സംസം വളരെ പവിത്രമായ വെള്ളമാണ്. അതിന്റെ ആരംഭം തന്നെ അത്ഭുതങ്ങൾ നിറഞ്ഞു നിൽക്കുന്ന സംഭവത്തോടെയാണ്. നബി -ﷺ- യുടെ സ്വഹാബിയായ അബൂദർ -رَضِيَ اللَّهُ عَنْهُ- മുപ്പത് ദിവസത്തോളം സംസം മാത്രം കുടിച്ചു കഴിയുകയും, അത് അദ്ദേഹത്തിന് ഭക്ഷണത്തിന് പകരമായി നിലകൊണ്ടതും ഹദീഥിൽ വന്നിട്ടുണ്ട്.

നബി -ﷺ- ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച തുടക്കകാലഘട്ടത്തിൽ അവിടുത്തെ കാണുന്നതിനായി ദൂരപ്രദേശത്ത് നിന്ന് വന്നതായിരുന്നു അബൂദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ-. മക്കയിൽ ആരും അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ചില്ല. മറിച്ച്, മക്കയിലെ നിഷേധികൾ അദ്ദേഹത്തെ മർദ്ധിച്ച്, ചോരയിൽ കുളിപ്പിക്കുകയാണ് ചെയ്തത്.

قَالَ أَبُو ذَرٍّ: فَأَتَيْتُ زَمْزَمَ فَغَسَلْتُ عَنِّي الدِّمَاءَ: وَشَرِبْتُ مِنْ مَائِهَا، وَلَقَدْ لَبِثْتُ، يَا ابْنَ أَخِي ثَلَاثِينَ، بَيْنَ لَيْلَةٍ وَيَوْمٍ، مَا كَانَ لِي طَعَامٌ إِلَّا مَاءُ زَمْزَمَ، فَسَمِنْتُ حَتَّى تَكَسَّرَتْ عُكَنُ بَطْنِي، وَمَا وَجَدْتُ عَلَى كَبِدِي سُخْفَةَ جُوعٍ … قَالَ رَسُولُ اللَّهِ -ﷺ-: «إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ»

അദ്ദേഹം പറയുന്നു: “അങ്ങനെ ഞാൻ സംസമിന്റെ അരികിൽ ചെന്നു. എന്റെ മേലെയുണ്ടായിരുന്ന ചോര കഴുകിക്കളഞ്ഞു. അതിൽ നിന്ന് വെള്ളം കുടിച്ചു. സഹോദരാ! ഞാൻ ഏതാണ്ട് മുപ്പത് പകലും രാത്രിയുമായി അവിടെ കഴിഞ്ഞു കൂടി. ഭക്ഷണമായി സംസമല്ലാതെ മറ്റൊന്നും എനിക്കുണ്ടായിരുന്നില്ല. എന്നാൽ ഞാൻ തടിക്കുകയും, വയറിലെ കൊഴുപ്പ് തടിച്ചു കൂടുകയും ചെയ്തു. (ആ ദിവസങ്ങളിൽ) ഞാൻ വിശപ്പിന്റെ ക്ഷീണം അറിഞ്ഞിട്ടേയില്ല.” ഇത് കേട്ടപ്പോൾ നബി -ﷺ- പറഞ്ഞു: “സംസം അനുഗ്രഹീതമാണ്. കഴിക്കുന്നവന് അത് ഭക്ഷണവുമാണ്.” (മുസ്‌ലിം: 2473) മറ്റു ചില നിവേദനങ്ങളിൽ ‘സംസം രോഗം ബാധിച്ചവന് ശമനമാണ്’ എന്നും വന്നിട്ടുണ്ട്. (മുസ്നദുൽ ബസ്സാർ: 1172)

ഇതല്ലാതെ ഇസ്‌ലാമിക ചരിത്രത്തിൽ അനേകം പണ്ഡിതന്മാർ സംസിന്റെ അത്ഭുതസിദ്ധി തിരിച്ചറിഞ്ഞവരായുണ്ട്. നബി -ﷺ- സംസിനെ കുറിച്ച് അറിയിച്ച ഹദീഥായിരുന്നു അവരുടെ പ്രവർത്തനങ്ങൾക്കുള്ള അവലംബം.

ഇമാം ഇബ്‌നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “ഞാനും മറ്റനേകം പേരും സംസം കൊണ്ട് ചികിത്സ നടത്തുകയും, അതിലൂടെ അത്ഭുതകരമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അനേകം രോഗങ്ങളിൽ നിന്ന് സംസം കൊണ്ട് ചികിത്സിച്ചപ്പോൾ -അല്ലാഹുവിന്റെ അനുമതിയോടെ- രോഗം ശമിച്ചിട്ടുണ്ട്. ഒരു മാസത്തിന്റെ പകുതിയോ, അതിൽ കൂടുതലോ സംസം മാത്രം പോഷകമായി കുടിച്ചു കൊണ്ട് -വിശപ്പ് അനുഭവപ്പെടാതെ, ത്വവാഫുകൾ ചെയ്തു കൊണ്ട്- കഴിഞ്ഞ ചിലരെ ഞാൻ കണ്ടിട്ടുമുണ്ട്.” (സാദുൽ മആദ്: 4/392)

ഇമാം ശാഫിഈ -رَحِمَهُ اللَّهُ- വിജ്ഞാനം വർദ്ധിക്കുന്നതിന് വേണ്ടി സംസം കുടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഏറ്റവും വിജ്ഞാനം ഉണ്ടായിരുന്ന പണ്ഡിതൻ അദ്ദേഹമായിരുന്നു. ഇമാം ശാഫിഇ തന്നെ അമ്പെയ്ത്തിൽ ഉന്നം നന്നാകുവാനായി സംസം കുടിക്കുകയും, അദ്ദേഹത്തിന് പത്തിൽ ഒമ്പതും പിഴക്കാതിരിക്കുകയും ചെയ്തിരുന്നു.

ഇമാം ഇബ്‌നുൽ ജസരിയുടെ -رَحِمَهُ اللَّهُ- പിതാവ് ധാരാളം വർഷങ്ങൾ കുട്ടികളില്ലാതെ പ്രയാസപ്പെടുകയും, അങ്ങനെ ഹജ്ജ് ചെയ്ത വേളയിൽ പണ്ഡിതനായി തീരുന്ന ഒരു കുഞ്ഞിനെ ലഭിക്കണമെന്ന പ്രാർത്ഥനയോടെ സംസം കുടിക്കുകയും ചെയ്തു. അതിന് ശേഷം അടുത്ത റമദാനിൽ അദ്ദേഹത്തിന് കുഞ്ഞ് ജനിക്കുകയുണ്ടായി. (അദ്ദ്വൗഉല്ലാമിഅ്: 9/255)

ഹാഫിദ് ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- ഇമാം ദഹബിയുടെ ഓർമ്മശക്തി ലഭിക്കണമെന്ന പ്രാർത്ഥനയോടെ സംസം കുടിച്ചിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹം ഓർമ്മശക്തിയിൽ ഇമാം ദഹബിയോളമോ അദ്ദേഹത്തിനെക്കാൾ മുകളിലോ എത്തിച്ചേർന്നു. (ജുസ്ഉൻ ഫീ ഹദീഥി മാഇ സംസം: 191)

അത്ഭുതകരമായ സംഭവങ്ങൾ ധാരാളം ഇനിയുമുണ്ട്. അവയിൽ പണ്ഡിതന്മാരും പാമരന്മാരുണ്ട്. ഈ ലേഖനം വായിക്കുന്നവരിൽ പലർക്കും ചിലപ്പോൾ അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം.

എന്നാൽ അവസാനമായി ഓർമ്മപ്പെടുത്തട്ടെ. സംസം കുടിക്കുന്നത് നമ്മുടെ ഉദ്ദേശങ്ങൾ -അല്ലാഹു ഉദ്ദേശിച്ചാൽ- നടക്കാനുള്ള ഒരു കാരണം മാത്രമാണ്. സംസം വെള്ളം എന്തെങ്കിലും ഉപകാരം ഉടമപ്പെടുത്തുകയോ മറ്റോ ചെയ്യുന്നില്ല. മറിച്ച് അല്ലാഹുവാണ് എല്ലാം ഉടമപ്പെടുത്തുന്നവൻ. സംസം കുടിച്ചു കൊണ്ടോ. അല്ലാതെയോ ആകട്ടെ; പ്രാർത്ഥിക്കേണ്ടത് അവനോട് മാത്രമാണ്. അവൻ മാത്രമേ പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനായുള്ളൂ. അവനല്ലാത്ത ഒന്നിനും ഒരാൾക്കും യാതൊരു ദിവ്യത്വമോ അനുഗ്രഹങ്ങൾ വർഷിക്കാനുള്ള കഴിവോ ഇല്ല. ഇക്കാര്യം നിർബന്ധമായും ഓർക്കേണ്ട പാഠമാണ്.

അല്ലാഹു നമ്മുടെ ഹലാലായ ആഗ്രഹങ്ങൾ നടത്തിതരുകയും, തിന്മകളും ഉപദ്രവങ്ങളും നമ്മിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment