4- ഇസ്‌ലാം സര്‍വ്വസ്പര്‍ശിയാണ്. അതിന്റെ വെളിച്ചമെത്താതെ പോയ ഒരു ഇടനാഴിയുമില്ല. ജീവിതത്തിന്റെ ഏതു മേഖലകളിലാണ് നീ വഴി തിരയുന്നതെങ്കിലും ചോദിക്കുക; ഇസ്‌ലാം നിനക്ക് ഉത്തരം നല്‍കും. കൃത്യവും സുവ്യക്തവുമായ മാര്‍ഗം കാണിച്ചു തരും.
ഏതു പ്രശ്നങ്ങള്‍ക്കും ഇസ്‌ലാമില്‍ പരിഹാരമുണ്ട്. അതിനാല്‍ ഏതു കാലഘട്ടത്തിലും അത് പ്രസക്തമാണ്. ഏത് പ്രദേശത്തിനും അത് അനുയോജ്യവുമാണ്. ഈ മതം എല്ലാ മേഖലകളിലും കൃത്യമായ അടിസ്ഥാനങ്ങളും നന്മ നിറഞ്ഞ നിയമങ്ങളും നിശ്ചയിച്ചിരിക്കുന്നു.
അഭിപ്രായവ്യത്യാസങ്ങളില്‍ ഇസ്‌ലാമിന് പരിഹാരങ്ങളുണ്ട്. കച്ചവടം, ഇടപാടുകള്‍, സാമൂഹിക-ദാമ്പത്യ ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വ്യക്തമായ ഉത്തരങ്ങളുണ്ട്. അഭിവാദന രീതികളെ കുറിച്ചും, യാത്രാ മര്യാദകളെ കുറിച്ചും, വഴിവക്കുകളില്‍ ഇരിക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ചും അതില്‍ കുറഞ്ഞതല്ലാത്ത പരാമര്‍ശങ്ങളുണ്ട്. ഒരു മനുഷ്യന്‍ ഉറങ്ങേണ്ടതും ഭക്ഷിക്കേണ്ടതും കുടിക്കെണ്ടതും ധരിക്കേണ്ടതും എങ്ങനെയായിരിക്കണമെന്ന് പോലും ഇസ്‌ലാം നിനക്ക് വിശദീകരിച്ചു നല്‍കും.
മേല്‍ പറഞ്ഞ വിഷയങ്ങളിലൊന്നും കേവല പരാമര്‍ശങ്ങളിലോ ചില പൊതുവായ നിര്‍ദേശങ്ങളിലോ ഇസ്‌ലാം ഒതുക്കി നിര്‍ത്തിയിട്ടില്ല. മറിച്ച് വ്യക്തവും സൂക്ഷ്മമായ മേഖലകളെ പോലും സ്പര്‍ശിച്ചു കൊണ്ടുമാണ് അതിന്റെ നിയമങ്ങള്‍. ഏതൊരു ബുദ്ധിമാനെയും അവ അത്ഭുതപ്പെടുത്താതിരിക്കില്ല.
എങ്ങനെ ചെരിപ്പ് ധരിക്കണമെന്നും അതെങ്ങനെ ഊരി വെക്കണമെന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ടെന്ന് നിനക്കറിയാമോ? നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ -ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ഹസ്തദാനം ചെയ്യുകയും കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍- വലതു കൈ ഉപയോഗിക്കണം. എന്നാല്‍, മോശം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ -ഉദാഹരണത്തിന്; പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍- ഇടതു കൈ ഉപയോഗിക്കണം. ഇസ്‌ലാമിലെ നിയമങ്ങളില്‍ ഒന്നാണിത്!
എങ്ങനെ ഉറങ്ങണം? എഴുന്നേല്‍ക്കേണ്ടതെങ്ങനെ? സുന്ദരമായ നിയമങ്ങളുണ്ട് ഈ മതത്തില്‍. അന്വേഷിച്ചാല്‍ നിനക്ക് അറിയാന്‍ കഴിയും. രണ്ട് മുസ്‌ലിംകള്‍ പരസ്പരം കണ്ടു മുട്ടിയാല്‍ എങ്ങനെ അഭിവാദനം ചെയ്യണം? ഇസ്‌ലാമില്‍ നിയമങ്ങളുണ്ട്. ‘അസ്സലാമു അലൈകും’ -അല്ലാഹുവില്‍ നിന്നുള്ള രക്ഷ നിനക്ക് ഉണ്ടാകട്ടെ!- എന്നാണു പറയേണ്ടത്.
വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോട് അഭിവാദ്യം പറയണം. ചെറിയവര്‍ മുതിര്‍ന്നവരോട്. ചെറിയ സംഘം വലിയ സംഘത്തോട്. ഇങ്ങനെയിങ്ങനെ…
ഇസ്‌ലാമിലെ ചില നിയമങ്ങള്‍ മാത്രമാണ് മേല്‍ പറഞ്ഞത്. ഇനിയും എത്രയോ ബാക്കിയുണ്ട്. അവ നിന്റെ ബുദ്ധിയെ തൃപ്തമാക്കും. മനസ്സിനെ ശാന്തമാക്കും. മുഖം പ്രശോഭിതമാക്കും. തീര്‍ച്ച!
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين