1- ഇസ്‌ലാമിന്റെ പ്രത്യേകതകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്; അത് മനുഷ്യന്റെ ആത്മീയവശത്തെ അവഗണിക്കുന്നില്ല എന്നത് തന്നെയാണ്. ആത്മാവിന്റെ വിശപ്പ് ശമിപ്പിക്കുന്നതെല്ലാം ഇസ്‌ലാമിലുണ്ട്.

ഇസ്‌ലാം സ്വീകരിച്ചവന്റെ ഹൃദയത്തെ അവരുടെ സ്രഷ്ടാവുമായി എപ്പോഴും ബന്ധിപ്പിച്ചു നിര്‍ത്തുന്ന അത്ഭുതം നിനക്കീ മതത്തില്‍ ദര്‍ശിക്കാം. അതവന്റെ മനസ്സിന് എപ്പോഴും സ്വസ്ഥതയും സമാധാനവും നല്‍കുന്നു. അരാജകത്വത്തില്‍ നിന്നും, ആത്മീയ ശൂന്യതയില്‍ നിന്നും, മനസ്സിന്റെ ചാഞ്ചാട്ടങ്ങളില്‍ നിന്നും അതവനെ രക്ഷിക്കുന്നു.

ഇസ്‌ലാം ഒരിക്കലും സൃഷ്ടികളുമായി മനുഷ്യന്റെ ഹൃദയത്തെ ബന്ധിച്ചിടുന്നില്ല. നശിച്ചു പോകുന്നവയില്‍ അവന്റെ ജീവിതത്തെ തളച്ചിടുന്നില്ല. നിന്റെ ജീവിതത്തെ അനിശ്ചിതത്വത്തില്‍ ഉപേക്ഷിച്ചു പോകുന്നുമില്ല.

നിന്നെ പോലുള്ള -ജനിക്കുകയും രോഗം ബാധിക്കുകയും സുഖപ്പെടുകയും ക്ഷയിക്കുകയും മരിക്കുകയും മണ്ണായി തീരുകയും ചെയ്യുന്ന- മനുഷ്യര്‍ക്ക് മുന്നില്‍ നിന്റെ ശിരസ്സ് കുനിക്കാന്‍ ഇസ്‌ലാം കല്‍പ്പിക്കില്ല. അവരുടെ ആരുടെയും അടിമകളായി നിന്റെ ജീവിതം ഹോമിക്കണമെന്ന് അത് നിന്നോട് ആവശ്യപ്പെടില്ല. നിന്റെ ബുദ്ധിയും സമ്പാദ്യവും അഭിമാനവും -നിന്റെ സഹജീവികള്‍ക്ക് മുന്നില്‍- അടിയറ വെപ്പിക്കില്ല.

നിന്നെ പോലുള്ള മനുഷ്യര്‍ പടുത്തുയര്‍ത്തിയ മണ്‍വിഗ്രഹങ്ങള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന അധമത്വം നിനക്ക് ഇസ്‌ലാമില്‍ കാണുക സാധ്യമല്ല. ഇന്നലെ വരെ മനുഷ്യര്‍ ചവിട്ടി നടന്ന -മൃഗങ്ങള്‍ കാഷ്ടിക്കുകയും വൃത്തികേടുകള്‍ നിക്ഷേപിക്കപ്പെടുകയും ചെയ്ത- മണ്ണ് കൊണ്ടല്ലേ അത് പടുത്തുയര്‍ത്തപ്പെട്ടത്?

അത് കേള്‍ക്കുമോ? കാണുമോ? നിനക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? നിന്നെ സഹായിക്കുമോ? നിന്നെ ഉപദ്രവത്തില്‍ നിന്ന് രക്ഷിക്കുമോ? എന്തിനധികം? അതിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ സ്വയം സംരക്ഷിക്കാന്‍ പോലും അതിന് കഴിയുമോ?

നീ ചിന്തിക്കുന്നുണ്ടാകാം.. ഇസ്‌ലാമിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ കെട്ടിപ്പൊക്കിയ ഖബറുകള്‍ക്ക് മുന്‍പില്‍ ആരാധനകള്‍ സമര്‍പ്പിക്കുന്നുണ്ടല്ലോ? അവരതിനെ ആരാധിക്കുന്നുണ്ടല്ലോ?

ഞാന്‍ നിന്നോട് പറയട്ടെ:

ഈ മഖ്ബറകള്‍ക്കും ജാറങ്ങള്‍ക്കും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിന്റെ ഭാഷയില്‍ അവ ശപിക്കപ്പെട്ടവയാണ്. അവ നിര്‍മ്മിച്ചവര്‍ ശപിക്കപ്പെട്ടവരും, അതിനെ ആരാധിച്ചവര്‍ ഇസ്‌ലാമില്‍ സ്ഥാനമില്ലാത്തവരും.

ഇസ്‌ലാം നിന്നെ ക്ഷണിക്കുന്നത് നിന്നെയും നിനക്ക് മുന്‍പുള്ളവരെയും ലോകത്തുള്ള സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച ഏകനായ രക്ഷിതാവിലേക്ക് മാത്രമാണ്. അല്ലാഹുവിലേക്ക് മാത്രമാണ്.

അവനുമായാണ് നിന്റെ ഹൃദയം ബന്ധിക്കപ്പെടേണ്ടത്. അവനില്‍ മാത്രമാണ് നീ ഭരമേല്‍പ്പിക്കേണ്ടത്. അവനെ മാത്രമാണ് നീ ഭയക്കുകയും, അവനില്‍ മാത്രമാണ് നീ പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യേണ്ടത്.

അവന്‍ നിന്നോടൊപ്പമുണ്ടെങ്കില്‍ -മറ്റെല്ലാവരും നിനക്ക് എതിരായാലും- നീ എന്തിന് ഭയക്കണം? അവന്‍ നിന്നോടൊപ്പമില്ലെങ്കില്‍ -മറ്റെല്ലാവരും നിന്നോടൊപ്പമുണ്ടെങ്കിലും- നിനക്കെങ്ങനെ നിര്‍ഭയനായിരിക്കാന്‍ കഴിയും?!

ഈ വിശ്വാസം നിന്റെ ഹൃദയത്തിന് നല്‍കുന്ന മനസ്സമാധാനത്തെ കുറിച്ചും, ശാന്തിയെ കുറിച്ചും നീ ആലോചിച്ചിട്ടുണ്ടോ? ദര്‍ഗകളില്‍ നിന്ന് ദര്‍ഗകളിലേക്കും, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്കും, ആള്‍ദൈവങ്ങളില്‍ നിന്ന് അവരെ പോലുള്ള മറ്റുള്ളവരിലേക്കും അവസാനമില്ലാതെ -അശാന്തമായ മനസ്സുമായി, കലുഷിതമായ ഹൃദയവുമായി- പോകുന്നത് അവസാനിപ്പിക്കാറായില്ലേ?!

അവയുടെയെല്ലാം നിയന്ത്രണമേറ്റെടുത്ത നിന്റെ റബ്ബ് -സ്രഷ്ടാവും പരിപാലകാനും കാരുണ്യവാനുമായ അല്ലാഹുവിന്റെ സംരക്ഷണം നിനക്കുള്ളപ്പോള്‍ എന്തിനാണ് ഈ മദ്ധ്യസ്ഥര്‍? ശക്തിയും കഴിവുമില്ലാത്ത സൃഷ്ടികള്‍?!

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment