ത്വഹാറത് (ശുദ്ധീകരണം)

നജസ് വൃത്തിയാക്കേണ്ടത് എങ്ങനെ?

നജസ് വൃത്തിയാക്കാന്‍ വെള്ളം ഉപയോഗിക്കാമെന്ന് പറഞ്ഞു. എങ്ങനെയാണ് നജസ് കഴുകേണ്ടത് എന്ന് ചിലര്‍ക്ക് സംശയമുണ്ടായേക്കാം. അതിനുള്ള ഉത്തരമാണ് ഈ പാഠത്തിലുള്ളത്. നജസ് നീക്കാന്‍ ഇത്ര തവണ കഴുകണമെന്ന് എണ്ണം നിശ്ചയിക്കാന്‍ സാധ്യമല്ല. വെള്ളം എത്ര തവണ ഒഴിച്ചാലാണോ നജസ് നീങ്ങുന്നത് അത്രയും തവണ ഒഴിക്കുക എന്നേ അതിനെ കുറിച്ച് പറയാനാകൂ.

ഉദാഹരണത്തിന്, ശരീരത്തില്‍ എവിടെയെങ്കിലും പക്ഷിക്കാഷ്ഠം പിടിച്ചു കഴിഞ്ഞാല്‍ -ഉടനെ തന്നെ കഴുകുകയാണെങ്കില്‍- ഒരു തവണ കഴുകിയാല്‍ തന്നെ മിക്കവാറും നജിസ് നീങ്ങും. എന്നാല്‍, അത് ശരീരത്തില്‍ ഒട്ടിപ്പിടിച്ചു കഴിഞ്ഞാല്‍ ഒരു തവണ വെള്ളം ഒഴിച്ചതു കൊണ്ട് നീങ്ങിക്കൊള്ളണമെന്നില്ല. അപ്പോള്‍, നജിസ് നീങ്ങുന്നത് വരെ വെള്ളം ഒഴിക്കേണ്ടി വരും.

ഫ്ളോറില്‍ നജിസായാലും കഴുകിക്കളയാന്‍ എളുപ്പമാണ്. ഒരു തവണ വെള്ളം എടുത്തൊഴിച്ചാല്‍ നജിസ് നീങ്ങിയെന്ന് വരും. എന്നാല്‍, കമ്പിളി കൊണ്ടോ മറ്റോ ഉള്ള വസ്ത്രത്തിലാണെങ്കില്‍ നജിസ് നീങ്ങണമെങ്കില്‍ കുറച്ചധികം തവണ വെള്ളം ഒഴിക്കുകയും, ഉരച്ചു കഴുകുകയുമൊക്കെ വേണ്ടി വരും. ചുരുക്കത്തില്‍, ഇത്ര തവണ കഴുകിയാല്‍ നജിസ് പോകും എന്ന് പറയാന്‍ കഴിയില്ല. മറിച്ച്, നജിസ് പോകുന്നത് വരെ കഴുകുക എന്നതാണ് കൂടുതല്‍ ശരി.

ചില പണ്ഡിതന്മാര്‍ എണ്ണം നിശ്ചയിച്ചിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. മൂന്നു തവണ, ഏഴു തവണ എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്നാല്‍, ഹദീഥുകളിലെ സൂചന നജിസ് കഴുകുന്നതിന് പ്രത്യേകമൊരെണ്ണം ഇല്ലെന്നാണ്. ആര്‍ത്തവ രക്തം വസ്ത്രത്തിലായാല്‍ എന്തു ചെയ്യണമെന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി -ﷺ- നല്‍കിയ മറുപടി നാം മേലെ പറഞ്ഞതിന് തെളിവാണ്. അവിടുന്ന് പറഞ്ഞു:

«تَحُتُّهُ ثُمَّ تَقْرُصُهُ بِالْمَاءِ وَتَنْضَحُهُ وَتُصَلِّي فِيْهِ»

“നീ (രക്തം) ചുരണ്ടിക്കളയുക. എന്നിട്ട് വെള്ളം കൊണ്ട് ഉരക്കുക. പിന്നീട് അതിന്‍റെ മേല്‍ വെള്ളം കുടയുക. എന്നിട്ട് (ആ വസ്ത്രം ധരിച്ച്) അതില്‍ നിസ്കരിച്ചു കൊള്ളുക.” (ബുഖാരി: 220, മുസ്ലിം: 291)

ഈ ഹദീഥില്‍ നബി -ﷺ- പ്രത്യേകമൊരു എണ്ണം നിശ്ചയിച്ചിട്ടില്ല എന്നതില്‍ നിന്ന് നാം നേരത്തെ സൂചിപ്പിച്ച അഭിപ്രായമാണ് ശരിയെന്ന് മനസ്സിലാക്കാം. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: