copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:

أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«لَيْسَ الغِنَى عَنْ كَثْرَةِ العَرَضِ، وَلَكِنَّ الغِنَى غِنَى النَّفْسِ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“ധന്യതയെന്നാല്‍ വിഭവങ്ങളുടെ ധാരാളിത്തമല്ല. മറിച്ച്, (യഥാര്‍ഥ) ധന്യത മനസ്സിന്റെ ധന്യതയാണ്.”


പദാനുപദ അര്‍ഥം

لَيْسَ          :    അല്ല

الغِنَى         :   ധന്യത

كَثْرَةِ          :   ധാരാളിത്തം

العَرَضِ      :   വിഭവം/സമ്പത്ത്

لَكِنَّ        :    മറിച്ച്

النَّفْسِ       :   മനസ്സ്


തഖ് രീജ്

ബുഖാരി: 6446 (യഥാര്‍ഥ ധന്യത മനസ്സിന്റെ ധന്യതയാണെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 1051 (വിഭവങ്ങളുടെ ആധിക്യമല്ല ധന്യതയെന്ന് അറിയിക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- സമാനമായ ഹദീഥ്:

عَنْ أَبِي ذَرٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «يَا أَبَا ذَرٍّ أَتَرَى كَثْرَةَ الْمَالِ هُوَ الْغِنَى؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «فَتَرَى قِلَّةَ الْمَالِ هُوَ الْفَقْرُ؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «إِنَّمَا الْغِنَى غِنَى الْقَلْبِ، وَالْفَقْرُ فَقْرُ الْقَلْبِ»، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ قُرَيْشٍ، فقَالَ: «هَلْ تَعْرِفُ فُلاَنًا؟» قُلْتُ: نَعَمْ يَا رَسُولَ اللَّهِ، قَالَ: «فَكَيْفَ تَرَاهُ وَتَرَاهُ؟» قُلْتُ: إِذَا سَأَلَ أُعْطِيَ، وَإِذَا حَضَرَ أُدْخِلَ، ثُمَّ سَأَلَنِي عَنْ رَجُلٍ مِنْ أَهْلِ الصُّفَّةِ، فقَالَ: «هَلْ تَعْرِفُ فُلاَنًا؟» قُلْتُ: لاَ وَاللَّهِ مَا أَعْرِفُهُ يَا رَسُولَ اللَّهِ، قَالَ: فَمَا زَالَ يُحَلِّيهِ وَيَنْعَتُهُ حَتَّى عَرَفْتُهُ، فَقُلْتُ: قَدْ عَرَفْتُهُ يَا رَسُولَ اللَّهِ، قَالَ: «فَكَيْفَ تَرَاهُ أَوْ تَرَاهُ؟» قُلْتُ: رَجُلٌ مِسْكِينٌ مِنْ أَهْلِ الصُّفَّةِ، فقَالَ: «هُوَ خَيْرٌ مِنْ طِلاَعِ الأَرْضِ مِنَ الْآخَرِ»

അബൂ ദര്‍റ് അല്‍-ഗിഫ്ഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഹേ അബൂ ദര്‍! ധാരാളം പണമുണ്ടാവുക എന്നത് ധന്യതയായി നീ മനസ്സിലാക്കുന്നുണ്ടോ?” ഞാന്‍ (അബൂദര്‍) പറഞ്ഞു: “അതെ! അല്ലാഹുവിന്റെ റസൂലേ!”

അവിടുന്ന് പറഞ്ഞു: “അപ്പോള്‍ പണം കുറയുക എന്നത് നീ ദാരിദ്യമായി കാണുന്നുണ്ടോ?” ഞാന്‍ പറഞ്ഞു: “അതെ! അല്ലാഹുവിന്റെ റസൂലേ!”

നബി -ﷺ- പറഞ്ഞു: “ധന്യതയെന്നാല്‍ മനസ്സിന്റെ ധന്യത മാത്രമാണ്. ദാരിദ്ര്യമെന്നാല്‍ ഹൃദയത്തിന്റെ ദാരിദ്യവും.”

പിന്നീട് അവിടുന്ന് ഖുറൈഷികളില്‍ പെട്ട ഒരാളെ കുറിച്ച് എന്നോട് ചോദിച്ചു: “ഇന്നയാളെ നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “അതെ! അല്ലാഹുവിന്റെ റസൂലേ!”

അവിടുന്ന് ചോദിച്ചു: “എന്താണ് അയാളെ കുറിച്ച് നിന്റെ അഭിപ്രായം?” ഞാന്‍ പറഞ്ഞു: “അയാള്‍ (ആരോടെങ്കിലും എന്തെങ്കിലും) ചോദിച്ചാല്‍ അയാള്‍ക്കത് ലഭിക്കും. (ഏതെങ്കിലും സ്ഥലത്ത്) അയാള്‍ എത്തിച്ചേര്‍ന്നാല്‍ (അയാള്‍ക്ക്) പ്രവേശിക്കാന്‍ അനുമതി ലഭിക്കും.”

പിന്നീട് അഹ്ലുസ്സ്വുഫ്ഫയില്‍ പെട്ട (ദരിദ്രരായിരുന്ന, മസ്ജിദുന്നബവിയില്‍ ജീവിച്ചിരുന്ന സ്വഹാബികളില്‍) ഒരാളെ കുറിച്ച് എന്നോട് അവിടുന്ന് ചോദിച്ചു: “ഇന്നയാളെ നിനക്ക് അറിയുമോ?” ഞാന്‍ പറഞ്ഞു: “ഇല്ല! അല്ലാഹു സത്യം! അല്ലാഹുവിന്റെ റസൂലേ! അയാളെ എനിക്കറിയില്ല.”

അപ്പോള്‍ നബി -ﷺ- അയാളുടെ അടയാളങ്ങള്‍ പറയുകയും, വിശേഷണങ്ങള്‍ എന്നെ കേള്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ എനിക്ക് അയാളെ മനസ്സിലായി. ഞാന്‍ പറഞ്ഞു: “അയാളെ എനിക്ക് മനസ്സിലായി; അല്ലാഹുവിന്റെ റസൂലേ!”

അവിടുന്ന് ചോദിച്ചു: “അയാളെ കുറിച്ച് എന്താണ് നീ മനസ്സിലാക്കുന്നത്?” ഞാന്‍ പറഞ്ഞു: “അഹ്ലുസ്സ്വുഫ്ഫയില്‍ പെട്ട ഒരു ദരിദ്രനായ മനുഷ്യന്‍.”

നബി -ﷺ- പറഞ്ഞു: “എന്നാല്‍ അവനാണ് (ദരിദ്രന്‍) ഭൂമി നിറയെ മറ്റുള്ളവനെക്കാള്‍ നന്മയിലുള്ളത്.” (സ്വഹീഹ് ഇബ്നി ഹിബ്ബാന്‍: 685)

2- ഹദീഥിന്റെ ആശയം:

അല്ലാഹുവിന് തൃപ്തികരമായ ധന്യത ധാരാളം സമ്പാദിക്കുന്നതിലല്ല. അനേകം പണമുണ്ടാകുന്നതിലുമല്ല. അതൊന്നും ശരിയായ വിജയമോ, അതിന്റെ അടയാളങ്ങളോ അല്ല.

മറിച്ച്, യഥാര്‍ഥ വിജയമുണ്ടാകുന്നത്; ഒരാള്‍ ശരിയായ ധനികനാകുന്നത്; തന്റെ കയ്യിലുള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ കഴിയുമ്പോഴാണ്. അവന്റെ മനസ്സ് അതില്‍ സംപ്തൃപ്തമാണ്.

ജനങ്ങളുടെ പക്കലുള്ള ആഢംബരങ്ങളിലും ആഘോഷങ്ങളിലും അവന്റെ കണ്ണെത്തുന്നില്ല. അതവന്റെ മനസ്സിന്റെ അസ്വസ്ഥമാക്കുന്നുമില്ല.

എത്രയോ ധനികര്‍! ഇട്ടുമൂടാനുള്ള പണം അവരുടെ കൈകളിലുണ്ട്. അവര്‍ക്ക് ശേഷം അനേകം തലമുറകളെ നിലനിര്‍ത്താന്‍ മാത്രം അവന്‍ സമ്പാദിച്ചിട്ടുമുണ്ട്. എന്നാലും അവന്റെ ആര്‍ത്തി നശിച്ചിട്ടില്ല. സമ്പത്തിനോടുള്ള പ്രിയവും താല്‍പര്യവും നീങ്ങിയിട്ടില്ല.

എത്ര ദരിദ്രമാണ് ഇയാളുടെ മനസ്സ്!

എന്തസ്വസ്ഥമാണ് അവന്റെ ചിന്തകള്‍!

എന്നാല്‍ എത്രയോ ദരിദ്രര്‍! അവരില്‍ പലര്‍ക്കും കയറിക്കിടക്കാനൊരു വീടു പോലുമില്ല. അടുത്ത നേരം ഭക്ഷണം വാങ്ങാനുള്ള പണം പോലും ചിലപ്പോള്‍ അവന്റെ കയ്യിലുണ്ടായി കൊള്ളണമെന്നില്ല. എങ്കിലും, അവന്റെ ജീവിതത്തില്‍ സ്വസ്ഥതയുണ്ട്. അന്യന്റെ ആഢംബരങ്ങളിലേക്ക് എത്തിനോക്കാതിരിക്കാന്‍ കഴിയുന്ന അഭിമാനമുണ്ട്. സമാധാനവും സ്വസ്ഥതയുമുണ്ട്.

എന്തു ധന്യമാണ് അവന്റെ മനസ്സ്!

എത്ര സ്വസ്ഥമാണ് അവന്റെ ജീവിതം?!

3- ‘സുഖകരമായ ജീവിതം’

പലരുടെയും അടുക്കല്‍ വലിയ വീടും, എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സമ്പത്തും, കോടികള്‍ വിലമതിക്കുന്ന വാഹനങ്ങളും മറ്റുമൊക്കെയാണ് ‘സുഖകരമായ ജീവിത’മെന്നതിന്റെ അര്‍ഥം. ചെറുപ്രായം മുതല്‍ കുട്ടികളില്‍ പലരും കേട്ടു വളരുന്നതും ഈ വിശദീകരണം തന്നെ.

എന്നാല്‍ യഥാര്‍ഥ വിജയം എന്താണെന്ന സുന്ദരമായ വിശദീകരണമാണ് നബി -ﷺ- യുടെ ഈ ഹദീഥ്. കോടികള്‍ക്ക് വേണ്ടി മത്സരിക്കുന്ന ‘ധനികരായ യാചകരെ’ അവിടുന്ന് ഈ ഹദീഥില്‍ പരിചയപ്പെടുത്തിയിരിക്കുന്നു. എന്നാല്‍; കയ്യിലധികമൊന്നുമില്ലെങ്കിലും ഹൃദയം നിറഞ്ഞിരിക്കുന്ന ‘ദരിദ്രരായ ധനികരെയും’ അവിടുന്ന് കാണിച്ചു തന്നിരിക്കുന്നു.

‘സുഖകരമായ ജീവിതം’; അതിതല്ലാതെ മറ്റെന്താണ്? അല്ലാഹു -تَعَالَى- വിവരിച്ചതു പോലെ:

مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ

“ഏതൊരു ആണോ പെണ്ണോ മുഅമിനായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്ല ജീവിതം നല്‍കുന്നതാണ്‌.” (നഹ്ല്‍: 97)

ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഹയാതുന്‍ ത്വയ്യിബഃ’ -സുഖജീവിതം- പണവും സമ്പത്തുമല്ലെന്ന സൂചന ഈ ഹദീഥ് ഉള്‍ക്കൊള്ളുന്നു.

4- മാനസിക ധന്യത; നബി-ﷺ-യുടെ മാതൃക:

നബി -ﷺ- മക്കയിലായിരിക്കെയാണ് അല്ലാഹു -تَعَالَى- സൂറ. ദ്വുഹ അവതരിച്ചത്. നബി -ﷺ- യോടായി അല്ലാഹു -تَعَالَى- പറഞ്ഞു:

وَوَجَدَكَ عَائِلًا فَأَغْنَىٰ ﴿٨﴾

“നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ധന്യത നല്‍കുകയും ചെയ്തിരിക്കുന്നു.” (ദ്വുഹാ: 8)

ദാരിദ്യവും പ്രയാസങ്ങളും നിറഞ്ഞു നില്‍ക്കെയാണ് അല്ലാഹു -تَعَالَى- നബി -ﷺ- ക്ക് ധന്യത നല്‍കിയിട്ടുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയത്. ഇതിന്റെ ഉദ്ദേശം മാനസിക ധന്യതയാണെന്നതില്‍ സംശയമില്ല.

മരണം വരെ നബി -ﷺ- യും അവിടുത്തെ കുടുംബവും മൂന്ന് ദിവസം തുടര്‍ച്ചയായി വയറു നിറച്ചു ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ആഇഷ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥില്‍ വന്നിട്ടുണ്ട്.

മദീനയുടെ ഭരണാധികാരിയായിരിക്കെ പോലും അവിടുത്തെ ജീവിതം വളരെ ലളിതമായിരുന്നു. ഈന്തപ്പനയോല കൊണ്ടുണ്ടാക്കിയ വിരിപ്പില്‍ കിടന്ന് നബി -ﷺ- യുടെ ശരീരത്തില്‍ അടയാളങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഹദീഥില്‍ വന്നത് പ്രസിദ്ധമാണ്. അവിടുത്തെ ഈ അവസ്ഥ കണ്ട സ്വഹാബികളില്‍ ചിലര്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! അങ്ങേക്ക് ഞങ്ങളൊരു നല്ല വിരിപ്പുണ്ടാക്കി നല്‍കട്ടെ?!”

«مَا لِي وَلِلدُّنْيَا، مَا أَنَا فِي الدُّنْيَا إِلاَّ كَرَاكِبٍ اسْتَظَلَّ تَحْتَ شَجَرَةٍ ثُمَّ رَاحَ وَتَرَكَهَا»

അവിടുത്തെ മറുപടി: “എനിക്കും ദുനിയാവിനും തമ്മില്‍ എന്തു ബന്ധമാണുള്ളത്. ഒരു മരത്തണലില്‍ കുറച്ചു നേരം തണല്‍ കൊണ്ടിരിക്കുന്ന ഒരു യാത്രക്കാരനെ പോലെ മാത്രമാണ് ദുനിയാവില്‍ ഞാനുള്ളത്.” (തിര്‍മിദി: 2377)

മരണപ്പെടുമ്പോള്‍ -മക്കയുടെയും മദീനയുടെയും ഭരണാധികാരി ആയിരിക്കെ, സ്വഹാബികള്‍ ജീവനെക്കാള്‍ സ്നേഹിച്ച അവരുടെ നേതാവായിരിക്കെ, അല്ലാഹുവിന്റെ റസൂലും ഖലീലുമായിരിക്കെ- അവിടുന്ന് വിട പറഞ്ഞു പോകവെ; അദ്ദേഹത്തിന്റെ പടയങ്കി യഹൂദന്റെ കയ്യില്‍ പണയത്തിലായിരുന്നു.

എന്നാല്‍ എത്ര ശാന്തമായിരുന്നു അവിടുത്തെ മനസ്സ്! എന്തു മാത്രം വലിയ ധന്യമായിരുന്നു അവിടുത്തെ ഹൃദയം!

അതിനെക്കാള്‍ വലിയ വിജയമെന്തുണ്ട്?!

5- എങ്ങനെ മാനസിക ധന്യത കൈവരിക്കാം?

1- അല്ലാഹുവിലുള്ള വിശ്വാസം ശക്തമാക്കുക. അവനിലുള്ള വിശ്വാസം ശക്തമാകുന്തോറും മനസ്സിന്റെ വിശാലത വര്‍ദ്ധിക്കും. ദുനിയാവിനോടുള്ള താല്‍പര്യം കുറയുകയും, അല്ലാഹുവിനെ കണ്ടു മുട്ടാനുള്ള തയ്യാറെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവന് കഴിയുകയും ചെയ്യും.

2- അല്ലാഹു വിധിച്ചതല്ലാതെ നിനക്ക് നേടാന്‍ കഴിയില്ല എന്ന വിശ്വാസം എപ്പോഴുമുണ്ടായിരിക്കുക. ഖുര്‍ആനിലെ നാല് ആയത്തുകള്‍ അതിന് സഹായകമാണെന്ന് സലഫുകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. ഫാത്വിര്‍: 35, യൂനുസ്: 107, ഹൂദ്: 6, ത്വലാഖ്: 7; ഇവയാണവ.

3- ദുനിയാവിന്റെ നിസ്സാരത വ്യക്തമാക്കുന്ന ആയത്തുകള്‍ പാരായണം ചെയ്യുകയും അതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുക. ഹദീദ്: 20, ആലു ഇംറാന്‍: 14, കഹ്ഫ്: 45, യൂനുസ്: 24; എന്നിവ ഈ വിഷയത്തില്‍ വന്ന ചില ആയത്തുകളാണ്.

4- ജനങ്ങള്‍ക്ക് സമ്പാദ്യം വീതിച്ചു നല്‍കുന്നവന്‍ അല്ലാഹുവാണെന്ന ബോധ്യമുണ്ടായിരിക്കുക. എനിക്ക് ലഭിക്കാതെ പോയത് മറ്റൊരുത്തന് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ വീതം വെപ്പാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്നു; അല്ലാത്തവര്‍ക്ക് നല്‍കാതെ പിടിച്ചു വെക്കുന്നു.

5- പ്രാര്‍ത്ഥന. ഹൃദയ വിശാലതയും ധന്യതയും അല്ലാഹുവില്‍ നിന്നാണ്. അത് വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ അവനോട് തന്നെ ചോദിക്കുക; ആവര്‍ത്തിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക. നബി -ﷺ- യില്‍ നിന്ന് വന്ന ഒരു പ്രാര്‍ഥന ഇതാ:

«اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ»

“അല്ലാഹുവേ! നിന്റെ ഹറാമുകളില്‍ നിന്ന് ഹലാലുകള്‍ കൊണ്ട് എനിക്ക് മതിയാക്കേണമേ! നിന്റെ ഔദാര്യം കൊണ്ട് നിനക്ക് പുറമെയുള്ളവരില്‍ നിന്ന് എനിക്ക് ധന്യത നല്‍കേണമേ!”

6- ഐഹിക ജീവിതത്തിന്റെ കാര്യത്തില്‍ നിന്നെക്കാള്‍ താഴെയുള്ളവരെ നോക്കുക. നിന്റെ മനസ്സിന് അത് ധന്യത നല്‍കും. നിന്റെ മുകളിലുള്ള, നിന്നെക്കാള്‍ സമ്പത്തുള്ളവരിലേക്ക് നോക്കാതിരിക്കുക.

നീ രോഗിയാണെങ്കില്‍ നിന്നെക്കാള്‍ രോഗമുള്ളവര്‍ ജനങ്ങളിലുണ്ട്. നീ ദരിദ്രനാണെങ്കില്‍ നിന്നെക്കാള്‍ ദാരിദ്യമുള്ളവരുമുണ്ട്. ഇങ്ങനെ ഏതു കാര്യത്തിലും നിനക്കത് കണ്ടെത്താന്‍ കഴിയാതിരിക്കില്ല.

6- ശരിയായ ഫഖീര്‍!

ദുനിയാവിന് വേണ്ടി ആഖിറതിനെ വില്‍ക്കുന്ന എത്ര പേരാണുള്ളത്. എന്നാല്‍ ദുനിയാവിന്റെ പിന്നിലുള്ള ഓട്ടം അവനെന്താണ് നല്‍കിയത്?! ദുനിയാവിനോടുള്ള കടുത്ത സ്നേഹം -യഥാര്‍ഥത്തില്‍- ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ മുഴുവന്‍ പ്രയാസത്തിലാക്കുകയാണ് ചെയ്യുന്നത്:

ജനിച്ചതു വീണതു മുതല്‍ അവന്‍ പണം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ക്ഷീണവും പ്രയാസവും ബുദ്ധിമുട്ടുകളുമല്ലാതെ അതിന്റെ വഴിയില്‍ അവന്‍ നേരിട്ടിട്ടില്ല. പലരുടെയും ആക്ഷേപങ്ങള്‍ കേട്ടു. അടിമയെ പോലെ പണിയെടുത്തു. ജനങ്ങളോട് എതിരിട്ടു. പലരെയും ശത്രുക്കളാക്കി. നേടിയെടുത്ത സമ്പത്തിന് പട്ടിയെ പോലെ കാവലിരുന്നു. തട്ടിയെടുക്കാന്‍ വന്നവരോട് കുരച്ചു. കൂടുതല്‍ തരുന്നവരോട് നായയെ പോലെ വാലാട്ടി.

പലതും നേടിയെടുത്തെന്ന അഹങ്കാരത്തില്‍ നില്‍ക്കവെ; ഇനിയും നേടിയെടുക്കണമെന്ന പ്രതീക്ഷകള്‍ വളര്‍ത്തവെ; തളരാതെ മുന്നോട്ട് കുതിക്കാന്‍ തുനിയവെ; മരണം അവനെ പിടികൂടി. ഇത്രയും കാലം വിയര്‍ത്തു നേടിയതെല്ലാം അവന്റെ കയ്യില്‍ നിന്ന് വീണുടഞ്ഞു. ആരെല്ലാമോ അതെല്ലാം നേടിയെടുത്തു.

ഖബറില്‍; അതിന്റെ ഇരുട്ടില്‍ താനേറെ സ്നേഹിച്ച ദുനിയാവിനെ വിട്ടു പിരിഞ്ഞ വിഷമത്തിലും സങ്കടത്തിലുമായിരിക്കും അവന്‍. ഇനിയൊരിക്കലും താന്‍ നേടിയെടുത്തതൊന്നും അവന് അനുഭവിക്കാനാവില്ല. തനിക്ക് പ്രിയങ്കരമായതെല്ലാം അവന് നഷ്ടപ്പെട്ടു കഴിഞ്ഞു. ഏതൊരു മണ്ണിന് വേണ്ടിയാണോ അവനലഞ്ഞത്; അതവനെ ഭക്ഷിച്ചു കൊണ്ടിരിക്കുന്നു. അതിലെ പുഴുക്കളും ഇരുട്ടും അവനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്നു. കൂടെയിരിക്കാന്‍ പണമില്ല; ഒപ്പമുണ്ടായിരുന്നവരില്ല; എല്ലാം -എല്ലാവരും- പിരിഞ്ഞു പോയി.

ആഖിറതിലാകട്ടെ; അവന്റെ നഷ്ടം എത്ര കഠിനമാണ്! താന്‍ എന്തു വലിയ നഷ്ടത്തിലാണ് അകപ്പെട്ടതെന്ന് അവന് അവിടെ മനസ്സിലാകാതിരിക്കില്ല. ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗത്തിന് പകരമായി അവന് നല്‍കിയിരിക്കുന്നത് തുഛം ഏക്കറുകള്‍ വരുന്ന ഭൂമിയും, കുറച്ച് സമ്പത്തും, ചില സുഖങ്ങളും മാത്രം!  (അവലംബം: ഉദതുസ്സ്വാബിരീന്‍/ഇബ്‌നുല്‍ ഖയ്യിം: 189)

7- ദുനിയാവിനോടുള്ള സ്നേഹം വരുത്തി വെക്കുന്ന അപകടങ്ങള്‍:

1- ദുനിയാവിനോടുള്ള സ്നേഹം കുഫ്റിലേക്ക് എത്തിച്ചേക്കാം:

«يُصْبِحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، أَوْ يُمْسِي مُؤْمِنًا وَيُصْبِحُ كَافِرًا، يَبِيعُ دِينَهُ بِعَرَضٍ مِنَ الدُّنْيَا»

നബി -ﷺ- പറഞ്ഞു: “(ഫിത്ന/കുഴപ്പങ്ങള്‍ വന്നു കഴിഞ്ഞാല്‍) ഒരാള്‍ രാവിലെ മുഅ്മിനായിരിക്കും; വൈകുന്നേരം കാഫിറാകും. വൈകുന്നേരം മുഅ്മിനായിരിക്കും; രാവിലെ കാഫിറായിരിക്കും. ദുനിയാവിന്റെ തുഛമായ വിഭവങ്ങള്‍ക്ക് വേണ്ടി അവന്‍ തന്റെ ദീന്‍ വിറ്റുതുലക്കും.” (മുസ്‌ലിം: 118)

2- ദുനിയാവിനോടുള്ള സ്നേഹം ദീനില്‍ നിന്ന് അകറ്റും:

«مَنْ أَحَبَّ دُنْيَاهُ أَضَرَّ بِآخِرَتِهِ، وَمَنْ أَحَبَّ آخِرَتَهُ أَضَرَّ بِدُنْيَاهُ، فَآثِرُوا مَا يَبْقَى عَلَى مَا يَفْنَى»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും തന്റെ ദുനിയാവിനെ സ്നേഹിച്ചാല്‍; അവന്‍ തന്റെ ആഖിറതിനെ അപകടത്തിലാക്കും. ആരെങ്കിലും ആഖിറതിനെ സ്നേഹിച്ചാല്‍; അതവന്റെ ദുനിയാവിനെ ഉപദ്രവിക്കും. അതിനാല്‍ നിങ്ങള്‍ എന്നെന്നും നിലനില്‍ക്കുന്നതിന് നശിച്ചു പോകുന്നതിനെക്കാള്‍ പ്രാധാന്യം നല്‍കുക.” (അഹ്മദ്: 19198)

3- ദുനിയാവിനോടുള്ള സ്നേഹം അല്ലാഹുവിന്റെ ദീനില്‍ കള്ളം പറയാന്‍ പ്രേരിപ്പിക്കും:

ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: “പണ്ഡിതന്മാരില്‍ ദുനിയാവിനെ ആഖിറതെക്കാള്‍ സ്നേഹിക്കുന്ന ആരുണ്ടാകട്ടെ; അവര്‍ അല്ലാഹുവിന്റെ മേല്‍ കള്ളം പറയാതിരിക്കില്ല. കാരണം അല്ലാഹുവിന്റെ നിയമങ്ങള്‍ പലപ്പോഴും മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിരിക്കും.” (ഫവാഇദ്: 100)

ഇതല്ലാതെയും അനേകം ഉപദ്രവങ്ങള്‍ ദുനിയാവിനോടുള്ള സ്നേഹത്തില്‍ നിന്നുണ്ടാകും. ദൈര്‍ഘ്യം ഭയന്ന് ചുരുക്കട്ടെ.

8- സമ്പത്ത് കുറയുന്നത് ഒരു ന്യൂനതയല്ല!

പണം കുറയുക എന്നത് വലിയ ന്യൂനതയായും, ഒരാളുടെ ജീവിതത്തിലെ പരാജയമായും ഗണിക്കപ്പെടുന്ന സ്ഥിതിവിശേഷം ഇന്ന് ധാരാളമായുണ്ട്. പണമില്ലാത്തവനെ ചൂണ്ടി; അവനെ പോലെയൊന്നും ആക്കരുതേ എന്നും, പണമുള്ളവനെ നോക്കി; എനിക്കും അവനെ പോലെയാകാന്‍ കഴിഞ്ഞിരുന്നെങ്കിലുമെന്ന് ആഗ്രഹിക്കുന്ന എത്ര പേരാണുള്ളത്! ഇത് ഈ ഹദീഥിന്റെ ആശയത്തിന് വിരുദ്ധമാണ്.

പണമില്ലാതാവുക എന്നത് പരാജയമായിരുന്നെങ്കില്‍ ഏറ്റവും വലിയ പരാജിതരിലൊരാള്‍ നബി -ﷺ- യാകുമായിരുന്നു. അവിടുത്തെ സ്വഹാബികളില്‍ പലരും അക്കൂട്ടത്തില്‍ പെടുമായിരുന്നു. എത്രയോ സലഫുകള്‍ ഒരിക്കലും വിജയം രുചിക്കാത്തവരായിരുന്നെന്ന് ധരിക്കേണ്ടി വരുമായിരുന്നു.

9- കുട്ടികള്‍ പഠിക്കേണ്ടത്:

കുട്ടികള്‍ ചെറിയ പ്രായം മുതലേ കേട്ടു പഠിക്കുന്നത് പണവും സമ്പാദ്യവും ധാരാളമുണ്ടാക്കിയവരിലേക്ക് നോക്കി പഠിക്കണമെന്നും, അതാണ് ശരിയായ വിജയമെന്നുമാണ്. ഇന്ന് മനുഷ്യര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അനേകം തിന്മകള്‍ക്ക് കാരണം ചെറുപ്രായത്തിലേ കേള്‍ക്കുന്ന ഇത്തരം ഉപദേശങ്ങള്‍ തന്നെയാണ്.

പണമല്ല ദുനിയാവിലെ ഏറ്റവും വലിയ കാര്യമെന്ന ബോധ്യം കുട്ടികള്‍ക്ക് ശരിയാംവണ്ണം നല്‍കപ്പെട്ടില്ലെങ്കില്‍, മാതാപിതാക്കളില്‍ നിന്ന് ഈ പാഠം പഠിക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍; അവര്‍ പിന്നീടെവിടെയാണ് എത്തിച്ചേരുകയെന്നത് പറയാനാകില്ല.

നമ്മുടെ മക്കളില്‍ പണം കുറച്ചു കുറഞ്ഞു പോയാലും ഇസ്‌ലാമിന്റെ മര്യാദകളും മുസ്‌ലിമിന്റെ സ്വഭാവഗുണങ്ങളും അവനില്‍ നിന്ന് നഷ്ടപ്പെട്ടു പോയെങ്കില്‍ പിന്നെ എന്ത് ഉപകാരമാണുള്ളത്?!
അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

5 Comments

Leave a Comment