ചെറുകുറിപ്പുകള്‍

വാര്‍ത്തകളില്‍ പ്രചരിച്ചതും എനിക്ക് പറയാനുള്ളതും…

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അല്‍-അസ്വാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെ കുറിച്ച് ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി. മുസ്ലിം ഡോക്ടര്‍മാരെ ബാധിക്കുന്ന ഇസ്ലാമികമായ ചില നിയമങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പ്രസ്തുത ലേഖനത്തില്‍ നിന്ന് തെറ്റിദ്ധാരണ പരത്താന്‍ സാധ്യമാകുന്ന രൂപത്തില്‍ ചില ഭാഗങ്ങള്‍ എടുത്തു കൊടുക്കുക എന്ന ഹീനമായ പ്രവൃത്തിയാണ്‌ മാധ്യമങ്ങള്‍ ചെയ്തിട്ടുള്ളത് എന്നു പറയാതെ വയ്യ.

ലേഖനത്തിലെ രണ്ട് പരാമര്‍ശങ്ങളാണ് വളരെ വലിയ അപരാധമെന്ന നിലക്ക് ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. നസ്വാറാക്കളുടെ കുരിശ് ചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന റെഡ്ക്രോസ് ചിഹ്നം ഒഴിവാക്കാന്‍ പറഞ്ഞു എന്നതാണ് ഒന്നാമത്തെ കാര്യം. സ്ത്രീകളെ ചികിത്സിക്കുമ്പോള്‍ അനിവാര്യമാണെങ്കില്‍ മാത്രമേ അവരെ സ്പര്‍ശിക്കാവൂ എന്ന് പറഞ്ഞതാണ് രണ്ടാമത്തേത്.

ക്രിസ്തു ദൈവപുത്രനാണെന്നും, മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമായി അദ്ദേഹം കുരിശില്‍ തറക്കപ്പെട്ടു എന്നുമുള്ള നസ്വാറാക്കളുടെ വിശ്വാസത്തില്‍ നിന്നാണ് കുരിശും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉടലെടുത്തത്. കുരിശിന്റെ രൂപങ്ങള്‍ രണ്ട് വകഭേദങ്ങളില്‍ ഉണ്ട്. അതിലൊന്നാണ് പൊതുവെ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ചിഹ്നം. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന് ഒരു പുത്രനുണ്ടായി എന്നു പറയല്‍ വളരെ ഗുരുതരമായ തിന്മയാണ്. ഏതൊരു ബുദ്ധിയുള്ള മനുഷ്യനും അപ്രകാരം തന്നെയാണ് മനസ്സിലാവുക. അതിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിഹ്നം പടച്ചുണ്ടാക്കി മുസ്ലിം ഡോക്ടര്‍മാര്‍ അതവരുടെ മുറികളില്‍ പതിച്ചു വെക്കണമെന്ന് നിര്‍ബന്ധിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ അങ്ങേയറ്റത്തെ അസഹിഷ്ണുതയും വിവരക്കേടും തീവ്രവാദവും?

വിഗ്രഹാരാധനയെ എതിര്‍ക്കുന്ന അനേകം തെളിവുകള്‍ ഇസ്ലാമിക പ്രമാണങ്ങളില്‍ ഉണ്ട്. കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, ഒരുപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നവര്‍ വിഗ്രഹാരാധനക്കെതിരെയുള്ള ആയതുകളും ഹദീസുകളും ഒട്ടിച്ചു വെക്കണമെന്ന് ഏതെങ്കിലും ഇസ്ലാമിക രാജ്യം നിയമം ഇറക്കിയാല്‍ ഇതേ പത്രക്കാര്‍ ‘അയ്യോ! അസഹിഷ്ണുത! അസഹിഷ്ണുത!’ എന്നെഴുതി പിടിപ്പിക്കില്ലേ?! ഇതേ പോലെ തന്നെ നസ്വാറാക്കളുടെയും കാര്യം. എന്നാല്‍ മുസ്ലിം ഡോക്ടര്‍മാര്‍ അവരുടെ വിശ്വാസത്തിന് കടകവിരുദ്ധമായ ഒരു കാര്യം സൂചിപ്പിക്കുന്ന ചിഹ്നം തങ്ങളുടെ ക്ലിനിക്കില്‍ വെക്കരുതെന്ന് എഴുതിയപ്പോഴത്തേക്ക് നിങ്ങള്‍ക്ക് ഇത്ര പ്രശ്നമുണ്ടാകുന്നത് എന്തു കൊണ്ടാണ്?!

-എന്റെ ലേഖനത്തില്‍ സൂചിപ്പിച്ച പോലെ- ഇസ്ലാമിക വിശ്വാസത്തിന് ഏറ്റവും കടക വിരുദ്ധമായ വിശ്വാസമാണ് അല്ലാഹുവിന് ഒരു മകന്‍ ഉണ്ടായി എന്ന ആരോപണം. മനുഷ്യര്‍ക്കിടയില്‍ പോലും ഒരു ജാരസന്തതി ഉണ്ട് എന്ന് ആരോപിക്കല്‍ വളരെ ഗുരുതരമായ കാര്യമാണ്. പത്രത്തില്‍ റിപ്പോര്‍ട്ട് എഴുതിയ ലേഖകനോ അദ്ദേഹത്തിന്റെ പിതാവിനോ അവിഹിത ബന്ധത്തില്‍ ഒരു കുഞ്ഞുണ്ടായി എന്നു പറഞ്ഞുണ്ടാക്കുകയും, അത് നാടൊട്ടാകെ എഴുതി പ്രചരിപ്പിക്കുകയും ചെയ്‌താല്‍ അതിനോട് അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും?!

ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് കുഞ്ഞുണ്ടായി എന്നു പ്രചരിപ്പിക്കല്‍ ഈ പറഞ്ഞതിനെക്കാളെല്ലാം വികൃതമാണ്. അതിനെ ഓര്‍മ്മപ്പെടുത്തുന്ന ചിഹ്നങ്ങള്‍ ഒരു മുസ്ലിം എന്ന നിലക്ക് നമുക്ക് അനുവദനീയമല്ല. കുരിശിന്റെ രൂപങ്ങള്‍ നബി -ﷺ- മാറ്റി വെക്കാറുണ്ടായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. നാളെ നബി -ﷺ- യെയും കടുത്ത തീവ്രവാദി എന്ന് ഇതേ എഴുത്തുകാര്‍ വിശേഷിപ്പിക്കുമോ? വിശേഷിപ്പിക്കും എന്നാണ് ഉത്തരമെങ്കില്‍ അതേ വിശേഷണം കൊണ്ട് എന്നെയും ആക്ഷേപിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നെ പറയാനാവൂ.

ഇസ്ലാം ഏകനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് കര്‍ശനമായി നിര്‍ദേശിച്ച മതമാണ്‌. അതിന് വിരുദ്ധമാകുന്ന ഏതൊരു കാര്യത്തോടും ശക്തമായ നിലപാടുകള്‍ ഇസ്ലാമില്‍ ദര്‍ശിക്കാന്‍ കഴിയും. ഞങ്ങളുടെ നബിയായ മുഹമ്മദ്‌ നബി -ﷺ- യെ ഞങ്ങള്‍ സ്വന്തം ജീവനെക്കാള്‍ സ്നേഹിക്കുന്നുണ്ട്; എന്നാല്‍ അവിടുത്തെ പോലും അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഞങ്ങള്‍ ഉയര്‍ത്തുകയില്ല.

‘അല്ലാഹുവും നിങ്ങളും ഉദ്ദേശിച്ചാല്‍’ എന്ന് പറഞ്ഞ വ്യക്തിയോട് ‘നീയെന്നെ അല്ലാഹുവിന് തുല്യനാക്കുകയാണോ?’ എന്ന് ദേഷ്യത്തോടെ ചോദിച്ച നബി -ﷺ- യുടെ മാതൃക മനസ്സില്‍ വെക്കുന്നവരാണ് ഞങ്ങള്‍. അതിനാല്‍ ഓരോ കാര്യത്തിലും ഞങ്ങള്‍ -മുസ്ലിംകള്‍ക്ക്- കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. അവക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. ഇസ്ലാമിക വിശ്വാസത്തോട് കടക വിരുദ്ധമാണ് കുരിശിന്റെ ചിഹ്നങ്ങള്‍ എന്ന കാര്യത്തില്‍ ഒരാള്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല. അത്തരമൊരു കാര്യം മുസ്ലിം ഡോക്ടര്‍മാര്‍ തങ്ങളുടെ മുറികളില്‍ തൂക്കിയിടണം എന്നു വാശി പിടിക്കുന്നതാണ് യഥാര്‍ത്ഥ വിവരക്കേട് എന്ന് വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ.

രണ്ടാമത്തെ കാര്യം സ്ത്രീകളെ നിര്‍ബന്ധ സാഹചര്യത്തിലേ പുരുഷ ഡോക്ടര്‍മാര്‍ സ്പര്‍ശിക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞതാണ്. എന്താണ് ഈ പറഞ്ഞതിലെ പ്രശ്നമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വൃത്തികേടുകളും വളരെ വര്‍ദ്ധിച്ച ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ച്. സമൂഹത്തിലെ ചീഞ്ഞളിഞ്ഞ ചിത്രങ്ങള്‍ പാടുപെട്ട് പുറത്തെത്തിക്കാന്‍ ശ്രമിക്കുന്ന പത്രക്കാരെ പോലെ ഒരു വിഭാഗത്തിന് ഇതു മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകാന്‍ പാടില്ലായിരുന്നു. എന്തിന്! പത്ര ലേഖകരുടെ ലൈംഗിക അതിക്രമങ്ങള്‍ കാരണത്താല്‍ ആത്മഹത്യ ചെയ്ത പത്രക്കാരായ സ്ത്രീകളുടെ തന്നെ കഥകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും വായിക്കാന്‍ കഴിഞ്ഞ ഈ സാഹചര്യത്തില്‍ ഒരിക്കലും ഇത്തരം റിപ്പോര്‍ട്ടുകള്‍ എഴുതി പുറത്തു വിട്ടവര്‍ അതു മറക്കാന്‍ പാടില്ലായിരുന്നു.

ക്ലിനിക്കുകളില്‍ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു എന്ന പരാതിയുമായി വന്ന സ്ത്രീകള്‍ എത്രയോ നമ്മുടെ നാട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിലേക്ക് സ്ത്രീയെ തള്ളി വിടാന്‍ പാടില്ല എന്നു പറഞ്ഞതാണോ ഞാന്‍ ചെയ്ത തെറ്റ്?! ഇസ്ലാം സ്ത്രീക്ക് ഉണ്ടാകുന്ന ഇത്തരം പ്രയാസങ്ങളെ തടയാനും അവരെ സംരക്ഷിക്കാനും സാധ്യമാകുന്ന എല്ലാ വഴികളും നിര്‍ദേശിച്ചിട്ടുണ്ട്. വളരെ കൊട്ടിഘോഷിക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യം സാധ്യമായ രൂപത്തിലെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുന്ന നമ്മുടെ നാട്ടിലും, ഈ വിഷയത്തിലെ ഇസ്ലാമിക വിധിവിലക്കുകള്‍ പാലിക്കുന്ന നാടുകളിലും സ്ത്രീകളുമായി ബന്ധപ്പെട്ട് നടക്കുന്ന അതിക്രമങ്ങളുടെ എണ്ണത്തില്‍ ഉള്ള വ്യത്യാസം മാത്രം ശ്രദ്ധിച്ചാല്‍ മതി ഈ കാര്യം മനസ്സിലാകാന്‍.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം തന്റെ ശരീരത്തില്‍ അന്യായമായി ഒരു പുരുഷന്‍ സ്പര്‍ശിക്കുക എന്നതും, അവളെ മോശവും വുത്തികെട്ടതുമായ നിലയില്‍ ഉപയോഗപ്പെടുത്തുന്നതും ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളോട് സംസാരിച്ചു നോക്കൂ! അവരനുഭവിക്കുന്ന വേദനയുടെ കാഠിന്യം നിങ്ങള്‍ക്ക് മനസ്സിലാകും. ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നവരുടെ ഭാര്യമാര്‍ക്കോ മക്കള്‍ക്കോ ഇതേ അനുഭവം ഉണ്ടായാല്‍ അയാള്‍ക്ക് അത് തൃപ്തികരമാകുമോ? അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള വഴി മാത്രമാണ് ഞാന്‍ എന്റെ ലേഖനത്തില്‍ നിര്‍ദേശിച്ചത്.

അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതില്‍ ഒരാള്‍ക്കും അഭിപ്രായവ്യത്യാസമില്ല. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇസ്ലാം നിര്‍ദേശിച്ച ഈ പരിഹാരമല്ലാതെ എന്തു പ്രായോഗികമായ പരിഹാരമാണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാനുള്ളത് എന്നു പറഞ്ഞു തരൂ. അങ്ങനെയെങ്കില്‍ ഇസ്ലാമിന്റെ നിലപാടിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമുണ്ടാകുമായിരുന്നു.

ചിലര്‍ പറയുന്നത്: പുരുഷന്മാര്‍ എല്ലാം നന്നായാല്‍ അതോടെ പ്രശ്നം അവസാനിക്കുമെന്നാണ്. അവരോടു പറയാനുള്ളത് നിങ്ങള്‍ പുരുഷന്മാരെ എല്ലാം നന്നാക്കിയതിന് ശേഷം സ്ത്രീകളോട് പുറത്തിറങ്ങാന്‍ പറയൂ എന്നാണ്. എല്ലാ പുരുഷന്മാരും നന്നാവുക എന്നത് ഒരു സമൂഹത്തില്‍ ഒരിക്കലും സാധ്യമാകുന്ന കാര്യമല്ല. ആണ് എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അവര്‍ അത് പ്രാവര്‍ത്തികമാക്കി കാണിച്ചു തരട്ടെ.

ഒരു ഡോക്ടര്‍ പ്രതികരണമെഴുതി അയച്ചു: “യഥാര്‍ത്ഥ ഡോക്ടര്‍ തന്റെ മുന്നില്‍ വരുന്ന രോഗിയെ കാമാസക്തിയോടെ നോക്കില്ല” എന്നാണ് അദ്ദേഹം പറയുന്നത്. എങ്ങനെയാണ് ഈ യഥാര്‍ത്ഥ ഡോക്ടറെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുക. ‘ഒരു യഥാര്‍ത്ഥ മനുഷ്യന്‍ മറ്റുള്ളവരുടെ സമ്പാദ്യം മോഷ്ടിക്കില്ലെന്ന്’ എനിക്കും പറയാം; ഇതേ ന്യായപ്രകാരം ആരെങ്കിലും അവനവന്റെ വീട് മലര്‍ക്കെ തുറന്നിട്ട്‌ പുറത്തു പോകുമോ? എത്ര ബാലിശമാണ് വിദ്യാഭ്യാസമുണ്ട് എന്ന് പറയപ്പെടുന്നവരുടെ പോലും ന്യായങ്ങള്‍ എന്നു ചിന്തിച്ചു നോക്കൂ!

ചിലര്‍ പറയുന്നത്: സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ -പീഡനങ്ങള്‍ പോലുള്ളവ- വളരെ നിസ്സാരമായി കണക്കാക്കണമെന്നാണ്. സ്ത്രീ പക്ഷവാദികളുടെ മുന്നില്‍ നിലകൊള്ളുന്ന ഒരു സ്ത്രീ അടുത്തിടെ പീഡിപ്പിക്കപ്പെട്ട മറ്റൊരു സ്ത്രീയോട് ‘ശരീരത്തില്‍ ഒരു ചെളി തെറിച്ചതു പോലെ കണക്കാക്കിയാല്‍ മതി മോളേ’ എന്ന് ഉപദേശിച്ചു കൊടുക്കുന്നത് കേട്ടു. എത്ര അശ്ലീലവും ക്രൂരവുമാണ്‌ അവരുടെ വാക്കുകള്‍! നിന്റെ സമ്പാദ്യം മോഷ്ടിക്കുകയോ, നിന്റെ കുടുംബത്തിലെ ആരെയെങ്കിലും കൊലപ്പെടുത്തുകയോ ചെയ്തതിന് ശേഷം ‘അതൊരു ചെളി തെറിച്ചത്‌ പോലെ കണക്കാക്കിയാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? സ്വന്തം കുടുംബത്തില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അറിയാം ‘ഒരു ചെളി തെറിച്ചത്‌ പോലെ’ എന്നു പറയാന്‍ കഴിയുന്ന സംഭവമല്ല ഇതെന്ന്. 

ഇസ്ലാമിന്റെ കണ്ണില്‍ ഒരാളുടെ ജീവന്‍ സംരക്ഷിക്കുന്നത് പോലെ -തുല്യമായ നിലവാരത്തില്‍- സംരക്ഷിക്കപ്പെടേണ്ടതാണ് അയാളുടെ അഭിമാനം. അത് പിച്ചിചീന്തപ്പെടുക എന്നത് ഒരു ചെളി തെറിക്കുന്ന പോലെ നിസ്സാരമല്ല. അതിനാല്‍ മനുഷ്യരുടെ അഭിമാനം സംരക്ഷിക്കാന്‍ ശക്തമായ നിയമ നടപടികള്‍ ഇസ്ലാമിക സംവിധാനത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ നമ്മുടെ നാട്ടില്‍ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഒരു നിയന്ത്രണവുമില്ലാതെ കയറി നിരങ്ങാവുന്ന വില കുറഞ്ഞ വിഭവം മാത്രമാണ് മനുഷ്യന്റെ അഭിമാനം. ഇത്തരമൊരു ചിന്ത മനസ്സില്‍ വെക്കുന്ന സമൂഹത്തില്‍ നിന്ന് ഇങ്ങനെയുള്ള പ്രതികരണങ്ങള്‍ ഉണ്ടായില്ലെങ്കിലാണ് അത്ഭുതം.

ഒപ്പം പറയട്ടെ. പത്രവാര്‍ത്തകളില്‍ ഞാന്‍ എഴുതിയ ലേഖനത്തെ കുറിച്ച് ഏറ്റവും മോശമായ രൂപത്തില്‍ പ്രചരിപ്പിക്കുമ്പോഴും അതില്‍ പറഞ്ഞ എത്രയോ നന്മ നിറഞ്ഞ കാര്യങ്ങളെ കുറിച്ച് വളരെ നീചമായ നിശബ്ദതയാണ് പലരും പാലിച്ചത്. ഡോക്ടര്‍മാര്‍ പാലിച്ചിരിക്കേണ്ട ധാര്‍മ്മിക ഉത്തരവാദിത്തത്തെ കുറിച്ച് ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുകയും, അതില്‍ നിന്ന് പിന്തിരിയുന്ന ഏതൊരു നടപടിയും ഇസ്ലാമികമായി വളരെ ഗുരുതരമായ തിന്മയാണെന്ന് താക്കീത് നല്‍കുകയും ചെയ്ത ഒരു ലേഖനത്തെ വെറും വിവാദ വിഷയങ്ങള്‍ മാത്രം പറഞ്ഞ ഒരു കുറിപ്പായി തരം താഴ്ത്തിയത് മാധ്യമ ഹിജഡകളുടെ എക്കാലവുമുള്ള ജോലിയായത് കൊണ്ട് അതില്‍ അത്ഭുതമില്ല. എന്നാല്‍ നീതിയോടൊപ്പം നിലകൊള്ളേണ്ടവര്‍ പോലും അവക്ക് കൂട്ടു പിടിക്കുകയും ഇത്തരം കളവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും അത്ഭുതം തോന്നുന്നു.

ലേഖനം ദൈര്‍ഘ്യമേറും എന്ന ഭയത്തില്‍ ഇവിടെ നിര്‍ത്തട്ടെ. അവസാനമായി പറയാനുള്ളത് ഇത്ര മാത്രമാണ്. നിങ്ങള്‍ക്ക് പ്രചരിപ്പിക്കാനുള്ളത് പ്രചരിപ്പിച്ചോളൂ. എഴുതാനുള്ളത് എഴുതിക്കോളൂ. സത്യം എന്താണെന്ന് വഴിയെ ജനങ്ങള്‍ മനസ്സിലാക്കുക തന്നെ ചെയ്യും; ഒന്നല്ലെങ്കില്‍ മരിക്കുന്നതിന് മുന്‍പ്; ഇല്ലെങ്കില്‍ മരണ ശേഷം പരലോകത്ത്. ആരെങ്കിലും സൂക്ഷ്മതയോടെ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ സത്യം അന്വേഷിച്ചു കണ്ടെത്തുകയും, അത് പിന്‍പറ്റുകയും ചെയ്യട്ടെ. ഇല്ലാത്തവര്‍ക്ക് പരിഹസിക്കാം; അവര്‍ പരിഹസിക്കപ്പെടുന്ന സമയം ഏറെയൊന്നും ദൂരെയല്ല. അവര്‍ക്ക് കേട്ടാലറക്കുന്ന ചീത്തകള്‍ വിളിക്കുകയും എഴുതുകയും ചെയ്യാം; അവര്‍ ആട്ടിയോടിക്കപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്യുന്ന പരലോകം ഏറെയൊന്നും വിദൂരവുമല്ല.

وَإِن تَدْعُوهُمْ إِلَى الْهُدَىٰ لَا يَسْمَعُوا ۖ وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لَا يُبْصِرُونَ ﴿١٩٨﴾ خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ﴿١٩٩﴾

“നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ കേള്‍ക്കുകയില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്ക് കാണാം. എന്നാല്‍ അവര്‍ കാണുന്നില്ല താനും. നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അറിവില്ലാത്തവരില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.” (അഅറാഫ്: 198-199)

سُبْحَانَ رَبِّكَ رَبِّ العِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى المُرْسَلِينَ وَالحَمْدُ لِلَّهِ رَبِّ العَالَمِينََ

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

– അബ്ദുല്‍ മുഹ്സിന്‍ ഐദീദ്, പൊന്നാനി.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: