bismi-hamd

മുസ്‌ലിം സമൂഹം ലോകത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ജീവിക്കുന്ന സന്ദര്‍ഭത്തില്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നതും, അവരുടെ സങ്കടങ്ങള്‍ നീക്കി നല്‍കാന്‍ പരിശ്രമിക്കുകയെന്നതും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ഈ ബാധ്യതാ നിര്‍വ്വഹണത്തിന്റെ ഭാഗമായി നമുക്ക്‌ നിര്‍വ്വഹിക്കാന്‍ കഴിയുന്ന മഹത്തരമായ ഒരു ഇബാദത്താണ്‌ നിസ്‌കാരങ്ങളിലെ ഖുനൂത്‌.

ഖുനൂതിന്റെ ഇസ്‌ലാമിക വിധി

നിസ്‌കാരങ്ങളില്‍ ഖുനൂത്‌ ചൊല്ലുക എന്നത്‌ സുന്നത്താണ്‌ ഹനഫി മദ്‌ഹബിലെ ചില പണ്ഡിതന്മാര്‍ക്ക്‌ അത്‌ വാജിബാണ്‌ -നിര്‍ബന്ധമാണ്‌- എന്ന അഭിപ്രായമുണ്ട്‌. പക്ഷേ, ശരിയായ അഭിപ്രായം -ഇന്‍ഷാ അല്ലാഹ്‌- അത്‌ സുന്നത്താണെന്നതാണ്‌.

ഏതെല്ലാം നിസ്‌കാരങ്ങളിലാണ്‌ ഖുനൂത്‌ ചൊല്ലേണ്ടത്‌?

1- വിത്ര്‍: വിത്റില്‍ ഖുനൂത് ചൊല്ലുക എന്നത് വര്‍ഷം മുഴുവന്‍ നിലനില്‍ക്കുന്ന സുന്നത്താണ്. റമദാനില്‍ രണ്ടാമത്തെ പകുതിയില്‍ മാത്രമേ അത് സുന്നത്താകൂ എന്ന അഭിപ്രായവും ചില പണ്ഡിതന്മാര്‍ക്കുണ്ട്. അനേകം പണ്ഡിതന്മാര്‍ക്ക് ഈ അഭിപ്രായമുണ്ട്. ഉബയ്യു ബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥില്‍ നബി -ﷺ- റുകൂഇന് മുന്‍പ് ഖുനൂത് ചൊല്ലിയിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്. (അബൂദാവൂദ്: 1427, ഇബ്‌നു മാജ: 1182, നസാഈ: 3/235)

(വിത്റിലെ ഖുനൂതുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക)

ഇബ്‌നു മസ്ഊദ്, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍ -رضي الله عنهم- എന്നീ സ്വഹാബികളില്‍ നിന്നും സമാനമായ ഹദീഥുകള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഹദീഥുകളിലൊന്നിലും വിത്റില്‍ ഖുനൂത് ചൊല്ലുന്നതിന് പ്രത്യേകം സമയം നിശ്ചയിച്ചിട്ടില്ല. റമദാനിലെന്നോ, മുസ്‌ലിമീങ്ങള്‍ക്ക് പ്രയാസങ്ങള്‍ കഠിനമാകുമ്പോഴെന്നോ, മറ്റേതെങ്കിലും പ്രത്യേക സാഹചര്യങ്ങളിലെന്നോ അതില്‍ പരാമര്‍ശമില്ല. വിത്റിലെ ഖുനൂത് എല്ലാ സാഹചര്യത്തിലും സുന്നത്താണെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം.

2- പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോള്‍: മുസ്‌ലിമീങ്ങള്‍ക്ക് ദുരിതങ്ങള്‍ ബാധിക്കുമ്പോള്‍ എല്ലാ ഫര്‍ദ്വ് നിസ്കാരങ്ങളിലും ഇമാം ഖുനൂത് ചൊല്ലല്‍ സുന്നത്താണ്. എന്നാല്‍, ഫജ്ര്‍ നിസ്കാരത്തില്‍ ഖുനൂത് കൂടുതല്‍ ശ്രേഷ്ഠമാണ്. എന്നാല്‍, ഫജ്ര്‍ നിസ്കാരത്തില്‍ ഖുനൂത് കൂടുതല്‍ ശ്രേഷ്ഠമാണ്. കാരണം, നബി -ﷺ- യുടെ ഖുനൂതുകളില്‍ അധികവും ഫജ്റിന്റെ സന്ദര്‍ഭത്തിലായിരുന്നു. വരള്‍ച്ച, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധി പോലുള്ളവയും, ശത്രുക്കളുടെ അക്രമണം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങളും ഇതില്‍ പെടും.

നബി -ﷺ- യുടെ സ്വഹാബികളില്‍ ഖുര്‍ആനില്‍ വിജ്ഞാനമുണ്ടായിരുന്ന എഴുപതോളം സ്വഹാബികളെ മുശ്രിക്കുകള്‍ കൊലപ്പെടുത്തിയപ്പോള്‍ നബി -ﷺ- ഒരു മാസത്തോളം ഖുനൂത് ചൊല്ലിയതായി ഹദീഥില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. (ബുഖാരി: 957) മറ്റു ചില സന്ദര്‍ഭങ്ങളിലും നബി -ﷺ- ഖുനൂത് ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തില്‍, എല്ലാ നിര്‍ബന്ധ നിസ്കാരങ്ങളിലും -പ്രയാസങ്ങള്‍ വന്നു ഭവിക്കുമ്പോള്‍- ഇമാമിന് ഖുനൂത് ഉറക്കെ ചൊല്ലാം. ഇമാമിനെ പിന്തുടരുന്നവര്‍ക്ക് -മഅ്മൂമീങ്ങള്‍ക്ക്- ആമീന്‍ ചൊല്ലുകയും ചെയ്യാം.

ഒറ്റക്ക് നിസ്കരിക്കുന്നവര്‍ക്ക് ഫര്‍ദ്വ് നിസ്കാരങ്ങളില്‍ ഖുനൂത് ചൊല്ലാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ഈ വിഷയത്തില്‍ വ്യക്തമായ തെളിവുകള്‍ വന്നിട്ടില്ലെങ്കിലും, അത് അനുവദനീയമാണ് എന്നാണ് മനസ്സിലാകുന്നത്. അവര്‍ക്ക് ശബ്ദം ഉയര്‍ത്തിയോ അല്ലാതെയോ ഖുനൂത് ചൊല്ലാം. വല്ലാഹു അഅ്ലം.

നിസ്കാരത്തില്‍ ഖുനൂതിന്റെ സ്ഥാനം:

എല്ലാ നിസ്കാരങ്ങളിലും അവസാനത്തെ റക്അത്തിലാണ് ഖുനൂത് ചൊല്ലേണ്ടത്. മറ്റു റക്അതുകളില്‍ ഖുനൂത് ഇല്ല. നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന സുന്നത്ത് ഇപ്രകാരമാണ്.

റുകൂഇന് മുന്‍പാണോ ശേഷമാണോ ഖുനൂത് ചൊല്ലേണ്ടത് എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. മുന്‍പാണെന്ന് ചിലരും ശേഷമാണ് വേണ്ടതെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഖുനൂതെടുക്കുന്ന ഇമാമിന് സ്വാതന്ത്ര്യമുണ്ടെന്നതാണ് കൂടുതല്‍ ശരിയായ അഭിപ്രായം. രണ്ട് വിഭാഗക്കാരുടെയും തെളിവുകള്‍ ഇതിലൂടെ ഒരുമിക്കുകയും ചെയ്യും. വല്ലാഹു അഅ്ലം.

എന്നാല്‍ റുകൂഇന് മുന്‍പാണ് ഖുനൂത് ചൊല്ലുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലിയതിന് ശേഷമാണ് ഖുനൂത് ആരംഭിക്കേണ്ടത്. ഇത് നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും, ചില താബിഈങ്ങളില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദ്, ഇബ്രാഹീം അന്നഖഇ പോലുള്ള ചില പണ്ഡിതന്മാരും ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്.

ഖുനൂതില്‍ കൈ ഉയര്‍ത്തേണ്ടതുണ്ടോ?

ഖുനൂതിന്റെ സന്ദര്‍ഭത്തില്‍ കൈ ഉയര്‍ത്തുന്നതില്‍ ഇമാമിനും മഅ്മൂമിനും സ്വാതന്ത്ര്യമുണ്ട്. ഉദ്ദേശിക്കുന്നവര്‍ക്ക് ചെയ്യാം; അല്ലാത്തവര്‍ക്ക് ഒഴിവാക്കാം. ഖുനൂതിന്റെ ആദ്യത്തില്‍ കൈ താഴ്ത്തിയിടുകയും ഖുനൂത് അവസാനിക്കുന്നതിന് മുന്‍പ് ഉയര്‍ത്തുകയുമാവാം. പൊതുവെ ദുആഇന്റെ മര്യാദകളില്‍ വന്ന ഒരു കാര്യമാണ് കൈകള്‍ ഉയര്‍ത്തല്‍. ഈ ഉദ്ദേശത്തില്‍ കൈ ഉയര്‍ത്തിയാല്‍ അതില്‍ തെറ്റില്ല. വല്ലാഹു അഅ്ലം.

മഅ്മൂമീങ്ങള്‍ ആമീന്‍ പറയേണ്ടതുണ്ടോ?

വിപത്തുകള്‍ സംഭവിക്കുമ്പോള്‍ നടത്തുന്ന ‘നാസിലതിന്റെ ഖുനൂതി’ല്‍ മഅ്മൂമീങ്ങള്‍ക്ക് ഇമാമിന്റെ പ്രാര്‍ഥനക്ക് ആമീന്‍ പറയാവുന്നതാണ്. നബി -ﷺ- ഖുനൂത് നടത്തിയ വേളയില്‍ സ്വഹാബികള്‍ ആമീന്‍ പറഞ്ഞതായി ഹദീഥില്‍ സ്ഥിരപ്പെടുകയും ചെയ്തിട്ടുണ്ട്. (അബൂദാവൂദ്: 1445, അല്‍ബാനി ഹസന്‍ എന്ന് വിലയിരുത്തി)

ഖുനൂതിന്റെ ദൈര്‍ഘ്യം:

ഖുനൂത് വളരെ ദൈര്‍ഘ്യമുള്ളതാക്കരുത്. നബി -ﷺ- വളരെ ലളിതമായ ഖുനൂതാണ് ചൊല്ലിയിരുന്നതെന്ന് ബുഖാരിയുടെ (1001) ഹദീഥില്‍ വന്നിട്ടുണ്ട്. വിത്റിലെ ഖുനൂതിനും ഈ പറഞ്ഞത് ബാധകമാണ്.

ഖുനൂത് ഉറക്കെയോ പതുക്കെയോ ചൊല്ലേണ്ടത്?

ഇമാം ഖുനൂത് ഉറക്കെ ചൊല്ലണമെന്നതില്‍ സംശയമില്ല. അപ്പോള്‍ മാത്രമാണ് പിന്നില്‍ നിസ്കരിക്കുന്നവര്‍ക്ക് അതിന് മറുപടി പറയാന്‍ കഴിയൂ. എന്നാല്‍ ഒറ്റക്ക് നിസ്കരിക്കുന്നവര്‍ പതുക്കെ ഖുനൂത് ചൊല്ലുന്നതാണ് ഉത്തമം. പ്രാര്‍ഥനകള്‍ വിനയത്തോടെയും പതുക്കെയുമായിരിക്കണമെന്ന ഖുര്‍ആനിലെ കല്‍പ്പനയോട് (അഅ്റാഫ്: 55) യോജിക്കുന്നതും അതാണ്. വല്ലാഹു അഅ്ലം.

ഖുനൂതില്‍ ചൊല്ലേണ്ട പ്രാര്‍ഥന?

ഖുനൂതില്‍ നബി -ﷺ- ചൊല്ലിയ അതേ പ്രാര്‍ഥന തന്നെ ചൊല്ലേണ്ടതുണ്ടെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, അവിടുത്തെ വാക്കുകളോട് സമാനമായ പദങ്ങളാണ് ഏറ്റവും നല്ലത്. അതോടൊപ്പം സാഹചര്യങ്ങള്‍ക്ക് യോജിച്ച പ്രാര്‍ഥനകള്‍ ചിലത് കൂടെ ഉള്‍പ്പെടുത്തുകയുമാവാം. സ്വഹാബികള്‍ അവരുടെ ഖുനൂതില്‍ വ്യത്യസ്ത പദങ്ങളും പ്രാര്‍ഥനകളും സ്വീകരിക്കാറുണ്ടായിരുന്നു.

മാത്രവുമല്ല, ഖുനൂതില്‍ എപ്പോഴും പ്രത്യേക പദങ്ങളില്‍ തന്നെ ഒതുങ്ങിക്കൂടുന്നത് പ്രാര്‍ഥനയിലെ ഹൃദയ സാന്നിധ്യവും ഭയഭക്തിയും കുറച്ചേക്കാം. അത് പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്നതിനുള്ള സാധ്യതയും കുറക്കും. എന്നാല്‍, ഇമാം -പ്രത്യേകിച്ച് നമ്മുടെ സാഹചര്യത്തില്‍- പ്രാര്‍ഥനകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ മതപരമായ അബദ്ധങ്ങള്‍ കടന്നു കൂടിയിട്ടില്ലെന്നും, പ്രാര്‍ഥനയുടെ മര്യാദകളെ ഇല്ലാതാക്കുന്ന പ്രയോഗങ്ങള്‍ ഇല്ലെന്നും ഉറപ്പു വരുത്തണം.

ആര്‍ക്ക് വേണ്ടിയാണോ നാം പ്രാര്‍ഥിക്കുന്നത് അവരുടെ പേര് ഖുനൂതില്‍ ഉള്‍പ്പെടുത്തുന്നതും, ആര്‍ക്കെതിരെയാണോ ഖുനൂത് നടത്തുന്നത് അവരെ പരാമര്‍ശിക്കുന്നതും നല്ലതാണ്. നബി -ﷺ- യുടെ ഹദീഥുകളില്‍ ഈ രൂപം വന്നിട്ടുണ്ട്.

അറബിയില്‍ സ്വയം വാക്കുകളുണ്ടാക്കി പ്രാര്‍ഥിക്കാന്‍ കഴിയില്ലെങ്കില്‍ സന്ദര്‍ഭത്തിന് യോജിച്ച പ്രാര്‍ഥനകള്‍ അറിവുള്ളവരില്‍ നിന്ന് പഠിച്ചതിന് ശേഷം പ്രാര്‍ഥിക്കുകയുമാകാം. എന്തായാലും പ്രാര്‍ഥിക്കുമ്പോള്‍ അതിന്റെ അര്‍ഥം അറിയുക എന്നതും മറ്റും ആവശ്യമാണ്.

സിറിയയിലെ മുസ്‌ലിമീങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിന് അനുയോജ്യമായ ഒരു പ്രാര്‍ഥന താഴെ നല്‍കാം. ഇത് ഹദീഥില്‍ സ്ഥിരപ്പെട്ടതൊന്നുമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

«اللَّهُمَّ أَنْجِ المُسْلِمِينَ المُسْتَضْعَفِينَ فِي سُورِيَا، اللَّهُمَّ انْصُرْ المُسْلِمِينَ فِي سُورِيَا وَبُورْمَا، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى الظَّالِمِ بَشَّار وَمَنْ شَايَعَهُ وَأَعَانَهُ، اللَّهُمَّ الْعَنْهُمْ، اللَّهُمَّ اجْعَلْهَا عَلَيْهِمْ سِنِينَ كَسِنِي يُوسُفَ، اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّكَ مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ»

“അല്ലാഹുവേ സിറിയയിലെ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിമീങ്ങളെ നീ രക്ഷപ്പെടുത്തേണമേ! അല്ലാഹുവേ സിറിയയിലെയും മ്യാന്മറിലേയും മുസ്‌ലിമീങ്ങളെ നീ സഹായിക്കേണമേ! അല്ലാഹുവേ! അതിക്രമിയായ ബശ്ശാറിനെയും അവന്റെ കൂട്ടാളികളെയും സഹായികളെയും നീ ശക്തമായി ശിക്ഷിക്കണമേ! അല്ലാഹുവേ! അവരെ നീ ശപിക്കേണമേ! അല്ലാഹുവേ! അവര്‍ക്ക് യൂസുഫ് നബി -عليه الصلاة والسلام- യുടെ കാലഘട്ടത്തിലുണ്ടായത് പോലുള്ള വരള്‍ച്ച നല്‍കേണമേ! അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- യുടെ മേലും അവിടുത്തെ കുടുംബത്തിന് മേലും, അവിടുത്തെ സ്വഹാബികളുടെ മേലും നിന്റെ സ്വലാതും സലാമും ഉണ്ടാകണമേ!”

അവസാനത്തില്‍ സ്വലാത്ത് ചൊല്ലേണ്ടതുണ്ടോ?

സ്വലാത് ചൊല്ലുന്നതാണ് കൂടുതല്‍ ഉത്തമം. ഈ വിഷയത്തില്‍ അലി -رضي الله عنه- വില്‍ നിന്നൊരു അഥറും വന്നിട്ടുണ്ട്. പ്രാര്‍ഥനയുടെ പൊതുമര്യാദകളിലൊന്നുമാണ് സ്വലാത് ചൊല്ലുക എന്നത്.

എത്ര കാലം ഖുനൂത് ചൊല്ലണം?

നാസിലതിന്റെ ഖുനൂത് പ്രയാസങ്ങള്‍ ഉണ്ടാകുമ്പോഴാണ് ചൊല്ലേണ്ടത് എന്ന് മേലെ പറഞ്ഞല്ലോ? ഏതു പ്രയാസങ്ങള്‍ക്ക് വേണ്ടിയാണോ നാസിലതിന്റെ ഖുനൂത് ചൊല്ലിയത്, അത് അവസാനിക്കുമ്പോഴോ അതില്‍ കുറവ് സംഭവിച്ചു തുടങ്ങിയാലോ ഖുനൂത് അവസാനിപ്പിക്കാം. സ്വഹാബികളില്‍ എഴുപത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു മാസം ഖുനൂത് ചൊല്ലിയതിന് ശേഷം നബി -ﷺ- അത് ഒഴിവാക്കിയതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. (മുസ്‌ലിം: 1447)

ഖുനൂതിന് ശേഷം മുഖം തടവേണ്ടതുണ്ടോ?

വേണ്ടതില്ല. കാരണം സ്വഹീഹായ ഒരു ഹദീഥും ഈ വിഷയത്തില്‍ സ്ഥിരപ്പെട്ടിട്ടില്ല.

വിഷയസംബന്ധമായി നടത്തിയ ഒരു ലഘു സംസാരം കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

4 Comments

Leave a Comment