ഇമാമിന് വേണ്ട ശ്വര്‍ത്വുകള്‍ യോജിച്ചില്ലെങ്കില്‍…?
ഇസ്‌ലാമിക ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കേണ്ട അനേകം ശ്വര്‍ത്വുകള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനും ഹദീഥും അക്കാര്യം പലയിടത്തും പരാമര്‍ശിച്ചിട്ടുമുണ്ട്. പക്ഷേ, ചിലപ്പോള്‍ ഭരണമേറ്റെടുത്ത വ്യക്തിക്ക് അതില്‍ ചില നിബന്ധനകളൊന്നും യോജിച്ചുവെന്ന് വരില്ല. ചിലരില്‍ പല നിബന്ധനകളും യോജിച്ചില്ലെന്ന് വരാം.
ഇത് ഉയര്‍ത്തിക്കാണിച്ച് കൊണ്ട് ഭരണാധികാരിക്കെതിരെ തിരിയുക അനുവദനീയമല്ല. കാരണം, അയാളില്‍ ഇല്ലാത്ത ചില നിബന്ധനകള്‍ ശരിയാക്കാന്‍ ശ്രമിച്ച് വിപ്ലവവുമായി മുന്നിട്ടറങ്ങി, അവസാനം എത്രയോ മനുഷ്യരുടെ രക്തം ചിന്തുകയും തനിച്ച അരാജകത്വത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമാണുണ്ടാവുക. അതിനെക്കാള്‍ നല്ലത്; കുറവുകളുള്ള ഇതേ മനുഷ്യന്‍ തന്നെ അധികാരത്തില്‍ തുടരുന്നതാണ്.
ഉദാഹരണത്തിന്; സ്വതന്ത്രനായ വ്യക്തിയായിരിക്കണം ഖലീഫയെന്നത് ഇസ്‌ലാമിക നിബന്ധനകളില്‍ ഒന്നാണ്. അടിമകള്‍ ഭരണാധികാരിയാകാന്‍ പാടില്ല. അതൊട്ട് സാധ്യവുമല്ല. എന്നാല്‍ നബി -ﷺ- പറഞ്ഞതു നോക്കൂ.
عَنْ أَنَسِ بْنِ مَالِكٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «اسْمَعُوا وَأَطِيعُوا، وَإِنِ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ، كَأَنَّ رَأْسَهُ زَبِيبَةٌ»
അനസ് ബ്നു മാലിക് നിവേദനം: നബി -ﷺ- പറഞ്ഞു: “കേള്‍ക്കുക! അനുസരിക്കുക! നിങ്ങള്‍ക്ക് മേല്‍ അധികാരം ഏല്‍പ്പിക്കപ്പെട്ടത് അബ്സീനിയക്കാരനായ ഒരടിമയാണെങ്കിലും; അയാളുടെ തല ഉണങ്ങിയ മുന്തിരിയുടെ കുരു പോലെയാണെങ്കിലും.” (ബുഖാരി: 7142)
ഈ ഹദീഥില്‍ നബി -ﷺ- ഒരടിമയാണ് ഭരണാധികാരിയായതെങ്കിലും അയാളെ അനുസരിക്കണമെന്നാണ് കല്‍പ്പിച്ചിരിക്കുന്നത്. ഭരണാധികാരികള്‍ക്ക് ഉണ്ടാകേണ്ടുന്ന നിബന്ധനകളില്‍ ലംഘിക്കപ്പെടാന്‍ വിദൂര സാധ്യത മാത്രമുള്ള നിബന്ധനയാണ് അടിമ ഭരണാധികാരിയാവുക എന്നത്. കാരണം, ഉടമസ്ഥനുണ്ടായിരിക്കെ അയാള്‍ ഭരണാധികാരിയാകാതെ, അയാള്‍ക്ക് കീഴിലുള്ള അടിമയെങ്ങനെ ഭരണാധികാരിയാകും?
ഈ പറഞ്ഞ സാധ്യത വളരെ വിദൂരമാണെങ്കില്‍ കൂടി, നബി -ﷺ- അത്തരമൊരു സാഹചര്യത്തില്‍ കൂടി ഭരണാധികാരിയെ അനുസരിക്കണമെന്ന് കല്‍പ്പിക്കുകയാണ്. അപ്പോള്‍ ഭരണാധികാരിക്കുണ്ടാകണമെന്ന് നബി -ﷺ- നിര്‍ദേശിച്ച മറ്റു നിബന്ധനകളില്‍ ചിലത് -അറിവും സൂക്ഷ്മതയും പരിപൂര്‍ണ്ണ നീതിയും ഖുറൈഷിയായിരിക്കണമെന്നതും പോലെയുള്ളവ- ഒരാളില്‍ ഉണ്ടായില്ലെങ്കില്‍ കൂടി, അയാള്‍ ഖലീഫയായാല്‍ അദ്ദേഹത്തെ അനുസരിക്കണം.
പണ്ഡിതന്മാരനേകം പേര്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഗസ്സാലി -رَحِمَهُ اللَّهُ- പറഞ്ഞു: “സൂക്ഷ്മതയും അറിവുമുള്ളവര്‍ ഇമാമാകാന്‍ മുന്നോട്ട് വന്നില്ലെങ്കില്‍; അറിവില്ലാത്ത -അല്ലെങ്കില്‍ തിന്മകള്‍ പ്രവര്‍ത്തിക്കുന്ന ഒരുവനാണ്- ജനങ്ങള്‍ക്ക് മേല്‍ ബലപ്രയോഗത്തിലൂടെ ഭരണമേറ്റെടുത്തതെങ്കിലും; അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കുമെങ്കില്‍; അദ്ദേഹത്തെ ഇസ്‌ലാമിക ഭരണാധികാരിയായി തന്നെ പരിഗണിക്കണം.
കാരണം, ഭരണത്തിലേറിയ വ്യക്തിയെ താഴെയിറക്കുന്നതിന് വേണ്ടി നാം ശ്രമിച്ചാല്‍, മുസ്‌ലിമീങ്ങള്‍ അനേകം പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനും, ഇത്തരമൊരു ഭരണാധികാരി അധികാരത്തിലേറിയതിലൂടെ നഷ്ടപ്പെടുന്ന ചില നന്മകള്‍ നേടിയെടുക്കാന്‍ അനേകം നന്മകള്‍ നഷ്ടപ്പെടുത്തലുമായിരിക്കും അതിലൂടെ സംഭവിക്കുക.
അതിനാല്‍, നിലവിലുള്ള നന്മ ഇനിയും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച് അവസാനം ഉള്ളതും ഇല്ലാതെയാകുന്ന അവസ്ഥ വരും. ഒരു കോട്ട നിര്‍മ്മിക്കുന്നതിന് വേണ്ടി ഒരു പട്ടണമൊന്നാകെ ഇടിച്ചു തകര്‍ക്കുന്നവനെ പോലെയാണ് ഇവന്റെ കാര്യം.
അല്ലെങ്കില്‍, രണ്ടാമത് സാധ്യതയുള്ളത് നാട്ടില്‍ ഭരണാധികാരി തന്നെ ഇല്ലാത്ത അവസ്ഥയുണ്ടാകുന്നതിനാണ്. അതോടെ കാര്യങ്ങളെല്ലാം അവതാളത്തിലാകും. അതൊരിക്കലും ഇസ്‌ലാമികമായി അനുവദനീയമല്ല.
അതിനാല്‍, നാം വിധിക്കുന്നത്; അധര്‍മ്മികളാണെങ്കിലും അവര്‍ ഭരണാധികാരികളായാല്‍ അവരുടെ കല്‍പ്പനകള്‍ പിന്‍പറ്റണമെന്ന് തന്നെയാണ്. കാരണം, അനിവാര്യവും അത്യാവശ്യവുമായ ഈ ഘട്ടത്തില്‍ എങ്ങനെയാണ് ഈ ഇമാമിനെ നമുക്ക് തള്ളിപ്പറയാന്‍ കഴിയുക?!” (ഇഹ്യാഉ ഉലൂമിദ്ദീന്‍: 2/233 -ശര്‍ഹുസ്സബീദി- ആശയവിവര്‍ത്തനം)
വ്യത്യസ്ത ഭരണാധികാരികള്‍ ഉണ്ടായാല്‍…