സ്വഹാബികള്‍

ശൈത്യകാലം മുഅമിനിന്‍റെ സുവര്‍ണകാലം

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

അഥര്‍

قَالَ عُمَرُ بْنُ الْخَطَّابِ: «الشِّتَاءُ غَنِيمَةُ الْعَابِدِينَ»

അര്‍ഥം

ഉമര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ശൈത്യകാലം ഇബാദത് ചെയ്യുന്നവരുടെ സുവര്‍ണ്ണ കാലമാണ്.”

(ഹില്‍യതുല്‍ ഔലിയാ: 1/50)

വിശദീകരണം

തണുപ്പു കാലം ഇബാദത്തിന് ഏറ്റവും അനുയോജ്യമായ കാലഘട്ടമായി സലഫുകള്‍ കണ്ടിരുന്നു. കാരണം ഈ കാലാവസ്ഥയില്‍ രാത്രി അധികരിക്കുകയും, പകല്‍ വളരെ ചുരുങ്ങുകയും ചെയ്യും. ഇത് രാത്രിയില്‍ ദീര്‍ഘമായി നിന്ന് നിസ്കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, രാവിലെ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സല്‍കര്‍മ്മങ്ങളുടെ വിളവെടുപ്പിന് സഹായിക്കും.

മാത്രമല്ല, തണുപ്പ് കാലത്തുള്ള ഉറക്കം കൂടുതല്‍ സുഖമുള്ളതും, അതില്‍ നിന്ന് ഉണരുക എന്നത് പ്രയാസമുള്ളതുമായ കാര്യമാണ്. അപ്പോള്‍ അല്ലാഹുവിന് വേണ്ടി മാത്രമായി ഉറക്കം വെടിയുകയും, എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്യുന്നതിന് എന്തു മാത്രം പ്രതിഫലമാണ് ഉണ്ടായിരിക്കുക എന്ന് പറയേണ്ടതില്ലല്ലോ?

സലഫുകള്‍ എപ്രകാരമായിരുന്നു ഇബാദത്തുകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നതെന്നും, ഓരോ സന്ദര്‍ഭങ്ങളും എപ്രകാരം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വിനിയോഗിക്കാന്‍ കഴിയുമെന്ന് ചിന്തിച്ചിരുന്നുവെന്നും ഈ അഥറില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

പ്രകൃതിയിലെ എല്ലാ സുഖങ്ങളും സൗകര്യങ്ങളും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൂടുതല്‍ മുന്നേറാനുള്ള വഴിയായി മനസ്സിലാക്കാനും, പരലോകത്തേക്കുള്ള വിഭവം ഒരുക്കി വെക്കുന്നതിനുള്ള എളുപ്പവഴികള്‍ അവയിലെല്ലാം കണ്ടെത്താനും കഴിയണമെങ്കില്‍ അല്ലാഹുവിനുള്ള ഇബാദത്തില്‍ ആനന്ദവും സ്വസ്ഥതയും കണ്ടെത്താനുള്ള മാനസികാവസ്ഥ ഉണ്ടാകേണ്ടതുണ്ട്. അവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ ചിന്തിക്കുവാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയൂ.

എന്നാല്‍, പ്രകൃതിയിലെ സുഖങ്ങളിലും ആസ്വാദനങ്ങളിലും അല്ലാഹുവിനെ ധിക്കരിക്കാനും അവന്‍റെ വിധിവിലക്കുകളെ ലംഘിക്കാനുമുള്ള വഴിതേടുന്നവര്‍ ഈ പറഞ്ഞതിന്‍റെ നേര്‍വിപരീതാവസ്ഥയിലുള്ളവരാണ്. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അവനെ നിഷേധിക്കുന്നതിനും ധിക്കരിക്കുന്നതിനുമുള്ള വഴിയാക്കുന്നവര്‍ അങ്ങേയറ്റം നന്ദികെട്ടവര്‍ തന്നെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: