അല്ലാഹുവിന് മാത്രം അർഹതപ്പെട്ട കാര്യങ്ങളിൽ അവനെ ഏകനാക്കുക എന്നതാണ് തൗഹീദിന്റെ അർത്ഥം എന്ന് കഴിഞ്ഞ ലേഖനങ്ങളിൽ നാം ആവർത്തിച്ചു വിശദീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയും, ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാകുന്ന ഒന്നാമത്തെ കൽപ്പനയുമാണത്. നമ്മുടെ ദീനിൽ ഏറ്റവും ഗൗരവപ്പെട്ട വിഷയമാണ് തൗഹീദ് എന്നിരിക്കിലും ജനങ്ങളിൽ പലരും ഏറ്റവും അശ്രദ്ധ പുലർത്തുകയും, തീർത്തും അജ്ഞരായിരിക്കുകയും ചെയ്യുന്ന വിഷയങ്ങളിലൊന്നുമാണിത്.

അല്ലാഹു മാത്രമാണ് എന്നെ സൃഷ്ടിച്ചത് എന്ന വിശ്വസിച്ചാൽ തൗഹീദ് പൂർത്തിയായി എന്ന് കരുതുന്ന അനേകം പേരുണ്ട്; അല്ലാഹുവിനുള്ള ആരാധനകൾ അവനല്ലാത്തവർക്ക് സമർപ്പിക്കുന്നതോ, അല്ലാഹുവല്ലാത്തവരോട് സഹായതേട്ടങ്ങൾ നടത്തുന്നതോ തൗഹീദിന് വിരുദ്ധമായി അവർ മനസ്സിലാക്കുന്നില്ല. പലപ്പോഴും അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കൂ, അവനോട് മാത്രം സഹായം തേടൂ എന്നെല്ലാം കേൾക്കുന്നത് തന്നെ അവർക്ക് അരോചകവും അസ്വസ്ഥതയും സൃഷ്ടിക്കുന്നു.  ഇക്കൂട്ടർ തൗഹീദിന്റെ അടിസ്ഥാനം തന്നെ തകർത്തിരിക്കുന്നു.

മറ്റൊരു വിഭാഗം തൗഹീദ് എന്നത് കൊണ്ട് കാര്യമായും പ്രധാനമായും മനസ്സിലാക്കുന്നത് അല്ലാഹുവിന്റെ വിധികർതൃത്വത്തിലെ ഏകത്വം മാത്രമാണ്. ജനങ്ങൾ അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നതും സഹായതേട്ടം നടത്തുന്നതും യാതൊരു ഗൗരവവും നൽകേണ്ടതില്ലാത്ത വിഷയമായി കാണുകയും, ‘അല്ലാഹുവിന്റെ വിധികർതൃത്വം അംഗീകരിക്കാതെ അനിസ്ലാമിക ഭരണകൂടങ്ങളെ ആരാധിച്ചു കൊണ്ട് ജനങ്ങൾ ബഹുഭൂരിപക്ഷവും ശിർകിലെത്തിയിരിക്കുന്നു’ എന്ന് വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും നബിമാർ പ്രബോധനം ചെയ്ത തൗഹീദിനെ തെറ്റിദ്ധരിച്ചിരിക്കുന്നു.

ഇനിയൊരു വിഭാഗം തൗഹീദിന്റെ അടിത്തറയിൽ കാര്യമായ ശ്രദ്ധ പുലർത്തുന്നു. അവർ അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുകയോ അവനല്ലാത്തവരോട് സഹായതേട്ടം നടത്തുകയോ ചെയ്യുന്നില്ല. അതെല്ലാം ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമായി അവർ മനസ്സിലാക്കുകയും ചെയ്യുന്നു. എന്നാൽ ഇതോടെ തന്റെ ജീവിതത്തിൽ തൗഹീദിന്റെ ഭാഗധേയം അവസാനിച്ചു എന്നാണ് അവർ ധരിക്കുന്നത്. ഇസ്‌ലാമിലെ വിധിവിലക്കുകൾ പാലിക്കുന്നതിലും, ബിദ്അതുകളും ഹറാമുകളും പൂർണ്ണമായി ഒഴിവാക്കുന്നതിലും അവരിൽ പലരും ശ്രദ്ധ പുലർത്തുന്നില്ല. അതെല്ലാം തൗഹീദുമായി യാതൊരു ബന്ധവുമില്ലാത്ത, -വേണമെങ്കിൽ പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യാവുന്ന- നിസ്സാരമായ വിഷയങ്ങളായാണ് അവർ മനസ്സിലാക്കുന്നത്.

തൗഹീദിനെ മനസ്സിലാക്കുന്നതിൽ സംഭവിക്കുന്ന കുറവുകളോ പിഴവുകളോ ആണ് ഈ തെറ്റിദ്ധാരണകളിൽ പലതിന്റെയും അടിസ്ഥാനകാരണം. ഒരു വീടിന് അതിനെ താങ്ങിനിർത്തുന്ന അടിത്തറയും, അതിന് മുകളിൽ കെട്ടിപ്പടുത്ത ചുമരുകളും തൂണുകളും, അതിനും മുകളിൽ മേൽക്കൂരയും ഉണ്ടായിരിക്കും. ആരെങ്കിലും അടിത്തറ ഉറപ്പുള്ളതാക്കാതെ തന്റെ വീടിന്റെ മേൽക്കൂര പടുത്തുയർത്തിയാൽ അവന്റെ വീടിന് അധികം ആയുസ്സുണ്ടാവുകയില്ല. അടിത്തറ ശക്തമാക്കുകയും, മേൽക്കൂരയും ചുമരുകളും നിർമ്മിക്കാതെ വിടുകയും ചെയ്താൽ അതൊരു പൂർണ്ണമായ വീടാവുകയുമില്ല. ഇതു പോലെയാണ് തൗഹീദും; അതിനും അടിത്തറയും ചുവരും മേൽക്കൂരയുമുണ്ട്.

വിശുദ്ധ ഖുർആനിൽ തൗഹീദിന്റെ വാചകമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിന്റെ ഉപമ വിവരിച്ചതിൽ നിന്ന് ഈ പറഞ്ഞത് കൂടുതൽ വ്യക്തമാകും. അല്ലാഹു പറയുന്നു:

أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾ تُؤْتِي أُكُلَهَا كُلَّ حِينٍ بِإِذْنِ رَبِّهَا ۗ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴿٢٥﴾

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.” (ഇബ്രാഹീം: 24-25)

ഈ ആയത്തിൽ തൗഹീദിനെ അല്ലാഹു ഒരു നല്ല മരത്തോടാണ് ഉപമിച്ചത്. മരത്തിന് അടിത്തറയായി വേരുകളുണ്ട്. അവ എത്രയധികം ആഴത്തിലേക്ക് ആഴ്ന്നുപോകുന്നുവോ; അത്രയും ശക്തമായിരിക്കും മരത്തിന്റെ ഉറപ്പും വളർച്ചയും. എന്നാൽ വേരുകൾ മാത്രമല്ല മരത്തിനുള്ളത്; അതിന്റെ തടിയും ശാഖകളും ഇലകളും ഫലങ്ങളുമെല്ലാം മരത്തിന്റെ ഭാഗം തന്നെയാണ്.

ഇതു പോലെയാണ് തൗഹീദും; അതിന് വേരുകളുണ്ട്; അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവന് പുറമെയുള്ളവർക്ക് ആരാധനകൾ സമർപ്പിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ വേരുകൾ. അവ ഒരാളിൽ ഇല്ലാതെയായാൽ അവന്റെ തൗഹീദ് പൂർണ്ണമായും തകർന്നടിയും. അതിന് യാതൊരു നിലനിൽപ്പും പിന്നീട് ഉണ്ടാകുന്നതല്ല.

തൗഹീദിന്റെ തടിയും ശാഖകളുമാണ് പ്രവർത്തനങ്ങൾ. നിർബന്ധകർമ്മങ്ങൾ (വാജിബാതുകൾ) നിർവ്വഹിക്കുന്നതും, നിഷിദ്ധവൃത്തികൾ (ഹറാമുകൾ) ഉപേക്ഷിക്കുന്നതും തൗഹീദിന്റെ വേരുകളിൽ നിന്നാണ് ഉയരേണ്ടത്. അഞ്ചു നേരത്തെ നിസ്കാരവും, സകാതും, റമദാനിലെ നോമ്പും പോലുള്ള നിർബന്ധകർമ്മങ്ങൾ നിർവ്വഹിക്കുന്നത് അവന്റെ തൗഹീദിന്റെ വൃക്ഷത്തിന് ബലവും ശക്തിയുമേകുന്നു. ലോകമാന്യവും ബിദ്അതുകളും ഹറാമുകളും പോലുള്ളവ ഉപേക്ഷിക്കുമ്പോൾ അവന്റെ ഈമാനിക വൃക്ഷം സുരക്ഷിതമാകുന്നു.

വൃക്ഷം നല്ലതാണെങ്കിൽ അവയിൽ തണൽ വിരിക്കുന്ന ഇലകളും, മധുരമുള്ള ധാരാളം ഫലങ്ങളുമുണ്ടായിരിക്കും. റവാതിബ് നിസ്കാരങ്ങളും സ്വദഖകളും സുന്നത്ത് നോമ്പുകളും പോലുള്ള ഐഛിക കർമ്മങ്ങൾ ഈ ഫലങ്ങളിൽ പെട്ടതത്രെ. സൂക്ഷ്മതക്ക് വേണ്ടി സംശയകരമായ കാര്യങ്ങൾ പോലും ഉപേക്ഷിക്കുകയും, (നിഷിദ്ധമല്ലെങ്കിലും ഒഴിവാക്കുന്നത് നല്ലതായ) മക്റൂഹുകൾ വെടിയുന്നതും അവന്റെ വൃക്ഷത്തിന്റെ ഇലകളിലും ഫലങ്ങളിലും പുഴുക്കുത്തുകൾ വരുന്നതിൽ നിന്ന് തടയുന്നു.

ഇങ്ങനെ തൗഹീദിന്റെ അടിവേരുകൾ ആഴത്തിലേക്ക് ഊന്നുകയും, അതിന്റെ ശാഖകൾ ആകാശം മുട്ടെ ഉയരുകയും വേണം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുന്ന ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ ഈ ലക്ഷ്യം ഊട്ടിയുറപ്പിക്കപ്പെടുകയും, അതിനായുള്ള പരിശ്രമങ്ങൾ മരണം വരെ അവൻ തുടർന്നു കൊണ്ടിരിക്കുകയും വേണം. തൗഹീദിന്റെ അടിത്തറ ശരിപ്പെടുത്തുന്നതിൽ നിന്ന് ആരംഭിച്ച്, തൗഹീദിന്റെ പൂർത്തീകരണത്തിലേക്ക് എത്താനുള്ള നിതാന്തമായ പരിശ്രമം അവന്റെ ഭാഗത്ത് നിന്നുണ്ടാകണം.

മേലെ നാം വായിച്ച, സൂറ. ഇബ്രാഹീമിലെ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന തൗഹീദിന്റെ വൃക്ഷത്തെ നല്ല ഒരു മരത്തിനോടാണ് അല്ലാഹു ഈ ആയത്തിൽ ഉപമിച്ചിരിക്കുന്നത്. അതിന്റെ വേരുകൾ ഉറപ്പുള്ളതും, ശാഖകൾ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നതുമാണ്. എല്ലാ കാലാവസ്ഥകളിലും അത് ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

അല്ലാഹു നൽകിയ ഈ ഉപമയെ കുറിച്ച് ചിന്തിച്ചു നോക്കുക! ഹൃദയത്തിൽ അടിയുറച്ചു നിലകൊള്ളുന്ന തൗഹീദിനോട് പൂർണ്ണമായും അത് യോജിക്കുന്നതായി നിനക്ക് കാണാൻ സാധിക്കും. തൗഹീദിന്റെ ശാഖകളായ സൽകർമ്മങ്ങളാണ് ആകാശത്തിലേക്ക് ഉയർന്നു നിൽക്കുന്നത്.

തൗഹീദ് ഹൃദയത്തിൽ ശക്തമാവുകയും, അതിനോടുള്ള സ്നേഹവും നിഷ്കളങ്കതയും വർദ്ധിക്കുകയും, അതിനെ കുറിച്ചുള്ള ബോധ്യവും തിരിച്ചറിവും വർദ്ധിക്കുകയും, അതിന് അർഹമായ നിലക്കുള്ള പ്രവർത്തനം കാഴ്ച്ച വെക്കുകയും, വേണ്ട വിധം തൗഹീദിനെ പരിചരിക്കുകയും ചെയ്യുമ്പോൾ എല്ലാ അവസ്ഥകളിലും കാലാന്തരങ്ങളിലും അതിന്റെ ഫലം അവനിൽ പ്രകടമായി കൊണ്ടേയിരിക്കും.” (ഇഅ്ലാമുൽ മുവഖിഈൻ: 1/132)

അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുകയും, അവന് പുറമെയുള്ളവർക്കുള്ള ആരാധന തള്ളിക്കളയുകയും ചെയ്യുക എന്നതാണ് തൗഹീദിന്റെ അടിത്തറ; ഇസ്‌ലാമിന്റെ നാരായവേര് എന്നു പറയാവുന്നത് ഈ രണ്ട് അടിസ്ഥാനങ്ങളാണ്. ‘തൗഹീദ്; നിഷേധവും സ്ഥിരീകരണവും’ എന്ന ലേഖനത്തിൽ ഈ അടിത്തറകളെ കുറിച്ച് നാം വിശദമായി വായിക്കുകയുണ്ടായി. ഇനി തൗഹീദിന്റെ പൂർത്തീകരണത്തെ കുറിച്ച് വായിക്കാം.

എന്താണ് തൗഹീദിന്റെ പൂർത്തീകരണം?

തൗഹീദിന്റെ പൂർത്തീകരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)

രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)

ഈ രണ്ട് അടിസ്ഥാനങ്ങളും ചുരുങ്ങിയ രൂപത്തിൽ താഴെ വിശദീകരിക്കാം.

അടിസ്ഥാനം ഒന്ന്: ദീനിലെ കൽപ്പനകൾ പ്രവർത്തിച്ചു കൊണ്ട് തൗഹീദ് പൂർത്തീകരിക്കൽ (التَّكْمِيلُ)

അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന ഏറ്റവും പ്രധാനപ്പെട്ട കൽപ്പന പൂർത്തീകരിച്ചാൽ ഒരാൾ തൗഹീദിന്റെ ആദ്യപടി ചവിട്ടിയിരിക്കുന്നു. എന്നാൽ അതിന് ശേഷമുള്ള അല്ലാഹുവിന്റെ ഓരോ കൽപ്പനകളും പ്രാവർത്തികമാക്കുന്നത് തൗഹീദിന്റെ പൂർത്തീകരണത്തിലേക്കുള്ള പ്രവേശനമാണ്. ഇപ്രകാരം ഇസ്‌ലാമിലേക്കും ഈമാനിലേക്കും പരിപൂർണ്ണമായി പ്രവേശിക്കുക എന്നത് തൗഹീദിന്റെ പൂർത്തീകരണമാണ്.

അല്ലാഹു പറയുന്നു:

یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱدۡخُلُوا۟ فِی ٱلسِّلۡمِ كَاۤفَّةࣰ

“(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങള്‍ ഇസ്‌ലാമിലേക്ക് പരിപൂർണ്ണമായി പ്രവേശിക്കുക.” (ബഖറ: 208)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “ദീനിന്റെ സർവ്വ നിയമങ്ങളും പാലിക്കുകയും, അതിൽ നിന്ന് യാതൊന്നും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യട്ടെ എന്നാണ് ഈ പറഞ്ഞതിന്റെ അർത്ഥം.

ദേഹേഛയെ ആരാധ്യനാക്കിയവരിൽ നിങ്ങൾ ഉൾപ്പെടരുത്. തങ്ങളുടെ ഇഛക്ക് യോജിച്ചത് കൽപ്പിക്കപ്പെട്ടാൽ അത് പ്രവർത്തിക്കുകയും, അതിന് വിരുദ്ധമായതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുന്നവരായി നിങ്ങൾ മാറരുത്. മറിച്ച്, നിങ്ങളുടെ ഇഛകൾ അല്ലാഹുവിന്റെ ദീനിനോട് യോജിച്ച രൂപത്തിലായി മാറുകയാണ് വേണ്ടത്. തനിക്ക് സാധ്യമാകുന്ന നന്മകളെല്ലാം പ്രവർത്തിക്കുക; അസാധ്യമായ കാര്യങ്ങൾ പ്രവർത്തിക്കണമെന്ന് മനസ്സിൽ കരുതുകയും ഉദ്ദേശിക്കുകയും ചെയ്യുക.” (തഫ്സീറുസ്സഅ്ദി: 94)

അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- കൽപ്പനകൾ സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കേണ്ടതുണ്ട്. ഇസ്‌ലാമിൽ നിർബന്ധമായും കൽപ്പിക്കപ്പെട്ട കാര്യങ്ങൾ -പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ- ഒരു കാരണവശാലും ഉപേക്ഷിക്കരുത്. ഇനി ഭാഗികമായെങ്കിലും നിറവേറ്റാൻ കഴിയുമെന്നാണെങ്കിൽ സാധ്യമായത് നിറവേറ്റണം.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: « … إِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ»

നബി -ﷺ- പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ അത് സാധ്യമാകുന്നിടത്തോളം നിങ്ങൾ പ്രവർത്തിക്കുക.” (ബുഖാരി: 7288, മുസ്‌ലിം: 1337)

ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഇസ്‌ലാമിലെ പ്രധാനപ്പെട്ട അടിത്തറകളിലൊന്നാണ് ഈ ഹദീഥ്. ചുരുങ്ങിയ വാക്കുകളിൽ ആശയസമ്പുഷ്ടമായ വാക്കുകൾ പറയാൻ കഴിയുന്ന നബി -ﷺ- യുടെ ‘ജവാമിഉൽ കലിമി’ന്റെ ഉദാഹരണവുമാണ്മാ ഇത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത അനേകം വിധിവിലക്കുകൾ ഈ ഹദീഥിൽ ഉൾപ്പെടുന്നതായി കാണാം.

ഉദാഹരണത്തിന് നിസ്കാരത്തിന്റെ കാര്യം നോക്കുക; ഒരാൾക്ക് നിസ്കാരത്തിലെ റുക്‌നുകളിലോ (നിസ്കാരത്തിലെ റുകൂഉം സുജൂദും ഉദാഹരണം) ശർത്വുകളിലോ (നിസ്കാരത്തിന് മുൻപ് വുദൂഅ് എടുക്കുന്നതും, ഖിബ്ലക്ക് നേരെ തിരിയലും ഉദാഹരണം) പെട്ട എല്ലാ കാര്യങ്ങളും പ്രവർത്തിക്കാൻ സാധിക്കില്ലെങ്കിൽ അവൻ തനിക്ക് കഴിയുന്നവ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. വുദൂഇന്റെ മുഴുവൻ അവയവങ്ങളും കഴുകാനോ, ജനാബത്തിന്റെ കുളി ശരീരം മുഴുവനും കഴുകുന്ന രൂപത്തിലോ സാധിക്കില്ലെങ്കിൽ കഴിയുന്ന ഭാഗങ്ങൾ കഴുകുക…” (ശർഹു മുസ്‌ലിം: 9/102)

അല്ലാഹുവും റസൂലും ദീനിന്റെ കാര്യത്തിൽ ഒരു വിഷയം നിർബന്ധമാക്കിയാൽ അതിൽ ഇഛപ്രകാരം തിരഞ്ഞെടുപ്പ് നടത്താനോ, വിരുദ്ധാഭിപ്രായം പറയാനോ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. അല്ലാഹുവിനോടും റസൂലിനോടും എതിരാകുക എന്നത് അവരുടെ വിശ്വാസത്തെയും തൗഹീദിനെയുമാണ് പരിക്കേൽപ്പിക്കുക.

അല്ലാഹു പറയുന്നു:

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّـهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴿٣٦﴾

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- തൃപ്തിക്കായി മത്സരിക്കുകയും, അല്ലാഹുവിന്റെ റസൂലിന്റെയും -ﷺ- കോപത്തിൽ നിന്ന് ഓടിയകലുകയും, അവരുടെ കൽപ്പനകൾ പാലിക്കുകയും, വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റൊന്നും തന്നെ ഈമാൻ സ്വീകരിച്ച ഒരാൾക്കും യോജിച്ചതല്ല.

അതിനാൽ അല്ലാഹുവും റസൂലും -ﷺ- ഒരു കാര്യത്തിൽ വിധി പറയുകയും, ആ കൽപ്പന നിർബന്ധമാക്കുകയും ചെയ്താൽ സത്യവിശ്വാസിയായ ഒരു പുരുഷനോ സ്ത്രീയോ അതിൽ സ്വാഭിപ്രായം തിരഞ്ഞെടുക്കുക എന്നത് അവർക്ക് യോജിച്ചതല്ല. ഇത് ചെയ്യണമോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പിനുള്ള അവകാശം അവർക്കില്ല.

മറിച്ച്, അല്ലാഹുവിന്റെ റസൂൽ -ﷺ- യാണ് തന്റെ സ്വന്തത്തേക്കാൾ തനിക്ക് വേണ്ടപ്പെട്ടതെന്ന കാര്യം അവൻ തിരിച്ചറിയുകയാണ് ചെയ്യുക. തന്റെ ആഗ്രഹങ്ങളിൽ ചിലത് അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ അനുസരിക്കുന്നതിന് തടസ്സമായി അവൻ ഒരിക്കലും കണ്ടുകൂടാ.” (തഫ്സീറുസ്സഅ്ദി: 665)

തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ ഒന്നാമത്തെ അടിസ്ഥാനമാണിത്. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായും നിറവേറ്റിക്കൊണ്ട് തൗഹീദിന്റെ പൂർത്തീകരണം നിറവേറ്റിയ അനേകം നബിമാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രം വിശുദ്ധ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. ഖലീലുല്ലാഹി ഇബ്രാഹീം -عَلَيْهِ السَّلَامُ- തൗഹീദിന്റെ മാർഗത്തിൽ അത്ഭുതകരമായ ചരിത്രങ്ങൾ രചിച്ച മഹാനായ നബിയും റസൂലുമാണ്. അദ്ദേഹത്തെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

وَإِذِ ابْتَلَىٰ إِبْرَاهِيمَ رَبُّهُ بِكَلِمَاتٍ فَأَتَمَّهُنَّ ۖ قَالَ إِنِّي جَاعِلُكَ لِلنَّاسِ إِمَامًا ۖ

“ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് പൂർണ്ണമായി നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് ഇമാം (മാതൃകയാക്കപ്പെടാവുന്ന നേതാവ്) ആക്കുകയാണ്.” (ബഖറ: 124)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “നബിയേ! ഇബ്രാഹീമിനെ അല്ലാഹു പരീക്ഷിച്ചതിനെ കുറിച്ച് ഈ ബഹുദൈവാരാധകർക്ക് വിവരിച്ചു കൊടുക്കുക. അല്ലാഹു (വിവിധങ്ങളായ) കൽപ്പനകളും വിലക്കുകളും കൊണ്ട് അദ്ദേഹത്തെ പരീക്ഷിച്ചു. അപ്പോൾ അവയെല്ലാം അദ്ദേഹം പൂർണ്ണമായി നിറവേറ്റുകയുണ്ടായി.” (തഫ്സീർ ഇബ്നി കഥീർ: 1/405)

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- നെ കുറിച്ച് മറ്റൊരിടത്ത് അല്ലാഹു പറഞ്ഞതു നോക്കൂ:

وَإِبْرَاهِيمَ الَّذِي وَفَّىٰ ﴿٣٧﴾

“(കടമകള്‍) പൂർണ്ണമായും നിറവേറ്റിയ ഇബ്രാഹീമും.” (നജ്മ്: 37)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “ഇബ്രാഹീം -عَلَيْهِ السَّلَامُ- എല്ലാ കൽപ്പനകളും നിറവേറ്റുകയും, എല്ലാ വിലക്കുകളും ഉപേക്ഷിക്കുകയും ചെയ്തു. അല്ലാഹുവിന്റെ സന്ദേശം പൂർണ്ണമായി അദ്ദേഹം ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തു. ഇക്കാരണത്താലാണ് അദ്ദേഹം ജനങ്ങളുടെ ഇമാമാകാൻ അർഹനായത്; എല്ലാ അവസ്ഥാന്തരങ്ങളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും പിന്തുടരപ്പെടാൻ അദ്ദേഹം അനുയോജ്യനത്രെ.” (തഫ്സീറു ഇബ്നി കഥീർ: 7/463)

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുക എന്നതിന്റെ അത്ഭുതകരമായ മാതൃകകൾ ഇബ്രാഹീം -عَلَيْهِ السَّلَامُ- യുടെ ജീവിതത്തിൽ നിരന്തരമായി കണ്ടെത്താൻ കഴിയും. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിച്ചതിന്റെ പേരിൽ അദ്ദേഹം തീകുണ്ഡാരത്തിലേക്ക് എറിയപ്പെട്ടു. തൗഹീദ് ജനങ്ങൾക്ക് എത്തിച്ചു നൽകുന്നതിനായി നാട്ടിൽ നിന്ന് പാലായനം ചെയ്തു. അല്ലാഹുവിന്റെ കൽപ്പന അനുസരിച്ചു കൊണ്ട് തന്റെ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മക്കയിൽ -ജനവാസമില്ലാത്തയിടത്ത്- അല്ലാഹുവിൽ ഭരമേൽപ്പിച്ചു കൊണ്ട് അദ്ദേഹം വിട്ടേച്ചു പോയി. കാത്തിരുന്നു ലഭിച്ച കുഞ്ഞിനെ അറുക്കണമെന്ന കൽപ്പന ലഭിച്ചപ്പോൾ അത് പ്രാവർത്തികമാക്കാൻ തുനഞ്ഞിറങ്ങി. ഇങ്ങനെ അനേകം സംഭവങ്ങൾ!

നമ്മുടെ റസൂലായ മുഹമ്മദ് -ﷺ- യുടെ ചരിത്രവും വ്യത്യസ്തമല്ല. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിന്നവരായിരുന്നു അവിടുന്ന്. തന്നെ ‘അൽ അമീൻ’ എന്ന് വിശേഷിപ്പിച്ച നാട്ടുകാരുടെ അതൃപ്തിക്ക് കാരണമാകുമെന്നറിഞ്ഞിട്ടും അവിടുന്ന് അല്ലാഹു ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ നിന്ന് ഒരണുവിട പിന്നോട്ടു പോയില്ല. ശത്രുക്കളുടെ പരിഹാസങ്ങളും പീഡനങ്ങളും അല്ലാഹുവിന്റെ ദീനിലെ ഒരു കാര്യവും മറച്ചു വെക്കാൻ അവിടുത്തേക്ക് കാരണമായില്ല. നീണ്ട പതിമൂന്ന് വർഷക്കാലം അവിടുന്ന് വിശ്രമമില്ലാതെ തൗഹീദിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു.

പിന്നീട് അല്ലാഹുവിന്റെ കൽപ്പന പ്രകാരം ജനിച്ചു വളർന്ന മക്കയെ വെടിഞ്ഞ് മദീനയിലേക്ക് അവിടുന്ന് പാലായനം ചെയ്തു. അല്ലാഹുവിന്റെ അനുമതി ലഭിച്ചപ്പോൾ ബദ്‌റിൽ -തന്നോടോപ്പമുള്ള സ്വഹാബികളേക്കാൾ മൂന്നു മടങ്ങ് വരുന്ന- ബഹുദൈവാരാധകരുടെ സൈന്യത്തിനെതിരെ മുന്നിൽ നിന്ന് പോരാടി. അല്ലാഹുവിന്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി ദൂരങ്ങൾ താണ്ടി അനേകം യുദ്ധങ്ങൾക്ക് നേതൃത്വം നൽകുകയും, സ്വഹാബികളെ നയിച്ചു കൊണ്ട് രണാങ്കണത്തിന്റെ മുൻപന്തിയിൽ നിന്നു കൊണ്ട് പോരാടുകയും ചെയ്തു.

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായും നിറവേറ്റുന്നതിൽ നബി -ﷺ- പുലർത്തിയിരുന്ന ശക്തമായ കണിശത ബോധ്യപ്പെടുത്തുന്ന ചരിത്ര സംഭവങ്ങളിലൊന്നാണ് സൈനബ് -رَضِيَ اللَّهُ عَنْهَا- യുമായുള്ള വിവാഹത്തിന്റെ ചരിത്രം. നബി -ﷺ- യുടെ വളർത്തു പുത്രനായിരുന്ന സൈദ് ബ്നു ഹാരിഥ -رَضِيَ اللَّهُ عَنْهُ- യുമായി സൈനബിന്റെ -رَضِيَ اللَّهُ عَنْهَا- വിവാഹം നടത്തിയത് നബി -ﷺ- യുടെ നിർദേശപ്രകാരമാണ്. എന്നാൽ അവരുടെ വിവാഹം കൂടുതൽ കാലം നീണ്ടുനിന്നില്ല. സൈദ് -رَضِيَ اللَّهُ عَنْهُ- സൈനബിനെ വിവാഹമോചനം ചെയ്തപ്പോൾ അവരെ വിവാഹം കഴിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചു.

വളർത്തു പുത്രന്റെ മകനെ വിവാഹം കഴിക്കുക എന്നത് മോശമായി കണ്ടിരുന്ന അറബികളുടെ രീതി തിരുത്തുക എന്ന മഹത്തരമായ ഉദ്ദേശം ഈ കൽപ്പനക്ക് പിന്നിലുണ്ടായിരുന്നു. എന്നാൽ കപടവിശ്വാസികളും മുശ്രിക്കുകളും തനിക്കെതിരെ അപവാധം പറഞ്ഞു പ്രചരിപ്പിക്കുമെന്ന ഭയം നബി -ﷺ- യുടെ മനസ്സിലുണ്ടായിരുന്നു. എന്നാൽ നബി -ﷺ- അല്ലാഹുവിന്റെ കൽപ്പന ശിരസ്സാവഹിക്കുകയും, അതിന് പൂർണ്ണമായി കീഴൊതുങ്ങുകയും ചെയ്തു. വിശുദ്ധ ഖുർആനിൽ ഈ സംഭവത്തെ കുറിച്ചുള്ള വ്യക്തമായ പരാമർശമുണ്ട്.

وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّـهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّـهُ أَحَقُّ أَن تَخْشَاهُ ۖ 

“നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് (സൈദ് ബ്നു ഹാരിഥയോട്) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹുവാകുന്നു.” (അഹ്സാബ്: 37)

ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! സൈദ് തന്റെ ഭാര്യയെ വിവാഹമോചനം നടത്തിയ ശേഷം താങ്കൾ സൈനബിനെ വിവാഹം കഴിക്കണമെന്ന അല്ലാഹുവിന്റെ സന്ദേശം താങ്കൾ മനസ്സിൽ സൂക്ഷിച്ചു. എന്നാൽ താങ്കൾ മനസ്സിൽ വെച്ചത് അല്ലാഹു പുറത്തു കൊണ്ടുവരുന്നതാണ്. ‘തന്റെ വളർത്തു പുത്രൻ വിവാഹമോചനം ചെയ്ത സ്ത്രീയെ മുഹമ്മദ് വിവാഹം ചെയ്തിരിക്കുന്നു’ എന്ന് കപടവിശ്വാസികൾ പറഞ്ഞു പരത്തുമെന്ന് താങ്കൾ ഭയക്കുന്നു; എന്നാൽ അല്ലാഹുവിനെയാണ് താങ്കൾ ഏറ്റവും ഭയക്കേണ്ടത്.” (തഫ്സീറുൽ മുയസ്സർ: 423)

عَنْ عَائِشَةَ قَالَتْ: وَلَوْ كَانَ مُحَمَّدٌ -ﷺ- كَاتِمًا شَيْئًا مِمَّا أُنْزِلَ عَلَيْهِ لَكَتَمَ هَذِهِ الْآيَةَ: «وَإِذْ تَقُولُ لِلَّذِي أَنْعَمَ اللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ» الآيَةَ. [مسلم: 288]

സൂറതുൽ അഹ്സാബിലെ ഈ ആയതിനെ കുറിച്ച് ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- അവിടുത്തേക്ക് ലഭിച്ച അല്ലാഹുവിന്റെ സന്ദേശത്തിൽ നിന്ന് എന്തെങ്കിലുമൊന്ന് മറച്ചു വെക്കുമായിരുന്നെങ്കിൽ ഈ ആയത്ത് അവിടുന്ന് മറച്ചു വെക്കുമായിരുന്നു.” (മുസ്‌ലിം: 288)

മഹാന്മാരായ രണ്ട് നബിമാരുടെ ചരിത്രങ്ങളിൽ നിന്ന് വളരെ ചുരുങ്ങിയ ചില സംഭവങ്ങൾ മാത്രമാണ് നാം ഇവിടെ സൂചിപ്പിച്ചത്. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുന്നതിൽ നബിമാരും സ്വാലിഹീങ്ങളും പുലർത്തിയ മത്സരബുദ്ധിയുടെ തെളിവുകൾ ബോധ്യപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ഖുർആനിൽ അനവധി സന്ദർഭങ്ങളിൽ വിവരിക്കപ്പെട്ടതായി കാണാം. തൗഹീദിന്റെ പൂർത്തീകരണം ഉദാഹരണങ്ങളിലൂടെ വിവരിക്കുന്ന ചരിത്രങ്ങളാണ് അവയെല്ലാം എന്നതിൽ സംശയമില്ല.

ഈ ചരിത്ര സംഭവങ്ങൾ ശ്രദ്ധയോടെ വായിക്കുകയും, നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുകയും, അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കുന്നതിൽ നമുക്ക് സംഭവിക്കുന്ന കുറവുകളും അലസതയും സ്വയം തിരിച്ചറിയുകയും ചെയ്യാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇബാദതുകളിലും സ്വഭാവസംസ്കരണത്തിലും ഇടപാടുകളിലും മറ്റു പല മേഖലകളിലും അല്ലാഹുവിന്റെ കൽപ്പനകളെ മാറ്റിവെക്കുകയും തന്റെ ദേഹേഛകളെ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ അപകടവും, അല്ലാഹുവിനോടുള്ള നമ്മുടെ സമർപ്പണത്തിലും കീഴൊതുക്കത്തിലും സംഭവിക്കുന്ന പാകപ്പിഴകളും നാം സ്വയം വിലയിരുത്താൻ തയ്യാറാകേണ്ടതുണ്ട്.

അവയെല്ലാം നമ്മുടെ തൗഹീദിനാണ് പരിക്കേൽപ്പിക്കുന്നതെന്ന തിരിച്ചറിവ് ഇതിലൂടെ നമുക്കുണ്ടാകേണ്ടതുണ്ട്. തൗഹീദിന്റെ പൂർത്തീകരണമെന്ന ലക്ഷ്യത്തിലേക്ക് കൂടുതൽ ശ്രദ്ധയോടെ സഞ്ചരിക്കാൻ ഈ ചിന്ത നമ്മെ സഹായിക്കാതിരിക്കുകയില്ല. അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുകയും, അവന്റെ വിലക്കുകൾ തീർത്തും ഉപേക്ഷിക്കുകയും ചെയ്യുന്ന അവന്റെ സച്ചരിതരായ ദാസന്മാരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ! (ആമീൻ)

അടിസ്ഥാനം രണ്ട്: ദീനിൽ വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കൽ (التَّصْفِيَةُ)

അല്ലാഹുവിന്റെ ദീനിൽ വിരോധിക്കപ്പെട്ട അനേകം തിന്മകളുണ്ട്. അവയിൽ ഏറ്റവും വലുത് ശിർകാണ്. അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർക്കുക എന്ന ഗുരുതരമായ ഈ പാപം ചെയ്താൽ അവൻ തൗഹീദിന്റെ അടിത്തറ തന്നെ തച്ചുടച്ചിരിക്കുന്നു. അതിന് സമാനമായ തിന്മകൾ തന്നെയാണ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും നിഷേധിക്കുക എന്ന കുഫ്റും, മനസ്സിനുള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് ഇസ്‌ലാം പ്രകടിപ്പിക്കുന്ന നിഫാഖുമെല്ലാം.

ശേഷം അതിൽ താഴെയുള്ള തിന്മകളും പാപങ്ങളും ഇസ്‌ലാമിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. വൻപാപങ്ങളിൽ പെടുന്ന വ്യഭിചാരവും കൊലപാതകവും പലിശയുമെല്ലാം അതിൽ മുൻപന്തിയിൽ നിൽക്കുന്നു. ചെറുപാപങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വഗാഇറുകൾ അതിലും താഴെയുള്ള തെറ്റുകളാണ്. ‘ഒഴിവാക്കുന്നതാണ് ഉത്തമം’ എന്ന് പറയപ്പെടാവുന്ന മക്റൂഹുകൾ (വെറുക്കപ്പെട്ട കാര്യങ്ങൾ) ഉപേക്ഷിക്കേണ്ട കാര്യങ്ങൾ തന്നെ. ഇത്തരം തിന്മകളിൽ നിന്നും തെറ്റുകളിൽ നിന്നുമെല്ലാം പൂർണ്ണമായും വിട്ടുനിൽക്കുക എന്നത് തൗഹീദിന്റെ പൂർത്തീകരണത്തിലെ രണ്ടാമത്തെ അടിസ്ഥാനമാണ്.

തന്റെ അടിമ തിന്മകൾ പ്രവർത്തിക്കുക എന്നത് അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യമാണ്. മറ്റെന്തിനേക്കാളും അല്ലാഹുവിനെ സ്നേഹിക്കുന്ന ഒരടിമ അല്ലാഹുവിന്റെ ഇഷ്ടത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കും. അല്ലാഹുവിനോടുള്ള അവന്റെ സ്നേഹത്തിന്റെ ദൃഢതയും ശക്തിയും അനുസരിച്ച് അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നുള്ള അവന്റെ അകൽച്ചയും വർദ്ധിക്കും. ഇപ്രകാരം തിന്മകളിൽ നിന്ന് പൂർണ്ണമായി തന്നെ ശുദ്ധീകരിക്കുമ്പോൾ അവന്റെ തൗഹീദ് കൂടുതൽ കൂടുതൽ പൂർണ്ണതയിലേക്ക് അടുക്കുകയാണ് ചെയ്യുന്നത്.

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“(അല്ലാഹുവിലും അവന്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തിൽ യാതൊരു അതിക്രമവും കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവർ; അവർക്കാകുന്നു നിർഭയത്വമുള്ളത്. അവർ തന്നെയാകുന്നു സന്മാർഗം സിദ്ധിച്ചവർ.” (അൻആം: 82)

ഇഹലോകത്തും പരലോകത്തും നിർഭയത്വം ലഭിക്കുന്നത് ‘അല്ലാഹുവിൽ വിശ്വസിക്കുകയും, ശേഷം തന്റെ വിശ്വാസത്തിൽ യാതൊരു അതിക്രമവും കൂട്ടിക്കലർത്താതിരിക്കുകയും ചെയ്തവർക്കാണ്’ എന്ന അല്ലാഹുവിന്റെ ഈ വചനം തൗഹീദിന്റെ പൂർത്തീകരണത്തിലേക്ക് ഏറ്റവും വ്യക്തമായ സൂചന നൽകുന്ന ആയത്താണ്. കാരണം ആയത്തിൽ പരാമർശിക്കപ്പെട്ട നിർഭയത്വം രണ്ട് രൂപത്തിലുണ്ട്.

ഒന്ന്: പരിപൂർണ്ണമായ നിർഭയത്വം. ഇസ്‌ലാം സ്വീകരിച്ച ശേഷം ഒരു തിന്മയും തന്റെ ജീവിതത്തിൽ കൂട്ടിക്കലർത്താതിരിക്കുകയും, എന്തെങ്കിലും തിന്മ സംഭവിച്ചാൽ ഉടനടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർക്ക് പരിപൂർണ്ണമായ നിർഭയത്വമാണ് ഉണ്ടായിരിക്കുക. അവന് പരലോകത്ത് യാതൊരു ശിക്ഷയെയും ഭയക്കേണ്ടി വരികയില്ല.

രണ്ട്: ഭാഗികമായ നിർഭയത്വം. ഇസ്‌ലാം സ്വീകരിച്ച ശേഷം ദീനിൽ നിന്ന് പുറത്തു പോകുന്ന തരത്തിലുള്ള ശിർകോ (ബഹുദൈവാരാധന) കുഫ്‌റോ (നിഷേധം) നിഫാഖോ (കപടവിശ്വാസം) രിദ്ദതോ (ദീൻ ഉപേക്ഷിക്കൽ) പോലുള്ള തിന്മകൾ പ്രവർത്തിക്കാത്തവർക്ക് ഭാഗികമായ നിർഭയത്വമുണ്ടായിരിക്കും. എന്നാൽ അതിൽ താഴെയുള്ള തെറ്റുകൾ -വൻപാപങ്ങളും മറ്റും- അവർ ചെയ്തിട്ടുണ്ടെങ്കിൽ ആ തിന്മകളുടെ തോതനുസരിച്ച് അവരുടെ നിർഭയത്വത്തിൽ കുറവുണ്ടാകുന്നതാണ്.

മേലെ നൽകിയ ആയതിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- ഇക്കാര്യം വിവരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “വിശ്വാസത്തിൽ യാതൊരു അതിക്രമവും -ശിർകോ മറ്റെന്തെങ്കിലും തിന്മകളോ ഒന്നും- കൂട്ടിക്കലർത്താത്തവർക്ക് പരിപൂർണ്ണമായ നിർഭയത്വവും സന്മാർഗവും ഉണ്ടായിരിക്കുന്നതാണ്. എന്നാൽ തങ്ങളുടെ വിശ്വാസത്തിൽ ശിർക് കൂട്ടിക്കലർത്തിയിട്ടില്ലെങ്കിലും മറ്റു പല തിന്മകളും പ്രവർത്തിച്ചവരാണെങ്കിൽ അവർക്ക് അടിസ്ഥാനപരമായി സന്മാർഗവും നിർഭയത്വവുമുണ്ടായിരിക്കും; എങ്കിലും അത് പൂർണ്ണമായിരിക്കുകയില്ല.” (തഫ്സീറുസ്സഅ്ദി: 263)

തിന്മകൾ പൂർണ്ണമായി ഉപേക്ഷിക്കുമ്പോഴാണ് തൗഹീദിന്റെ പൂർത്തീകരണം സാധ്യമാവുക എന്ന് ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാകും. തിന്മകളിൽ നിന്ന് സാധ്യമാകുന്നിടത്തോളം അകന്നു നിൽക്കാനുള്ള ഇസ്‌ലാമിന്റെ നിരന്തരമായ ഉപദേശങ്ങൾ ഇതിനോട് ചേർത്തു വായിക്കാവുന്ന കാര്യങ്ങളിൽ പെട്ടതാണ്. തിന്മകൾ ചെയ്യരുത് എന്നതിന് പകരം തിന്മയുടെ വഴികളിലേക്ക് പ്രവേശിക്കുകയേ അരുത് എന്നാണ് പലയിടങ്ങളിലും കൽപ്പിക്കപ്പെട്ടിട്ടുള്ളത്.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ത്വാഗൂതുകളെ സംബന്ധിച്ച് പറഞ്ഞപ്പോൾ അല്ലാഹു കൽപ്പിച്ചത് നോക്കൂ.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) ” (നഹ്ല്: 35)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: “ത്വാഗൂതുകളെ ഉപേക്ഷിക്കൂ എന്ന് മാത്രം അർത്ഥം ലഭിക്കുന്ന ‘ഉത്റുകൂ’ (اتْرُكُوا) എന്ന പദമല്ല ഈ ആയത്തിൽ വന്നിരിക്കുന്നത്. മറിച്ച്, ഉപേക്ഷിക്കുന്നതിനോടൊപ്പം തീർത്തും അകലേക്ക് മാറ്റിനിർത്തൂ എന്ന അർത്ഥം കൂടി ലഭിക്കുന്ന ‘ഇജ്തനിബൂ’ (اجْتَنِبُوا) എന്ന പദമാണ് ഈ ആയത്തിലുള്ളത്. അത് കൂടുതൽ ശക്തമായ പ്രയോഗമാണ്.” (ഹാശിയതു കിതാബിത്തൗഹീദ്: 14)

വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ കൽപ്പിച്ചപ്പോൾ സമാനമായ പ്രയോഗം ഖുർആനിൽ മറ്റൊരിടത്തും ആവർത്തിക്കപ്പെട്ടിട്ടുണ്ട്.

فَاجْتَنِبُوا الرِّجْسَ مِنَ الْأَوْثَانِ وَاجْتَنِبُوا قَوْلَ الزُّورِ ﴿٣٠﴾

“ആകയാല്‍ വിഗ്രഹങ്ങളാകുന്ന മാലിന്യത്തില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക. വ്യാജവാക്കില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക.” (ഹജ്ജ്: 30)

ഈ ആയത്തിൽ വിഗ്രഹങ്ങളെ ഉപേക്ഷിക്കാൻ സ്വീകരിച്ച അതേ പദപ്രയോഗം തന്നെയാണ് വ്യാജവാക്കുകൾ ഉപേക്ഷിക്കണമെന്ന് കൽപ്പിക്കാനും സ്വീകരിച്ചിരിക്കുന്നത്. തിന്മകൾ ഒരു ദിശയിലാണെങ്കിൽ അതിന്റെ തീർത്തും വിപരീത ദിശയിലായിരിക്കണം നീ ഉണ്ടായിരിക്കേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ ഈ വാക്യങ്ങളിലെല്ലാമുണ്ട്. പാപങ്ങളിൽ നിന്ന് തീർത്തും അകന്നു നിൽക്കുന്നത് തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമാണെന്ന് ഇതെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു.

വ്യഭിചാരത്തിൽ നിന്ന് വിലക്കി കൊണ്ടുള്ള ഖുർആൻ വാക്യത്തിലും സമാനമായ പ്രയോഗം കാണാം.

وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴿٣٢﴾

“നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.” (ഇസ്റാഅ്: 32)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “വ്യഭിചാരം നിരോധിക്കുക എന്നതിനേക്കാൾ ശക്തമാണ് വ്യഭിചാരത്തോട് അടുത്തു പോകുന്നത് വരെ വിലക്കുക എന്നത്. കാരണം ഇതോടെ വ്യഭിചാരത്തിലേക്ക് നയിക്കുന്നതും അതിലേക്ക് പ്രേരിപ്പിക്കുന്നതുമായ എല്ലാ കാര്യങ്ങളും വിലക്കപ്പെട്ടു കഴിഞ്ഞു.” (തഫ്സീറുസ്സഅ്ദി: 457)

സമാനമായ അനേകം പ്രയോഗങ്ങൾ വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീഥുകളിലും നിരവധിയനവധി കാണാൻ കഴിയും. തിന്മകളെയും അതിലേക്ക് നയിച്ചേക്കാവുന്ന വഴികളെയും അകറ്റിനിർത്തുകയും, അവയെ ജീവിതത്തിൽ നിന്ന് തുടച്ചു നീക്കിക്കൊണ്ട് സ്വയം ശുദ്ധീകരിക്കുകയും ചെയ്യുന്നത് ഈമാനിന്റെയും തൗഹീദിന്റെയും പൂർണ്ണതയുടെ ഭാഗമാണെന്ന് ഈ തെളിവുകളെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഇക്കാര്യം മനോഹരമായ ഉപമയിലൂടെ വിശദീകരിക്കുന്ന നബി -ﷺ- യുടെ ഹദീഥ് കൂടി ഇവിടെ നൽകുന്നത് തീർത്തും അനുയോജ്യമായിരിക്കും.

عَنِ النُّعْمَانِ بْنِ بَشِيرٍ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ، وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى، يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَا وَإِنَّ حِمَى اللَّهِ مَحَارِمُهُ»

നുഅ്മാനു ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും ഹലാൽ (അനുവദിക്കപ്പെട്ടത്) വ്യക്തമാണ്. തീർച്ചയായും ഹറാമും (നിഷിദ്ധമാക്കപ്പെട്ടത്) വ്യക്തമാണ്. അവക്കിടയിൽ അവ്യക്തമായ ചിലതുണ്ട്; ജനങ്ങളിൽ ധാരാളം പേർക്ക് അവ അറിയുകയില്ല. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളെ സൂക്ഷിച്ചാൽ അവൻ തന്റെ ദീനിനെയും അഭിമാനത്തെയും സുരക്ഷിതമാക്കിയിരിക്കുന്നു. ആരെങ്കിലും അവ്യക്തമായ കാര്യങ്ങളിൽ വീണുപോയാൽ അവൻ ഹറാമിൽ വീഴുന്നതാണ്.

ഒരു ആട്ടിടയന്റെ കാര്യം പോലെ. അയാൾ സംരക്ഷണവേലിക്ക് ചുറ്റും (തന്റെ കാലികളെ) മേയ്ക്കുന്നു. അവ ആ വേലിക്കപ്പുറം കടക്കാനായിരിക്കുന്നു. അറിയുക! എല്ലാ രാജാക്കന്മാർക്കും സുരക്ഷിതവേലിയുണ്ട്. അറിയുക! അല്ലാഹുവിന്റെ സുരക്ഷിതരേഖ അവൻ നിഷിദ്ധമാക്കിയവയാകുന്നു.” (മുസ്‌ലിം: 1599)

തിന്മകളിലേക്ക് നയിച്ചേക്കുമെന്ന് ഭയപ്പെടുന്ന കാര്യങ്ങൾ വരെ സൂക്ഷ്മതയുടെ പേരിൽ ഉപേക്ഷിക്കുന്നതിനെ നബി -ﷺ- പുകഴ്ത്തിയെങ്കിൽ വ്യക്തമായ തിന്മകളിൽ നിന്ന് വിട്ടുനിൽക്കണമെന്നത് എത്ര ശക്തമായ കൽപ്പനയായിരിക്കും?! അല്ലാഹു നിഷിദ്ധമാക്കിയ എല്ലാ കാര്യങ്ങളിൽ നിന്നുമുള്ള ഈ പരിപൂർണ്ണമായ അകൽച്ച തൗഹീദ് പൂർത്തീകരിക്കുന്നതിന്റെ രണ്ടാമത്തെ അടിത്തറയാണ്.

ഈ അടിസ്ഥാനം ഏറ്റവും മനോഹരമായി പ്രാവർത്തികമാക്കിയ മാതൃകകൾ നബിമാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രത്തിൽ അനേകം കണ്ടെത്താൻ കഴിയും. തിന്മകളിലേക്ക് കൊണ്ടെത്തിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ അവർ പുലർത്തിയ ശ്രദ്ധയും, അതിലേക്ക് വീണു പോകുമോ എന്നതിൽ അവർക്കുണ്ടായിരുന്ന ഭയവും വിവരിക്കുന്ന അനേകം ചരിത്രങ്ങൾ ഖുർആനിലും ഹദീഥുകളിലും കണ്ടെത്താൻ കഴിയും.

യൂസുഫ് നബി -عَلَيْهِ السَّلَامُ- ന്റെ ചരിത്രം ഈ വിഷയത്തിലെ ഏറ്റവും സുന്ദരമായ ഉദാഹരണങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയായ സ്ത്രീയുടെ തന്ത്രങ്ങളിൽ വീണു പോകുമോ എന്ന ഭയം അദ്ദേഹത്തെ പിടികൂടിയപ്പോൾ സുഖസൗകര്യങ്ങൾ പലതുമുള്ള തന്റെ ഉടമസ്ഥന്റെ കൊട്ടാരം ഉപേക്ഷിച്ചു കൊണ്ട് ഇടുങ്ങിയ ജയിലറ തിരഞ്ഞെടുക്കുകയാണ് അദ്ദേഹം ചെയ്തത്.

قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾

“അദ്ദേഹം (യൂസുഫ്‌) പറഞ്ഞു: എന്റെ റബ്ബേ! ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപോകുകയും ചെയ്യും.” (യൂസുഫ്: 33)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ കഠിനമായ ശിക്ഷക്ക് കാരണമാകുന്ന, തന്റെ മുന്നിലെത്തി നിൽക്കുന്ന ഈ ആസ്വാദനത്തേക്കാൾ ഭൗതിക ശിക്ഷയും ജയിൽവാസവുമാണ് അദ്ദേഹത്തിന് പ്രിയങ്കരമായി തീർന്നത്… (അപ്പോൾ ആരെങ്കിലും) തീരെ ചെറുതും, ഒട്ടും പരിശുദ്ധവുമല്ലാത്ത ഒരു ഭൗതിക ആസ്വാദനത്തെ എന്നെന്നും നിലനിൽക്കുന്ന ആസ്വാദനങ്ങൾക്കും വ്യത്യസ്തങ്ങളായ സുഖാനുഗ്രഹങ്ങൾക്കും മഹത്തരമായ സ്വർഗീയാരാമങ്ങൾക്കും മുകളിൽ പ്രതിഷ്ഠിക്കുന്നുവെങ്കിൽ അവനേക്കാൾ വലിയ വിഡ്ഢി മറ്റാരുണ്ട്?!” (തഫ്സീറുസ്സഅ്ദി: 397)

ഹാഫിദ്വ് ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹു യൂസുഫ് നബി -عَلَيْهِ السَّلَامُ- ന് വളരെ വലിയ കാവൽ തന്നെയാണ് ഏർപ്പെടുത്തിയത്. അതിനാൽ ആ സ്ത്രീയുടെ വശീകരണങ്ങളിൽ നിന്ന് തീർത്തും വിട്ടകന്നു നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നതിനേക്കാൾ ജയിൽവാസമാണ് അദ്ദേഹത്തിന് പ്രിയങ്കരമായത്. ഇത് (തിന്മയിൽ നിന്നു വിട്ടുനിൽക്കുക എന്നതിൽ ഒരാൾക്ക് നേടിയെടുക്കാവുന്ന) പൂർണ്ണതയുടെ ഏറ്റവും ഉത്തുംഗതയാണ്.” (തഫ്സീർ ഇബ്നി കഥീർ: 4/387)

അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന എല്ലാ കാര്യത്തിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുന്നതിൽ നമ്മുടെ റസൂലായ മുഹമ്മദ് നബി -ﷺ- കാണിച്ചു തന്ന മാതൃകയും ഏറ്റവും ഉദാത്തമാണ്. നബി -ﷺ- യുടെ ജീവിതരീതിയെ കുറിച്ച് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിച്ച വാക്കുകളിൽ നിന്ന് അക്കാര്യം മനസ്സിലാക്കാൻ സാധിക്കും.

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، أَنَّهَا قَالَتْ: «مَا خُيِّرَ رَسُولُ اللَّهِ -ﷺ- بَيْنَ أَمْرَيْنِ إِلَّا أَخَذَ أَيْسَرَهُمَا، مَا لَمْ يَكُنْ إِثْمًا، فَإِنْ كَانَ إِثْمًا كَانَ أَبْعَدَ النَّاسِ مِنْهُ، وَمَا انْتَقَمَ رَسُولُ اللَّهِ -ﷺ- لِنَفْسِهِ إِلَّا أَنْ تُنْتَهَكَ حُرْمَةُ اللَّهِ، فَيَنْتَقِمَ لِلَّهِ بِهَا»

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: “രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ നബി -ﷺ- ക്ക് അവസരം വന്നാൽ അതിൽ ഏറ്റവും എളുപ്പമുള്ളതേ അവിടുന്ന് തിരഞ്ഞെടുക്കുമായിരുന്നുള്ളൂ; അത് ഒരു തിന്മയാകാത്തിടത്തോളം. അക്കാര്യം ഒരു തിന്മയാണെങ്കിൽ അതിൽ നിന്ന് ഏറ്റവും അകലം പാലിക്കുന്ന വ്യക്തി അല്ലാഹുവിന്റെ റസൂൽ -ﷺ- ആയിരിക്കും. അവിടുന്ന് തനിക്ക് വേണ്ടി ഒരിക്കൽ പോലും പ്രതികാരം ചെയ്തിട്ടില്ല; അല്ലാഹുവിന്റെ നിഷിദ്ധമാക്കിയത് ഹനിക്കപ്പെട്ടാലല്ലാതെ. അപ്പോൾ അതിന്റെ പേരിൽ അവിടുന്ന് പ്രതികാരമെടുക്കുമായിരുന്നു.” (ബുഖാരി: 3560, മുസ്‌ലിം: 2327)

നബി -ﷺ- യെ മാതൃകയാക്കാൻ മത്സരിച്ചിരുന്ന സ്വഹാബികളും തെറ്റുകളും തിന്മകളും അകറ്റി നിർത്തുന്നതിൽ പുലർത്തിയിരുന്ന സൂക്ഷ്മത അപാരമായിരുന്നു. ധാരാളം ചരിത്രസംഭവങ്ങൾ ഈ വിഷയത്തിൽ കണ്ടെത്താൻ കഴിയും. ഒന്നു രണ്ട് സംഭവങ്ങൾ മാത്രം താഴെ പറയാം.

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ -ﷺ- رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ، فَنَزَعَهُ فَطَرَحَهُ، وَقَالَ: «يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ»، فَقِيلَ لِلرَّجُلِ بَعْدَ مَا ذَهَبَ رَسُولُ اللَّهِ -ﷺ-: خُذْ خَاتِمَكَ انْتَفِعْ بِهِ، قَالَ: لَا وَاللَّهِ، لَا آخُذُهُ أَبَدًا وَقَدْ طَرَحَهُ رَسُولُ اللَّهِ -ﷺ-.

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ഒരിക്കൽ നബി -ﷺ- ഒരു സ്വഹാബിയുടെ കയ്യിൽ സ്വർണ്ണത്തിന്റെ ഒരു മോതിരം കണ്ടു. അവിടുന്ന് അത് ഊരിയെടുക്കുകയും വലിച്ചെറിയുകയും ചെയ്ത ശേഷം ചോദിച്ചു: “അഗ്നി കൊണ്ടുള്ള ഒരു വളയമെടുത്താണ് നിങ്ങൾ കയ്യിൽ അണിഞ്ഞിരിക്കുന്നത്.”

നബി -ﷺ- അവിടെ നിന്ന് പോയതിന് ശേഷം ആ സ്വഹാബിയോട് ചിലർ പറഞ്ഞു: “നിന്റെ മോതിരം എടുത്ത് മറ്റെന്തെങ്കിലും കാര്യത്തിന് പ്രയോജനപ്പെടുത്തിക്കൊള്ളൂ.” അദ്ദേഹം പറഞ്ഞു: “ഒരിക്കലുമില്ല! അല്ലാഹു സത്യം! അല്ലാഹുവിന്റെ റസൂൽ -ﷺ- വലിച്ചെറിഞ്ഞ ഒന്ന് ഞാനിനി ഒരിക്കലും എടുക്കുകയില്ല.” (മുസ്‌ലിം: 2090)

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “അല്ലാഹുവിന്റെ റസൂൽ -ﷺ- യുടെ കൽപ്പന സ്വീകരിക്കുകയും, അവിടുന്ന് നിരോധിച്ചത് വെടിയുകയും ചെയ്യുന്നതിലുള്ള അങ്ങേയറ്റത്തെ ശ്രദ്ധയാണ് ഈ സ്വഹാബിയിൽ കണ്ടത്. തീർത്തും ദുർബലമായ വ്യാഖ്യാങ്ങൾ കൊണ്ട് ഇളവുകൾ സ്വീകരിക്കാൻ അദ്ദേഹം ശ്രമിക്കുകയേ ചെയ്തില്ല.” (ശർഹുന്നവവി: 14/65)

അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- വിലക്കുകളിൽ പലതും പ്രവർത്തിക്കുകയും, അതിന് യാതൊരു അടിസ്ഥാനമോ അടിത്തറയോ ഇല്ലാത്ത വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, ദീനിന്റെ വിധിവിലക്കുകളെ പരിഹസിക്കുകയും ചെയ്യുന്നവർ സ്വഹാബികൾ പുലർത്തിയിരുന്ന ഈ സൂക്ഷ്മതയും ശ്രദ്ധയും കണ്ടുപഠിക്കേണ്ടതുണ്ട്. നബി -ﷺ- യുടെ വിലക്കിന് എതിരു പറഞ്ഞതിന്റെ പേരിൽ തന്റെ മകനുമായി ബന്ധം വിഛേദിച്ച സ്വഹാബികൾ വരെയുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «لَا تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ إِذَا اسْتَأْذَنَّكُمْ إِلَيْهَا» قَالَ: فَقَالَ بِلَالُ بْنُ عَبْدِ اللَّهِ: وَاللَّهِ لَنَمْنَعُهُنَّ، قَالَ: فَأَقْبَلَ عَلَيْهِ عَبْدُ اللَّهِ: فَسَبَّهُ سَبًّا سَيِّئًا مَا سَمِعْتُهُ سَبَّهُ مِثْلَهُ قَطُّ وَقَالَ: «أُخْبِرُكَ عَنْ رَسُولِ اللَّهِ -ﷺ- وَتَقُولُ: وَاللَّهِ لَنَمْنَعُهُنَّ»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- യുടെ മകൻ സാലിം നിവേദനം ചെയ്യുന്നു: ഇബ്‌നു ഉമർ പറഞ്ഞു: “നബി -ﷺ- പറഞ്ഞിരിക്കുന്നു: “നിങ്ങൾ അല്ലാഹുവിന്റെ അടിയാത്തികളെ മസ്ജിദുകളിൽ നിന്ന് തടയരുത്; അവർ നിങ്ങളോട് അതിന് അനുമതി ചോദിച്ചാൽ.”  അപ്പോൾ അദ്ദേഹത്തിന്റെ മകനായ ബിലാൽ പറഞ്ഞു: “അല്ലാഹു സത്യം! ഞങ്ങൾ അവരെ തടയുക തന്നെ ചെയ്യും.”

സാലിം പറയുന്നു: “ഇത് കേട്ടപ്പോൾ ഇബ്‌നു ഉമർ തന്റെ മകനെ വളരെയധികം ചീത്ത പറഞ്ഞു, അതു പോലെ അദ്ദേഹം ഒരാളെയും ചീത്ത പറയുന്നത് ഞാൻ കേട്ടിട്ടില്ല. അദ്ദേഹം പറയുകയുണ്ടായി: “അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞതായി ഒരു കാര്യം ഞാൻ നിന്നോട് പറയുമ്പോൾ ‘ഞങ്ങൾ തടയുക തന്നെ ചെയ്യുമെന്ന്’ നീ മറുപടി പറയുകയോ?!” (മുസ്‌ലിം: 442) പിന്നീട് ഇബ്‌നു ഉമർ മരണം വരെ തന്റെ ആ മകനോട് മിണ്ടിയിട്ടില്ല. (ഹിൽയതുൽ ഔലിയാ: 2/813)

ഇബ്‌നു ഉമറിന്റെ മകൻ നബി -ﷺ- യുടെ വാക്കിന് നേരെ എതിരു പറഞ്ഞതാണ് എന്ന് ആരും തെറ്റിദ്ധരിക്കരുത്. മറിച്ച്, വീട്ടിൽ നിന്ന് പുറത്തു പോകാനുള്ള ഒരു വഴിയായി മസ്ജിദിലേക്ക് പോവുക എന്ന ന്യായം സ്ത്രീകൾ പറയുമെന്നതിനാലാണ് അവരെ ഞാൻ തടയുമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ അല്ലാഹുവിന്റെ റസൂൽ -ﷺ- വിലക്കിയ ഒരു കാര്യത്തിന് എതിരായി മറുന്യായം പറയുന്നത് ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അല്ലാഹുവും റസൂലും -ﷺ- വിലക്കിയ കാര്യങ്ങളോട് അവർക്കുണ്ടായിരുന്ന അകൽച്ച ബോധ്യപ്പെടുന്നതിനാണ് ഈ സംഭവം നൽകിയത്.

അല്ലാഹുവിന്റെ കൽപ്പനകൾ പൂർണ്ണമായി നിറവേറ്റുകയും, അവന്റെ വിലക്കുകൾ പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിന്റെ ഏകത്വം പൂർത്തീകരിക്കുന്ന അവന്റെ ഇഷ്ടദാസന്മാരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തുമാറാകട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: