ശൈഖ് സ്വാലിഹ് അല്‍ ഫൌസാന്‍ -ഹഫിദഹുല്ലാഹ്- മലിക് ഫഹദ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വിവര്‍ത്തനമാണിത്. മുസ്‌ലിമീങ്ങളോട് സ്നേഹവും അടുപ്പവും കാണിക്കണമെന്നും, കാഫിറുകളോട് വെറുപ്പും അകല്‍ച്ചയുമുള്ളവരായിരിക്കണമെന്ന അഖീദയുടെ പ്രസക്ത ഭാഗം പഠിക്കുന്നതോടൊപ്പം തന്നെ, കാഫിറുകളുമായി ബന്ധപ്പെട്ട് അല്ലാഹു അനുവദിച്ച ഇടപാടുകള്‍ എന്താണെന്നും, അവരോടു നീതി കാണിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍, ഇവയൊന്നും അവരോടുള്ള സ്നേഹമോ അടുപ്പമോ അല്ല അറിയിക്കുന്നതെന്നും നാം ഓര്‍ക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വമാണ് ശൈഖ് സ്വാലിഹ് അല്‍-ഫൌസാന്‍ എന്നതിനാലാണ് അദ്ദേഹത്തിന്റെ തന്നെ ലേഖനം ഈ വിഷയത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. അല്ലാഹു സ്വീകരിക്കുമാറാകട്ടെ!

 

മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യം

അല്ലാഹു -تَعَالَى- അവന്റെ സൃഷ്ടികളെ പടച്ചിരിക്കുന്നത് അവന് ഇബാദത് (ആരാധന) ചെയ്യുന്നതിന് വേണ്ടിയാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ (56) مَا أُرِيدُ مِنْهُمْ مِنْ رِزْقٍ وَمَا أُرِيدُ أَنْ يُطْعِمُونِ»

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.” (ദാരിയാത്: 56-57)

അല്ലാഹുവിന് മനുഷ്യരെ കൊണ്ട് യാതൊരു ആവശ്യവുമില്ല. അവരുടെ ഇബാദതും അവന് യാതൊരു നിലക്കും ആവശ്യമില്ല. കാരണം, അവന്‍ മറ്റുള്ളവരുടെ സഹായത്തില്‍ നിന്ന് പരിപൂര്‍ണ ധന്യനാണ്.

എന്നാല്‍ മനുഷ്യര്‍ക്ക് അല്ലാഹുവിനെ ഇബാദത് ചെയ്യുക എന്നത് തീര്‍ത്തും ആവശ്യമാണ്. അവര്‍ക്ക് അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിലൂടെ അവനിലേക്ക് അടുക്കാന്‍ കഴിയും. അല്ലാഹുവിന്റെ ആദരവ് നേടിയെടുക്കാന്‍ സാധിക്കും. ദുനിയാവിലും ആഖിറതിലും അല്ലാഹു അവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു നല്‍കും.

മനുഷ്യര്‍ അല്ലാഹുവിനെ ആരാധിക്കുന്നത് അവരുടെ തന്നെ നന്മക്ക് വേണ്ടിയാണ്; അല്ലാഹുവിന് അവയൊന്നും വേണ്ടതില്ല. അവന്‍ പരിപൂര്‍ണ ധന്യനാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«إِنْ تَكْفُرُوا أَنْتُمْ وَمَنْ فِي الْأَرْضِ جَمِيعًا فَإِنَّ اللَّهَ لَغَنِيٌّ حَمِيدٌ»

“നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു ‘ഗനിയ്യും’ (പരാശ്രയമുക്തന്‍), ‘ഹമീദും’ (സ്തുത്യര്‍ഹന്‍) ആണ്.” (ഇബ്രാഹീം: 8)

അല്ലാഹുവിന് ഇബാദത് ചെയ്യുന്നതിനായാണ് മനുഷ്യരെ പടച്ചതെന്ന് പറഞ്ഞു. അതിന് അനുയോജ്യമായ പ്രകൃതിയിലാണ് അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ മനുഷ്യനും അവന്റെ സൃഷ്ടി പ്രകൃതിയുടെ പ്രേരണയാല്‍ തന്നെ അല്ലാഹുവിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്നവനാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لَا تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ * مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ * مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ»

“ആകയാല്‍ നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് (ഇസ്‌ലാമിലേക്ക്) തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല.

(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നിസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ മുശ്രിക്കുകളുടെ കൂട്ടത്തിലായിപ്പോകരുത്.” (റൂം: 30-32)

നബി -ﷺ- പറഞ്ഞു:

«كُلُّ مَوْلُودٍ يُولَدُ عَلَى الفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ، أَوْ يُنَصِّرَانِهِ، أَوْ يُمَجِّسَانِهِ»

“എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ നസ്വ്റാനിയോ മജൂസിയോ ഒക്കെ ആക്കുന്നത്.” (ബുഖാരി: 1385)

ഖുദ്സിയായ ഹദീഥില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:

«خَلَقْتُ عِبَادِي حُنَفَاءَ كُلَّهُمْ، وَإِنَّهُمْ أَتَتْهُمُ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ»

“എന്റെ അടിമകളെ ‘ഹനീഫുകള്‍’ (തൗഹീദിലേക്ക് ചാഞ്ഞു നില്‍ക്കുന്ന, ശിര്‍ക്കില്‍ നിന്ന് അകല്‍ച്ചയുള്ളവര്‍) ആയി കൊണ്ടാണ് ഞാന്‍ പടച്ചത്. എന്നാല്‍, പിശാചുക്കള്‍ അവരുടെ അടുക്കല്‍ ചെല്ലുകയും, അവരുടെ (ശരിയായ) ദീനില്‍ നിന്ന് അവരെ പിടിച്ചു വലിക്കുകയുമാണുണ്ടായത്.” (മുസ്‌ലിം: 2865)

അല്ലാഹു മനുഷ്യരെ ശുദ്ധ പ്രകൃതിയിലാണ് പടച്ചതെങ്കിലും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കള്‍ അവരുടെ ശുദ്ധ പ്രകൃതിയെ നശിപ്പിക്കുകയാണ്. അതിന്റെ തുടക്കം മാതാപിതാക്കളില്‍ നിന്നാണ്. പിന്നീട്, വഴികേടിലേക്ക് ക്ഷണിക്കുന്ന പ്രബോധകര്‍; നന്മ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഹൃദയത്തെ അവര്‍ കേടു വരുത്തുകയും, അതിനെ മ്ലേഛവും വൃത്തികേട്ടതുമായ പ്രകൃതിയിലേക്ക് മാറ്റുകയും ചെയ്യുന്നു.

തൌഹീദിന്റെയും ശിര്‍ക്കിന്റെയും ചരിത്രം

അല്ലാഹു മനുഷ്യപിതാവായ ആദം -عَلَيْهِ السَّلَامُ- യെ പടച്ചു. അദ്ദേഹത്തെ നബിയും, അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യുന്ന ‘മുവഹിദും’, ഹനീഫുമാക്കി. അദ്ദേഹത്തിന്റെ സന്താനങ്ങള്‍ പിതാവിന്റെ പാതയില്‍ തന്നെ ചരിച്ചു. അബ്ദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞതു പോലെ; പത്തു തലമുറയോളം ആ മാര്‍ഗത്തില്‍ ഒരു മാറ്റവുമുണ്ടായില്ല. അവരെല്ലാം ശരിയായ ദീനില്‍ ഉറച്ചു നില്‍ക്കുകയും, അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യുകയും ചെയ്തു.

അല്ലാഹു -تَعَالَى- പറഞ്ഞതു പോലെ:

«كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ»

“മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം സന്തോഷവാര്‍ത്ത അറിയിക്കുവാനും, താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ അനുമതിപ്രകാരം മുഅ്മിനീങ്ങള്‍ക്ക് വഴി കാണിച്ചു.” (ബഖറ: 213)

ജനങ്ങളെല്ലാം ശരിയായ ദീനില്‍ അടിയുറച്ച് നിലകൊണ്ട ഏക സമുദായമായിരുന്നു. അവര്‍ക്കിടയില്‍ യാതൊരു ഭിന്നിപ്പുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു. മറ്റൊരു ആയത്തില്‍ അല്ലാഹു പറഞ്ഞതു പോലെ:

«وَمَا كَانَ النَّاسُ إِلَّا أُمَّةً وَاحِدَةً فَاخْتَلَفُوا»

“മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്.” (യൂനുസ്: 19)

ഈ അഭിപ്രായവ്യത്യാസം സംഭവിച്ചത് നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തിലായിരുന്നു. അവരുടെ സമൂഹത്തില്‍ പണ്ഡിതന്മാരും സ്വാലിഹീങ്ങളുമുണ്ടായിരുന്നു. എന്നാല്‍ -അല്ലാഹുവിന്റെ വിധിയെന്നേ പറയാവൂ-; അവരെല്ലാവരും ഒരൊറ്റ വര്‍ഷത്തില്‍ തന്നെ പൊടുന്നനെ മരണപ്പെട്ടു.

ജനങ്ങള്‍ക്ക് അവരുടെ നഷ്ടം വലിയ വേദനയുണ്ടാക്കി. അവര്‍ സങ്കടത്തിലും പ്രയാസത്തിലുമായി. ഈ അവസരം മുതലെടുക്കണമെന്ന ഉദ്ദേശത്തില്‍ പിശാച് അവരിലേക്ക് ചെന്നു.

അവന്‍ അവരോട് പറഞ്ഞു: ‘നിങ്ങള്‍ ഈ സ്വാലിഹീങ്ങളുടെ വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച്, അവര്‍ ഇരുന്നിരുന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് അവരെ ഓര്‍മ്മിക്കാനും, അല്ലാഹുവിനുള്ള ഇബാദത്തില്‍ ആവേശം നിലനിര്‍ത്താനും കഴിയും.’

ആദം സന്തതികളോടുള്ള പിശാചിന്റെ ഉപദേശം ഇപ്രകാരമായിരുന്നു. അവരുടെ പ്രതിമകളിലേക്ക് നോക്കുമ്പോള്‍ മരിച്ചു പോയ സ്വാലിഹീങ്ങളെ ഓര്‍ക്കാമെന്നും, അവരെ മാതൃകയാക്കാന്‍ അത് സഹായകമാകുമെന്നും അവന്‍ അവരെ തോന്നിപ്പിച്ചു.

അങ്ങനെ അവര്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി. മേല്‍ പറഞ്ഞതായിരുന്നു അവരുടെ ഉദ്ദേശം. അവരുടെ കൂട്ടത്തില്‍ ഇക്കാര്യം അറിയുന്ന പണ്ഡിതന്മാരുണ്ടായിരുന്നതിനാല്‍; ഇതില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ ശ്വൈത്വാന് കഴിഞ്ഞില്ല.

അവന്‍ കാത്തിരുന്നു. സമൂഹത്തില്‍ നിലവിലുള്ള പണ്ഡിതന്മാര്‍ മരണപ്പെടുന്നത് വരെ. അങ്ങനെ അവര്‍ മരണപ്പെട്ടു. പുതിയ തലമുറ വന്നു. അവര്‍ അറിവില്ലാത്തവരായിരുന്നു; അവര്‍ക്കിടയില്‍ പണ്ഡിതന്മാരുണ്ടായിരുന്നില്ല. ആദ്യ കാലക്കാരുടെ അറിവെല്ലാം ഇല്ലാതെയായി. പലരും പലതും മറന്നു പോയിരിക്കുന്നു.

പിശാച് രണ്ടാം തവണവും അവരിലേക്ക് വന്നു. അവന്‍ പറഞ്ഞു: ‘നിങ്ങളുടെ പിതാക്കള്‍ ഈ കാണുന്ന വിഗ്രഹങ്ങളൊന്നും വെറുതെ ഉണ്ടാക്കിയതല്ല; അതിനെ ആരാധിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. മഴ തേടാനും മറ്റും അവര്‍ ഈ വിഗ്രഹങ്ങളോടായിരുന്നു ചോദിച്ചിരുന്നത്.’

തനിച്ച ശിര്‍ക്ക് -ബഹുദൈവാരാധന-; അതവര്‍ക്ക് അവന്‍ ഭംഗിയുള്ളതായി തോന്നിപ്പിച്ചു. അങ്ങനെയാണ് ശിര്‍ക്ക് സമൂഹത്തില്‍ ഉടലെടുക്കുന്നത്. ആദമിന്റെ -عَلَيْهِ السَّلَامُ- ദീന്‍ അതോടെ മാറിമറിഞ്ഞു. ഭൂമിയില്‍ ആദ്യമായി ശിര്‍ക്ക് സംഭവിച്ചു.

അപ്പോള്‍ അല്ലാഹു -تَعَالَى- നൂഹ് നബി -عَلَيْهِ السَّلَامُ- യെ ആ സമൂഹത്തിലേക്ക് പറഞ്ഞയച്ചു. അവരെ അദ്ദേഹം അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുന്നതിലേക്ക് ക്ഷണിച്ചു. അവരുടെ പിതാക്കന്മാരുടെ ശരിയായ മതത്തിലേക്ക് അവരെ മടക്കി വിളിച്ചു. എന്നാല്‍ ശിര്‍ക്ക് അവരുടെ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. അവര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നതില്‍ ഉറച്ചു നിന്നു.

«وَقَالُوا لَا تَذَرُنَّ آلِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا * وَقَدْ أَضَلُّوا كَثِيرًا»

“അവര്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്. അങ്ങനെ അവര്‍ വളരെയധികം ആളുകളെ വഴിപിഴപ്പിച്ചു. (രക്ഷിതാവേ,) ആ അക്രമകാരികള്‍ക്ക് വഴിപിഴവല്ലാതെ മറ്റൊന്നും നീ വര്‍ദ്ധിപ്പിക്കരുതേ.” (നൂഹ്: 23-24)

സമൂഹത്തില്‍ ശിര്‍ക്ക് ഉടലെടുത്തതിന്റെ ചരിത്രമാണിത്. ഇതോടെ മനുഷ്യര്‍ രണ്ട് കക്ഷികളായി -മുഅ്മിനീങ്ങളും കാഫിരീങ്ങളുമായി- പിരിഞ്ഞു.

തൗഹീദില്‍ അടിയുറച്ചു നിലകൊള്ളുകയും, ശിര്‍ക്കിനെ വെടിയുകയും ചെയ്ത റസൂലിനെ പിന്‍പറ്റുകയും, അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്ത ഒരു വിഭാഗം. അവരാണ് മുഅ്മിനീങ്ങള്‍.

റസൂലിനെ ധിക്കരിക്കുകയും, അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തവര്‍ ശിര്‍ക്കിന്റെയും (ബഹുദൈവാരാധന) കുഫ്റിന്റെയും (നിഷേധം/അനിസ്ലാമികത) വഴിയിലേക്ക് ചേര്‍ന്നു നിന്നു. അവരാണ് കാഫിറുകള്‍.

ഇതോടെ മനുഷ്യര്‍ രണ്ടു വിഭാഗമായി. മുഅ്മിനുകളും കാഫിറുകളും. അക്കാലഘട്ടം മുതല്‍ ആരംഭിച്ച ഭിന്നതയാണിത്.

അല്ലാഹു അവന്റെ അപാരമായ കാരുണ്യത്താല്‍ തൗഹീദില്‍ നിലകൊണ്ടവരെ ഉപേക്ഷിച്ചില്ല. തുടരെ തുടരെയായി അവന്‍ റസൂലുകളെ അയച്ചു കൊണ്ടിരുന്നു. അവര്‍ ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചു. ഇസ്‌ലാം ദീന്‍ പഠിപ്പിച്ചു കൊടുത്തു.

നമ്മുടെ നബിയായ മുഹമ്മദ് -ﷺ- യെ അല്ലാഹു നിയോഗിക്കുന്നത് വരെ ഇപ്രകാരമായിരുന്നു. അവിടുന്ന് അന്തിമ നബിയാണ്. അവിടുത്തേക്ക് ശേഷം ഇനിയൊരു നബിയില്ല. മനുഷ്യരിലേക്കെല്ലാം നിയോഗിക്കപ്പെട്ട, നബിമാരുടെ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് മുന്‍പ് ഓരോ നബിയും തന്റെ സമൂഹത്തിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നതെങ്കില്‍, നമ്മുടെ നബിയായ മുഹമ്മദ് -ﷺ- എല്ലാ മനുഷ്യരിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

«وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِلنَّاسِ بَشِيرًا وَنَذِيرًا وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ»

“നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത് നല്‍കുവാനും ആയികൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.” (സബഅ്: 28)

«وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ»

“ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അമ്പിയാഅ്: 107)

«قُلْ يَاأَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا»

“പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ റസൂലാകുന്നു.” (അഅ്റാഫ്: 158)

അല്ലാഹു അവന്റെ അടിമകളോട് എന്നും അനുകമ്പ കാണിക്കുകയും, ഔദാര്യം ചൊരിയുകയും ചെയ്തു. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കള്‍ക്ക് ഇരയാകുവാന്‍ അവരെ അവന്‍ വിട്ടുകൊടുത്തില്ല. അവന്‍ റസൂലുകളെ പറഞ്ഞയച്ചു കൊണ്ടിരുന്നു. വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചു.

അതില്‍ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് റസൂലുല്ലാഹി -ﷺ-. അവിടുന്ന് കൊണ്ടു വന്ന ദീന്‍ -ഇസ്‌ലാം-; അതവസാനത്തെ മതമാണ്. ഭൂമി അവസാനിക്കുന്നത് വരെ അതല്ലാതെ ഇനി മറ്റൊരു മതമില്ല…

മനുഷ്യര്‍ രണ്ടു കക്ഷികളായി പിരിഞ്ഞു വെന്ന് പറഞ്ഞല്ലോ? മുസ്‌ലിമീങ്ങളും മുഅ്മിനീങ്ങളുമായവര്‍ എപ്രകാരമാണ് മുശ്രിക്കുകളും കാഫിറുകളുമായവരോട് പെരുമാറേണ്ടതെന്ന കാര്യം അല്ലാഹു വിശദമാക്കിയിട്ടുണ്ട്.

ഈ വിഷയസംബന്ധമായുള്ള നിയമങ്ങളും വിധിവിലക്കുകളും അന്ത്യനാള്‍ വരെ ബാധകമാണ്. അവ പാലിക്കപ്പെടേണ്ടതുമാണ്. (അതില്‍ ചില നിയമങ്ങളാണ് ഇനി പറയുന്നത്)

ഇസ്‌ലാമിക പ്രബോധനം; ഒന്നാമത്തെ ബാധ്യത

ഒരു കാഫിറിനോട് മുസ്‌ലിമിനുള്ള ആദ്യത്തെ പെരുമാറ്റം അവനെ അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്നതാണ്. ഇസ്‌ലാമിലേക്ക് കാഫിറുകളെ ദഅ്വത് നടത്തുക എന്നതാണ്. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നത് അവരുടെ തന്നെ നന്മക്കും സന്മാര്‍ഗത്തിനും വേണ്ടിയാണ്. ദുനിയാവിലും ആഖിറതിലും അവര്‍ക്ക് സൗഭാഗ്യം നേടുന്നതിനും അത് അനിവാര്യമാണ്.

അല്ലാഹു -تَعَالَى- നമ്മുടെ നബിയായ മുഹമ്മദ് നബി -ﷺ- യോട് പറഞ്ഞു:

«ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَنْ ضَلَّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ»

“ഹിക്മതോടു കൂടിയും, സദുപദേശം മുഖേനയും നിന്റെ റബ്ബിന്റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ റബ്ബ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.” (നഹ്ല്‍: 125)

«يَاأَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا * وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُنِيرًا»

“നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.” (അഹ്സാബ്: 45-46)

«قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ»

“(നബിയേ,) പറയുക: ഇതാണ് എന്റെ മാര്‍ഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധന്‍! ഞാന്‍ (അവനോട്) പങ്കുചേര്‍ക്കുന്ന കൂട്ടത്തിലല്ല തന്നെ.” (യൂസുഫ്: 108)

നബി -ﷺ- യാകട്ടെ; അവിടുന്ന് അല്ലാഹു -تَعَالَى- കല്‍പ്പിച്ചതു പ്രകാരം ഇസ്‌ലാമിക പ്രബോധനം നടത്തുകയും ചെയ്തു. അല്ലാഹു സന്മാര്‍ഗം കണക്കാക്കിയ എല്ലാവരും അവിടുത്തെ വിളിക്കുത്തരം നല്‍കി. എതിരായവരെല്ലാം എതിരാവുകയും ചെയ്തു.

ചുരുക്കത്തില്‍, അല്ലാഹു -تَعَالَى- കാഫിറുകളോടുള്ള പെരുമാറ്റത്തില്‍ ആദ്യം നിശ്ചയിച്ചിരിക്കുന്ന കാര്യം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കലാണ്. നാമൊരിക്കലും അവരുടെ കുഫ്റിലും ശിര്‍ക്കിലും അവരെ വിട്ടേച്ചു പോവുകയില്ല. മറിച്ച്, അവരുടെ നന്മക്കും സന്മാര്‍ഗത്തിനും അനിവാര്യമായ ഇസ്‌ലാമിലേക്ക് നാം അവരെ നിര്‍ബന്ധമായും ക്ഷണിച്ചു കൊണ്ടിരിക്കും. ഇക്കാര്യം ലോകാവസാനം വരെ തുടര്‍ന്നു കൊണ്ടിരിക്കുന്ന കാര്യമാണ്.

അല്ലാഹുവിലേക്കുള്ള ദഅ്വത് എന്നത് ഏറ്റവും പരമപ്രധാനമായ വാജിബാണ്. മനുഷ്യകുലത്തോട് തന്നെ ചെയ്യുന്ന സുകൃതമാണത്. കാരണം, അതിലൂടെയാണ് അല്ലാഹു അവനുദ്ദേശിക്കുന്നവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരിക.

«كِتَابٌ أَنْزَلْنَاهُ إِلَيْكَ لِتُخْرِجَ النَّاسَ مِنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِ رَبِّهِمْ إِلَى صِرَاطِ الْعَزِيزِ الْحَمِيدِ * اللَّهِ الَّذِي لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَوَيْلٌ لِلْكَافِرِينَ مِنْ عَذَابٍ شَدِيدٍ»

“മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, ‘അസീസും’ (പ്രതാപി) ‘ഹമീദു’മായ (സ്തുത്യര്‍ഹന്‍) ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ട് വരുവാന്‍ വേണ്ടി). കാഫിറുകള്‍ക്ക് കഠിനമായ ശിക്ഷയാല്‍ മഹാനാശം തന്നെ.” (ഇബ്രാഹീം: 1-2)

ഈ പറഞ്ഞത്; -ഇസ്‌ലാമിക പ്രബോധനം എന്നത്- കാഫിറുകളുമായി ബന്ധപ്പെട്ട് നമ്മുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളില്‍ വളരെ മഹത്തരമായതാണ്. നാം അവരെ ഇസ്‌ലാം സ്വീകരിക്കുന്നതിലേക്കും, കുഫ്റും ശിര്‍ക്കും വെടിയുന്നതിലേക്കും ക്ഷണിക്കണം. അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുക എന്ന അവരുടെ സൃഷ്ടിപ്പിന് പിന്നിലുള്ള ലക്ഷ്യത്തിലേക്ക് അവരെ വിളിച്ചു കൊണ്ടിരിക്കണം.

ഇസ്‌ലാമിക പ്രബോധനം എന്നതാകട്ടെ, എന്നെന്നും നിലനില്‍ക്കുന്ന, അന്ത്യനാള്‍ വരെ അവസാനിക്കാത്ത കാര്യവുമാണ്. മുസ്‌ലിമീങ്ങളില്‍ ഒരു വിഭാഗം എന്നും നിര്‍വഹിച്ചു കൊണ്ടേയിരിക്കേണ്ട ‘ഫര്‍ദ് കിഫായ’ ആണത്. മതിയാവുന്ന ആളുകള്‍ അത് നിര്‍വ്വഹിച്ചാല്‍ മറ്റുള്ളവരുടെ ബാധ്യതയും അവസാനിക്കും. എല്ലാവരും ഉപേക്ഷിച്ചാലാകട്ടെ, അവരെല്ലാം കുറ്റക്കാരാവുകയും ചെയ്യും.

ഇസ്‌ലാമിക പ്രബോധനം കൊണ്ട് മുസ്‌ലിമീങ്ങളായവര്‍; അവന്‍ സന്മാര്‍ഗത്തിലേക്ക് മടങ്ങി വന്നിരിക്കുന്നു. തന്റെ ആത്മാവിനെ ശിര്‍ക്കില്‍ നിന്നും കുഫ്റില്‍ നിന്നും അവന്‍ രക്ഷപ്പെടുത്തിയിരിക്കുന്നു. നരകത്തില്‍ നിന്ന് അവന്‍ സ്വന്തത്തെ മോചിപ്പിച്ചിരിക്കുന്നു. അവന്‍ നമ്മുടെ സഹോദരനായി തീര്‍ന്നിരിക്കുന്നു. ഇനി മുതല്‍ അവന്‍ നമ്മില്‍ പെട്ടവനും, നാം അവനില്‍ പെട്ടവനുമാണ്.

പ്രബോധനം സ്വീകരിക്കാത്തവരോടുള്ള നിലപാട്

എന്നാല്‍, വിസമ്മതിക്കുകയും ഇസ്‌ലാമിക പ്രബോധനം സ്വീകരിക്കാതിരിക്കുകയും ചെയ്തവര്‍ രണ്ടു തരക്കാരാണ്.

ഒന്ന്: കുഫ്റിലേക്കോ ശിര്‍ക്കിലേക്കോ ക്ഷണിക്കാത്ത, സ്വന്തം ജീവിതവുമായി ഒതുങ്ങിക്കൂടുന്നവര്‍. ഇത്തരമാളുകള്‍ വെറുതെ വിടപ്പെടും. ഉദാഹരണത്തിന്; വാര്‍ദ്ധക്യം ബാധിച്ച് വൃദ്ധന്മാരായവര്‍, ചെറിയ കുട്ടികള്‍, സ്ത്രീകള്‍, മഠങ്ങളില്‍ ആരാധനയുമായി കൂടിയിരിക്കുന്ന പുരോഹിതന്മാര്‍ പോലുള്ളവര്‍. ഇവര്‍ കുഫ്റിനെ തിരഞ്ഞെടുക്കുകയും, എന്നാല്‍ ഭൂമിയില്‍ അത് പ്രചരിപ്പിക്കുവാന്‍ പരിശ്രമിക്കാത്തവരുമാണ്.

ഇവരെ ഉപദ്രവിക്കേണ്ടതില്ല. കാരണം അവര്‍ ശിര്‍ക്കോ കുഫ്റോ പ്രചരിപ്പിക്കുമെന്ന ഭയമില്ല. അവരുടെ തിന്മ അവരില്‍ മാത്രം ഒതുങ്ങുന്നതാണ്. അവരുടെ ഹിദായത് (സന്മാര്‍ഗം) നമ്മുടെ പക്കലുമല്ല.

«إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ وَهُوَ أَعْلَمُ بِالْمُهْتَدِينَ»

“തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു.” (ഖസ്വസ്: 56)

രണ്ട്: അല്ലാഹുവിന്റെ ദീനില്‍ നിന്ന് ജനങ്ങളെ തടുക്കുന്ന, ഇസ്‌ലാമിക പ്രബോധനത്തെ എതിരിടുന്ന, ഭൂമിയില്‍ കുഫ്ര്‍ പ്രചരിപ്പിക്കുന്ന, ശിര്‍ക്കിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവര്‍. ഇവരോട് യുദ്ധം ചെയ്യല്‍ നിര്‍ബന്ധമാണ്. ഇവരുടെ ഉപദ്രവം അവസാനിപ്പിക്കുന്നതിനും, സത്യം പ്രകടമാക്കുന്നതിനും അതാവശ്യമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّهِ فَإِنِ انْتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ»

“ഫിത്ന (ശിര്‍ക്ക്/ബഹുദൈവാരാധന) ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.” (ബഖറ: 193)

«وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ * وَإِنْ تَوَلَّوْا فَاعْلَمُوا أَنَّ اللَّهَ مَوْلَاكُمْ نِعْمَ الْمَوْلَى وَنِعْمَ النَّصِيرُ»

“ഫിത്ന (ശിര്‍ക്ക്/ബഹുദൈവാരാധന) ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്.” (അന്‍ഫാല്‍: 39-40)

രണ്ടു കാരണങ്ങളാലാണ് അവരോട് യുദ്ധം ചെയ്യുന്നത്.

ഒന്ന്: ഇസ്‌ലാമിനും മുസ്‌ലിമീങ്ങള്‍ക്കും അവരുണ്ടാക്കുന്ന ഉപദ്രവം അവസാനിപ്പിക്കാനും, ജനങ്ങളിലേക്ക് ഇസ്‌ലാമിന്റെ വഴി തുറന്നു കൊടുക്കുന്നതിനും വേണ്ടി.

രണ്ട്: അവര്‍ ചിലപ്പോള്‍ യുദ്ധം കാരണത്താല്‍ മുസ്‌ലിംകളായേക്കാമെന്നത് കൊണ്ട്. ഇത് കൊണ്ടാണ് നബി -ﷺ- പറഞ്ഞത്:

«عَجِبَ اللَّهُ مِنْ قَوْمٍ يَدْخُلُونَ الجَنَّةَ فِي السَّلاَسِلِ»

“ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടവരായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരുടെ കാര്യത്തില്‍ അല്ലാഹു അത്ഭുതപ്പെട്ടിരിക്കുന്നു.” (ബുഖാരി: 3010)

അതായത്; യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുകയും, പിന്നീട് തൗബ ചെയ്ത് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്യുന്നവരുടെ കാര്യത്തില്‍. അല്ലാഹു അവര്‍ക്ക് പൊറുത്തു കൊടുക്കുകയും, അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.

ചുരുക്കത്തില്‍, നാം കാഫിറുകളോട് യുദ്ധം ചെയ്യുന്നത് അവരുടെ സമ്പത്തോ രാജ്യമോ ആഗ്രഹിച്ചു കൊണ്ടല്ല. അല്ലെങ്കില്‍, രക്തം ചൊരിയാനുള്ള അതിയായ ആഗ്രഹം കൊണ്ടുമല്ല. മറിച്ച്, ഇസ്‌ലാമിലെ ജിഹാദ് വളരെ മഹത്തരമായ ഒരു ലക്ഷ്യത്തിന് വേണ്ടിയും അത്യുന്നതമായ നന്മകള്‍ക്കും വേണ്ടിയാണ്. അത് യഥാര്‍ഥത്തില്‍ മനുഷ്യകുലത്തോടെല്ലാമുള്ള നന്മയാണ്. യുദ്ധത്തിന് വേണ്ടിയല്ല ഇസ്‌ലാമിലെ യുദ്ധം; മറിച്ച് മറ്റു വലിയ നന്മകള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

കാഫിറുകളോടുള്ള പെരുമാറ്റത്തിലെ രണ്ടാമത്തെ പടിയാണ് മേല്‍ പറഞ്ഞത്. അതായത്, അവരോട് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തിലും ജിഹാദിലും ഏര്‍പ്പെടുക എന്നത്. ഇത് മുസ്‌ലിമീങ്ങള്‍ക്ക് ശക്തിയും യുദ്ധത്തിനുള്ള കഴിവും ഉണ്ടെങ്കില്‍ മാത്രം ചെയ്യേണ്ട കാര്യമാണ്. മാത്രമല്ല, ജിഹാദിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുകയും, തടസ്സങ്ങള്‍ നീങ്ങുകയും വേണം. അങ്ങനെ ആയിക്കഴിഞ്ഞാല്‍, അത് മുസ്‌ലിമീങ്ങളുടെ മേല്‍ നിര്‍ബന്ധവുമാണ്.

സാധ്യമായ അവസ്ഥയില്‍ ജിഹാദ് ഒഴിവാക്കുക എന്നത് പാടില്ല. എന്നാല്‍ ജിഹാദിന് സാധ്യമല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെങ്കില്‍ അവര്‍ സാധ്യമായ ഒരവസരം വരുന്നത് വരെ അത് നീട്ടിവെക്കണം. ആ സന്ദര്‍ഭത്തില്‍, അവര്‍ ഇസ്‌ലാമിലേക്കുള്ള ദഅ്വതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയും വേണം.

നബി -ﷺ- യുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതും ഇതാണ്. അവിടുന്ന് മക്കയിലായിരുന്നപ്പോള്‍, ഇസ്‌ലാമിലേക്കുള്ള ദഅ്വതില്‍ മാത്രമാണ് നിലകൊണ്ടത്. അവിടെ യുദ്ധം ചെയ്യുക എന്നത് വിലക്കപ്പെട്ടിരുന്നു. കാരണം, മുസ്‌ലിമീങ്ങള്‍ക്ക് അവിടെ യുദ്ധത്തിന് സാധ്യമായ സ്ഥിതിവിശേഷമില്ലായിരുന്നു. അന്നവര്‍ യുദ്ധത്തിന് ശ്രമിച്ചിരുന്നെങ്കില്‍ മുസ്‌ലിമീങ്ങളുടെ കഥ കഴിയുമായിരുന്നു.

എന്നാല്‍ അവിടുന്ന് മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്യുകയും, അവിടെ സഹായികളെ കണ്ടെത്തുകയും, മുസ്‌ലിമീങ്ങള്‍ക്ക് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് നിര്‍വ്വഹിക്കാനുള്ള ശക്തി ഉണ്ടാവുകയും ചെയ്തപ്പോഴാകട്ടെ; അല്ലാഹു അത് അനുവദിച്ചു.

കരാറില്‍ ഏര്‍പ്പെട്ട കാഫിറുകളോടുള്ള നിലപാട്

കാഫിറുകളുമായി യുദ്ധം നടത്തിയതിന് ശേഷം; ഒന്നല്ലെങ്കില്‍ അവര്‍ക്ക് മുസ്‌ലിമീങ്ങള്‍ക്ക് ‘ജിസ്യ’ നല്‍കിക്കൊണ്ട്, ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ ജീവിക്കാം. അതുമല്ലെങ്കില്‍, അവര്‍ക്ക് മുസ്‌ലിമീങ്ങളുമായി കരാറിലേര്‍പ്പെട്ടു കൊണ്ട്, അവരുടെ നാട്ടില്‍ ജീവിക്കാം. അവര്‍ക്കും മുസ്‌ലിമീങ്ങള്‍ക്കുമിടയില്‍ കരാറുകളുണ്ടായിരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുസ്‌ലിമീങ്ങള്‍ക്ക് മേല്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍ പാടില്ല.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടുക്കാനും അവര്‍ക്ക് അനുവാദമില്ല. ഇസ്‌ലാമിക പ്രബോധനത്തിന് തടസ്സമുണ്ടാക്കാനും പാടില്ല. ഇപ്രകാരം -ഇസ്‌ലാമിനും മുസ്‌ലിമീങ്ങള്‍ക്കും ഉപകാരപ്രദമാണെങ്കില്‍- അവരോട് ‘ഹുദ്ന’ (സമാധാനകരാര്‍) ചെയ്യാം. നബി -ﷺ- മുശ്രിക്കുകളുമായി ഇപ്രകാരം കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

ഇപ്രകാരം, സമാധാനക്കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കാഫിറിന്റെ മേല്‍ അതിക്രമം അഴിച്ചു വിടുക എന്നത് മുസ്‌ലിമിന് അനുവദനീയമല്ല. കരാറിലേര്‍പ്പെട്ടവരുടെ രക്തം അന്യായമായി ചൊരിയുന്നതും, സമ്പാദ്യം എടുക്കുന്നതും ഹറാമാണ് (നിഷിദ്ധം). കാരണം, മുസ്‌ലിമീങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളുണ്ടോ; അതവനുമുണ്ട്. മുസ്‌ലിമീങ്ങള്‍ക്ക് എന്തെല്ലാം പ്രയാസങ്ങളുണ്ടോ; അതവനും അനുഭവിക്കുന്നുണ്ട്. അതിനാല്‍, അവന്‍ മുസ്‌ലിമീങ്ങളുടെ ദിമ്മത്തില്‍ (സംരക്ഷണത്തില്‍) ആണ്.

അതു കൊണ്ടാണ് നബി -ﷺ- പറഞ്ഞത്: “ആരെങ്കിലും കരാറിലേര്‍പ്പെട്ട (മുആഹദ്) ഒരാളെ കൊന്നാല്‍, അവന്‍ സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുകയില്ല. അതിന്റെ സുഗന്ധം നാല്‍പ്പത് വര്‍ഷം വഴിദൂരം വീശിയടിക്കുന്നതാണ്.” (ബുഖാരി: 3166)

കരാറിലേര്‍പ്പെട്ട -മുആഹദായ- കാഫിറായ വധിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും ഇത് വളരെ ശക്തമായ താക്കീതാണ്.

«وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ»

“അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്.” (ഇസ്റാഅ്: 33)

അല്ലാഹു -تَعَالَى- നിഷിദ്ധമാക്കിയ ആത്മാവ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഒന്ന് മുസ്‌ലിമീങ്ങളുടെ ആത്മാവാണ്. രണ്ട് കരാറിലേര്‍പ്പെട്ട കാഫിറുകളുടേതുമാണ്.

കരാറിലേര്‍പ്പെട്ട കാഫിറുകളോട് യുദ്ധം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. ആരെങ്കിലും അവനെ വധിച്ചാല്‍ അവന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു. അവന്‍ കരാറില്‍ വഞ്ചന കാണിച്ചിരിക്കുന്നു. നേരത്തെ (ഹദീഥില്‍) പറഞ്ഞ താക്കീത് അവന് ബാധകവുമായിരിക്കും.

മുആഹിദായ (കരാറിലേര്‍പ്പെട്ട) കാഫിറിനെ കൊലപ്പെടുത്തിയാല്‍; അവര്‍ക്ക് ‘ദിയത്’ (ബ്ലഡ്മണി) നല്‍കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അബദ്ധത്തിലാണ് ‘മുആഹിദി’നെ കൊലപ്പെടുത്തിയതെങ്കില്‍, അവന്റെ വിധി അബദ്ധത്തില്‍ മുസ്‌ലിമിനെ കൊലപ്പെടുത്തിയാലുള്ളത് തന്നെയാണ്. അവന്‍ ‘ദിയത്’ നല്‍കുകയും വേണം. അതോടൊപ്പം ‘കഫാറത്’ (പ്രായശ്ചിത്തം) അനുഷ്ഠിക്കുകയും വേണം.

«وَإِنْ كَانَ مِنْ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ فَدِيَةٌ مُسَلَّمَةٌ إِلَى أَهْلِهِ وَتَحْرِيرُ رَقَبَةٍ مُؤْمِنَةٍ فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِنَ اللَّهِ وَكَانَ اللَّهُ عَلِيمًا حَكِيمًا»

“ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിക്കില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്.” (നിസാഅ്: 92)

നോക്കൂ! കരാറിലേര്‍പ്പെട്ട ഒരു കാഫിറിനെ അബദ്ധത്തില്‍ കൊലപ്പെടുത്തുന്ന കാര്യത്തില്‍ അല്ലാഹു ‘ദിയതും’ ‘കഫാറതും’ നിര്‍ബന്ധമാക്കിയിരിക്കുന്നു. ഇത് നമ്മളും അവരും തമ്മിലുള്ള കരാര്‍ പാലനത്തിന്റെ ഭാഗമാണ്.

അല്ലാഹു പറയുന്നു:

«وَأَوْفُوا بِالْعَهْدِ إِنَّ الْعَهْدَ كَانَ مَسْئُولًا»

“നിങ്ങള്‍ കരാര്‍ നിറവേറ്റുക. തീര്‍ച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഇസ്റാഅ്: 34)

«وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدْتُمْ وَلَا تَنْقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا»

“നിങ്ങള്‍ കരാര്‍ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത് ലംഘിക്കരുത്.” (നഹ്ല്‍: 91)

ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന കാഫിറുകളോടുള്ള നിലപാട്

ഈ പറഞ്ഞ വിധിയില്‍ മറ്റു ചിലരും ഉള്‍പ്പെടും. നമ്മുടെ ഭരണാധികാരിയുടെ അനുമതിയോടെ ഈ രാജ്യത്ത് പ്രവേശിച്ചവരും, അവരുടെ രാജ്യത്ത് നിന്ന് സന്ദേശവുമായി വരുന്ന ദൂതന്മാരും, അവരുടെ രാജ്യത്തിന്റെ അംബാസഡര്‍മാരായി ഇവിടെ എത്തുന്നവരും, ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ ഉദ്ദേശിച്ചു കൊണ്ട് എത്തുന്നവരുമെല്ലാം ഇതില്‍ പെടും. ഇവര്‍ക്കെല്ലാം നിര്‍ഭയരായി നമ്മുടെ രാജ്യത്ത് കഴിഞ്ഞു കൂടാം.

അല്ലാഹു -تَعَالَى- പറഞ്ഞു:

«وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُ ذَلِكَ بِأَنَّهُمْ قَوْمٌ لَا يَعْلَمُونَ»

“മുശ്രിക്കുകളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.” (തൗബ: 6)

ഇവര്‍ ‘മുസ്തഅ്മിന്‍’ (അഭയം തേടി വന്നവര്‍) ആണ്; അവന്റെ ജീവന് സംരക്ഷണം നല്‍കണം. അവന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി പോകുന്നത് വരെ അവനോട് അതിക്രമം പ്രവര്‍ത്തിക്കാന്‍ പാടില്ല.

മുസ്‌ലിംകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരോടുള്ള നിലപാട്

ഇതു പോലെ തന്നെയാണ് മുസ്‌ലിമീങ്ങളോട് നല്ല രൂപത്തില്‍ വര്‍ത്തിക്കുന്നവരുടെ കാര്യവും. മുസ്‌ലിമീങ്ങളെ ഉപദ്രവിക്കാത്ത, അവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത, മുസ്‌ലിമീങ്ങള്‍ക്ക് നന്മ ചെയ്യുന്ന കാഫിരീങ്ങളില്‍ പെട്ടവരോട് പകരമായും നന്മ ചെയ്യണം.

അല്ലാഹു -تَعَالَى- പറഞ്ഞു:

«لَا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ»

“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” (മുംതഹന: 8)

മുസ്‌ലിമീങ്ങളെ ഉപദ്രവിക്കാത്ത, അവര്‍ക്ക് നന്മ ചെയ്യുന്ന, അവരോട് നീതിയില്‍ വര്‍ത്തിക്കുന്ന കാഫിറുകള്‍ക്ക് നന്മ പകരമായി നല്‍കണം. കാരണം, ഇസ്‌ലാം നീതിയുടെയും കരാര്‍ പാലനത്തിന്റെയും മതമാണ്. അല്ലാഹുവിന്റെ കല്‍പ്പന പാലിച്ചു കൊണ്ട് ഇത്തരക്കാരോട് നന്മ ചെയ്യുകയും, അവരോട് നീതിയില്‍ വര്‍ത്തിക്കുകയും വേണം.

കാഫിറായ മാതാപിതാക്കളോടുള്ള നിലപാട്

ഇത് പോലെ തന്നെ മാതാപിതാക്കളുടെയും കാര്യം. അവര്‍ കാഫിറുകളാണെങ്കിലും, മകന്റെ മേല്‍ ബാധ്യതയായിട്ടുള്ളത് അവരോട് നന്മയില്‍ വര്‍ത്തിക്കലാണ്. എന്നാല്‍, തന്റെ ദീനിന്റെ കാര്യത്തില്‍ അവന്‍ അവരെ പിന്‍പറ്റരുത്. എന്നാല്‍, കാഫിറായി എന്നത് കൊണ്ട് അവരുടെ അവകാശങ്ങള്‍ അവസാനിക്കുന്നില്ല. അതവര്‍ക്ക് നല്‍കണം.

«وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ * وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا»

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം. നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുക.” (ലുഖ്മാന്‍: 14-15)

ചുരുക്കത്തില്‍, മാതാപിതാക്കളോട് നല്ല രൂപത്തില്‍ വര്‍ത്തിക്കണം. അസ്മാഅ് -رَضِيَ اللَّهُ عَنْهَا- യുടെ മാതാവ് ഒരിക്കല്‍ മദീനയില്‍ അവരുടെ മകളുടെ അടുക്കല്‍ സന്ദര്‍ശിക്കുന്നതിനായി വന്നു. മകളുടെ സഹായവും ഉപകാരവും പ്രതീക്ഷിച്ചു കൊണ്ട് കൂടിയാണ് അവര്‍ വന്നത്. നബി -ﷺ- യോട് ചോദിച്ച്, എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുന്നത് വരെ അസ്മാഅ് ശങ്കിച്ചു നിന്നു. നബിയോട് അവര്‍ പറഞ്ഞു: “എന്റെ ഉമ്മ എന്നില്‍ നിന്ന് ഉപകാരം പ്രതീക്ഷിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്. ഞാന്‍ അവരുമായി ബന്ധം ചേര്‍ത്തു കൊള്ളട്ടെയോ?” നബി -ﷺ- പറഞ്ഞു: “അതെ! നീ ഉമ്മയുമായി ബന്ധം ചേര്‍ക്കുക.” (ബുഖാരി: 5979)

ഇസ്‌ലാമിക രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന കാഫിറുകളോടുള്ള നിലപാട്

ഇതു പോലെ തന്നെയാണ്; നമ്മുടെ (മുസ്‌ലിമീങ്ങളുടെ) രാജ്യത്ത് ജോലിക്കായി പ്രവേശിക്കുന്നവര്‍. അവര്‍ ഇവിടെ വന്നിരിക്കുന്നത് നമ്മുടെ സംരക്ഷണത്തിലാണ്. നാം ഒരിക്കലും അവരോട് അനീതി പ്രവര്‍ത്തിക്കുകയില്ല. അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ ഒരാളെയും നാം സമ്മതിക്കുകയുമില്ല.

അവന്റെ നാട്ടിലേക്ക് അവന്‍ മടങ്ങിപ്പോകുന്നത് വരെ നമ്മുടെ സംരക്ഷണത്തിലാണ് അവനുള്ളത്. കാരണം, നാമാണ് അവനെ ഇങ്ങോട്ട് കൊണ്ടു വന്നത്. അവന് നിര്‍ഭയത്വം വാഗ്ദാനം ചെയ്തതും നാം തന്നെയാണ്. അതിനാല്‍ അവനുള്ള അവകാശം നിര്‍വ്വഹിക്കല്‍ നമ്മുടെ മേല്‍ ബാധ്യതയുമാണ്.

കാരണം, ഇസ്‌ലാം ഒരിക്കലും ചതിയുടെയും വഞ്ചനയുടെയും അതിക്രമത്തിന്റെയും മതമല്ല. മാത്രവുമല്ല, അവനോട് അതിക്രമം പ്രവര്‍ത്തിക്കുക എന്നത് കാഫിറുകളെ ഇസ്‌ലാമില്‍ നിന്ന് അകറ്റുന്നതിനും കാരണമാകും. എന്നാല്‍ -മേല്‍ പറഞ്ഞ രൂപത്തിലുള്ള- മാന്യമായ പെരുമാറ്റം നമ്മില്‍ നിന്ന് കണ്ടു കഴിഞ്ഞാല്‍; അതവന് ഇസ്‌ലാമിലേക്ക് പ്രവേശിക്കാനുള്ള പ്രേരണയാകും. ഇസ്‌ലാമിന്റെ നീതി അവന് ഇതില്‍ നിന്ന് മനസ്സിലാകും.

കാഫിറുകളോടാണെങ്കിലും അനീതി പ്രവര്‍ത്തിക്കരുതെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന.

അല്ലാഹു പറഞ്ഞു:

«يَاأَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَبُ لِلتَّقْوَى وَاتَّقُوا اللَّهَ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ»

“മുഅ്മിനീങ്ങളേ! നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് തഖ്വയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (മാഇദ: 8)

ഒരു മുസ്‌ലിമിനും കാഫിറിനും ഇടയില്‍ തര്‍ക്കമുണ്ടായെന്ന് വിചാരിക്കുക. സത്യം കാഫിറിനോട് ഒപ്പമാണുള്ളതെങ്കില്‍ ഒരിക്കലും മുസ്‌ലിമിന് അനുയോജ്യമായി വിധിക്കാന്‍ വിധികര്‍ത്താവിന് (ഖാദ്വി) അനുവാദമില്ല. മറിച്ച്, കാഫിറിന് അനുകൂലമായി, മുസ്‌ലിമിനെതിരെയാണ് അദ്ദേഹം വിധിക്കേണ്ടത്.

ഇത്ര മനോഹരമായ വിധികള്‍ ഉള്‍ക്കൊള്ളുന്ന ഈ ദീനെന്തു മാത്രം മനോഹരമാണ്?

ജനങ്ങളോട് ഇപ്രകാരം പെരുമാറാനാണ് ഈ മഹത്തരമായ ദീനിന്റെ കല്‍പ്പന. ഇത് വളരെ മഹത്തരമായ ദീന്‍ തന്നെ. ഇതിന്റെ വക്താക്കള്‍ ഇസ്‌ലാമിലെ വിധികല്‍പ്പനകള്‍ മനസ്സിലാക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍; നബി -ﷺ- യുടെ കാലഘട്ടത്തിലുള്ളത് പോലെ തന്നെ ഈ ദീന്‍ പ്രകടമായ സവിശേഷതകളുമായി നിലകൊണ്ടേനേ.

നബി -ﷺ- യും കാഫിറുകളും; ഒരു ചരിത്ര സംഭവം

കാഫിറുകളോട് നബി -ﷺ- യുടെ പെരുമാറ്റം വ്യക്തമാക്കുന്ന ഒരു സംഭവം സ്മരണീയമാണ്. യമാമയുടെ നേതാവായിരുന്ന ഥുമാമതു ബ്നു ഉഥാലിനെ നബി -ﷺ- യുടെ അടുക്കല്‍ കൊണ്ടു വരപ്പെട്ടു. അയാള്‍ ഉംറക്ക് പോകുന്ന വഴിയില്‍ നബി -ﷺ- യുടെ സൈന്യത്തില്‍ ചിലര്‍ അയാളെ തടവിലാക്കിയതാണ്. നബി -ﷺ- അയാളെ മസ്ജിദുന്നബവിയിലെ തൂണുകളിലൊന്നില്‍ കെട്ടിയിട്ടു.

അയാളുടെ അരികില്‍ കൂടെ നടന്നു പോകുമ്പോഴെല്ലാം നബി -ﷺ- ചോദിക്കും: എന്താണ് നിന്റെ പക്കലുള്ളത് ഥുമാമ?!

അയാള്‍ പറയും: നല്ലത് തന്നെ മുഹമ്മദ്! നിനക്ക് സമ്പാദ്യമാണ് വേണ്ടതെങ്കില്‍ അത് നീ എടുത്തു കൊള്ളുക. നീ എന്നോട് ക്ഷമിക്കുകയാണെങ്കില്‍, നന്ദിയുള്ള ഒരുവനോടായിരിക്കും നീ ക്ഷമിക്കുന്നത്.

നബി -ﷺ- ഥുമാമയെ കാണുമ്പോഴെല്ലാം ഇപ്രകാരം ചോദിച്ചു കൊണ്ടിരുന്നു. ഥുമാമ മേല്‍ പറഞ്ഞ മറുപടിയും ആവര്‍ത്തിക്കും. അവസാനം നബി -ﷺ- ഥുമാമയെ വിട്ടയക്കാന്‍ പറഞ്ഞു. അവര്‍ അയാളെ വെറുതെ വിട്ടു. ഥുമാമ മസ്ജിദിന് തൊട്ടടുത്തുള്ള ഒരു ഈത്തപ്പനയുടെ അടുക്കല്‍ പോയി വുദുവെടുത്തു. എന്നിട്ട് നബി -ﷺ- യുടെ അടുക്കല്‍ വന്നു പറഞ്ഞു:

“അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.” (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി ഒന്നുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.)

അല്ലാഹു സത്യം! നിന്നെക്കാള്‍ എനിക്ക് വെറുപ്പുണ്ടായിരുന്ന മറ്റൊരാളും ഭൂമിയുടെ മുകളിലില്ലായിരുന്നു. നിന്റെ മുഖത്തെക്കാള്‍ ഞാന്‍ വെറുത്തിരുന്ന മറ്റൊരു മുഖവുമില്ലായിരുന്നു. നിന്റെ ദീനിനെക്കാള്‍ എനിക്ക് വെറുപ്പുണ്ടായിരുന്ന മറ്റൊരു ദീനുമില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ -അല്ലാഹു സത്യം-! അങ്ങാണ് അല്ലാഹുവിന്റെ റസൂലേ! ജനങ്ങളില്‍ എനിക്കേറ്റവും പ്രിയമുള്ളവന്‍. അങ്ങയുടെ ദീനാണ് എനിക്ക് ഏറ്റവും പ്രിയങ്കരമായ ദീന്‍!”

നബി -ﷺ- അയാളോട് നല്ല രൂപത്തില്‍ പെരുമാറി. കാരണം, അയാള്‍ മുസ്‌ലിമീങ്ങളുടെ സംരക്ഷണത്തിലായിരുന്നു. അവരുടെ തടവുകാരനായിരുന്നു. അയാളോട് അവിടുന്ന് അതിക്രമം കാണിച്ചില്ല. അതയാള്‍ ഇസ്‌ലാമിലേക്ക് വരാനുള്ള കാരണമായി തീര്‍ന്നു.

പിന്നീട് യമാമയുടെ ഭരണാധികാരിയായ ഥുമാമ മക്കയിലെ മുശ്രിക്കുകളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ കാരണമായി തീര്‍ന്നു അത്. മക്കക്കാര്‍ യമാമയില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങിച്ചിരുന്നു. എന്നാല്‍ ഥുമാമ മുസ്‌ലിമായതോടെ യമാമ മക്കക്കാര്‍ക്ക് ധാന്യം നല്‍കുന്നത് അവസാനിപ്പിച്ചു. നബി -ﷺ- തന്റെ തടവുകാരനോട് നല്ല രൂപത്തില്‍ പെരുമാറിയതിന്റെ ഫലമായിരുന്നു ഇത്.

സച്ചരിതരെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു -تَعَالَى- പറഞ്ഞു:

«وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا»

“ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും.” (ഇന്‍സാന്‍: 8)

തടവുകാരോട് നല്ല രൂപത്തില്‍ പെരുമാറുക എന്നത് സച്ചരിതരുടെ വിശേഷണമായാണ് അല്ലാഹു -تَعَالَى- അറിയിച്ചത്. ഇതെല്ലാം അനേകം പേര്‍ ഇസ്‌ലാമിലേക്ക് വരാനുള്ള കാരണങ്ങളിലൊന്നാണ്.

ചുരുക്കത്തില്‍, കാഫിറുകള്‍ നമ്മുടെ സംരക്ഷണത്തില്‍, നമുക്കിടയിലാണ് ജീവിക്കുന്നതെങ്കില്‍ അവരോട് അതിക്രമം കാണിക്കുക എന്നത് ആര്‍ക്കും അനുവദനീയമല്ല. ആരെങ്കിലും അവരോട് അതിക്രമം കാണിച്ചാല്‍ അവന്‍ അല്ലാഹുവിനെയും റസൂലിനെയും ധിക്കരിച്ചിരിക്കുന്നു. അവന്‍ ശിക്ഷക്ക് അര്‍ഹനുമാണ്; കാരണം അവന്‍ ഇസ്‌ലാമിനോടാണ് തിന്മ ചെയ്തിരിക്കുന്നത്. അതിന്റെ സുന്ദരമായ മുഖമാണ് അവന്‍ വികൃതമാക്കിയിരിക്കുന്നത്.

ഇത് പോലെ, കാഫിറുകളുമായി അനുവദിക്കപ്പെട്ട, കച്ചവടം പോലുള്ള കാര്യങ്ങളിലും നമുക്ക് ഇടപെടാം. അവരുടെ കച്ചവടച്ചരക്കുകളും ആയുധങ്ങളും ഇറക്കുമതി ചെയ്യാം. (ഭൗതിക വിഷയങ്ങളിലുള്ള) അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താം. ഇതെല്ലാം അല്ലാഹു അനുവദിച്ച കാര്യങ്ങളാണ്. ഇതിലെല്ലാം മുസ്‌ലിംകള്‍ക്ക് ശക്തി ലഭിക്കാനുള്ള വഴികളുമുണ്ട്.

നബി -ﷺ- യുടെ കാലഘട്ടത്തില്‍ മുസ്‌ലിമീങ്ങള്‍ കാഫിറുകളുമായി കച്ചവടത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. അവരില്‍ നിന്ന് കച്ചവടച്ചരക്കുകള്‍ വാങ്ങുകയും, അവര്‍ക്ക് വില്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതെല്ലാം ജനങ്ങള്‍ തമ്മിലുള്ള പരസ്പര സഹായങ്ങളില്‍ പെട്ടതാണ്.

അതോടൊപ്പം (ഭൗതിക വിഷയങ്ങളില്‍) നൈപുണ്യമുള്ളവരില്‍ നിന്ന് നമുക്ക് അത് പഠിച്ചെടുക്കാനും അനുവാദമുണ്ട്. കാരണം, നബി -ﷺ- മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തപ്പോള്‍ കാഫിറുകളില്‍ പെട്ട അബ്ദുല്ലാഹിബ്നു ഉറയ്ഖത്വിനെയാണ് വഴികാട്ടിയായി നിയമിച്ചത്. അയാള്‍ ഒരു വഴികാട്ടിയും അതില്‍ വളരെ നൈപുണ്യമുള്ളവനുമായിരുന്നു. അയാളുടെ ഈ കഴിവ് നബി -ﷺ- ഉപയോഗപ്പെടുത്തി. അയാള്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കി.

ഈ പറഞ്ഞതെല്ലാം മുസ്‌ലിമീങ്ങള്‍ക്ക് ഉപകാരമുള്ള കാര്യങ്ങളില്‍ പെട്ടതാണ്. മാത്രമല്ല, കാഫിറുകള്‍ക്ക് ഇസ്‌ലാമില്‍ താല്‍പര്യമുണ്ടാകാനും, ഈ അത്ഭുതകരമായ സ്വഭാവഗുണങ്ങള്‍ കണ്ട് അതിനോട് അടുക്കാനും അതവര്‍ക്ക് വഴിയുണ്ടാക്കുകയും ചെയ്യും.

ചുരുക്കത്തില്‍, ഇസ്‌ലാം മതം പ്രബോധനത്തിന്റെയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെയും മതമാണ്. അത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ, അഭയം തേടിവന്നവരും, കരാറിലേര്‍പ്പെട്ടവരുമായ സാധാരണ ജനങ്ങളോടുള്ള ശത്രുതയുടെയും അനീതിയുടെയും അടിസ്ഥാനത്തിലാകരുത്. അവരെ വഞ്ചിച്ചും, അവര്‍ക്കിടയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കി കൊണ്ടുമാകരുത്. ഇതൊന്നും ഇസ്‌ലാമില്‍ പെട്ടതോ, ഇസ്‌ലാമിന്റെ സ്വഭാവങ്ങളില്‍ പെട്ടതോ അല്ല. മറിച്ച്, തിന്മയുടെയും വഞ്ചനയുടെയും വക്താക്കളാണ് ഇപ്രകാരം ചെയ്യുക. അത് മുസ്‌ലിംകളുടെ സ്വഭാവവുമല്ല.

ഈ പറഞ്ഞ ഗൗരവമുള്ള വിഷയങ്ങള്‍ ശ്രദ്ധിക്കാന്‍ നാം തയ്യാറാകണം. കാഫിറുകളുമായുള്ള മുസ്‌ലിമീങ്ങളുടെ ഇടപഴകല്‍ എപ്രകാരമായിരിക്കണമെന്നത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്നും നാം മനസ്സിലാക്കണം.

കാഫിറുകളോടുള്ള പെരുമാറ്റത്തില്‍ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം. അവര്‍ നമ്മുടെ സംരക്ഷണത്തില്‍ കഴിയുന്ന ‘ദിമ്മികളോ’, നമ്മുടെ നാട്ടില്‍ താമസിക്കുന്ന കരാറിലേര്‍പ്പെട്ട ‘മുആഹിദീങ്ങളോ’ ആണെങ്കില്‍ അവര്‍ക്ക് അവരുടെ ആരാധനാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. പക്ഷേ, അത് അവര്‍ക്കിടയില്‍ രഹസ്യമായി മാത്രമേ അനുവദിക്കാവൂ. ജനങ്ങള്‍ക്കിടയില്‍ അത് പരസ്യമായി അനുഷ്ഠിക്കാന്‍ പറ്റില്ല. അവര്‍ക്ക് അവരുടെ വീടുകളിലോ, അവര്‍ക്ക് മാത്രം പ്രത്യേകമായ സ്ഥലങ്ങളിലോ അവ ചെയ്യാം. എന്നാല്‍ മുസ്‌ലിമീങ്ങളുടെ നാട്ടില്‍ അവരുടെ ആരാധനാകര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുക എന്നതാകട്ടെ; അത് അനുവദനീയവുമല്ല. അതിനുള്ള അവകാശം അവര്‍ക്കില്ല താനും.

അവസാനമായി പറയട്ടെ; കാഫിറുകളുമായി മുസ്‌ലിമീങ്ങളുടെ ഇടപെടല്‍ എപ്രകാരമായിരിക്കണമെന്ന വിഷയം അനേകം ഭാഗങ്ങളുള്ളതാണ്. അവയിലെല്ലാം ധാരാളം വിധിവിലക്കുകളുമുണ്ട്. ഖുര്‍ആനിലും സുന്നത്തിലും നബി -ﷺ-യുടെ സീറതിലും (ജീവചരിത്രം) ഈ വിഷയകമായി ധാരാളം അടിസ്ഥാനങ്ങളും നമുക്ക് കാണാന്‍ കഴിയും.

ആര്‍ക്കെങ്കിലും അവ മനസ്സിലാക്കണമെങ്കില്‍ വിശ്വസനീയരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങള്‍ അവന്‍ വായിക്കട്ടെ. ഉദാഹരണത്തിന്; ‘അഹ്കാമു അഹ്ലിദ്ദിമ്മ’ എന്ന ഇബ്‌നുല്‍ ഖയ്യിമിന്റെ ഗ്രന്ഥം. പക്ഷേ, ഇവക്കെല്ലാം മുന്‍പ് ഖുര്‍ആനും സുന്നത്തും നബി -ﷺ- യുടെ സീറതുമാണ് നമ്മുടെ അവലംബങ്ങള്‍.

അപ്പോഴാണ് ഈ വിഷയത്തില്‍ ഓരോ മുസ്‌ലിമും വ്യക്തമായ് ഉള്‍ക്കാഴ്ച്ചയോടെ മുന്നോട്ടു പോകാന്‍ കഴിയൂ. കാരണം, ഈ വിഷയം ഇന്ന് മുസ്‌ലിമീങ്ങളില്‍ പലര്‍ക്കും അവ്യക്തമായിരിക്കുന്നു. അതിരു കവിഞ്ഞ ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത് ഇസ്‌ലാം ശത്രുതയുടെയും, കരാര്‍ ലംഘനത്തിന്റെയും മതമാണെന്നാണ്. കാഫിറിന്റെ വിധി അവന്‍ കൊല്ലപ്പെടുക എന്നതാണെന്നാണ്. ഇസ്‌ലാമികമായ മര്യാദകളൊന്നും പാലിക്കപ്പെടാതെ അവന്റെ സമ്പാദ്യം മോഷ്ടിക്കാമെന്നും, രക്തം ചൊരിയാമെന്നും ധരിച്ചു വെച്ചിരിക്കുകയാണവര്‍.

(ഇസ്‌ലാമിക) ഭരണാധികാരികളിലേക്കോ, പണ്ഡിതന്മാരിലേക്കോ മടങ്ങാതെ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മുസ്‌ലിമീങ്ങളെ തിന്മകളില്‍ വീഴ്ത്തിയിരിക്കുന്നു. അതിനാല്‍, കാഫിറുകള്‍ക്ക് മുസ്‌ലിമീങ്ങളുടെ മേല്‍ അധികാരം ലഭിച്ചിരിക്കുന്നു. ഇന്ന് എല്ലാ മുസ്‌ലിമിനെയും ‘തീവ്രവാദി’ എന്ന് വിശേഷിപ്പിക്കുന്നതിലേക്കാണ് ഇത് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. മുസ്‌ലിമീങ്ങളിലെ വിഡ്ഢികളായ ചിലരുടെ എടുത്തുചാട്ടങ്ങളാണ് ഇവക്കെല്ലാം കാരണം.

അതിനാല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമായിട്ടുള്ളത് അല്ലാഹുവിനെ സൂക്ഷിക്കുക എന്നതും, നമ്മുടെ ദീനിലേക്ക് ശരിയായ രൂപത്തില്‍ മടങ്ങലുമാണ്. നാം നമ്മുടെ പണ്ഡിതന്മാരോട് ചോദിക്കുകയും, അവരിലേക്ക് മടങ്ങുകയും ചെയ്യണം.

«وَإِذَا جَاءَهُمْ أَمْرٌ مِنَ الْأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الْأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لَاتَّبَعْتُمُ الشَّيْطَانَ إِلَّا قَلِيلًا»

“സമാധാനവുമായോ ( യുദ്ധ ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.” (നിസാഅ്: 83)

അല്ലാഹു നമ്മെയും നിങ്ങളെയും എല്ലാ മുസ്‌ലിമീങ്ങളെയും അവന് തൃപ്തികരമായതിലേക്ക് നയിക്കട്ടെ.

നമുക്കെല്ലാം ഉപകാരപ്രദമായ ഇല്‍മിലേക്കും, നല്ല അമലിലേക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

كَتَبَهُ: العَلَّامَةُ الشَّيْخُ صَالِحُ بْنُ فَوْزَان الفَوْزَان -حَفِظَهُ اللَّهُ-

الكِتَابُ: «أَحْكَامُ التَّعَامُلِ مَعَ غَيْرِ المُسْلِمِينَ»

تَرْجَمَهُ: عَبْدُ المُحْسِنِ بْنُ سَيِّد عَلِي عَيْدِيد -غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment