല്ലെങ്കില്‍ മോശമോ അല്ല. മറിച്ച് നല്ലവയുണ്ട്. അല്ലാത്തവയുമുണ്ട്. ഇതു പോലെ തന്നെയാണ് വിശ്വാസങ്ങളും ചിന്താധാരകളും മതങ്ങളും ആദര്‍ശങ്ങളുമെല്ലാം. ഇതെല്ലാം വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന കാര്യം മാത്രമാണ്.

നീ ഒരു ബസ്സ്റ്റാന്റിലാണ് എന്നു സങ്കല്‍പ്പിക്കുക. എത്രയോ ബസ്സുകള്‍ അവിടെയുണ്ട്. അവയെല്ലാം ഏതാണ്ട് രൂപങ്ങളില്‍ ഒരു പോലെ തന്നെ. എന്നാല്‍ അവയെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണോ നിന്നെ എത്തിക്കുക? ബസ്സുകളെല്ലാം കാണാന്‍ ഒരു പോലെയുണ്ടെന്നത് കൊണ്ട് അവയെല്ലാം നിനക്ക് പോകാനുള്ള സ്ഥലത്തേക്കാണെന്ന് നീ മനസ്സിലാക്കുമോ? ഒരു ലളിതമായ ഉദാഹരണം മാത്രമാണിത്.

കേവലം ബോര്‍ഡിലെഴുതിയ ചില അക്ഷരങ്ങള്‍ ബസ്സിന്റെ യാത്രാ വഴികളിലും, അതെത്തി ചേരുന്ന ലക്ഷ്യസ്ഥാനങ്ങളിലും വലിയ അന്തരവും മാറ്റവുമുണ്ടാക്കുമെങ്കില്‍ മുന്‍പ് പറയപ്പെട്ട വ്യത്യാസങ്ങളും അകല്‍ച്ചകളും ഉള്‍ക്കൊള്ളുന്ന മതങ്ങളും ആദര്‍ശങ്ങളും തമ്മില്‍ എന്തു മാത്രം അന്തരവും അകല്‍ച്ചയുമുണ്ടായിരിക്കും?!

ഈ പറഞ്ഞ വ്യത്യാസങ്ങളെല്ലാം ഉണ്ടായിട്ടും, എല്ലാ മതങ്ങളും വിശ്വാസങ്ങളും ഒരു പോലെയാണെന്നും അതില്‍ ഏതെങ്കിലും തിരഞ്ഞെടുത്താല്‍ മതിയെന്നും ഇത്ര അശ്രദ്ധയോടെ പറയാന്‍ എങ്ങനെ ഒരാള്‍ക്ക് കഴിയും? ശുദ്ധമായ നന്മയെയും സല്‍കര്‍മ്മത്തെയും, നീചമായ തിന്മയെയും അനീതിയെയും ഒരേ കണ്ണോടെ വിലയിരുത്താന്‍ എങ്ങനെ സാധിക്കും?

അല്ലാഹു -تَعَالَى- പറയുന്നു:

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ

“നന്മയും തിന്മയും സമമാവുകയില്ല” (ഫുസ്വിലത്‌: 34)

നന്മകളും തിന്മകളും സമമാവില്ല എന്ന് അംഗീകരിക്കാത്ത ഏതൊരാളാണ് ഉണ്ടാവുക. കളവും സത്യവും, മോഷണവും അധ്വാനവും, വിശ്വസ്തതയും വഞ്ചനയും, ഉപദ്രവവും ഉപകാരവുമൊക്കെ ഒരു പോലെയാണോ? ഏതെങ്കിലും ബുദ്ധിയുള്ള മനുഷ്യന്‍ അപ്രകാരം പറയുമോ?

പക്ഷേ അത്ഭുതകരമെന്ന് പറയട്ടെ!

എല്ലാം നന്മയാണെന്നും, എന്തും വിശ്വസിക്കാമെന്നും, എല്ലാ മതങ്ങളും ഒന്നു തന്നെയാണെന്നും ആരെങ്കിലും പറഞ്ഞാല്‍, അവനാണ് നമ്മുടെ നാട്ടില്‍ ഏറ്റവും വലിയ ബുദ്ധിമാനായി ഗണിക്കപ്പെടുക. അവര്‍ സാംസ്കാരിക നായകരും സമാധാനത്തിന്റെ ദൂതരും! ഇന്ന മതം മാത്രമാണ് ശരിയെന്നും, മറ്റു മതങ്ങളില്‍ തെറ്റുകള്‍ ഉള്ളതിനാല്‍ അവ പിന്‍പറ്റരുത് എന്നു പറയുന്നവന്‍ തീവ്രവാദിയും!

ചുരുക്കത്തില്‍, ഏതെങ്കിലും വിശ്വാസങ്ങള്‍ തോന്നിയതു പോലെ സ്വീകരിച്ചവനും, തന്നെ സൃഷ്ടിച്ചവനായ അല്ലാഹുവില്‍ നിന്നുള്ള ദീനായ ഇസ്‌ലാമില്‍ അടിയുറച്ചു വിശ്വസിച്ചവനും തമ്മില്‍ ഒരു പോലെ ആവുകയില്ല.

അപ്പോള്‍ പിന്നെ ഏതു മതമാണ്‌ ശരി?

ഏത് ആദര്‍ശമാണ് പിന്‍പറ്റേണ്ടത്?

ആരു പറയുന്നതാണ് ശരി?

ഇത് ഓരോരുത്തരും കണ്ടെത്തേണ്ടതുണ്ട്. കാരണം സത്യം പിന്‍പറ്റുക എന്നത് ഏതു മനുഷ്യനും വളരെ ആവശ്യമാണ്‌. കാരണം അവന്‍ മൃഗങ്ങളെയോ പക്ഷികളെയോ പോലെ അല്ല. അവന്റെ ജീവിതത്തിന് പിന്നില്‍ ലക്ഷ്യവും കൃത്യതയുമുണ്ട്. ചിന്തിക്കാന്‍ ബുദ്ധി ശക്തിയും മഹത്തരമായ സൃഷ്ടിപ്പും അവന് നല്‍കപ്പെട്ടിരിക്കുന്നു.

അതിനാല്‍ സത്യം കണ്ടെത്തണം. എന്തുണ്ട് വഴി?

എല്ലാ മതങ്ങളെ കുറിച്ചും ഒരു കേവല വായന വേണമെങ്കില്‍ നിനക്ക് നടത്താം.

ഞാന്‍ മനസ്സിലാക്കുന്നത് -അല്ല! ഉറച്ചു വിശ്വസിക്കുന്നത്- ഇതാണ്:

ഏറ്റവും ശരിയായ മതം ഇസ്‌ലാമാണ്. അല്ല! ഇസ്‌ലാം മാത്രമാണ് പൂര്‍ണ്ണ ശരി. നിന്നെയും എന്നെയും സൃഷ്ടിച്ച അല്ലാഹുവില്‍ നിന്ന് അവതരിക്കപ്പെട്ടു എന്ന് ഉറപ്പോടെ പറയാവുന്ന ഏക മതം അതു മാത്രമാണ്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ ഞാനീ പറയുന്നത് നിനക്കും മനസ്സിലാകാതിരിക്കില്ല.

ഇസ്‌ലാം നന്മകളിലേക്കും സല്‍കര്‍മ്മങ്ങളിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്. മറ്റു മതങ്ങളാകട്ടെ; ധാരാളം തിന്മകളിലേക്കും അനീതികളിലേക്കും.

اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾

“(ഇസ്‌ലാമില്‍) വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ കാഫിറുകളുടെ രക്ഷാധികാരികള്‍ ത്വാഗൂതുകള്‍ (അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്നവ) ആകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് അവര്‍ ഇവരെ നയിക്കുന്നത്‌. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.” (ബഖറ: 257)

ഇസ്‌ലാം സ്വീകരിക്കുകയും നന്മകള്‍ സ്വീകരിക്കുകയും ചെയ്തവര്‍ നന്മയുടെ പക്ഷത്താണ്. എന്നാല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുകയും ഇസ്‌ലാമിനെ നിഷേധിക്കുകയും ചെയ്തവര്‍ തിന്മയുടെ പക്ഷത്തുമാണ്. ഒരിക്കലും രണ്ടു പേരും സമമാവുകയില്ല

وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَّا تَتَذَكَّرُونَ ﴿٥٨﴾

“അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. (ഇസ്‌ലാമില്‍) വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. കുറച്ചു മാത്രമേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.” (ഗാഫിര്‍: 58)

ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് സ്വര്‍ഗമുണ്ട്. അല്ലാത്തവര്‍ക്ക് നരകവും. ഇഹലോകത്ത് ഇസ്‌ലാമും അതിന് പുറമെയുള്ള മതങ്ങളും സമമാകില്ലെന്നത് പോലെ പരലോകത്ത് സ്വര്‍ഗക്കാരും നരകക്കാരും സമമാവുകയില്ല. ഒരാള്‍ സ്വര്‍ഗാനുഭൂതികളിലാണ്. അവന് ആഗ്രഹിക്കുന്നതെല്ലാം അവിടെയുണ്ട്. താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. ഉന്നതരും സച്ചരിതരുമായ കൂട്ടുകാരുണ്ട്.

എന്നാല്‍ ഇസ്‌ലാം സ്വീകരിക്കാത്തവനാകട്ടെ; നരകത്തിന്റെ അടിത്തട്ടുകളിലാണ്. കത്തിജ്വലിക്കുന്ന അഗ്നിനാളങ്ങള്‍ അവനെ പൊതിഞ്ഞിരിക്കുന്നു. കടുത്ത ചൂടും പുകയും അവനെ കരിച്ചു കളഞ്ഞിരിക്കുന്നു. വിശപ്പു മാറ്റാന്‍ ഭക്ഷണമോ, കുടിക്കാന്‍ വെള്ളമോ അവന് അവിടെ ലഭിക്കുകയില്ല.

لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ ۚ أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ ﴿٢٠﴾ 

“നരകാവകാശികളും സ്വര്‍ഗാവകാശികളും സമമാകുകയില്ല. സ്വര്‍ഗാവകാശികള്‍ തന്നെയാകുന്നു വിജയം നേടിയവര്‍.” (ഹശ്ര്‍: 20)

أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ ﴿١٨﴾ أَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ جَنَّاتُ الْمَأْوَىٰ نُزُلًا بِمَا كَانُوا يَعْمَلُونَ ﴿١٩﴾ وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ ۖ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنتُم بِهِ تُكَذِّبُونَ ﴿٢٠﴾

“അപ്പോള്‍ മുസ്‌ലിമായിരുന്നവന്‍ ഫാസിഖ് (ധിക്കാരി) ആയിരുന്നവനെ പോലെയാണോ? അവര്‍ തുല്യരാകുകയില്ല. എന്നാല്‍ (ഇസ്‌ലാമില്‍) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് -തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പേരില്‍ ആതിഥ്യമായിക്കൊണ്ട്‌- താമസിക്കുവാന്‍ സ്വര്‍ഗത്തോപ്പുകളുള്ളത്‌.

എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക് തന്നെ അവര്‍ തിരിച്ചയക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ച് തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.” (സജ്ദ: 18-20)

ചുരുക്കത്തില്‍ നന്മകളും തിന്മകളും തമ്മില്‍ വ്യത്യാസമുണ്ട്. നന്മ അറിയിക്കുന്ന ഇസ്‌ലാം മതവും നന്മകളും തിന്മകളും കൂടിക്കലര്‍ന്ന ഇസ്‌ലാമേതര മതങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. നന്മ സ്വീകരിച്ച മുസ്‌ലിമും അല്ലാത്തവരും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടു പേരുടെയും മരണങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. മരണശേഷമുള്ള അവരുടെ ജീവിതത്തിലും വ്യത്യാസങ്ങളുണ്ട്.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment