സകാതുല്‍ ഫിത്വര്‍ നല്‍കേണ്ട അവസാന സമയം പെരുന്നാള്‍ നിസ്കാരത്തിന് മുന്‍പാണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ യോജിപ്പുണ്ട്. എന്നാല്‍ ഫിത്വര്‍ സകാത് കൊടുക്കാനുള്ള ആദ്യ സമയം ഏതാണ് എന്നതില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. പ്രധാനമായും രണ്ട് അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ ഉണ്ട്.

ഒന്ന്: പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് കൊടുക്കാം. മാലികി-ഹമ്പലി മദ്ഹബുകളുടെ അഭിപ്രായം ഇതാണ്. മൂന്ന് ദിവസം എന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിന് തെളിവ് ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീസാണ്.

അദ്ദേഹം പറഞ്ഞതായി കാണാം: “അവര്‍ (സ്വഹാബികള്‍) പെരുന്നാളിന് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പ് അത് നല്‍കാറുണ്ടായിരുന്നു.” (ബുഖാരി: 1511, മുസ്‌ലിം: 984)

രണ്ട്: റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ നല്‍കാം. ഹനഫി-ശാഫിഇ മദ്ഹബുകളുടെ അഭിപ്രായം ഇതാണ്. സകാതുല്‍ ഫിത്വര്‍ നോമ്പും നോമ്പുതുറയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അതില്‍ ഏത് ആരംഭിച്ചാലും അതു മുതല്‍ തന്നെ ഫിത്വര്‍ സകാത് നല്‍കാം എന്നതാണ് ഈ അഭിപ്രായത്തിനുള്ള കാരണമായി പറയപ്പെട്ടത്.

ശരിയായി മനസ്സിലാകുന്നത് ആദ്യത്തെ അഭിപ്രായമാണ്. ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- യുടെ ഹദീസ് അത് അറിയിക്കുന്നു. അതോടൊപ്പം സകാതുല്‍ ഫിത്വര്‍ -ഫിത്വര്‍ എന്നാല്‍ നോമ്പ് തുറ- എന്ന പേരും അതിലേക്ക് തന്നെയാണ് സൂചന നല്‍കുന്നത്. കാരണം നോമ്പ് തുറ പൂര്‍ണ്ണമാകുന്നത് പെരുന്നാളോട് കൂടെയാണല്ലോ?

ചുരുക്കത്തില്‍; ഫിത്വര്‍ സകാത് പെരുന്നാളിന് ഒരാഴ്ച മുന്‍പ് നല്‍കല്‍ അനുവദനീയമല്ല. ആരെങ്കിലും അങ്ങനെ നല്‍കിയിട്ടുണ്ട് എങ്കില്‍ അവന്‍ വീണ്ടും ഫിത്വര്‍ സകാത് നല്‍കണം.

വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment