1- എന്താണ് ഇഅ്തികാഫ്? ഇഅ്തികാഫ് ഇരിക്കുന്നതിന്റെ ശ്രേഷ്ഠതകൾ എന്താണ്?

ഇഅ്തികാഫ് എന്നാൽ ഇബാദതുകളിൽ മുഴുകുക എന്ന ഉദ്ദേശത്തിൽ ഏതെങ്കിലും മസ്ജിദിൽ കഴിഞ്ഞു കൂടലാണ്. ഇഅ്തികാഫിന്റെ വിഷയത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ ഈ പറഞ്ഞതിൽ ചെറിയ വ്യത്യാസങ്ങൾ ചില പണ്ഡിതോദ്ധരണികളിൽ കണ്ടേക്കാം. എന്നാൽ മേലെ നാം നൽകിയ അഭിപ്രായത്തിൽ പൊതുവെ എല്ലാവരും യോജിച്ചിട്ടുണ്ട്.

ഇഅ്തികാഫ് എന്ന ഇബാദത് മുൻകഴിഞ്ഞ സമുദായങ്ങൾക്ക് വരെ നിശ്ചയിക്കപ്പെട്ട ഇബാദതുകളിൽ ഒന്നാണ്. കഅ്ബയുടെ പുനർനിർമ്മാണത്തിന് കൽപ്പിച്ചു കൊണ്ട് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞതു നോക്കൂ:

وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾

“ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്ന് ഇബ്രാഹീമിന്നും ഇസ്മാഈലിന്നും നാം കല്‍പന നൽകുകയും ചെയ്തു.” (ബഖറ: 125)

മർയം -عَلَيْهَا السَّلَامُ- അല്ലാഹുവിന് വേണ്ടി ബയ്തുൽ മഖ്ദിസിൽ ഇഅ്തികാഫ് ഇരുന്ന ചരിത്രം വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടതും ഇവിടെ സ്മരണീയമാണ്. അല്ലാഹു -تَعَالَى- മർയം -عَلَيْهَا السَّلَامُ- യെ കുറിച്ച് പറയുന്നു:

فَاتَّخَذَتْ مِن دُونِهِمْ حِجَابًا

“എന്നിട്ട് അവര്‍ കാണാതിരിക്കാന്‍ അവർ (മർയം) ഒരു മറയുണ്ടാക്കി.” (മർയം: 17)

كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ

“അവരുടെ (മർയമിന്റെ) അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവരുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണിത് കിട്ടിയത്‌? അവർ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു.” (ആലു ഇംറാൻ: 37)

“മർയം -عَلَيْهَا السَّلَامُ- മസ്ജിദുൽ അഖ്സ്വയിൽ മിഹ്രാബിന്റെ ഭാഗത്തായാണ് കഴിഞ്ഞു കൂടിയിരുന്നത്. അവർ തന്റെ കുടുംബത്തിൽ നിന്ന് മാറി, കിഴക്ക് ഭാഗത്തായി അവരിൽ നിന്നൊരു മറ സ്വീകരിച്ചു കൊണ്ടാണ് കഴിഞ്ഞിരുന്നത്. ഇത് മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കൽ തന്നെയാണ്.” (ശർഹുൽ ഉംദഃ: 2/748)

മക്കയിലെ മുശ്രിക്കുകൾക്കും ഇഅ്തികാഫ് എന്ന കർമ്മം മുൻപേ തന്നെ അറിയാമായിരുന്നു എന്നാണ് ഹദീഥുകളിൽ നിന്ന് മനസ്സിലാകുന്നത്. ഉമർ -رَضِيَ اللَّهُ عَنْهُ- മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് ഇരിക്കാം എന്ന് ജാഹിലിയ്യത്തിൽ നേർച്ച നേർന്നിരുന്നു. അത് പൂർത്തീകരിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ‘നിന്റെ നേർച്ച പൂർത്തീകരിക്കുക’ എന്ന് നബി -ﷺ- ഉത്തരം നൽകിയതായി കാണാം. (ബുഖാരി: 2043)

അതോടൊപ്പം നബി -ﷺ- മരണം വരെ റമദാനിലെ അവസാനത്തെ പത്തുകളിലും, ചിലപ്പോൾ ആദ്യത്തെയും മദ്ധ്യത്തിലെയും പത്തുകളിലും ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. നബി -ﷺ- യെ പിൻപറ്റുക എന്നത് മഹത്തരമായ കർമ്മമാണ് എന്നതിൽ സംശയമില്ല.

2- എന്തു കൊണ്ടാണ് ഇഅ്തികാഫ് പുണ്യകർമ്മമായി നിശ്ചയിക്കപ്പെട്ടത്?

ഓരോ ഇബാദതുകളും പുണ്യകർമ്മമായി നിശ്ചയിച്ചതിന് പിന്നിൽ അല്ലാഹുവിന് അറിയാവുന്ന അനേകം ലക്ഷ്യങ്ങളും യുക്തികളുമുണ്ടായിരിക്കും. അവയിൽ എല്ലാം അറിയാൻ മനുഷ്യന് സാധിച്ചു കൊള്ളണമെന്നില്ല. എന്നാൽ ചിലതെല്ലാം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. ഇഅ്തികാഫ് എന്ന മഹത്തരമായ ഇബാദതിൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന അനേകം ഘടകങ്ങളുണ്ട് എന്നതിൽ സംശയമില്ല.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഓരോ മനുഷ്യനും അവന് ഇഷ്ടവും ആദരവുമുള്ളവരോടൊപ്പമാണ് കൂടിയിരിക്കുകയും ചേർന്നു നിൽക്കുകയും ചെയ്യുക. ബഹുദൈവാരാധകർ അവരുടെ വിഗ്രഹങ്ങളുടെയും ആരാധ്യവസ്തുക്കളുടെയും കൂടെ തന്നെ ചടഞ്ഞിരിക്കുന്നത് കാണാം. തിന്മകളിൽ മുഴുകിയവർ അവരുടെ തിന്മകൾ ലഭിക്കുന്നയിടങ്ങളിൽ കൂടിയിരിക്കുന്നതും കാണാം. എന്നാൽ അല്ലാഹു അവന്റെ വിശ്വാസികളായ ദാസന്മാർക്കായി അവരുടെ റബ്ബിന്ന് വേണ്ടി ഇഅ്തികാഫിരിക്കുന്നത് ഇബാദതായി നിശ്ചയിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം സ്മരിക്കാനും അവനെ ആരാധിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അതിന് വേണ്ടി മാത്രമായി നിർമ്മിക്കപ്പെട്ട മസ്ജിദാണ് എന്നതിനാലാണ് ഇഅ്തികാഫ് മസ്ജിദിൽ നിർവ്വഹിക്കുവാൻ നിശ്ചയിക്കപ്പെട്ടത്.” (ശർഹുൽ ഉംദഃ: 2/707)

3- എന്താണ് ഇഅ്തികാഫിന്റെ പിന്നിലുള്ള ലക്ഷ്യം?

ഇഅ്തികാഫ് മഹത്തരമായ ഒരു ഇബാദത്താണ്. ഒരാൾ ഇഅ്തികാഫിൽ നിന്ന് വിരമിക്കുമ്പോൾ അല്ലാഹുവുമായുള്ള അയാളുടെ ബന്ധത്തിൽ വലിയ മാറ്റങ്ങളും ഈമാനികമായ വർദ്ധനവും അയാൾക്ക് സംഭവിക്കേണ്ടതുണ്ട്. ഇഅ്തികാഫിനെ കുറിച്ച് ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞ മനോഹരമായ ചില വാക്കുകൾ ഇവിടെ ആശയസംഗ്രഹമായി നൽകട്ടെ.

ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിലേക്കുള്ള ഈ യാത്രയിൽ ഹൃദയം ശരിയാകുവാനുള്ള ഏകവഴി അത് അല്ലാഹുവിന്റെ സ്മരണയിൽ അഭയം പ്രാപിക്കുകയും, പരിപൂർണ്ണമായി അല്ലാഹുവിലേക്ക് തിരിയുകയും ചെയ്യുക എന്നതാണ്. എന്നാൽ അല്ലാഹുവിലേക്കുള്ള പ്രയാണത്തിൽ ഹൃദയത്തിന്റെ കടിഞ്ഞാൺ നഷ്ടപ്പെടുത്തുന്ന ധാരാളം കാര്യങ്ങളുണ്ട്. ഭക്ഷണം അധികരിപ്പിക്കുന്നതും, ധാരാളമായുള്ള സംസാരങ്ങളും, ജനങ്ങളുമായുള്ള കൂടിക്കലരലും, അധികം ഉറങ്ങുന്നതുമെല്ലാം ഹൃദയത്തെ പലയിടത്തായി ചിതറിക്കും. അത് അല്ലാഹുവിലേക്കുള്ള സഞ്ചാരത്തെ ദുർബലപ്പെടുത്തുകയോ, അതിന് തടസ്സം സൃഷ്ടിക്കുകയോ, തടഞ്ഞു നിർത്തുകയോ ചെയ്തേക്കാം.

ഭക്ഷണപാനീയങ്ങളിലൂടെ ഹൃദയത്തിന് സംഭവിക്കുന്ന ദുർബലതകൾ നോമ്പിലൂടെ പരിഹരിക്കപ്പെടും. അതോടൊപ്പം മനുഷ്യരുമായുള്ള കൂടിക്കലരുകൾ കൊണ്ട് സംഭവിക്കുന്ന കലർപ്പുകളെ പരിഹരിക്കാൻ അവൻ അവർക്ക് ഇഅ്തികാഫ് എന്ന കർമ്മം കൂടി നിശ്ചയിച്ചു നൽകി. ഇഅ്തികാഫിന്റെ ആത്മാവ് എന്നു പറയുന്നത് അല്ലാഹുവിൽ മാത്രം ഹൃദയം കേന്ദ്രീകരിക്കുകയും, അവനെ മാത്രം ലക്ഷ്യം വെക്കുകയും, അല്ലാഹുവിനോടൊപ്പം ഒറ്റക്കാവലുമാണ്. അങ്ങനെ സൃഷ്ടികളിൽ നിന്നെല്ലാം ഒഴിഞ്ഞ് അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ മാത്രം കഴിഞ്ഞു കൂടുക… അതിലൂടെ സൃഷ്ടികളിൽ അവൻ കണ്ടെത്തുന്ന സാമീപ്യം അല്ലാഹുവിൽ അവന് കണ്ടെത്താൻ കഴിയുന്നു. ഖബറിൽ ആരുമില്ലാത്ത ഏകാന്തതയിൽ അല്ലാഹുവുമായുള്ള അവന്റെ ഈ മാറിയിരുത്തം അവന് കൂട്ടായി മാറും. ഇതാണ് ഇഅ്തികാഫിന്റെ ഏറ്റവും മഹത്തരമായ ലക്ഷ്യം.” (സാദുൽ മആദ്: 2/86-87)

4- ഇഅ്തികാഫ് ഇബാദത്താണ് എന്നതിനുള്ള തെളിവുകൾ നൽകാമോ?

ഇഅ്തികാഫ് ഇബാദതാണ് എന്നതിന് അനേകം തെളിവുകളുണ്ട്. മുൻകഴിഞ്ഞ സമുദായങ്ങളിലെ നബിമാരും മർയം -عَلَيْهَا السَّلَامُ- യെ പോലുള്ള സ്വാലിഹീങ്ങളും ഇഅ്തികാഫ് ഇരുന്നിരുന്നു എന്നതിനുള്ള തെളിവുകൾ മുൻപ് കഴിഞ്ഞ ചോദ്യങ്ങളിൽ വന്നിട്ടുണ്ട്. അതോടൊപ്പം വിശുദ്ധ ഖുർആനിൽ അല്ലാഹു ഇഅ്തികാഫിന്റെ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ട ചിലത് ഓർമ്മപ്പെടുത്തിയ ആയത്തുകളും വന്നിട്ടുണ്ട്.

അല്ലാഹു പറയുന്നു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

ഇഅ്തികാഫിന്റെ വേളയിൽ ഭാര്യയുമായി ലൈംഗികബന്ധം പാടില്ലെന്ന് വിലക്കിയതിൽ നിന്ന് അത് ഒരു ഇബാദത്താണെന്ന് മനസ്സിലാക്കാം. നോമ്പിന്റെ സന്ദർഭത്തിൽ ഇതു പോലെ ലൈംഗികബന്ധം ഉപേക്ഷിക്കാൻ കൽപ്പിക്കപ്പെട്ടത് നമുക്കേവർക്കും അറിയുന്നതുമാണല്ലോ? നോമ്പ് ഇബാദതായതു കൊണ്ട് അതിനിടയിലുള്ള ലൈംഗികബന്ധം നിഷേധിക്കപ്പെട്ടതിനാൽ, ഇഅ്തികാഫും ഇബാദതാണ് എന്ന് അതിൽ നിന്ന് അനുമാനിക്കാം.

ഇനി നബി -ﷺ- യുടെ ഹദീഥുകളും സ്വഹാബികളുടെയും സലഫുകളുടെയും ആഥാറുകളുമാകട്ടെ; അവ ധാരാളമുണ്ട്. അതിൽ പെട്ടതാണ് ഉമ്മുൽ മുഅ്മിനീൻ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ്. അവർ പറഞ്ഞു.

عَنْ عَائِشَةَ -زَوْجِ النَّبِيِّ -ﷺ-: «أَنَّ النَّبِيَّ -ﷺ- كَانَ يَعْتَكِفُ العَشْرَ الأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثُمَّ اعْتَكَفَ أَزْوَاجُهُ مِنْ بَعْدِهِ»

“നബി -ﷺ- അവിടുത്തെ മരണം വരെ റമദാനിന്റെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് ശേഷം നബി -ﷺ- യുടെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.” (ബുഖാരി: 2026, മുസ്‌ലിം: 1172)

അതോടൊപ്പം ഇഅ്തികാഫ് സുന്നത്താണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകാഭിപ്രയവുമുണ്ട്. ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഅ്തികാഫ് സുന്നത്താണെന്നുതിലും, നിർബന്ധമല്ല എന്നതിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. എന്നാൽ ആരെങ്കിലും ഇഅ്തികാഫ് നേർച്ചയുടെ ഭാഗമാക്കി നിർബന്ധമാക്കിയാൽ അവന്റെ മേൽ അത് നിർബന്ധമാകും.” (ഇജ്മാഅ്: 53)

5- ഇഅ്തികാഫിന്റെ മഹത്വം അറിയിക്കുന്ന ഹദീഥുകൾ വല്ലതുമുണ്ടോ?

നബി -ﷺ- യും സ്വഹാബികളും ഇഅ്തികാഫ് ഇരുന്നിരുന്നുവെന്നും, അവരെ പിൻപറ്റുന്നത് മഹത്തരമായ പുണ്യകർമ്മമാണെന്നതും മാറ്റിനിർത്തിയാൽ ഇഅ്തികാഫിന്റെ മഹത്വങ്ങൾ പ്രത്യേകം എടുത്തു പറയുന്നതോ, അതിന് ഇന്നയിന്ന പ്രതിഫലങ്ങൾ ലഭിക്കുമെന്നോ അറിയിക്കുന്ന ഹദീഥുകൾ ഒന്നും തന്നെ സ്ഥിരപ്പെട്ടു വന്നിട്ടില്ല.

അബൂദാവൂദ് ഇമാം അഹ്മദിനോട് ചോദിച്ച ചോദ്യങ്ങളിൽ (മസാഇൽ) ഇപ്രകാരം കാണാം: ‘ഞാൻ അഹ്മദിനോട് ചോദിച്ചു: ഇഅ്തികാഫിന്റെ ശ്രേഷ്ഠത അറിയിക്കുന്ന വല്ല ഹദീഥും താങ്കൾക്ക് അറിയുമോ?! അദ്ദേഹം പറഞ്ഞു: ദുർബലമായ (സ്ഥിരപ്പെടാത്ത) ഹദീഥുകളല്ലാതെ ഒന്നും വന്നിട്ടില്ല.” (മസാഇലു അബീ ദാവൂദ്: 96)

എന്നാൽ ഇത് ഇഅ്തികാഫിന്റെ മഹത്വം ഇടിച്ചു കാണിക്കുന്ന കാര്യമേയല്ല. എത്രയോ മഹത്തരമായ പ്രവർത്തനങ്ങൾക്ക് പ്രത്യേകം പ്രത്യേകം ശ്രേഷ്ഠതകൾ പറയപ്പെടാതെ പോയിട്ടുണ്ട്. ഇഅ്തികാഫ് സുന്നത്തായ കാര്യമാണ്; വാജിബായ കാര്യങ്ങളിൽ എത്രയോ വിഷയങ്ങൾക്ക് പ്രത്യേകം ശ്രേഷ്ഠതകൾ പറയുന്ന ഹദീഥുകൾ കാണാൻ കഴിയില്ല. അതൊന്നും അവയുടെ മഹത്വമോ സ്ഥാനമോ കുറക്കുന്നില്ല. അല്ലാഹു ഒരു പ്രവർത്തനത്തിന്റെ പ്രതിഫലവും പറഞ്ഞില്ലെങ്കിലും അവൻ ചെറിയ പ്രവർത്തനങ്ങൾക്ക് പോലും മഹത്തരമായ പ്രതിഫലം നൽകുന്ന ശകൂറാണ് എന്ന ഒരൊറ്റ കാര്യം മതി ഇഅ്തികാഫ് പോലൊരു മഹത്തരമായ പ്രവർത്തനത്തിന് എന്തു വലിയ പ്രതിഫലമായിരിക്കും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് എന്ന് ഒരു മുസ്‌ലിമിന് മനസ്സിലാകാൻ.

അല്ലാഹു പറയുന്നു:

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ ﴿٩٧﴾

“ഏതൊരു ആണോ പെണ്ണോ അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല്: 97)

ഇമാം സുഹ്രി -رَحِمَهُ اللَّهُ- പറയുന്നു: “ജനങ്ങളുടെ കാര്യം അത്ഭുതം തന്നെ! അവരെങ്ങനെയാണ് ഇഅ്തികാഫ് ഉപേക്ഷിക്കുക. നബി -ﷺ- പല (സുന്നത്തായ) പ്രവർത്തികളും ചിലപ്പോൾ ചെയ്യുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അവിടുന്ന് മരിക്കുന്നത് വരെ ഇഅ്തികാഫ് ഉപേക്ഷിച്ചിട്ടില്ല.” (ഉംദതുൽ ഖാരീ: 12/140)

6- സ്ത്രീകൾ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധി എന്താണ്?

സ്ത്രീകൾ ഇഅ്തികാഫ് ഇരിക്കുന്നത് സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. യുവതികൾക്ക് ഇഅ്തികാഫ് മക്റൂഹാണെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട് എങ്കിലും പൊതുവായ തെളിവുകളിൽ നിന്ന് മനസ്സിലാകുന്നത് ഫിത്ന (നിഷിദ്ധമായ കാര്യങ്ങളിലേക്ക് നയിക്കുന്ന വഴികൾ) ഭയക്കുന്നില്ലെങ്കിൽ അവർക്ക് ഇഅ്തികാഫ് ഇരിക്കാം എന്ന് തന്നെയാണ്, കാരണം ഇസ്‌ലാമിൽ എല്ലാ നിയമങ്ങളിലും പുരുഷന്മാരും സ്ത്രീകളും ഒരു പോലെയാണ്; സ്ത്രീകൾക്ക് പ്രത്യേകമായി വല്ല വിധിയും വ്യക്തമായി വേറിട്ടു വന്നാലല്ലാതെ അതിൽ മാറ്റമുണ്ടാകില്ല.

മാത്രമല്ല, സ്വർഗസ്ത്രീകളുടെ നേതാവായ മർയം -عَلَيْهَا السَّلَامُ- ഇഅ്തികാഫ് ഇരുന്ന സംഭവം വിശുദ്ധ ഖുർആനിൽ വന്നത് കഴിഞ്ഞു പോയ ചോദ്യങ്ങളിൽ നാം പരാമർശിച്ചതും ഈ സന്ദർഭത്തിൽ ഓർക്കാം. മുൻകഴിഞ്ഞ സമുദായങ്ങൾക്ക് നിശ്ചയിക്കപ്പെട്ട മതനിയമങ്ങൾ നമുക്കും അതു പോലെ തന്നെ ബാധകമാണ്. അവ ദുർബലമാക്കി കൊണ്ട് നമ്മുടെ ദീനിൽ തെളിവ് പ്രത്യേകം വരാത്തിടത്തോളം അവ നമുക്കും ബാധകമാണ്.

നബി -ﷺ- യോടൊപ്പം അവിടുത്തെ ഭാര്യമാരിൽ അവിടുത്തെ ജീവിതകാലത്ത് തന്നെ ഇഅ്തികാഫ് ഇരുന്ന സംഭവവും സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 309) അവിടുത്തെ മരണശേഷം നബി -ﷺ- യുടെ ഭാര്യമാർ മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു എന്ന ഹദീഥുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ ഫിത്‌ന ഭയക്കുന്നെങ്കിൽ അവൾ ഇഅ്തികാഫിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുരുഷന്മാരുമായി കൂടിക്കലരാനുള്ള സാധ്യതകളോ, ശരിയായ മറയില്ലാത്ത സ്ഥിതിവിശേഷമോ, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനുള്ള പ്രയാസമോ മറ്റോ ഉണ്ടെങ്കിൽ. നബി -ﷺ- യുടെ വഫാതിന് ശേഷം ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞ വാക്ക് ഈ സന്ദർഭത്തിൽ സ്മരണീയമാണ്. അവർ പറഞ്ഞു:

عَنْ عَائِشَةَ قَالَتْ: «لَوْ أَدْرَكَ رَسُولُ اللَّهِ -ﷺ- مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ»

“സ്ത്രീകൾ ഇക്കാലത്ത് ഉണ്ടാക്കിയിരിക്കുന്ന കാര്യങ്ങൾ നബി -ﷺ- യെങ്ങാനും കണ്ടിരുന്നെങ്കിൽ ഇസ്രാഈല്യരിലെ സ്ത്രീകളെ തടഞ്ഞതു പോലെ അവിടുന്ന് അവരെ തടയുമായിരുന്നു.” (ബുഖാരി: 869)

7- റമദാനിലല്ലാത്ത സമയങ്ങളിൽ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധി എന്താണ്?

റമദാനിലല്ലാത്ത സമയങ്ങളിലും ഇഅ്തികാഫ് സുന്നത്താണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അത് തന്നെയാണ് തെളിവുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതും. പൊതുവെ ഇഅ്തികാഫ് റമദാനിലേ പാടുള്ളൂ എന്നറിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ല എന്നത് തന്നെ മറ്റു സമയങ്ങളിലും ഈ ഇബാദത് ചെയ്യാൻ അനുവാദമുണ്ട് എന്നതിനുള്ള തെളിവാണ്. അതോടൊപ്പം നബി -ﷺ- ഒരു വർഷത്തിൽ റമാദാനിലെ ഇഅ്തികാഫ് നിർത്തിവെക്കുകയും, അത് ശവ്വാലിലെ ആദ്യപത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തതും സ്ഥിരപ്പെട്ടിട്ടുണ്ട്. (മുസ്‌ലിം: 1172)

ഇതിനെല്ലാം പുറമെ ഇഅ്തികാഫ് ഇരിക്കണമെങ്കിൽ നോമ്പുണ്ടായിരിക്കണം എന്ന നിബന്ധന നബി -ﷺ- യോ, സ്വഹാബികളോ പറഞ്ഞതായും കാണുന്നില്ല; റമദാനിൽ മാത്രമേ ഇഅ്തികാഫ് ഇരിക്കാൻ പാടുള്ളൂവെങ്കിൽ അവർ അത് സൂചിപ്പിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ഇതിൽ നിന്നെല്ലാം റമദാനിൽ മാത്രം ചെയ്യാവുന്ന ഒരു ഇബാദത്തല്ല ഇഅ്തികാഫ് എന്ന് മനസ്സിലാകും. എന്നാൽ റമദാനിൽ ഇഅ്തികാഫ് ഇരിക്കുക എന്നതിന് പ്രത്യേക പ്രതിഫലവും പുണ്യവും ഉണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല താനും.

8- റമദാനിലെ അവസാനത്തെ പത്തിലല്ലാതെ ഇഅ്തികാഫ് ഇരിക്കുന്നതിന്റെ വിധി എന്താണ്?

റമദാനിലെ അവസാനത്തെ പത്തിൽ അല്ലാതെയും ഇഅ്തികാഫ് ഇരിക്കാം. നബി -ﷺ- അവിടുന്ന് വഫാത്തായ വർഷം റമദാനിലെ അവസാനത്തെ പത്തും, മദ്ധ്യത്തിലെ പത്തും ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. തൊട്ടുമുൻപുള്ള വർഷം നബി -ﷺ- യാത്രയിലായിരുന്നതിനാൽ അതിന് പകരമാണ് അത്തവണ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്നതെന്ന് സ്വഹാബികളിൽ ചിലർ വിശദീകരിച്ചിട്ടുമുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ النَّبِيُّ -ﷺ- يَعْتَكِفُ فِي العَشْرِ الأَوَاخِرِ مِنْ رَمَضَانَ، فَلَمْ يَعْتَكِفْ عَامًا، فَلَمَّا كَانَ فِي العَامِ الْمُقْبِلِ اعْتَكَفَ عِشْرِينَ.

അനസ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: നബി -ﷺ- നാട്ടിൽ തന്നെയുള്ളപ്പോൾ റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അവിടുന്ന് (ഒരിക്കൽ) യാത്ര പോയപ്പോൾ അടുത്ത വർഷത്തിൽ ഇരുപത് ദിവസം അവിടുന്ന് ഇഅ്തികാഫ് ഇരുന്നു.” (അഹ്മദ്: 3/104, തിർമിദി: 803, സ്വഹീഹ: 1410)

9- ഇഅ്തികാഫ് തുടങ്ങിയാൽ ഇടക്ക് വെച്ച് മുറിക്കാമോ?

ഇഅ്തികാഫ് തുടങ്ങിയാൽ ഉദ്ദേശിക്കുന്നെങ്കിൽ ഇടക്ക് വെച്ച് മുറിക്കാവുന്നതാണ് എന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാർക്കും ഉള്ളത്. മാലികി പണ്ഡിതന്മാരിൽ ചിലർക്ക് ഇഅ്തികാഫ് ഇടക്ക് വെച്ച് അവസാനിപ്പിക്കരുത് എന്ന അഭിപ്രായമുണ്ട്. എന്നാൽ ഇഅ്തികാഫ് സുന്നത്തായ ഒരു കാര്യമായതിനാലും, അതിന്റെ നിബന്ധനകളിൽ എവിടെയും അവസാനം വരെ ഇഅ്തികാഫ് തുടരണം എന്ന നിയമം പരാമർശിക്കപ്പെടാത്തത് കൊണ്ടും ഇടക്ക് വെച്ച് മുറിക്കുന്നത് അനുവദനീയമാണ് എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.

10- റമദാനിൽ എപ്പോഴാണ് ഇഅ്തികാഫിന് പ്രവേശിക്കേണ്ടത്?

ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. റമദാനിലെ 21 ന്റെ രാത്രി പ്രവേശിക്കുന്നതിനും, 20 ന്റെ പകലിലെ സൂര്യൻ അസ്തമിക്കുന്നതിനും മുൻപ് ഇഅ്തികാഫിൽ പ്രവേശിക്കണം എന്നതാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. റമദാൻ ഇരുപത്തിഒന്ന് സുബഹി നിസ്കാരത്തിന് ശേഷമാണ് ഇഅ്തികാഫിൽ പ്രവേശിക്കേണ്ടത് എന്ന അഭിപ്രായവും ഉണ്ട്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: إِنَّ رَسُولَ اللهِ -ﷺ- اعْتَكَفَ الْعَشْرَ الْأَوَّلَ مِنْ رَمَضَانَ، ثُمَّ اعْتَكَفَ الْعَشْرَ الْأَوْسَطَ، فِي قُبَّةٍ تُرْكِيَّةٍ عَلَى سُدَّتِهَا حَصِيرٌ، قَالَ: فَأَخَذَ الْحَصِيرَ بِيَدِهِ فَنَحَّاهَا فِي نَاحِيَةِ الْقُبَّةِ، ثُمَّ أَطْلَعَ رَأْسَهُ فَكَلَّمَ النَّاسَ، فَدَنَوْا مِنْهُ، فَقَالَ: «إِنِّي اعْتَكَفْتُ الْعَشْرَ الْأَوَّلَ، أَلْتَمِسُ هَذِهِ اللَّيْلَةَ، ثُمَّ اعْتَكَفْتُ الْعَشْرَ الْأَوْسَطَ، ثُمَّ أُتِيتُ، فَقِيلَ لِي: إِنَّهَا فِي الْعَشْرِ الْأَوَاخِرِ، فَمَنْ أَحَبَّ مِنْكُمْ أَنْ يَعْتَكِفَ فَلْيَعْتَكِفْ» فَاعْتَكَفَ النَّاسُ مَعَهُ.

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- റമദാനിലെ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. പിന്നീട് മദ്ധ്യത്തിലെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. ഈന്തപ്പനയോല കൊണ്ടുള്ള വാതിലുള്ള ഒരു കൂടാരത്തിലായിരുന്നു (അവിടുത്തെ ഇഅ്തികാഫ്). അത് തുറന്നു കൊണ്ട് നബി -ﷺ- അവിടുത്തെ തല പുറത്തേക്കിട്ടു, അവിടുന്ന് ജനങ്ങളോട് സംസാരിച്ചു. അപ്പോൾ ജനങ്ങൾ അവിടുത്തെ അരികിലേക്ക് വന്നു. അവിടുന്ന് പറഞ്ഞു: ഈ രാത്രി (ലയ്ലതുൽ ഖദർ) അന്വേഷിച്ചു കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. ശേഷം മദ്ധ്യത്തിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. അപ്പോൾ എന്നോട് പറയപ്പെട്ടു: അത് അവസാനത്തെ പത്തിലാണ്. അതിനാൽ ആരെങ്കിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ ഇഅ്തികാഫ് ഇരുന്നു കൊള്ളട്ടെ.” അങ്ങനെ ജനങ്ങൾ നബി -ﷺ- യോടൊപ്പം ഇഅ്തികാഫ് ഇരുന്നു.” (മുസ്‌ലിം: 1167)

ഈ ഹദീഥിൽ നബി -ﷺ- അവസാനത്തെ പത്തിൽ ലയ്ലതുൽ ഖദ്‌ർ പ്രതീക്ഷിച്ചു കൊണ്ട് ഇഅ്തികാഫ് ഇരിക്കാനാണ് കൽപ്പിച്ചത്. ലയ്ലതുൽ ഖദർ ഒറ്റയിട്ട രാത്രികളിലാണ് എന്നതിനാൽ അത് ലഭിക്കണമെങ്കിൽ ഇരുപത്തിഒന്നിന്റെ രാത്രിയിലാണ് മസ്ജിദിൽ പ്രവേശിക്കേണ്ടത് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം എന്നതാണ് ഒന്നാമത്തെ അഭിപ്രായക്കാരുടെ ന്യായം. ഈ അഭിപ്രായമാണ് ഇരുപത്തിഒന്നിന്റെ പകലിൽ സുബഹിന് ശേഷം ഇഅ്തികാഫിൽ പ്രവേശിക്കുക എന്ന രണ്ടാമത്തെ അഭിപ്രായത്തെക്കാൾ സൂക്ഷ്മമായ അഭിപ്രായമായി മനസ്സിലാകുന്നത്. കാരണം ലയ്ലതുൽ ഖദ്‌ർ പ്രതീക്ഷിച്ചു കൊണ്ട് മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നതാണ് റമദാനിലെ അവസാനത്തെ പത്തിലെ ഇഅ്തികാഫിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റമദാൻ ഇരുപത്തി ഒന്നിന്റെ രാത്രി ലൈലതുൽ ഖദർ പ്രതീക്ഷിക്കേണ്ട രാത്രികളിൽ പെട്ടതാണ് താനും. വല്ലാഹു അഅ്ലം.

11- ഇഅ്തികാഫിന്റെ ഏറ്റവും കുറഞ്ഞ സമയം എത്രയാണ്?

ഇഅ്തികാഫ് ഇരിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം എത്രയാണ് എന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒരു ദിവസമാണെന്നും, ഒരു പകലും ഒരു രാത്രിയുമാണെന്നും, പത്തു ദിവസമാണെന്നും പറഞ്ഞവരുണ്ട്. ഒരു ദിവസത്തിന്റെ കുറച്ച് സമയം വരെ ഇഅ്തികാഫ് ഇരിക്കാം എന്ന് അഭിപ്രായപ്പെട്ടവരാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും.

പത്ത് ദിവസമെങ്കിലും ചുരുങ്ങിയത് ഇഅ്തികാഫ് ഇരിക്കണമെന്ന് പറഞ്ഞവർ നബി -ﷺ- അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്ന ഹദീഥുകളാണ് തെളിവാക്കിയത്. എന്നാൽ അതിൽ നിന്ന് പത്തു ദിവസം ചുരുങ്ങിയത് ഇരിക്കണമെന്ന് മനസ്സിലാക്കാൻ കഴിയില്ല. കാരണം നബി -ﷺ- ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്ന സംഭവവും സ്ഥിരപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം ഇരുപതാണെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന പോലെ, പത്തു ദിവസം ഇഅ്തികാഫ് ഇരുന്ന സംഭവത്തിൽ നിന്ന് അതാണ് ചുരുങ്ങിയ സമയമെന്നും മനസ്സിലാക്കാൻ കഴിയില്ല.

ഇഅ്തികാഫിന് ഒരു നിശ്ചിത സമയം നിശ്ചയിക്കുക എന്നതിന് പ്രത്യേകം തെളിവ് ഇല്ല. വലിയൊരു വിഭാഗം പണ്ഡിതന്മാർ അതു കൊണ്ട് എത്ര ചെറിയ സമയം മസ്ജിദിൽ കഴിച്ചു കൂട്ടിയാലും അപ്പോഴെല്ലാം ഇഅ്തികാഫ് നിയ്യത്ത് വെക്കാം എന്ന് അഭിപ്രായപ്പെട്ടതായി കാണാം. ഇമാം അബൂ ഹനീഫ, ശാഫിഈ, അഹ്മദ് തുടങ്ങിയവരുടെ മദ്‌ഹബിലെ അഭിപ്രായം അപ്രകാരമാണ്. ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഫൗസാൻ തുടങ്ങിയവരുടെ അഭിപ്രായം അപ്രകാരമാണ്.

ഈ പറഞ്ഞ അഭിപ്രായങ്ങളിൽ ശരിയോട് അടുത്തു നിൽക്കുന്നതായി മനസ്സിലാകുന്നത് ചുരുങ്ങിയത് ഒരു പകലോ ഒരു രാത്രിയോ, അതല്ലെങ്കിൽ അവയുടെ ബഹുഭൂരിപക്ഷം നേരമോ മസ്ജിദിൽ കഴിച്ചു കൂട്ടണമെന്നാണ്. കാരണം നബി -ﷺ- യും സ്വഹാബികളും മിക്ക ദിവസങ്ങളിലും കുറച്ചു നേരം മസ്ജിദിൽ കഴിച്ചു കൂട്ടുകയും, നിസ്കാരങ്ങൾക്കായി മസ്ജിദിൽ പ്രവേശിക്കുകയും നിസ്കാരം കാത്തിരിക്കുകയും നിസ്കാര ശേഷം ദിക്റുകളുമായി മാറിയിരിക്കുകയും ചെയ്യാറുണ്ടായിരുന്നെങ്കിലും അവരാരും ഈ ചെറിയ ഇടവേളകളിൽ എല്ലാം ഇഅ്തികാഫ് ഉദ്ദേശിച്ചിരുന്നതായി സ്ഥിരപ്പെട്ടു കാണുന്നില്ല. സ്വഹാബികളാകട്ടെ ഖുതുബ കേൾക്കുന്നതിനും ഇല്മ് പഠിക്കുന്നതിനും നിസ്കാരം കാത്തിരിക്കുന്ന വേളയിലുമെല്ലാം മസ്ജിദിൽ കഴിച്ചു കൂട്ടാറുണ്ടായിരുന്നു താനും. അപ്പോൾ അവർ ഇഅ്തികാഫ് ഉദ്ദേശിക്കാറുണ്ടായിരുന്നു എന്നും സ്ഥിരപ്പെട്ടു കാണുന്നില്ല. അതിനാൽ തീർത്തും ചെറിയ ഇടവേളകൾക്ക് ഇഅ്തികാഫ് നിയ്യത്ത് വെക്കുന്നത് ശരിയല്ല എന്നാണ് മനസ്സിലാകുന്നത്. ശൈഖ് ഇബ്‌നു ഉസൈമീൻ -رَحِمَهُ اللَّهُ- യുടെ അഭിപ്രായമായി മനസ്സിലാകുന്നത് അതാണ്.

12- ഇഅ്തികാഫിന്റെ ഏറ്റവും കൂടിയ ദൈർഘ്യം എത്രയാണ്?

ഇഅ്തികാഫ് ഇത്ര ദിവസത്തിൽ കൂടുതൽ ഇരിക്കാൻ പാടില്ല എന്ന് അറിയിക്കുന്ന ഒരു തെളിവും വന്നിട്ടില്ല. നബി -ﷺ- പത്ത് ദിവസം ഇഅ്തികാഫ് ഇരുന്നതും, ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്നതുമെല്ലാം വന്നിട്ടുണ്ട്. അവിടുന്ന് ഇത്ര ദിവസം മാത്രമേ ഇഅ്തികാഫ് ഇരിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞതായി ഇതിലൊന്നും കാണാൻ കഴിയുന്നില്ല. ഇഅ്തികാഫാകട്ടെ; മുൻപ് വിശദീകരിച്ചതു പോലെ ഏതു സന്ദർഭത്തിലും അനുവദിക്കപ്പെട്ട ഇബാദതുമാണ്. എന്നാൽ ഇഅ്തികാഫ് അധികരിപ്പിക്കുന്നത് കൊണ്ട് മറ്റെന്തെങ്കിലും മതപരമായ ബാധ്യതകളിൽ വീഴ്ച്ച വരുന്നുണ്ടെങ്കിൽ അത് പാടില്ല. കുടുംബത്തെ ശ്രദ്ധിക്കുന്നതിനോ, വീട്ടിലെ ആവശ്യങ്ങൾ നിർവ്വഹിച്ചു നൽകുന്നതിനോ ഒന്നും ഇത്തരം ‘അവസാനമില്ലാത്ത’ ഇഅ്തികാഫുകൾ കാരണമാകരുത്. ഇഅ്തികാഫ് സുന്നത്തും ഈ പറഞ്ഞ പല കാര്യങ്ങളും നിർബന്ധവുമാണ്. സുന്നത്തിന് വേണ്ടി നിർബന്ധം ഉപേക്ഷിക്കുന്നവൻ അല്ലാഹുവിനെ ധിക്കരിക്കുകയാണ് യഥാർഥത്തിൽ ചെയ്തിരിക്കുന്നത്.

13- ഇഅ്തികാഫിന് ഇടയിൽ വെറുതെ പുറത്തു പോയാൽ വീണ്ടും ഇഅ്തികാഫ് തുടരാമോ?

ഇഅ്തികാഫ് ഇരിക്കുന്നയാൾ ചെയ്യാൻ പാടില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അതിൽ ഏതെങ്കിലും ചെയ്തു കഴിഞ്ഞാൽ വീണ്ടും ഇഅ്തികാഫ് ആരംഭിക്കണമെങ്കിൽ അവൻ പുതുതായി വീണ്ടും നിയ്യത്ത് വെക്കണം. കാരണം ഇഅ്തികാഫിന്റെ ഇടയിൽ അവൻ ആവശ്യമില്ലാതെ പുറത്തു പോകുന്നതോടെ അവന്റെ ഇഅ്തികാഫ് മുറിഞ്ഞു കഴിഞ്ഞു. ഇനി വീണ്ടും ആരംഭിക്കണമെങ്കിൽ വീണ്ടും നിയ്യത്ത് വെക്കണം. ഇനി അവന്റെ ഇഅ്തികാഫ് നേർച്ചയുടെ ഭാഗമായി ഇരുന്ന ഇഅ്തികാഫാണെങ്കിൽ അവൻ തന്റെ നേർച്ച പൂർത്തീകരിക്കാൻ വീണ്ടും ആദ്യം മുതൽ ഇഅ്തികാഫ് ഇരിക്കണം. പ്രത്യേകം ശ്രദ്ധിക്കുക: ഈ പറഞ്ഞതെല്ലാം ആവശ്യമില്ലാതെ പുറത്തു പോകുന്നതിനെ കുറിച്ചാണ്. എന്നാൽ അത്യാവശ്യത്തിനോ മറ്റോ ഇഅ്തികാഫിനിടയിൽ പുറത്തു പോകുന്നത് ഇഅ്തികാഫ് മുറിക്കുകയില്ല. (അവലംബം: ശർഹുൽ ഉംദഃ/ഇബ്‌നു തൈമിയ്യ: 2/817)

14- ഇഅ്തികാഫിന് മുൻപ് ശ്രദ്ധിക്കേണ്ട നിബന്ധനകൾ എന്തെല്ലാമാണ്?

ഏതൊരു ഇബാദത്തും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ ചില നിബന്ധനകൾ ഉണ്ടായിരിക്കും. നിസ്കാരം ശരിയാകണമെങ്കിൽ വുദു ഉണ്ടായിരിക്കണം എന്നതു പോലെ. ഇഅ്തികാഫിന്റെ നിബന്ധനകൾ താഴെ പറയുന്നവയാണ്.

ഒന്ന്: മുസ്‌ലിമായിരിക്കുക. ഏതൊരു സൽകർമ്മവും അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ മുസ്‌ലിമായിരിക്കണം. അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയോ, ശിർകോ കുഫ്റോ പ്രവർത്തിക്കുകയോ ചെയ്യുന്നവരുടെ ഇഅ്തികാഫ് അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുകയില്ല.

രണ്ട്: ബുദ്ധിയുള്ളവനായിരിക്കുക. ഭ്രാന്തനോ ബുദ്ധിയില്ലാത്തവരോ ബോധമില്ലാത്തവരോ ആയവരുടെ ഇഅ്തികാഫ് സ്വീകാര്യമല്ല. കാരണം ഏതൊരു പ്രവർത്തനവും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതായിരിക്കണം. ഈ പറഞ്ഞവർക്ക് അങ്ങനെ ഉദ്ദേശിക്കാൻ കഴിയില്ല. അതിനാൽ അവർക്ക് ഇഅ്തികാഫ് ശരിയാവുകയുമില്ല.

മൂന്ന്: വകതിരിവുള്ള ആളാവുക. വകതിരിവെത്താത്ത കുട്ടികളുടെ പേരിൽ ഇഅ്തികാഫ് ശരിയാവുകയോ, പുണ്യകർമ്മമായി പരിഗണിക്കപ്പെടുകയോ ഇല്ല. ഭ്രാന്തന്മാരുടെ കാര്യത്തിൽ പറഞ്ഞത് തന്നെയാണ് ഇവിടെയുമുള്ള കാരണം.

നാല്: നിയ്യത്തുണ്ടായിരിക്കുക. മസ്ജിദിൽ ഇഅ്തികാഫ് എന്ന സൽകർമ്മത്തിനായി ഞാൻ മാറിയിരിക്കുകയാണ് എന്ന മനസ്സിലുണ്ടായിരിക്കേണ്ട ഉദ്ദേശമാണ് നിയ്യത്ത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ ഉദ്ദേശമില്ലാതെ വെറുതെ മസ്ജിദിൽ ഒരാൾ കഴിഞ്ഞു കൂടുകയോ മറ്റോ ചെയ്താൽ അത് ഇഅ്തികാഫ് ആയി പരിഗണിക്കപ്പെടുകയില്ല. എന്നാൽ നമ്മുടെ നാട്ടിലുള്ള മസ്ജിദുകളിൽ വ്യാപകമായി പ്രചാരത്തിലുള്ള നിയ്യത്ത് ചൊല്ലിപ്പറയുന്ന രീതി ഇസ്‌ലാമിലുള്ളതല്ല. നബി -ﷺ- യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ അത് വന്നിട്ടില്ല. ഒഴിവാക്കേണ്ട, അല്ലാഹുവിന്റെ ശിക്ഷ ലഭിക്കുവാൻ കാരണമായേക്കാവുന്ന ബിദ്അത്താണ് ഈ പ്രവർത്തനം.

അഞ്ച്: ഹയ്ദ്വ്, നിഫാസ്, ജനാബത്ത് എന്നിവയിൽ നിന്ന് ശുദ്ധിയുള്ളവരായിരിക്കുക. ഹയ്ദ്വ് എന്നാൽ ആർത്തവവും, നിഫാസ് എന്നാൽ പ്രസവരക്തവും, ജനാബത്ത് എന്നാൽ മനിയ്യ് പുറത്തു വരികയോ, ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്തതിനാൽ ഉണ്ടാകുന്ന അശുദ്ധിയുമാണ്. കാരണം നബി -ﷺ- ആർത്തവകാരികളെ പെരുന്നാൾ മുസ്വല്ലയിൽ നിന്ന് വിട്ടുനിർത്താൻ കൽപ്പിച്ചിട്ടുണ്ട്. മസ്ജിദാകട്ടെ, മുസ്വല്ലയെക്കാൾ പവിത്രവും പരിശുദ്ധവുമാണ്.

عَنْ أُمِّ عَطِيَّةَ، قَالَتْ: أَمَرَنَا رَسُولُ اللهِ -ﷺ- أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، الْعَوَاتِقَ، وَالْحُيَّضَ، وَذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَعْتَزِلْنَ الصَّلَاةَ، وَيَشْهَدْنَ الْخَيْرَ، وَدَعْوَةَ الْمُسْلِمِينَ، قُلْتُ: يَا رَسُولَ اللهِ! إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ، قَالَ: «لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا»

ഉമ്മു അത്വിയ്യ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും വിവാഹപ്രായമെത്തിയ കന്യകകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും (മുസ്വല്ലയിലേക്ക്) കൊണ്ട് വരാന്‍ ഞങ്ങളോട് കല്‍പ്പിച്ചു. എന്നാല്‍ ആര്‍ത്തവകാരികളായ സ്ത്രീകള്‍; അവര്‍ നിസ്കാരത്തില്‍ നിന്ന് (ചില രിവായതുകളില്‍: മുസ്വല്ലയില്‍ നിന്ന്) വിട്ടു നില്‍ക്കുകയും, നന്മക്ക് (ഖുതുബ) സാക്ഷ്യം വഹിക്കുകയും, മുസ്‌ലിമീങ്ങളുടെ പ്രാര്‍ത്ഥനയില്‍ (പങ്കു ചേരുകയും) ചെയ്യട്ടെ.” ഞാന്‍ (ഉമ്മു അത്വിയ്യ) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ ചിലര്‍ക്ക് ജില്‍ബാബ് (തട്ടം) ഇല്ലല്ലോ? അവിടുന്ന് പറഞ്ഞു: “(ഒന്നിലധികം ജില്‍ബാബുള്ള) അവളുടെ സഹോദരി തന്റെ ജില്‍ബാബ് അവളെ ധരിപ്പിക്കട്ടെ.” (ബുഖാരി: 324, മുസ്‌ലിം: 890)

ആറ്: സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതി. നബി -ﷺ- ഇഅ്തികാഫിരുന്നപ്പോൾ അവിടുത്തോടൊപ്പം ഇഅ്തികാഫിരിക്കാൻ ആഇശ -رَضِيَ اللَّهُ عَنْهَا- അനുമതി ചോദിച്ചത് ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 2041, മുസ്‌ലിം: 1173) സുന്നത്തായ നോമ്പ് നോൽക്കുന്നതിന് ഭർത്താവിന്റെ അനുമതി വേണമെന്നതു പോലെ, ഇഅ്തികാഫിനും അനുമതി വേണ്ടതുണ്ട്. ഇഅ്തികാഫാകട്ടെ, നിർബന്ധ കർമ്മവുമല്ല; ഭർത്താവിനെ അനുസരിക്കുക എന്നതാകട്ടെ നിർബന്ധവുമാണ്.

ഏഴ്: മസ്ജിദിലായിരിക്കണം. ഇഅ്തികാഫ് മസ്ജിദുമായി ബന്ധപ്പെട്ട ഇബാദതാണ്. അതു കൊണ്ട് മസ്ജിദിലായിരിക്കണം ഇഅ്തികാഫ് എന്നത് ഈ പ്രവർത്തനം ശരിയാകാനുള്ള നിർബന്ധനകളിൽ പെട്ടതാണ്. ഏതു തരം മസ്ജിദിലായിരിക്കണം ഇഅ്തികാഫിരിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിയെ പരാമർശിക്കുന്നതാണ്. ഇൻശാ അല്ലാഹ്.

15- ജുമുഅഃ നടക്കാത്ത മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കാമോ?

ജുമുഅഃ നടക്കുന്ന മസ്ജിദുകളിൽ തന്നെ ഇഅ്തികാഫ് ഇരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാൽ ജുമുഅ നടക്കാത്ത മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുന്നത് അനുവദനീയമാണ്. ഇഅ്തികാഫിരിക്കുന്ന വ്യക്തി ജുമുഅക്കായി അടുത്തുള്ള മസ്ജിദിൽ പോവുകയും തിരിച്ചു വരുകയും ചെയ്താൽ മതിയാകും. ജുമുഅഃയാകട്ടെ ആഴ്ച്ചയിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിന് പുറത്തു പോകുന്നത് കൊണ്ട് ഇഅ്തികാഫിന് തടസ്സം സംഭവിക്കുകയില്ല. മാത്രമല്ല, ഒരു മസ്ജിദിൽ നിന്ന് അയാൾ പോകുന്നത് മറ്റൊരു മസ്ജിദിലേക്ക് തന്നെയുമാണ്. ഇതു തന്നെയാണ് സ്വഹാബികളുടെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്.

അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ആരെങ്കിലും ഇഅ്തികാഫ് ഇരുന്നാൽ … അവൻ ജുമുഅക്കും ജനാസക്കും പങ്കെടുക്കട്ടെ.” (മുസ്വന്നഫ് അബ്ദുറസാഖ്: 4/356, ഇബ്‌നു അബീ ശൈബ: 2/334) അയാൾ ജുമുഅക്ക് പങ്കെടുക്കട്ടെ എന്ന് പറഞ്ഞതിൽ നിന്ന് ജുമുഅയില്ലാത്ത മസ്ജിദിലാണ് അയാൾ ഇഅ്തികാഫ് ഇരിക്കുന്നതെന്ന് മനസ്സിലാക്കാം. കാരണം ജുമുഅ ഉള്ള മസ്ജിദിലാണ് ഇഅ്തികാഫെങ്കിൽ അത് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ?

16- ജമാഅത് നടക്കാത്ത പ്രെയര്‍ ഹാളുകള്‍ പോലുള്ളവയില്‍ ഇഅ്തികാഫ് ഇരിക്കാമോ?

സ്ഥിരമായി ജമാഅത് നിസ്കാരം നടക്കാത്ത മസ്ജിദുകളിൽ ഇഅ്തികാഫ് ശരിയാകില്ല എന്നതാണ് പ്രബലമായ അഭിപ്രായം. “പൊതുവെ താബിഈങ്ങളുടെയെല്ലാം അഭിപ്രായം അപ്രകാരമാണ്. ഏതെങ്കിലും സ്വഹാബി അതിനെ എതിർത്തതായി സ്ഥിരപ്പെട്ടിട്ടുമില്ല. (മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നിങ്ങനെ) മൂന്ന് മസ്ജിദുകളിൽ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ എന്ന അഭിപ്രായക്കാരോ, ഏതെങ്കിലും നബിയുടെ മസ്ജിദുകളിലേ ഇഅ്തികാഫ് പാടുള്ളൂ എന്ന അഭിപ്രായക്കാരോ മാത്രമേ ഈ പറഞ്ഞതിന് എതിരായുള്ളൂ.” (ശർഹുൽ ഉംദഃ/ഇബ്‌നു തൈമിയ്യ: 2/734)

അല്ലാഹു -تَعَالَى- ഇഅ്തികാഫിനെ കുറിച്ച് പ്രതിപാദിച്ച ആയത്തിൽ മസ്ജിദ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതാണ് ഈ പറഞ്ഞതിനുള്ള തെളിവ്. അല്ലാഹു പറഞ്ഞു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

ഈ ആയത്തിൽ മസ്ജിദ് എന്ന് തന്നെ പ്രത്യേകം പറഞ്ഞതിൽ നിന്ന് ഇഅ്തികാഫ് മസ്ജിദിലല്ലാതെ നിർവ്വഹിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കാം. സലഫുകളിൽ പെട്ട ഉർവതു ബ്നുസ്സുബൈർ, സുഹ്-രി, ഹസനുൽ ബസ്വ്-രി, ഇബ്രാഹീം അന്നഖഇ, സഈദ് ബ്നു ജുബൈർ, അബുൽ അഹ്വസ്വ്, അബൂ ഖിലാബ തുടങ്ങിയവരുടെയെല്ലാം അഭിപ്രായമാണ് ഇത്. ഹനഫീ ഹമ്പലീ മദ്‌ഹബുകാരും ഈ അഭിപ്രായക്കാർ തന്നെയാണ്.

عَنْ عَائِشَةَ قَالَتْ: «َلَا اعْتِكَافَ إِلَّا فِي مَسْجِدِ جَمَاعَةٍ»

ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “ജമാഅത് നടക്കുന്ന മസ്ജിദിലല്ലാതെ ഇഅ്തികാഫില്ല.” (സുനനുൽ ബയ്ഹഖി: 8354)/

ഈ പറഞ്ഞതിൽ നിന്ന് ജമാഅതായി സ്ഥിരം നിസ്കാരം നടക്കാത്ത വീടുകളിൽ സജ്ജീകരിച്ചിട്ടുള്ള പ്രാർത്ഥനക്കായുള്ള മുറികളിലോ, കടകളിലും മറ്റുമെല്ലാം പ്രവൃത്തി ദിനങ്ങളിൽ മാത്രം നിസ്കാരം നടക്കുന്ന ‘പ്രെയർ റൂമുകളിലോ’, അവഗണിക്കപ്പെട്ട നിലയിലായ മസ്ജിദുകളിലോ ഇഅ്തികാഫ് ഇരിക്കരുത് എന്ന് മനസ്സിലാക്കാം. കാരണം ഇത്തരം സ്ഥലങ്ങളിൽ ഇഅ്തികാഫ് ഇരുന്നാൽ ഒന്നല്ലെങ്കിൽ ജമാഅത് നിസ്കാരം നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ജമാഅതിനായി ധാരാളമായി പുറത്തു പോകേണ്ടി വരികയോ ചെയ്യും. അതാകട്ടെ, ഇഅ്തികാഫിന്റെ മര്യാദകൾക്ക് വിരുദ്ധവുമാണ്.

എന്നാൽ സ്ത്രീകൾക്ക് ഈ പറഞ്ഞതിൽ ഇളവുണ്ട്. അവർക്ക് ജമാഅത് നടക്കാത്ത മസ്ജിദുകളിലും ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. കാരണം അവർക്ക് ജമാഅത് നിർബന്ധമുള്ള കാര്യമല്ല. (ശർഹുൽ മുംതിഅ്/ഇബ്‌നു ഉഥൈമീൻ: 6/313) എന്നാൽ വീട്ടിൽ നിസ്കാരത്തിനായി നിശ്ചയിച്ച സ്ഥലത്തോ മറ്റോ സ്ത്രീകൾ ഇഅ്തികാഫ് ഇരുന്നാൽ അത് ശരിയാവുകയില്ല. (മുഗ്നി/ഇബ്‌നു ഖുദാമ: 4/464) വല്ലാഹു അഅ്ലം.

17- ഏത് മസ്ജിദാണ് ഇഅ്തികാഫ് ഇരിക്കാൻ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്?

ഇഅ്തികാഫ് ഇരിക്കാൻ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് മസ്ജിദുൽ ഹറാമാണ്. അവിടെയുള്ള നിസ്കാരം മറ്റെല്ലാം മസ്ജിദുകളിലെയും നിസ്കാരത്തെക്കാൾ ശ്രേഷ്ഠമാണ്. ശേഷം ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് മസ്ജിദുന്നബവിയാണ്. അവിടെയുള്ള നിസ്കാരം മസ്ജിദുൽ ഹറാം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ളതാണ്. ശേഷം മസ്ജിദുൽ അഖ്സ്വായാണ്. ഈ മൂന്ന് മസ്ജിദുകൾക്കുള്ള പ്രത്യേകത ഹദീഥുകളിൽ സ്ഥിരപ്പെട്ടതാണ് എന്നതിനാലാണവ ആദ്യം പറഞ്ഞത്.

ഈ മസ്ജിദുകൾ കഴിഞ്ഞാൽ അവനവന് ജുമുഅഃ നിർബന്ധമാകുന്ന നാട്ടിലെ ജുമുഅത് പള്ളികളിലാണ്. അത്തരം മസ്ജിദുകളിൽ നിന്ന് ജുമുഅക്കായി അവൻ പ്രത്യേകം പുറത്തു പോകേണ്ടി വരികയില്ല എന്നത് കൊണ്ട് ഇഅ്തികാഫ് കൂടുതൽ സമയം സാധിക്കുക അവിടെയാണ്. മസ്ജിദിൽ നിന്ന് പുറത്തു പോകേണ്ട ആവശ്യങ്ങൾ വളരെ കുറവുള്ള മസ്ജിദുകൾ തിരഞ്ഞെടുക്കണമെന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം. കുളിക്കുന്നതിനോ പ്രാഥമിക ആവശ്യങ്ങൾക്കോ ഭക്ഷണം എടുക്കുന്നതിനോ മറ്റോ അധികം ദൂരം പോകേണ്ടതില്ലാത്ത മസ്ജിദുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ശേഷം അവന്റെ ഇഅ്തികാഫിന് കൂടുതൽ അനുയോജ്യമായ -അല്ലാഹുവിനെ സ്മരിച്ചു കൊണ്ടും, പ്രാർത്ഥനകളിൽ മുഴുകിയും- ഇഅ്തികാഫിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഏറ്റവും സഹായകമായ മസ്ജിദായിരിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വർത്തമാനം പറഞ്ഞിരിക്കാനും കൂട്ടുകാരുമായി ‘സൊറ പറഞ്ഞിരിക്കാനും’ വേണ്ടിയല്ല ഇഅ്തികാഫ് എന്ന് അവർ ഓർക്കുകയും ചെയ്യട്ടെ.

ഇതോടൊപ്പം ജമാഅത് നിസ്കാരത്തിന് ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന മസ്ജിദുകളും കൂട്ടത്തിൽ ശ്രേഷ്ഠകരമാണ്. കാരണം ജമാഅതിന്റെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് നിസ്കാരത്തിന്റെ പ്രതിഫലവും വർദ്ധിക്കും. അതോടൊപ്പം പുതിയ മസ്ജിദുകളെക്കാൾ ശ്രേഷ്ഠം പഴയ മസ്ജിദുകൾക്കാണ്. അവയിൽ അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് കൂടുതൽ സമയം ചിലവഴിക്കപ്പെട്ടിട്ടുണ്ടല്ലോ?

18- പ്രത്യേക ശ്രേഷ്ഠത പറയപ്പെട്ട മൂന്ന് മസ്ജിദുകളിലല്ലാതെ ഇഅ്തികാഫ് ഇരിക്കാൻ പാടില്ലെന്നത് ശരിയാണോ?

മൂന്ന് മസ്ജിദുകളിലല്ലാതെ ഇഅ്തികാഫ് ഇരിക്കാൻ പാടില്ലെന്ന് സലഫുകളിൽ ചിലർക്ക് അഭിപ്രായമുണ്ട്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ഹദീഥ് അതിന് ബലം നൽകുന്നതായി പറയപ്പെടാറുണ്ട്. അതിപ്രകാരമാണ്:

عَنْ حُذَيْفَةَ -َرَضِيَ اللَّهُ عَنْهُ- عَنِ النَّبِيِّ -ﷺ- قَالَ: «لَا اعْتِكَافَ إِلَّا فِي المَسَاجِدِ الثَّلَاثَةِ»

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് മസ്ജിദുകളിലല്ലാതെ ഇഅ്തികാഫ് ഇല്ല.” (ബയ്ഹഖി: 4/316)

ഈ ഹദീഥ് നബി -ﷺ- യിലേക്ക് ചേർത്തി കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നബി -ﷺ- യിൽ നിന്ന് ഇപ്രകാരം ഒരു ഹദീഥ് സ്ഥിരപ്പെട്ടിരുന്നെങ്കിൽ അത് സ്വഹാബികൾക്കിടയിൽ വ്യാപമകായി പ്രചരിക്കുകയും, അവരിൽ വലിയൊരു വിഭാഗത്തിന് അത് അവ്യക്തമായി തീരുകയും ചെയ്യില്ലായിരുന്നു. കാരണം ഇഅ്തികാഫ് എല്ലാ വർഷവും ആവർത്തിക്കുന്ന ഇബാദത്താണല്ലോ; സ്വഹാബികളിൽ അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ-, ആഇശ -رَضِيَ اللَّهُ عَنْهَا-, ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- തുടങ്ങിയവർ ഈ വിഷയത്തിൽ പറഞ്ഞ -ഇതിന് എതിരാകാവുന്ന- അഥറുകൾ മുൻപ് നാം നൽകിയിട്ടുമുണ്ട്.

ഇനി നബി -ﷺ- യുടെ ഹദീഥായി അത് സ്ഥിരപ്പെട്ടുവെന്ന് വന്നാൽ തന്നെയും അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇഅ്തികാഫിന്റെ പൂർണ്ണത ഈ മൂന്ന് മസ്ജിദുകളിലല്ലാതെ ലഭിക്കില്ല എന്നാണെന്ന് മനസ്സിലാക്കേണ്ടി വരും. അതാകട്ടെ, പൊതുവെ പണ്ഡിതന്മാർക്കിടയിൽ യോജിപ്പുള്ള കാര്യവുമാണ്. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിലുള്ള നിസ്കാരത്തിന്റെയും അവിടെ കഴിഞ്ഞു കൂടുന്നതിന്റെയും ശ്രേഷ്ഠത ഏതൊരു മുസ്‌ലിമിനും അറിയുന്നതാണ്. പുണ്യം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യാവുന്ന മസ്ജിദുകൾ ഇവ മാത്രവുമാണ്. അതിനാൽ ഈ മൂന്ന് മസ്ജിദുകളിലുമാണ് ഏറ്റവും പരിപൂർണ്ണവും, അതിമഹത്തരമായ ശ്രേഷ്ഠതയുമുള്ള ഇഅ്തികാഫ് ലഭിക്കുക എന്ന് മാത്രമേ ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയൂ. അല്ലാതെ അവിടെ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ എന്ന് മനസ്സിലാക്കുന്നത് ശരിയാവുകയില്ല. വല്ലാഹു അഅ്ലം.

19- മസ്ജിദിന്റെ മുകളിലത്തെ നിലയിൽ ഇഅ്തികാഫ് ഇരിക്കാമോ?

മസ്ജിദിന്റെ മുകളിലുള്ള നില മസ്ജിദിൽ ഉൾപ്പെടുന്നതാണെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാം. എന്നാൽ മസ്ജിദിലെ മുകൾ നില മസ്ജിദിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, മസ്ജിദിന്റെ പുറത്ത് നിന്ന് പ്രവേശിക്കാവുന്ന രൂപത്തിലോ മറ്റോ മസ്ജിദുമായി വിട്ടുനിൽക്കുന്നതാണെങ്കിൽ അവിടെ ഇഅ്തികാഫ് ശരിയാവുകയില്ല. കാരണം അതിന് മസ്ജിദിന്റെ വിധിയില്ല എന്നത് തന്നെ. സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; തിരക്കോ മറ്റ് മുസ്‌ലിംകൾക്ക് പ്രയാസമോ ഒന്നും ഇല്ലെങ്കിൽ മസ്ജിദിന്റെ ആദ്യത്തെ നിലയിൽ തന്നെ -താഴ്ഭാഗത്ത്- ഇഅ്തികാഫ് ഇരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. വല്ലാഹു അഅ്ലം.

20- പുറംപള്ളിയിൽ ഇഅ്തികാഫ് ശരിയാകുമോ?

പുറംപള്ളി മസ്ജിദിന്റെ ഉള്ളിൽ പെടുന്ന നിലയിലാണെങ്കിൽ അതിലുള്ള ഇഅ്തികാഫ് ശരിയാകും. അവിടെ നിസ്കാരത്തിന്റെ ജമാഅതും മറ്റുമെല്ലാം നിർവ്വഹിക്കപ്പെടുകയും, മസ്ജിദ് പോലെ പരിഗണിച്ച് തഹിയ്യത് നിസ്കാരത്തിന് ശേഷം മാത്രം ഇരിക്കാൻ ശ്രദ്ധ കാണിക്കുകയും ചെയ്യുന്ന പ്രദേശമാണെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാം. എന്നാൽ അങ്ങനെ നിസ്കരിക്കാനോ മറ്റോ ഉപയോഗിക്കാത്ത, ആളുകൾ വർത്തമാനം പറഞ്ഞിരിക്കുകയും മറ്റുമെല്ലാം ചെയ്യുന്ന, മസ്ജിദായി പരിഗണിക്കപ്പെടാത്ത പുറംപള്ളിയാണെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കുന്നത് ശരിയാകില്ല. വല്ലാഹു അഅ്ലം.

21- മസ്ജിദിന്റെ ഓഫീസിൽ ഇഅ്തികാഫ് ശരിയാകുമോ?

മസ്ജിദുകളിൽ നിർമ്മിക്കുന്ന ഇമാമിനും മുഅദ്ദിനുമുള്ള റൂമുകൾ, ഓഫീസുകൾ, ലൈബ്രറികൾ, പഠനമുറികൾ പോലുള്ളവ മസ്ജിദ് നിർമ്മിച്ചവരുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദാകുമോ ഇല്ലയോ എന്ന് പറയാൻ കഴിയുക. ഈ പറഞ്ഞ സ്ഥലങ്ങൾ മസ്ജിദിൽ ഉൾപ്പെട്ടതാണെന്നും, നിസ്കരിക്കാനും മറ്റും വേണ്ടിയുള്ളതാണെന്നുമാണ് നിർമ്മിച്ചവരുടെ നിയ്യത്തെങ്കിൽ അത് മസ്ജിദിൽ ഉൾപ്പെടും. അവിടെയുള്ള ഇഅ്തികാഫ് ശരിയാവുകയും ചെയ്യും. എന്നാൽ അവ മസ്ജിദുകളിൽ പെടില്ലെന്ന ഉദ്ദേശത്തിൽ ഇമാമിനും മുഅദ്ദിനും താമസിക്കുന്നതിനും മറ്റുമെല്ലാം വേണ്ടിയാണ് നിർമ്മിച്ചതെങ്കിൽ അവ മസ്ജിദിൽ ഉൾപ്പെടുകയില്ല. അവിടെയുള്ള ഇഅ്തികാഫ് ശരിയാവുകയുമില്ല.

ഇനി ഈ പറഞ്ഞ സ്ഥലങ്ങൾ ഏത് നിയ്യത്തിലാണ് നിർമ്മിച്ചത് എന്നറിയില്ലെങ്കിൽ മസ്ജിദിന്റെ മതിലുകൾക്കുള്ളിൽ അത് പ്രവേശിക്കുന്നുണ്ടോ ഇല്ലേ എന്നതാണ് പരിശോധിക്കേണ്ടത്. മസ്ജിദിന്റെ മതിലുകൾക്ക് ഉള്ളിലാണെങ്കിൽ അത് മസ്ജിദിൽ ഉൾപ്പെടും. അവിടെ ഇഅ്തികാഫ് ശരിയാവുകയും ചെയ്യും. അല്ലെങ്കിൽ അത് മസ്ജിദിൽ പെടില്ല; അവിടെ ഇഅ്തികാഫ് ശരിയാവുകയുമില്ല. ഇതാണ് ശൈഖ് ഇബ്‌നുബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങിയവരുടെ അഭിപ്രായത്തിന്റെ ചുരുക്കം.

22- ഇഅ്തികാഫ് ഇരിക്കുമ്പോൾ നോമ്പ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടോ?

ഇഅ്തികാഫ് ശരിയാകണമെങ്കിൽ നോമ്പ് നിർബന്ധമുണ്ടോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. നബി -ﷺ- റമദാനിൽ മാത്രമാണ് ഇഅ്തികാഫ് ഇരുന്നത് എന്നതിനാൽ അവിടുത്തേക്ക് എല്ലാ ഇഅ്തികാഫുകളിലും നോമ്പുണ്ടായിരുന്നു. ഇഅ്തികാഫിനെ കുറിച്ച് ഖുർആനിൽ വന്ന പരാമർശവും നോമ്പിനോടൊപ്പമാണ് വന്നിട്ടുള്ളത്. ഇതു കൊണ്ടെല്ലാമാണ് ഈ അഭിപ്രായവ്യത്യാസം പണ്ഡിതന്മാർക്കിടയിൽ ഉണ്ടായത്.

എന്നാൽ ഇഅ്തികാഫിന് നോമ്പ് നിർബന്ധമില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാകുന്നത്. നബി -ﷺ- റമദാനിൽ ഇഅ്തികാഫ് ഇരുന്നപ്പോൾ നോമ്പെടുത്തു എന്നല്ലാതെ, നോമ്പ് ലക്ഷ്യം വെച്ചു കൊണ്ട് അവിടുന്ന് അപ്രകാരം ചെയ്തതല്ല. ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാൻ നേർച്ച നേരുകയും, അദ്ദേഹത്തിന്റെ നേർച്ച പൂർത്തീകരിക്കാൻ നബി -ﷺ- കൽപ്പിക്കുകയും ചെയ്ത ഹദീഥ് (ബുഖാരി: 2043) ഈ അഭിപ്രായത്തിന് ബലം നൽകുന്നുമുണ്ട്. കാരണം രാത്രി നോമ്പെടുക്കുക എന്നത് സാധ്യമല്ലല്ലോ?

23- രക്തസ്രാവമുള്ള സ്ത്രീകൾക്ക് ഇഅ്തികാഫ് ഇരിക്കാമോ?

രക്തസ്രാവമെന്നാൽ സ്ത്രീകളെ ബാധിക്കുന്ന ഒരു രോഗമാണ്. ഈ രോഗം ബാധിച്ചവർ നിസ്കരിക്കുകയും നോമ്പെടുക്കുകയും മറ്റു ഇബാദതുകളെല്ലാം സാധാരണ പോലെ നിർവ്വഹിക്കുകയും ചെയ്യണം; അവർക്ക് പ്രത്യേകമായി വന്നിട്ടുള്ള വിധിവിലക്കുകൾ അതോടൊപ്പം ശ്രദ്ധിക്കണമെന്ന് മാത്രം. ഇഅ്തികാഫും മറ്റ് ഇബാദത്തുകളെ പോലെ ഒരു ഇബാദത്താണ്; അതും രക്തസ്രാവമുള്ള സ്ത്രീകൾക്ക് അനുവദനീയമാണ്. അതിൽ പണ്ഡിതന്മാർക്ക് പൊതുവെ ഏകാഭിപ്രായവുമുണ്ട്.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: «اعْتَكَفَتْ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ امْرَأَةٌ مِنْ أَزْوَاجِهِ مُسْتَحَاضَةٌ، فَكَانَتْ تَرَى الحُمْرَةَ، وَالصُّفْرَةَ، فَرُبَّمَا وَضَعْنَا الطَّسْتَ تَحْتَهَا وَهِيَ تُصَلِّي»

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “നബി -ﷺ- യോടൊപ്പം അവിടുത്തെ ഭാര്യമാരിൽ രക്തസ്രാവമുണ്ടായിരുന്ന ഒരാൾ ഇഅ്തികാഫ് ഇരുന്നിട്ടുണ്ട്. അവർക്ക് ചുവപ്പു നിറത്തിലും മഞ്ഞ നിറത്തിലും (രക്തം) കാണുമായിരുന്നു. ചിലപ്പോൾ നിസ്കരിക്കുമ്പോൾ (രക്തം വളരെയധികം വന്നിരുന്നതു കൊണ്ട്) അവർ താഴെ പാത്രം വെക്കുമായിരുന്നു.” (ബുഖാരി: 2037)

24- മൂത്രവാർച്ചയുടെ രോഗമുള്ളവർക്ക് ഇഅ്തികാഫ് ഇരിക്കാമോ?

മൂത്രവാർച്ച ഒരു രോഗമാണ്. ആർത്തവമോ ജനാബത്തോ പോലുള്ള ഒരു അശുദ്ധിയല്ല. അതിനാൽ രക്തസ്രാവമുള്ള സ്ത്രീകൾക്ക് അനുവദിക്കപ്പെട്ട പോലെ മൂത്രവാർച്ച പോലുള്ള രോഗങ്ങളോ മറ്റോ ബാധിച്ചവർക്കും ഇഅ്തികാഫ് അനുവദനീയമാണ്.

ബദ്രുദ്ദീൻ അൽ-അയ്നി -رَحِمَهُ اللَّهُ- പറയുന്നു: “രക്തസ്രാവം ബാധിച്ച സ്ത്രീകളുടെ കൂട്ടത്തിൽ പെടുത്താവുന്നവരാണ് മൂത്രവാർച്ചയുള്ളവരും, ധാരാളമായി മദ്‌യ് വരുന്നവരും, വദ്‌യ് (മൂത്രത്തോടൊപ്പം വരുന്ന വെളുത്ത ദ്രാവകം), രക്തം വരുന്ന മുറിവുകൾ ശരീരത്തിലുള്ളവരുമെല്ലാം. അവർക്കെല്ലാം ഇഅ്തികാഫ് അനുവദനീയമാണ്.” (ഉംദതുൽ ഖാരി: 3/280)

25- ഇഅ്തികാഫിന് ഇടയിൽ മസ്ജിദിൽ നിന്ന് തല പുറത്തിട്ടു നോക്കുന്നത് ശരിയാണോ?

ഇഅ്തികാഫിനിടയിൽ മസ്ജിദിൽ നിന്ന് തല പുറത്തിട്ടു നോക്കുകയോ, മറ്റെന്തെങ്കിലും ആവശ്യത്തിന് ശരീരത്തിന്റെ കുറച്ചു ഭാഗം പുറത്താവുന്നതിലോ യാതൊരു തെറ്റുമില്ല. അത് ഇഅ്തികാഫിന് ഒരു കുറവും വരുത്തുകയുമില്ല. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു:

عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»

“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്‌ലിം: 297)

26- ഇഅ്തികാഫിരിക്കുന്ന ആൾ പ്രത്യേകിച്ച് ആവശ്യമില്ലാതെ മസ്ജിദിൽ നിന്ന് പുറത്തു പോയാൽ…?

ആവശ്യമില്ലാതെ മസ്ജിദിൽ നിന്ന് പുറത്തു പോയാൽ ഇഅ്തികാഫ് മുറിയുമെന്നതിൽ പണ്ഡിതന്മാർക്ക് പൊതുവെ ഏകാഭിപ്രായമുണ്ട്. അയാൾ വീണ്ടും ഇഅ്തികാഫ് ആരംഭിക്കാൻ ഉദ്ദേശിച്ചാൽ വീണ്ടും അതിനുള്ള നിയ്യത്ത് വെക്കേണ്ടതുണ്ട്. ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു:

عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»

“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്‌ലിം: 297)

27- പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ മസ്ജിദിൽ നിന്ന് പുറത്തു പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

നിർബന്ധമായും ആവശ്യമുള്ള കാര്യങ്ങൾക്ക് മസ്ജിദിൽ സൗകര്യമില്ലെങ്കിൽ ഇഅ്തികാഫ് ഇരിക്കുന്നയാൾക്ക് മസ്ജിദിൽ നിന്ന് പുറത്തു പോകുന്നത് അനുവദനീയമാണ് എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. അതു കൊണ്ട് ഇഅ്തികാഫിന് യാതൊരു കോട്ടവും കുറവും സംഭവിക്കുകയില്ല. ഈ പറഞ്ഞതിൽ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതും, ജനാബത്തിൽ നിന്നുള്ള കുളിയും മറ്റ് നിർബന്ധമായ ആവശ്യങ്ങളും ഉൾപ്പെടും.

എന്നാൽ മസ്ജിദിൽ സൗകര്യമുണ്ടെങ്കിൽ അവിടെ തന്നെ ഇത്തരം കാര്യങ്ങൾ നിർവ്വഹിക്കലാണ് കൂടുതൽ നല്ലത്. മസ്ജിദിലെ സൗകര്യങ്ങൾ വൃത്തിയില്ലെന്ന് തോന്നുന്നെങ്കിലും, മറയും കാര്യങ്ങളും വേണ്ടവിധമില്ലെന്ന് അനുഭവപ്പെടുകയുമാണെങ്കിൽ ഇഅ്തികാഫ് ഇരിക്കുന്നയാൾക്ക് അതിന് സാധിക്കുന്ന തരത്തിൽ അവന്റെ അടുത്തുള്ള വീട്ടിലേക്കോ മറ്റോ പോകാം. അത് അനുവദനീയമാണ്. വല്ലാഹു അഅ്ലം.

28- ഇഅ്തികാഫ് ഇരിക്കുന്നവർക്ക് നോമ്പ്തുറക്കും അത്താഴത്തിനും വീട്ടിൽ പോകാമോ?

നോമ്പ്തുറക്കും അത്താഴത്തിനും ഭക്ഷണം എത്തിച്ചു തരാൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇഅ്തികാഫിന് ഇടയിൽ പുറത്തു പോകരുത്. കാരണം ആവശ്യത്തിനല്ലാതെ ഇഅ്തികാഫിനിടയിൽ പുറത്തു പോകുന്നത് അനുവദനീയമല്ല. മസ്ജിദിൽ നോമ്പ് തുറക്കും അത്താഴത്തിനും സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. എന്നാൽ അതിൽ മടിയുണ്ടെങ്കിൽ അവന് വീട്ടിൽ പോയി ഭക്ഷണം കഴിക്കുകയും, ഉടനെ തിരിച്ചു വരികയും ചെയ്യാവുന്നതാണ്. വല്ലാഹു അഅ്ലം.

29- ആവശ്യങ്ങൾക്ക് പുറത്തു പോകും എന്ന നിബന്ധനയോടെ ഇഅ്തികാഫിൽ പ്രവേശിക്കാമോ?

ഇഅ്തികാഫിൽ പ്രവേശിക്കുമ്പോൾ ആവശ്യങ്ങൾക്കും മറ്റും പുറത്തു പോകുകയും, രോഗിയെ സന്ദർശിക്കുകയും ജനാസയിൽ പങ്കെടുക്കുകയും മറ്റു സൽകർമ്മങ്ങൾക്ക് ഉദ്ദേശിക്കുന്നെങ്കിൽ പോകുമെന്നുമുള്ള നിയ്യത്ത് വെക്കാവുന്നതാണ്. ഇപ്രകാരം ഇഅ്തികാഫിൽ പ്രവേശിക്കുന്നതിന് മുൻപ് നിയ്യത്ത് കരുതുന്നത് അനുവദനീയമാണെന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഹനഫി ശാഫിഈ ഹമ്പലീ മദ്ഹബുകളുടെ അഭിപ്രായവും, സലഫുകളിൽ ധാരാളം പേർ ശരിയാണെന്ന് അഭിപ്രായപ്പെട്ടതും ഇപ്രകാരമാണ്.

ഹജ്ജിന് ഇഹ്രാം കെട്ടുന്ന വേളയിൽ ‘എനിക്ക് എന്തെങ്കിലും തടസ്സം സംഭവിച്ചാൽ അവിടെ വെച്ച് ഞാൻ ഇഹ്രാം ഉപേക്ഷിക്കുന്നതാണ്’ എന്ന നിബന്ധന കരുതാൻ നബി -ﷺ- നിർദേശിച്ചതാണ് ഇതിനുള്ള തെളിവുകളിൽ ഒന്ന്. ഹജ്ജ് പോലെ, ഇസ്‌ലാമിന്റെ സ്തംഭങ്ങളിൽ പെട്ട ഒരു ഇബാദതിന് ഇപ്രകാരം നിബന്ധന വെക്കുന്നത് അനുവദനീയമാണെങ്കിൽ, ഇഅ്തികാഫ് പോലെ സുന്നത്തായ ഒരു കർമ്മത്തിനും അത് അനുവദനീയമായിരിക്കണം. മാത്രവുമല്ല, മുൻപുള്ള ചോദ്യങ്ങളിൽ ആവർത്തിച്ചു പറഞ്ഞതു പോലെ, ഇഅ്തികാഫ് ഇത്ര ദിവസം പൂർണ്ണമായി നിർവ്വഹിച്ചു കൊള്ളണമെന്ന നിർബന്ധമില്ലാത്ത കർമ്മമാണ്. അതിനാൽ ആരെങ്കിലും ഇന്നയിന്ന കാര്യങ്ങൾക്ക് പുറത്തു പോകുമെന്ന നിയ്യത്തോടെ ഇഅ്തികാഫിൽ പ്രവേശിച്ചാൽ അവൻ ഇഅ്തികാഫിൽ നിന്ന് പുറത്തു പോകുന്നത് വരെയുള്ള സമയം അവന് ഇഅ്തികാഫായി പരിഗണിക്കപ്പെടുന്നതാണ്.

എന്നാൽ ഇഅ്തികാഫിൽ അനുവദനീയമല്ലാത്ത കാര്യങ്ങൾ ചെയ്യും എന്ന ഉദ്ദേശത്തോടെ ഇഅ്തികാഫിന് നിയ്യത്ത് വെക്കാൻ പാടില്ല. ഉദാഹരണത്തിന് ഇഅ്തികാഫിന് ഇടയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഭാര്യയുമായി ബാഹ്യകേളികളിൽ ഏർപ്പെടുക, ഉല്ലസിക്കുകയും സുഖിക്കുകയും ചെയ്യുക, കച്ചവട ഉദ്ദേശത്തിൽ വിൽപ്പന നടത്തുകയോ, മസ്ജിദിൽ എന്തെങ്കിലും ജോലി ചെയ്തു കൊണ്ട് സമ്പാദിക്കുകയോ മറ്റോ ഒന്നും ചെയ്യാനുള്ള ഉദ്ദേശം ഇഅ്തികാഫിന് ഇടയിൽ പാടില്ല. മസ്ജിദിൽ ആശാരിപ്പണിയോ മറ്റോ എടുക്കാൻ വരുന്ന ആൾ ആ പണി കഴിയുംവരെ ഇഅ്തികാഫ് നിയ്യത്ത് വെച്ചാൽ അത് ശരിയാകില്ല എന്ന് ചുരുക്കം.

30- ഇഅ്തികാഫിന് ഇടയിൽ രോഗിയെ സന്ദർശിക്കുക പോലുള്ള കാര്യങ്ങൾക്ക് പോകാമോ?

ഇഅ്തികാഫിന് ഇടയിൽ രോഗിയെ സന്ദർശിക്കുക, ജനാസയിൽ പങ്കെടുക്കുക പോലുള്ള കാര്യങ്ങൾക്ക് നിബന്ധന വെച്ചു കൊണ്ടാണ് ഇഅ്തികാഫിൽ പ്രവേശിച്ചിട്ടുള്ളത് എങ്കിൽ പോകാവുന്നതാണ്. കാരണം നബി -ﷺ- ഇഅ്തികാഫിൽ പ്രവേശിച്ചാൽ വളരെ അത്യാവശ്യമായ കാര്യങ്ങൾക്കല്ലാതെ പുറത്തു പോയിരുന്നില്ല. അവിടുന്ന് ഇഅ്തികാഫിന് ഇടയിൽ രോഗിയെ സന്ദർശിക്കാനോ ജനാസയിൽ പങ്കെടുക്കാനോ പോയത് സ്ഥിരപ്പെട്ടിട്ടില്ല. ഇതിൽ നിന്ന് ഇഅ്തികാഫിൽ പാലിക്കേണ്ട സുന്നത്തുകളിൽ പെട്ടതാണ് മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് ഇഅ്തികാഫിൽ തന്നെ വ്യാപൃതനാകൽ എന്ന് മനസ്സിലാക്കാൻ കഴിയും.

عَنْ عَائِشَةَ زَوْجِ النَّبِيِّ -ﷺ- قَالَتْ: «إِنْ كُنْتُ لَأَدْخُلُ الْبَيْتَ لِلْحَاجَةِ، وَالْمَرِيضُ فِيهِ، فَمَا أَسْأَلُ عَنْهُ إِلَّا وَأَنَا مَارَّةٌ»

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “(ഇഅ്തികാഫിലായിരിക്കെ) ഞാൻ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ പ്രവേശിക്കും. അപ്പോൾ അവിടെ ചിലപ്പോൾ രോഗിയായ ആരെങ്കിലും ഉണ്ടായിരിക്കും. നടന്നു കൊണ്ട് ചോദിക്കുക എന്നല്ലാതെ (അവരെ സന്ദർശിക്കുന്നതിനായി ഞാൻ അവിടെ നിൽക്കാറില്ലായിരുന്നു).” (മുസ്‌ലിം: 297)

ഇഅ്തികാഫ് ഇരിക്കുന്ന വേളയിൽ ഇത്തരം കാര്യങ്ങൾക്ക് പോകാതിരിക്കലാണ് സുന്നത്ത് എന്ന് മനസ്സിലായി. എന്നാൽ ആരെങ്കിലും നിബന്ധന വെച്ചു കൊണ്ടാണ് ഇഅ്തികാഫിൽ പ്രവേശിച്ചതെങ്കിൽ അവന് അത്തരം കാര്യങ്ങൾക്ക് പോകാം. കഴിഞ്ഞ ചോദ്യത്തിൽ ഇഅ്തികാഫിൽ നിബന്ധന വെക്കുന്നതിനെ കുറിച്ച് നാം വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വല്ലാഹു അഅ്ലം.

31- ഇഅ്തികാഫിലായിരിക്കെ ആവശ്യത്തിന് വേണ്ടി പുറത്തു പോയ സമയം പിന്നീട് ഖദ്വാഅ് വീട്ടണമോ?

ഇഅ്തികാഫിരിക്കുന്ന ആൾ ആവശ്യത്തിന് വേണ്ടി പുറത്തു പോയതാണെങ്കിൽ അത് പിന്നീട് ഖദ്വാഅ് വീട്ടേണ്ടതില്ല.

عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»

“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്‌ലിം: 297)

നബി -ﷺ- തന്റെ ആവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ പ്രവേശിക്കാറുണ്ടായിരുന്നു എന്നാണ് ഈ ഹദീഥിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ അവിടുന്ന് പിന്നീട് ഈ നഷ്ടപ്പെട്ട സമയങ്ങൾക്ക് പകരമായി ഇഅ്തികാഫ് ഖദ്വാഅ് വീട്ടിയതായി എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. ഇനി സുന്നത്തായ ഇഅ്തികാഫിനിടയിൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തു പോവുക എന്നത് ഇഅ്തികാഫിന്റെ പൂർണ്ണതക്ക് എതിരാണെങ്കിലും അതും ഖദ്വാഅ് വീട്ടേണ്ടതില്ല. സുന്നത്തായ നിസ്കാരം ഉപേക്ഷിക്കുകയോ, സുന്നത്തായ ഏതെങ്കിലും സ്വദഖ വേണ്ടെന്നു വെക്കുകയോ ചെയ്തവരെ പോലെയാണ് അവന്റെ അവസ്ഥ.

ഇനി ആരെങ്കിലും ഇത്രയിത്ര ദിവസം ഇഅ്തികാഫ് ഇരിക്കാം -ഉദാഹരണത്തിന് പത്തു ദിവസം- എന്ന് നേർച്ച നേർന്നിട്ടുണ്ടെങ്കിലോ? ഈ സാഹചര്യത്തിൽ പത്തു ദിവസം ഇഅ്തികാഫ് ഇരിക്കുക എന്നത് അവന്റെ മേൽ നിർബന്ധമായതിനാൽ എത്ര ദിവസങ്ങളിലാണോ ആവശ്യത്തിനല്ലാതെ പുറത്തു പോയത്, അത്രയും ദിവസം പിന്നീട് അവൻ ഇഅ്തികാഫ് ഖദ്വാഅ് വീട്ടേണ്ടതുണ്ട്. ഇനി പത്തു ദിവസം തുടർച്ചയായി ഇഅ്തികാഫ് ഇരിക്കാമെന്നാണ് അവന്റെ നേർച്ചയെങ്കിൽ ഒന്നല്ലെങ്കിൽ അവൻ ശപഥം ലംഘിച്ചതിനുള്ള കഫാറത് നൽകുകയോ, അല്ലെങ്കിൽ ആദ്യം മുതൽ ഇഅ്തികാഫ് പുനരാരംഭിക്കുകയോ വേണം. പുനരാരംഭിക്കുകയാണ് ചെയ്തതെങ്കിൽ ശപഥം ലംഘിച്ചതിനുള്ള കഫാറത് നൽകേണ്ടതില്ല. ഇനി ഏതെങ്കിലും പ്രത്യേക ദിവസങ്ങൾ ഇഅ്തികാഫ് ഇരിക്കാമെന്നാണ് -ഉദാഹരണത്തിന് റമദാനിലെ അവസാനത്തെ പത്ത്- നേർച്ച നേർന്നതെങ്കിൽ അവന് നഷ്ടപ്പെട്ട ദിവസങ്ങൾ പിന്നീടെപ്പോഴെങ്കിലും ഖദ്വാഅ് വീട്ടുകയും, റമദാനിലെ സമയം നഷ്ടപ്പെട്ടതിന് പകരമായി ശപഥം ലംഘിച്ചതിന്റെ കഫാറത് നൽകുകയും വേണം.

സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; ഇത്തരം നേർച്ചകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹു നമ്മുടെ മേൽ സുന്നത്താക്കിയ കാര്യങ്ങൾ നാം സ്വയം നിർബന്ധമാക്കുകയും, പിന്നീട് അത് നമുക്ക് പ്രയാസമായി തീരുകയോ, അതിൽ അലസത കാണിച്ചു കൊണ്ട് നാം മരണപ്പെട്ടു പോവുകയോ ചെയ്യുന്നത് കൂടുതൽ അപകടകരമാണ്. വല്ലാഹു അഅ്ലം.

32- ഇഅ്തികാഫ് മുറിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് ചുരുക്കി വിശദീകരിക്കാമോ?

ഇഅ്തികാഫിനിടയിൽ ഒരാൾ ചെയ്യാൻ പാടില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അവയിൽ ചിലത് സംഭവിച്ചാൽ ഇഅ്തികാഫ് മുറിയും. മറ്റു ചിലത് ഇഅ്തികാഫ് മുറിക്കുന്നതല്ലെങ്കിലും ഇഅ്തികാഫിന്റെ പൂർണ്ണതക്ക് വിരുദ്ധമാണ്. അവ താഴെ നൽകാം. അതോടൊപ്പം അവയുടെ ഓരോന്നിന്റെയും വിധിയും നൽകാം.

ഒന്ന്: ലൈംഗികബന്ധം. ഇബ്‌നുൽ മുൻദിർ -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും ഇഅ്തികാഫിന് ഇടയിൽ ബോധപൂർവ്വം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അവന്റെ ഇഅ്തികാഫ് മുറിയും എന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായത്തിലാണ്.” (അൽ-ഇജ്‌മാഅ്: 54) വിശുദ്ധ ഖുർആനിൽ എടുത്തു പറയപ്പെട്ട കാര്യമാണ് ഇത്. അല്ലാഹു പറഞ്ഞു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

രണ്ട്: ബാഹ്യകേളികളിൽ ഏർപ്പെടൽ. ലൈംഗികതാൽപ്പര്യത്തോടെ ഭാര്യയുമായി ബാഹ്യകേളികളിൽ ഏർപ്പെടുന്നത് ഇഅ്തികാഫിന് ഇടയിൽ അവനുവദനീയമല്ല. ഉദാഹരണത്തിന് ഭാര്യയെ ചുംബിക്കുകയോ മറ്റോ ചെയ്യൽ. ഈ പ്രവൃത്തി ഇഅ്തികാഫിന് വിരുദ്ധമാണെങ്കിലും ഇത് കൊണ്ട് ഇഅ്തികാഫ് മുറിയുകയില്ല എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അതോടൊപ്പം ലൈംഗികതാല്പര്യത്തോടെയല്ലാതെ ഭാര്യയെ സ്പർശിക്കുകയോ ചേർന്നിരിക്കുകയോ മറ്റോ ചെയ്യുന്നത് ഇഅ്തികാഫിന് എതിരാവുകയില്ല എന്നു കൂടി മനസ്സിലാക്കണം. നബി -ﷺ- ഇഅ്തികാഫിലായിരിക്കെ ആയിശ -رَضِيَ اللَّهُ عَنْهُمَا- ക്ക് തല നീട്ടിക്കൊടുക്കുകയും അവർ മുടിവാരിക്കൊടുക്കുകയും ചെയ്തിരുന്നു.

عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»

“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്‌ലിം: 297)

മൂന്ന്: സ്ഖലനം സംഭവിക്കുക. മനിയ്യ് പുറത്തു കളയുക എന്നത് സംഭവിച്ചാൽ അതോടെ ഇഅ്തികാഫ് മുറിയും. ഭാര്യയുമായുള്ള ബാഹ്യകേളികൾക്കിടയിലോ, സ്വയംഭോഗത്തിലൂടെയോ, ആവർത്തിച്ചുള്ള നോട്ടത്തിലൂടെയോ സ്ഖനലം സംഭവിച്ചാൽ ഈ പറഞ്ഞ വിധി ബാധകമാണ്. എന്നാൽ ഉറക്കത്തിൽ സ്വപ്നസ്ഖലനത്തിലൂടെയോ, കേവല ചിന്തയിലൂടെ പൊടുന്നനെയോ സ്ഖലനം സംഭവിച്ചതെങ്കിൽ അത് ഇഅ്തികാഫ് മുറിക്കുകയില്ല.

നാല്: ഹയ്ദ്വോ നിഫാസോ ആരംഭിക്കുക. ഹയ്ദ്വോ നിഫാസോ സംഭവിച്ചാൽ മസ്ജിദിൽ കഴിഞ്ഞു കൂടുക എന്നത് പാടില്ല. ഇഅ്തികാഫാകട്ടെ, മസ്ജിദിൽ കഴിഞ്ഞു കൂടലുമാണ്. അതു കൊണ്ട് ഇവ രണ്ടും ആരംഭിച്ചാൽ അതോടെ അവർ മസ്ജിദിൽ നിന്ന് പുറത്തു കടണം. എന്നാൽ ഇങ്ങനെ മസ്ജിദിൽ നിന്ന് പുറത്തു പോയാൽ ഇഅ്തികാഫ് മുറിയുകയില്ല. മറിച്ച്, ഹയ്ദ്വോ നിഫാസോ അവസാനിച്ചാൽ അവർക്ക് മസ്ജിദിലേക്ക് ഇഅ്തികാഫ് പൂർത്തീകരിക്കാനായി തിരിച്ചു വരാവുന്നതാണ്. ഇഅ്തികാഫിലായിരിക്കെ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി നബി -ﷺ- വീട്ടിലേക്ക് പോവുകയും, ശേഷം തിരിച്ചു വരുകയും ചെയ്തിരുന്നു. അതു പോലെ തന്നെയാണ് ഹയ്ദ്വും നിഫാസും ആരംഭിച്ച സ്ത്രീകളും. അവർക്ക് അവ ആരംഭിച്ചാൽ വീട്ടിൽ പോവുകയും, അവസാനിച്ചാൽ ഇടക്ക് വെച്ച് മുറിഞ്ഞു പോയ ഇഅ്തികാഫ് പൂർത്തീകരിക്കാൻ മസ്ജിദിലേക്ക് തിരിച്ചു വരികയും ചെയ്യാവുന്നതാണ്.

അഞ്ച്: ഇഅ്തികാഫ് അവസാനിപ്പിക്കാൻ നിയ്യത്ത് (ഉദ്ദേശം) വെക്കുക. കാരണം പ്രവർത്തനങ്ങളെല്ലാം അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുന്നത് അവരവരുടെ നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാൽ മസ്ജിദിലായിരിക്കെ തന്നെ ഇഅ്തികാഫ് മുറിക്കാം എന്ന് ഒരാൾ ഉദ്ദേശിച്ചാൽ അതോടെ അയാളുടെ ഇഅ്തികാഫ് മുറിയും. വല്ലാഹു അഅ്ലം.

33- ഇഅ്തികാഫിന് ഇടയിൽ വീട്ടിൽ ആവശ്യങ്ങൾക്ക് പോയാൽ ഭാര്യയുമായി സല്ലപിക്കുന്നത് അനുവദനീയമാണോ?

ഇഅ്തികാഫിനിടയിൽ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അനുവദനീയമല്ല. അത് ഇഅ്തികാഫിനെ നശിപ്പിക്കുന്ന കാര്യമാണ്. അതിനാൽ ഇഅ്തികാഫിനിടയിൽ എന്തെങ്കിലും അത്യാവശ്യങ്ങൾക്ക് വേണ്ടി വീട്ടിലേക്ക് പോയാൽ അവിടെ വെച്ച് ഭാര്യയുമായി സല്ലപിക്കുക എന്നത് ഒഴിവാക്കേണ്ടതാണ്. ഈ വേളയിൽ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അത് അവന്റെ ഇഅ്തികാഫ് മുറിക്കുന്നതാണ്. അല്ലാഹു പറയുന്നു:

وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ

“എന്നാല്‍ നിങ്ങള്‍ മസ്ജിദുകളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു (ഭാര്യമാരു) മായി സഹവസിക്കരുത്‌. ” (ബഖറ: 187)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഖതാദഃ -رَحِمَهُ اللَّهُ- പറയുന്നു: “ജനങ്ങൾ ഇഅ്തികാഫ് ഇരുന്നാൽ മസ്ജിദിൽ നിന്ന് വീട്ടിലേക്ക് പോവുകയും ഭാര്യയുമായി സല്ലപിക്കുകയും ചെയ്യാറുണ്ടായിരുന്നു. ശേഷം അവർ മസ്ജിദിലേക്ക് തന്നെ തിരിച്ചു വരും. ഈ ആയത്തിൽ അല്ലാഹു അത് അവരോട് വിലക്കുകയാണ്.” (ത്വബ്രി: 3/541)

ഇഅ്തികാഫിനിടയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു പോയാൽ അതോടെ അവന്റെ ഇഅ്തികാഫ് മുറിയും. ഈ പ്രവൃത്തി സംഭവിച്ചു പോയാൽ അതിന് കഫാറത് ഒന്നും സ്ഥിരപ്പെട്ടിട്ടില്ല. എന്നാൽ റമദാനിന്റെ പകലിലാണ് സംഭവിച്ചതെങ്കിൽ അതിനുള്ള കഫാറത് നിർവ്വഹിക്കണം എന്നു മാത്രം. ഇനി ആരെങ്കിലും റമദാനിലെ അവസാനത്തെ പത്ത് നേർച്ച നേർന്നു കൊണ്ട് ഇഅ്തികാഫ് ഇരുന്നതാണെങ്കിൽ നേർച്ച ലംഘിച്ചതിന് പകരമായി ശപഥലംഘനത്തിന്റെ കഫാറത് നൽകണം. വല്ലാഹു അഅ്ലം.

34- ഇഅ്തികാഫിനിടയിൽ ഗീബത്തോ നമീമത്തോ പറഞ്ഞാൽ…?

ഇഅ്തികാഫിന് ഇടയിൽ ഗീബത്തോ നമീമത്തോ പറഞ്ഞാൽ അതു കൊണ്ട് ഇഅ്തികാഫ് മുറിയും എന്ന അഭിപ്രായം മാലികീ മദ്‌ഹബിലെ പണ്ഡിതന്മാർക്ക് ഉണ്ട്. കാരണം ഇവ രണ്ടും വൻപാപങ്ങളാണ്. ഇഅ്തികാഫിന് ഇടയിൽ വൻപാപം ചെയ്യുക എന്നതാകട്ടെ ഇഅ്തികാഫിന് യോജിച്ചതല്ല. എന്നാൽ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഗീബത്തോ നമീമത്തോ ഇഅ്തികാഫ് മുറിക്കുകയില്ല. കാരണം ഇഅ്തികാഫ് ഒരു ഇബാദത്ത് ആയതിനാൽ അതിനെ ഇല്ലാതെയാക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നിശ്ചയിക്കുന്നതിന് വ്യക്തമായ തെളിവുകൾ തന്നെ വേണം. ഈ കാര്യത്തിൽ അങ്ങനെ വ്യക്തമായ തെളിവില്ല.

എന്നാലും ഇഅ്തികാഫിനിടയിൽ ഇത്തരം തിന്മകൾ തീർത്തും ഉപേക്ഷിക്കേണ്ടതാണ്. അനുവദനീയമായ സംസാരങ്ങൾ തന്നെ കുറക്കാനും അല്ലാഹുവിന് ഇബാദത് ചെയ്തു കൊണ്ട് മാറിയിരിക്കാനും ശ്രമിക്കേണ്ട വേളയിൽ വൻപാപങ്ങളിൽ പെട്ട തിന്മകൾ ചെയ്തു കൂട്ടുക എന്നത് എത്ര ഗുരുതരമാണ്?! അല്ലാഹു നമ്മുടെ ഇബാദത്തുകൾ എല്ലാം സ്വീകരിക്കുകയും, അതിലെ തെറ്റുകളും കുറവുകളും പൊറുത്തു മാപ്പാക്കി തരുകയും ചെയ്യട്ടെ!

35- ഇഅ്തികാഫ് ഇരിക്കുന്നയാൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണർത്താമോ?

മഹത്തരമായ ഒരു ഇബാദത്താണ് ഇഅ്തികാഫ്. അതിൽ പ്രവേശിച്ചവർ തങ്ങളുടെ സമയം പരമാവധി ഉപയോഗപ്പെടുത്താനും നല്ല കാര്യങ്ങളിലേക്ക് മാറ്റിവെക്കാനും ശ്രദ്ധിക്കണം. അത്തരം ചില കാര്യങ്ങൾ താഴെ ഓർമ്മപ്പെടുത്താം.

ഒന്ന്: ഇബാദത്തുകൾ അധികരിപ്പിക്കുക. ഇഅ്തികാഫിന്റെ ലക്ഷ്യം തന്നെ അല്ലാഹുവുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കലും അതിൽ മുൻപന്തിയിലെത്താൻ പരിശ്രമിക്കലുമാണ്. അതിനാൽ പരമാവധി ഇബാദതുകളിൽ മുന്നേറാൻ ഇഅ്തികാഫുകാരൻ ശ്രദ്ധിക്കണം. നിസ്കാരം, ഖുർആൻ പാരായണം, ദിക്റുകൾ പോലുള്ളവ ഉദാഹരണം. റമദാനിലല്ലാത്ത സമയത്താണ് ഇഅ്തികാഫ് ഇരിക്കുന്നതെങ്കിൽ നോമ്പ് നോൽക്കാനും ശ്രമിക്കുക.

രണ്ട്: വാജിബായേക്കാവുന്ന പരോപകാരങ്ങൾ: ഇഅ്തികാഫ് ഇരിക്കുന്നതിനിടയിൽ ഒരാളുടെ മേൽ നിർബന്ധമാവുന്ന പരോപകാരപരമായ നന്മകൾ അവൻ ചെയ്യേണ്ടതുണ്ട്. ഉദാഹരണത്തിന് സകാത്ത് നൽകാനുള്ള സമയം ആയിട്ടുണ്ടെങ്കിൽ അതിനിയും വൈകിക്കരുത്. വേഗം കൊടുത്തു തീർക്കണം. അതല്ലെങ്കിൽ അവന്റെ സാന്നിധ്യം അനിവാര്യമായ നന്മ കൽപ്പിക്കേണ്ട സാഹചര്യമോ, തിന്മ വിരോധിക്കേണ്ട സാഹചര്യമോ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനും സന്നിഹിതനാകണം. ഇഅ്തികാഫ് ഇരിക്കുന്നതിനിടയിൽ സംസാരം കുറക്കണമെങ്കിലും; സലാം ചൊല്ലിയാൽ മടക്കുകയും, സഹായം ചോദിക്കുന്നവർക്ക് വഴി കാണിക്കുകയും വേണം. സുന്നത്തായേക്കാവുന്ന പരോപകാര നന്മകളും അവൻ തീർത്തും ഉപേക്ഷിക്കേണ്ടതില്ല. ഖുർആൻ പഠിപ്പിച്ചു കൊടുക്കുക, ദീൻ പറഞ്ഞു കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഇഅ്തികാഫിനിടയിലും ചെയ്യാം. എന്നാൽ അത് അധികരിപ്പിക്കാതെ, ഇബാദതുകൾക്കായി ഭൂരിപക്ഷ സമയവും മാറിയിരിക്കുകയാണ് ചെയ്യേണ്ടത്.

മൂന്ന്: മറ സ്വീകരിക്കൽ. ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി മറ്റുള്ളവരിൽ നിന്ന് മറ സ്വീകരിക്കുക എന്നത് സുന്നത്താണ്. നബി -ﷺ- അപ്രകാരമായിരുന്നു ഇഅ്തികാഫ് ഇരുന്നിരുന്നത്. അവന്റെ പ്രാർത്ഥനകളും ഇബാദത്തുകളും രഹസ്യമായിരിക്കാൻ അതവനെ സഹായിക്കുന്നതാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്മാർ കാണാൻ സാധ്യതയുള്ള മസ്ജിദുകളിലാണ് ഇഅ്തികാഫ് ഇരിക്കുന്നതെങ്കിൽ ഈ മറ സ്വീകരിക്കൽ കൂടുതൽ നല്ലതാണ്.

നാല്: ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കൽ. അവന്റെ പരലോകത്തിന് ഉപകാരമില്ലാത്ത സംസാരങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ഇഅ്തികാഫ് ഇരിക്കാത്ത സമയങ്ങളിൽ തന്നെ ഇക്കാര്യം വളരെ നന്മയാണ്. അപ്പോൾ അല്ലാഹുവുമായി മാറിയിരിക്കുക എന്ന മഹത്തരമായ ഇബാദത്തിന്റെ വേളയിൽ അതെത്ര മാത്രം മഹത്തരമായിരിക്കും എന്ന് ആലോചിച്ചു നോക്കുക. തന്നെ ഒരാൾ ചീത്ത പറഞ്ഞാൽ അതിന് മറുപടി പറയാതെ നിശബ്ദത പാലിക്കൽ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് സുന്നത്തായ കാര്യമാണെന്ന് ശാഫിഈ മദ്‌ഹബിൽ പരാമർശിച്ചതായി കാണാം.

36- മസ്ജിദിൽ ഇഅ്തികാഫിരിക്കുന്നയാൾ ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുന്നയാൾ ഉറക്കത്തിൽ മിതത്വം പുലർത്താൻ ശ്രദ്ധിക്കണം. ഉറക്കം കടുത്താലല്ലാതെ ഉറങ്ങരുതെന്നും, ഇരുന്ന് കൊണ്ട് ഉറങ്ങണമെന്നുമെല്ലാം ഹമ്പലീ മദ്‌ഹബിൽ അഭിപ്രായങ്ങളുള്ളതായി കാണാം. ഇഅ്തികാഫിനിടയിൽ ഉറക്കം വർദ്ധിപ്പിക്കാതിരിക്കുക എന്ന അർഥത്തിലായിരിക്കാം അവർ അത് പറഞ്ഞതെന്ന് ചില പണ്ഡിതന്മാർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. കാരണം അല്ലാഹുവിനുള്ള ഇബാദത്തുകളിൽ മുഴുകുക എന്ന ഇഅ്തികാഫിന്റെ ഉദ്ദേശത്തിന് വിരുദ്ധമാണല്ലോ ധാരാളമായി ഉറങ്ങൽ?

37- ഇഅ്തികാഫിനായി മസ്ജിദിൽ ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്നത് അനുവദനീയമാണോ?

ഇഅ്തികാഫിന്റെ സന്ദർഭത്തിൽ മസ്ജിദിൽ ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുക്കുന്നത് അനുവദനീയമാണ്. എന്നാൽ ഇഅ്തികാഫിനല്ലാതെ അത്തരം സ്ഥലം പ്രത്യേകമായി സ്വീകരിക്കുന്നത് വെറുക്കപ്പെട്ട കാര്യമാണ്. നബി -ﷺ- ഇഅ്തികാഫിനായി മസ്ജിദുന്നബവിയിൽ തൗബയുടെ തൂണിനരികെ [മസ്ജിദുന്നബവിയെ ഓരോ തൂണുകൾക്കും പേരുകളുണ്ട്. അതിൽ ഒരു തൂണിന്റെ പേരാണ് തൗബയുടെ തൂൺ എന്നത്.] ഇഅ്തികാഫിനായി സ്ഥലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു.

38- ഇഅ്തികാഫിലായിരിക്കെ മസ്ജിദിൽ വെച്ച് കച്ചവടം നടത്തുന്നതിന്റെ വിധി എന്താണ്?

ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി മസ്ജിദിൽ വെച്ച് കച്ചവടത്തിൽ ഏർപ്പെടരുത്. കാരണം മസ്ജിദുകൾ ഇബാദത്തിനുള്ള കേന്ദ്രമാണ്. അല്ലാതെ കച്ചവടത്തിനും മറ്റുമുള്ള സ്ഥലമല്ല. മസ്ജിദുകളിൽ ഇരിക്കുന്നവരെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾ رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ ﴿٣٧﴾

“(അല്ലാഹുവിന്റെ) ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ (അല്ലാഹുവിന്റെ മസ്ജിദുകളിൽ) ചില ആളുകള്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.” (നൂർ: 36)

عَنْ عَمْرِو بْنِ شُعَيْبٍ، عَنْ أَبِيهِ، عَنْ جَدِّهِ، عَنْ رَسُولِ اللهِ -ﷺ- أَنَّهُ نَهَى عَنْ تَنَاشُدِ الأَشْعَارِ فِي الْمَسْجِدِ، وَعَنِ البَيْعِ وَالاِشْتِرَاءِ فِيهِ.

അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മസ്ജിദുകളിൽ കവിത ആലാപിക്കുന്നതും, കച്ചവടം നടത്തുകയും ചെയ്യുന്നത് വിലക്കിയിരിക്കുന്നു.” (അഹ്മദ്: 2/179, അബൂദാവൂദ്: 1079

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللهِ -ﷺ- قَالَ: «إِذَا رَأَيْتُمْ مَنْ يَبِيعُ أَوْ يَبْتَاعُ فِي الْمَسْجِدِ، فَقُولُوا: لاَ أَرْبَحَ اللَّهُ تِجَارَتَكَ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: “മസ്ജിദിൽ വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നവനെ കണ്ടാൽ നിങ്ങൾ പറയുക: നിന്റെ കച്ചവടം അല്ലാഹു ലാഭത്തിലാക്കാതിരിക്കട്ടെ.” (തിർമിദി: 1321, നസാഈ: 176)

عَنْ أَبِي هُرَيْرَةَ يَقُولُ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ سَمِعَ رَجُلاً يَنْشُدُ ضَالَّةً فِي المَسْجِدِ، فَلْيَقُلْ: لَا رَدَّ اللَّهُ عَلَيْكَ، فَإِنَّ المَسَاجِدَ لَمْ تُبْنَ لِهَذَا»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും തന്റെ കാണാതെ പോയ വസ്തു മസ്ജിദിൽ അന്വേഷിക്കുന്നത് കേട്ടാൽ അവൻ പറയട്ടെ: ‘അല്ലാഹു നിനക്കത് തിരിച്ചു നൽകാതിരിക്കട്ടെ’. മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത് ഇതിനു വേണ്ടിയല്ല.” (മുസ്‌ലിം: 568)

ഈ ഹദീഥുകളിൽ നിന്നെല്ലാം മസ്ജിദുകളിൽ വെച്ച് കച്ചവടമോ സമാനമായ കാര്യങ്ങളോ നടത്തുന്നത് അനുവദനീയമല്ല എന്ന് മനസ്സിലാക്കാൻ കഴിയും. അതിനാൽ അവയിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. വല്ലാഹു അഅ്ലം.

39- മസ്ജിദിൽ വെച്ച് മൊബൈലിൽ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നത് അനുവദനീയമാണോ?

മസ്ജിദ് കച്ചവടത്തിനുള്ള സ്ഥലമല്ല. അതിനാൽ മസ്ജിദിൽ വെച്ച് വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ പാടില്ല. ഇനി മൊബൈലിലാണ് ഇത്തരം കച്ചവടങ്ങളിൽ ഏർപ്പെടുന്നത് എങ്കിൽ അതും അനുവദനീയമല്ല. അവൻ കച്ചവടം നടത്തുന്നതിന് ആരെയെങ്കിലും പകരം ഏൽപ്പിക്കുകയോ, അല്ലെങ്കിൽ കച്ചവടം ഇഅ്തികാഫിന്റെ സന്ദർഭത്തിൽ നിർത്തി വെക്കുകയോ ചെയ്യട്ടെ. അല്ലാതെ മസ്ജിദിൽ വെച്ച് കച്ചവടം ചെയ്യാൻ പാടില്ല. ഈ അഭിപ്രായമാണ് ശൈഖ് ഇബ്‌നു ഉസൈമീൻ, നാസ്വിർ അൽ-ബർറാക് തുടങ്ങിയ പണ്ഡിതന്മാർ സ്വീകരിച്ചിട്ടുള്ള അഭിപ്രായം.

അതു പോലെ കച്ചവട കാര്യങ്ങൾ ഫോണിൽ സംസാരിക്കുക എന്നതും അവൻ ഒഴിവാക്കട്ടെ. എന്നാൽ അനിവാര്യമായും വേണ്ട എന്തെങ്കിലും കാര്യമാണെങ്കിൽ മറ്റു പല കാര്യങ്ങളിലും ഇളവ് നൽകപ്പെട്ടതു പോലെ ആ വസ്തു വാങ്ങുവാൻ ഇളവ് ഉണ്ടായിരിക്കുന്നതാണ്. ഉദാഹരണത്തിന് പല്ലു തേക്കാൻ ബ്രഷോ പേസ്റ്റോ മറ്റോ വാങ്ങാനാണെങ്കിൽ അതിന് ഇളവ് ഉണ്ടായിരിക്കുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം; ആരെങ്കിലും മസ്ജിദിൽ വെച്ചാണ് നിന്റെ അടുക്കൽ നിന്ന് സാധനം വാങ്ങുന്നത് എന്ന് മനസ്സിലായാൽ അവന് അത് വിൽക്കാനും പാടില്ല എന്നതാണ്. വല്ലാഹു അഅ്ലം.

40- മസ്ജിദിൽ ഇരിക്കെ കീഴ്ശ്വാസം വിടുന്നതിന്റെ വിധിയെന്താണ്?

മസ്ജിദിൽ ഇരിക്കെ കീഴ്ശ്വാസം വിടുക എന്നത് തീർത്തും ഒഴിവാക്കേണ്ട കാര്യമാണ്. അത് നിഷിദ്ധമാണെന്നും വെറുക്കപ്പെട്ടതാണെന്നും അനുവദനീയമാണെന്നുമെല്ലാം അഭിപ്രായങ്ങളുണ്ട്. നിഷിദ്ധമാണെന്ന അഭിപ്രായത്തിന് തെളിവുകളുടെ പിൻബലം ഉള്ളതായി മനസ്സിലാകുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ -ﷺ-: «… وَالْمَلَائِكَةُ يُصَلُّونَ عَلَى أَحَدِكُمْ مَا دَامَ فِي مَجْلِسِهِ الَّذِي صَلَّى فِيهِ، يَقُولُونَ: اللهُمَّ ارْحَمْهُ، اللهُمَّ اغْفِرْ لَهُ، اللهُمَّ تُبْ عَلَيْهِ، مَا لَمْ يُؤْذِ فِيهِ، مَا لَمْ يُحْدِثْ فِيهِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- പറഞ്ഞു: “നിങ്ങൾ നിസ്കരിച്ച നിസ്കാരസ്ഥലത്ത് ആയിരിക്കുന്നിടത്തോളം മലക്കുകൾ നിങ്ങൾക്ക് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കും. അവർ പറയും: അല്ലാഹുവേ! നീ ഇവന് പൊറുത്തു നൽകേണമേ! നീ അവനോട് കാരുണ്യം കാണിക്കേണമേ! അയാൾ അശുദ്ധിയുണ്ടാക്കുന്നത് വരെ (അങ്ങനെ അവർ പറഞ്ഞു കൊണ്ടിരിക്കും).” (ബുഖാരി: 445, മുസ്‌ലിം: 649) ചില നിവേദനങ്ങളിൽ ഇത്ര കൂടിയുണ്ട്: “എന്താണ് അശുദ്ധിയുണ്ടാക്കൽ എന്ന് ചോദിക്കപ്പെട്ടപ്പോൾ നബി -ﷺ- പറഞ്ഞു: “ശബ്ദത്തോടെയോ അല്ലാതെയോ കീഴ്ശാസ്വം വിടലാണ്.” (മുസ്‌ലിം: 274)

ഒരിക്കൽ അറിവില്ലാതെ മസ്ജിദിൽ മൂത്രമൊഴിച്ച അഅ്രാബിയെ ഉപദേശിച്ച വേളയിൽ നബി -ﷺ- പറഞ്ഞ വാക്കുകളിൽ നിന്നും ഇക്കാര്യം മനസ്സിലാക്കാൻ കഴിയും. അവിടുന്ന് പറഞ്ഞു: “ഈ മസ്ജിദുകളിൽ മ്ലേഛമായ കാര്യങ്ങളൊന്നും ചെയ്തു കൂടാ.” ഉള്ളി കഴിച്ചാൽ മസ്ജിദിലേക്ക് വരാൻ പാടില്ലെന്ന നബി -ﷺ- യുടെ കൽപ്പനയിലും ഇക്കാര്യത്തിലേക്കുള്ള സൂചന കാണാൻ കഴിയും.

عَنْ جَابِرٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ أَكَلَ مِنْ هَذِهِ الشَّجَرَةِ الْمُنْتِنَةِ، فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلَائِكَةَ تَأَذَّى، مِمَّا يَتَأَذَّى مِنْهُ الْإِنْسُ»

അവിടുന്ന് പറഞ്ഞു: “ആരെങ്കിലും ഈ വൃത്തിയില്ലാത്ത മണമുണ്ടാക്കുന്ന ചെടിയിൽ നിന്ന് (ഉള്ളിയാണ് ഉദ്ദേശം) കഴിച്ചാൽ അവൻ നമ്മുടെ മസ്ജിദിലേക്ക് അടുക്കാതിരിക്കട്ടെ. തീർച്ചയായും മനുഷർക്ക് പ്രയാസമുണ്ടാകുന്നതിൽ മലക്കുകൾക്കും പ്രയാസമുണ്ടാകും.” (മുസ്‌ലിം: 564)

ചുരുക്കത്തിൽ, ആർക്കെങ്കിലും കീഴ്ശാസ്വം ഇടേണ്ട ആവശ്യം വന്നാൽ അവൻ മസ്ജിദിൽ നിന്ന് പുറത്തു പോവുകയും, അത് ഇല്ലാതെയാക്കുകയും, ശേഷം മസ്ജിദിലേക്ക് തിരിച്ചു വരികയും ചെയ്യട്ടെ. വല്ലാഹു അഅ്ലം.

41- എപ്പോഴാണ് ഇഅ്തികാഫ് അവസാനിപ്പിക്കേണ്ടത്?

റമദാൻ അവസാനിക്കുകയും, പെരുന്നാളിന്റെ രാത്രി പ്രവേശിക്കുകയും ചെയ്താൽ ഇഅ്തികാഫ് അവസാനിപ്പിക്കാം. അതായത് റമദാനിലെ അവസാനത്തെ നോമ്പ് തുറന്നതിന് ശേഷം അയാൾക്ക് മസ്ജിദിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകാം.

ഇഅ്തികാഫിരിക്കുന്ന വ്യക്തി മസ്ജിദിൽ നിന്ന് നേരെ മുസ്വല്ലയിലേക്ക് പെരുന്നാൾ നിസ്കാരത്തിനായി പുറപ്പെടലാണ് ഏറ്റവും നല്ലത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. സലഫുകളിൽ ധാരാളം പേർ ഇപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടുണ്ട്. സ്വഹാബിയായ ഇബ്‌നു ഉമർ അപ്രകാരം ചെയ്തതായി പറയപ്പെട്ടിട്ടുണ്ട് (ശർഹുൽ ഉംദ/ശൈഖുൽ ഇസ്‌ലാം: 2/845). അനേകം പണ്ഡിതന്മാർ ഇപ്രകാരം മസ്ജിദിൽ നിന്ന് നേരെ ഈദിന്റെ മുസ്വല്ലയിലേക്ക് പുറപ്പെട്ടത് താൻ കണ്ടിട്ടുണ്ടെങന്ന് ഇമാം മാലിക് -رَحِمَهُ اللَّهُ- യും പറഞ്ഞിട്ടുണ്ട്. (മുഗ്നി: 4/490) എന്നാൽ അതിന് മുൻപ് ആരെങ്കിലും ഇഅ്തികാഫ് അവസാനിപ്പിക്കുന്നുവെങ്കിൽ അത് അവന് അനുവദനീയമാണ് എന്നതിൽ സംശയമില്ല.

ഇബ്രാഹീം അന്നഖഇ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തി പെരുന്നാളിന്റെ രാത്രിയിൽ മസ്ജിദിൽ കഴിച്ചു കൂട്ടുകയും, അങ്ങനെ അവിടെ നിന്ന് നേരെ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുകയും ചെയ്യുന്നതാണ് മുസ്തഹബ്ബ് എന്ന് സലഫുകൾ മനസ്സിലാക്കിയിരുന്നു.” (മുസ്വന്നഫ് ഇബ്നി അബീ ശൈബ: 3/92)

كَتَبَهُ أَخُوكُمْ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

مُعْتَمِدًا عَلَى كِتَابِ الشَّيْخِ خَالِدٍ المَشْيَقَح

«فِقْهُ الاعْتِكَافِ» وَفَتَاوَى المَشَايِخِ وَالعُلَمَاءِ

رَحِمَ اللَّهُ مَنْ مَاتَ مِنْهُمْ وَحَفِظَ الأَحْيَاءَ

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ

وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ تَسْلِيمًا مَزِيدًا

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment